Slider

ഒരു കോഴിക്കഥ

0


2002 ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആതുര സേവനം പഠിക്കാൻ ചേർന്ന കാലം.
ഏഴു വർഷത്തെ നവോദയ ജീവിതത്തിനും ഏഴുമാസത്തെ സനാതന ധര്മ കോളേജിലെ കലാലയ വാസത്തിനും ഒക്കെ വിഭിന്നമായി അപ്രതീക്ഷിതമായ ജീവിതാനുഭവങ്ങൾ ആരുന്നു അവിടുത്തെ ക്യാമ്പസ്സിൽ ലഭിച്ചിരുന്നത്.
സുന്ദരി തരുണീമണികൾ ബഹുഭൂരിപക്ഷം വിലസുന്ന വിദ്യാലയത്തിൽ സൂപ്പർ ഹീറോകളായി കുറച്ചു ആൺകുട്ടികൾ......
എല്ലാവര്ക്കും ഒട്ടനേകം പെൺസുഹൃത്തുക്കൾ.......
അവരുടെ ഇടയിൽ വിരാജിച്ചു അഴകിയ രാവണന്മാരായി വിലസുന്ന ചേട്ടന്മാർ കൗതുകവും അത്ഭുതവും ആരുന്നു.!!!!
പൊതുവെ അന്തർമുഖനും അല്പം നാണവും ഒക്കെ കൈമുതലായി ഉണ്ടായിരുന്ന എനിക്ക് സുഹൃത്തായി ഉണ്ടായിരുന്നത് തികഞ്ഞ മാന്യനും സൽസ്വഭാവിയും സർവോപരി പഠിപ്പിസ്റ്റുമായിരുന്ന ശ്രീമാൻ പ്രസന്ന ബാബുവാണ്....
ഒന്നുമുതൽ അഞ്ചാം ക്ലാസ്സുവരെ ഒരേക്ലാസിൽ പഠിച്ചു വന്ന ഞങ്ങൾ തികച്ചും യാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്. ...
വിപ്ലവ പ്രസ്ഥാനവും പ്രമുഖ ദേശിയ പ്രസ്ഥാനവും ശക്തമായി വേരുറച്ച ഒരു ക്യാമ്പസായിരുന്നു അക്കാലത്തു അവിടെ....
ഭിന്നചേരിയിൽ ആയിരുന്നിട്ടും ഞങ്ങൾ തമ്മിൽ ആശയ സംഘട്ടനങ്ങൾ ഉണ്ടായിരുന്നില്ല.
കൊടുമ്പിരികൊള്ളുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ അഭിമതരാകാതെ സ്വസ്ഥമായി ഞങ്ങൾ കഴിഞ്ഞു പോന്നു.
ക്‌ളാസ് കഴിഞ്ഞാൽ ഉടനെ തന്നെ വീടുപിടിക്കുക എന്നതാരുന്നു അന്നത്തെ പ്രധാന അജണ്ട.
ആദ്യ കുറച്ചു ദിനങ്ങൾ തരക്കേടില്ലാതെ കഴിഞ്ഞു പോയി...
കാലക്രമേണ എന്റെയുള്ളിൽ അടങ്ങിയിരിക്കുന്ന പൂവൻ കോഴി പതുക്കെ തലപൊക്കി തുടങ്ങി.....
ഒരു ദിവസം ഞാൻ പ്രസന്ന ബാബുവിനോട് നമുക്ക് അല്പം താമസിച്ചു വീട്ടിൽ പോയാൽ പോരെ എന്ന് ആവശ്യപ്പെടുകയുണ്ടായി.
ക്ലാസിനു ശേഷമുള്ള സമയം സഹപാഠികളോടും ചേച്ചിമാരോടുമൊക്കെ എന്തെങ്കിലും ഒക്കെ കുശലം പറഞ്ഞിരിക്കാം എന്ന നിർദോഷകരമായ ഒരു അഭിപ്രായം മാത്രാമാരുന്നു അത്.
ക്രൂദ്ധനായ എന്റെ സുഹൃത്ത് എന്നോട് പൊട്ടിത്തെറിച്ചു... !!!
പ്രൊഫഷണൽ കോഴ്സിന്റെ പ്രാധാന്യത്തെ പറ്റിയും സുസ്ഥിര ഭാവിക്കായി
ഉഴപ്പാതെ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അവൻ ഘോരഘോരം ക്‌ളാസ്സെടുത്തു...!!!!!!
പത്തിമടക്കിയ എനിക്ക് പ്രസ്താവന പിൻവലിച്ചു നിരുപാധികം കീഴടങ്ങേണ്ടി വന്നു....
അവന്റെ മുന്നിൽ ഞാൻ പരാജിതനായെങ്കിലും , ക്യാമ്പസ്സിൽ വിലസുന്ന ചേട്ടന്മാരുടെ മുഖങ്ങൾ എന്നെ വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു....
ഒരു ദിവസം ഉച്ച സമയത്തെ ഇടവേള... പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലൂടെ നടന്നു പോയ ഞങ്ങളെ അറ്റൻഡർ പിന്നിൽ നിന്നും വിളിക്കുന്നു.
പ്രിൻസിപ്പൽ മാഡെത്തിനു അത്യാവശ്യമായി കാണണം എന്നാണ് അവർ അറിയിച്ചത്.
രാജ്‌ലഷ്മി എന്നായിരുന്നു പ്രിൻസിപ്പലിന്റെ പേര്...
ഏതു നേരവും സുസ്മേര സുന്ദര വദനയായിരുന്ന മാഡതിനു ഞങ്ങളോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു .
അടുത്തയാഴ്ച എല്ലാ കുട്ടികളും ചേർന്ന് പിരിഞ്ഞു പോകുന്ന ബാച്ചിന് ഒരു യാത്ര അയപ്പ് കൊടുക്കുന്നുണ്ട്.
അതിൽ പുതിയ കുട്ടികളായ നിങ്ങൾ എന്തെങ്കിലും പരിപാടി അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു...
പറ്റില്ല എന്ന് പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടുള്ളതിനാൽ തലകുലുക്കി സമ്മതിച്ചു പുറത്തിറങ്ങി....
ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞു പുറത്തോട്ടു നടന്നു പോകുന്ന മാന്യ സുഹൃത്തിനെ നോക്കിയിരിക്കുമ്പോളും എന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു.
ഒടുവിൽ ലഡ്ഡു പൊട്ടി. !!!!
എല്ലാവരെയും ആകർഷിക്കാൻ പറ്റുന്നരീതിയിൽ ഒരു പരിപാടി അവതരിപ്പിക്കുക....
ആ വഴി കുറച്ചു
ആരാധികമാരെ സംഘടിപ്പിക്കാം.!!
ക്ലാസ്സുകഴിഞ്ഞപ്പോ ഞാൻ ആശാനോട് കാര്യം അവതരിപ്പിച്ചു.
പ്രതീക്ഷിച്ച പൊട്ടിതെറിയൊന്നും ഉണ്ടായില്ലെങ്കിലും സംഭവം അവൻ നിഷേധിച്ചു.
ഒടുവിൽ സുമനസ്സുകളായ മറ്റു സുഹൃത്തുക്കൾ കൂടി പങ്കെടുക്കാമെന്ന് സമ്മതിച്ചപ്പോൾ എന്റെ ബാല്യകാല തോഴൻ ഈ സംരംഭത്തിൽ പങ്കാളിയാവാൻ സമ്മതം മൂളി.
പിന്നീട് തിരക്കിട്ട ആലോചനയാരുന്നു.
ഒടുവിൽ മണ്ടനായ "അപ്പി ഹിപ്പി "യെ പെണ്ണുകാണിക്കാൻ പോകുന്ന ഒരു കോമഡി സ്‌കിറ് ചെയ്യാൻ തീരുമാനിച്ചു...
ഉറക്കമളച്ചു തയ്യാറാക്കിയ സ്‌കിറ് ഇൽ ഏറ്റവും മാന്യനായ കഥാപാത്രമായി ഞാനും പരമ കോമാളിയായ അപ്പിഹിപ്പിയായി അവനെയും നിശ്ചയിച്ചു....!!!
ബാക്കി ചെറുവേഷങ്ങൾ മറ്റു സുഹൃത്തുക്കൾക്കും പങ്കുവെച്ചു.......
.സ്ത്രീ വിഷയ തല്പരനല്ലാത്ത ഇവന് ഈ വേഷം തന്നെ ധാരാളം എന്ന കണക്കുകൂട്ടലിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങി...
മാന്യനായി വിലസുന്ന എന്റെ വേഷത്തിൽ അഭിരമിച്ചു എനിക്ക് ലഭിക്കാൻ പോകുന്ന ആരാധികമാരെ ഓർത്തു ഇടയ്ക്കു ഇടയ്ക്കു ഞാൻ പുളകം കൊണ്ടു.....!!!!!!!
പരിപാടി തുടങ്ങാൻ പോകുകയാണ്.
കർട്ടൻ പൊങ്ങി.
സർവാലങ്കാര ഭൂഷിതനായി ഞാൻ സ്റ്റേജിലെത്തി ചില നമ്പറുകൾ കാണിക്കുന്നു.
ഡയലോഗിൽ അവിടവിടെ ചിരികൾ പൊട്ടുന്നുണ്ട്...
കാര്യങ്ങൾ വിചാരിച്ചപോലെ അങ്ങോട്ട് ഏശുന്നില്ല...
പക്ഷെ അപ്രതീക്ഷിതമായ ഒരു വരവേൽപ്പാരുന്നു അപ്പിഹിപ്പിക്കു കിട്ടിയത്...
വെപ്പുമുടിയും ഗിറ്റാറുമായി സ്റ്റേജിൽ നിറഞ്ഞാടിയ ആ മഹാപാപിക്ക് നിർത്താതെയുള്ള കയ്യടി....
ഒടുവിൽ പരിപാടി കഴിഞ്ഞപ്പോൾ അപ്പിഹിപ്പിക്കു ആരാധികമാരുടെ ഇടയിൽ നിന്നും ഊരിപ്പോരാൻ പറ്റാത്ത അവസ്ഥ....!!!!
നിർന്നിമേഷനായി തലയ്ക്കു കയ്യും കൊടുത്തു ഗ്രൗണ്ട് ഫ്ലോറിൽ ഒറ്റക്കിരിക്കുകയാണ് സംവിധായകനും നിർമാതാവും നായകനും ഒക്കെയായ ഈ ഞാൻ....!!
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ , ഒഴിഞ്ഞ മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന എന്നെ കണ്ടിട്ട് ഫുഡ് കമ്മറ്റിക്കാരൻ ചേട്ടൻ പെട്ടി ചുമക്കാൻ വിളിച്ചോണ്ട് പോയി.
എടുത്താൽ പൊങ്ങാത്ത പെട്ടികൾ ചുമന്നു മൂന്നു ഫ്ലോറുകൾ കയറുമ്പോളുള്ള വേദനയേക്കാൾ അധികമാരുന്നു സുന്ദരിമാർക്കിടയിൽ ചിരിച്ചുല്ലസിക്കുന്ന ആ ദുഷ്ടന്റെ ചിത്രം കാണുബോൾ...!
പിന്നീട് ക്ലാസ്സുകഴിഞ്ഞാൽ അവൻ വരാൻ നോക്കിയിരിക്കലാരുന്നു എന്റെ പണി.
ഫാൻസുകളോടൊക്കെ യാത്രപറഞ്ഞു ഉന്മാദനായി വരുമ്പോൾ മുമ്പ് പറഞ്ഞ
'"സുസ്ഥിര ഭാവിയെപ്പറ്റിയുള്ള ആകുലതയൊക്കെ'"
വന്നത് ഈ മുഖത്തുനിന്നും തന്നെയാണോ ദൈവമേ.....എന്ന് ചിന്തിച്ചു പോയി...!!!!
പാളിപ്പോയ പദ്ധതിയോർത്തു
നെടുവീർപ്പിട്ടു നടക്കുന്ന സമയത്താണ് ഒരു ദിവസം സീനിയേഴ്സ് ക്ലാസ്സിൽ സന്ദർശനം നടത്തുന്നത്...
അവർ എല്ലാവര്ക്കും തിരിച്ചു ഒരു സൽക്കാരം ഒരുക്കിയിട്ടുണ്ട് എന്നും എല്ലാവരും അതിൽ പങ്കെടുക്കണം എന്നും അറിയിച്ചു....
കൂടാതെ അന്ന് നടത്തിയത് പോലെ ഗംഭീരമായി ഒരുപരിപാടി നടത്തണം എന്നു പ്രത്യേകമായി ആവശ്യപ്പെടുകയും ചെയ്തു...
വീണ്ടും ഉത്തരവാദിത്തം എന്റെ തലയിൽ...
ഇത്തവണ അമളി പറ്റാൻ പാടില്ല.
കൂടുതൽ ചിന്തിച്ചു ബുദ്ധിപരമായ ഒരു തിരക്കഥ തയ്യാറാക്കി....
മാനസിക രോഗിയായ ഒരു ചെറുപ്പക്കാരൻ...
അവനെ ചികിൽസിക്കാൻ വരുന്ന സുമുഖനും സുന്ദരനുമായ ഡോക്ടർ......
അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങൾ ആണ് കഥ....
മനഃശാസ്ത്രജ്ഞനായി ഞാനും ഭ്രാന്തനായി അവനും...!!!!!!
ഇത്തവണ പണി പാളില്ല എന്ന് ഉറപ്പായിരുന്നു ..
പരിപാടി നടന്നുകൊണ്ടിരിക്കുന്നു. എല്ലാവരും റെഡി ആണ്.
പക്ഷെ അവൻ വന്നിട്ടില്ല.
ഇപ്പോ അൺനോൺസ്‌മെന്റ് നടക്കും.
അക്ഷമയോടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് കയ്യിൽ ഒരു കവറുമായി അവൻ വന്നു.
തുറന്നു നോക്കിയപ്പോൾ നിത്യ ഹരിത നായകൻ " ജയന്റെ" ഉടുപ്പ്....!!!!!!
ആശാൻ സ്ക്രിപ്റ്റിൽ സ്വയം മാറ്റം വരുത്തിയിരിക്കുന്നു.
വെറും ഭ്രാന്തന് പകരം
"ജയന്റെ ആരാധന മൂത്തു ഭ്രാന്തായവൻ "എന്നാക്കി മാറ്റിയിരിക്കുന്നു......
അവനാരാ മോൻ!!
പരിപാടി ഗംഭീരമായിരുന്നു.
ജയന്റെ മാസ്മരിക പ്രകടനത്തിന് മുമ്പിൽ എന്റെ ഡോക്ടർ വേഷം തകർന്നു തരിപ്പണമായി.
അവനൊരു തരംഗമായി മാറുകയാരുന്നു.
ജയന്റൊപ്പം ഫോട്ടോ എടുക്കാൻ ആരാധികമാർ തിക്കി തിരക്കുന്നതു അന്തം വിട്ടു നോക്കികൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം..
"പിന്നെയും പണി പാളിയല്ലേ"??!!!
തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും നമ്മുടെ ഫുഡ് കമ്മറ്റിക്കാരൻ ചേട്ടൻ....!!!!
മനശാത്രജ്ഞനായി വിലസാൻ കൊതിച്ച ഞാൻ ഒരു മനോരോഗിയായി പെട്ടി ചുമക്കുന്നതാരുന്നു പിന്നവിടെ കണ്ടത്.!!
----////----
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo