ശക്തമായ വേദന,കണ്ണ് തുറക്കാൻ പറ്റുന്നില്ല.ചുറ്റും നിന്ന് ആരൊക്കെയോ എന്തൊക്കെയോ പറയുന്നു,ഒന്നും വ്യക്തമല്ല.അസഹ്യമായ വേദന,ഒന്ന് കരയാൻ പോലും കഴിയുന്നില്ല.അതിനിടയിൽ എപ്പോഴോ മയക്കത്തിലേക്കു വീണു.വീണ്ടും ആരോ തട്ടിയുണർത്തുന്നു,മുൻപിൽ മങ്ങിയ കാഴ്ചകളും അവ്യക്തമായ ചില ശബ്ദങ്ങളും മാത്രം.വീണ്ടും മയക്കത്തിലേക്ക്."മോനെ എത്ര നേരായി കിടക്കുന്നു,എണീക്ക്" അമ്മയുടെ ശബ്ദമാണ്,ഞാൻ ഞെട്ടിയുണർന്നു ! പക്ഷെ അടുത്ത് അമ്മയില്ല! കാഴ്ച കുറച്ചുകൂടി വ്യക്തമാണ്.കിടക്കുന്നത് ഒരു ആശുപത്രിയിലാണെന്ന് മനസ്സിലായി.മുഖത്ത് ഒരു മാസ്ക്,വായിൽ ട്യൂബ് നെഞ്ചിൽ തലങ്ങും വിലങ്ങുമായി കുറെ വയറുകൾ,ഇപ്പോഴും വേദനക്ക് ശമനമില്ല.വേദനകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ആരോ നെറ്റിയിൽ പതിയെ തലോടുന്ന പോലെ,അമ്മയാണോ? അല്ല ഒരു നഴ്സ് ! അവർ പുഞ്ചിരിച്ചുകൊണ്ട് എന്റെ കണ്ണീർ ഒപ്പി."വേദനയുണ്ടോ?".. ആ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് കഴിയുന്നില്ല,സംസാരിക്കാൻ പറ്റുന്നില്ല! "സാരമില്ല ഉറങ്ങിക്കോളൂ ,എല്ലാം ശരിയാകും" വീണ്ടും എന്റെ കണ്ണ് നീർ തുടച്ചുകൊണ്ട് അവർ പറഞ്ഞു.അവർ എന്റെ നെറ്റിയിൽ തലോടിക്കൊണ്ടേ ഇരുന്നു..ആ നനുത്ത സ്പർശം എനിക്കൊരു ആശ്വാസമായിരുന്നു.ഞാൻ വീണ്ടും മയങ്ങി..ഓരോ തവണ ഞെട്ടിയുണരുമ്പോഴും വേദനയാൽ കണ്ണ് നിറയുമ്പോഴും ഒരു ചെറു പുഞ്ചിരിയോടെ അവർ എന്റെ അടുത്ത് വന്നു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.പിന്നീട് അതുപോലുള്ള പല മുഖങ്ങൾ ഞാൻ കണ്ടു. അമ്മയുടെ അതെ വാത്സല്യത്തോടെ അവർ എന്നെ പരിചരിച്ചു.ഞാൻ പതിയെ സുഖപ്പെടുകയായിരുന്നു.കാലുകൾ തിരുമ്മി ചൂട് പിടിപ്പിച്ചും,ഭക്ഷണം തന്നും,വേദനിക്കുമ്പോൾ ആശ്വസിപ്പിച്ചും അവർ എന്നെ പരിചരിച്ചു.പുഞ്ചിരിയോടെ എന്റെ മുൻപിൽ നിൽക്കുമ്പോഴും പലപ്പോഴും അവരുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.അവർ കരയുകയയിരുന്നോ?അതോ ശരിക്കും ഉറങ്ങാൻ സാധിക്കാത്തതുകൊണ്ടാണോ? അറയില്ല! എന്നെ പോലുള്ള പലരെയും പരിചരിച്ചുകൊണ്ട് വിശ്രമമില്ലാതെ അവർ ജോലി ചെയ്തുകൊണ്ടിരുന്നു.
അസുഖം കുറയാൻ തുടങ്ങിയപ്പോൾ എന്നെ വാർഡിലെക്ക് മാറ്റി.അവിടെയും സ്നേഹത്തോടെയുള്ള പരിചരണം മാത്രം.അവർ എനിക്ക് തമാശകൾ പറഞ്ഞു തന്നു, ശാസനയോടെ മരുന്ന് കഴിപ്പിച്ചു, സ്നേഹത്തോടെ ഭക്ഷണം തന്നു. ഡിസ്ചാർജ് ആയി പോകുമ്പോൾ ഐ .സി .യു വിൽ എന്നെ പരിചരിച്ച അവരെ കാണാൻ ഞാൻ അവിടെ പോയി. എന്നെ കണ്ടതും അവരിൽ ചിലർ ഓടി അടുത്തുവന്നു!സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ തലയിൽ തലോടി,എന്റെ കൈകൾ ചേർത്തു പിടിച്ച് അവർ എന്റെ അടുത്ത് നിന്നു.അധിക സമയം അവർക്ക് എന്റെ കൂടെ നിൽക്കാൻ സാധിക്കുമായിരുന്നില്ല.എന്നോട് യാത്ര പറഞ്ഞു അവർ ആ തിരക്കുകളിലേക്ക് തിരിച്ചു നടന്നു ഞാൻ കിടന്നിരുന്ന ബെഡിൽ ഇപ്പോൾ മറ്റൊരാള ഉണ്ട്! മാറ്റമില്ലാത്ത ഉത്തരവാദിത്തത്തോടെ ആ മാലാഖമാർ അദ്ദേഹത്തെയും പരിചരിച്ചുകൊണ്ടിരുന്നു ... ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖമാർ...അവരുടെ കൈകളിലൂടെ സുഖവും ശാന്തിയും പകർന്നു കൊണ്ടേ ഇരുന്നു.......
By Arun Gopi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക