കുന്നിൻ മുകളിൽ നേർത്ത മഞ്ഞ് ചെയ്തു തുടങ്ങിയിരുന്നു.
ഈറൻ കാറ്റിൽ അവളുടെ കുറുനിരകൾ ഇളകുന്നത് കാണാൻ എന്തു ഭംഗിയാണ്!
അയാൾ നോക്കി നിന്നു.റോസാദളം പോലുള്ള അവളുടെ ചെഞ്ചുണ്ടുകൾ തണുപ്പ് കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾക്കാ അധരം പ്രണയത്തോടെ ഒന്നു നുകരാൻ
തോന്നി.
താൻ ചിന്തിച്ചത് അറിഞ്ഞിട്ടെന്നവണ്ണം
അവൾ തലചരിച്ച് ഒരു പ്രത്യേക ഭാവത്തിൽ തിരിഞ്ഞു നോക്കി.
കുസൃതി നിറഞ്ഞ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം.
ഹൊ! കൊല്ലുന്ന ഈ നോട്ടമാണ് തന്നെ ആകർഷിച്ചത്.
സീമന്തരേഖയിൽ രാവിലെ താൻ ചാർത്തിയ സിന്തൂരശോഭ, ഉദയസൂര്യന്റെ തിളക്കത്താൽ കൂടുതൽ ശോഭ ചൊരിയുന്നു.
കുന്നിൻ മുകളിലെ അമ്പലത്തിൽ, ദേവന്റെ തിരുമുമ്പിൽ നിന്ന് ആ കഴുത്തിൽ തുളസിമാല ചാർത്തിജീവിത സഖിയാക്കുമ്പോൾ സാക്ഷികളായി തന്റെ കുറച്ചു സഹപ്രവർത്തകർ മാത്രം.!
അങ്ങനെകാഞ്ഞിരപ്പള്ളിക്കാരി'അന്ന'യെന്നനസ്രാണിപ്പെണ്ണ്തിരുവനന്ദപുരംകാരൻ'സന്തോഷ് വാര്യരുടെ' പ്രീയപത്നിയായി.
ഉദയസൂര്യന്റെ മനോഹാരിത ആസ്വദിച്ച് അകലേക്ക് നോക്കിനിൽക്കുകയാണ് അവൾ.
അയാളുടെ ശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞു. ചിത്രകാരന്റെ ചമയക്കൂട്ടു പോലെ മനോഹരമായ ദൃശ്യം!
ചുറ്റുമുള്ള മഞ്ഞുരുകി അവർക്ക്മേൽ മഴയായ് പൊഴിയാൻ തുടങ്ങിയിരുന്നു.
വല്ലാത്തൊരു കുളിരോടെ അയാൾ തിരിഞ്ഞ് അവളെ നോക്കി.
'അവൾ നിന്നിടം ശൂന്യം'!
അയാൾ പകച്ച് ചുറ്റും നോക്കി.
'എവിടെ അവൾ'?
'അൽപ്പം മുൻപ് തൊട്ടടുത്ത് ഉണ്ടായിരുന്നതല്ലെ ' ?
നെഞ്ചിടിപ്പ് വർദ്ധിക്കുന്നതുപോലെയും... ഭയം സിരകളിൽ പടരുന്നതുപോലെയും അയാൾക്ക് തോന്നി.
'അന്നാ........
ഉറക്കെ വിളിക്കാൻ തുനിഞ്ഞു.
ശബ്ദം തൊണ്ടയിൽ തടയുന്നു.
അനന്തരം അയാൾ ശക്തമായി കിതച്ചു.
ഒരു തീവണ്ടിയുടെ കാതടപ്പിക്കുന്ന സ്വരം!
അത് തന്റെ തല തകർത്ത് പാഞ്ഞു പോകുന്നു.
അതി കഠിനമായ നോവിനാൽ അയാൾ ഇരു കൈകളും കൊണ്ട് ചെവികൾ പൊത്തിപ്പിടിച്ചു.
പെട്ടന്ന് ശരീരം ഒന്ന് കുലുങ്ങി വിറച്ചു.
അയാൾ ഞെട്ടിയുണർന്നു,ചുറ്റും മിഴിച്ച് നോക്കി.
' എവിടെ അന്ന'?
'മഞ്ഞണിഞ്ഞ കുന്ന്'?
ഒന്നുമില്ല! പേടിപ്പിക്കുന്ന ഇരുട്ട് മാത്രം!
താനിപ്പോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ്.അതിപ്പോ ഇരുളിലൂടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു
കമ്പാർട്ട്മെന്റിൽ അരണ്ട വെളിച്ചം മാത്രം.
മ.ടിയിൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നുണ്ട്. തന്റെ മകൾ, അമ്മു !
ഇന്നലെ ഈ സമയം നിറഞ്ഞ സദസ്സിൽ നിന്ന് ആയിരങ്ങളുടെ കരഘോഷങ്ങളോടെ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അവളെന്ന് അയാൾ അഭിമാനത്തോടെ ഓർമിച്ചു.
പിന്നെ പത്രക്കാരുടെയും ചാനൽപ്പടയുടെയും മുന്നിൽ ,തന്നെ ചേർത്ത് പിടിച്ച് അച്ഛനാണ് തന്റെ ജീവിതവിജയത്തിന് കാരണം
എന്നവൾ പറയുന്നത് കേട്ട് തന്റെ കണ്ണുകൾ നിറഞ്ഞ് തുളമ്പിയത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു കാണണം.
അവളെ ഉണർത്താതെ അയാളൊന്ന് നിവർന്നിരുന്നു. തന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ടവൾ.
തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ അയാൾ ഷട്ടറുകൾ താഴ്ത്തിയിട്ടു. കണ്ണടച്ച് ചാരിയിരുന്നു.
അൽപ്പം മുമ്പുതാൻ കണ്ടത് ഒരു സ്വപ്നമായി അയാൾക്ക് തോന്നിയില്ല' കാരണം അതയാൾ സ്ഥിരമായി കാണുന്ന കാഴ്ചയായിരുന്നു'
തൊട്ടുമുന്നിൽ നിന്നും ഒരു മഞ്ഞ് പോലെ മാഞ്ഞ് പോകുന്ന തന്റെ അന്ന!
ഒരു ജൻമം മുഴുവൻ നൽകേണ്ടുന്ന സ്നേഹം അഞ്ച് വർഷം കൊണ്ട് ഒന്നിച്ച് നൽകി കടംകഥ പോലെ മാഞ്ഞുപോയവൾ.
സ്വന്തം മകളെ നൃത്തം പഠിപ്പിക്കാൻ എന്നും ആഗ്രഹം അവൾക്കായിരുന്നു'
താൻ അന്നയെ ആദ്യമായി കണ്ടതും ഒരു യുവജനോൽസവ വേദിയിൽ വച്ചായിരുന്നു.
ഗസ്റ്റ് ലച്ചർ ആയി അന്നാ കോളേജിലേക്ക് ചെല്ലുമ്പോൾ,അത് തന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള വരവാകും എന്ന് അന്നോർത്തില്ല താൻ.
സംഗീതത്തോടും നൃത്തത്തോടും അന്നൊരു ഭ്രാന്തായിരുന്ന താൻ എത്ര വേഗമാണ് അന്നയോട് അടുത്തത്. അവളുടെ ക്ലാസ് അവസാനിക്കുമ്പോഴേക്കും പിരിയാനാവാത്ത വിധം അടുത്തു പോയിരുന്നു തങ്ങൾ .
ജീവിത സാഹചര്യം' മതം ,ഒന്നും വിലങ്ങ് തടിയായില്ല അന്ന്. അതൊരു നിയോഗമായിരുന്നു.
ഒടുവിൽ ഒന്നിച്ചു.വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ ഒന്നിക്കുമ്പോൾ,സാധാരണ സംഭവിക്കാവുന്ന പ്രതിഷേധങ്ങൾ ഇവിടെയും ഉണ്ടായെങ്കിലും വേഗം കെട്ടടങ്ങി.
കാലമെന്ന പുഴ പിന്നെയും മുന്നോട്ടൊഴുകി. സ്നേഹവും പ്രണയവും നിറഞ്ഞ ജീവിതം.! പ്രണയവും, അഭിനിവേശവും ഒന്നിച്ച, മധുരതരമായ ദാമ്പത്യത്തിന്റെ 4 വർഷങ്ങൾ
പക്ഷെ........
എത്ര പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്..?.
വീട്ടുകാരും, നാട്ടുകാരും ഒരുപോലെ ചോദിക്കാൻ തുടങ്ങി "വിശേഷമൊന്നുമായില്ലെ'' എന്ന്.
ആദ്യമൊക്കെ ആ ചോദ്യങ്ങൾ അവഗണിച്ചുവെങ്കിലും ദിവസങ്ങൾ കടന്നു പോകെ അകാരണമായ ഒരു ആശങ്ക മനസ്സിനെ ബാധിക്കുന്നത് ഇരുവരുമറിഞ്ഞു.
പിന്നീടങ്ങോട്ട് ചിന്തിക്കാൻ അയാൾക്ക് ശക്തി കിട്ടിയില്ല.
വല്ലാത്ത പാരവശ്യത്തോടെ അയാൾ കണ്ണ് തുറന്നു.
ഓർമകളുടെ തീച്ചൂളയിൽ നിന്നും കനൽ പോലെ തെളിയുന്നു അന്നയുടെ മുഖം'
'എന്നാലും അന്നാ..... എന്തിനായിരുന്നു നീ എന്നെ വിട്ടു പോയത്?
അയാളുടെ ഉള്ളൊന്ന് തേങ്ങി.
നീയില്ലാതെ, നിന്റെ സാമീപ്യമില്ലാതെ ഉറങ്ങാൻ പോലും എനിക്ക് സാധിക്കില്ലെന്ന് നീ ഓർമ്മിച്ചില്ലല്ലൊ,,
അയാൾക്ക് പിന്നെയും സങ്കടം തോന്നി. നിരാശയും .
എത്ര വർഷങ്ങളാണ് കടന്നു പോയത്..
അന്നയില്ലാത്ത ജീവിതം.... വിരസമായ പകലുകൾ..... ഒരു മഴ മേഘം പോലുമില്ലാത്ത ആകാശം പോലെ.
ഒരു മിന്നാംമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ തന്റെ അമ്മുവരാതിരുന്നെങ്കിൽ എന്നേ താൻ മണ്ണടിഞ്ഞു പോയേനെ.
പിന്നീടങ്ങോട്ട് അമ്മു മാത്രമായിരുന്നു അവലംബം:
എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോയത്.......
നേരം പുലർന്നപ്പോ അവർ തിരുവനന്തപുരത്ത് എത്തിയിരുന്നു.
വീട്ടിലെത്തുമ്പോ നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു.
ട്രോഫികളൊക്കെ ഷൊക്കേയ്സിൽ കൊണ്ട് വച്ച് അമ്മു കുറച്ച് നേരം അതിന്റെ ഭംഗി ആസ്വദിച്ച് നിന്നു.പിന്നെ സോഫയിൽ തളർന്നിരിക്കുന്ന അച്ഛനെ നോക്കി..
'പാവം ഇന്നലെ ഒട്ടും ഉറങ്ങിക്കാണില്ല. അവൾക്കറിയാം. സ്കൂളിൽ പ്പോയാലും തിരിച്ചെത്തുംവരെ ആധിയാണ്. അവധി ദിവസങ്ങളിൽ ലീവെടുത്ത് അയാൾ മകൾക്ക് കൂട്ടിരുന്നു.
അമ്മയില്ലാത്ത അവൾക്ക് അമ്മയും അച്ഛനും അയാളായിരുന്നു.
........................................................
ഒരു മാറ്റവുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
എന്നും രാവിലെ ഒന്നിച്ചെഴുന്നേറ്റ് പ്രാതൽ കഴിച്ച് ടിഫിനും തയ്യാറാക്കി അച്ഛനും മകളും ഇറങ്ങും. അവളെ സ്കൂളിലാക്കി അയാൾ കോളേജിലേക്ക് പോകും.
ഒരവധി ദിവസം.....
ഒന്നും ചെയ്യാനില്ലാതെ അലസമായിരുന്ന ഒരു പകലിന്റെ പകുതിയിലാണ് വീട്ടിലെ ലാന്റ് ഫോൺ ബെൽ അടിച്ചത്.
ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഒരു സ്ത്രീ സ്വരം.
"എന്നെ മനസിലായൊ "?
ഞാൻ......
വർഷങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിന് ആളെ മനസിലായി.
അന്ന!
ഹൃദയത്തിൽ എന്നും കാത്തുസൂക്ഷിച്ച തന്റെ പ്രീയപ്പെട്ടവൾ
ഒരു ദിവസം ഒന്നും പറയാതെ പോയവൾ. ഇന്ന് തന്റെ നമ്പർ കണ്ടെത്തി വിളിച്ചിരിക്കുന്നു.
നീണ്ടവർഷങ്ങൾക്ക് ശേഷം...
അയാൾക്ക് വിശ്വസിക്കാനായില്ല.
എവിടെയെല്ലാം തിരക്കി?
ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു......?
മറുതലയ്ക്കൽ വീണ്ടും....
"ഹലോ..."
,സന്തുവേട്ടാ എന്നെ മനസിലായില്ലേ?
അയാൾ റിസീവറും പിടിച്ച് സ്തംബ്ധനായി നിന്നു....
"ഏട്ടാ... ഇന്ന് ഏട്ടനേം മോളേം കണ്ടു.ടീവിയിൽ. നമ്മൾ കൊതിച്ച ജീവിതം ഏട്ടനെങ്കിലും കിട്ടിയല്ലൊ. സന്തോഷമായി എനിക്ക്.ഞാൻ ആഗ്രഹിച്ചതു പോലെ മോളെ ഡാൻസ് പഠിപ്പിച്ചു ല്ലെ "?
"ഏട്ടനേം കുടുമ്പത്തേയും എനിക്ക് ഒന്നുകൂടി കാണണം. എന്നോട് വെറുപ്പില്ലേൽ ഒന്നു കണ്ടോട്ടെ ഞാൻ? സുഖാണൊ എന്റെ ഏട്ടനും കുടുംബത്തിനും " ?
"അന്നാ... നീ എവിടാരുന്നു.? ഇത്രയും നാൾ? അയാളുടെ സ്വരം വിറപൂണ്ടിരുന്നു.
അവളൊന്നു നിശ്വസിച്ചതു പോലെ!
" ഞാൻ ഡൽഹിയിൽ ഒരു മലയാളി സ്കൂളിൽ അധ്യാപികയാണേട്ടാ.
ഞങ്ങൾ ഒരു സ്റ്റഡീ ടൂറിലാണ്.ഇപ്പോ തിരുവനന്തപുരത്തുണ്ട്. ചാനലിൽ ഏട്ടനേം മോളേം കണ്ടപ്പൊ മനസ്സിനെ പിടിച്ചു നിർത്താനാകുന്നില്ല.ഒന്നു വന്ന് കണ്ടോട്ടെ? വേഗം മടങ്ങിപ്പൊയ്ക്കൊള്ളാം ഞാൻ"
ആ ശബ്ദം ഇടറിയൊ?........
"അന്നയുടെ കുടുംബം "?....
അയാൾ ഒന്നു മുരടനക്കി.
അവളൊന്ന് മന്തഹസിച്ചതായി അയാൾക്ക് തോന്നി.
"ഞാൻ അന്നും ഇന്നും ഒരാളെയേ സ്നേഹിച്ചിട്ടുള്ളു. അത് സന്തുവേട്ടനാണ്. "
ഞാനിവിടെ പോസ്റ്റലിലാണ്.ഇന്നും തനിച്ച്.ബുദ്ധിമുട്ടില്ലേൽ നാളെ ശംഖുമുഖത്ത് വരാമൊ നിങ്ങൾഒന്നിച്ച്. ?
വൈകിയാൽ ഞങ്ങൾ മടങ്ങും ".
അവൾ പ്രതീക്ഷയിലാണ് '
മറുവശത്ത് ഫോൺ വച്ചിട്ടും അയാൾ പിന്നെയും ഒന്നും ചെയ്യാനില്ലാത്ത പോലെ 'അങ്ങനെ നിന്നു.ആ ശബ്ദം ഒന്നുകൂടി കേട്ടെങ്കിലെന്ന് അയാളാശിച്ചു.
ഓർമകൾ പെരുമഴ പോലെ ആർത്തലച്ച് വരുന്നു.
കഷ്ടം! അവൾ വിശ്വസിക്കുന്നു. തനിക്കൊരു കുടുംബം ഉണ്ടെന്ന്..... അമ്മു തന്റെ മകളല്ലന്ന്
അവളറിയുന്നില്ലല്ലോ...... അവളെയല്ലാതെ മറ്റൊരു പെണ്ണിനെയും നെഞ്ചിലേറ്റാൻ തനിക്ക് സാധിക്കില്ലെന്ന്അവൾക്കറിയില്ലല്ലൊ.
ബോധ്യപ്പെടുത്താൻ അവസരവും തന്നില്ലല്ലൊ അവൾ.......
പാവം! എന്റെ അന്ന!
അന്ന് .........
4 വർഷങ്ങൾ ഒന്നിച്ച് ജീവിച്ചിട്ടും ഒരു കുഞ്ഞില്ലാതെ തീച്ചൂളയിലെന്ന പോലെ എരിഞ്ഞ ദിനങ്ങൾ.
പിതൃക്കളുടെ ശാപമെന്ന് തന്റെ അമ്മയുടെ പരിദേവനം പലനാൾ കേട്ടപ്പോഴും, വിശേഷം ആയില്ലേയെന്ന സമൂഹത്തിന്റെചോദ്യശരങ്ങൾ
ശരമായ് ഹൃദയത്തിൽ തറയ്ക്കുമ്പോഴും അവളിലെ സ്ത്രീത്വം ഉള്ളിൽ നിലവിളിച്ചിരുന്നു.
ഒരു ഭ്രാന്തിയെപ്പോലെയായി മാറി പിന്നീടവൾ. ഓരോ മാസവും സ്വന്തം ശരീരം ആട്ടിപ്പുറത്താക്കിയിരുന്ന രക്തവർണ്ണ ,നഷ്ടസ്വപ്നങ്ങൾ ഒരു സങ്കടക്കടൽ തീർത്ത് പ്രാണനെ അഗ്നിച്ചൂടിലാക്കി കടന്നു പോയി.
എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അടങ്ങിയിരുന്നില്ല.. തനിക്ക് അവളെ മാത്രം മതിയായിരുന്നു' ബാക്കിയെല്ലാം വിധിയെന്ന് സമാധാനിച്ചു.പക്ഷെ ആ സ്നേഹം തിരിച്ചറിയാൻ കഴിയാത്തവിധം മാനസികനില തെറ്റിയിരുന്നു അവൾക്ക്.
ഒടുവിൽ.....ഒരു ദിവസം അവൾ കേൾക്കെ അമ്മ പറഞ്ഞു.
"കുട്ടാ.. സന്താനമില്ലാതെ ഇല്ലം മുടിഞ്ഞു പോവ്വോ മോനെ? നിന്റെ സന്തതിയെ കാണാതെ കണ്ണടയ്ക്കേണ്ടി വരുമോ എനിക്ക്? സന്തു....ഇല്ലത്ത് സപത്നിത്വം പുതുമയല്ല. നിനക്കറിയാല്ലൊ?
ഇനിയതേ വഴിയുള്ളു. നീഒരുവേളി കൂടി........ "
അന്ന കേട്ടുവോ എന്നായിരുന്നു. തന്റെ ഭയം. കാരണം അന്നായിരുന്നു അവളൊരിക്കലും അമ്മയാകില്ലന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതും.
"അമ്മാ മേലാൽ ഇനിയിതെന്നോട് പറയരുത്. എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും ഞാൻ "
തന്റെ ശബ്ദം വല്ലാതെ ഉയർന്നു പോയി.
തിരിഞ്ഞ് നോക്കുമ്പോ നിർജീവമായ തുളുമ്പുന്നരണ്ട് കണ്ണുകൾ...
ആരോടും യാത്ര പറയാതെ താനിറങ്ങി നടന്നു. കോളേജിലേക്ക്. .മടങ്ങിയെത്തുമ്പോൾ അന്ന പോയിരുന്നു. എവിടേക്കോ.......
പലയിടത്തും തേടി......
തന്നിൽ നിന്നും മറഞ്ഞു നിന്നു അവൾ..... എന്നേക്കുമായി അവളൊഴിഞ്ഞു പോയി..
എന്നെ മനസിലാക്കാതെ:..
എന്റെ മനസറിയാതെ....
സന്തുവേട്ടന് നല്ലൊരു കുടുംബം ലഭിക്കാൻ, ഇല്ലത്ത് സന്തതി പരമ്പരയ്ക്കായി സ്വയം വേദനിച്ചു കൊണ്ട് എന്നെ വിട്ടകന്നു പോയ എന്റെ പാവം അന്ന!
അവളറിയുന്നില്ലല്ലൊ അവളുടെ സ്ഥാനം ഇപ്പഴും ഈ ഹൃദയത്തിൽ ഒഴിഞ്ഞുതന്നെ കിടക്കുകയാണെന്ന് '....
മറ്റാർക്കും അവിടെ കടക്കാനാവില്ലന്ന് .....
വർഷങ്ങളുടെ ഏകാന്തവാസത്തിനിടയിൽ എന്നോ സ്നേഹ സദനത്തിൽ കൈ പിടിച്ചു ഒപ്പംകൂട്ടിയ അമ്മു !
അയാൾ ഒന്ന് നിശ്വസിച്ചു.
മകളാകാൻ ജൻമം നൽകേണ്ട കാര്യം ഇല്ലന്നവൾ പഠിപ്പിച്ചു.
നാളെ .....
വർഷങ്ങൾക്ക് ശേഷം അന്നയെ കാണുകയാണ് ...
അമ്മൂന് നാളെ അവളുടെ അമ്മയെ കാട്ടിക്കൊടുക്കണം.
അന്നക്ക് അവളുടെ മോളേയും.
അയാൾ മനസ്സിൽ ഒന്നു മന്ദഹസിച്ചു.
അന്ന് രാത്രിയിൽ അയാളൊരു സ്വപ്നം കണ്ടു.
മഞ്ഞണിഞ്ഞ കുന്നിന്റെ നെറുകയിൽ ....
താനും,അന്നയും......
തങ്ങളുടെ കൈകളിൽ തൂങ്ങി.... ഞങ്ങളുടെ അമ്മുവും.....
(ദീപ അജയ് )
...........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക