Slider

ജീവിതം ഒരു തിരിച്ചറിവ്.

0


മുറ്റത്തേക്ക് വന്നു നിന്ന ഓട്ടോറിക്ഷയുടെ ശബ്ദം
കേട്ടാണ് ലച്ചു പുറത്തേക്ക് ഓടി വന്നത്....
"അമ്മേ ദേ ചേച്ചി വന്നേക്കണു"
മായ ഓട്ടോയിൽ നിന്നും ഇറങ്ങി വീടിനകത്തേക്കു
കേറിയതും അമ്മ അടുക്കളയിൽ നിന്നും
ഓടിയെത്തി....
"നീ എന്താ മോളെ ഒറ്റയ്ക്ക്. അതും ഈ ബാഗ് ഒക്കെ തൂക്കി...നന്ദൻ എവിടെ?"
"ഞാനിനി ആ വീട്ടിലേക്കില്ലമ്മേ...എനിക്ക് മടുത്തു..ജയിലിനേക്കാൾ കഷ്ടമാണവിടെ"
"നിനക്കെന്താടി വട്ടാണോ.കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആയതേയുള്ളൂ..അപ്പോഴേക്കും......
എന്തു നല്ല പയ്യനാ നന്ദൻ...നിന്നെ മാത്രം മതി വേറൊന്നും വേണ്ടെന്നും പറഞ്ഞു വന്ന ചെക്കനാ അവൻ....എന്നിട്ടിപ്പോ".....
"അത് ചുമ്മാതല്ലല്ലോ...എന്റെ പഠിപ്പും സൗന്ദര്യവും കണ്ടിട്ടല്ലേ"...
"മായേച്ചി ആ പറഞ്ഞത് നേരാ....
അതുകൊണ്ടല്ലേ. .... വീട്ടുകാരും നാട്ടുകാരും
അറിഞ്ഞ് ആറ് കൊല്ലം പ്രണയിച്ച അപ്പുറത്തെ
പ്രദീപേട്ടൻ...സർക്കാർ ജോലി കിട്ടിയപ്പോ...
നൂറ്റിയൊന്നു പവൻ വാങ്ങി വേറെ കെട്ടിയത്....
അന്നു രാത്രി ഫേയ്സ്ബുക്കിൽ കേറി
ജീവിക്കുന്നെങ്കിൽ ഒരു പ്രവാസിയുടെ ഭാര്യയായി
ജീവിക്കണം....മരിക്കണം...എന്നൊക്കെയുള്ള
പോസ്റ്റ് ഇട്ടത്....ആരൊക്കെയോ അത് ഷെയർ
ചെയ്ത് പാവം നന്ദേട്ടനും അത് കണ്ടു...
അങ്ങനെയല്ലേ നന്ദേട്ടൻ ചേച്ചിയെ കെട്ടാൻ വന്നത്....എന്നിട്ടിപ്പോ..."
"ലച്ചൂ....നീ ഇതിൽ ഇടപെടണ്ട....നീ നിന്റെ കാര്യം
നോക്കിയാൽ മതി".....
അവൾ പറഞ്ഞതിൽ എന്താടീ തെറ്റ്...ഉള്ള കാര്യമല്ലേ അവൾ പറഞ്ഞത്"......
"അമ്മയ്ക്കറിയാമോ ഞാനാ വീട്ടിൽ ഒരാഴ്ച
കൊണ്ടനുഭവിക്കുന്ന കഷ്ടപ്പാട്"....അമ്മ വിചാരിക്കുന്ന പോലെ അത്ര പാവോന്നുമല്ല
നന്ദനും അയാടെ അമ്മയും...അവിടെ നടന്നതൊക്കെ കേട്ടാൽ മോളിനി പോകണ്ടന്നേ അമ്മ പറയൂ".....
"എന്താ മോളെ അത്രയ്ക്ക് പ്രശ്നം ഉണ്ടോ അവിടെ
ഈശ്വരാ. ഒന്നും അറിയാണ്ടാണല്ലോ ഞാനെന്റെ
കുട്ടിയേ വഴക്ക് പറഞ്ഞത്...
എന്താപ്പോ ഉണ്ടായേ ..പറ മോളെ നീയ്"....
"അതമ്മേ നന്ദനാ കൂടുതലും പ്രശ്നം...
രാവിലെ 7മണിക്ക് മുന്നേ ഞാനെഴുന്നേറ്റ്
നന്ദന് ബെഡ്കോഫി കൊണ്ടു കൊടുക്കണം
അമ്മ കൊടുത്താലും പോരാ ഞാൻ തന്നെ കൊണ്ട് കൊടുക്കണമെന്ന് വാശിയാ...
അതിനൊത്ത് തുള്ളാൻ ഒരമ്മയും...
കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യയുടെ കടമയാണെന്ന് ഒരു പറച്ചിലും....
ഞാനടുക്കളയിൽ കേറി എല്ലാം വെച്ചുണ്ടാക്കണം
സഹായത്തിന് മാത്രേ അമ്മ വന്ന് കൂടെ നിൽക്കുള്ളൂ...
മിനിങ്ങാന്ന് അമ്മ തറ തുടയ്ക്കണ കണ്ട്
നന്ദൻ എന്നോട് പറയുവാ...
"അമ്മയ്ക്ക് നടുവിന് വേദനയുള്ളതാ..
ഇനി മുതൽ നീ ഇവിടൊക്കെ വൃത്തിയാക്കിയാ
മതിയെന്ന്.".....
പുറത്തേക്കെങ്ങാനും പോയാലോ...
ഉടനേ വരും പറച്ചില്...രാത്രിക്ക് മുന്നേ വീട്ടിൽ
തിരിച്ചെത്തണം അമ്മ തനിച്ചേയുള്ളെന്ന്....
എന്തു പറഞ്ഞാലും ഒരമ്മ...അയാടെ അമ്മയ്ക്കെന്താ കൊമ്പുണ്ടോ....
എനിക്കൊരു വിലയുമില്ല....അവിടെ...
എപ്പം നോക്കിയാലും മോളെ അതിങ്ങെടുക്ക്
അത് ചെയ്യ്...ഇത് ചെയ്യ്...എന്നൊക്കെ പറഞ്ഞിരിപ്പാ....എനിക്കാണെങ്കി ദേഷ്യം
വരുവാ ...ഇതൊക്കെ കേൾക്കുമ്പോ....
എനിക്കിനി അങ്ങോട്ട് പോകണ്ടമ്മേ..."
"കഴിഞ്ഞോ മോളെ നിന്റെ പരാതികള്...ഇനി അമ്മയ്ക്ക് പറയാനുള്ളത് പറയാൻ വേണ്ടി ചോദിച്ചതാ"....
"എന്താമ്മേ"
"നീ ഒരുത്തി മാത്രമല്ല മോളായി ഞങ്ങൾക്ക്
നിനക്ക് താഴെ വേറൊന്നൂടിയുണ്ട്..
ഒന്നും വേണ്ടെന്നു നന്ദനും വീട്ടുകാരും പറഞ്ഞെങ്കിലും നിന്റെ അച്ഛൻ നല്ല രീതിയിൽ
തന്നെ സ്വർണ്ണമിട്ടാ നിന്നെ അവിടേക്ക് പറഞ്ഞു വിട്ടത്....അതിന്റെ കടം ഇപ്പഴും തീർന്നിട്ടില്ലാന്ന്
നിനക്കറിയാലോ....
ബാങ്കീന്ന് ഇന്നലെയാ ലോൺ തുക കിട്ടിയേ...
ഇന്നിപ്പോ രാവിലെ നിന്റച്ഛൻ ആ പൈസേം കൊണ്ട് സ്വർണ്ണക്കടേല് ബാക്കി കൊടുക്കാനുള്ള
പൈസ കൊടുക്കാൻ പോയേക്കുവാ....
ഓരോ അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഇല്ലാത്ത
കാശ് കടം മേടിച്ചും മക്കളെ പറഞ്ഞു വിടുന്നത്
അവര് ഭർത്താവിന്റെ വീട്ടിൽ നല്ല രീതിയിൽ
ജീവിക്കുമെന്ന് പ്രതീക്ഷിച്ചാ....
ഇവിടിപ്പോ നന്ദനും അവന്റമ്മയും നിന്നെ
സ്ത്രീധനത്തിന്റെയോ....സ്വർണ്ണത്തിന്റെയോ
പേരിൽ പീഡിപ്പിച്ചിട്ടില്ല....നിന്നോട് വഴക്കിന്
വന്നിട്ടില്ല......
പിന്നെ നന്ദൻ പറഞ്ഞതിൽ എന്താടി തെറ്റ്
അവൻ ഒറ്റ മോനാ അവന്റമ്മയ്ക്ക്....
അവനല്ലാതെ പിന്നെ ആരാ ആ അമ്മയെ
നോക്കണ്ടത്.....
"അച്ഛൻ ചെറുപ്പത്തിലെ മരിച്ച ശേഷം എന്റമ്മ ഒരുപാട് കഷ്ടപ്പെട്ടാ എന്നെ വളർത്തിയത്
എന്നെ ഊട്ടാൻ വേണ്ടിയും പഠിപ്പിക്കാൻ വേണ്ടിയും പലപ്പോഴും എന്റമ്മ പട്ടിണി
കിടന്നിട്ടുണ്ട്".എന്ന് നന്ദൻ അന്ന് നിന്നെ
പെണ്ണ് കാണാൻ വന്നപ്പോ പറഞ്ഞത് നീ
അങ്ങ് മറന്നോ മോളെ......
ആ അമ്മയെ അവൻ അല്ലാതെ പിന്നാരാ സ്നേഹിക്കണ്ടത്....
മാതാപിതാക്കളെ സ്നേഹിക്കുന്നവർക്കെ
മറ്റുള്ളവരെയും മനസ്സറിഞ്ഞ് സ്നേഹിക്കാൻ
കഴിയൂ......
ഒരു പെണ്ണിനെ നാല് പേർ അറിഞ്ഞ് മറ്റൊരു
വീട്ടിലേക്ക് പറഞ്ഞ് വിടുന്നത് അവിടെ
ജീവിക്കാനാ......
ഇനി അതാ നിന്റെ വീട്...അവിടെയാ നീയിനി
നിന്റെ മരണം വരെ താമസിക്കണ്ടത്...
ഭർത്താവിനേയും അവന്റമ്മയേയും സ്നേഹിച്ചും
പരിപാലിച്ചും അവിടെ കഴിയണം....
അപ്പോഴെ ഒരു നല്ല ഭാര്യയും മരുമകളുമൊക്കെയായി നീ മാറുള്ളൂ.......
നിനക്കീ വീട്ടിൽ വന്നു നിൽക്കാം നന്ദന്റെയും
അവനില്ലാത്തപ്പോ അവന്റമ്മയുടെയും സമ്മതത്തോടെ ഒരാഴ്ച.....
അതിൽ കൂടുതൽ ഞാനിനി നിന്നെ ഇവിടെ നിർത്തില്ല.....
ഉച്ചയ്ക്ക് ഊണും കഴിച്ചിട്ട് എന്റെ മോള്
വന്നതു പോലെ തന്നെ അങ്ങ് പോകാൻ
നോക്കിക്കോ"......
"അപ്പോ അമ്മയ്ക്ക് എന്നെ വേണ്ടായോ".....
"വേണ്ടാന്നാണോ മോളെ ഞാനീ പറഞ്ഞതിനൊക്കെ അർത്ഥം......നീ മനസ്സിരുത്തി
അമ്മ പറഞ്ഞതൊക്കെ ചിന്തിച്ചു നോക്കിയേ".....
"ഞാനെത്ര നേരമായി വന്നിട്ട് ആ അമ്മയോ
നന്ദനോ എന്നെ ഒന്ന് വിളിച്ചതു പോലുമില്ലല്ലോ
അമ്മേ"......
"മായേച്ചീ ആ മൊബൈൽ ഒന്ന് തന്നേ.....
ഇത് കണ്ടോ അമ്മേ.....
ഇരുപത്തൊന്ന് മിസ്കാൾ....ആ അമ്മ എപ്പത്തൊട്ട് ചേച്ചിയെ വിളിക്കുവാന്നറിയാമോ"....
"അത് ഞാൻ അന്നേരം വീട്ടീന്നിറങ്ങിയപ്പോ സൈലന്റാക്കി വെച്ചതാ ഫോൺ..പിന്നതങ്ങ്
മറന്നു പോയി"......
"ഉം ശരി...ശരി..നീ ഇപ്പോ എന്തായാലും
നന്ദന്റെ അമ്മയെ വിളിക്ക്...പിണങ്ങി വന്നതിന്
മാപ്പ് പറഞ്ഞിട്ട് അങ്ങോട്ട് ഉടനെ വരുവാണെന്നും
പറഞ്ഞേരെ".....
"ഹലോ......
അമ്മേ ഇതു ഞാനാ മായയാ"
മറുപടി ഫോണിനങ്ങേ തലയ്ക്കൽ നിന്നും
ആദ്യം ഒരു കരച്ചിലായിരുന്നു......
"മോളെന്തിനാ അമ്മേ തനിച്ചാക്കി പോയത്....
മോള് എഴുതി വെച്ച കത്ത് അമ്മ കുളിച്ചിട്ട് വന്നപ്പഴാ കണ്ടത്....മോൾക്ക് ഉടനേ വീട്ടിൽ
പോയി എല്ലാരേയും കാണണമെന്നുണ്ടാരുന്നേൽ
അമ്മ കൂടി കൂട്ടു വരില്ലാരുന്നോ...
നന്ദൻ......ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയിട്ട്
ഇതു വരേയും വന്നില്ല....
മോള് പറയാതെ വീട്ടിലേക്ക് പോയെന്ന്
ഞാനവനോട് പ്റഞ്ഞില്ല.....
അവനെന്റെ മോളോട് ദേഷ്യപ്പെട്ടാലോ....
മോളെ വിളിക്കാൻ അമ്മ അങ്ങോട്ട് വന്നോട്ടെ
മോളെ"....
അതിനുള്ള മായയുടെ മറുപടി. ഒരു പൊട്ടി കരച്ചിലായിരുന്നു.......
"അമ്മ എന്നോട് ക്ഷമിക്കണം ...ഇനിയൊരിക്കലും
ഞാൻ അമ്മയേയും നന്ദേട്ടനേയും വേദനിപ്പിക്കില്ല...നിങ്ങളോട് രണ്ടാളോടും
പറയാണ്ട് അവിടുന്നെങ്ങോട്ടും പോകേമില്ല....
അമ്മ വേഗം വാ എന്നെക്കൂട്ടീട്ട് പോകാൻ".....
ഫോൺ വെച്ചിട്ട് മായ അടുക്കളയിലേക്ക് ഒന്ന്
നോക്കീട്ട് ഉച്ചത്തിൽ പറഞ്ഞു.....
"അമ്മേ ഉച്ചയ്ക്ക് ചോറ് ഞാൻ മാത്രമല്ല ഉണ്ണാനുള്ളത്.....നന്ദേട്ടന്റമ്മയും ഉണ്ട് കേട്ടോ.....
അമ്മ ഇങ്ങട് വരുന്നുണ്ട് എന്നെ കൂട്ടാനായിട്ട്"
ഇതുകേട്ടപ്പോഴും ....ആ അമ്മ മറ്റാരും
കാണാതെ അടുക്കളയിൽ നിന്നും മിഴികളിലൂറിയ
നീർത്തുള്ളികൾ സന്തോഷത്താൽ......
സാരിതലപ്പാൽ ഒപ്പിയെടുക്കുവാരുന്നു.......
ഈ അമ്മ ഒരു മാത്യകയാവട്ടേ.......
കേവലം ബാലിശമായ.... ഭർത്യവീട്ടിലെ കുറ്റങ്ങൾ
പറഞ്ഞെത്തി ഒരു ജീവിതം വേണ്ടെന്നു വെയ്ക്കുന്ന പെൺകുട്ടികൾക്ക്.........
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം....സ്നേഹവും ശാസനയും
പരിഭവും പിണക്കവും ഒക്കെ കൂടി ചേരുന്നതാണ്
ജീവിതം...പക്ഷേ ആ പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും നീർക്കുമിളയുടെ ആയുസ്സ് മാത്രേ ഉണ്ടാവാൻ പാടുള്ളൂന്നു മാത്രം.......
ഇതു പോലെ കുറെയേറെ അമ്മമാർ ചിന്തിച്ചിരുന്നെങ്കിൽ .....പറഞ്ഞിരുന്നെങ്കിൽ
ഒരു പരിധി വരെ ഇന്ന് ഒരു പാടായി കണ്ടു വരുന്ന
വിവാഹ മോചനങ്ങൾ ഒഴിവാക്കാം
By......RemyaRajesh....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo