ഞാനോ അജയനോ....... ആരാണ് ധീരന്‍? നാട്ടുകാര്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത വിഷയമാണിത്. ചില ഊളകള്‍ പറയുന്നത് ബുദ്ധിയുടെ കാര്യത്തില്‍ അജയന്‍ എന്നേക്കാള്‍ ബഹുദൂരം മുന്നിലാണത്രേ.....
എന്തായാലും ഇന്നറിയാം. അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത് ഗോപാലേട്ടന്‍റെ വീട്ടില്‍ കണ്ട പുല്ലാനി മൂര്‍ഖന്‍ പാമ്പാണ്. എന്‍റേയും അജയന്‍റേയും പേരുവിളിച്ചാണ് ഗോപാലേട്ടന്‍ കൂവുന്നത്. ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ക്ക് ആശ്വാസമായി. അയാളുടെ ആശ്വാസം ഭാര്യയിലേക്കും കെട്ടിക്കാരായ പെണ്‍മക്കളിലേക്കും വ്യാപിച്ചു. മൂത്തോള്‍ടെ ആശ്വാസംകൊള്ളലാണ് എനിക്കിഷ്ടപെട്ടത്. അത് അങ്ങനെയാണ്.......
കാഴ്ചക്കും അഭിപ്രായം രേഖപെടുത്താനുമായി നിരവധിപേരുണ്ട്. എനിക്കറിയേണ്ടത് അജയന്‍റെ അഭിപ്രായമാണ്.
''ഗോപാലേട്ടാ..... എന്നെകൊണ്ടാവില്ല, ഇതല്‍പം കൂടിയ ഇനമാ...''
അജയന്‍റെ പറച്ചില്‍കേട്ട് തളര്‍ന്നുപോയ ഗോപാലേട്ടനെ ഞാന്‍ ഉഷാറാക്കിയെടുത്തു.
''ഗോപാലേട്ടാ.... എത്രകൂടിയ ഇനമാണെങ്കിലും ശരി മൂര്‍ഖന്‍റെ കാര്യം ഞാനേറ്റു....!!''
അവിടെ ഉയര്‍ന്ന കരഘോഷങ്ങള്‍ എന്നെ ആവേശംകൊള്ളിച്ചു. അടുക്കളക്കും കോഴിക്കൂടിനുംഇടയിലുള്ള ചെറിയ സ്ഥലത്താണ് പാമ്പ് പത്തിവിടര്‍ത്തി ആടുന്നത്. കണ്ടപ്പോഴേ എന്‍റെ പകുതി ജീവന്‍പോയി. എന്തൊരു വലിപ്പം....!!!
മുന്നോട്ടുവച്ച കാല് പിന്നോട്ടെടുത്ത ചരിത്രമില്ല. എങ്ങനേയും മൂര്‍ഖനെ വകവരുത്തണം. നാട്ടുകാര്‍ക്കിടയില്‍ തന്‍റെ ധൈര്യവും ബുദ്ധിയും കാണിക്കാന്‍ വീണുകിട്ടിയ അവസരമാണ്.അതും അജയന്‍ തോറ്റിടത്താണെന്ന് കൂടി ഓര്‍ക്കണം. അജയനെ ഇന്നലകളിലേക്ക് തള്ളിവിടണം. ഇന്നും ഇനിയങ്ങോട്ടും ഈ നാട്ടില്‍ ഒരൊറ്റ ധൈര്യശാലി മതി. ഞാന്‍...... ഞാന്‍മാത്രം.
''മൂര്‍ഖന്‍ ഇതാണെങ്കില്‍ അവന്‍ ഇതിനപ്പുറമാണ്... ഇരട്ടചങ്കന്‍''
പൊതുജനാഭിപ്രായം കേട്ടപ്പോള്‍ ഞാന്‍ പുളകിതനായി. മനസിനെന്ത് സുഖമാണ് ഇതൊക്കെ കേള്‍ക്കാന്‍.....!
അജയനെ ഞാനൊന്ന് പാളിനോക്കി. അവന് ഫോണുംചെവിയില്‍വച്ച് വട്ടം കറങ്ങുകയാണ്. ആ പഴയനമ്പറില്ലേ....... വ്യാജകോളെടുത്ത് വീരവാദം മുഴക്കുന്ന ആ ടെക്നിക്ക്. പിടിച്ചുനില്ക്കാനുള്ള തന്ത്രപ്പാടുകള്‍..... പാവം.
''പൊട്ട്ണ് പൊട്ട്ണ് എന്‍മനം പൊട്ട്ണ്.....''
ഞാനവനെ ഇളക്കാന്‍വേണ്ടി മുന്നിലൂടെ പാടിനടന്നു.
കിണറിന്‍റെ വലയെടുത്ത്, പാമ്പിന്‍റെ മുകളിലൂടെ വിരിച്ചു. സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി കോഴിക്കൂടിന്‍റെ ഒരു വശം പൊളിച്ചുമാറ്റി. കൂര്‍പ്പിച്ച മുളകൊണ്ട് പത്തിനോക്കി കുത്തണം. ആഞ്ഞാഞ്ഞു കുത്തണം.
മുള ഇല്ലികൂട്ടത്തില്‍നിന്നും വെട്ടിയിട്ടുവേണം. ആ ദൗത്യവും ഞാനേറ്റെടുത്തു.
"ചെറുപ്പക്കാരായാല്‍ ഇങ്ങനെവേണം.... എന്താ ഒരു വീറ്!''
നാട്ടുകാര്‍എന്നെ ആവേശം കൊള്ളിച്ചുകൊണ്ടേ ഇരിക്കുന്നു. ഇല്ലിമുള്ള് കൊണ്ട് ചോരയൊലിക്കുന്നതൊന്നും എനിക്കൊരു പ്രശ്നമേയല്ല.... വെട്ടിയെടുത്ത മുള ചെത്തികൂര്‍പ്പിച്ച് ഞാന്‍ പാമ്പിനടുത്തേക്ക് നടന്നു. ആ എട്ടടിവീരനെ മുളങ്കമ്പില്‍ കുത്തിയുയര്‍ത്തുമ്പോള്‍, ഗോപാലേട്ടന്‍റെ മൂത്തമോളുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍......
ആകാംക്ഷക്ക് ഇരിക്കപ്പൊറുതിയില്ല.
ഞാന്‍ അതിവിദഗ്ദ്ധമായി വിരിച്ച വലയെടുത്ത് ചുരുട്ടിക്കൂട്ടി വച്ചത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യംവന്നു. ആരാണിതു ചൈതത്? പരിഭ്രമിച്ച് നിന്നവരെല്ലാം ചിരിക്കുകയാണ്.....!
ആ കാഴ്ചകണ്ട് ഞാന്‍ ശരിക്കുംഞെട്ടി ......!
അമ്മ കുഞ്ഞുവാവയെ താലോലിക്കുന്നതുപോലെ വാവാ സുരേഷ് മൂര്‍ഖന്‍റെ പത്തിയില്‍ തലോടികൊണ്ട് നില്ക്കുന്നു. അജയനുമായുള്ള അടുപ്പം കണ്ടിട്ട് അവര്‍ സുഹൃത്തുക്കളാണെന്ന് തോന്നുന്നു. വാവയുടെ മേല്‍നോട്ടത്തില്‍ മൂര്‍ഖന്‍ ഇപ്പോള്‍ അവന്‍റെ കൈയ്യിലാണ്. അവര്‍ സെല്‍ഫിയെടുത്ത് ആഘോഷിക്കുകയാണ്. ഗോപാലേട്ടന്‍റെ മൂത്തമോളും അങ്ങോട്ട് പോകുന്നു.....
ഭൂമി രണ്ടായി പിളര്‍ന്നിരുന്നെങ്കില്‍........
നാട്ടുകാരെല്ലാം വാവ സുരേഷിന്‍റെ കയ്യൊപ്പിനുവേണ്ടി തിക്കുംതിരക്കും കൂട്ടുകയാണ്. ആ അവസരത്തില്‍ ഞാന്‍ പതുക്കെ മുങ്ങാന്‍ തിരുമാനിച്ചു.
"ഡാ.... കോഴിക്കൂട് ശരിയാക്കീട്ട് പോ....."
ഗോപാലേട്ടനാണ്. എനിക്കിപ്പോള്‍ അതിനുള്ള ആരോഗ്യമൊന്നും ഇല്ലാ. ഞാനും മനുഷ്യനല്ലേ......?
"നാളെ ശരിയാക്കാം''
ഞാന്‍ പടികടക്കുമ്പോള്‍ വീണ്ടും അയാളുടെ ഗര്‍ജ്ജനം കേട്ടു.
"ഇന്ന് കോഴികളെ എവിടെ മുളക്കും, നിന്‍റെ അണ്ണാക്കിലോ...?"
എനിക്ക് കരച്ചില്‍ വന്നു
''ഞാന്‍ പണി ഡ്രസ്സിട്ട് വരാം...."
മുള്ളുകൊണ്ട മുറിവുകളൊക്കെ ഇപ്പോള്‍ നന്നായി നോവുന്നുണ്ട്.
"തലയ്ക്കു മീതെ ശൂന്യാകാശം
താഴേ മരുഭൂമീ.........."
അജയന്‍ എന്‍റെ മുന്നിലൂടെ ഒരു പ്രത്യേക ആക്ഷനില്‍ നടന്നു പാടി.
_____________________________________
രമേഷ്.പി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക