നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എലിസബത്ത് മേരിയുടെ സ്വര്‍ണ്ണ നിറമുള്ള ഒരു ദിവസം.


എലിസബത്ത് മേരി എന്ന മൂന്നാം ക്ലാസ് കാരി രാവിലെ സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുവാന്‍ തുടങ്ങി.അവളുടെ പഞ്ഞി പോലെ വെളുത്ത ചക്കിപൂച്ച അവള്‍ ഒരുങ്ങുന്നത് നോക്കി കൊണ്ട് കണ്ണുകള്‍ ചിമ്മി മേശമേല്‍ മടിപിടിച്ച് ചടഞ്ഞു കൂടിയിരുന്നു.ഒരുങ്ങുന്നതിനിടയില്‍ എലിസബത്ത് തന്റെ ഡ്രോയിംഗ് ബുക്ക് കളഞ്ഞു പോയ കാര്യം മമ്മിയോടു പറയണോ എന്ന് ആലോചിച്ചു വ്യാകുലപ്പെട്ടു.പൂച്ചയാകട്ടെ എലിസബത്തിന്റെ ടെന്ഷ്ന്‍ മനസ്സിലാക്കാതെ രാത്രി അവളുടെ മമ്മി ഉറങ്ങുന്നതിനു മുന്പ് പറഞ്ഞു കൊടുത്ത രാജകുമാരന്റെയും രാജകുമാരിയുടെയും കഥ കേട്ടത് ഓര്‍ത്തു കൊണ്ടിരുന്നു. എലിസബത്തിന്റെ കട്ടിലിനടിയില്‍ ഒരു പല്ലിയെ പിടിക്കാന്‍ അനങ്ങാതെ കാത്തിരുന്നപ്പോഴാണ്‌ മുകളില്‍ നിന്ന് മമ്മി ആ കഥ പറയുന്നത് പൂച്ച കേട്ടത്.എലിസബത്ത് മേരി പച്ചയും നീലയും കലര്‍ന്ന യൂണിഫോമും ,സോക്സും കറുത്ത ഷൂസും,ചുവന്ന കളങ്ങള്‍ ഉള്ള ബാഗും വെള്ളക്കുപ്പിയുമായി സ്കൂളിലേക്ക് പോകാന്‍ തയ്യാറായി.
അവളുടെ മമ്മി ടിഫിന്‍ ബോക്സില്‍ ചോറും തോരനും ഇറച്ചി വരട്ടിയതും എടുത്തു വച്ചതിനു ശേഷം മൂന്നു നാല് കഷണം ഇറച്ചി തിരികെ എടുത്തു ചട്ടിയില്‍ ഇട്ടു.പിന്നെ ഒന്ന് കൂടി ആലോചിച്ചതിനു ശേഷം അത് കൂടി തിരികെ എടുത്തു വച്ചു.എന്നിട്ട് അടുക്കളയില്‍ നിന്ന് കൊണ്ട് മമ്മി ഉറക്കെ വിളിച്ചു പറഞ്ഞു...
“മോളെ കറി മുഴുവന്‍ കൂട്ടിക്കോളനം...അല്ലാതെ കളഞ്ഞിട്ടു ഇങ്ങോടു പോന്നെക്കരുത്...”
അടുക്കളയിലെ മമ്മിയുടെ ശബ്ദവും ഇറച്ചിയുടെ മണവും ചക്കി പൂച്ചയെ രാജകുമാരന്‍ കുതിരപ്പുറത്തു പോയി വലിയ കോട്ടയില്‍ നിന്ന് രാജകുമാരിയെ രക്ഷിക്കുന്ന സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി. .പൂച്ച പതുക്കെ എഴുന്നേറ്റ് ,മ അടുക്കളയിലേക്ക് നീങ്ങി.
എന്നാലും തന്റെ ഡ്രോയിംഗ് ബുക്ക് എവിടെ പോയി?പെട്ടെന്നാണ് അവള്‍ ഓര്‍ത്തത്‌....അത് സണ്ടേസ്ക്കളിലെ ടീച്ചറായ സിസ്റര്‍ അഗസ്റ്റീനക്ക്, കൊടുത്തു വിട്ടിരുന്നു.അല്‍ഫോന്‍സാമ്മയുടെയും ,മദര്‍ തെരേസയുടെയും ഒക്കെ ചിത്രങ്ങള്‍ അവള്‍ മനോഹരമായി പെന്‍സില്‍ കൊണ്ട് വരച്ചത് ,ഏതോ ഇംഗ്ലീഷ് പത്രത്തില്‍ അയച്ചു കൊടുക്കാന്‍ സിസ്റര്‍ വാങ്ങിച്ചു കൊണ്ട് പോയിരുന്നു.
“മമ്മീ ഞാന്‍ തിരിച്ചു വരുമ്പോള്‍ മഠത്തില്‍ കേറിയിട്ടു വന്നോട്ടെ..എന്റെ ബുക്ക് സിസ്ററിന്റെ കയ്യിലാ..”
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ബ്രെഡും ജാമും മടിയോടെ കഴിക്കുന്നതിനിടയില്‍ എലിസബത്തു ചോദിച്ചു.
“നിനക്ക് അടുത്ത ഞായറാഴ്ച മേടിച്ചാല്‍ പോരെ...”
“പറ്റില്ല മമ്മീ ...നാളെ പെയിന്റിംഗ് ക്ലാസ് ഉണ്ട്.അലോഷ്യസ് സാറ് വഴക്ക് പറയും..”
എലിസബത്ത് പറഞ്ഞു.
സ്വര്‍ണ്ണനിറമുള്ള ഒരു ദിവസമായിരുന്നു അത്.മാലാഖകളെ പോലെ വെയില്നാളങ്ങള്‍ ഭൂമിയിലേക്ക് പുലരിയില്‍ പതുക്കെ ഇറങ്ങി വന്നു..റോഡരികിലെ അനന്തമായി നീണ്ടു കിടന്ന മരച്ചീനിതോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ,രാത്രിയിലെ അലസ സ്വപ്നത്തില്‍ നിന്ന് മിഴി തുറന്നു,മടി പിടിച്ചു സ്കൂളിലേക്ക് ബാഗും തൂക്കി വരി വരിയായി നടന്നു പോകുന്ന കുട്ടികള്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
മമ്മിക്ക് ഉമ്മ കൊടുത്ത ശേഷം പോകാന്‍ നേരം അവള്‍ ഉറക്കെ വിളിച്ചു ...
“ചക്കീ ബൈ..”
പൂച്ച അടുക്കളയില്‍ നിന്ന് ഇറങ്ങി അവളുടെ ഒപ്പം ഗെയ്റ്റ് വരെ നടന്നു...
ഗേറ്റിനരികില്‍ എത്തിയപ്പോള്‍ പുല്ലില്‍ എന്തോ അനങ്ങുന്നത് കണ്ടു പൂച്ച അവളെ വിട്ടു അങ്ങോട്ട്‌ ഓടി പോയി.
അവള്‍ സ്കൂളിലേക്ക് നടന്നു തുടങ്ങി.പോകുന്ന വഴി വഴിയരികിലെ തോട്ടത്തില്‍ മരച്ചീയിനിലകളുടെ തുമ്പില്‍ തലേ രാത്രിയില്‍ പെയ്ത മഴയുടെ തുള്ളികള്‍ ,നേര്‍ത്ത പുലരി വെയിലില്‍ ,പല നിറങ്ങളില്‍ പ്രകാശിക്കുന്നത് എലിസബത്ത്‌ മേരി കണ്ടു.അപ്പോള്‍ ആ മഴവില്‍ കടലാസ്സ്‌ പൊതിയുള്ള മിട്ടായിയുടെ കാര്യം അവള്ക്കു ഓര്‍മ്മ വന്നു. പണ്ട് ഒരിക്കല്‍ മമ്മിയുടെ കൂടെ അവള്‍ മഠത്തില്‍ പോയപ്പോള്‍ വലിയ കണ്ണുകള്‍ ഉള്ള മദര്‍ സുപ്പീരിയര്‍ കൈ നിറയെ മിട്ടായി തന്നത് അവള്ക്കു് സമ്മാനിച്ചു..മഴവില്ലിന്റെ നിറമുള്ള ,തിളക്കുമുള്ള കടലാസ്സ്‌ കൊണ്ട് പൊതിഞ്ഞ മിട്ടായികള്‍.എന്ത് മധുരമായിരുന്നു അവയ്ക്ക്.അപ്പോള്‍ അവള്‍ മഠത്തില്‍ പോയി സിസ്റര്‍ അഗസ്റ്റീനയെ കാണുന്ന കാര്യം ഓര്‍ത്തു.
അല്പ നേരം കൂടി വഴിയില്‍ നിന്ന് എലിസബത്ത് മേരി ആ കാഴ്ച കണ്ടു.തല ഒരല്പ്പം ചെരിച്ചു നോക്കിയാല്‍ ,മഴവില്ല് പോലെ വെട്ടം ചിതറുന്നത്‌ കാണാം.നേരെ നോക്കിയാല്‍ ഒന്നുമില്ല.മരച്ചീനിയുടെ ചിരിക്കുന്ന ഇലകള്‍ മാത്രം.അവള്‍ തല ചലിപ്പിക്കുന്നത് അനുസരിച്ച് മുടി പിന്നിക്കെട്ടിയ ചുവന്ന റിബ്ബണും ചലിച്ചു.ഭംഗിയുള്ള ആ കാഴ്ച കണ്ടു ഒരു വെളുത്ത മേഘം യാത്ര നിര്‍ത്തി അത് നോക്കി നിന്നു.
ദൂരെ ഒന്നാം മണി അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ എലിസബത്ത് മഴവില്‍ തുള്ളിയെ ഉപേക്ഷിച്ചു സ്കൂളിലേക്ക് ഓടി.
അന്ന് സ്കൂള്‍ ഉച്ച വരെയേ ഉണ്ടായിരുന്നുള്ളു.സ്കൂളിലെ ബഹളങ്ങള്‍ കഴിഞ്ഞു എലിസബത്ത് വേഗം സ്കൂളിന്റെ പുറകിലൂടെ പോകുന്ന റോഡിലൂടെ മഠത്തിലേക്ക് നടന്നു.സ്കൂളില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അങ്ങോട്ട്‌. പോകുന്ന വഴിക്കാണ് എലിസബത്ത് ആ കാഴ്ച കണ്ടത്.
റോഡില്‍ നിന്ന് അല്പം മാറി സമീപം വലിയ മതില്‍ കെട്ടി തിരിച്ച തോട്ടത്തിനുള്ളില്‍ ഒരു വീട്.തോട്ടത്തില്‍ മതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങളില്‍ നിറയെ പാഷന്‍ ഫ്രൂട്ട് വള്ളികളുടെ പടര്‍പ്പുകള്‍..അവയില്‍ അങ്ങ് ഉയരത്തില്‍ നിറയെ പാഷന്‍ ഫ്രൂട്ട് കായ്കള്‍ അവളെ നോക്കി ചിരിച്ചു.തോട്ടവും വഴിയുമെല്ലാം വിജനമായിരുന്നു.
അവള്‍ അടഞ്ഞു കിടന്ന ഗെയ്റ്റ് തള്ളി തുറന്നു അകത്തു കയറി..വീടിന്റെ മുറ്റം നിറയെ ഇലകള്‍ വീണു കിടന്നിരുന്നു.വളരെ പഴക്കം ചെന്ന ഒരു വീടായിരുന്നു അത്.
അവള്‍ പതുക്കെ തോട്ടത്തിനുള്ളിലേക്ക് ഇറങ്ങി വള്ളി പടര്‍പ്പുകളുടെ അരികില്‍ എത്തി.പാഷന്‍ ഫ്രൂട്സ് അങ്ങ് ഉയരത്തിലാണ്.അവള്‍ ആ വള്ളികളില്‍ പിടിച്ചു കുലുക്കി നോക്കി.ഒരു രക്ഷയുമില്ല.അപ്പോഴാണ് അതിന്റെ ഉടമസ്ഥര്‍ കണ്ടാല്‍ വഴക്ക് പറഞ്ഞാലോ എന്ന ചിന്ത അവള്‍ക്കു തോന്നിയത്.
“ഒരു തോട്ടി ഉണ്ടേല്‍ പറിക്കാമായിരുന്നു അല്ലെ മോളെ..”ശബ്ദം കേടു എലിസബത്ത് തിരിഞ്ഞു നോക്കി.
കഴുത്തില്‍ വെന്തിങ്ങ അണിഞ്ഞ നരച്ച നെഞ്ചുള്ള ഒരു അപ്പൂപ്പന്‍.വീടിന്റെ ഉള്ളില്‍ നിന്ന് ചട്ടയും മുണ്ടും ഉടുത്ത ഒരു ചേടത്തിയും ഇറങ്ങി വന്നു.
“ആഹാ നീ എവിടുത്തെയാടി കൊച്ചെ....എങ്ങോട്ട് പോവുകാ..”
“ഞാന്‍ മഠത്തി വന്നതാ വല്യമ്മച്ചീ...എന്റെ ഡ്രോയിംഗ് ബുക്ക് സിസ്റ്ററിന്റെ കയ്യിലാ...”
“അതെന്നതാ...”
“പടം വരയ്ക്കുന്ന ബുക്കാ വല്യമ്മച്ചീ..”
“ആഹ മോള് പടം വരക്കുമോ...”..അപ്പൂപ്പന്‍ ചോദിച്ചു.
“നമ്മുടെ ജോസുകുട്ടീടെ മോള്‍ടെ പ്രായം വരും ഇവള്‍ക്ക് അല്യോ...എന്താ മോള്‍ടെ പേര് ?” വല്യമ്മച്ചി ചോദിച്ചു.
“എലിസബത്ത് മേരി..."
“ആഹാ ഏലിയാമ്മ..ജോസുക്കുട്ടീടെ കൊച്ചിന്റെ പേരും അത് തന്നെ..വിശുദ്ധയുടെ പേരാ...”
“ആ എലിസബത്ത് എവിടാ വല്യമ്മച്ചീ...”?അവള്‍ കൗതുകത്തോടെ ചോദിച്ചു.
“അതിനെ ഞങ്ങള്‍ കണ്ടിട്ട് പോലുമില്ല എന്റെ പോന്നു കൊച്ചെ.അവര്‍ പുറംരാജ്യത്താ...”ചേടത്തി പറഞ്ഞു.
ഇതിനിടയില്‍ വല്യപ്പച്ചന്‍ വീടിന്റെ അരികില്‍ നിന്ന് ഒരു തോട്ടി എടുത്തു കൊണ്ട് വന്നു.അദ്ദേഹം പാഷന്‍ ഫ്രൂട്ട് കുത്തിയിടുന്നത് എലിസബത്ത് കൌതുകത്തോടെ നോക്കി നിന്നു.നരച്ച നെഞ്ചില്‍ വെന്തിങ്ങ പോക്കുവെയിലില്‍ മിന്നുന്നത് കാണാന്‍ നല്ല രസമായിരുന്നു.രാവിലത്തെ നിറങ്ങള്‍ പ്രകാശിക്കുന്ന മഴത്തുള്ളി അവള്‍ക്ക് ഓര്‍മ്മ വന്നു.
പാഷന്‍ ഫ്രൂട്ട് പെറുക്കി അവള്‍ ബാഗില്‍ ഇട്ടു.
“വേഗം പൊക്കോ കൊച്ചെ...ഇവിടെ എങ്ങും ഒരു മനുഷന്‍ പോലുമില്ല..വല്ലാത്ത കാലമാ..വേഗം മഠത്തില്‍ കയറി പുസ്തകം വാങ്ങിച്ചു വീട്ടിലോട്ടു പൊക്കോ..”
ചേടത്തി പറഞ്ഞു.
അവള്‍ അവരോടു യാത്ര പറഞ്ഞു മഠത്തിലേക്ക് നടന്നു..സിസ്റര്‍ അഗസ്തീന മുറ്റത്ത്‌ ഉണ്ടായിരുന്നു.സിസ്റ്റര്‍ അവളെ അകത്തു വിളിച്ചു കൊണ്ട് പോയി കുറെ മിട്ടായികളും ജ്യൂസും ഒക്കെ കൊടുത്തു.ബുക്കും വാങ്ങി പോകാന്‍ നേരം എലിസബത്ത് അക്കാര്യം ഓര്‍ത്തത്‌...അവള്‍ ബാഗില്‍ നിന്ന് രണ്ടു പാഷന്‍ ഫ്രൂട്ട് സിസ്റ്ററിന് കൊടുത്തു.അത് കിട്ടിയ കഥയും പറഞ്ഞു.
“വേഗം വീട്ടിലോട്ടു പൊക്കോ ..നേരം വൈകണ്ട..സിസ്റ്റര്‍ അവളെ യാത്രയാക്കി.
അന്ന് വൈകുന്നേരം മദര്‍ സുപ്പീരിയര്‍ യാത്ര കഴിഞ്ഞു വന്നപ്പോള്‍ സിസ്റര്‍ അഗസ്തീന എലിസബത്ത് തനിക് തന്ന പാഷന്‍ ഫ്രൂട്ട് സമ്മാനിച്ചു.മദറിന് അത് ഇഷ്ടമാണെന്ന് സിസ്ടറിനു അറിയാമായിരുന്നു.പാഷന്‍ ഫ്രൂട്ട് കണ്ടപ്പോള്‍ മദര്‍ ചോദിച്ചു.
“ഇതെവിടുന്നു കിട്ടി..?”
കഥകള്‍ എല്ലാം കേട്ടപ്പോള്‍ മദര്‍ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
“ഇതാ അമേരിക്കയില്‍ കഴിയുന്ന ജോസിന്റെ പുരയിടത്തിലെ ആയിരിക്കും.പക്ഷെ അവന്റെ വല്യപ്പനും വല്യമ്മയും ഒക്കെ മരിച്ചിട്ട് വര്‍ഷങ്ങളായി...”
അപ്പോള്‍ ദൂരെ ആരും താമസിക്കാനില്ലാത്ത ആ പഴയ വലിയ വീട്ടിലെ സ്വീകരണ മുറിയില്‍ ഫ്രെയിംചെയ്തു വച്ച ഒരു വൃദ്ധന്റെയും വൃദ്ധയുടെയും ചിത്രങ്ങളുടെ മുഖത്ത് ഒരു മന്ദഹാസം തെളിഞ്ഞു.
പോക്കു വെയില്‍ പിന്‍വലിഞ്ഞു. സ്വര്‍ണ്ണ നിറമുള്ള ആ ദിവസം അവസാനിക്കുമ്പോള്‍ എലിസബത്ത് മേരി മമ്മിക്കു അന്നത്തെ സ്കൂളിലെ കഥകള്‍ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. മേശക്കു മുകളില്‍ പാതിയുറക്കത്തില്‍ ചക്കി പൂച്ച അത് കേട്ട് കൊണ്ടിരുന്നു .
(അവസാനിചു)

By: Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot