മോഹനാകാരനാം പാന്ഥനരയാലിന്‍
ശീതളഛായയില്‍ വിശ്രമിച്ചീടവേ
മന്ദാനിലന്‍ പുഷ്പഗന്ധവുമായ് വന്നു
മെല്ലെത്തഴുകി മയക്കീടവേയൊരു
ചെറുകിളിയൊച്ചകേട്ടപ്പോഴുണര്‍ന്നൊരാ
പാന്ഥന്‍റെ ശ്രോത്രങ്ങളില്‍ മണിവീണതന്‍
ഗാനാമൃതം വഴിഞ്ഞെത്തീയതു നേരം
മുന്നിലവതരിച്ചൊരു സുരനര്‍ത്തകി
ഹിന്ദോളരാഗത്തിനോളങ്ങളാലവള്‍
പാന്ഥനോരാനന്ദസാഗരം തീര്‍ത്തവള്‍
മോഹനാകാരനാം പാന്ഥന്‍റെ മുന്നില -
ന്നാനന്ദ നര്‍ത്തനമാടി മനോഹരി .
ഹൃദയമാം വാടിയില്‍ നിന്നിറുത്തോരനു
രാഗസൂനങ്ങളാല്‍ മാലികാ തീര്‍ത്തവള്‍.
രാഗവിവശയായ് വ്രീളാവിവശയായ്
മാല്യം പഥികനില്‍ ചാര്‍ത്തിയാ സുന്ദരി
കൈകോത്തുനര്‍ത്തനമാടിയവരൊട്ടു
നേരമായ് നീരാടീയാനന്ദസാഗരേ
വാഗ്സുധാസാഗരം തീര്‍ത്തവള്‍ പാന്ഥനായ്
സ്വര്‍ഗ്ഗമീ ഭൂമിയില്‍ തീര്‍ത്തുകൊടുത്തവള്‍
സുധയെന്നതോര്‍ത്തു ഭുജിച്ചൂ വിഷമെന്നു
പാവമാ പാന്ഥനറിഞ്ഞതില്ലൊട്ടുമേ
നര്‍ത്തകി തീര്‍ത്തോരനുരാഗമാല്യമോ
ബന്ധനമെന്നതുമട്ടറിഞ്ഞില്ലവന്‍
നൃത്തം കഴിഞ്ഞവള്‍ പൂകീ സുരപഥം
പാന്ഥനേകാന്തതതന്‍ പയോരാശിയി -
ലാഴത്തിലുഗ്രതമസ്സില്‍ പതിക്കവേ
ബന്ധിച്ചു ചേതനയെ മലര്‍മാല്യവും .
വാക്സുധാപാനം മയക്കിയാ പാന്ഥനെ
ഹൃത്തിലതുഗ്രവിഷമായ് ചമഞ്ഞുപോയ്
ഇന്നുമലയാഴിയില്‍ അലയുന്നുവാ
പാന്ഥന്‍, കര കയറാന്‍ കഴിയാതവന്‍ .
By: Krishnarajasarma
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക