എൻെറ കൈയ്യിൽ തൊട്ടപ്പോഴാണ് ഞാനവനെ നോക്കിയത്.. പാലക്കാട് jobbys mall ന് അകത്തേക്ക് കൂട്ടുകാരോടൊത്ത് കയറാൻ നില്ക്കുമ്പോഴാണ് നിശബ്ദമായി വന്ന് അവനെന്നെ തൊട്ടത്..മുഷിഞ്ഞ വേഷം, എട്ടു വയസ്സ് പ്രായം തോന്നിക്കും,വാടിയ മുഖം,കൈയ്യിൽ നിറയെ മുല്ലപ്പൂ മാലകളുമായി ഒരാൺകുട്ടി.
..പൂ,വാങ്ങാൻ ആവശ്യപ്പെട്ടാണ് അവൻ വന്നത്. പൂക്കൾ., അവയ്ക്കു ഭംഗി ചെടിയിൽ നില്ക്കുമ്പോൾ മാത്രമാണെന്ന് വിശ്വസിക്കുന്ന എന്നോട് അത് വാങ്ങാൻ പറഞ്ഞപ്പോൾ ചെറിയ ഇഷ്ടക്കേട് തോന്നീ.
എനിയ്ക്കു വേണ്ടെന്നു പറഞ്ഞപ്പോൾ ശബ്ദം താഴ്ത്തികൊണ്ടവൻ വീണ്ടും പറഞ്ഞു,' ഒന്നു വാങ്ങോ, പ്ളീസ്..'
ശരിക്കും അദ്ഭുതം തോന്നി,അവൻെറ അപേകഷയുടെ സ്വരം കേട്ടപ്പോൾ! ഏതൊരു വസ്തുവും വില്പനക്കാർ വില്ക്കുന്നത് തൻെറ വാക്സാമർത്ഥ്യം ഉപയോഗിച്ചാണ്. തമിഴ് കുട്ടികളാണെങ്കിൽ, വേണ്ടെന്ന് പറഞ്ഞാലും പിന്നാലെ കൂടും,അതു വാങ്ങിപ്പിച്ചിട്ടേ പിന്നെ അവരു പോകൂ.. കഴിഞ്ഞ പത്തു കൊല്ലമായി തമിഴ് നാട്ടിൽ ഇരിക്കുന്നതു കൊണ്ട് അതും പരിചിതമാണ്. അവനോട് വേണ്ടെന്ന് പറഞ്ഞ് മാളിനകത്തേക്കു കയറി. ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങി കൈയ്യിലുള്ള പണം തികയാത്തതു കൊണ്ട് ATM അടുത്തേയ്ക്ക് നടന്നപ്പോൾ അവൻ അതിനുപുറത്ത് കണ്ണാടിച്ചില്ലുകളിലൂടെ എന്നെതന്നെ നോക്കുകയായിരുന്നു.
അവൻെറ നോട്ടം എനിയ്ക്കെന്തോ,വല്ലാത്ത കുറ്റബോധം തോന്നി. തിരിച്ച് അവനടുത്തേയ്ക്കു പോയി, എനിയ്ക്കു പൂക്കൾ വേണ്ടെങ്കിലും ഞാനതു വാങ്ങി. കൈ കൊണ്ട് അളന്നു മുറിച്ച് എനിയ്ക്കു നീട്ടി തന്നു.അതിനുള്ള പണവും,അന്നത്തേയ്ക്കുള്ള ഭക്ഷണത്തിനുള്ള പണവും ഞാനവനെ ഏല്പിച്ചു.,അവൻെറ തോളിൽ പിടിച്ചു പറഞ്ഞു 'നിനക്കുള്ളതാണെന്ന്'. പകരം അവൻ പുഞ്ചിരിച്ചില്ല..കണ്ണുകളിലൊരു നനവു കണ്ടു.അതു വാങ്ങി അവൻ തിരിഞ്ഞു നടന്നു.,അവൻെറ അമ്മ കെട്ടികൊടുത്തതാണ് ആ മുല്ല പൂക്കൾ, നേരം ഇരുട്ടിയിരുന്നു..അവൻ ആറാം ക്ളാസിൽ പഠിക്കുന്നു., പേര്.... പേര് ഞാൻ ചോദിച്ചില്ല.!അപ്പോൾ എൻെറ മോനെ ഓർമ്മ വന്നു..മണിക്കുട്ടൻ. അവൻ മണിക്കുട്ടൻ.
by: Jayajith
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക