നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com
======
ബസ് കൊർഫക്കാനിൽ നിന്നും തിരിച്ചിട്ടിപ്പോ ഏകദേശം അരമണിക്കൂർ ആയിക്കാണും .കണ്ണാടി ചില്ലുകൾക്ക് പുറത്ത് നിഗൂഡമായ ശാന്തതയുമായി നീലക്കടൽ ....രാവിലെതന്നെ തിരക്ക് തുടങ്ങിക്കഴിഞ്ഞു .ആദ്യമൊക്കെ മനസ്സ് മടുപ്പിച്ചിരുന്നുവെങ്കിലും ഇപ്പോ അത് ശീലമായിരിക്കുന്നു .പെട്രോളിന്റെയും ഡീസലിന്റെയും സമ്മിശ്ര ഗന്ധം .ഓയിൽ ടാങ്ക് നിറയ്ക്കുകയും ,കുഴിച്ചെടുക്കുന്നതിന്റെയും ,കൂറ്റൻ കണ്ടെയിനറുകളുടെയും അലോസരപ്പെടുത്തുന്ന ശബ്ദം ...കാഴ്ചകൾ പിന്നിലേക്കോടുന്നു .അധികം ജനത്തിരക്കില്ലാത്ത പ്രദേശം ..ഇരുവശത്തും വലിയ പാറകൾ ...മലയിടുക്കിൽ പാറതുരന്നു നിരപ്പാക്കുന്ന പ്രക്രീയ തുടരുന്നു ..പാറപ്പൊടികലർന്ന അന്തരീക്ഷം . സ്ഥിരം കാഴ്ചയാണിത്.ഇനിയും ഏകദേശം ഒരുമണിക്കൂർ എടുക്കും ഫുജിറയിൽ എത്താൻ .അയാൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു .തലേദിവസത്തെ വോൾക്കയുടെ ഹാങ്ങ് ഓവർ വിട്ടിട്ടില്ല .കനം തൂങ്ങുന്ന കണ്ണുകൾ .രണ്ട് ബോട്ടിൽ തീർത്തിട്ടും ഒട്ടും ലഹരി തോന്നിയില്ല .ഓർമ്മകൾ പിന്നെയും പിന്നെയും തലച്ചോറിൽ ചുഴിപോലെ ..ഒടുവിൽ അവിടെ സോഫയിൽ തളർന്ന് വീണുറങ്ങും വരെ കുടിച്ചുകൊണ്ടെയിരുന്നു .മറന്നു തുടങ്ങിയ കാര്യങ്ങൾ ഓർമിപ്പിക്കാനായി എന്തിനവൾ വീണ്ടും വന്നു ?ഇപ്പോഴും കാതിൽ അവളുടെ ശബ്ദം ..ഒരിക്കൽ തേൻ മഴയായ് പെയ്തിറങ്ങിയ ആ നനുത്ത ശബ്ദം ..
"മഹേഷ് ....ഞാനാണ് ..ദേവു .."
"ഏതു ദേവു ?എനിക്കറിയില്ല ഒരു ദേവുനേം ..ആരാ നീ ?"
"പ്ലീസ് മഹേഷ് ...ഒരിക്കൽക്കൂടി നീ വരണം ..നമ്മുടെയാ അപ്പാർട്ട്മെന്റിൽ.നാളെ ക്രിസ്മസ് ആണ് ..എനിക്ക് കാണണം മഹേഷ് നിന്നെ ..പ്ലീസ് ഐ ബെഗ് യു ...നീ വരും ..ഞാൻ കാത്തിരിക്കും "
മറുവശത്ത് ഫോൺ കട്ട് ചെയ്ത് മിനിട്ടുകൾ കഴിഞ്ഞിട്ടും അത് നൽകിയ ഷോക്ക് അവസാനിച്ചില്ല .ഒരു കാലത്ത് തന്റെ ചേതനയെ ഉണർത്തിയ ,ഉണങ്ങി ദ്രവിച്ച തരുവിൽ സ്നേഹജലം ഇറ്റിച്ചു തളിർക്കാൻ തുടങ്ങുമ്പോഴേക്കും തല്ലിക്കൊഴിച്ചിട്ടു എവിടെക്കോ പോയൊളിച്ചവൾ . അയാൾക്ക് സമനിലതെറ്റുന്നപോലെ തോന്നി .പോകരുത് എന്നായിരുന്നു ആദ്യം മനസ്സ് തീരുമാനിച്ചത് ..പക്ഷെ ആ ശബ്ദം ..യാചന ...ഓർമയിൽ ഒരു മുഖം തെന്നൽ പോലെ അയാളെ കടന്നു പോയി .ക്ഷീണം കണ്ണുകളെ വന്നു മൂടുകയും ,അറിയാതെ ഉറങ്ങിപ്പോവുകയും ചെയ്തു .രാവിലെ ഉണരുമ്പോൾ താമസിച്ചു ..ഇന്ന് ഓഫീസ് അവധിയാണ് ..എങ്കിലും അവൾ പറഞ്ഞ സമയം ആകാൻ ഇനി കുറച്ചു സമയം മാത്രം ..അവിടെ എത്താൻ രണ്ടുമണിക്കൂർ യാത്ര ചെയ്യണം ..വേഗം റെഡിയായി തിരിക്കുകയായിരുന്നു .
മനസ്സിൽ ദൃഡമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് ..റിസൈൻ ലറ്റർ എഴുതി ..മടങ്ങുമ്പോൾ ഡെപ്യുട്ടി ജനറൽ മാനേജർ സുദീപ് മേത്തയെ കാണണം ഏൽപ്പിക്കണം ..അയാൾ തടഞ്ഞേക്കാം .പക്ഷെ പോകണം നാട്ടിലേക്ക് ...ഒരു മടക്കം അനിവാര്യം ..അതിനു മുൻപ് അവളെ കാണണം ..അവസാനമായി ..ഈ ക്രിസ്മസിന് എന്ത് സമ്മാനമാണ് അവളെനിക്കായി കാത്തുവച്ചിരിക്കുന്നതെന്ന് അറിയണം ..അതാ മുഖത്തേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ് നടക്കണം ..
ബസ് ഒന്നുലഞ്ഞപ്പോ അയാൾ കണ്ണ് തുറന്നു .
ബസ് കിബ്ഫായും ,മര്ബായും കഴിഞ്ഞ് ഫ്യുജിറയിലേക്ക് പോകാനുള്ള പ്രയാണത്തിലാണ് അങ്ങകലെ സിറ്റി കാണാൻ കഴിയുന്നുണ്ട് ..അൻപത് നിലകൾ വരെയുള്ള ഫ്യുജിറാ ബിൾടിങ്ങുകൾ ദൂരെ കാണാം .മനസ്സൊന്നു പിടഞ്ഞുണർന്നത് അറിയുന്നു ..ദേവുനെ കാണാൻ ഇനി മിനിറ്റുകൾ മാത്രം .ഓർമകളുടെ ചിറ്റോളങ്ങളിൽ മനസ്സ് പിന്നെയും കുത്തിയൊലിച്ചു പിന്നോട്ടോടുകയാണ് .നാടുവിട്ടിവിടെ വന്നിട്ട് രണ്ടു വർഷം.നല്ലൊരു കമ്പനിയിൽ ഓപ്പറേഷൻ അടമിനിസ്ട്രേറ്റാർ ആയി നിയമനം .പതിവുപോലെ രാവിലെ പോകാനുള്ള തിടുക്കത്തിൽ ബാത്ത്റൂമിൽ തെന്നി വീണു ..കാലുളുക്കി ..ഫിത്തിയിൽ കൈ അടിച്ച് അൽപ്പം ചതയുകയും ചെയ്തു ..വകവച്ചില്ല .പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും കാൽ നീരുവച്ചു .നടക്കാൻ കഴിയാത്തവിധം വേദനയും ...നേരെ ഫ്യുജിറയിലെ പ്രാധാനപ്പെട്ട ജിന്സി ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു .ഡോക്ടർ നെയും കണ്ട് നഴ്സിംഗ് റൂമിൽ അക്ഷമയോടെ ഇരിക്കുമ്പോൾ വാതിൽക്കൽ നിറനിലാവുപോലെ കണ്ട ആ മുഖം ..വിടർന്ന നീലക്കണ്ണുകൾ .പ്രസന്നമായ ചിരി ..അവൾ ഇൻജക്ഷൻ എടുക്കുമ്പോൾ പല്ലുകടിച്ച് കണ്ണടച്ച് മുഖം തിരിച്ചിരുന്ന തന്നെ നോക്കി ചിരിച്ചു ."ആഹാ !ഇത്രേയുള്ളോ ധൈര്യം .."പണ്ടേ എനിക്ക് സൂചി കാണുന്നതേ ഭയം ആയിരുന്നു ..ഒന്ന് പുഞ്ചിരിച്ചു ആ മുഖത്തു നോക്കി ....എണീറ്റ് കാല് തറയിൽ കുത്തുമ്പോ വേച്ചുപോയ തന്നെ ചേർത്തുപിടിച്ചു കാറിൽ എത്തിച്ചത് അവളായിരുന്നു .ആ സ്പർശം ആ ഗന്ധം വർഷങ്ങളായി ഉറങ്ങിക്കിടന്ന ഒരനുഭൂതിയിൽ മനസ്സുണർന്നു .അതായിരുന്നു തുടക്കം ..പിന്നെയും പലതവണ കണ്ടു ..ചില വൈകുന്നേരങ്ങളിൽ ഒന്നിച്ചായി യാത്ര ..തങ്ങൾക്കൊപ്പം അവളുടെ സഹപ്രവർത്തക കൊച്ചിക്കാരി സിബി വർഗീസും ഉണ്ടാകും പലപ്പോഴും .അധികം സൗഹൃദങ്ങൾ ഇല്ലാത്ത തനിക്കു വീണുകിട്ടിയ ആ ദിവസങ്ങൾ സ്വർഗതുല്യം ആയിരുന്നു .
അവധിദിനങ്ങൾ മൂവരും ഒന്നിച്ചു .സിബി ചേച്ചിയുടെ നർമ്മംകലർന്ന ചർച്ചകൾ ..വിശേഷങ്ങൾ ..ഒന്നിച്ചുള്ള പാചകം ,ലുലുമാളിലെ ഐസ്ക്രീം,മലയാളികളുടെ മാത്രം
രസ്റ്റൊരന്റ് ആയ തലശേരിയിലെ ചൂട് വടയും ചായയും ,ഫ്യുജിറ മ്യുസിയത്തിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒക്കെ തനിക്കും അങ്ങനെ പ്രീയപ്പെട്ടതായി ..പാലക്കാട്ടുകാരി ദേവാനന്ദ .അരക്കുതാഴെ തളർന്നുപോയ ഭർത്താവിനെയും എഴുവയസ്സായ മകളെയും അകന്നു നഴ്സായി വരേണ്ടി വന്നത് കടപ്പാടും ജപ്തിയും തലയ്ക്കു മീതേ ആയപ്പോഴായിരുന്നു .എന്നെങ്കിലും കടങ്ങൾ തീർത്ത് മകളെ കെട്ടിക്കാനുള്ള പണവും പ്രീയപ്പെട്ടവനെ ചികിത്സിക്കാനുള്ള സമ്പാദ്യവും ആയി നാട്ടിൽ പോകണം എന്നാണ് അവളുടെ ആഗ്രഹം .അതുകൊണ്ട് തന്നെ ജോലിസ്ഥലത്തെ കഠിനമായ കഷ്ടപ്പാടും ,ജീവിതവും അവൾ ചിരിച്ചുകൊണ്ട് സഹിക്കുന്നു .ഉള്ളിൽ വേദനയുടെ ഒരു കടൽ അലയടിക്കുമ്പോഴും ഹൃദ്യമായി ചിരിച്ചു കൊണ്ട് അവൾ വേദനിക്കുന്നവരുടെ മനസ്സിൽ സ്നേഹതൈലം പുരട്ടുന്നു ...
പക്ഷെ താനോ ?പ്രതീക്ഷിക്കാൻ പോലും ഒന്നുമില്ലാത്ത ,പലവട്ടം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് തോറ്റുപോയ ഡിപ്രഷന് വൈദ്യശാസ്ത്രത്തിന്റെ ബലത്തിൽ മനോനില തരണം ചെയ്തു പോകുന്ന പരാജിതൻ .അപ്പച്ചൻ മരിച്ച് സിബിചേച്ചി നാട്ടിലേക്ക് പോയപ്പോഴാണ് ദേവനന്ദയുമായി കൂടുതൽ അടുത്തത് .
തന്റെ കഥകൾ പറയുമ്പോൾ അവളുടെ നീലക്കണ്ണുകൾനിറയും ..പലവട്ടം പൊട്ടിക്കരഞ്ഞിട്ടുണ്ട് അവളുടെ മുന്നിൽ .ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ നോക്കി നിന്നു അവൾ .ഒരു വലിയ ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടപോലെ ..പാപം ചെയ്യാതെ കല്ലേറ് ഏറ്റുവാങ്ങിയ താൻ ...ആരുമില്ലായിരുന്നു ആ കനലിൽ അല്പ്പം ജലം തളിക്കാൻ .വിദേശങ്ങളിൽ ജീവിക്കുന്ന പെങ്ങന്മാർ ,ലാഭവും നഷ്ടവും മാത്രം നോക്കി ബന്ധങ്ങൾ അളക്കുന്ന അച്ഛൻ .നിശബ്ദ ജീവിയായ അമ്മ ..ഇവർക്കിടയിലേക്ക് തന്റെ കൈ പിടിച്ച് വലതു കാൽ വച്ച് കയറിവന്ന തന്റെ പെണ്ണ് രേഷ്മ ..ജീവനായിരുന്നു അവൾ തനിക്ക് ...പ്രാണനേക്കാൾ പ്രീയപ്പെട്ടതായിരുന്നു അവൾ ..പക്ഷെ ഈശ്വരന് പോലും അസൂയ തോന്നിയിട്ടുണ്ടാവണം നാളുകൾ കഴിഞ്ഞിട്ടും പ്രതീഷിച്ച ആ ഗുഡ്ന്യുസ് കേൾക്കാതായപ്പോൾ ആശങ്കയായി ..തങ്ങളേക്കാൾ നാട്ടുകാർക്കും ബന്ധുക്കൾക്കും ആയിരുന്നു കൂടുതൽ ആശങ്ക ...പിന്നെ ഇൻഫെർട്ടിലിറ്റി ക്ലീനിക്കുകൾ കയറിയിറങ്ങി .ഡോക്റ്റർമാർ ,ചികിത്സകൾ മാറി മാറി വന്നു ..ഒപ്പം തങ്ങൾക്കിടയിൽ അദൃശ്യമായൊരു മതിൽ ഉയരുന്നതും രേഷ്മ കൂടുതൽ കൂടുതൽ നിശബ്ദയാകുന്നതും താനറിഞ്ഞു ..ഓരോ മേന്സസ് ഡേറ്റും തങ്ങളിൽ ഭീകരമായ തീക്കാറ്റുവീശി കടന്നുപോയി .മെഡിക്കൽ ഭാഷയിൽ പല വാക്കുകൾ ...ഓവറിയിലേക്കുള്ള ട്യുബിൽ ബ്ലോക്ക് ,PCOD ,IUI ,IVF ,..ബാങ്ക് ബാലൻസും ഒപ്പം പ്രതീക്ഷയും നശിച്ചു ..അവസാനം ഡോക്ടർ പറഞ്ഞു രേഷ്മയ്ക്ക് ഒരിക്കലും ഒരമ്മയാവാൻ കഴിയില്ല ..ആ സത്യം ഉൾക്കൊള്ളാൻ അവൾക്കായില്ല .അന്ന് രാത്രി അവൾ പറഞ്ഞു
"മഹേഷേട്ടാ നമുക്ക് പിരിയാം ..ഐ വാണ്ട് ഡിവോര്സ് "
നിശബ്ദമായി കേട്ടുനിന്നു .സമാശ്വാസവാക്കുകൾ ഒന്നും അവൾക്കു കേൾക്കണ്ടായിരുന്നു .ഒടുവിൽ കോടതി വരാന്തയിൽ സർവ്വവും നഷ്ടപ്പെട്ടു നിന്ന തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ കാറിൽ കയറിപ്പോയി .അന്ധകാരത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞ് അവൾ പോകുമ്പോൾ അമ്മയെ നഷ്ടപ്പെട്ടു കേഴുന്ന കുഞ്ഞിനെപ്പോലെ നിന്നു .രേഷ്മയെ സ്നേഹിച്ച ഹൃദയം മറ്റാരെയും സ്നേഹിക്കാൻ തയ്യാറായില്ല .അവളെ ചേർത്തണച്ച നെഞ്ച് മറ്റാരെയും അംഗീകരിക്കാൻ തയ്യാറായില്ല ...ഡിപ്രഷൻ ബാധിച്ചു ,മരണം പോലും തോൽപ്പിച്ച ജീവിതം .ഒടുവിൽ ഒരൊളിച്ചോട്ടം പോലെ കടല്കടന്നു ..
ദേവു തനിക്കാരായിരുന്നു ?എവിടെയോ വായിച്ച വാക്കുകൾ ഓർമ വരുന്നു "വായിച്ചു തീരാത്ത പുസ്തകങ്ങൾ പോലെയാണ് ചില ബന്ധങ്ങൾ .സ്വന്തമായി കിട്ടിയിട്ടും മനസ്സിലാക്കാത്ത ചില സൗഹൃദങ്ങൾ "അനുഭവിച്ച വേദനകൾ അവളോടല്ലാതെ മറ്റാരോടും മനസ്സ് തുറന്നിട്ടില്ല .ആദ്യമൊക്കെ മുറിയിൽ നിറയെ കൊച്ചു കുട്ടികളുടെ ചിത്രങ്ങൾ നിറച്ചത് ..ഒരു കുഞ്ഞു മോൾ വേണമെന്ന് ശഠിച്ചതു ..അവൾക്കു ഇടാൻ കണ്ടുവച്ച പേര് ...രേഷ്മ പോയിക്കഴിഞ്ഞും ഒറ്റപ്പെട്ട നരകതുല്യമായ ജീവിതത്തിൽ ഒരു കുരുന്നിനായി മോഹിച്ചു ,അനാഥാലയങ്ങൾ കയറിയിറങ്ങിയത് ,പക്ഷെ ഡിവോഴ്സ് ചെയ്തയാൾക്ക് ദത്ത് കൊടുക്കാൻ നമ്മുടെ നിയമം തടസ്സം നിന്നു .പറഞ്ഞു തീരുമ്പോൾ അവളോടൊപ്പം തന്റെയും കണ്ണ് നിറയുമായിരുന്നു .ഒരിക്കൽ അവൾ ചോദിച്ചു
"നിനക്കെന്നെ ഇഷ്ടാണോ മഹേഷ് ?"
"മം" ഒരുപാട് "
മനസ്സിനോടാണോ ശരീരത്തിനോടാണോ ?"
"രണ്ടിനോടും ?
"വേണ്ടടാ ..നമ്മൾ ഒരിക്കലും അങ്ങനെ ആവണ്ട ..എന്റെ ഏട്ടൻ ,മോൾ ..:"
പറയാൻ തുടങ്ങുമ്പോഴേക്കും താൻ തടുക്കും "വേണ്ട പ്ലീസ് ഒന്നും പറയണ്ട ..ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞൊണ്ട് തന്നെ ഞാനൊന്ന് സന്തോഷിച്ചോട്ടെ ...എനിക്ക് നിന്റെ സ്നേഹം മാത്രം മതി .ഇവിടെ ഈ മരുഭൂമിയിൽ എങ്കിലും നമുക്കിങ്ങനെ ജീവിക്കാല്ലോടാ '
സമാന്തര രേഖകൾ ആയിരുന്നു തങ്ങൾ ..തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെട്ട് ഭൂമിയിൽ ജനിക്കേണ്ടിവന്ന രണ്ടു നക്ഷത്രങ്ങൾ .
ഡിസംബർ പകുതിയായപ്പോൾ പെട്ടന്നാണ് വലിയൊരു മഴ പെയ്തത് .പിന്നെ ശക്തമായ പൊടിക്കാറ്റ് .ഒപ്പം അതി കഠിനമായ തണുപ്പും ..നബിദിനവും ക്രിസ്മസും പ്രമാണിച്ച് ഓഫീസ് അവധിയായി .ആ മഞ്ഞുപൊഴിയുന്ന തണുത്ത പകലിൽ അപ്രതീക്ഷിതമായി അവൾ അപ്പാർട്ട് മെന്റിലേക്കു കയറി വന്നു ..രണ്ടു ദിവസം അവൾ അവധിയെടുത്ത് തന്റൊപ്പം താമസിക്കാൻ വന്നുവെന്ന് പറഞ്ഞപ്പോൾ പ്രതീഷിക്കാതെ കിട്ടിയ ആ ക്രിസ്മസ് സമ്മാനത്തിൽ അന്തംവിട്ടുപോയി .പിന്നെക്കഴിഞ്ഞുപോയ രണ്ടു ദിനങ്ങൾ ..വേദനകൊണ്ട് നീറിപ്പുളഞ്ഞ രണ്ടാത്മാവുകൾ ഒന്നിച്ച ദിനങ്ങൾ .ലാളിച്ചും ,സ്നേഹിച്ചും ,സ്നേഹമയിയായ ഭാര്യയെപ്പോലെ രാവിലെ ഉണർന്ന് കുളിച്ച്‌ചായയിട്ട് , മടിപിടിച്ച് കിടന്ന തന്നെ വിളിച്ചുണർത്തി ഒന്നിച്ചിരുന്ന് കുടിച്ച് ,അടുക്കളയിൽ ഒന്നിച്ച് പാചകം ചെയ്ത് ഒരു പാത്രത്തിൽ ഭക്ഷിച്ച് ,തണുത്ത രാത്രിയിൽ ചൂടുപകർന്നുറങ്ങിയ- ജീവിതത്തിൽ ആദ്യമായും അവസാനമായും അനുഭവിച്ച -സ്വര്ഗം ..ജീവിതം എന്താണെന്ന് അവൾ കാട്ടിത്തന്നു .
പേമാരിപോലെ പെയ്തുതീർന്ന ഓർമകൾക്ക് തടയിട്ടുകൊണ്ട് ബസ് നിന്നു .ഇറങ്ങേണ്ട സ്ഥലം എത്തിയിരിക്കുന്നു .അയാൾ പതുക്കെ ഇറങ്ങി .തിരക്കുള്ള നിരത്തിലൂടെ നടക്കുമ്പോൾ അയാൾ ഓർമിച്ചു .വീണ്ടും അതുപോലെ ഒരു ക്രിസ്മസ് ..അന്ന് അപ്രതീഷിതമായ ആ ക്രിസ്മസ് സമ്മാനവും തന്ന് അവൾ പോകുമ്പോ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോവുകയാനെന്നറിഞ്ഞില്ല .ദേവു ..ഒരു മായപോലെ അവൾ മാഞ്ഞുപോയി .പ്രാണവായു നഷ്ടപ്പെട്ടപോലെ ,കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ താൻ പിടഞ്ഞു .ശ്വാസത്തിനായി കരഞ്ഞു ഫോൺ സ്വിച്ച് ഓഫ് ..ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ റിസൈൻ ചെയ്തിരിക്കുന്നു .അടച്ചിട്ട ,റൂമിൽ പലതവണ പോയി മടങ്ങി ..സിബി ചേച്ചി വന്നപ്പോ അവരും കൈ മലർത്തി .ഭ്രാന്തനെപ്പോലെ അലഞ്ഞു ..അവൾ ചതിക്കുകയായിരുന്നു ..ആദ്യം രേഷ്മ ,ഇപ്പോ ദേവനന്ദ ...പെൺവർഗ്ഗത്തെ മുഴുവൻ വെറുത്തു .നീണ്ട ഒരു വര്ഷം കഴിഞ്ഞ് വീണ്ടും അവൾ.....? ..അന്നത്തെയാ ക്രിസ്മസ് രാത്രി അയാൾ ഓർമിച്ചു .എന്തിനെന്നറിയാതെ ഒരു കുട്ടിയെ പ്പോലെ അയാൾ കരഞ്ഞു ..എതിരെ കടന്നുപോയവർ അയാളെ അമ്പരന്നു നോക്കി .ഇനി വിഡ്ഢി ആവില്ല .കാറ്റടിച്ചിട്ടും കെട്ടുപോകാതെ താൻ കാത്തുവച്ച ജീവൻ കരിന്തിരി കത്തി കെടുത്തിക്കളഞ്ഞ് എവിടെക്കാ പോയേന്ന് ചോദിക്കണം .ഉത്തരം തന്നാലും ഇല്ലെങ്കിലും തിരികെപ്പോരണം .
റൂം ചാരിയിരിക്കയായിരുന്നു .തള്ളിത്തുറന്നു .അവിടെ ആരെങ്കിലും ഉള്ളതായി തോന്നിയില്ല .പക്ഷെ അവിടെ തന്നെ കാത്തെന്നപോലെ നാലായി മടക്കിയ ഒരു കത്ത് ..അയാൾ വിറയാർന്ന വിരലുകളോടെ അതെടുത്തു ..
"പ്രീയ മഹേഷ് ,
നീ വരും എന്നെനിക്കറിയാമായിരുന്നു .നിനക്ക് വരാതിരിക്കാനാവില്ലല്ലോ .അടുത്തമുറിയിൽ നിനക്കായി കാത്തുവച്ച സമ്മാനം ഉണ്ട് ..അത് നിനക്കവകാശപ്പെട്ടതാണ് ..ഇതിനു വേണ്ടിയാണ് ഇതുവരെ ഞാൻ കാത്തിരുന്നത് ..ഇനി മടങ്ങുകയാണ് ..ആ മുഖം ഹൃദയത്തിൽ ഉണ്ട് ..മരണംവരെ ഉണ്ടാവും .എന്നെ തിരഞ്ഞു വരണ്ട ..നീയിതു വായിക്കുമ്പോൾ ഞാൻ ഷാർജ എയർ പോർട്ടിൽ ആയിരിക്കും .
.മാപ്പ് ഒത്തിരി വേദനിപ്പിച്ചു .
സ്നേഹത്തോടെ ദേവു .
കണ്ണീര് അക്ഷരങ്ങളെ മറച്ചു ...ഉദ്വേഗത്തോടെ അടുത്ത മുറിയിലേക്കോടി അവിടെ ....ഒരുപാട് ബാലൂണ്കൾക്കും ,പാവകൾക്കും ,ടോയ്സിനും ഇടയിൽ കൈകാലുകൾ ഇളക്കി തന്നെ നോക്കി ചിരിക്കുന്ന ഒരു പൊന്നോമന കുഞ്ഞ് ..!!ദൈവമേ !എന്റെ ..എന്റെ കുഞ്ഞ് ???അവളുടെ സമീപം മുട്ട് കുത്തിയിരുന്ന് അയാൾ ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യുമ്പോൾ ആ മാലാഖക്കുഞ്ഞിനെ പൂർണ്ണമായും അയാൾക്ക് ദത്തുനൽകി കൊണ്ടുള്ള രേഖകളുമായി സിബിവർഗ്ഗീസ് ആ റൂമിന് വെളിയിൽ എത്തിയിരുന്നു ..ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കു പറക്കുകയായിരുന്ന ഒരു ഫ്ലൈറ്റിൽ കണ്ണിറുക്കെ അടച്ചിട്ടും തോരാത്ത കണ്ണീരുമായി ഒരമ്മ മനസ്സും .....
....ദീപ അജയ് .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക