Slider

ഒരു നീന്തൽക്കൊതിയും ചതിയും

0

കോളേജീന്ന് വന്നപാടെ ബാഗ് ഒരറ്റത്തേക്ക് എറിഞ്ഞ് "അമ്മേ ചായാ..."ന്ന് നീട്ടിവിളിച്ച് ചെന്നപ്പോ കണ്ടത് അമ്മേടെ കൈയിലെ ചട്ടുകത്തെയാണ്...പറഞ്ഞാ നിങ്ങ ബിശ്വസിക്കൂല്ലാ... തീരെ ചെറുതിലേ നല്ല സ്വഭാവമായിരുന്നത് കൊണ്ട് ആശാനും (ചട്ടുകം) ഞാനുമായി പയങ്കര കൊണാണ്ട്രിപ്പിക്കേഷനാണേ. ആശാനോടുള്ള ഭയഭക്തി കാണിക്കണോല്ലോ.... ഞാനൊരു നാല്ചുവട് പിറകിലേക്ക് മാറി ചട്ടുകത്തെയും അമ്മയെയും നോക്കി .
നിങ്ങ നോക്കണ്ടാ.....ഹമ്പട ലൊടുക്കൂസുകളേ.. .നിങ്ങ എനിക്ക് ചട്ടുകം കൊണ്ടുള്ള ശാർദ്ദൂലവിക്രീഡിതം കിട്ടൂന്ന് വിചാരിച്ചു ല്ലേ ? വേണ്ടാ ...ട്ടാ... അമ്മക്കൊരു മൈൻഡുമില്ലാ. അമ്മ തീറ്റക്കൊതിയനായ മഹന് വേണ്ടി ദോശ ചുടുകയാണ്...അല്ലാണ്ട് എന്നെക്കണ്ട് ആയുധധാരിയായതല്ല ....
ഹോ... ൻറ്റെ ദേവ്യേ.... ഇവറ്റോളൊക്കെ ൻറ്റെ FB ഫ്രണ്ട്സ് ആയതിലും വല്യശിക്ഷ വേറെന്തൂട്ടാ ള്ളേന്ന്?
അടുക്കളത്തിട്ടേല് ചാടിക്കേറി ആക്രാന്തം കാട്ടിപ്പിച്ചിപ്പെറുക്കി തീറ്റയജ്ഞം നടത്തുമ്പോഴാണ് മാതാ BBC ഞെട്ടിക്കുന്ന ഒരു വാർത്ത പ്രക്ഷേപണം ചെയ്തത്. നാളെ എന്നെ കാണാൻ ഒരു ചെക്കൻ വരുംന്ന്. വയറ്റിലേക്ക് പോയ ദോശ കേട്ട വാർത്ത വിശ്വസിക്കാനാകാതെ തൊണ്ടയിലെത്തി വായും പൊളിച്ച് നിന്നത് പോലായി. ..ഞാൻ.
ദുർബലമായ് പ്രതിരോധിക്കാനൊരു ശ്രമം നടത്തിക്കാട്ടി....ഉള്ളിലൊരു ചിരിയോടെ "തുമ്പിക്കല്യാണത്തിന് വന്നെത്തിയ" എന്ന പാട്ട് മനസ്സിൽ മൂളി മുറിയിലേക്ക് ഒറ്റയോട്ടം വെച്ച് കൊടുത്തു....മോൾക്ക് നാണമുണ്ടെന്ന് അമ്മേനെ കാണിക്കണോല്ലോ .... ഏത്? സത്യത്തിലങ്ങനൊരുകാര്യം ഏഴയലത്തൂടെ പോയിട്ടില്ലേലും....ല്ലേ?
അങ്ങനെ പിറ്റെന്ന് ചെക്കനെന്ന് വിളിക്കപ്പെട്ട ആള് വന്നു ചായകൊടുത്തു....ൻറ്റെ വിധി തീരുമാനിക്കപ്പെട്ടു...ആ പാവത്തിൻറ്റെയും... പിന്നെയങ്ങൊട്ട്....ശഠപഠാന്ന് നിശ്ചയവും കല്യാണവുമെല്ലാം കഴിഞ്ഞൂ ട്ടാ.
കല്യാണം കഴിഞ്ഞ് പെങ്ങടെ വീട്ടിലേക്ക് 35 കി.മീറ്ററോളം യമഹ YBX പിറകിലിരുന്നൊരു കിടിലൻയാത്ര... കല്ലടയാറിൻറ്റെ തീരത്തുള്ള വീട്ടിലിരുന്ന് കരിമീൻഫ്രൈയും ഞണ്ട് കറിയും ഒക്കെ വെട്ടിവിഴുങ്ങി നാത്തൂനോട് സൊറ പറയുമ്പോഴാണ് ആര്യപുത്രൻ "ഞാൻ ആറ്റിലേക്ക് പോകുവാണേ" എന്ന് വിളിച്ച് കൂകിയത്. കേട്ടപാതി കേൾക്കാത്ത പാതി സൊറപറച്ചിൽ മംഗളം ചൊല്ലിയവസാനിപ്പിച്ച് റബ്ബർമരങ്ങൾക്കിടയിലൂടെ താളവട്ടത്തിലെ മോഹൻലാലിൻറ്റെ പിറകേ പോയ കാർത്തികയെ പോലെ ഞാനും വെച്ച്പിടിച്ചു
അവിടെ ചെന്നപ്പോഴുണ്ടടാ....എൻറ്റെ ഭത്രാവ് സോറി ഭർത്താവ് മലർന്നും ചെരിഞ്ഞും കമിഴ്ന്നും നിന്നും നടന്നുമൊക്കെ നീന്തുന്നൂ .
കുശുമ്പ് എന്തെന്ന് പോലുമറിയാത്ത ഞാൻ വെയിലത്ത് നീന്തിയാൽ കറുക്കും കേറിവാ ചോട്ടാ എന്നൊക്കെ സ്നേഹം കാട്ടി പറഞ്ഞ് നോക്കി... പക്സേങ്കില് ഏശീല്ലാന്നേ. എന്നെ വിറ്റ കാശ് പോക്കറ്റിലിട്ടോണ്ട് നടക്കണയാളാന്ന് അപ്പോഴാ മനസ്സിലായേ.
പിന്നെ ഞാൻ സകലപോക്കണം കേടുകളും മാറ്റിവെച്ചിട്ട് ആര്യപുത്രനോട് കൊഞ്ചിച്ചോദിച്ചൂ.. "പിന്നേ....അതേ ....എനിച്ചും നീന്തണം. ..പഠിപ്പിച്ചുവോ"
അത് കേട്ടപാട് പുള്ളി ഒരു ഒന്നൊന്നരകട്ടജാട തലയിലോട്ട് വെച്ച് നീന്തി ഞാനിരിക്കുന്ന പടവിലേക്ക് വന്നു.
കാര്യം സാധിച്ചു കിട്ടാൻവേണ്ടി അഭിനയത്തിൻറ്റെ പരമോന്നതപീഠം കേറുന്ന ഞാനിത്തവണയും തകർത്തഭിനയിച്ചൂ. അഭിനയത്തിൽ മൂക്കും കുത്തിവീണിട്ടോ എന്തോ...എന്നെ കൈപിടിച്ച് വെള്ളത്തിലേക്ക് ഇറക്കി... ഇറക്കി....ഒടുക്കം കാല് എത്താത്തിടത്ത് കൊണ്ട് നിർത്തി..
ഞാനാണേല് പേടിച്ചിട്ട് സകലഅഹങ്കാരവും അറബിക്കടലിലേക്കൊഴുക്കിവിട്ടിട്ട് പതീദേവോ നമഃ എന്ന മട്ടില് ചേട്ടൻറ്റെ കൈയിൽ ഞണ്ടിറുക്കുന്നത് പോലെ അള്ളിപ്പിടിച്ച് നിന്നു.
" അതേ...ടീ എനിക്കൊരു കാര്യം പറയാനുണ്ട്" കരയ്ക്ക് കയറിയിട്ട് പറഞ്ഞാപ്പോരേ എന്ന മട്ടില് നോക്കി നിക്കുമ്പോ " എനിക്ക് AIDS ആണെന്നത് മറച്ച് വെച്ചിട്ടാണ് ഞാൻ ഇയാളെ കല്യാണം കഴിച്ചത്. ഇയാള് ക്ഷമിക്കണം... ഞാനെന്തായാലും മരിക്കും ഇയാളെ തനിച്ചാക്കീട്ട് പോകാൻ വയ്യാത്തത് കൊണ്ട് ഞാനിയാളെ ഇവിടെ ഉപേക്ഷിക്കയാണ്. ഇയാള് ഒഴുകി അറബിക്കടലിലെത്തുമ്പോഴേ ക്കും മീനുകൾ ഇയാടെ കണ്ണൊക്കെ തിന്ന് തീർക്കും...പേടിക്കണ്ട. ഞാനും പിറകെ വരുന്നുണ്ട്" പറഞ്ഞതും എൻറ്റെ കൈയ്യിലെ പിടിവിട്ടതുംഞാനൊഴുകി നീങ്ങിയതും ഒരുമിച്ചായിരുന്നു.
ഞാൻ രക്ഷിക്കണേ ന്ന് കാറിക്കൂവി. ദൈവങ്ങളെ വിളിക്കാനൊന്നും ഓർത്തില്ലാ പകരം അമ്മേന്ന് വിളിച്ചലറിക്കരഞ്ഞു.. .പെട്ടെന്നാരോ എന്നെ പിടിച്ച് വലിച്ചു....
ചേട്ടനാണ്....ഒരു കള്ളച്ചിരിയോടെ...
ഠപ്പേ...ഠപ്പേ...ഠിഷ്യൂ...തളാങ്കുതിത്തകതോം.... സകലടെൻഷനും ഇടി...അടി...പിച്ച്...മാന്ത്. ..ഇത്യാദിയായി കരയ്ക്കെത്തിക്കുന്നത് വരെ ചേട്ടൻറ്റെ ദേഹത്ത് പ്രയോഗിച്ച് ഞാനൊരു മല്ലേശ്വരിയായി.
കരയിലോട്ട് നിർത്തിയതും ഇങ്ങോട്ട് മോഹൻലാലിൻറ്റെ പിറകേ വന്ന കാർത്തികയുടെ ആത്മാവിനെ വെള്ളത്തിലെറിഞ്ഞിട്ട് ശങ്കരാടിയെ ശകാരിക്കുന്ന സുകുമാരിയമ്മയെ കൂട്ട് പിടിച്ച് ഞാൻ തിരിഞ്ഞ് നടന്നു....അല്ലല്ല തിരിഞ്ഞോടി.
എന്തായാലും നീന്താനുള്ള മോഹം അവിടെ തീർന്നു കിട്ടി ...ഒപ്പം വെള്ളത്തിൽ മുങ്ങിച്ചാകാൻ പോകുന്നയാളുടെ വെപ്രാളമെന്താണെന്നും പഠിച്ചു.
അതിലുമുപരിയായി. ... ജീവിതത്തിലെ ഏത് കുത്തൊഴുക്കിലും എൻറ്റെ കൈയ്യിലെ പിടിവിടാത്ത ഒരു നല്ല മനുഷ്യനാണദ്ദേഹ മെന്ന്...........ഒരു നല്ല രക്ഷിതാവാണദ്ദേഹമെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.

By: Anamika
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo