Slider

ഒരു മടക്കയാത്ര

0

(എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും ഹൃദയ പൂർവ്വം സമർപ്പിക്കുന്നു )

അന്നും പതിവ് പോലെ ഞങ്ങൾ എല്ലാവരും
ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
എനിക്കേറ്റവും ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ടേബിളിൽ നിരത്തിവെച്ച് എന്നെ ഏറെ ആവേശത്തോടെ ഊട്ടുമ്പോഴും അവളുടെ ദുഖം നിറഞ്ഞ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഞാനവളുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം അവൾ എന്റെ ദൃഷ്ടിയിൽ നിന്നും മുഖം തിരിച്ചു നടക്കുന്നു.
ഭക്ഷണത്തിന് ശേഷം പതിവ് പോലെ മുറിയിലേക്ക് നടക്കുന്നതിനിടയിലാണ് ചില സുഹൃത്തുക്കളുടെ അപ്രതീക്ഷിത സന്ദർശനം ഉണ്ടായത്.
അൽപ്പ സമയത്തെ കൊച്ചുവർത്തമാനത്തിന്
ശേഷം ഞാൻ അവരോട് സലാം പറഞ്ഞു പിരിഞ്ഞു.
ഇന്ന് രാവിലെ മുതൽ തുടങ്ങിയ സന്ദർശന പ്രവാഹമാണ്.നേരം ഇത്ര വൈകീട്ടും അത് തുടർന്ന് കൊണ്ടിരിക്കുന്നു.
ഇനി ഒരു സന്ദർശനം ഉണ്ടാകില്ലെന്ന
പ്രതീക്ഷയോടെ ഞാൻ റൂമിലേക്ക് നടന്നു.
പതിവിന്ന് വിപരീതമായി കട്ടിലിന്റെ ഒരറ്റത്തേക്ക്
മുഖം തിരിച്ച് കിടക്കുകയായിരുന്നു അവൾ.
ഞാൻ പതിയെ അവളുടെ ചുമലിൽ കൈവെച്ചതും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളെന്റെ കൈ തട്ടി മാറ്റി.
കവിളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികൾ എന്നെ കാണിക്കാതിരിക്കാൻ ആവാം അവൾ തലയിണയിലേക്ക്
മുഖം അമർത്തി കിടക്കുന്നത്.
പക്ഷെ,അവളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളെപ്പോലും വായിച്ചെടുക്കാൻ കഴിയുന്ന എനിക്ക് ഇതിന്റെ കാരണം ചോദിക്കേണ്ടി വന്നില്ല.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഞാൻ അവളെ
ആദ്യമായി കാണുന്നത്.
രണ്ട് മാസത്തെ ലീവിൽ നാട്ടിലെത്തിയതായിരുന്നു ഞാൻ. അങ്ങാടിയിലെ മരപ്പലകയിൽ സുഹൃത്തുക്കളുമായി പതിവ് സായാഹ്‌ന ചർച്ചയിൽ ഏർപ്പെട്ടുകൊണ്ടിരുന്നിരുന്ന കാലം. ഞങ്ങൾ കുറച്ച് സുന്ദരന്മാരുണ്ടായിട്ടും ആർക്കും മുഖം കൊടുക്കാതെ നമ്രശിരസ്കയായി നടന്നു നീങ്ങിയിരുന്ന ആ നാണംകുണുങ്ങി പിന്നീടെപ്പോഴോ എനിക്കൊരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.
അതെ,എന്റെ സ്വപ്നങ്ങളിൽ അന്നാദ്യമായി ഒരു പെൺ സാന്നിധ്യം ഉണ്ടായി ...
അവളെ മറ്റാരെങ്കിലും കെട്ടിക്കൊണ്ടുപോകുമോ എന്ന ഭയം എന്നെ അലട്ടിത്തുടങ്ങിയപ്പോൾ തന്നെ ഞാൻ ഉമ്മാനോട് വിഷയം അവതരിപ്പിച്ചു.
ഉമ്മ ഉപ്പയെയും കൂട്ടി അവളുടെ വീട് സന്ദർശിച്ചു.
അവൾക്കും അവളുടെ വീട്ടുകാർക്കും പൂർണ്ണസമ്മതമായിരുന്നു.
പക്ഷെ അവളുടെ പഠനം തീരാൻ ഒരു വർഷം കൂടി ബാക്കിയുള്ളത്കൊണ്ട് കല്യാണം അടുത്ത വർഷത്തേക്ക് നീട്ടി.
കടുത്ത യാഥാസ്ഥിക വാദിയായിരുന്നു അവളുടെ ഉപ്പ.കല്യാണത്തിന് മുൻപുള്ള ഫോൺ വിളികളും കൊഞ്ചികുഴലുകളും അദ്ദേഹം ശക്തമായി വിലക്കി.പക്ഷെ,എന്റെ അനിയത്തിയുടെ സഹായത്തോടെ സൂത്രത്തിൽ ഞാൻ അവളുടെ മൊബൈൽ നമ്പർ കൈക്കലാക്കി.അവളുമായി കൂടുതൽ അടുത്തു.ഒരു മഹർ മാലയുടെ ബന്ധനമില്ലെങ്കിലും അവൾ മനസ്സ്‌കൊണ്ട് എന്റെ ഭാര്യായിയി മാറിയിരുന്നു....എല്ലാ അർത്ഥത്തിലും.....
കല്യാണത്തിന് ഒരാഴ്ചമുമ്പ് മാത്രമാണ് ഞാൻ നാട്ടിലേക്ക് വന്നത്.അവളോടപ്പം കൂടുതൽ ദിവസങ്ങൾ ചിലവഴിക്കാൻ ഞാൻ കണ്ടെത്തിയ ഒരു സൂത്രമായിരുന്നു അത്. ഒരു നാട് മുഴുവൻ പങ്കെടുത്ത കല്യാണം മാമാങ്കം,തിരക്കിട്ട സൽക്കാരങ്ങൾ,ഞങ്ങളുടെ മനസ്സും ശരീരീരവും ലയിച്ച പ്രണയാർദ്ര രാത്രികൾ.....എല്ലാം ഇന്ന് രാത്രിയോട് കൂടി അവസാനിക്കും ...നാളെ ഞാൻ ആ മരുഭൂമിയിലേക്ക് തന്നെ തിരിച്ചു പോകും....
ഞാൻ അവളെ എഴുന്നേൽപ്പിച്ചു. അവളുടെ കണ്ണിൽ നിന്ന് പൊടിഞ്ഞ അശ്രുകണങ്ങളെ എന്റെ വിരലുകൊണ്ട് മായ്ച്ചു കളഞ്ഞു: ''കരയരുത്...നമ്മുടെ കുടുംബത്തിന് വേണ്ടിയിട്ടല്ലേ???. പിന്നെ... ഉപ്പയും ഉമ്മയും പ്രായമായവരാണ്,അവരെന്തെങ്കിലും ഇഷ്ടമില്ലാത്തത് പറഞ്ഞാൽ നീ മുഖം കറുപ്പിക്കരുത്...അവരോട് എപ്പോഴും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറണം...അതുപോലെ തന്നെ മററുള്ളവരോടും...."
"എന്തെങ്കിലും വിഷമം തോന്നിയാൽ നീ എന്നോട് മാത്രം പറയുക''
ഞാൻ പറയുന്നതെല്ലാം തലയാട്ടി സമ്മതിച്ച അവൾ എന്റെ മാറിലേക്ക് ചാഞ്ഞു.
അടുത്ത ദിവസം സൂര്യൻ ഉദിക്കുന്നതിന് മുൻപേ ഞാൻ കുളിച്ചൊരുങ്ങി റെഡി ആയി നിന്നിരുന്നു.യാത്ര പറയാൻ തയ്യാറെടുക്കുന്നതിനിടെ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.പിന്നെ എന്റെ കവിളിൽ ഒരു ചുംബനം നൽകി. സുഹൃത്തക്കളോടും ബന്ധുക്കളോടും ഒരിക്കൽ കൂടി സലാം പറഞ്ഞു ഞാൻ കാറിലേക്ക് നടക്കുമ്പോഴും അവളെ മാത്രം മുറ്റത്ത് കണ്ടില്ല.കാറ് ചലിക്കാൻ തുടങ്ങുന്നതിനിടെ ഒരിക്കൽ കൂടി ഞാൻ അങ്ങോട്ട് എത്തിനോക്കി.ഞങ്ങളുടെ മുറിയിലെ ജനാലകൾക്കിടയിലൂടെ എന്നെ നോക്കി കണ്ണീർപൊഴിച്ചുകൊണ്ടിരുന്ന അവളുടെ മിഴികൾ ആ അവസാന നോട്ടത്തിൽ പതിഞ്ഞു.എന്റെ യാത്ര ചുട്ടുപൊള്ളുന്ന ഒരു അനുഭവമായി മാറാൻ ആ കാഴ്ച തന്നെ ധാരാളമായിരുന്നു.
തിരക്കൊഴിഞ്ഞ പാദയിലൂടെ ഞങ്ങളുടെ കാറ് വളരെ വേഗത്തിൽ പാഞ്ഞു.മെയിൻ റോഡിൽ നിന്ന് ഹൈവേയിലേക്ക് തിരിയുമ്പോഴാണ് ആ മൂവാണ്ടൻ മാവ് എന്റെ കണ്ണിൽ തടഞ്ഞത്.കല്യാണം കഴിഞ്ഞതിന് ശേഷമുള്ള മൂന്നാം നാൾ ,അവളുടെ മൂത്തുമ്മായുടെ വീട്ടിൽ നിന്ന് സൽക്കാരവും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ആ മാമ്പഴങ്ങൾ അവളെ കൊതിപ്പിച്ചത്.ഞാൻ ബൈക്കൊരു വശത്തേക്ക് മാറ്റി നിർത്തി.ആരും കാണില്ലെന്ന് ഉറപ്പു വരുത്തി ഒരു കല്ലെടുത്ത് മാമ്പഴത്തെ ലക്ഷ്യമാക്കി എറിഞ്ഞു.പക്ഷെ അത് ചെന്നു വീണത് തൊട്ടപ്പുറത്തെ വീടിന്റെ ചില്ലു ജനാലയിലേക്കാണ്.ശബ്ദം കേട്ട് വീട്ടുകാരൻ വരുന്നതിന് മുന്നേ ഞങ്ങൾ ബൈക്കെടുത്ത് സ്ഥലം വിട്ടിരുന്നു.എന്റെ ആ അബദ്ധത്തെ കളിയാക്കലായിരുന്നു പിന്നീടങ്ങോട്ട് അവളോടുള്ള പ്രധാന ഹോബ്ബി....
എല്ലാം...എല്ലാം....നിമിഷങ്ങൾക്ക് മുൻപ് നടന്നത് പോലെ
എന്റെ ചിന്തകൾ മുഴുവൻ അവളെ മാത്രം ചുറ്റിപറ്റി സഞ്ചരിക്കുന്നതിനിടയിലാണ് ഉപ്പ എന്നോട് പറഞ്ഞത്.
''നീ സങ്കടപ്പെടേണ്ട....ആദ്യം ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടാകും...പിന്നെ അതുമായി പൊരുത്തപ്പെട്ടോളും....അവൾ ചെറിയ കുട്ടിയല്ലേ....അവളോട് രണ്ടീസം വീട്ടിൽ പോയി നിൽക്കാം പറയാം...അവിടെയാകുമ്പോൾ അവളുടെ വീട്ടുകാരും കുട്ടികളുമൊക്കെ ഉള്ളതല്ലേ...മനസ്സൊന്ന് റെഡിയാകും''
''ശെരി ഉപ്പ...അതാ നല്ലത്..ഉപ്പ അവളോട് അത് പറഞ്ഞോളൂ''
വൈകാതെ ഞങ്ങൾ എയർ പോർട്ടിലെത്തി.ഉപ്പ കാറിൽ നിന്ന് എന്റെ ബാഗും പെട്ടിയുമെടുത്ത് ട്രോളിയിൽ വെച്ചുതന്നു.
''ഉപ്പ പൊയ്ക്കോളൂ...ഉമ്മാനോട് ആ മരുന്ന് തന്നെ തുടരാൻ പറഞ്ഞോളൂ...പൈസയ്ക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്''
''പൈസയുടെ ആവശ്യമൊന്നും ഇപ്പൊ ഇല്ല...എന്റെ കുട്ടി സന്തോഷത്തോടെ ഇരിക്കുന്നത് മാത്രം കേട്ടാൽ മതി''
ഉപ്പ എന്നെ ദീർഘനേരം ആലിംഗനം ചെയ്തു.ആ കൺപോളകളിൽ തടഞ്ഞു നിൽക്കുന്ന ആ രണ്ടു തുള്ളികളെ ഒളിപ്പിക്കാൻ അദ്ദേഹം പാടുപെടുന്നത് പോലെ എനിക്ക് തോന്നി.പിന്നെ ഒരു സലാം പറഞ്ഞു അദ്ദേഹം കാറിലേക്ക് നടന്നു.
ഉപ്പയുടെ കാർ കണ്മുന്നിൽ നിന്ന് മറയുന്നതുവരെ ഞാൻ അവിടെ നിന്നു.
ലഗേജ് ചെക്കിങ്ങിന് വേണ്ടി ക്യൂ നിൽക്കുന്നതിനിടയിലാണ് എന്റെ ഫോൺ ശബ്ദിച്ചത്.ഒരു സൗദി നമ്പർ....ഞാൻ ആകാംഷയോടെ ഫോൺ എടുത്തു.
''ഡാ..ഇത് ഞാനാ സൈദ്..നിന്റെ ലീവ് ഒരു മാസത്തേക്ക് കൂടി extend ചെയ്യാൻ ബോസ് പറഞ്ഞിട്ടുണ്ട്...നീ വീട്ടിൽ നിന്നിറങ്ങിയോ??''
''അതെ...ഞാൻ ഇറങ്ങി ...എന്നാലും കുഴപ്പമില്ലെടാ ... ഞാനിപ്പോൾ തന്നെ വീട്ടിലേക്ക് മടങ്ങിക്കൊള്ളാം''
എന്റെ മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറകൊട്ടി.ഒരു ദീർഘനിശ്വാസത്തോടെ ഞാൻ സർവ്വശക്തന് നന്ദി പറഞ് എയർ പോർട്ടിന് പുറത്തേക്ക് പാഞ്ഞു.തൊട്ടുമുന്നിൽ കണ്ട ടാക്സി ഡ്രൈവറെ കൈവീശി വിളിച്ചു.
''മലപ്പുറം...''
''800 രൂപയാകും സാറേ...''
''1000 തരാം...നീ വേഗം വണ്ടി എടുക്ക് ''
എന്റെ മനസ്സ് അവളിലേക്ക് ഓടിയെത്താൻ കൊതിച്ചു.അവന്റെ കാറിന് വേഗതക്കുറവുള്ളതുപോലെ എനിക്ക് തോന്നി.
''ഡാ...ഒന്ന് സ്പീഡ് കൂട്ടെടാ..''
''സാറേ ഇപ്പൊ തന്നെ 80 ന് മുകളിലാണ് പോണത്...ഇനിയും സ്പീഡ് കൂട്ടിയാൽ അവസാനം പോലീസ് പിടിക്കും''
''അതൊന്നുമല്ല...നീ വേഗം ഓടിച്ചാൽ മതി ''
എന്റെ അപ്രതീക്ഷിത തിരിച്ചുവരവ് അവൾക്ക് ശെരിക്കും ഒരു സർപ്രൈസ് ആയിരിക്കും.അവളെന്നെ ആദ്യ കാഴ്ചയിൽ തന്നെ ഓടിവന്ന് കെട്ടിപ്പിടിക്കുമായിരിക്കും. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഹൈവേയിൽ നിന്ന് മെയിൻ റോഡിലേക്ക് കടക്കുന്നതിനിടെ ഒരിക്കൽ കൂടി ഞാൻ ആ മൂവാണ്ടൻ മാവ്കണ്ടു .ഞാൻ ഉടനെ തന്നെ ഡ്രൈവറോട് കാറ് നിർത്താൻ പറഞ്ഞു.
കാറിൽ നിന്നിറങ്ങിയ ഞാൻ ആ വീട്ട് മുറ്റത്തേക്ക് കേറിചെന്നു.അവിടെയപ്പോൾ മധ്യ വയസ്കയായ ഒരു സ്ത്രീ മുറ്റമടിച്ച് വൃത്തിയാക്കുകയായിരുന്നു.ഞാൻ അവരോട് ചോദിച്ചു:
''ചേച്ചി...എന്റെ ഭാര്യക്ക് ഈ മാമ്പഴം വലിയ ഇഷ്ടാ...ഞാൻ രണ്ടെണ്ണം പറിക്കട്ടെ??''
''അതിനെന്താ...എത്ര വേണേലും എടുത്തോളൂ''
ഞാൻ അവിടെ തെങ്ങിൽ ചാരിയിരുന്നിരുന്ന ഒരു തോട്ടിയെടുത്തു കുറച്ച് മാമ്പഴങ്ങൾ വീഴ്ത്തി.അപ്പോഴേക്കും ചേച്ചി ഒരു പ്ലാസ്റ്റിക് കവറും കൊണ്ട് എന്റെയെടുത്തേക്ക് വന്നു.
''ഇതിൽ ഇട്ടോളൂ ...കറയാക്കേണ്ട''
ഞാൻ മാമ്പഴങ്ങൾ ഓരോന്നും പൊറുക്കിയെടുത്തു കവറിലേക്കിട്ടു.
''വളരെ നന്ദി ചേച്ചി..''
''നിങ്ങളുടെ വീടെവിടെയാ??''
''ഇവിടെ അടുത്ത് തന്നെയാ ...ഞാൻ അവളെയുംകൊണ്ട് നാളെ ഇതുവഴി വരാം''

പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ കാറിലേക്ക് ഓടി.
വീട് എത്തുന്നതിന് 100 മീറ്റർ മുൻപ് തന്നെ ഞാൻ അവനോട് കാറ് നിർത്താൻ പറഞ്ഞു.ഞാൻ വാഗ്ദാനം നൽകിയ പ്രകാരം 1000 രൂപ തന്നെ അവന് കൊടുത്തു.വീടിന് ചുറ്റുമുള്ള അയൽവാസികളൊന്നും എന്നെ കണ്ടില്ലെന്ന് ഉറപ്പുവരുത്തി ഞാൻ കാറിൽ നിന്നും ഇറങ്ങി.പിന്നെ ആരും കാണാതെ പമ്മിപതുങ്ങി ഞാൻ എന്റെ വീടിന്റെ ഗേറ്റ് തുറന്നു.ബാഗും ലഗേജുമെല്ലാം ഉമ്മറത്ത് വെച്ച് ഞാൻ ഫ്രണ്ട് ഡോറിൽ ചെന്ന് നിന്നു.കാളിങ് ബെൽ അടിച്ചു.വാതിൽ തുറക്കുന്നതും കാത്ത് ക്ഷമയോടെ കാത്തിരുന്നു.
പെട്ടന്നാണ് ആരോ എന്നെ ശക്തമായി അടിച്ചത്.
മണിക്കൂറുകൾക്ക് മുൻപ് മാത്രം ഞാൻ ഞാൻ ഫ്‌ളൈറ്റിൽ നിന്നും പരിചയപ്പെട്ട കണ്ണൂർ സ്വദേശി രാജേഷ് കൗതുക പൂർവ്വം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
''എന്ത് ഉറക്കാ ഭായ് ഇത്..അവിടുന്ന് കേറിയപ്പോ തുടങ്ങിയതാണല്ലോ...ആട്ടെ എന്ത് സ്വപ്നമാണ് കണ്ടത്...ഉറക്കത്തിൽ മൊത്തം ചിരിക്കുകയായിരുന്നല്ലോ??''
തൊട്ടുമുൻപ് കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നു. റൺവേയിൽ നിന്നും കുതിച്ചുയരുന്ന വിമാനങ്ങൾക്കുള്ളിൽ ഉരുകിത്തീരാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യജന്മങ്ങൾ അവരിലൊരാൾ മാത്രമായിരുന്നു ഞാനും......
സങ്കടത്തോടെ ഞാൻ എന്റെ മിഴികൾ തുറന്നു...
എന്നെ കാത്തിരിക്കുന്ന പരീക്ഷണങ്ങളുടെ പുതിയ അധ്യായത്തിലേക്ക്.... ഈ മരുഭൂമിയിലേക്ക്.
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo