നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില സത്യങ്ങൾ


എനിക്ക് ഒന്നും കാണാൻ കഴിയാത്ത പോലെ ,,,, കണ്ണിൽ ഇരുട്ട് കയറി മൂടിയിരിക്കുന്നു. അവ്യക്തമായി ഞാൻ കാണുന്നുണ്ട് ഇളം നീല കർട്ടന് പുറകിൽ അവർ ഒളിച്ചിരിക്കുന്നു. വിളിക്കാൻ- എന്ടെ നാവും, കൈയും കുഴഞ്ഞ് കിടപ്പാണ്. കാലുകൾ മരക്കൊള്ളി കണക്കെ നിലംപട്ട് കിടക്കുന്നു. ശരീരമാസകലം തണുപ്പ് പടർന്നിരിക്കുന്നു. ചുണ്ടുകൾ ഒന്ന് നനയാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ. ........... ഇല്ല ആരും ഇല്ല. അവിടെയെങ്ങും ശൂന്യമാണ്. അങ്ങേ തലക്കീന്ന് ഒരു ഞരക്കം കേൾക്കുന്നുണ്ട്..,,, ", പേറ്റ് നോവിന്റെ ഞരക്കം ".
എനിക്കോർമ്മയുണ്ട് ,ഞാൻ കുറച്ച് മുൻപ് ഒരു കുഞ്ഞിന് ജന്മം നല്കിയിട്ടുണ്ട്. അതെ ,,, ആ പൈതലിന്റെ മുഖം ഞാൻ കണ്ടില്ലല്ലോ ഈശ്വരാ..എനിക്കപ്പോ ഒന്നും ഓർമ്മയില്ലായിരുന്നു. വേദന കൊണ്ട് പുളഞ്ഞതായിരുന്നു. തല പെരുത്ത് പൊട്ടുന്ന പോലെ തോന്നിയിരുന്നു. ദൈവത്തിന്റെ മാലാഖമാർ എവിടെ? ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ..... ജീവനെ പിടിച്ചു നിർത്താൻ പറ്റുമായിരുന്നു. എന്റെ ആയുസ്സ് തീരാൻ പോവുകയാണ്. രക്തം വാർന്ന് പോകുന്നത് ഞാനറിയുന്നുണ്ട്. പത്ത് മാസം എന്നെ പഠിച്ച, എന്റെ ഗർഭപാത്രത്തെ പഠിച്ച, എന്ടെ പ്രസവ ചുമതല നോട്ടുകൾ വാങ്ങി മടക്കി വച്ച് ഏറ്റെടുത്ത ഡോക്ടർ എവിടെയായിരുന്നു. ??? മാലാഖമാർ എന്ന് വാഴ്ത്തുന്നവർക്ക് എന്നെ എറിഞ്ഞ് കൊടുത്ത് ,,,, വീട്ടിലെ എ.സി. മുറിയിൽ സുഖനിദ്ര കൊള്ളാൻ ദൈവത്തിന്റെ പാതിയെന്ന് അവകാശപ്പെടുന്ന അവർക്ക് എങ്ങനെ കഴിഞ്ഞു.
ഒരു പാട് തവണ വിളിച്ചില്ലേ.... ഡോക്ടർ പ്ലീസ് ,,, വന്നേ പറ്റൂ... ഈ കുട്ടി വളരെ വീക്കാണ്, ഒരു സിസേറിയൻ ആവശ്യമുണ്ടെന്ന് ആ നഴ്സുമാർ കെഞ്ചിപറഞ്ഞില്ലേ... വന്നില്ല. ,നിങ്ങൾ ട്രൈ ചെയ്യൂ... എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തില്ലേ,. എല്ലാം എനിക്കിപ്പോ ഓർമ്മ വരുന്നു. ഒടുവിൽ ഏതോ ഡ്യൂട്ടി ഡോക്ടറുടെ കൈകളുടെ ബലത്തിൽ എന്റെ തങ്കക്കുടം! ഈ ഭൂമിയിലേക്ക് പിറന്നു വീണതും. അതേ ഓർക്കുന്നുള്ളൂ.... പിന്നെ ഞാൻ മരിച്ച് കൊണ്ടിരിക്കുകയാണ്. പുറത്ത് ആരോ എന്റെ കുഞ്ഞിനെ ഏറ്റു വാങ്ങിയിട്ടുണ്ട്. കണ്ണു തുറക്കാത്ത എന്ടെ പൈതലിന് അമ്മൂമയും, അച്ഛമ്മയും, അച്ഛനും എന്തല്ലാമോ കാട്ടിക്കൊട്ടക്കുന്നുണ്ടാവും.എനിക്കുമൊന്ന് അവിടെ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ. ഇവരെന്നെ കൊല്ലുകയാണോ ഈശ്വരാ......
ആരെല്ലാമോ വാനോളം പുകഴ്ത്തുന്ന മാലാഖമാർ - ഒളിച്ചിരിക്കുന്നോ? എന്ടെ വാർന്ന് തീരുന്ന രക്തത്തിന്റെ ഒഴുക്കിനെ ഒന്ന് ഇവർക്ക് പിടിച്ചു നിർത്തരുതോ.....,,, ? എനിക്ക് ജീവിച്ച് കൊതി തീർന്നില്ല, എന്റെ കുഞ്ഞിനെ അമ്മയില്ലാതെ ജീവിക്കാൻ ഭൂമിയിലേക്ക് പറഞ്ഞ് വിട്ടത് എന്തിനാ? ഏങ്ങി ഏങ്ങി കരയാൻ പോലും ശേഷിയില്ലല്ലോ എനിക്ക്.
ഏതോ രണ്ട് കണ്ണുകൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്, അതെ അതിൽ കരുണയുണ്ട്, വാത്സല്യമുണ്ട്, അമ്പരപ്പുണ്ട് . അത് പ്രായം ചെന്ന ഒരു സ്ത്രീയാണ് ലേബർ റൂമിലെ വിഴുപ്പുകൾ പേറുന്ന മറ്റൊരു മാലാഖ. കയ്യിൽ വലിയ ഗ്ലാസുമായി പേടിയോടെ അവരെന്നെ സമീപിച്ചു. എന്റെ നെറ്റിയിൽ തലോടി.ഗ്ലാസിലെ വെള്ളം എന്റെ വായിലേക്ക് ഒഴിച്ച് തന്നു. ആർത്തിയോടെ ആ വെള്ളം ഞാൻ കുടിച്ചിറക്കി."" ഒന്നുമില്ല മോളേ.... കടിഞ്ഞൂൽ അല്ലേ...... പേടിച്ചിട്ടാ.." അതു പറയുമ്പോഴും ആ വൃദ്ധയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഭയം കട്ടിയായി വന്ന് നില്ക്കുന്നു. പെട്ടെന്നാണ് ആ കർട്ടൻ വകഞ്ഞ് മാറ്റി അവര് കഴുകന്മാരെ പോലെ ആ സ്ത്രീയുടെ അരികിലേക്ക് പറന്ന് വീണത്.
"ഛീ.. തള്ളേ..... പോ.. നിങ്ങളെ ആരാ ഇങ്ങോട്ട് വിളിച്ചത് , എം.ബി.ബി.എസ് എടുത്തല്ലല്ലോ ക്ലീനിംങ് ജോലിക്ക് വന്നത്?... പോകാനാ പറഞ്ഞത്. ".. അലറി വിളിക്കുന്ന മാലാഖമാർ! "ചുമ്മാ കെടന്ന് കരയാതെ കൊച്ഛേ.. "
വീണ്ടും അവർ എന്തിനെയൊക്കെയോ ഭയന്ന് ആ കർട്ടന്റെ മറവിനെ കൂട്ട് പിടിച്ചു.
"ഞങ്ങളെ കൊലയ്ക്ക് കൊടുക്കാനായ് ഓരോ മാരണം. " മാലാഖമാർ പിറുപിറുക്കുന്നുണ്ട്.
എന്റെ ശരീരം ഒരു വിടവാങ്ങലിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്റെ കുഞ്ഞിന്റെ മുഖം മനസ്സുനിറയെ തിങ്ങി നില്ക്കുന്നുണ്ട്. ഇവരെന്നെ കൊല്ലുകയാണ് , അതെ മരിക്കുന്നുവെങ്കിൽ മരിക്കട്ടെ അത്ര നേരമെങ്കിലും അവർക്ക് സ്വസ്ഥത കിട്ടുമല്ലോ... അതു മാത്രമായിരിക്കും വെള്ള ചേല ചുറ്റിയ മാലാഖമാർ ചിന്തിച്ചത്! മരണം അവർ ഉറപ്പിച്ചു. കരുണയുടെ അംശം എവിടെ? ഞാൻ കണ്ടില്ല അവിടെയൊന്നും. എന്റെ നിറം ഇപ്പൊ അവരുടെ സാരിയുടെ നിറമാണ് "തൂവെള്ള " പരിശുദ്ധിയുടെ, പരിപാവനത്തിന്റെ നിറം. ചോര വറ്റിയ ശരീരം ! ഞാൻ മണ്ണിനോട് ചേരാൻ പോകുന്നു., എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ച്, എന്റെ തങ്ക കുടത്തിനെ ഉപേക്ഷിച്ച് മറ്റൊരു ലോകത്തെ മാലാഖ കുഞ്ഞുങ്ങളോടൊപ്പം ഞാനുണ്ടാകും. ദൈവം തന്ന വിധിയല്ല എനിക്കിത്. ദൈവത്തിന്റെ കുപ്പായമണിഞ്ഞവർ തന്ന വിധിയാണ്. പുറത്ത് എന്നെ എതിരേല്ക്കാൻ കാത്ത് നില്ക്കുന്ന ഉറ്റവരുടെ കരച്ചിൽ ഞാൻ കേൾക്കുന്നുണ്ട്., ആരുടെയൊക്കെയോ പൊട്ടിത്തെറി കേൾക്കുന്നുണ്ട്, എന്തൊക്കെയോ തച്ചുടയ്ക്കുന്നത് ഞാനറിയുന്നുണ്ട്. എന്തിന്? ഇനി എന്തിന്? പരാതിയില്ലാത, പരിഭവമില്ലാതെ ഞാൻ കണ്ണടച്ചു.അടുത്ത ജന്മത്തിൽ ഭൂമിയിലെ മാലാഖയായി പിറവിയെടുക്കണം-

By: 
ShamseeraShameer Chechi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot