Slider

അപ്പോഴും ബലികാക്കകൾ കരയുന്നുണ്ടായിരുന്നു ( കഥ )

0


ചില ചിന്തകളെ എക്കാലത്തേക്കുമായി മാറ്റി മറിച്ചിടാൻ ചിലർ പലരുടെയും ജീവിതത്തിൽ വരാറുണ്ട്. വീട്ടുകാരിൽ ഒരാളായി, കൂട്ടുകാരിൽ ഒരാളായി, നാട്ടുകാരിൽ ഒരാളായി അങ്ങനെ അങ്ങനെ ...
ഫേസ് ബുക്കിന്റെ അരണ്ട നീല വെളിച്ചത്തിലെവിടെയോ ഞാൻ പരിചയപ്പെട്ട പല രൂപങ്ങൾക്കും സ്ഥാനമാനം സംഭവിച്ചിട്ടുണ്ടായിരിക്കണം. ഒരു സമയം പോക്കായി കൊണ്ട് നടന്ന ഈ മുഖ പുസ്തകം എന്നെ കൊണ്ടുവന്ന് എത്തിച്ചത് സജി പാരിപ്പള്ളിയിലേക്ക് ആണ്.
ഈ അടുത്ത കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നതും അടുത്ത് അറിയുന്നതും.
ഒരു വാക്കിൽ തുടങ്ങിയ ബന്ധം പല വാക്കുകളിലായി വളർന്നു . എന്നിട്ടും എന്റെ മനസ്സിലെ ഒരു ചോദ്യത്തിന് ഉത്തരം പല സംഭവങ്ങളായി മാറി. ഇത്ര തിരക്കിട്ട് ഈ പാടുപെടുന്നത് എന്തിന്...?
ഏച്ചിക്കാനം എന്ന ഗ്രാമത്തിലെ രണ്ട് പള്ളിക്കൂടങ്ങളിൽ ഞാന് സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കി പിന്നെ എറണാകുളം മഹാനഗരത്തിലേക്ക് .... അവിടെ അന്നം തേടിയുള്ള യാത്രകൾ ... സ്വപ്നങ്ങൾ ..... അതിന്റെ തിക്കിലും തിരക്കിലും പെട്ട് അമ്മ, കുടുംബം എല്ലാം പെരുവഴി അമ്പലം പോലെ ആയിമാറി.
നിനക്കെന്താ ഇടയ്ക്ക് വിളിച്ചാല്... എന്ന് അമ്മ ഇടയ്ക്ക് പറയാറുണ്ടായിരുന്നു മുൻപ് . പറഞ്ഞിട്ടു കാര്യം ഇല്ലാത്തതു കൊണ്ടാവണം ഇപ്പോ ആ പറച്ചിൽ ഇല്ല.
അമ്മയുടെ ഈ ചോദ്യം ഇപ്പോൾ എന്റെ മനസിനെ വല്ലാതെ കുത്തി നോവിക്കുന്നുണ്ട്. കാരണം ഈ ചോദ്യത്തിന്റെ ഉത്തരം ആയിരുന്നു സജി പാരിപ്പള്ളി എന്ന കൂട്ടുകാരൻ ജീവിച്ചു കാണിക്കുന്നത്.
ഒരു പാടുപേര് ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരു അവസ്ഥ ! അതായിരുന്നു അവൻ.
അച്ഛന്റെ വിയോഗം അവനിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ..... കുടുംബത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എല്ലാം വലുതായിരുന്നെന്ന് എന്നോട് ഇടയ്ക്ക് പറയാറുണ്ടായിരുന്നു. സത്യത്തിൽ എന്റെ ഈ തിരക്ക് കാരണം പലതും മറന്നിരുന്നു.
നീയൊരൂസം എന്റെ വീട്ടില് വാ!' അവന് പലപ്പോഴായി ക്ഷണിക്കാറുണ്ടായിരുന്നു. പക്ഷെ എന്റെ ഈ തിരക്ക് കാരണം സമയം കിട്ടാറില്ല.
നിനക്ക് ഞാൻ എന്താണ് കുടുംബം എന്ന് കാട്ടിത്തരാം .... അവൻ ഇടയ്ക്ക് പറയും.
പിന്നേ.... കുടുംബത്തിനെ പറ്റി പറയുമ്പോൾ ഞാൻ വാചാലനാകും. അച്ഛൻ , 'അമ്മ, സഹോദരീസഹോദരങ്ങൾ ഇതൊക്കെ അല്ലെ ... അവൻ ഒന്നും മിണ്ടാതെ വീട്ടിലേക്കു ക്ഷണിക്കും. ഞാൻ വരാംന്നു പറഞ്ഞു ഒഴിയും.
മാസങ്ങൾ പോയി . കിടക്ക പായിൽ തോന്നിയതാണ്. രാവിലെ തന്നെ ഞാൻ അവനെ വിളിച്ചു.
ഇന്ന് വല്യ തിരക്കില്ല. നിനക്ക് സമയം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ടെ വരാം .. മറു തലയ്ക്കൽ എന്തെന്നില്ലാത്ത സന്തോഷവും വെപ്രാളവും എനിക്ക് വായിച്ചെടുക്കാമായിരുന്നു.
ആധുനിക കാലം മനുഷ്യനെ മടിയൻമ്മാരാക്കി മാറ്റിയിരിക്കുന്നു.
ഫേസ് ബുക്ക് , വാട്സാപ്പ് , ഗൂഗിൾ മാപ്പ് ഇതൊക്കെ ഉപയോഗിക്കുന്നത് കാരണം പണ്ട് പഴയ തലമുറകൾ കറങ്ങി നടന്ന വഴികളെല്ലാം മൂടിയിരിക്കുന്നു. വഴിയറിയാൻ ഒന്ന് ബട്ടൺ അമർത്തിയാൽ മതി. അല്ലാതെ ചോദിച്ചു ചോദിച്ചു പോകേണ്ട കാര്യം വന്നില്ല
നഗരം വിദൂരമായിരിക്കുന്നു. നല്ല പച്ചപ്പ്. ഓടി ചാടി ബസിൽ കയറിയപ്പോൾ മുതൽ നാട്ടിലേക്കുള്ള പോക്ക് പോലെ തോന്നി. ഇവിടം ശാന്തമാണ്. ഇതൊക്കെ കൊണ്ട് ആകണം 'അമ്മ എന്നോടൊപ്പം വരാതെ ഈ പച്ചപ്പിൽ അഭയം തേടുന്നതും.
അമ്മയ്ക്ക് കാര്യം പറഞ്ഞാൽ മനസിലാകില്ല... ഇവിടെ ഒതുങ്ങി കൂടിയാൽ ഈ ബിന്ദുവിൽ നിന്ന് അങ്ങ് കാണുന്ന ബിന്ദുവിലേക്ക് എത്തിക്കാൻ പറ്റില്ല ജീവിതം. എന്ന എന്റെ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണ് നിറയുന്നത് പലപ്പോഴായി കാണാറുണ്ട് ഞാൻ .
ഉണ്ണ്യേ ... ഇവിടെ കാണുന്ന പൂക്കളെക്കാളും ഭംഗിയുള്ള പൂക്കൾ നഗരത്തിൽ കാണാം പക്ഷെ മണമുണ്ടാകില്ല, അതുമറിച്ചു ഇവിടുത്തെ പൂക്കൾക്ക് നല്ല മണവും ഭംഗിയും ഉണ്ടാകും .. 'അമ്മ ഇടയ്ക്ക് പറയുന്ന വാക്കാണിത് . അതാണ് സത്യവും.
ഇടയ്ക്ക് അവൻ വിളിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു എവിടെ എത്തി എന്ന്.
ഓർമ്മകളെ തഴുകിയും താലോലിച്ചും സമയം പോയതറിഞ്ഞില്ല . കൂട്ടുകാരാ.. നീ നാഗരികതയിലേക്ക് കാലെടുത്തുവെക്കാത്തത് ഭാഗ്യം.
ചുറ്റുമതിൽ ഇല്ലാത്തതുകൊണ്ട് ചുറ്റുമുള്ളവരെ അറിയാവുന്നവരാണ് നാട്ടുകാർ. അവർ വീട് കാട്ടിത്തന്നു.
കരിയിലകൾ വീടിനെ തഴുകുന്നുണ്ട് . പിരിയാൻ വയ്യെന്ന പോലെ. ചുറ്റുമൊന്ന് കണ്ണോടിച്ചു. നാളുകൾ പഴക്കമുള്ള തുണികൾ എന്നെ നോക്കി അഴയിൽ ആടുന്നുണ്ടായിരുന്നു. എന്തോ ഞാൻ ഒരു നിമിഷം നിന്ന്. കണ്ണുകൾ ഒന്നുകൂടി ഇറുക്കി .
കരിയില വീഴുന്നതും കാത്തു ചൂലുമെടുത്തു വീടിനു ചുറ്റും ഓടുന്ന 'അമ്മ ഓർമ്മയിലൂടെ നടന്നു നീങ്ങി. എല്ലാമുണ്ടായിട്ടും ഇവിടെ എന്തെ എങ്ങനെ ....
കരിയിലകൾ വകച്ചു മാറ്റി മെല്ലെ കാലെടുത്തുവെക്കാൻ തുനിഞ്ഞപ്പോഴേക്കും അകത്തു നിന്നും ഒരു രൂപം വാതിക്കൽ എത്തി. അതെ ... അത് തന്നെ .. പാരിപ്പള്ളിക്കാരൻ സജി.
എന്തെന്നില്ലാതെ ആ കണ്ണുകൾ തിളങ്ങുന്നത് കാണാം.
വരൂ ... കേറി വരൂ .... എന്നെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.
ചുമരുകളിൽ പങ്കുവെയ്ക്കപ്പെട്ടവരുടെ പല തരത്തിലുള്ള ഫോട്ടോകൾ കാണാം. അവർ ചുമരിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. അവരുടെ സാമീപ്യം ഞാൻ അറിഞ്ഞില്ല . ചോദിക്കാൻ തുനിഞ്ഞതാണ്.
ഭാര്യ ഓളുടെ വീട്ടിലാ. ... പ്രസവ ശുശ്രുക്ഷ. കൂടുതല് ശ്രദ്ധിക്കാൻ ഡോക്ടർ പറഞ്ഞു. അതുകൊണ്ട് ഓളെ അങ്ങോട്ട്മാറ്റി. അനുജത്തി ഇടയ്ക്ക് വന്നു പോകും അവൾക്കുമുണ്ടേ ..രണ്ടു കുട്ട്യോള്, അതും പോരാത്തതിന് കെട്ടിയോൻ എങ്ങനെയോ വീണു ഹോസ്പിറ്റലിലായി. നോക്കാൻ പോലും സമയം കിട്ടുന്നില്ല.
ചിലപ്പോൾ ചോദ്യങ്ങൾ അങ്ങനെ ആണ് പല ഉത്തരങ്ങളായി വരാറുണ്ട്. ഇവിടെയും അത് സംഭവിച്ചു. അദ്ദേഹം തന്നെ എല്ലാം പറഞ്ഞു.
പലതും പറഞ്ഞു തീരുന്നതിന്റെ ഇടയിൽ കുടിക്കാനുള്ള വെള്ളവുമായി നാണിയമ്മ എന്റെ മുന്നിലേക്കു ഗ്ളാസ് നീട്ടി പുഞ്ചിരിച്ചു . ഞാൻ അന്വേഷിച്ച ആൾ ഇതാ എന്റെ മുന്നിൽ എത്തിയിരിക്കുന്നു. അമ്മയും അങ്ങനെ ആണ് ആരെ വീട്ടിൽ വന്നാലും ഒരു ഗ്ളാസ് വെള്ളം കുടിപ്പിക്കാതെ വിടില്ലായിരുന്നു. വാങ്ങി ചുണ്ടോട് ചേർക്കും മുന്നേ എന്നോട് ചോദിച്ചു
മോൻ എവിടുന്നാ....
കുറച്ചു ദൂരേ നിന്നാ നാണിയമ്മേ കൂട്ടുകാരനാ... എന്നെ പറയിപ്പിക്കില്ലെന്ന മട്ടിൽ സജി.
അമ്മയെ കാണാൻ വന്നതാ ....? എന്നെനോക്കി ചോദിച്ച ചോദ്യത്തിന് ഒരുപാട് സംശയങ്ങളോടെ എനിക്ക് നോക്കേണ്ടി വന്നു. അപ്പൊ ഇത് ആര്..?
ഇത് നാണിയമ്മ കുറച്ചു അപ്പുറത്തു ഉള്ളതാ ... എനിക്ക് ഒരു സഹായത്തിന് നിൽക്കുവാ പാവം. സ്വന്തം അമ്മയെ പോലെ തന്നെ ഞാൻ നോക്കും. ഞാൻ ജോലിക്കു പോയാൽ നാണിയമ്മയാണ് അമ്മയെ നോക്കുന്നത്.
പല സന്ദേശങ്ങളിലും എങ്ങനെ ഒരു അവസ്ഥ സൂചിപ്പിച്ചില്ല. എന്നിട്ട് 'അമ്മ എവിടെ ? ഒന്ന് ഞാൻ അറിയാതെ എണീറ്റ് ചോദിച്ചു.
വാ.. അകത്തെ മുറിയിലാണ് ... സന്ദർശകരെ അധികം കയറ്റാറില്ല. അല്ല കയറ്റിയിട്ട് എന്തിനാ വെറുതെ.... പാതി മുറിഞ്ഞ വരികളിലെവിടെയോ കാണാമായിരുന്നു അതിന്റെ തീവ്രത. മെല്ലെ അകത്തേക്ക് നടന്നു.
മേലെ ചിലന്തി കൂടുകൂട്ടുകയാണ്. ചുമരുകൾ നിറം മങ്ങിയിരിക്കുന്നു. വീടിന്റെ ഓരോ മൂലകളും പൊടികൾ കയ്യേറിയിരിക്കുന്നു. കാരണം വേറെ ഒന്നുമല്ല അന്തിത്തിരി വെക്കാൻ ഇവിടെആളില്ലാതായിരിക്കുന്നു.
ഒറ്റ ജനാലയാണ് ആ മുറിക്ക് അത് തുണിയിട്ട് ചെറുതായി മറച്ചിരിക്കുന്നു.
മഞ്ഞ വെളിച്ചത്തിൽ പാതിയടഞ്ഞ കണ്ണുമായി 'അമ്മ . നെറ്റി ചുളുങ്ങിയിരിക്കുന്നു. പുരികം വിടർത്തുന്നുണ്ട് , എന്തോ പറയാനെന്ന പോലെ. ശരീരം മറച്ചിരിക്കുന്നു. മുഖം മാത്രമേ കാണാൻ പറ്റുന്നുള്ളു.
അറിയാതെ എന്റെ കൈ ചുമരിനെ താങ്ങിയതായി എനിക്ക് തോന്നി അല്ല എന്നെ ചുമർ താങ്ങിയതോ.?
അച്ഛൻ പോയതിൽ പിന്നെ 'അമ്മ ഈ കിടപ്പിലാണ്... ആകെ തകർന്നു പാവം.
അതെ ചില ബന്ധം അങ്ങനെ ആണ് നമ്മളെയും കൊണ്ടേ പോകൂ. വിശ്വാസം നമ്മളെ കൊല്ലാറുണ്ട് ജീവിതമാകുന്ന തോണി ഒന്നിച്ചു തുഴഞ്ഞു ഇടയ്ക്കെപ്പോഴോ ഒറ്റയ്ക്ക് തുഴയേണ്ടി വരുന്നവർക്ക് സംഭവിക്കുന്ന ചുഴി ആണ് ഇത് . ഈ കിടപ്പ്.
അനുഭവങ്ങളുടെ തീ ചൂളയിൽ ഇട്ട് പഴുപ്പിച്ച ഉപദേശങ്ങൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു.
എന്തോ പറയാനുണ്ടെന്നമട്ടിൽ 'അമ്മ അയാളെ നോക്കി.
എന്റെ കൂട്ടുകാരനാ ... അങ്ങ് ദൂരെ... ഇത്രയും പറഞ്ഞു സജി നിർത്തി. വേറെ എന്തൊക്കെയോ കേൾക്കണമെന്ന് ആ കാതുകൾക്ക് തോന്നിയിട്ടുണ്ടാകില്ലേ ....
പുറത്തു കരിയിലകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. എന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാറ്റിനേം വാരി കൂട്ടി കത്തിച്ചാൽ തീരുന്ന ഓട്ടമേ അവർക്കുള്ളു.
വാ... ഇവിടെ അധികം നിൽക്കണ്ട സജി എന്നെ വിളിച്ചു. പതിയെ അമ്മയെ നോക്കി. അറിയാതെ എന്റെ കൈകൾ കൂപ്പി നിന്നു. ഞാൻ ജനാലയുടെ തുണികൾ പതുക്കെ നീക്കി.
നെഞ്ച് പിടച്ചു. കണ്ണിൽ നിന്ന് ഒരു തുള്ളി താഴെ വീണു ഇല്ലാതായി. കർക്കിടകം ആണ് . ആകാശം പൊട്ടിക്കരയാൻ തുനിയുന്നുണ്ട്... ഉണങ്ങിയ ഒരു മരത്തിന്റെ ചില്ലയിൽ .........
വരൂ ....
വരൂ .... അദ്ദേഹം വീണ്ടും വിളിച്ചു.
കലങ്ങിയ കണ്ണും നെഞ്ചിലെ നെരിപ്പോടും കൊണ്ട് യാത്ര തിരിക്കുമ്പോൾ കൂട്ടുകാരനും അമ്മയും ജനാലയും ആയിരുന്നു മനസ് നിറയെ. അവൻ സ്നേഹിക്കാൻ പഠിച്ചവനാണ്. ഞാൻ സ്നേഹിക്കാൻ മറന്നവനും. എത്ര തിരക്ക് ആണെകിലും സങ്കടങ്ങളെയും സ്നേഹിക്കാൻ എന്നെ അവൻ പഠിപ്പിച്ചതായിരുന്നോ ഇത് ...? കൂട്ടുകാരാ കൂടുമ്പോൾ ഇമ്പമുള്ളത് തന്നെ കുടുംബം എന്ന തത്ത്വം നീ എനിക്ക് കാണിച്ചു തന്നു. പക്ഷെ നീ എവിടെയെങ്കിലും ജീവിക്കാൻ മറന്നു പോയോ ...? ഇല്ല. ഉണ്ടാകില്ല.
ഇത്രയും വളർത്തി വലുതാക്കിയതിന് കൊടുക്കേണ്ട ഏറ്റവും ചെറിയ കടമയല്ലേ അവൻ എന്നെ കാട്ടിത്തന്നത്... ?
പച്ച നിറം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു. നഗരം എത്തിയിരിക്കുന്നു. നാല് ചുമരിന്റെ ഇടയിൽ ഞാൻ വീർപ്പുമുട്ടി കഴിയുകയാണെന്ന് അനുഭവപ്പെടാൻ തോന്നി. ഞാൻ ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു.
നീ എന്താ ലീവ് ആയിട്ട് വിളിക്കാത്തെ ? മ്മളെ ചോതിര പശു പെറ്റു. കിടാവ് തുള്ളി ചാടി നടക്കുവാ... ഫോൺ ഇടയ്ക്ക് വെച്ചു നിന്നു. അപ്പോഴും ആ മഞ്ഞ വെളിച്ചത്തിൽ കൂട്ടുകാരനും അമ്മയ്ക്കും ഇടയിൽ ജനലഴിയിൽ അപ്പുറത്തു ഉണങ്ങിയ മരത്തിന്റെ ചില്ലയിൽ ബലിക്കാക്ക കരയുന്നുണ്ടായിരുന്നു.
ശുഭം
ഉണ്ണി കാഞ്ഞങ്ങാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo