Showing posts with label ദീപഅജയ്. Show all posts
Showing posts with label ദീപഅജയ്. Show all posts

ഋതുഭേദങ്ങളുടെ പാരിതോഷികം" (ചെറുകഥ)

കുന്നിൻ മുകളിൽ നേർത്ത മഞ്ഞ് ചെയ്തു തുടങ്ങിയിരുന്നു.
ഈറൻ കാറ്റിൽ അവളുടെ കുറുനിരകൾ ഇളകുന്നത് കാണാൻ എന്തു ഭംഗിയാണ്!
അയാൾ നോക്കി നിന്നു.റോസാദളം പോലുള്ള അവളുടെ ചെഞ്ചുണ്ടുകൾ തണുപ്പ് കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾക്കാ അധരം പ്രണയത്തോടെ ഒന്നു നുകരാൻ
തോന്നി.
താൻ ചിന്തിച്ചത് അറിഞ്ഞിട്ടെന്നവണ്ണം
അവൾ തലചരിച്ച് ഒരു പ്രത്യേക ഭാവത്തിൽ തിരിഞ്ഞു നോക്കി.
കുസൃതി നിറഞ്ഞ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം.
ഹൊ! കൊല്ലുന്ന ഈ നോട്ടമാണ് തന്നെ ആകർഷിച്ചത്.
സീമന്തരേഖയിൽ രാവിലെ താൻ ചാർത്തിയ സിന്തൂരശോഭ, ഉദയസൂര്യന്റെ തിളക്കത്താൽ കൂടുതൽ ശോഭ ചൊരിയുന്നു.
കുന്നിൻ മുകളിലെ അമ്പലത്തിൽ, ദേവന്റെ തിരുമുമ്പിൽ നിന്ന് ആ കഴുത്തിൽ തുളസിമാല ചാർത്തിജീവിത സഖിയാക്കുമ്പോൾ സാക്ഷികളായി തന്റെ കുറച്ചു സഹപ്രവർത്തകർ മാത്രം.!
അങ്ങനെകാഞ്ഞിരപ്പള്ളിക്കാരി'അന്ന'യെന്നനസ്രാണിപ്പെണ്ണ്തിരുവനന്ദപുരംകാരൻ'സന്തോഷ് വാര്യരുടെ' പ്രീയപത്നിയായി.
ഉദയസൂര്യന്റെ മനോഹാരിത ആസ്വദിച്ച് അകലേക്ക് നോക്കിനിൽക്കുകയാണ് അവൾ. 
അയാളുടെ ശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞു. ചിത്രകാരന്റെ ചമയക്കൂട്ടു പോലെ മനോഹരമായ ദൃശ്യം!
ചുറ്റുമുള്ള മഞ്ഞുരുകി അവർക്ക്മേൽ മഴയായ് പൊഴിയാൻ തുടങ്ങിയിരുന്നു.
വല്ലാത്തൊരു കുളിരോടെ അയാൾ തിരിഞ്ഞ് അവളെ നോക്കി.
'അവൾ നിന്നിടം ശൂന്യം'!
അയാൾ പകച്ച് ചുറ്റും നോക്കി.
'എവിടെ അവൾ'?
'അൽപ്പം മുൻപ് തൊട്ടടുത്ത് ഉണ്ടായിരുന്നതല്ലെ ' ?
നെഞ്ചിടിപ്പ് വർദ്ധിക്കുന്നതുപോലെയും... ഭയം സിരകളിൽ പടരുന്നതുപോലെയും അയാൾക്ക് തോന്നി.
'അന്നാ........
ഉറക്കെ വിളിക്കാൻ തുനിഞ്ഞു.
ശബ്ദം തൊണ്ടയിൽ തടയുന്നു.
അനന്തരം അയാൾ ശക്തമായി കിതച്ചു.
ഒരു തീവണ്ടിയുടെ കാതടപ്പിക്കുന്ന സ്വരം!
അത് തന്റെ തല തകർത്ത് പാഞ്ഞു പോകുന്നു.
അതി കഠിനമായ നോവിനാൽ അയാൾ ഇരു കൈകളും കൊണ്ട് ചെവികൾ പൊത്തിപ്പിടിച്ചു.
പെട്ടന്ന് ശരീരം ഒന്ന് കുലുങ്ങി വിറച്ചു.
അയാൾ ഞെട്ടിയുണർന്നു,ചുറ്റും മിഴിച്ച് നോക്കി.
' എവിടെ അന്ന'?
'മഞ്ഞണിഞ്ഞ കുന്ന്'?
ഒന്നുമില്ല! പേടിപ്പിക്കുന്ന ഇരുട്ട് മാത്രം!
താനിപ്പോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലാണ്.അതിപ്പോ ഇരുളിലൂടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു
കമ്പാർട്ട്മെന്റിൽ അരണ്ട വെളിച്ചം മാത്രം.
മ.ടിയിൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നുണ്ട്. തന്റെ മകൾ, അമ്മു !
ഇന്നലെ ഈ സമയം നിറഞ്ഞ സദസ്സിൽ നിന്ന് ആയിരങ്ങളുടെ കരഘോഷങ്ങളോടെ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അവളെന്ന് അയാൾ അഭിമാനത്തോടെ ഓർമിച്ചു.
പിന്നെ പത്രക്കാരുടെയും ചാനൽപ്പടയുടെയും മുന്നിൽ ,തന്നെ ചേർത്ത് പിടിച്ച് അച്ഛനാണ് തന്റെ ജീവിതവിജയത്തിന് കാരണം
എന്നവൾ പറയുന്നത് കേട്ട് തന്റെ കണ്ണുകൾ നിറഞ്ഞ് തുളമ്പിയത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു കാണണം.
അവളെ ഉണർത്താതെ അയാളൊന്ന് നിവർന്നിരുന്നു. തന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ടവൾ.
തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ അയാൾ ഷട്ടറുകൾ താഴ്ത്തിയിട്ടു. കണ്ണടച്ച് ചാരിയിരുന്നു.
അൽപ്പം മുമ്പുതാൻ കണ്ടത് ഒരു സ്വപ്നമായി അയാൾക്ക് തോന്നിയില്ല' കാരണം അതയാൾ സ്ഥിരമായി കാണുന്ന കാഴ്ചയായിരുന്നു'
തൊട്ടുമുന്നിൽ നിന്നും ഒരു മഞ്ഞ് പോലെ മാഞ്ഞ് പോകുന്ന തന്റെ അന്ന!
ഒരു ജൻമം മുഴുവൻ നൽകേണ്ടുന്ന സ്നേഹം അഞ്ച് വർഷം കൊണ്ട് ഒന്നിച്ച് നൽകി കടംകഥ പോലെ മാഞ്ഞുപോയവൾ.
സ്വന്തം മകളെ നൃത്തം പഠിപ്പിക്കാൻ എന്നും ആഗ്രഹം അവൾക്കായിരുന്നു'
താൻ അന്നയെ ആദ്യമായി കണ്ടതും ഒരു യുവജനോൽസവ വേദിയിൽ വച്ചായിരുന്നു.
ഗസ്റ്റ് ലച്ചർ ആയി അന്നാ കോളേജിലേക്ക് ചെല്ലുമ്പോൾ,അത് തന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള വരവാകും എന്ന് അന്നോർത്തില്ല താൻ.
സംഗീതത്തോടും നൃത്തത്തോടും അന്നൊരു ഭ്രാന്തായിരുന്ന താൻ എത്ര വേഗമാണ് അന്നയോട് അടുത്തത്. അവളുടെ ക്ലാസ് അവസാനിക്കുമ്പോഴേക്കും പിരിയാനാവാത്ത വിധം അടുത്തു പോയിരുന്നു തങ്ങൾ .
ജീവിത സാഹചര്യം' മതം ,ഒന്നും വിലങ്ങ് തടിയായില്ല അന്ന്. അതൊരു നിയോഗമായിരുന്നു.
ഒടുവിൽ ഒന്നിച്ചു.വ്യത്യസ്ത സമുദായത്തിൽപ്പെട്ടവർ ഒന്നിക്കുമ്പോൾ,സാധാരണ സംഭവിക്കാവുന്ന പ്രതിഷേധങ്ങൾ ഇവിടെയും ഉണ്ടായെങ്കിലും വേഗം കെട്ടടങ്ങി.
കാലമെന്ന പുഴ പിന്നെയും മുന്നോട്ടൊഴുകി. സ്നേഹവും പ്രണയവും നിറഞ്ഞ ജീവിതം.! പ്രണയവും, അഭിനിവേശവും ഒന്നിച്ച, മധുരതരമായ ദാമ്പത്യത്തിന്റെ 4 വർഷങ്ങൾ
പക്ഷെ........ 
എത്ര പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്..?.
വീട്ടുകാരും, നാട്ടുകാരും ഒരുപോലെ ചോദിക്കാൻ തുടങ്ങി "വിശേഷമൊന്നുമായില്ലെ'' എന്ന്.
ആദ്യമൊക്കെ ആ ചോദ്യങ്ങൾ അവഗണിച്ചുവെങ്കിലും ദിവസങ്ങൾ കടന്നു പോകെ അകാരണമായ ഒരു ആശങ്ക മനസ്സിനെ ബാധിക്കുന്നത് ഇരുവരുമറിഞ്ഞു.
പിന്നീടങ്ങോട്ട് ചിന്തിക്കാൻ അയാൾക്ക് ശക്തി കിട്ടിയില്ല.
വല്ലാത്ത പാരവശ്യത്തോടെ അയാൾ കണ്ണ് തുറന്നു.
ഓർമകളുടെ തീച്ചൂളയിൽ നിന്നും കനൽ പോലെ തെളിയുന്നു അന്നയുടെ മുഖം'
'എന്നാലും അന്നാ..... എന്തിനായിരുന്നു നീ എന്നെ വിട്ടു പോയത്?
അയാളുടെ ഉള്ളൊന്ന് തേങ്ങി.
നീയില്ലാതെ, നിന്റെ സാമീപ്യമില്ലാതെ ഉറങ്ങാൻ പോലും എനിക്ക് സാധിക്കില്ലെന്ന് നീ ഓർമ്മിച്ചില്ലല്ലൊ,,
അയാൾക്ക് പിന്നെയും സങ്കടം തോന്നി. നിരാശയും .
എത്ര വർഷങ്ങളാണ് കടന്നു പോയത്..
അന്നയില്ലാത്ത ജീവിതം.... വിരസമായ പകലുകൾ..... ഒരു മഴ മേഘം പോലുമില്ലാത്ത ആകാശം പോലെ.
ഒരു മിന്നാംമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ തന്റെ അമ്മുവരാതിരുന്നെങ്കിൽ എന്നേ താൻ മണ്ണടിഞ്ഞു പോയേനെ.
പിന്നീടങ്ങോട്ട് അമ്മു മാത്രമായിരുന്നു അവലംബം:
എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോയത്.......
നേരം പുലർന്നപ്പോ അവർ തിരുവനന്തപുരത്ത് എത്തിയിരുന്നു. 
വീട്ടിലെത്തുമ്പോ നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു. 
ട്രോഫികളൊക്കെ ഷൊക്കേയ്സിൽ കൊണ്ട് വച്ച് അമ്മു കുറച്ച് നേരം അതിന്റെ ഭംഗി ആസ്വദിച്ച് നിന്നു.പിന്നെ സോഫയിൽ തളർന്നിരിക്കുന്ന അച്ഛനെ നോക്കി..
'പാവം ഇന്നലെ ഒട്ടും ഉറങ്ങിക്കാണില്ല. അവൾക്കറിയാം. സ്കൂളിൽ പ്പോയാലും തിരിച്ചെത്തുംവരെ ആധിയാണ്. അവധി ദിവസങ്ങളിൽ ലീവെടുത്ത് അയാൾ മകൾക്ക് കൂട്ടിരുന്നു.
അമ്മയില്ലാത്ത അവൾക്ക് അമ്മയും അച്ഛനും അയാളായിരുന്നു.
........................................................
ഒരു മാറ്റവുമില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
എന്നും രാവിലെ ഒന്നിച്ചെഴുന്നേറ്റ് പ്രാതൽ കഴിച്ച് ടിഫിനും തയ്യാറാക്കി അച്ഛനും മകളും ഇറങ്ങും. അവളെ സ്കൂളിലാക്കി അയാൾ കോളേജിലേക്ക് പോകും.
ഒരവധി ദിവസം.....
ഒന്നും ചെയ്യാനില്ലാതെ അലസമായിരുന്ന ഒരു പകലിന്റെ പകുതിയിലാണ് വീട്ടിലെ ലാന്റ് ഫോൺ ബെൽ അടിച്ചത്.
ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഒരു സ്ത്രീ സ്വരം.
"എന്നെ മനസിലായൊ "?
ഞാൻ......
വർഷങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടിട്ടും സന്തോഷിന് ആളെ മനസിലായി.
അന്ന!
ഹൃദയത്തിൽ എന്നും കാത്തുസൂക്ഷിച്ച തന്റെ പ്രീയപ്പെട്ടവൾ
ഒരു ദിവസം ഒന്നും പറയാതെ പോയവൾ. ഇന്ന് തന്റെ നമ്പർ കണ്ടെത്തി വിളിച്ചിരിക്കുന്നു.
നീണ്ടവർഷങ്ങൾക്ക് ശേഷം...
അയാൾക്ക് വിശ്വസിക്കാനായില്ല.
എവിടെയെല്ലാം തിരക്കി?
ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു......?
മറുതലയ്ക്കൽ വീണ്ടും....
"ഹലോ..."
,സന്തുവേട്ടാ എന്നെ മനസിലായില്ലേ?
അയാൾ റിസീവറും പിടിച്ച് സ്തംബ്ധനായി നിന്നു....
"ഏട്ടാ... ഇന്ന് ഏട്ടനേം മോളേം കണ്ടു.ടീവിയിൽ. നമ്മൾ കൊതിച്ച ജീവിതം ഏട്ടനെങ്കിലും കിട്ടിയല്ലൊ. സന്തോഷമായി എനിക്ക്.ഞാൻ ആഗ്രഹിച്ചതു പോലെ മോളെ ഡാൻസ് പഠിപ്പിച്ചു ല്ലെ "?
"ഏട്ടനേം കുടുമ്പത്തേയും എനിക്ക് ഒന്നുകൂടി കാണണം. എന്നോട് വെറുപ്പില്ലേൽ ഒന്നു കണ്ടോട്ടെ ഞാൻ? സുഖാണൊ എന്റെ ഏട്ടനും കുടുംബത്തിനും " ?
"അന്നാ... നീ എവിടാരുന്നു.? ഇത്രയും നാൾ? അയാളുടെ സ്വരം വിറപൂണ്ടിരുന്നു.
അവളൊന്നു നിശ്വസിച്ചതു പോലെ!
" ഞാൻ ഡൽഹിയിൽ ഒരു മലയാളി സ്കൂളിൽ അധ്യാപികയാണേട്ടാ.
ഞങ്ങൾ ഒരു സ്റ്റഡീ ടൂറിലാണ്.ഇപ്പോ തിരുവനന്തപുരത്തുണ്ട്. ചാനലിൽ ഏട്ടനേം മോളേം കണ്ടപ്പൊ മനസ്സിനെ പിടിച്ചു നിർത്താനാകുന്നില്ല.ഒന്നു വന്ന് കണ്ടോട്ടെ? വേഗം മടങ്ങിപ്പൊയ്ക്കൊള്ളാം ഞാൻ"
ആ ശബ്ദം ഇടറിയൊ?........
"അന്നയുടെ കുടുംബം "?....
അയാൾ ഒന്നു മുരടനക്കി.
അവളൊന്ന് മന്തഹസിച്ചതായി അയാൾക്ക് തോന്നി.
"ഞാൻ അന്നും ഇന്നും ഒരാളെയേ സ്നേഹിച്ചിട്ടുള്ളു. അത് സന്തുവേട്ടനാണ്. "
ഞാനിവിടെ പോസ്റ്റലിലാണ്.ഇന്നും തനിച്ച്.ബുദ്ധിമുട്ടില്ലേൽ നാളെ ശംഖുമുഖത്ത് വരാമൊ നിങ്ങൾഒന്നിച്ച്. ?
വൈകിയാൽ ഞങ്ങൾ മടങ്ങും ". 
അവൾ പ്രതീക്ഷയിലാണ് '
മറുവശത്ത് ഫോൺ വച്ചിട്ടും അയാൾ പിന്നെയും ഒന്നും ചെയ്യാനില്ലാത്ത പോലെ 'അങ്ങനെ നിന്നു.ആ ശബ്ദം ഒന്നുകൂടി കേട്ടെങ്കിലെന്ന് അയാളാശിച്ചു.
ഓർമകൾ പെരുമഴ പോലെ ആർത്തലച്ച് വരുന്നു.
കഷ്ടം! അവൾ വിശ്വസിക്കുന്നു. തനിക്കൊരു കുടുംബം ഉണ്ടെന്ന്..... അമ്മു തന്റെ മകളല്ലന്ന്
അവളറിയുന്നില്ലല്ലോ...... അവളെയല്ലാതെ മറ്റൊരു പെണ്ണിനെയും നെഞ്ചിലേറ്റാൻ തനിക്ക് സാധിക്കില്ലെന്ന്അവൾക്കറിയില്ലല്ലൊ.
ബോധ്യപ്പെടുത്താൻ അവസരവും തന്നില്ലല്ലൊ അവൾ.......
പാവം! എന്റെ അന്ന!
അന്ന് .........
4 വർഷങ്ങൾ ഒന്നിച്ച് ജീവിച്ചിട്ടും ഒരു കുഞ്ഞില്ലാതെ തീച്ചൂളയിലെന്ന പോലെ എരിഞ്ഞ ദിനങ്ങൾ.
പിതൃക്കളുടെ ശാപമെന്ന് തന്റെ അമ്മയുടെ പരിദേവനം പലനാൾ കേട്ടപ്പോഴും, വിശേഷം ആയില്ലേയെന്ന സമൂഹത്തിന്റെചോദ്യശരങ്ങൾ
ശരമായ് ഹൃദയത്തിൽ തറയ്ക്കുമ്പോഴും അവളിലെ സ്ത്രീത്വം ഉള്ളിൽ നിലവിളിച്ചിരുന്നു.
ഒരു ഭ്രാന്തിയെപ്പോലെയായി മാറി പിന്നീടവൾ. ഓരോ മാസവും സ്വന്തം ശരീരം ആട്ടിപ്പുറത്താക്കിയിരുന്ന രക്തവർണ്ണ ,നഷ്ടസ്വപ്നങ്ങൾ ഒരു സങ്കടക്കടൽ തീർത്ത് പ്രാണനെ അഗ്നിച്ചൂടിലാക്കി കടന്നു പോയി.
എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അടങ്ങിയിരുന്നില്ല.. തനിക്ക് അവളെ മാത്രം മതിയായിരുന്നു' ബാക്കിയെല്ലാം വിധിയെന്ന് സമാധാനിച്ചു.പക്ഷെ ആ സ്നേഹം തിരിച്ചറിയാൻ കഴിയാത്തവിധം മാനസികനില തെറ്റിയിരുന്നു അവൾക്ക്.
ഒടുവിൽ.....ഒരു ദിവസം അവൾ കേൾക്കെ അമ്മ പറഞ്ഞു. 
"കുട്ടാ.. സന്താനമില്ലാതെ ഇല്ലം മുടിഞ്ഞു പോവ്വോ മോനെ? നിന്റെ സന്തതിയെ കാണാതെ കണ്ണടയ്ക്കേണ്ടി വരുമോ എനിക്ക്? സന്തു....ഇല്ലത്ത് സപത്നിത്വം പുതുമയല്ല. നിനക്കറിയാല്ലൊ?
ഇനിയതേ വഴിയുള്ളു. നീഒരുവേളി കൂടി........ "
അന്ന കേട്ടുവോ എന്നായിരുന്നു. തന്റെ ഭയം. കാരണം അന്നായിരുന്നു അവളൊരിക്കലും അമ്മയാകില്ലന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതും.
"അമ്മാ മേലാൽ ഇനിയിതെന്നോട് പറയരുത്. എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും ഞാൻ "
തന്റെ ശബ്ദം വല്ലാതെ ഉയർന്നു പോയി.
തിരിഞ്ഞ് നോക്കുമ്പോ നിർജീവമായ തുളുമ്പുന്നരണ്ട് കണ്ണുകൾ...
ആരോടും യാത്ര പറയാതെ താനിറങ്ങി നടന്നു. കോളേജിലേക്ക്. .മടങ്ങിയെത്തുമ്പോൾ അന്ന പോയിരുന്നു. എവിടേക്കോ.......
പലയിടത്തും തേടി......
തന്നിൽ നിന്നും മറഞ്ഞു നിന്നു അവൾ..... എന്നേക്കുമായി അവളൊഴിഞ്ഞു പോയി..
എന്നെ മനസിലാക്കാതെ:..
എന്റെ മനസറിയാതെ....
സന്തുവേട്ടന് നല്ലൊരു കുടുംബം ലഭിക്കാൻ, ഇല്ലത്ത് സന്തതി പരമ്പരയ്ക്കായി സ്വയം വേദനിച്ചു കൊണ്ട് എന്നെ വിട്ടകന്നു പോയ എന്റെ പാവം അന്ന!
അവളറിയുന്നില്ലല്ലൊ അവളുടെ സ്ഥാനം ഇപ്പഴും ഈ ഹൃദയത്തിൽ ഒഴിഞ്ഞുതന്നെ കിടക്കുകയാണെന്ന് '....
മറ്റാർക്കും അവിടെ കടക്കാനാവില്ലന്ന് .....
വർഷങ്ങളുടെ ഏകാന്തവാസത്തിനിടയിൽ എന്നോ സ്നേഹ സദനത്തിൽ കൈ പിടിച്ചു ഒപ്പംകൂട്ടിയ അമ്മു !
അയാൾ ഒന്ന് നിശ്വസിച്ചു.
മകളാകാൻ ജൻമം നൽകേണ്ട കാര്യം ഇല്ലന്നവൾ പഠിപ്പിച്ചു.
നാളെ .....
വർഷങ്ങൾക്ക് ശേഷം അന്നയെ കാണുകയാണ് ...
അമ്മൂന് നാളെ അവളുടെ അമ്മയെ കാട്ടിക്കൊടുക്കണം.
അന്നക്ക് അവളുടെ മോളേയും.
അയാൾ മനസ്സിൽ ഒന്നു മന്ദഹസിച്ചു.
അന്ന് രാത്രിയിൽ അയാളൊരു സ്വപ്നം കണ്ടു.
മഞ്ഞണിഞ്ഞ കുന്നിന്റെ നെറുകയിൽ ....
താനും,അന്നയും......
തങ്ങളുടെ കൈകളിൽ തൂങ്ങി.... ഞങ്ങളുടെ അമ്മുവും.....
(ദീപ അജയ് )
...........

കിനാവുകൾ

സുഖശീതളമായ ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവൾ.
പെട്ടന്നാണ് ചാരിയിരുന്ന വാതിൽ ഞെട്ടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി തുറന്നു കൊണ്ട് രാഹുൽ മുന്നിൽ വന്ന് നിന്നത്.
"ഗാഥക്കുട്ടീ ഡാ ഞാൻവന്നു ".......
സ്വതസിദ്ധമായ ശൈലിയിൽ ഹൃദ്യമായി ചിരിച്ചു കൊണ്ട് തോളിൽ ലാപ്പ്ടോപ്പ് ബാഗും, കയ്യിലൊരു സ്യൂട്ട്ക്കേയിസുമായി നിൽക്കുകയാണ്.......!
" ഹൊ! പേടിപ്പിച്ചു കളഞ്ഞല്ലൊ പൊന്നേ "
അടക്കാനാവാത്ത ആഹ്ലാദത്തോടെ ബെഡിൽ നിന്നും ചാടിയെണീറ്റ് നോക്കുമ്പോ മുറിശുന്യം!
രാഹുലില്ല'... ബാഗുമില്ല.... ശൂന്യത മാത്രം!
മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം.പിങ്ക് നിറത്തിലുള്ള കർട്ടനുകൾ കാറ്റിൽ പതിയെ ഇളകുന്നുണ്ട്.....
അവൾക്ക് തൊണ്ട വരണ്ടു.
ശൊ !എന്താപ്പൊ ഇങ്ങനെ തോന്നാൻ? അവന്റെ ചിരിക്കുന്ന മുഖം കണ്ണീന്ന് മായുന്നില്ല. അതൊരു കിനാവായിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം...
" ഇല്ല അത് വെറും സ്വപ്നമല്ല. താൻ കണ്ടത് തന്നെയാണ്. ഒന്നു തൊടുകയേ വേണ്ടിരുന്നുള്ളു.
അവനങ്ങനെയാണ്, എപ്പോഴും ഈ സസ്പെൻസ് നിലനിർത്തിക്കൊണ്ട്, ചടുലമായി.... എല്ലാവരിലും ഉൽസാഹവും, ഉൻമേഷവും പകർന്നു കൊണ്ട്......
വരവെല്ലാം ഇങ്ങനെ തന്നെ .. പെട്ടന്ന് ഞെട്ടിപ്പിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് വന്നു കയറും...
"ഗാഥക്കുട്ടാ ഞാൻ വന്നൂ.... എന്നിങ്ങനെ പ്രത്യേക ഈണത്തിൽ വിളിച്ചു കൊണ്ട്.... പിന്നെ.... ബലിഷ്ഠമായ കൈകളാൽ തന്നെ എടുത്തുയർത്തും. വട്ടം കറക്കി '.. ബെഡിലേക്കിട്ട്....... അവൾക്ക് ഓർമ്മിച്ചപ്പൊ നാണംതോന്നി.
നുണക്കുഴിക്കവിളുകൾ ചുവന്നു പോയി.
രണ്ട് ദിവസം മുൻപ് വിളിച്ചപ്പോഴും സൂചിപ്പിച്ചു.
"ഇനിപ്പഴയപോലെ... പൊക്കിയെടുക്കലും.എറിയലും ഒന്നും വേണ്ടാട്ടൊ.ഉള്ളിൽ ഒരാൾ കൂടിയുണ്ടേ... മറക്കണ്ട "
" അധികം ദേഹമനക്കണ്ടന്നാ ഡോക്റ്റർ പറഞ്ഞത് "
അവന്റെ സന്തോഷം ശബ്ദമായി കാതിൽ തേൻമഴ ചൊരിഞ്ഞു. ചുമ്പന വർഷങ്ങൾ.....
"ഹെന്റെ കുട്ടാ എനിക്കിപ്പം നിന്നെക്കാണാൻ തോന്നുന്നു.... "
"യ്യൊ... ഇനിയും എങ്ങനാ ഇവിടെ തള്ളി നീക്കുന്നത്? നാശം പിടിക്കാൻ ഇവിടത്തെ സ്ഥിതി കണ്ടിട്ട് ലീവ് കിട്ടാൻ ഇനിയും നീളുമെന്നാ തോന്നുന്നത് '"
ആ വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞു..
"സാരമില്ലഡാ നീ രാജ്യത്തിന്റെ പുത്രനല്ലേ?
നമുക്ക്പ്രാർത്ഥിക്കാം വേഗം ലീവ് കിട്ടാൻ."
പറഞ്ഞ് മുഴുപ്പിക്കും മുമ്പേ ലൈൻ കട്ടായി .ഈയിടെ അങ്ങനെയാണ്.വളരെ കഷ്ടപ്പെട്ടാണ് ഒന്ന് സംസാരിക്കാൻ കിട്ടുന്നത്.
അവൾക്കറിയാം ഒരു ജവാന്റെ ഭാര്യ എല്ലാം അറിയണം മനസ്സിലാക്കണം.
മനസ്സ് കൊണ്ട് അവർക്ക് സപ്പോർട്ട് കൊടുക്കണം' അവൾക്ക് അതേ ചെയ്യാനാകു'
ഒരു സന്തോഷ വാർത്ത കൂടി അവൾക്കു പറയാനുണ്ടായിരുന്നു. തലേന്ന് അമ്പലത്തിൽ വച്ച് അമ്മയെക്കണ്ടതും കണ്ണീരോടെ തന്റെ കൈ പിടിച്ച് കരഞ്ഞതും, നിറുകയിൽ തലോടി ശരീരം നോക്കണം'ആഹാരം കഴിക്കണം എന്നൊക്കെ പറഞ്ഞതും, അച്ഛന്റെ ദേഷ്യോക്കെ പോയിമോളു അവനേം കൂട്ടി നീ തറവാട്ടിൽ വരണമെന്ന് ക്ഷണിച്ചതും......
അതവനോട് പങ്കുവയ്ക്കും മുന്നേ,കാൾ കട്ടായി... അവൾക്ക് നിരാശ തോന്നി.ഇനിയെപ്പഴാ വീണ്ടും വിളിക്കാനാവുക....?
വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു അവൾക്ക്.
" അവനോടൊപ്പം ജീവിതം തുടങ്ങി കുറേക്കാലം അച്ഛനേം അമ്മയേം ഓർമിച്ച് കണ്ണീർ വാർക്കുമ്പോഴൊക്കെ ആ നെഞ്ചിലേക്കണച്ച് പറയും
"സാരമില്ല ഡാ..... അവരുടെ സ്ഥാനത്ത് നമ്മളായാലും ഇങ്ങനേ ചെയ്യാൻ കഴിയൂ. നമുക്കൊരു മോനെ കിട്ടട്ടെ. അവർ ഒക്കെ മറക്കും' അവനേം കൊണ്ട് നമുക്കവിടെ പോണം."
വിവാഹം കഴിഞ്ഞ് വർഷം നാലായിട്ടും പ്രതീക്ഷിച്ച 'ഗുഡ് ന്യൂസ് 'കേൾക്കാൻ കഴിയാതെ കുറച്ചൊന്നുമല്ല ടെൺഷനടിച്ചത്....
ഒരു കുഴപ്പവുമില്ലന്ന് ഡോക്റ്ററും, ഇനീം സമയം കിടക്കുവല്ലെ ക്ഷമിക്കെന്ന് സഹപ്രവർത്തകരും ആശ്വസിപ്പിച്ചിട്ടും മനസ്സിലെ തീയണഞ്ഞിരുന്നില്ല.
എന്നിട്ടവസാനം ആ വാർത്ത അറിഞ്ഞപ്പൊ അതൊന്നു പങ്കിടാൻ പോലും പ്രിയപ്പെട്ടവർ ആരുമില്ലല്ലൊ.... അവൾക്ക് സങ്കടം വന്നു.
ഇനി രാഹുൽ തന്നെ പറ്റിക്കുവാണൊ? അവൾക്ക് സംശയമായി 'ലീവ് കിട്ടീട്ടുണ്ടാവുമൊ? 2 ദിവസം ആയി ഒന്ന് വിളിച്ചിട്ട്. അവിടന്ന് തിരിച്ചാൽ എത്താനുള്ള സമയം കഴിഞ്ഞു.
സാഹചര്യം മോശമാണ് ചിലപ്പോ ഫോൺ ചെയ്യാൻ പോലും കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു' എന്നാലും...? അവൾക്ക് പിന്നേം സംശയമായി.
എല്ലാ മുറികളിലും പോയി നോക്കി. എവിടേലും മറഞ്ഞ് നിൽപ്പുണ്ടാവുമൊ? കിച്ചണിൽ വരെ നോക്കിയ ശേഷം നിരാശയോടെ.. അവൾ നിന്നു. ചുറ്റും വല്ലാത്ത ശൂന്യത! അവൾക്ക് അകാരണമായൊരു ഭയം തോന്നി. ഒന്നു മുഖം കഴുകി പിന്നെയും റൂമിൽ വന്നു.
" അവൾ ഓർക്കുകയായിരുന്നു.
എന്നാണ് ?എപ്പോഴാണ്? അവനെ സ്നേഹിച്ച് തുടങ്ങിയത്?
ഓർമകൾ പിറകോട്ടോടി ആ കാമ്പസിലെ ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ ഓഡിറ്റോറിയത്തിൽ ചെന്ന് നിന്നു.കർണ്ണങ്ങളിൽ ഇപ്പോഴും ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം.....
" ഞാൻ കറുത്തവൻ...
എന്റെ സിരകളിലും ചുവന്ന ചോര...
എന്റെ മെയ്ക്കരുത്ത് നിനക്കിഷ്ടം...
എന്റെ കറുപ്പ് നിനക്കപ്രീയം.
പക്ഷെ നീയറിയുക നിൻ ഹൃദയത്തിൻ നിറം കറുപ്പെന്ന്........"
ആ കവിത വല്ലാതെ മനസ്സിൽ തട്ടി... കവിയും.
പിന്നെയും പല തവണ കണ്ടു. ജ്വലിക്കുന്ന വ്യക്തിത്വം. തീപ്പൊരി പ്രസംഗങ്ങൾ മതിമറന്ന് കേട്ടിരുന്നു.... ഇരുണ്ട നിറമെങ്കിലും എത്ര ഭംഗിയാണാ മുഖത്തിന് .?
ആരാധന എത്ര വേഗമാണ് പ്രണയമായത് '?
കൂട്ടുകാരി മുഖേനെയാണ് അവനെയതറിയിച്ചത്.
മറുപടി നിരാശാജനകമായിരുന്നു."
അവളോട് പറഞ്ഞു പോലും
"എനിക്കാ കുട്ടിയെ ഇഷ്ടമാണ്. പക്ഷെ, ഞാൻ പുലയൻ ശങ്കരന്റെ മകനല്ലായിരുന്നെങ്കിൽ.......
ഗാഥ കളീക്കൽ തറവാട്ടിലെ സേതുനാഥൻ നായരുടെ മകളല്ലായിരുന്നെങ്കിൽ..........
ഞാനെന്നേ അവളെ പ്രണയിച്ചേനെ....
ഇത് വെറും ഭ്രമം മാത്രമാണ്. കാമ്പസ് വിടുമ്പോ അലിഞ്ഞു പോകുന്ന വെറും ആകർഷണം മാത്രം.എനിക്കു വെറുതേ ചങ്കുകലക്കാൻ താൽപ്പര്യമില്ലന്ന് പറഞ്ഞേക്ക് ആ കുട്ടിയോട് "
കേട്ടപ്പോൾ വാശിയോടെ പറഞ്ഞുതാനും...
"എനിക്കത് വിഷയമല്ലങ്കിലൊ? ഞാൻ പുലയൻ ശങ്കരന്റെമകനെയല്ല, രാഹുലിനെയാണ് പ്രണയിച്ചത്.... അതയാൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല' പറഞ്ഞേക്ക്"
അതു സത്യമായിരുന്നു.... പിന്നീടെപ്പോഴോ അവരൊന്നായി.... ഒരു മനസ്സായി. രാഹുലും, ഗാഥയും അവരൊന്നാകേണ്ടവരായിരുന്നു. അതിന് സമ്പന്നതയൊ, തൊലിയുടെ നിറമൊ, ജാതിക്കോളത്തിലെ വ്യത്യാസമൊ ഒരു ഘടകമായില്ല.
അവർ ഗാഥയും, രാഹുലും എന്ന് പേരുള്ള രണ്ട് മനുഷ്യർ മാത്രമായിരുന്നു.
കാമ്പസിൽ നിന്നുമിറങ്ങി രാഹുൽ ആർമിയിൽ ജോയിൻ ചെയ്തിട്ടും പ്രണയം നിർബാധം തുടർന്നു.
നാട്ടാരറിഞ്ഞു, ഒടുവിൽ വീട്ടുകാരും.
സ്വാഭാവികമായും പ്രശ്നമായി.മകളെക്കുറിച്ചുള്ള പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത് ആ അച്ഛനുമമ്മയ്ക്കും സഹിക്കാനായില്ല. കരഞ്ഞു കാലു പിടിച്ചു നോക്കി, ദേഷ്യപ്പെട്ടു നോക്കി .
ഒന്ന് നുള്ളിനോവിച്ചിട്ടില്ലാത്ത മകളെ ആദ്യമായി ആ പിതാവ്തല്ലി.
അമ്മാവൻമാരും ,ചെറിയച്ഛനുമൊക്കെ തത്തിക്ക് തത്തിക്കുപദേശിച്ചു.
ഒടുവിൽ കാര്യങ്ങൾ വീട്ടുതടങ്കലിലേയ്ക്കും, വിവാഹ നിശ്ഛയത്തിലേക്കും നീങ്ങിയപ്പോ.... രാഹുൽ നാട്ടിലെത്തി.....
അമ്പലത്തിൽപ്പോയ ഗാഥപിന്നെ വീട്ടിൽ തിരിച്ചെത്തിയില്ല.!
തെറ്റാണെന്നറിയാം.... പോറ്റി വളർത്തിയ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച് പടിയിറങ്ങുമ്പോൾ ഹൃദയം മുറിഞ്ഞ് ചോരകിനിയുന്ന പോലെ തോന്നി.....
" ശപിക്കല്ലെ.... അച്ഛാ... അമ്മേ.... ഒരായിരം തവണ മനസ്സിൽ കേണു പ്രാർത്ഥിച്ചു.
കുട്ടുകാരുടെ മുന്നിൽ താലി കെട്ടി രജിസ്റ്ററിൽ ഒപ്പിട്ട് അവനോടൊപ്പം വലത് കാൽ വച്ച് കയറുമ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ ഭാവമായിരുന്നു മനസ്സിൽ.
സ്നേഹം നിറഞ്ഞ അച്ഛനും അമ്മയും അനിയത്തിയും ചേർന്ന - ഒരു സ്വർഗ്ഗം...
ലീവ് കഴിഞ്ഞ് രാഹുൽ യാത്രയാകുമ്പോ കണ്ണീരും വിരഹവും.... അതങ്ങനെ തുടർന്നു.
ആയിടയ്ക്കാണ് തനിക്ക് സർക്കാർ സ്കൂളിൽ നിയമനമായത്.സന്തോഷത്തേക്കാൾ നിരാശയായിരുന്നു'രാഹുലിനോടൊപ്പം കോർട്ടേഴ്സിൽ പോയി താമസിക്കാനുള്ള മോഹമാണ് പൊലിഞ്ഞത്.
അപ്പോഴും രാഹുൽ ആശ്വസിപ്പിച്ചു. "സാരല്ല ഡാ... നിനക്കൊരു ജോലി, അതെന്റേം കുടി സ്വപ്നമാണ്. എന്നോടൊപ്പം ഇറങ്ങി വന്നിട്ട് നീ നശിച്ചെന്നാരും പറയരുത്. അല്ലങ്കിലും ഇവിടെവന്നാലും നീബോറടിക്കേയുള്ളു. "
"ഒരു കമാന്റോയുടെ ജീവിതം മുക്കാലും രാജ്യത്തിന് വേണ്ടീട്ടാ. ബാക്കിയേയുള്ളു കുടുംബത്തിന് ."
അവൻ പറയുന്നത് ശരിയാണ്. തനിക്കും അറിയാം. രാവിലെ 5 മണിക്ക് പരിശീലനം തുടങ്ങും. പകൽ മുഴുവൻ ഓഫീസ് ജോലികൾ .നാലു മണിക്ക് ഗെയിംസ്, ഏഴ് മണിക്ക് ശേഷം പാർട്ടികൾ, ഇതിനിടയിൽ ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ജീവിതം എത്ര വിരസമായിരിക്കും....
പെട്ടന്നൊരു ദിവസം "ഓപ്പറേഷൻ ഹൈജാക്ക് " എന്നൊക്കെപ്പറഞ്ഞ് യാത്ര പോലും പറയാതെ ഇറങ്ങിപ്പോകുമ്പോ വീട്ടിൽതനിച്ച് ,ആശ്വാസത്തിനു പോലും ആരൂല്ലാതെ പ്രാർത്ഥനയും ഭീതിയുമായി ഇരിക്കേണ്ടി വരുന്ന സ്ത്രീകൾ....
താൻ മാത്രമല്ല ഒരു രാജ്യം മുഴുവൻ അവർക്കു വേണ്ടി പ്രാർത്ഥിക്കും അറിയാം... എങ്കിലും,....
ടെലിവിഷനിൽ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ കമാന്റാകൾ ഒരു കെട്ടിടത്തിലേക്ക് തൂങ്ങിയിറങ്ങുന്നതും,
ജാഗ്രതയോടെ തീവ്രവാദികൾ ആയുധമേന്തി നിൽക്കുന്നതും ഒക്കെ കാണുമ്പോൾ ഉളളു പിടയ്ക്കും...
സ്കൂളിൽ പോയിത്തുടങ്ങിയതോടെ അലസത വിട്ടകന്നു.
തങ്ങളുടെ സ്വപ്നസൗധം "നികുഞ്ചം" പൂർത്തിയായി.. 'നികുഞ്ചം എന്നാൽ - വള്ളിക്കുടിൽ. ..
ചെറുതെങ്കിലും മനോഹരമായ വീട്.അച്ഛനും അമ്മയും മരിക്കുകയും അനിയത്തി വിവാഹം കഴിഞ്ഞ് പോവുകയും ചെയ്തപ്പൊ വീണ്ടും ഗാഥ തനിച്ചായി.
ഒരിക്കൽ അമ്പലത്തിൽ വച്ച് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ ഹോസ്പിറ്റലിൽ ആണന്ന്.
തിരികെ വീട്ടിലേക്ക് നടക്കുകയല്ല, ഓടുകയായിരുന്നു. അച്ഛന്റെ മുഖം വല്ലാതെ പൊള്ളിച്ചു മനസ്സിനെ .
'അവൾ ഭാവനയിൽ ആരംഗം കാണുകയായിരുന്നു...
ചെറിയച്ഛന്റെ മകളുടെ വിവാഹത്തലേന്ന് അതിഥികൾക്കിടയിൽ നിന്നവർ പറയുന്നു." ഒറ്റ മോള് പുലയച്ചെക്കന്റെ കൂടെ ഇറങ്ങിപ്പോയി.... ഒരുളുപ്പുമില്ലാതെ അണിഞ്ഞൊരുങ്ങി നിക്കണ കണ്ടാ? തൊലിക്കട്ടി സമ്മതിക്കണം....."
താൻ കേട്ടത് ഭർത്താവും കേട്ടൊ എന്നൊരാന്തലോടെ, കണ്ണീരോടെ അമ്മ മുഖം തിരിക്കുമ്പോൾക്കാണുന്നത്... നെഞ്ചിൽ അമർത്തിപ്പിടിച്ച് ആശ്രയത്തിനായി കൈനീട്ടി പരതി... വേപഥുവോടെ'തറയിലേക്ക് തളർന്നു വീഴുന്ന അച്ഛനെ.... ,
താൻ ഓട്ടോ പിടിച്ച് നേരെ ഹോസ്പിറ്റലിൽ എത്തുമ്പോ വഴി തടഞ്ഞ് നിൽപ്പുണ്ടായിരുന്നു അമ്മാവൻമാരും, ചെറിയച്ഛനും..
അച്ഛന്റെ മുഖമൊന്ന് കാണാൻ.... ആ കാലിൽ വീണ് മാപ്പ് ചോദിക്കാൻ... ആർത്തലച്ചുചെന്ന തന്നെ ആട്ടിപ്പായിച്ചു.
ICU വിന് മുന്നിൽ അമ്മായിയുടെ മടിയിൽ തലവച്ച് അമ്മ കിടക്കുന്നുണ്ടായിരുന്നു'.. പക്ഷെ അടുത്തേക്ക് ചെല്ലാനായില്ല
ഒരുമാത്ര കണ്ടപ്പോഴേക്കും ആരുടെയോ വകയായി മുഖമടച്ചൊരടിയും കിട്ടി.
"തിണർത്ത കവിളുകളിൽ നീറ്റലോടെ തിരിഞ്ഞ് നടക്കുമ്പോഴും ഉളളം ചുട്ടു നീറ്റിയത് അച്ഛനെക്കുറിച്ചോർത്തു മാത്രമായിരുന്നു.
ഈ മോളുനെ കാണുമ്പോ എന്റെ അച്ഛന്റെ ഹൃദയം പിന്നേം വേദനിക്കുമെങ്കിൽ...
വേണ്ട... തനിക്ക് കാണണ്ട. അച്ഛന് സുഖായീന്ന് മാത്രം അറിഞ്ഞാ മതി തനിക്ക് ....
പ്രാർത്ഥന നിറഞ്ഞ ദിനങ്ങൾ.
പിന്നിടറിഞ്ഞു അച്ഛന് സുഖമായി വീട്ടിലേക്ക് പോയത്.
.....................................................
മുറ്റത്ത് പാൽക്കാരന്റെ സൈക്കിൾ ബെൽ കേട്ടാണ് ഗാഥ ചിന്തയിൽ നിന്നുണർന്നത്.
ഓ സമയം ഇത്രവേഗം കടന്നു പോയൊ? വൈകുന്നേരമായി. ഇനി ഒന്നു കുളിക്കണം, ചായയിടണം.... അവളൊന്ന് നിശ്വസിച്ചു. മടി പിടിച്ചിരിക്കാൻ പറ്റില്ല... ഇത്രേം നാളും തനിച്ചായിരുന്നു' ഇനീ ഉള്ളിലൊരു ജീവനുണ്ട്. സമയത്ത് ആഹാരം കഴിച്ചേ മതിയാകൂ..
യാന്ത്രികമായി അടുക്കളയിൽ നിൽക്കുമ്പോഴും മനസ്സിൽ ഉച്ചയ്ക്ക് കണ്ടകിനാവായിരുന്നു. അവളുടെ കണ്ണുകൾ പലതവണ പുറത്തെ വാതിലിലേക്ക് ചെന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ........
അവൾക്ക് രാഹുലിനെ ഒന്നു കാണാനും, ആ നെഞ്ചിൽ മുഖം ചായ്ച്ച് നിൽക്കാനും ആഗ്രഹം തോന്നി.
ഹാളിൽ വന്ന് സോഫയിൽ തളർന്നിരിക്കവെ TV ഓൺ ചെയ്തതും....
ചാനലിൽ ആ മുഖം!
പ്രസന്നവും ദീപ്തവുമായ ആ കണ്ണുകൾ ദേ ഇങ്ങോട്ട് നോക്കുന്ന പോലെ......
പിന്നാലെ കാതിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് '.... റിപ്പോർട്ടറുടെ ശബ്ദം.
" ഇദ്ദേഹം പാലക്കാട് തത്തമംഗലത്ത്.. പരേതരായ ശങ്കരന്റെയും ചിന്നയുടെയും മകനാണ്....ഗാഥയാണ് ഭാര്യ. കുട്ടികളില്ല"
അമ്പരന്ന് വെപ്രാളത്തോടെ അവൾ ചാനലുകൾ മാറ്റി മാറ്റി നോക്കി.
" അതേ എല്ലാ ചാനലുകളിലും ആ മുഖം!!
ആക്രമണത്തിൽ ശരീരം ചിന്നിച്ചിതറിയതിനാൽ ഇന്നാണത്രേ ആളെ തിരിച്ചറിഞ്ഞത്...
ജമ്മുവിലെ ജോരിയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത 'കമാന്റൊ രാഹുൽ ശങ്കർ, ന് മരണാനന്ദര ബഹുമതിയായ 'പരംവീർ ചക്ര' നൽകി രാഷ്ട്രം ആദരിക്കുമത്രേ!!
TV യിലെ ദൃശ്യം ക്രമേണ മങ്ങുന്നതായും, ബോധമണ്ഡലത്തിൽ ഒരു വിസ്ഫോടനം നടക്കുന്നതായും അവൾക്ക് തോന്നി. സോഫയിലേക്ക് ബോധമറ്റ് വീഴുമ്പോൾ.........
പുറത്ത് കവലയിൽ ഒന്നിച്ചു കൂടിയ ദേശസ്നേഹികൾ...
ധീരദേശാഭിമാനിക്ക് .. അനുശോചനം അർപ്പിക്കാനും .കവലയിലെറോഡിന് രാഹുൽ ശങ്കർ, എന്ന് പേരിടാനും'.. ഒരുങ്ങുകയായിരുന്നു.
ആളുകൾ കൂടിക്കൊണ്ടിരുന്നു.
അന്നേരം ,അയാൾ പുലയൻശങ്കരന്റെ മകനാണെന്ന് അവർ ബോധപൂർവ്വം അങ്ങ് മറന്നു ..
(ദീപ അജയ് )

ഭ്രൂണഹത്യ

കുഞ്ഞേനീപിറക്കേണ്ടതില്ലിനിയീ മണ്ണിൽ.
അമ്മതന്നുളളിൽശാന്തമായ്ഉറങ്ങിക്കൊൾക.
നോവേറെയുണ്ടോ?പിഞ്ചുപ്രാണൻപിടയുന്നുവൊ?
ആവതില്ലമ്മയ്ക്കു നിനക്കീശാപഭൂവിൽ ജൻമമേകാൻ.
ഒരുനോക്കുനിന്നെക്കാണുവാൻകൊതിയുണ്ടെങ്കിലും,
കുഞ്ഞേനീപിറക്കേണ്ടയിനിയീ മണ്ണിൽ.
വരണ്ടമുലക്കാമ്പിലിനിയൊരുതുള്ളിയമൃതില്ല.
എന്തുഞാൻനൽകി,നിൻപശിയണയ്ക്കും?
ഈരണഭൂമിയിൽകഴുകന്റെചിറകടിയൊച്ച .
ചുറ്റിലും കബന്ധങ്ങൾ ചീർത്തുനാറുന്നു.
ജീവശ്വാസംപോലും കിട്ടാക്കനിയാകവേ
നീപിറക്കേണ്ടയെന്നോമലേശാന്തമായുറങ്ങുക '
എങ്ങുംവിഷപ്പുകമയം,വീശിയടിക്കുന്നൂതീകാറ്റും.
മേഘങ്ങൾഗർജ്ജിക്കുന്നുപെയ്തിടുന്നതമ്ലമഴയും.
പുൽനാമ്പ് പോലുംമുളയ്ക്കാത്തൊരീ മണ്ണിൽ.
നരിച്ചീറുകൾ ചുറ്റിനും അലറിയടുക്കുന്നു.
വിജനമീയന്ധകാരത്തെരുവിൽചോരകനച്ചമണം.
എൻമണിക്കുഞ്ഞേനീപിറക്കേണ്ടതില്ലീമണ്ണിൽ.
വേട്ടനായ്ക്കൾചുറ്റിനുമലറിയടുക്കുന്നു.
ഒറ്റമുറിച്ചുവരിനുളളിലെവിടെയോഒരാർത്തനാദം.
ഒരുകമ്പിപ്പാരയിൽസ്ത്രീത്വമളക്കുന്നതാവാം.
അലയുന്നുപ്രേതങ്ങൾചുറ്റിനുമടക്കിയതേങ്ങലുകൾ.
കാതുകൾകൊട്ടിയടയ്ക്കുന്നുതളരുന്നുപാണികൾ.
മകളേ നീപിറക്കേണ്ടതില്ലീ മണ്ണിൽ.
വിരൽത്തുമ്പിൽപ്പിടിച്ചുപിച്ചവയ്പ്പിക്കാനച്ഛനില്ല
കൊച്ചരിപ്പല്ലുകൾകാട്ടിച്ചിരിക്കവേ,ചേർത്തുപിടിക്കാനേട്ടനില്ല.
കഥചൊല്ലിയുറക്കേണ്ടവരേതോവൃദ്ധസദനത്തിൽ.
വിധിയെപ്പഴിച്ചും,പതംപറഞ്ഞുമുറക്കമായ്.
കൈവളരുന്നോകാൽവളരുന്നോയെന്നുകാത്തിരിപ്പാൻ.
ആരുമില്ലോമലേ നീയിനിപിറക്കേണ്ടതില്ല.
ഒളിവിലുംമറവിലുംരാവിൻകൂരിരുളിലും നിൻ,
മാംസംരുചിക്കുവാൻപതിയിരിപ്പൂവേട്ടനായ്ക്കൾ.
ബന്ധങ്ങൾപോലും ജലരേഖകളാകവേ ,
ബീജദാദാവിനും ചവച്ചുതുപ്പുവാൻ,
കാക്കയ്ക്കും,പൂച്ചയ്ക്കുംതിന്നുതീർക്കുവാൻ,
വിട്ടുകൊടുക്കില്ലകുഞ്ഞേനീയിനിപിറക്കേണ്ട.
ഇനിയൊരാൺ ജൻമമാണെങ്കിലോനിൻ,
നാവിലിറ്റിയ്ക്കുന്നതു,തേനല്ലസോമരസമാവാം.
എഴുത്താണിയേന്തേണ്ടകുഞ്ഞുകൈവെള്ളയിൽ.
പുകതുപ്പുംതോക്കുകൾകളിപ്പാട്ടമായേക്കാം.
ഗുരുവിന്റെകൈകളുംനീകവർന്നെടുത്തേക്കാം.
നീപിറക്കേണ്ടകുഞ്ഞേശാന്തമായുറങ്ങുക.
പലനിറംപൂണ്ടകൊടികൾ പിടിച്ചുനീ.
തെരുവിൽസോദരന്റെതലയെടുത്തേയ്ക്കാം.
സിരകളിൽലഹരിതൻ പുകച്ചുരുളുമായ് നിൻ
കാമക്കണ്ണുകളീഅമ്മയിലുംപ്പതിഞ്ഞേക്കാം.
അരുതെന്റെകുഞ്ഞേ,നീയിനിപിറക്കവേണ്ട.
സ്വച്ഛമായ്ശാന്തമായ്നീയുറങ്ങിക്കൊൾക
പറിച്ചെടുക്കുന്നതുനിന്നെയല്ല.എൻഹൃദയമാണെങ്കിലും നീയുറങ്ങുകയാണുള്ളിലെന്നാശിച്ചോളാം
ഇനിനീപിറക്കേണ്ടപൊന്നോമനക്കുഞ്ഞേ
കണ്ണീരിൽ കുതിർന്ന പുഞ്ചിരിയാലീയമ്മ.
താരാട്ടുപാടിയെന്നോമലേനിന്നെയുറക്കീടാം.
സ്വച്ഛമായ്ശാന്തമായ്നീയുറങ്ങിക്കൊൾക .
(ദീപ അജയ് )

ക്രിസ്തുമസ് സമ്മാനം (ചെറുകഥ)

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com
======
ബസ്‌ കൊർഫക്കാനിൽ നിന്നും തിരിച്ചിട്ടിപ്പോ ഏകദേശം അരമണിക്കൂർ ആയിക്കാണും .കണ്ണാടി ചില്ലുകൾക്ക് പുറത്ത് നിഗൂഡമായ ശാന്തതയുമായി നീലക്കടൽ ....രാവിലെതന്നെ തിരക്ക് തുടങ്ങിക്കഴിഞ്ഞു .ആദ്യമൊക്കെ മനസ്സ് മടുപ്പിച്ചിരുന്നുവെങ്കിലും ഇപ്പോ അത് ശീലമായിരിക്കുന്നു .പെട്രോളിന്റെയും ഡീസലിന്റെയും സമ്മിശ്ര ഗന്ധം .ഓയിൽ ടാങ്ക് നിറയ്ക്കുകയും ,കുഴിച്ചെടുക്കുന്നതിന്റെയും ,കൂറ്റൻ കണ്ടെയിനറുകളുടെയും അലോസരപ്പെടുത്തുന്ന ശബ്ദം ...കാഴ്ചകൾ പിന്നിലേക്കോടുന്നു .അധികം ജനത്തിരക്കില്ലാത്ത പ്രദേശം ..ഇരുവശത്തും വലിയ പാറകൾ ...മലയിടുക്കിൽ പാറതുരന്നു നിരപ്പാക്കുന്ന പ്രക്രീയ തുടരുന്നു ..പാറപ്പൊടികലർന്ന അന്തരീക്ഷം . സ്ഥിരം കാഴ്ചയാണിത്.ഇനിയും ഏകദേശം ഒരുമണിക്കൂർ എടുക്കും ഫുജിറയിൽ എത്താൻ .അയാൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു .തലേദിവസത്തെ വോൾക്കയുടെ ഹാങ്ങ് ഓവർ വിട്ടിട്ടില്ല .കനം തൂങ്ങുന്ന കണ്ണുകൾ .രണ്ട് ബോട്ടിൽ തീർത്തിട്ടും ഒട്ടും ലഹരി തോന്നിയില്ല .ഓർമ്മകൾ പിന്നെയും പിന്നെയും തലച്ചോറിൽ ചുഴിപോലെ ..ഒടുവിൽ അവിടെ സോഫയിൽ തളർന്ന് വീണുറങ്ങും വരെ കുടിച്ചുകൊണ്ടെയിരുന്നു .മറന്നു തുടങ്ങിയ കാര്യങ്ങൾ ഓർമിപ്പിക്കാനായി എന്തിനവൾ വീണ്ടും വന്നു ?ഇപ്പോഴും കാതിൽ അവളുടെ ശബ്ദം ..ഒരിക്കൽ തേൻ മഴയായ് പെയ്തിറങ്ങിയ ആ നനുത്ത ശബ്ദം ..
"മഹേഷ്‌ ....ഞാനാണ് ..ദേവു .."
"ഏതു ദേവു ?എനിക്കറിയില്ല ഒരു ദേവുനേം ..ആരാ നീ ?"
"പ്ലീസ് മഹേഷ്‌ ...ഒരിക്കൽക്കൂടി നീ വരണം ..നമ്മുടെയാ അപ്പാർട്ട്മെന്റിൽ.നാളെ ക്രിസ്മസ് ആണ് ..എനിക്ക് കാണണം മഹേഷ്‌ നിന്നെ ..പ്ലീസ് ഐ ബെഗ് യു ...നീ വരും ..ഞാൻ കാത്തിരിക്കും "
മറുവശത്ത്‌ ഫോൺ കട്ട്‌ ചെയ്ത് മിനിട്ടുകൾ കഴിഞ്ഞിട്ടും അത് നൽകിയ ഷോക്ക് അവസാനിച്ചില്ല .ഒരു കാലത്ത് തന്റെ ചേതനയെ ഉണർത്തിയ ,ഉണങ്ങി ദ്രവിച്ച തരുവിൽ സ്നേഹജലം ഇറ്റിച്ചു തളിർക്കാൻ തുടങ്ങുമ്പോഴേക്കും തല്ലിക്കൊഴിച്ചിട്ടു എവിടെക്കോ പോയൊളിച്ചവൾ . അയാൾക്ക്‌ സമനിലതെറ്റുന്നപോലെ തോന്നി .പോകരുത് എന്നായിരുന്നു ആദ്യം മനസ്സ് തീരുമാനിച്ചത് ..പക്ഷെ ആ ശബ്ദം ..യാചന ...ഓർമയിൽ ഒരു മുഖം തെന്നൽ പോലെ അയാളെ കടന്നു പോയി .ക്ഷീണം കണ്ണുകളെ വന്നു മൂടുകയും ,അറിയാതെ ഉറങ്ങിപ്പോവുകയും ചെയ്തു .രാവിലെ ഉണരുമ്പോൾ താമസിച്ചു ..ഇന്ന് ഓഫീസ് അവധിയാണ് ..എങ്കിലും അവൾ പറഞ്ഞ സമയം ആകാൻ ഇനി കുറച്ചു സമയം മാത്രം ..അവിടെ എത്താൻ രണ്ടുമണിക്കൂർ യാത്ര ചെയ്യണം ..വേഗം റെഡിയായി തിരിക്കുകയായിരുന്നു .
മനസ്സിൽ ദൃഡമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് ..റിസൈൻ ലറ്റർ എഴുതി ..മടങ്ങുമ്പോൾ ഡെപ്യുട്ടി ജനറൽ മാനേജർ സുദീപ് മേത്തയെ കാണണം ഏൽപ്പിക്കണം ..അയാൾ തടഞ്ഞേക്കാം .പക്ഷെ പോകണം നാട്ടിലേക്ക് ...ഒരു മടക്കം അനിവാര്യം ..അതിനു മുൻപ് അവളെ കാണണം ..അവസാനമായി ..ഈ ക്രിസ്മസിന് എന്ത് സമ്മാനമാണ് അവളെനിക്കായി കാത്തുവച്ചിരിക്കുന്നതെന്ന് അറിയണം ..അതാ മുഖത്തേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ് നടക്കണം ..
ബസ്‌ ഒന്നുലഞ്ഞപ്പോ അയാൾ കണ്ണ് തുറന്നു .
ബസ്‌ കിബ്ഫായും ,മര്ബായും കഴിഞ്ഞ് ഫ്യുജിറയിലേക്ക് പോകാനുള്ള പ്രയാണത്തിലാണ് അങ്ങകലെ സിറ്റി കാണാൻ കഴിയുന്നുണ്ട് ..അൻപത് നിലകൾ വരെയുള്ള ഫ്യുജിറാ ബിൾടിങ്ങുകൾ ദൂരെ കാണാം .മനസ്സൊന്നു പിടഞ്ഞുണർന്നത്‌ അറിയുന്നു ..ദേവുനെ കാണാൻ ഇനി മിനിറ്റുകൾ മാത്രം .ഓർമകളുടെ ചിറ്റോളങ്ങളിൽ മനസ്സ് പിന്നെയും കുത്തിയൊലിച്ചു പിന്നോട്ടോടുകയാണ് .നാടുവിട്ടിവിടെ വന്നിട്ട് രണ്ടു വർഷം.നല്ലൊരു കമ്പനിയിൽ ഓപ്പറേഷൻ അടമിനിസ്ട്രേറ്റാർ ആയി നിയമനം .പതിവുപോലെ രാവിലെ പോകാനുള്ള തിടുക്കത്തിൽ ബാത്ത്റൂമിൽ തെന്നി വീണു ..കാലുളുക്കി ..ഫിത്തിയിൽ കൈ അടിച്ച് അൽപ്പം ചതയുകയും ചെയ്തു ..വകവച്ചില്ല .പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും കാൽ നീരുവച്ചു .നടക്കാൻ കഴിയാത്തവിധം വേദനയും ...നേരെ ഫ്യുജിറയിലെ പ്രാധാനപ്പെട്ട ജിന്സി ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു .ഡോക്ടർ നെയും കണ്ട് നഴ്സിംഗ് റൂമിൽ അക്ഷമയോടെ ഇരിക്കുമ്പോൾ വാതിൽക്കൽ നിറനിലാവുപോലെ കണ്ട ആ മുഖം ..വിടർന്ന നീലക്കണ്ണുകൾ .പ്രസന്നമായ ചിരി ..അവൾ ഇൻജക്ഷൻ എടുക്കുമ്പോൾ പല്ലുകടിച്ച് കണ്ണടച്ച് മുഖം തിരിച്ചിരുന്ന തന്നെ നോക്കി ചിരിച്ചു ."ആഹാ !ഇത്രേയുള്ളോ ധൈര്യം .."പണ്ടേ എനിക്ക് സൂചി കാണുന്നതേ ഭയം ആയിരുന്നു ..ഒന്ന് പുഞ്ചിരിച്ചു ആ മുഖത്തു നോക്കി ....എണീറ്റ് കാല് തറയിൽ കുത്തുമ്പോ വേച്ചുപോയ തന്നെ ചേർത്തുപിടിച്ചു കാറിൽ എത്തിച്ചത് അവളായിരുന്നു .ആ സ്പർശം ആ ഗന്ധം വർഷങ്ങളായി ഉറങ്ങിക്കിടന്ന ഒരനുഭൂതിയിൽ മനസ്സുണർന്നു .അതായിരുന്നു തുടക്കം ..പിന്നെയും പലതവണ കണ്ടു ..ചില വൈകുന്നേരങ്ങളിൽ ഒന്നിച്ചായി യാത്ര ..തങ്ങൾക്കൊപ്പം അവളുടെ സഹപ്രവർത്തക കൊച്ചിക്കാരി സിബി വർഗീസും ഉണ്ടാകും പലപ്പോഴും .അധികം സൗഹൃദങ്ങൾ ഇല്ലാത്ത തനിക്കു വീണുകിട്ടിയ ആ ദിവസങ്ങൾ സ്വർഗതുല്യം ആയിരുന്നു .
അവധിദിനങ്ങൾ മൂവരും ഒന്നിച്ചു .സിബി ചേച്ചിയുടെ നർമ്മംകലർന്ന ചർച്ചകൾ ..വിശേഷങ്ങൾ ..ഒന്നിച്ചുള്ള പാചകം ,ലുലുമാളിലെ ഐസ്ക്രീം,മലയാളികളുടെ മാത്രം 
രസ്റ്റൊരന്റ് ആയ തലശേരിയിലെ ചൂട് വടയും ചായയും ,ഫ്യുജിറ മ്യുസിയത്തിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒക്കെ തനിക്കും അങ്ങനെ പ്രീയപ്പെട്ടതായി ..പാലക്കാട്ടുകാരി ദേവാനന്ദ .അരക്കുതാഴെ തളർന്നുപോയ ഭർത്താവിനെയും എഴുവയസ്സായ മകളെയും അകന്നു നഴ്സായി വരേണ്ടി വന്നത് കടപ്പാടും ജപ്തിയും തലയ്ക്കു മീതേ ആയപ്പോഴായിരുന്നു .എന്നെങ്കിലും കടങ്ങൾ തീർത്ത്‌ മകളെ കെട്ടിക്കാനുള്ള പണവും പ്രീയപ്പെട്ടവനെ ചികിത്സിക്കാനുള്ള സമ്പാദ്യവും ആയി നാട്ടിൽ പോകണം എന്നാണ് അവളുടെ ആഗ്രഹം .അതുകൊണ്ട് തന്നെ ജോലിസ്ഥലത്തെ കഠിനമായ കഷ്ടപ്പാടും ,ജീവിതവും അവൾ ചിരിച്ചുകൊണ്ട് സഹിക്കുന്നു .ഉള്ളിൽ വേദനയുടെ ഒരു കടൽ അലയടിക്കുമ്പോഴും ഹൃദ്യമായി ചിരിച്ചു കൊണ്ട് അവൾ വേദനിക്കുന്നവരുടെ മനസ്സിൽ സ്നേഹതൈലം പുരട്ടുന്നു ...
പക്ഷെ താനോ ?പ്രതീക്ഷിക്കാൻ പോലും ഒന്നുമില്ലാത്ത ,പലവട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് തോറ്റുപോയ ഡിപ്രഷന് വൈദ്യശാസ്ത്രത്തിന്റെ ബലത്തിൽ മനോനില തരണം ചെയ്തു പോകുന്ന പരാജിതൻ .അപ്പച്ചൻ മരിച്ച് സിബിചേച്ചി നാട്ടിലേക്ക് പോയപ്പോഴാണ് ദേവനന്ദയുമായി കൂടുതൽ അടുത്തത്‌ .
തന്റെ കഥകൾ പറയുമ്പോൾ അവളുടെ നീലക്കണ്ണുകൾനിറയും ..പലവട്ടം പൊട്ടിക്കരഞ്ഞിട്ടുണ്ട് അവളുടെ മുന്നിൽ .ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ നോക്കി നിന്നു അവൾ .ഒരു വലിയ ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടപോലെ ..പാപം ചെയ്യാതെ കല്ലേറ് ഏറ്റുവാങ്ങിയ താൻ ...ആരുമില്ലായിരുന്നു ആ കനലിൽ അല്പ്പം ജലം തളിക്കാൻ .വിദേശങ്ങളിൽ ജീവിക്കുന്ന പെങ്ങന്മാർ ,ലാഭവും നഷ്ടവും മാത്രം നോക്കി ബന്ധങ്ങൾ അളക്കുന്ന അച്ഛൻ .നിശബ്ദ ജീവിയായ അമ്മ ..ഇവർക്കിടയിലേക്ക് തന്റെ കൈ പിടിച്ച് വലതു കാൽ വച്ച് കയറിവന്ന തന്റെ പെണ്ണ് രേഷ്മ ..ജീവനായിരുന്നു അവൾ തനിക്ക് ...പ്രാണനേക്കാൾ പ്രീയപ്പെട്ടതായിരുന്നു അവൾ ..പക്ഷെ ഈശ്വരന് പോലും അസൂയ തോന്നിയിട്ടുണ്ടാവണം നാളുകൾ കഴിഞ്ഞിട്ടും പ്രതീഷിച്ച ആ ഗുഡ്ന്യുസ് കേൾക്കാതായപ്പോൾ ആശങ്കയായി ..തങ്ങളേക്കാൾ നാട്ടുകാർക്കും ബന്ധുക്കൾക്കും ആയിരുന്നു കൂടുതൽ ആശങ്ക ...പിന്നെ ഇൻഫെർട്ടിലിറ്റി ക്ലീനിക്കുകൾ കയറിയിറങ്ങി .ഡോക്റ്റർമാർ ,ചികിത്സകൾ മാറി മാറി വന്നു ..ഒപ്പം തങ്ങൾക്കിടയിൽ അദൃശ്യമായൊരു മതിൽ ഉയരുന്നതും രേഷ്മ കൂടുതൽ കൂടുതൽ നിശബ്ദയാകുന്നതും താനറിഞ്ഞു ..ഓരോ മേന്സസ് ഡേറ്റും തങ്ങളിൽ ഭീകരമായ തീക്കാറ്റുവീശി കടന്നുപോയി .മെഡിക്കൽ ഭാഷയിൽ പല വാക്കുകൾ ...ഓവറിയിലേക്കുള്ള ട്യുബിൽ ബ്ലോക്ക് ,PCOD ,IUI ,IVF ,..ബാങ്ക് ബാലൻസും ഒപ്പം പ്രതീക്ഷയും നശിച്ചു ..അവസാനം ഡോക്ടർ പറഞ്ഞു രേഷ്മയ്ക്ക്‌ ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല ..ആ സത്യം ഉൾക്കൊള്ളാൻ അവൾക്കായില്ല .അന്ന് രാത്രി അവൾ പറഞ്ഞു 
"മഹേഷേട്ടാ നമുക്ക് പിരിയാം ..ഐ വാണ്ട്‌ ഡിവോര്സ് "
നിശബ്ദമായി കേട്ടുനിന്നു .സമാശ്വാസവാക്കുകൾ ഒന്നും അവൾക്കു കേൾക്കണ്ടായിരുന്നു .ഒടുവിൽ കോടതി വരാന്തയിൽ സർവ്വവും നഷ്ടപ്പെട്ടു നിന്ന തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ കാറിൽ കയറിപ്പോയി .അന്ധകാരത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞ് അവൾ പോകുമ്പോൾ അമ്മയെ നഷ്ടപ്പെട്ടു കേഴുന്ന കുഞ്ഞിനെപ്പോലെ നിന്നു .രേഷ്മയെ സ്നേഹിച്ച ഹൃദയം മറ്റാരെയും സ്നേഹിക്കാൻ തയ്യാറായില്ല .അവളെ ചേർത്തണച്ച നെഞ്ച് മറ്റാരെയും അംഗീകരിക്കാൻ തയ്യാറായില്ല ...ഡിപ്രഷൻ ബാധിച്ചു ,മരണം പോലും തോൽപ്പിച്ച ജീവിതം .ഒടുവിൽ ഒരൊളിച്ചോട്ടം പോലെ കടല്കടന്നു ..
ദേവു തനിക്കാരായിരുന്നു ?എവിടെയോ വായിച്ച വാക്കുകൾ ഓർമ വരുന്നു "വായിച്ചു തീരാത്ത പുസ്തകങ്ങൾ പോലെയാണ് ചില ബന്ധങ്ങൾ .സ്വന്തമായി കിട്ടിയിട്ടും മനസ്സിലാക്കാത്ത ചില സൗഹൃദങ്ങൾ "അനുഭവിച്ച വേദനകൾ അവളോടല്ലാതെ മറ്റാരോടും മനസ്സ് തുറന്നിട്ടില്ല .ആദ്യമൊക്കെ മുറിയിൽ നിറയെ കൊച്ചു കുട്ടികളുടെ ചിത്രങ്ങൾ നിറച്ചത് ..ഒരു കുഞ്ഞു മോൾ വേണമെന്ന് ശഠിച്ചതു ..അവൾക്കു ഇടാൻ കണ്ടുവച്ച പേര് ...രേഷ്മ പോയിക്കഴിഞ്ഞും ഒറ്റപ്പെട്ട നരകതുല്യമായ ജീവിതത്തിൽ ഒരു കുരുന്നിനായി മോഹിച്ചു ,അനാഥാലയങ്ങൾ കയറിയിറങ്ങിയത്‌ ,പക്ഷെ ഡിവോഴ്സ് ചെയ്തയാൾക്ക് ദത്ത് കൊടുക്കാൻ നമ്മുടെ നിയമം തടസ്സം നിന്നു .പറഞ്ഞു തീരുമ്പോൾ അവളോടൊപ്പം തന്റെയും കണ്ണ് നിറയുമായിരുന്നു .ഒരിക്കൽ അവൾ ചോദിച്ചു
"നിനക്കെന്നെ ഇഷ്ടാണോ മഹേഷ്‌ ?"
"മം" ഒരുപാട് "
മനസ്സിനോടാണോ ശരീരത്തിനോടാണോ ?"
"രണ്ടിനോടും ?
"വേണ്ടടാ ..നമ്മൾ ഒരിക്കലും അങ്ങനെ ആവണ്ട ..എന്റെ ഏട്ടൻ ,മോൾ ..:"
പറയാൻ തുടങ്ങുമ്പോഴേക്കും താൻ തടുക്കും "വേണ്ട പ്ലീസ് ഒന്നും പറയണ്ട ..ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞൊണ്ട് തന്നെ ഞാനൊന്ന് സന്തോഷിച്ചോട്ടെ ...എനിക്ക് നിന്റെ സ്നേഹം മാത്രം മതി .ഇവിടെ ഈ മരുഭൂമിയിൽ എങ്കിലും നമുക്കിങ്ങനെ ജീവിക്കാല്ലോടാ '
സമാന്തര രേഖകൾ ആയിരുന്നു തങ്ങൾ ..തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ട് ഭൂമിയിൽ ജനിക്കേണ്ടിവന്ന രണ്ടു നക്ഷത്രങ്ങൾ .
ഡിസംബർ പകുതിയായപ്പോൾ പെട്ടന്നാണ് വലിയൊരു മഴ പെയ്തത് .പിന്നെ ശക്തമായ പൊടിക്കാറ്റ് .ഒപ്പം അതി കഠിനമായ തണുപ്പും ..നബിദിനവും ക്രിസ്മസും പ്രമാണിച്ച് ഓഫീസ് അവധിയായി .ആ മഞ്ഞുപൊഴിയുന്ന തണുത്ത പകലിൽ അപ്രതീക്ഷിതമായി അവൾ അപ്പാർട്ട് മെന്റിലേക്കു കയറി വന്നു ..രണ്ടു ദിവസം അവൾ അവധിയെടുത്ത് തന്റൊപ്പം താമസിക്കാൻ വന്നുവെന്ന് പറഞ്ഞപ്പോൾ പ്രതീഷിക്കാതെ കിട്ടിയ ആ ക്രിസ്മസ് സമ്മാനത്തിൽ അന്തംവിട്ടുപോയി .പിന്നെക്കഴിഞ്ഞുപോയ രണ്ടു ദിനങ്ങൾ ..വേദനകൊണ്ട് നീറിപ്പുളഞ്ഞ രണ്ടാത്മാവുകൾ ഒന്നിച്ച ദിനങ്ങൾ .ലാളിച്ചും ,സ്നേഹിച്ചും ,സ്നേഹമയിയായ ഭാര്യയെപ്പോലെ രാവിലെ ഉണർന്ന് കുളിച്ച്‌ചായയിട്ട് , മടിപിടിച്ച് കിടന്ന തന്നെ വിളിച്ചുണർത്തി ഒന്നിച്ചിരുന്ന് കുടിച്ച് ,അടുക്കളയിൽ ഒന്നിച്ച് പാചകം ചെയ്ത് ഒരു പാത്രത്തിൽ ഭക്ഷിച്ച്‌ ,തണുത്ത രാത്രിയിൽ ചൂടുപകർന്നുറങ്ങിയ- ജീവിതത്തിൽ ആദ്യമായും അവസാനമായും അനുഭവിച്ച -സ്വര്ഗം ..ജീവിതം എന്താണെന്ന് അവൾ കാട്ടിത്തന്നു .
പേമാരിപോലെ പെയ്തുതീർന്ന ഓർമകൾക്ക് തടയിട്ടുകൊണ്ട് ബസ്‌ നിന്നു .ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു .അയാൾ പതുക്കെ ഇറങ്ങി .തിരക്കുള്ള നിരത്തിലൂടെ നടക്കുമ്പോൾ അയാൾ ഓർമിച്ചു .വീണ്ടും അതുപോലെ ഒരു ക്രിസ്മസ് ..അന്ന് അപ്രതീഷിതമായ ആ ക്രിസ്മസ് സമ്മാനവും തന്ന് അവൾ പോകുമ്പോ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവുകയാനെന്നറിഞ്ഞില്ല .ദേവു ..ഒരു മായപോലെ അവൾ മാഞ്ഞുപോയി .പ്രാണവായു നഷ്ടപ്പെട്ടപോലെ ,കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ താൻ പിടഞ്ഞു .ശ്വാസത്തിനായി കരഞ്ഞു ഫോൺ സ്വിച്ച് ഓഫ്‌ ..ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ റിസൈൻ ചെയ്തിരിക്കുന്നു .അടച്ചിട്ട ,റൂമിൽ പലതവണ പോയി മടങ്ങി ..സിബി ചേച്ചി വന്നപ്പോ അവരും കൈ മലർത്തി .ഭ്രാന്തനെപ്പോലെ അലഞ്ഞു ..അവൾ ചതിക്കുകയായിരുന്നു ..ആദ്യം രേഷ്മ ,ഇപ്പോ ദേവനന്ദ ...പെൺവർഗ്ഗത്തെ മുഴുവൻ വെറുത്തു .നീണ്ട ഒരു വര്ഷം കഴിഞ്ഞ് വീണ്ടും അവൾ.....? ..അന്നത്തെയാ ക്രിസ്മസ് രാത്രി അയാൾ ഓർമിച്ചു .എന്തിനെന്നറിയാതെ ഒരു കുട്ടിയെ പ്പോലെ അയാൾ കരഞ്ഞു ..എതിരെ കടന്നുപോയവർ അയാളെ അമ്പരന്നു നോക്കി .ഇനി വിഡ്ഢി ആവില്ല .കാറ്റടിച്ചിട്ടും കെട്ടുപോകാതെ താൻ കാത്തുവച്ച ജീവൻ കരിന്തിരി കത്തി കെടുത്തിക്കളഞ്ഞ് എവിടെക്കാ പോയേന്ന് ചോദിക്കണം .ഉത്തരം തന്നാലും ഇല്ലെങ്കിലും തിരികെപ്പോരണം .
റൂം ചാരിയിരിക്കയായിരുന്നു .തള്ളിത്തുറന്നു .അവിടെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല .പക്ഷെ അവിടെ തന്നെ കാത്തെന്നപോലെ നാലായി മടക്കിയ ഒരു കത്ത് ..അയാൾ വിറയാർന്ന വിരലുകളോടെ അതെടുത്തു ..
"പ്രീയ മഹേഷ്‌ ,
നീ വരും എന്നെനിക്കറിയാമായിരുന്നു .നിനക്ക് വരാതിരിക്കാനാവില്ലല്ലോ .അടുത്തമുറിയിൽ നിനക്കായി കാത്തുവച്ച സമ്മാനം ഉണ്ട് ..അത് നിനക്കവകാശപ്പെട്ടതാണ് ..ഇതിനു വേണ്ടിയാണ് ഇതുവരെ ഞാൻ കാത്തിരുന്നത് ..ഇനി മടങ്ങുകയാണ് ..ആ മുഖം ഹൃദയത്തിൽ ഉണ്ട് ..മരണംവരെ ഉണ്ടാവും .എന്നെ തിരഞ്ഞു വരണ്ട ..നീയിതു വായിക്കുമ്പോൾ ഞാൻ ഷാർജ എയർ പോർട്ടിൽ ആയിരിക്കും .
.മാപ്പ് ഒത്തിരി വേദനിപ്പിച്ചു .
സ്നേഹത്തോടെ ദേവു .
കണ്ണീര് അക്ഷരങ്ങളെ മറച്ചു ...ഉദ്വേഗത്തോടെ അടുത്ത മുറിയിലേക്കോടി അവിടെ ....ഒരുപാട് ബാലൂണ്കൾക്കും ,പാവകൾക്കും ,ടോയ്സിനും ഇടയിൽ കൈകാലുകൾ ഇളക്കി തന്നെ നോക്കി ചിരിക്കുന്ന ഒരു പൊന്നോമന കുഞ്ഞ് ..!!ദൈവമേ !എന്റെ ..എന്റെ കുഞ്ഞ് ???അവളുടെ സമീപം മുട്ട് കുത്തിയിരുന്ന് അയാൾ ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യുമ്പോൾ ആ മാലാഖക്കുഞ്ഞിനെ പൂർണ്ണമായും അയാൾക്ക്‌ ദത്തുനൽകി കൊണ്ടുള്ള രേഖകളുമായി സിബിവർഗ്ഗീസ് ആ റൂമിന് വെളിയിൽ എത്തിയിരുന്നു ..ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കു പറക്കുകയായിരുന്ന ഒരു ഫ്ലൈറ്റിൽ കണ്ണിറുക്കെ അടച്ചിട്ടും തോരാത്ത കണ്ണീരുമായി ഒരമ്മ മനസ്സും .....
....ദീപ അജയ് .

കിനാവുകൾ

സുഖശീതളമായ ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവൾ.
പെട്ടന്നാണ് ചാരിയിരുന്ന വാതിൽ ഞെട്ടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി തുറന്നു കൊണ്ട് രാഹുൽ മുന്നിൽ വന്ന് നിന്നത്.
"ഗാഥക്കുട്ടീ ഡാ ഞാൻവന്നു ".......
സ്വതസിദ്ധമായ ശൈലിയിൽ ഹൃദ്യമായി ചിരിച്ചു കൊണ്ട് തോളിൽ ലാപ്പ്ടോപ്പ് ബാഗും, കയ്യിലൊരു സ്യൂട്ട്ക്കേയിസുമായി നിൽക്കുകയാണ്.......!
" ഹൊ! പേടിപ്പിച്ചു കളഞ്ഞല്ലൊ പൊന്നേ "
അടക്കാനാവാത്ത ആഹ്ലാദത്തോടെ ബെഡിൽ നിന്നും ചാടിയെണീറ്റ് നോക്കുമ്പോ മുറിശുന്യം!
രാഹുലില്ല'... ബാഗുമില്ല.... ശൂന്യത മാത്രം!
മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം.പിങ്ക് നിറത്തിലുള്ള കർട്ടനുകൾ കാറ്റിൽ പതിയെ ഇളകുന്നുണ്ട്.....
അവൾക്ക് തൊണ്ട വരണ്ടു.
ശൊ !എന്താപ്പൊ ഇങ്ങനെ തോന്നാൻ? അവന്റെ ചിരിക്കുന്ന മുഖം കണ്ണീന്ന് മായുന്നില്ല. അതൊരു കിനാവായിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം...
" ഇല്ല അത് വെറും സ്വപ്നമല്ല. താൻ കണ്ടത് തന്നെയാണ്. ഒന്നു തൊടുകയേ വേണ്ടിരുന്നുള്ളു.
അവനങ്ങനെയാണ്, എപ്പോഴും ഈ സസ്പെൻസ് നിലനിർത്തിക്കൊണ്ട്, ചടുലമായി.... എല്ലാവരിലും ഉൽസാഹവും, ഉൻമേഷവും പകർന്നു കൊണ്ട്......
വരവെല്ലാം ഇങ്ങനെ തന്നെ .. പെട്ടന്ന് ഞെട്ടിപ്പിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് വന്നു കയറും...
"ഗാഥക്കുട്ടാ ഞാൻ വന്നൂ.... എന്നിങ്ങനെ പ്രത്യേക ഈണത്തിൽ വിളിച്ചു കൊണ്ട്.... പിന്നെ.... ബലിഷ്ഠമായ കൈകളാൽ തന്നെ എടുത്തുയർത്തും. വട്ടം കറക്കി '.. ബെഡിലേക്കിട്ട്....... അവൾക്ക് ഓർമ്മിച്ചപ്പൊ നാണംതോന്നി.
നുണക്കുഴിക്കവിളുകൾ ചുവന്നു പോയി.
രണ്ട് ദിവസം മുൻപ് വിളിച്ചപ്പോഴും സൂചിപ്പിച്ചു.
"ഇനിപ്പഴയപോലെ... പൊക്കിയെടുക്കലും.എറിയലും ഒന്നും വേണ്ടാട്ടൊ.ഉള്ളിൽ ഒരാൾ കൂടിയുണ്ടേ... മറക്കണ്ട "
" അധികം ദേഹമനക്കണ്ടന്നാ ഡോക്റ്റർ പറഞ്ഞത് "
അവന്റെ സന്തോഷം ശബ്ദമായി കാതിൽ തേൻമഴ ചൊരിഞ്ഞു. ചുമ്പന വർഷങ്ങൾ.....
"ഹെന്റെ കുട്ടാ എനിക്കിപ്പം നിന്നെക്കാണാൻ തോന്നുന്നു.... "
"യ്യൊ... ഇനിയും എങ്ങനാ ഇവിടെ തള്ളി നീക്കുന്നത്? നാശം പിടിക്കാൻ ഇവിടത്തെ സ്ഥിതി കണ്ടിട്ട് ലീവ് കിട്ടാൻ ഇനിയും നീളുമെന്നാ തോന്നുന്നത് '"
ആ വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞു..
"സാരമില്ലഡാ നീ രാജ്യത്തിന്റെ പുത്രനല്ലേ?
നമുക്ക്പ്രാർത്ഥിക്കാം വേഗം ലീവ് കിട്ടാൻ."
പറഞ്ഞ് മുഴുപ്പിക്കും മുമ്പേ ലൈൻ കട്ടായി .ഈയിടെ അങ്ങനെയാണ്.വളരെ കഷ്ടപ്പെട്ടാണ് ഒന്ന് സംസാരിക്കാൻ കിട്ടുന്നത്.
അവൾക്കറിയാം ഒരു ജവാന്റെ ഭാര്യ എല്ലാം അറിയണം മനസ്സിലാക്കണം.
മനസ്സ് കൊണ്ട് അവർക്ക് സപ്പോർട്ട് കൊടുക്കണം' അവൾക്ക് അതേ ചെയ്യാനാകു'
ഒരു സന്തോഷ വാർത്ത കൂടി അവൾക്കു പറയാനുണ്ടായിരുന്നു. തലേന്ന് അമ്പലത്തിൽ വച്ച് അമ്മയെക്കണ്ടതും കണ്ണീരോടെ തന്റെ കൈ പിടിച്ച് കരഞ്ഞതും, നിറുകയിൽ തലോടി ശരീരം നോക്കണം'ആഹാരം കഴിക്കണം എന്നൊക്കെ പറഞ്ഞതും, അച്ഛന്റെ ദേഷ്യോക്കെ പോയിമോളു അവനേം കൂട്ടി നീ തറവാട്ടിൽ വരണമെന്ന് ക്ഷണിച്ചതും......
അതവനോട് പങ്കുവയ്ക്കും മുന്നേ,കാൾ കട്ടായി... അവൾക്ക് നിരാശ തോന്നി.ഇനിയെപ്പഴാ വീണ്ടും വിളിക്കാനാവുക....?
വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു അവൾക്ക്.
" അവനോടൊപ്പം ജീവിതം തുടങ്ങി കുറേക്കാലം അച്ഛനേം അമ്മയേം ഓർമിച്ച് കണ്ണീർ വാർക്കുമ്പോഴൊക്കെ ആ നെഞ്ചിലേക്കണച്ച് പറയും
"സാരമില്ല ഡാ..... അവരുടെ സ്ഥാനത്ത് നമ്മളായാലും ഇങ്ങനേ ചെയ്യാൻ കഴിയൂ. നമുക്കൊരു മോനെ കിട്ടട്ടെ. അവർ ഒക്കെ മറക്കും' അവനേം കൊണ്ട് നമുക്കവിടെ പോണം."
വിവാഹം കഴിഞ്ഞ് വർഷം നാലായിട്ടും പ്രതീക്ഷിച്ച 'ഗുഡ് ന്യൂസ് 'കേൾക്കാൻ കഴിയാതെ കുറച്ചൊന്നുമല്ല ടെൺഷനടിച്ചത്....
ഒരു കുഴപ്പവുമില്ലന്ന് ഡോക്റ്ററും, ഇനീം സമയം കിടക്കുവല്ലെ ക്ഷമിക്കെന്ന് സഹപ്രവർത്തകരും ആശ്വസിപ്പിച്ചിട്ടും മനസ്സിലെ തീയണഞ്ഞിരുന്നില്ല.
എന്നിട്ടവസാനം ആ വാർത്ത അറിഞ്ഞപ്പൊ അതൊന്നു പങ്കിടാൻ പോലും പ്രിയപ്പെട്ടവർ ആരുമില്ലല്ലൊ.... അവൾക്ക് സങ്കടം വന്നു.
ഇനി രാഹുൽ തന്നെ പറ്റിക്കുവാണൊ? അവൾക്ക് സംശയമായി 'ലീവ് കിട്ടീട്ടുണ്ടാവുമൊ? 2 ദിവസം ആയി ഒന്ന് വിളിച്ചിട്ട്. അവിടന്ന് തിരിച്ചാൽ എത്താനുള്ള സമയം കഴിഞ്ഞു.
സാഹചര്യം മോശമാണ് ചിലപ്പോ ഫോൺ ചെയ്യാൻ പോലും കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു' എന്നാലും...? അവൾക്ക് പിന്നേം സംശയമായി.
എല്ലാ മുറികളിലും പോയി നോക്കി. എവിടേലും മറഞ്ഞ് നിൽപ്പുണ്ടാവുമൊ? കിച്ചണിൽ വരെ നോക്കിയ ശേഷം നിരാശയോടെ.. അവൾ നിന്നു. ചുറ്റും വല്ലാത്ത ശൂന്യത! അവൾക്ക് അകാരണമായൊരു ഭയം തോന്നി. ഒന്നു മുഖം കഴുകി പിന്നെയും റൂമിൽ വന്നു.
" അവൾ ഓർക്കുകയായിരുന്നു.
എന്നാണ് ?എപ്പോഴാണ്? അവനെ സ്നേഹിച്ച് തുടങ്ങിയത്?
ഓർമകൾ പിറകോട്ടോടി ആ കാമ്പസിലെ ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ ഓഡിറ്റോറിയത്തിൽ ചെന്ന് നിന്നു.കർണ്ണങ്ങളിൽ ഇപ്പോഴും ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം.....
" ഞാൻ കറുത്തവൻ...
എന്റെ സിരകളിലും ചുവന്ന ചോര...
എന്റെ മെയ്ക്കരുത്ത് നിനക്കിഷ്ടം...
എന്റെ കറുപ്പ് നിനക്കപ്രീയം.
പക്ഷെ നീയറിയുക നിൻ ഹൃദയത്തിൻ നിറം കറുപ്പെന്ന്........"
ആ കവിത വല്ലാതെ മനസ്സിൽ തട്ടി... കവിയും.
പിന്നെയും പല തവണ കണ്ടു. ജ്വലിക്കുന്ന വ്യക്തിത്വം. തീപ്പൊരി പ്രസംഗങ്ങൾ മതിമറന്ന് കേട്ടിരുന്നു.... ഇരുണ്ട നിറമെങ്കിലും എത്ര ഭംഗിയാണാ മുഖത്തിന് .?
ആരാധന എത്ര വേഗമാണ് പ്രണയമായത് '?
കൂട്ടുകാരി മുഖേനെയാണ് അവനെയതറിയിച്ചത്.
മറുപടി നിരാശാജനകമായിരുന്നു."
അവളോട് പറഞ്ഞു പോലും
"എനിക്കാ കുട്ടിയെ ഇഷ്ടമാണ്. പക്ഷെ, ഞാൻ പുലയൻ ശങ്കരന്റെ മകനല്ലായിരുന്നെങ്കിൽ.......
ഗാഥ കളീക്കൽ തറവാട്ടിലെ സേതുനാഥൻ നായരുടെ മകളല്ലായിരുന്നെങ്കിൽ..........
ഞാനെന്നേ അവളെ പ്രണയിച്ചേനെ....
ഇത് വെറും ഭ്രമം മാത്രമാണ്. കാമ്പസ് വിടുമ്പോ അലിഞ്ഞു പോകുന്ന വെറും ആകർഷണം മാത്രം.എനിക്കു വെറുതേ ചങ്കുകലക്കാൻ താൽപ്പര്യമില്ലന്ന് പറഞ്ഞേക്ക് ആ കുട്ടിയോട് "
കേട്ടപ്പോൾ വാശിയോടെ പറഞ്ഞുതാനും...
"എനിക്കത് വിഷയമല്ലങ്കിലൊ? ഞാൻ പുലയൻ ശങ്കരന്റെമകനെയല്ല, രാഹുലിനെയാണ് പ്രണയിച്ചത്.... അതയാൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല' പറഞ്ഞേക്ക്"
അതു സത്യമായിരുന്നു.... പിന്നീടെപ്പോഴോ അവരൊന്നായി.... ഒരു മനസ്സായി. രാഹുലും, ഗാഥയും അവരൊന്നാകേണ്ടവരായിരുന്നു. അതിന് സമ്പന്നതയൊ, തൊലിയുടെ നിറമൊ, ജാതിക്കോളത്തിലെ വ്യത്യാസമൊ ഒരു ഘടകമായില്ല.
അവർ ഗാഥയും, രാഹുലും എന്ന് പേരുള്ള രണ്ട് മനുഷ്യർ മാത്രമായിരുന്നു.
കാമ്പസിൽ നിന്നുമിറങ്ങി രാഹുൽ ആർമിയിൽ ജോയിൻ ചെയ്തിട്ടും പ്രണയം നിർബാധം തുടർന്നു.
നാട്ടാരറിഞ്ഞു, ഒടുവിൽ വീട്ടുകാരും.
സ്വാഭാവികമായും പ്രശ്നമായി.മകളെക്കുറിച്ചുള്ള പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത് ആ അച്ഛനുമമ്മയ്ക്കും സഹിക്കാനായില്ല. കരഞ്ഞു കാലു പിടിച്ചു നോക്കി, ദേഷ്യപ്പെട്ടു നോക്കി .
ഒന്ന് നുള്ളിനോവിച്ചിട്ടില്ലാത്ത മകളെ ആദ്യമായി ആ പിതാവ്തല്ലി.
അമ്മാവൻമാരും ,ചെറിയച്ഛനുമൊക്കെ തത്തിക്ക് തത്തിക്കുപദേശിച്ചു.
ഒടുവിൽ കാര്യങ്ങൾ വീട്ടുതടങ്കലിലേയ്ക്കും, വിവാഹ നിശ്ഛയത്തിലേക്കും നീങ്ങിയപ്പോ.... രാഹുൽ നാട്ടിലെത്തി.....
അമ്പലത്തിൽപ്പോയ ഗാഥപിന്നെ വീട്ടിൽ തിരിച്ചെത്തിയില്ല.!
തെറ്റാണെന്നറിയാം.... പോറ്റി വളർത്തിയ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച് പടിയിറങ്ങുമ്പോൾ ഹൃദയം മുറിഞ്ഞ് ചോരകിനിയുന്ന പോലെ തോന്നി.....
" ശപിക്കല്ലെ.... അച്ഛാ... അമ്മേ.... ഒരായിരം തവണ മനസ്സിൽ കേണു പ്രാർത്ഥിച്ചു.
കുട്ടുകാരുടെ മുന്നിൽ താലി കെട്ടി രജിസ്റ്ററിൽ ഒപ്പിട്ട് അവനോടൊപ്പം വലത് കാൽ വച്ച് കയറുമ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ ഭാവമായിരുന്നു മനസ്സിൽ.
സ്നേഹം നിറഞ്ഞ അച്ഛനും അമ്മയും അനിയത്തിയും ചേർന്ന - ഒരു സ്വർഗ്ഗം...
ലീവ് കഴിഞ്ഞ് രാഹുൽ യാത്രയാകുമ്പോ കണ്ണീരും വിരഹവും.... അതങ്ങനെ തുടർന്നു.
ആയിടയ്ക്കാണ് തനിക്ക് സർക്കാർ സ്കൂളിൽ നിയമനമായത്.സന്തോഷത്തേക്കാൾ നിരാശയായിരുന്നു'രാഹുലിനോടൊപ്പം കോർട്ടേഴ്സിൽ പോയി താമസിക്കാനുള്ള മോഹമാണ് പൊലിഞ്ഞത്.
അപ്പോഴും രാഹുൽ ആശ്വസിപ്പിച്ചു. "സാരല്ല ഡാ... നിനക്കൊരു ജോലി, അതെന്റേം കുടി സ്വപ്നമാണ്. എന്നോടൊപ്പം ഇറങ്ങി വന്നിട്ട് നീ നശിച്ചെന്നാരും പറയരുത്. അല്ലങ്കിലും ഇവിടെവന്നാലും നീബോറടിക്കേയുള്ളു. "
"ഒരു കമാന്റോയുടെ ജീവിതം മുക്കാലും രാജ്യത്തിന് വേണ്ടീട്ടാ. ബാക്കിയേയുള്ളു കുടുംബത്തിന് ."
അവൻ പറയുന്നത് ശരിയാണ്. തനിക്കും അറിയാം. രാവിലെ 5 മണിക്ക് പരിശീലനം തുടങ്ങും. പകൽ മുഴുവൻ ഓഫീസ് ജോലികൾ .നാലു മണിക്ക് ഗെയിംസ്, ഏഴ് മണിക്ക് ശേഷം പാർട്ടികൾ, ഇതിനിടയിൽ ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ജീവിതം എത്ര വിരസമായിരിക്കും....
പെട്ടന്നൊരു ദിവസം "ഓപ്പറേഷൻ ഹൈജാക്ക് " എന്നൊക്കെപ്പറഞ്ഞ് യാത്ര പോലും പറയാതെ ഇറങ്ങിപ്പോകുമ്പോ വീട്ടിൽതനിച്ച് ,ആശ്വാസത്തിനു പോലും ആരൂല്ലാതെ പ്രാർത്ഥനയും ഭീതിയുമായി ഇരിക്കേണ്ടി വരുന്ന സ്ത്രീകൾ....
താൻ മാത്രമല്ല ഒരു രാജ്യം മുഴുവൻ അവർക്കു വേണ്ടി പ്രാർത്ഥിക്കും അറിയാം... എങ്കിലും,....
ടെലിവിഷനിൽ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ കമാന്റാകൾ ഒരു കെട്ടിടത്തിലേക്ക് തൂങ്ങിയിറങ്ങുന്നതും,
ജാഗ്രതയോടെ തീവ്രവാദികൾ ആയുധമേന്തി നിൽക്കുന്നതും ഒക്കെ കാണുമ്പോൾ ഉളളു പിടയ്ക്കും...
സ്കൂളിൽ പോയിത്തുടങ്ങിയതോടെ അലസത വിട്ടകന്നു.
തങ്ങളുടെ സ്വപ്നസൗധം "നികുഞ്ചം" പൂർത്തിയായി.. 'നികുഞ്ചം എന്നാൽ - വള്ളിക്കുടിൽ. ..
ചെറുതെങ്കിലും മനോഹരമായ വീട്.അച്ഛനും അമ്മയും മരിക്കുകയും അനിയത്തി വിവാഹം കഴിഞ്ഞ് പോവുകയും ചെയ്തപ്പൊ വീണ്ടും ഗാഥ തനിച്ചായി.
ഒരിക്കൽ അമ്പലത്തിൽ വച്ച് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ ഹോസ്പിറ്റലിൽ ആണന്ന്.
തിരികെ വീട്ടിലേക്ക് നടക്കുകയല്ല, ഓടുകയായിരുന്നു. അച്ഛന്റെ മുഖം വല്ലാതെ പൊള്ളിച്ചു മനസ്സിനെ .
'അവൾ ഭാവനയിൽ ആരംഗം കാണുകയായിരുന്നു...
ചെറിയച്ഛന്റെ മകളുടെ വിവാഹത്തലേന്ന് അതിഥികൾക്കിടയിൽ നിന്നവർ പറയുന്നു." ഒറ്റ മോള് പുലയച്ചെക്കന്റെ കൂടെ ഇറങ്ങിപ്പോയി.... ഒരുളുപ്പുമില്ലാതെ അണിഞ്ഞൊരുങ്ങി നിക്കണ കണ്ടാ? തൊലിക്കട്ടി സമ്മതിക്കണം....."
താൻ കേട്ടത് ഭർത്താവും കേട്ടൊ എന്നൊരാന്തലോടെ, കണ്ണീരോടെ അമ്മ മുഖം തിരിക്കുമ്പോൾക്കാണുന്നത്... നെഞ്ചിൽ അമർത്തിപ്പിടിച്ച് ആശ്രയത്തിനായി കൈനീട്ടി പരതി... വേപഥുവോടെ'തറയിലേക്ക് തളർന്നു വീഴുന്ന അച്ഛനെ.... ,
താൻ ഓട്ടോ പിടിച്ച് നേരെ ഹോസ്പിറ്റലിൽ എത്തുമ്പോ വഴി തടഞ്ഞ് നിൽപ്പുണ്ടായിരുന്നു അമ്മാവൻമാരും, ചെറിയച്ഛനും..
അച്ഛന്റെ മുഖമൊന്ന് കാണാൻ.... ആ കാലിൽ വീണ് മാപ്പ് ചോദിക്കാൻ... ആർത്തലച്ചുചെന്ന തന്നെ ആട്ടിപ്പായിച്ചു.
ICU വിന് മുന്നിൽ അമ്മായിയുടെ മടിയിൽ തലവച്ച് അമ്മ കിടക്കുന്നുണ്ടായിരുന്നു'.. പക്ഷെ അടുത്തേക്ക് ചെല്ലാനായില്ല
ഒരുമാത്ര കണ്ടപ്പോഴേക്കും ആരുടെയോ വകയായി മുഖമടച്ചൊരടിയും കിട്ടി.
"തിണർത്ത കവിളുകളിൽ നീറ്റലോടെ തിരിഞ്ഞ് നടക്കുമ്പോഴും ഉളളം ചുട്ടു നീറ്റിയത് അച്ഛനെക്കുറിച്ചോർത്തു മാത്രമായിരുന്നു.
ഈ മോളുനെ കാണുമ്പോ എന്റെ അച്ഛന്റെ ഹൃദയം പിന്നേം വേദനിക്കുമെങ്കിൽ...
വേണ്ട... തനിക്ക് കാണണ്ട. അച്ഛന് സുഖായീന്ന് മാത്രം അറിഞ്ഞാ മതി തനിക്ക് ....
പ്രാർത്ഥന നിറഞ്ഞ ദിനങ്ങൾ.
പിന്നിടറിഞ്ഞു അച്ഛന് സുഖമായി വീട്ടിലേക്ക് പോയത്.
.....................................................
മുറ്റത്ത് പാൽക്കാരന്റെ സൈക്കിൾ ബെൽ കേട്ടാണ് ഗാഥ ചിന്തയിൽ നിന്നുണർന്നത്.
ഓ സമയം ഇത്രവേഗം കടന്നു പോയൊ? വൈകുന്നേരമായി. ഇനി ഒന്നു കുളിക്കണം, ചായയിടണം.... അവളൊന്ന് നിശ്വസിച്ചു. മടി പിടിച്ചിരിക്കാൻ പറ്റില്ല... ഇത്രേം നാളും തനിച്ചായിരുന്നു' ഇനീ ഉള്ളിലൊരു ജീവനുണ്ട്. സമയത്ത് ആഹാരം കഴിച്ചേ മതിയാകൂ..
യാന്ത്രികമായി അടുക്കളയിൽ നിൽക്കുമ്പോഴും മനസ്സിൽ ഉച്ചയ്ക്ക് കണ്ടകിനാവായിരുന്നു. അവളുടെ കണ്ണുകൾ പലതവണ പുറത്തെ വാതിലിലേക്ക് ചെന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ........
അവൾക്ക് രാഹുലിനെ ഒന്നു കാണാനും, ആ നെഞ്ചിൽ മുഖം ചായ്ച്ച് നിൽക്കാനും ആഗ്രഹം തോന്നി.
ഹാളിൽ വന്ന് സോഫയിൽ തളർന്നിരിക്കവെ TV ഓൺ ചെയ്തതും....
ചാനലിൽ ആ മുഖം!
പ്രസന്നവും ദീപ്തവുമായ ആ കണ്ണുകൾ ദേ ഇങ്ങോട്ട് നോക്കുന്ന പോലെ......
പിന്നാലെ കാതിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് '.... റിപ്പോർട്ടറുടെ ശബ്ദം.
" ഇദ്ദേഹം പാലക്കാട് തത്തമംഗലത്ത്.. പരേതരായ ശങ്കരന്റെയും ചിന്നയുടെയും മകനാണ്....ഗാഥയാണ് ഭാര്യ. കുട്ടികളില്ല"
അമ്പരന്ന് വെപ്രാളത്തോടെ അവൾ ചാനലുകൾ മാറ്റി മാറ്റി നോക്കി.
" അതേ എല്ലാ ചാനലുകളിലും ആ മുഖം!!
ആക്രമണത്തിൽ ശരീരം ചിന്നിച്ചിതറിയതിനാൽ ഇന്നാണത്രേ ആളെ തിരിച്ചറിഞ്ഞത്...
ജമ്മുവിലെ ജോരിയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത 'കമാന്റൊ രാഹുൽ ശങ്കർ, ന് മരണാനന്ദര ബഹുമതിയായ 'പരംവീർ ചക്ര' നൽകി രാഷ്ട്രം ആദരിക്കുമത്രേ!!
TV യിലെ ദൃശ്യം ക്രമേണ മങ്ങുന്നതായും, ബോധമണ്ഡലത്തിൽ ഒരു വിസ്ഫോടനം നടക്കുന്നതായും അവൾക്ക് തോന്നി. സോഫയിലേക്ക് ബോധമറ്റ് വീഴുമ്പോൾ.........
പുറത്ത് കവലയിൽ ഒന്നിച്ചു കൂടിയ ദേശസ്നേഹികൾ...
ധീരദേശാഭിമാനിക്ക് .. അനുശോചനം അർപ്പിക്കാനും .കവലയിലെറോഡിന് രാഹുൽ ശങ്കർ, എന്ന് പേരിടാനും'.. ഒരുങ്ങുകയായിരുന്നു.
ആളുകൾ കൂടിക്കൊണ്ടിരുന്നു.
അന്നേരം ,അയാൾ പുലയൻശങ്കരന്റെ മകനാണെന്ന് അവർ ബോധപൂർവ്വം അങ്ങ് മറന്നു ..
..... (ദീപ അജയ് )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo