Slider

കിനാവുകൾ

1


സുഖശീതളമായ ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നു അവൾ.
പെട്ടന്നാണ് ചാരിയിരുന്ന വാതിൽ ഞെട്ടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി തുറന്നു കൊണ്ട് രാഹുൽ മുന്നിൽ വന്ന് നിന്നത്.
"ഗാഥക്കുട്ടീ ഡാ ഞാൻവന്നു ".......
സ്വതസിദ്ധമായ ശൈലിയിൽ ഹൃദ്യമായി ചിരിച്ചു കൊണ്ട് തോളിൽ ലാപ്പ്ടോപ്പ് ബാഗും, കയ്യിലൊരു സ്യൂട്ട്ക്കേയിസുമായി നിൽക്കുകയാണ്.......!
" ഹൊ! പേടിപ്പിച്ചു കളഞ്ഞല്ലൊ പൊന്നേ "
അടക്കാനാവാത്ത ആഹ്ലാദത്തോടെ ബെഡിൽ നിന്നും ചാടിയെണീറ്റ് നോക്കുമ്പോ മുറിശുന്യം!
രാഹുലില്ല'... ബാഗുമില്ല.... ശൂന്യത മാത്രം!
മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം.പിങ്ക് നിറത്തിലുള്ള കർട്ടനുകൾ കാറ്റിൽ പതിയെ ഇളകുന്നുണ്ട്.....
അവൾക്ക് തൊണ്ട വരണ്ടു.
ശൊ !എന്താപ്പൊ ഇങ്ങനെ തോന്നാൻ? അവന്റെ ചിരിക്കുന്ന മുഖം കണ്ണീന്ന് മായുന്നില്ല. അതൊരു കിനാവായിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം...
" ഇല്ല അത് വെറും സ്വപ്നമല്ല. താൻ കണ്ടത് തന്നെയാണ്. ഒന്നു തൊടുകയേ വേണ്ടിരുന്നുള്ളു.
അവനങ്ങനെയാണ്, എപ്പോഴും ഈ സസ്പെൻസ് നിലനിർത്തിക്കൊണ്ട്, ചടുലമായി.... എല്ലാവരിലും ഉൽസാഹവും, ഉൻമേഷവും പകർന്നു കൊണ്ട്......
വരവെല്ലാം ഇങ്ങനെ തന്നെ .. പെട്ടന്ന് ഞെട്ടിപ്പിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് വന്നു കയറും...
"ഗാഥക്കുട്ടാ ഞാൻ വന്നൂ.... എന്നിങ്ങനെ പ്രത്യേക ഈണത്തിൽ വിളിച്ചു കൊണ്ട്.... പിന്നെ.... ബലിഷ്ഠമായ കൈകളാൽ തന്നെ എടുത്തുയർത്തും. വട്ടം കറക്കി '.. ബെഡിലേക്കിട്ട്....... അവൾക്ക് ഓർമ്മിച്ചപ്പൊ നാണംതോന്നി.
നുണക്കുഴിക്കവിളുകൾ ചുവന്നു പോയി.
രണ്ട് ദിവസം മുൻപ് വിളിച്ചപ്പോഴും സൂചിപ്പിച്ചു.
"ഇനിപ്പഴയപോലെ... പൊക്കിയെടുക്കലും.എറിയലും ഒന്നും വേണ്ടാട്ടൊ.ഉള്ളിൽ ഒരാൾ കൂടിയുണ്ടേ... മറക്കണ്ട "
" അധികം ദേഹമനക്കണ്ടന്നാ ഡോക്റ്റർ പറഞ്ഞത് "
അവന്റെ സന്തോഷം ശബ്ദമായി കാതിൽ തേൻമഴ ചൊരിഞ്ഞു. ചുമ്പന വർഷങ്ങൾ.....
"ഹെന്റെ കുട്ടാ എനിക്കിപ്പം നിന്നെക്കാണാൻ തോന്നുന്നു.... "
"യ്യൊ... ഇനിയും എങ്ങനാ ഇവിടെ തള്ളി നീക്കുന്നത്? നാശം പിടിക്കാൻ ഇവിടത്തെ സ്ഥിതി കണ്ടിട്ട് ലീവ് കിട്ടാൻ ഇനിയും നീളുമെന്നാ തോന്നുന്നത് '"
ആ വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞു..
"സാരമില്ലഡാ നീ രാജ്യത്തിന്റെ പുത്രനല്ലേ?
നമുക്ക്പ്രാർത്ഥിക്കാം വേഗം ലീവ് കിട്ടാൻ."
പറഞ്ഞ് മുഴുപ്പിക്കും മുമ്പേ ലൈൻ കട്ടായി .ഈയിടെ അങ്ങനെയാണ്.വളരെ കഷ്ടപ്പെട്ടാണ് ഒന്ന് സംസാരിക്കാൻ കിട്ടുന്നത്.
അവൾക്കറിയാം ഒരു ജവാന്റെ ഭാര്യ എല്ലാം അറിയണം മനസ്സിലാക്കണം.
മനസ്സ് കൊണ്ട് അവർക്ക് സപ്പോർട്ട് കൊടുക്കണം' അവൾക്ക് അതേ ചെയ്യാനാകു'
ഒരു സന്തോഷ വാർത്ത കൂടി അവൾക്കു പറയാനുണ്ടായിരുന്നു. തലേന്ന് അമ്പലത്തിൽ വച്ച് അമ്മയെക്കണ്ടതും കണ്ണീരോടെ തന്റെ കൈ പിടിച്ച് കരഞ്ഞതും, നിറുകയിൽ തലോടി ശരീരം നോക്കണം'ആഹാരം കഴിക്കണം എന്നൊക്കെ പറഞ്ഞതും, അച്ഛന്റെ ദേഷ്യോക്കെ പോയിമോളു അവനേം കൂട്ടി നീ തറവാട്ടിൽ വരണമെന്ന് ക്ഷണിച്ചതും......
അതവനോട് പങ്കുവയ്ക്കും മുന്നേ,കാൾ കട്ടായി... അവൾക്ക് നിരാശ തോന്നി.ഇനിയെപ്പഴാ വീണ്ടും വിളിക്കാനാവുക....?
വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടു അവൾക്ക്.
" അവനോടൊപ്പം ജീവിതം തുടങ്ങി കുറേക്കാലം അച്ഛനേം അമ്മയേം ഓർമിച്ച് കണ്ണീർ വാർക്കുമ്പോഴൊക്കെ ആ നെഞ്ചിലേക്കണച്ച് പറയും
"സാരമില്ല ഡാ..... അവരുടെ സ്ഥാനത്ത് നമ്മളായാലും ഇങ്ങനേ ചെയ്യാൻ കഴിയൂ. നമുക്കൊരു മോനെ കിട്ടട്ടെ. അവർ ഒക്കെ മറക്കും' അവനേം കൊണ്ട് നമുക്കവിടെ പോണം."
വിവാഹം കഴിഞ്ഞ് വർഷം നാലായിട്ടും പ്രതീക്ഷിച്ച 'ഗുഡ് ന്യൂസ് 'കേൾക്കാൻ കഴിയാതെ കുറച്ചൊന്നുമല്ല ടെൺഷനടിച്ചത്....
ഒരു കുഴപ്പവുമില്ലന്ന് ഡോക്റ്ററും, ഇനീം സമയം കിടക്കുവല്ലെ ക്ഷമിക്കെന്ന് സഹപ്രവർത്തകരും ആശ്വസിപ്പിച്ചിട്ടും മനസ്സിലെ തീയണഞ്ഞിരുന്നില്ല.
എന്നിട്ടവസാനം ആ വാർത്ത അറിഞ്ഞപ്പൊ അതൊന്നു പങ്കിടാൻ പോലും പ്രിയപ്പെട്ടവർ ആരുമില്ലല്ലൊ.... അവൾക്ക് സങ്കടം വന്നു.
ഇനി രാഹുൽ തന്നെ പറ്റിക്കുവാണൊ? അവൾക്ക് സംശയമായി 'ലീവ് കിട്ടീട്ടുണ്ടാവുമൊ? 2 ദിവസം ആയി ഒന്ന് വിളിച്ചിട്ട്. അവിടന്ന് തിരിച്ചാൽ എത്താനുള്ള സമയം കഴിഞ്ഞു.
സാഹചര്യം മോശമാണ് ചിലപ്പോ ഫോൺ ചെയ്യാൻ പോലും കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു' എന്നാലും...? അവൾക്ക് പിന്നേം സംശയമായി.
എല്ലാ മുറികളിലും പോയി നോക്കി. എവിടേലും മറഞ്ഞ് നിൽപ്പുണ്ടാവുമൊ? കിച്ചണിൽ വരെ നോക്കിയ ശേഷം നിരാശയോടെ.. അവൾ നിന്നു. ചുറ്റും വല്ലാത്ത ശൂന്യത! അവൾക്ക് അകാരണമായൊരു ഭയം തോന്നി. ഒന്നു മുഖം കഴുകി പിന്നെയും റൂമിൽ വന്നു.
" അവൾ ഓർക്കുകയായിരുന്നു.
എന്നാണ് ?എപ്പോഴാണ്? അവനെ സ്നേഹിച്ച് തുടങ്ങിയത്?
ഓർമകൾ പിറകോട്ടോടി ആ കാമ്പസിലെ ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ ഓഡിറ്റോറിയത്തിൽ ചെന്ന് നിന്നു.കർണ്ണങ്ങളിൽ ഇപ്പോഴും ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം.....
" ഞാൻ കറുത്തവൻ...
എന്റെ സിരകളിലും ചുവന്ന ചോര...
എന്റെ മെയ്ക്കരുത്ത് നിനക്കിഷ്ടം...
എന്റെ കറുപ്പ് നിനക്കപ്രീയം.
പക്ഷെ നീയറിയുക നിൻ ഹൃദയത്തിൻ നിറം കറുപ്പെന്ന്........"
ആ കവിത വല്ലാതെ മനസ്സിൽ തട്ടി... കവിയും.
പിന്നെയും പല തവണ കണ്ടു. ജ്വലിക്കുന്ന വ്യക്തിത്വം. തീപ്പൊരി പ്രസംഗങ്ങൾ മതിമറന്ന് കേട്ടിരുന്നു.... ഇരുണ്ട നിറമെങ്കിലും എത്ര ഭംഗിയാണാ മുഖത്തിന് .?
ആരാധന എത്ര വേഗമാണ് പ്രണയമായത് '?
കൂട്ടുകാരി മുഖേനെയാണ് അവനെയതറിയിച്ചത്.
മറുപടി നിരാശാജനകമായിരുന്നു."
അവളോട് പറഞ്ഞു പോലും
"എനിക്കാ കുട്ടിയെ ഇഷ്ടമാണ്. പക്ഷെ, ഞാൻ പുലയൻ ശങ്കരന്റെ മകനല്ലായിരുന്നെങ്കിൽ.......
ഗാഥ കളീക്കൽ തറവാട്ടിലെ സേതുനാഥൻ നായരുടെ മകളല്ലായിരുന്നെങ്കിൽ..........
ഞാനെന്നേ അവളെ പ്രണയിച്ചേനെ....
ഇത് വെറും ഭ്രമം മാത്രമാണ്. കാമ്പസ് വിടുമ്പോ അലിഞ്ഞു പോകുന്ന വെറും ആകർഷണം മാത്രം.എനിക്കു വെറുതേ ചങ്കുകലക്കാൻ താൽപ്പര്യമില്ലന്ന് പറഞ്ഞേക്ക് ആ കുട്ടിയോട് "
കേട്ടപ്പോൾ വാശിയോടെ പറഞ്ഞുതാനും...
"എനിക്കത് വിഷയമല്ലങ്കിലൊ? ഞാൻ പുലയൻ ശങ്കരന്റെമകനെയല്ല, രാഹുലിനെയാണ് പ്രണയിച്ചത്.... അതയാൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല' പറഞ്ഞേക്ക്"
അതു സത്യമായിരുന്നു.... പിന്നീടെപ്പോഴോ അവരൊന്നായി.... ഒരു മനസ്സായി. രാഹുലും, ഗാഥയും അവരൊന്നാകേണ്ടവരായിരുന്നു. അതിന് സമ്പന്നതയൊ, തൊലിയുടെ നിറമൊ, ജാതിക്കോളത്തിലെ വ്യത്യാസമൊ ഒരു ഘടകമായില്ല.
അവർ ഗാഥയും, രാഹുലും എന്ന് പേരുള്ള രണ്ട് മനുഷ്യർ മാത്രമായിരുന്നു.
കാമ്പസിൽ നിന്നുമിറങ്ങി രാഹുൽ ആർമിയിൽ ജോയിൻ ചെയ്തിട്ടും പ്രണയം നിർബാധം തുടർന്നു.
നാട്ടാരറിഞ്ഞു, ഒടുവിൽ വീട്ടുകാരും.
സ്വാഭാവികമായും പ്രശ്നമായി.മകളെക്കുറിച്ചുള്ള പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത് ആ അച്ഛനുമമ്മയ്ക്കും സഹിക്കാനായില്ല. കരഞ്ഞു കാലു പിടിച്ചു നോക്കി, ദേഷ്യപ്പെട്ടു നോക്കി .
ഒന്ന് നുള്ളിനോവിച്ചിട്ടില്ലാത്ത മകളെ ആദ്യമായി ആ പിതാവ്തല്ലി.
അമ്മാവൻമാരും ,ചെറിയച്ഛനുമൊക്കെ തത്തിക്ക് തത്തിക്കുപദേശിച്ചു.
ഒടുവിൽ കാര്യങ്ങൾ വീട്ടുതടങ്കലിലേയ്ക്കും, വിവാഹ നിശ്ഛയത്തിലേക്കും നീങ്ങിയപ്പോ.... രാഹുൽ നാട്ടിലെത്തി.....
അമ്പലത്തിൽപ്പോയ ഗാഥപിന്നെ വീട്ടിൽ തിരിച്ചെത്തിയില്ല.!
തെറ്റാണെന്നറിയാം.... പോറ്റി വളർത്തിയ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച് പടിയിറങ്ങുമ്പോൾ ഹൃദയം മുറിഞ്ഞ് ചോരകിനിയുന്ന പോലെ തോന്നി.....
" ശപിക്കല്ലെ.... അച്ഛാ... അമ്മേ.... ഒരായിരം തവണ മനസ്സിൽ കേണു പ്രാർത്ഥിച്ചു.
കുട്ടുകാരുടെ മുന്നിൽ താലി കെട്ടി രജിസ്റ്ററിൽ ഒപ്പിട്ട് അവനോടൊപ്പം വലത് കാൽ വച്ച് കയറുമ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ ഭാവമായിരുന്നു മനസ്സിൽ.
സ്നേഹം നിറഞ്ഞ അച്ഛനും അമ്മയും അനിയത്തിയും ചേർന്ന - ഒരു സ്വർഗ്ഗം...
ലീവ് കഴിഞ്ഞ് രാഹുൽ യാത്രയാകുമ്പോ കണ്ണീരും വിരഹവും.... അതങ്ങനെ തുടർന്നു.
ആയിടയ്ക്കാണ് തനിക്ക് സർക്കാർ സ്കൂളിൽ നിയമനമായത്.സന്തോഷത്തേക്കാൾ നിരാശയായിരുന്നു'രാഹുലിനോടൊപ്പം കോർട്ടേഴ്സിൽ പോയി താമസിക്കാനുള്ള മോഹമാണ് പൊലിഞ്ഞത്.
അപ്പോഴും രാഹുൽ ആശ്വസിപ്പിച്ചു. "സാരല്ല ഡാ... നിനക്കൊരു ജോലി, അതെന്റേം കുടി സ്വപ്നമാണ്. എന്നോടൊപ്പം ഇറങ്ങി വന്നിട്ട് നീ നശിച്ചെന്നാരും പറയരുത്. അല്ലങ്കിലും ഇവിടെവന്നാലും നീബോറടിക്കേയുള്ളു. "
"ഒരു കമാന്റോയുടെ ജീവിതം മുക്കാലും രാജ്യത്തിന് വേണ്ടീട്ടാ. ബാക്കിയേയുള്ളു കുടുംബത്തിന് ."
അവൻ പറയുന്നത് ശരിയാണ്. തനിക്കും അറിയാം. രാവിലെ 5 മണിക്ക് പരിശീലനം തുടങ്ങും. പകൽ മുഴുവൻ ഓഫീസ് ജോലികൾ .നാലു മണിക്ക് ഗെയിംസ്, ഏഴ് മണിക്ക് ശേഷം പാർട്ടികൾ, ഇതിനിടയിൽ ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ജീവിതം എത്ര വിരസമായിരിക്കും....
പെട്ടന്നൊരു ദിവസം "ഓപ്പറേഷൻ ഹൈജാക്ക് " എന്നൊക്കെപ്പറഞ്ഞ് യാത്ര പോലും പറയാതെ ഇറങ്ങിപ്പോകുമ്പോ വീട്ടിൽതനിച്ച് ,ആശ്വാസത്തിനു പോലും ആരൂല്ലാതെ പ്രാർത്ഥനയും ഭീതിയുമായി ഇരിക്കേണ്ടി വരുന്ന സ്ത്രീകൾ....
താൻ മാത്രമല്ല ഒരു രാജ്യം മുഴുവൻ അവർക്കു വേണ്ടി പ്രാർത്ഥിക്കും അറിയാം... എങ്കിലും,....
ടെലിവിഷനിൽ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ കമാന്റാകൾ ഒരു കെട്ടിടത്തിലേക്ക് തൂങ്ങിയിറങ്ങുന്നതും,
ജാഗ്രതയോടെ തീവ്രവാദികൾ ആയുധമേന്തി നിൽക്കുന്നതും ഒക്കെ കാണുമ്പോൾ ഉളളു പിടയ്ക്കും...
സ്കൂളിൽ പോയിത്തുടങ്ങിയതോടെ അലസത വിട്ടകന്നു.
തങ്ങളുടെ സ്വപ്നസൗധം "നികുഞ്ചം" പൂർത്തിയായി.. 'നികുഞ്ചം എന്നാൽ - വള്ളിക്കുടിൽ. ..
ചെറുതെങ്കിലും മനോഹരമായ വീട്.അച്ഛനും അമ്മയും മരിക്കുകയും അനിയത്തി വിവാഹം കഴിഞ്ഞ് പോവുകയും ചെയ്തപ്പൊ വീണ്ടും ഗാഥ തനിച്ചായി.
ഒരിക്കൽ അമ്പലത്തിൽ വച്ച് കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ ഹോസ്പിറ്റലിൽ ആണന്ന്.
തിരികെ വീട്ടിലേക്ക് നടക്കുകയല്ല, ഓടുകയായിരുന്നു. അച്ഛന്റെ മുഖം വല്ലാതെ പൊള്ളിച്ചു മനസ്സിനെ .
'അവൾ ഭാവനയിൽ ആരംഗം കാണുകയായിരുന്നു...
ചെറിയച്ഛന്റെ മകളുടെ വിവാഹത്തലേന്ന് അതിഥികൾക്കിടയിൽ നിന്നവർ പറയുന്നു." ഒറ്റ മോള് പുലയച്ചെക്കന്റെ കൂടെ ഇറങ്ങിപ്പോയി.... ഒരുളുപ്പുമില്ലാതെ അണിഞ്ഞൊരുങ്ങി നിക്കണ കണ്ടാ? തൊലിക്കട്ടി സമ്മതിക്കണം....."
താൻ കേട്ടത് ഭർത്താവും കേട്ടൊ എന്നൊരാന്തലോടെ, കണ്ണീരോടെ അമ്മ മുഖം തിരിക്കുമ്പോൾക്കാണുന്നത്... നെഞ്ചിൽ അമർത്തിപ്പിടിച്ച് ആശ്രയത്തിനായി കൈനീട്ടി പരതി... വേപഥുവോടെ'തറയിലേക്ക് തളർന്നു വീഴുന്ന അച്ഛനെ.... ,
താൻ ഓട്ടോ പിടിച്ച് നേരെ ഹോസ്പിറ്റലിൽ എത്തുമ്പോ വഴി തടഞ്ഞ് നിൽപ്പുണ്ടായിരുന്നു അമ്മാവൻമാരും, ചെറിയച്ഛനും..
അച്ഛന്റെ മുഖമൊന്ന് കാണാൻ.... ആ കാലിൽ വീണ് മാപ്പ് ചോദിക്കാൻ... ആർത്തലച്ചുചെന്ന തന്നെ ആട്ടിപ്പായിച്ചു.
ICU വിന് മുന്നിൽ അമ്മായിയുടെ മടിയിൽ തലവച്ച് അമ്മ കിടക്കുന്നുണ്ടായിരുന്നു'.. പക്ഷെ അടുത്തേക്ക് ചെല്ലാനായില്ല
ഒരുമാത്ര കണ്ടപ്പോഴേക്കും ആരുടെയോ വകയായി മുഖമടച്ചൊരടിയും കിട്ടി.
"തിണർത്ത കവിളുകളിൽ നീറ്റലോടെ തിരിഞ്ഞ് നടക്കുമ്പോഴും ഉളളം ചുട്ടു നീറ്റിയത് അച്ഛനെക്കുറിച്ചോർത്തു മാത്രമായിരുന്നു.
ഈ മോളുനെ കാണുമ്പോ എന്റെ അച്ഛന്റെ ഹൃദയം പിന്നേം വേദനിക്കുമെങ്കിൽ...
വേണ്ട... തനിക്ക് കാണണ്ട. അച്ഛന് സുഖായീന്ന് മാത്രം അറിഞ്ഞാ മതി തനിക്ക് ....
പ്രാർത്ഥന നിറഞ്ഞ ദിനങ്ങൾ.
പിന്നിടറിഞ്ഞു അച്ഛന് സുഖമായി വീട്ടിലേക്ക് പോയത്.
.....................................................
മുറ്റത്ത് പാൽക്കാരന്റെ സൈക്കിൾ ബെൽ കേട്ടാണ് ഗാഥ ചിന്തയിൽ നിന്നുണർന്നത്.
ഓ സമയം ഇത്രവേഗം കടന്നു പോയൊ? വൈകുന്നേരമായി. ഇനി ഒന്നു കുളിക്കണം, ചായയിടണം.... അവളൊന്ന് നിശ്വസിച്ചു. മടി പിടിച്ചിരിക്കാൻ പറ്റില്ല... ഇത്രേം നാളും തനിച്ചായിരുന്നു' ഇനീ ഉള്ളിലൊരു ജീവനുണ്ട്. സമയത്ത് ആഹാരം കഴിച്ചേ മതിയാകൂ..
യാന്ത്രികമായി അടുക്കളയിൽ നിൽക്കുമ്പോഴും മനസ്സിൽ ഉച്ചയ്ക്ക് കണ്ടകിനാവായിരുന്നു. അവളുടെ കണ്ണുകൾ പലതവണ പുറത്തെ വാതിലിലേക്ക് ചെന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ........
അവൾക്ക് രാഹുലിനെ ഒന്നു കാണാനും, ആ നെഞ്ചിൽ മുഖം ചായ്ച്ച് നിൽക്കാനും ആഗ്രഹം തോന്നി.
ഹാളിൽ വന്ന് സോഫയിൽ തളർന്നിരിക്കവെ TV ഓൺ ചെയ്തതും....
ചാനലിൽ ആ മുഖം!
പ്രസന്നവും ദീപ്തവുമായ ആ കണ്ണുകൾ ദേ ഇങ്ങോട്ട് നോക്കുന്ന പോലെ......
പിന്നാലെ കാതിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് '.... റിപ്പോർട്ടറുടെ ശബ്ദം.
" ഇദ്ദേഹം പാലക്കാട് തത്തമംഗലത്ത്.. പരേതരായ ശങ്കരന്റെയും ചിന്നയുടെയും മകനാണ്....ഗാഥയാണ് ഭാര്യ. കുട്ടികളില്ല"
അമ്പരന്ന് വെപ്രാളത്തോടെ അവൾ ചാനലുകൾ മാറ്റി മാറ്റി നോക്കി.
" അതേ എല്ലാ ചാനലുകളിലും ആ മുഖം!!
ആക്രമണത്തിൽ ശരീരം ചിന്നിച്ചിതറിയതിനാൽ ഇന്നാണത്രേ ആളെ തിരിച്ചറിഞ്ഞത്...
ജമ്മുവിലെ ജോരിയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത 'കമാന്റൊ രാഹുൽ ശങ്കർ, ന് മരണാനന്ദര ബഹുമതിയായ 'പരംവീർ ചക്ര' നൽകി രാഷ്ട്രം ആദരിക്കുമത്രേ!!
TV യിലെ ദൃശ്യം ക്രമേണ മങ്ങുന്നതായും, ബോധമണ്ഡലത്തിൽ ഒരു വിസ്ഫോടനം നടക്കുന്നതായും അവൾക്ക് തോന്നി. സോഫയിലേക്ക് ബോധമറ്റ് വീഴുമ്പോൾ.........
പുറത്ത് കവലയിൽ ഒന്നിച്ചു കൂടിയ ദേശസ്നേഹികൾ...
ധീരദേശാഭിമാനിക്ക് .. അനുശോചനം അർപ്പിക്കാനും .കവലയിലെറോഡിന് രാഹുൽ ശങ്കർ, എന്ന് പേരിടാനും'.. ഒരുങ്ങുകയായിരുന്നു.
ആളുകൾ കൂടിക്കൊണ്ടിരുന്നു.
അന്നേരം ,അയാൾ പുലയൻശങ്കരന്റെ മകനാണെന്ന് അവർ ബോധപൂർവ്വം അങ്ങ് മറന്നു ..
..... (ദീപ അജയ് )
1
( Hide )
  1. കഥ നന്നായിരുന്നു.
    ചിലയിടങ്ങളിൽ,
    ഒരു കഥാപ്രസംഗത്തിന്റെ മട്ടിൽ പ്രതിഫലിയ്ക്കാനാണു ശ്രമിച്ചിരിയ്ക്കുന്നത് എന്നൊഴിച്ചാൽ പറയത്തക്ക ദ്യഷ്ടിദോഷങ്ങളില്ല.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo