ദൂരെ,വളരെ ദൂരെ നിന്നും മഞ്ഞയും ചുവപ്പും നിറമണിഞ്ഞ സര്‍ക്കാര്‍ ബസ്സ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗായത്രിയുടെ നെഞ്ചിടിച്ചു.ആദ്യമായിട്ടാണ് ഇത്ര ദൂരേക്ക്.അതും ഒറ്റയ്ക്ക്.വിജനമായ ആ സ്റ്റോപ്പില്‍,തനിക്ക് വേണ്ടി മാത്രം ആ ബസ് നിര്‍ത്തുന്നു.
തകര്‍ന്നു വീഴാറായ പൂട്ടിയ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടവും,കവലയിലെ കുരിശടിയിലെ വ്യാകുല മാതാവിന്റെ പ്രതിമയും,അതിന്റെ മുന്നിലെ ആരോ തലേന്ന് കത്തിച്ച തിരികളുടെ ബാക്കിയും,അനന്തമായി നീണ്ടു കിടന്ന വിജനമായ റബ്ബര്‍ തോട്ടങ്ങളും പിന്നിലാക്കി ബസ് മുന്നോട്ട് നീങ്ങുന്നു.
ഓരോ സ്റ്റോപ്പില്‍ നിര്ത്തുമ്പോഴും അവള്‍ പുറത്തേക്ക് തലയിട്ട് നോക്കി.ചേച്ചി അവിടെങ്ങാനും നില്ക്കുന്നുണ്ടോ?
ഓരോ സ്റ്റോപ്പില്‍ നിര്ത്തുമ്പോഴും അവള്‍ പുറത്തേക്ക് തലയിട്ട് നോക്കി.ചേച്ചി അവിടെങ്ങാനും നില്ക്കുന്നുണ്ടോ?
രണ്ടാഴ്ച ആയി ചേച്ചി വീട്ടില്‍ വന്നിട്ട്.എല്ലാ ശനിയാഴ്ചയും നഗരത്തിലെ ഹോസ്റ്റലില്‍ നിന്നും വരുന്നതാണ്.അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍.....
കമ്പിയില്‍ ചാരി നില്ക്കുന്ന അപരിചതന്‍ ഇടക്കിടക്ക് തന്നെ നോക്കുന്നുണ്ടോ?അതോ തോന്നലാണോ??മനസ്സില്‍ ഭയത്തിന്റെ തണുപ്പ്....
മനസ്സില്‍ ഗായത്രി മന്ത്രം ഉരുവിട്ട് തുടങ്ങി..യോഗ അദ്ധ്യാപകനായിരുന്ന അച്ഛന്‍,പേര് ഇട്ടത് തന്നെ ആ മന്ത്രത്തിന്റെ മഹത്വം കൊണ്ടാണ്...”ഓം സത് സവിതൂര്‍ വരേണ്യം..”.".സകല ഭയങ്ങളും ഹനിപ്പിക്കുന്ന മന്ത്രം..മന്ത്രം ചൊല്ലുമ്പോ ശ്രദ്ധ എപ്പോഴും സ്വന്തം ശ്വാസത്തില്‍ മാത്രം:..അച്ഛന്‍ അടുത്തിരിന്നു ചെവിയില്‍ പറയുന്നുവോ?
ആശ്വാസം.. അപരിചിതന്‍ മുന്പി്ലെ ഒഴിഞ്ഞ സീറ്റില്‍ പോയി ഇരുന്നു.മനസ്സില്‍ ഗായത്രിമന്ത്രത്തെ വന്ദിച്ചു..
അല്ലെങ്കിലും ഈയിടെ ആയി ചേച്ചി വീട്ടില്‍ വന്നാലും അധികം മിണ്ടാട്ടമില്ല..എപ്പോഴും ആരോടൊ ഫോണില്‍..അമ്മ തളര്ന്ന് കിടപ്പിലാണെന്ന് പോലും ചേച്ചി മറന്നു പോയോ...ഫോണ്‍ വിളിക്കുമ്പോ സ്വിച്ച് ഓഫ്.ഈ ശനിയും കാണാഞ്ഞപ്പോള്‍ അമ്മയും താനും ഭയന്നു..
സമതലങ്ങള്‍ കടന്നു പോവുകയാണ് വണ്ടി.വെയില്‍ താന്നു തുടങ്ങി.പുറത്തേക്ക് നോക്കി . ചെമ്പരത്തിതഴപ്പ് പടര്‍ന്ന വേലിക്കെട്ടുകള്‍..കൈത വരമ്പുകള്‍...
പോലീസ് സ്റ്റേഷനില്‍ പറയണ്ടാന്നു അമ്മ പറഞ്ഞു.പത്തിലെ ക്ലാസ് ടീച്ചര്‍ പത്മാവതി മിസ്സിനെ വിളിച്ചു പറഞ്ഞു.ബസ് സ്റ്റാഡില്‍ ടീച്ചര്‍ കാത്തു നില്ക്കും..ടീച്ചര്‍ വരാന്‍ വൈകുമോ...മനസ്സില്‍ വീണ്ടും ഭയം ഉണരുന്നു ..”ഓം സത് സവിതൂര്‍ വരേണ്യം ..വീണ്ടും ചൊല്ലി തുടങ്ങി....കുന്നുകള്‍ കടന്നു ഇഞ്ചിയുടെ ഗന്ധമുള്ള കാറ്റ് മുഖത്തടിക്കുന്നു...കണ്ണുകള്‍ മയങ്ങുന്നു..ആരോ ഉള്ളില്‍ പറയുന്നു...മയങ്ങരുത്..ഒറ്റക്കാണ്..
ചെവിയില്‍ അച്ഛന്റെ സ്വരം.കയ്യിലെ വെള്ളി വള തടവി അച്ഛന്‍ നടക്കുന്നു.അച്ഛന്റെ കയ്യില്‍ തൂങ്ങി നടക്കുകയാണ്..മഞ്ഞു വീണ ഏതോ സന്ധ്യയില്‍..ചെമ്പകപൂക്കള്‍ പൊഴിഞ്ഞു കിടക്കുന്ന ഏതോ കുന്നിന്ച്ചരിവില്‍ ...
“അച്ഛാ എന്നാ എനിക്കാ വിദ്യ പറഞ്ഞു തരുന്നേ!?”
“ഏത് വിദ്യ?”
“അഗ്നിസാരം”
“അത് ചുമ്മാ നടക്കുമ്പോ പറഞ്ഞു തരാന്‍ പറ്റില്ല മോളെ ..ധ്യാനാവസ്ഥയിലെ ആ വിദ്യ മനസ്സിലാകൂ”
“എന്നു വച്ചാല്‍?”
“ഉറങ്ങുന്ന പോലെ..ഒരു ദിവസം മോളുറങ്ങുമ്പോ സ്വപ്നത്തില്‍ പറഞ്ഞു തരാം അച്ഛന്‍”
“ഇപ്പ പറഞ്ഞു താ.... “
ചെമ്പകപൂക്കളുടെ ഗന്ധം പടരുന്ന അവ്യക്തമായ അസ്തമന വെളിച്ചത്തില്‍ ..അച്ഛന്‍ അഗ്നിസാര മന്ത്രം ചെവിയില്‍ മന്ത്രിക്കുന്നു....
“പ്രപഞ്ചത്തിന്റെി നിയന്ത്രണം അഗ്നിയിലാണ്.നാഭി ചക്രത്തില്‍ കൂടി കൊള്ളുന്ന പ്രാണാഗ്നിയെ ധ്യാനിക്കുക.ആത്മാവും നിന്റെ ശരീരവും രണ്ടാണ് എന്നുള്ള ബോധ്യത്തില്‍ ഈ മൂലമന്ത്രം ചൊല്ലി ത്രി നെറ്റിയില്‍ ഉറങ്ങുന്ന ശുദ്ധബോധത്തെ ഉണര്ത്തുക...പതിയെ സര്വ്വ കോശത്തിലും കൂടി കൊള്ളുന്ന അഗ്നിയെ ഉണര്ത്തി ..നാഡികളിലൂടെ..പായിച്ചു..അശ്വത്തിനെ നിയന്ത്രിക്കുന്നത് പോലെ അതിനെ നിയന്ത്രിക്കുക.. നീ അത് ചുണ്ട് വിരലുകളില്‍ കേന്ദ്രീകരിച്ചാല്‍ നീ വിചാരിക്കുന്ന എന്തും ഭസ്മീകരിക്കാന്‍ നിന്റെ ചുണ്ട് വിരല്‍ മതിയാകും..”
അവള്‍ ഞെട്ടി ഉണര്ന്നു .അച്ഛന്‍..അച്ഛന്‍ സ്വപ്നത്തില്‍ വന്നുവോ?
“ഗംഗേ..മുന്നില്‍ ഒരു ഇളംകുയില്‍ ഇരിക്കുന്നത് കണ്ടോ...”.തൊട്ട് പുറകിലെ സീറ്റില്‍ നിന്നാരോ പറയുന്നു.
ഗംഗ! ..ചേച്ചിയുടെ പേര്‍!തിരിഞു നോക്കാന്‍ തുടങ്ങി.അപ്പോള്‍ ആ സ്വരം കേട്ടു.ചേച്ചിയുടെ!!
“വിട്ടു കളയടാ..വല്ല വഴിക്കും ചാടി പോകാന്‍ ഇറങ്ങിയ പീസായിരിക്കും..."
ചേച്ചിയുടെ സ്വരം!”ചേച്ചി! ചേച്ചി! ചേച്ചിയെന്താ ഇങ്ങനെ!
തിരിഞു നോക്കിയില്ല..തല താഴ്ത്തി വച്ചു.
തിരിഞു നോക്കിയില്ല..തല താഴ്ത്തി വച്ചു.
“ഞാന്‍ ഒന്നു ട്രൈ ചെയ്താലോ...മൂന്നാമതൊരു സ്വരം!പുറകില്‍ നിന്നു വീണ്ടും.
ഹാന്ഡ് ബാഗ് തുറന്നു ഫോണ്‍ നിവര്‍ത്തി ..അതില്‍ പുറകിലെ സീറ്റിന്റെ മങ്ങിയ പ്രതിഫലനം..ചേച്ചി അരികിലെ സീറ്റില്‍..ഒപ്പം രണ്ടു ചെറുപ്പക്കാര്‍.ഒരു ഞെട്ടല്‍ അടി വയറ്റില്‍ നിന്നു ഉരുണ്ടു കയറുന്നു.
അയാള്‍ കൈ ഇട്ടു പുറകില്‍ നിന്നു തോണ്ടുന്നു...ചേച്ചിയുടെയും മറ്റെ ചെറുപ്പക്കാരെന്റെയും കുലുങ്ങി ചിരി ഒപ്പം!തിരിഞു ചേച്ചിയോട് പറഞ്ഞാലോ...പെട്ടെന്ന് ഉള്ളില്‍ കുഴമ്പിന്റെ ഗന്ധം!തളര്ന്ന് കിടക്കുന്ന അമ്മ!ചെവിക്കരികില്‍ നിന്നു അച്ഛന്‍ മന്ത്രിക്കുന്നു..അഗ്നിസാരം..!
ശ്രദ്ധ ശ്വാസത്തില്‍ മാത്രം..ഓര്‍മ്മയില്‍ ഗുരുവായ അച്ഛന്റെ മുഖം!
അയാള്‍ വീണ്ടും കൈ പുറത്തു കൂടെ പടര്‍ത്തുകയാണ്..പുറകില്‍ നിന്നു വീണ്ടും ചേച്ചിയുടെ ചിരി.
മന്ത്രജപത്തില്‍,ധ്യാനിച്ചു ശ്രദ്ധ നാഭിചക്രത്തില്‍ കൂടി കൊള്ളുന്ന അഗ്നിയിലേക്ക്..ഒരു കുതിരയെ പോലെ അഗ്നി എല്ലാ കോശങ്ങങ്ങളില്‍ നിന്നും ആവാഹിക്കപ്പെടുകയാണ്..ചൂണ്ടു വിരലിലേക്ക്....
തന്റെ തോളില്‍ പരതി കൊണ്ടിരുന്ന കൈ തട്ടി മാറ്റി പൊടുന്നനെ ഗായത്രി വെട്ടി തിരിഞു.നീട്ടിയ ചൂണ്ടു വിരല്‍ കഴുത്തില്‍ തൊട്ട നിമിഷം അയാള്‍ തെറിച്ചു വീണു.!!
ഞെട്ടലോടെ നോക്കിയ ഗംഗയ്ക്ക് അനുജത്തിയെ മനസ്സിലായില്ല.കാരണം അവള്‍ ആ നിമിഷം അഗ്നിയായിരുന്നു.
അഗ്നിസാരമായിരുന്നു.
(അവസാനിച്ചു)
By AnishFrancis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക