നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവയവ ദാനം മഹാ ദാനം




തിരക്കുള്ള ഒരു ട്രാഫിക് ജംഗ്ഷനിൽ ജോയ് സിഗ്നൽ കാത്തു കിടന്നു .ജീവിതം അയാൾക്ക്‌ നേരെ ചുവപ്പു കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി .

ഏറ്റവും ഒടുവിൽ അപ്പൂസിന്റെ രോഗത്തിന്റെ രൂപത്തിൽ . പതിമൂന്നു വയസ്സ് മാത്രം പ്രായമായ അപ്പുവിന് ഭേദമാകാൻ സാധ്യതയില്ലാത്ത ഹൃദ്രോഗമാണെന്ന് ഡോക്ടർ വിധി എഴുതിയിട്ടു മൂന്നുമാസത്തിൽ കൂടുതലായി .പലരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നു പോന്നത് .ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ട് മാത്രമേ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ എന്ന് ഡോക്ടർ ഇടക്കിടക്ക് ഓര്മിപ്പിക്കാറുണ്ട് .അതിനു വലിയ ഒരു തുക തന്നെ വേണം .ഒരു ടാക്സി ഡ്രൈവർ മാത്രമായ അയാൾക്ക്‌ ചിന്തിക്കാൻ പറ്റുന്നതിലുമപ്പുറത്തായിരുന്നു അത്.അപ്പുവിന്റെ സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വലിയ ഒരു തുക സമാഹരിച്ചിട്ടുണ്ട് .പക്ഷെ അത് മാത്രം പോരല്ലോ ,ഇനിയും വേണം പണം .അയാളാൽ ആവുന്ന വിധത്തിലൊക്കെ അയാൾ ശ്രമിക്കുന്നുണ്ട് .സുഹൃത്തായ ബാഹുലേയൻ കുറച്ചു പണം തരാമെന്നു ഏറ്റിട്ടുണ്ട്. നാളെ വൈകുന്നേരം തന്നെ ചെല്ലണം ,അയാൾ പിറ്റേ ദിവസം ബാംഗ്ലൂർക്ക് പോകും .പിന്നെ ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ .ഇന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോണം അല്ലെങ്കിൽ ഇന്ന് തന്നെ പോകാമായിരുന്നു .ഒരായിരം ചിന്തകൾ മനസിലൂടെ മിന്നിമറഞ്ഞതു കൊണ്ടായിരിക്കണം സിഗ്നൽ മാറിയത് അയാൾ അറിഞ്ഞില്ല .പുറകിലെ വാഹനങ്ങളുടെ കൂട്ടത്തോടെയുള്ള ഹോണുകൾ അയാളെ ചിന്തയിൽ നിന്നുണർത്തി .അലക്ഷ്യമായി അയാൾ ആ വാഹനം മുന്നോട്ടോടിച്ചു .
അന്ന് വൈകുന്നേരം അപ്പുവിനെയും കൊണ്ട് ചെക്കപ്പിനു പോയപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പെട്ടന്ന് വേണമെന്നും,ഇനി അധികം സമയമില്ലെന്നും ഡോക്ടർ എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ ആവർത്തിച്ചു .പക്ഷെ അന്ന് വരെ തോന്നാത്ത ഒരു ഇടർച്ച ഡോക്ടറുടെ ശബ്ദത്തിൽ ഉണ്ടായതായി അയാൾ ശ്രദ്ധിച്ചു .ഒരു ഡോണറെ കിട്ടിയാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്തിയേ മതിയാകൂ ,അത് മാത്രമാണ് ഇനി ചെയ്യാനുള്ളതെന്ന് ഒരു നെടുവീർപ്പോടെയാണ് ഡോക്ടർ പറഞ്ഞു നിർത്തിയത് .ഡോക്ടറുടെ വാക്കുകൾ ഉള്ളിൽ വലിയ ഒരു വിങ്ങൽ ഉണ്ടാക്കിയെങ്കിലും കണ്ണീരിന്റെ രൂപത്തിൽ അത് പുറത്തേക്കു വരാതിരിക്കാൻ അയാൾ ശ്രമിച്ചു .അപ്പു കേൾക്കാതെയാണ് ഡോക്ടർ തന്നോട് സംസാരിച്ചതു .പക്ഷെ അവൻ അയാളോട് ഒന്നും ചോദിച്ചില്ല .അവന്റെ കണ്ണുകളിൽ എന്തോ ഒരു ഭീതി അയാൾക്ക്‌ അനുഭവപെട്ടു .അവനെ കെട്ടിപിടിച്ചു ഒന്നു കരയണമെന്നുണ്ടായിരുന്നു അയാൾക്ക് .ആനി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു .ഒരിക്കലും നടക്കാത്ത മോഹമാണെന്നറിഞ്ഞിട്ടും .മൂന്നു വർഷങ്ങൾക്കു മുൻപാണ് ഒരു ഹൃദ്രോഗത്തിന്റെ രൂപത്തിൽ വിധി അവളെ തന്നിൽ നിന്ന് അകറ്റിയത് .അതിന്റെ ബാക്കിപത്രമായി ഇപ്പോഴിതാ അപ്പുവിന്റെ രോഗത്തിന്റെ രൂപത്തിൽ .അപ്പുവിനെ വിധിക്കു വിട്ടു കൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല ,അതയാൾ 
എന്നെ മനസിലുറപ്പിച്ചിരുന്നു .തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല .പേടിപ്പെടുത്തുന്ന ഒരു നിശബ്ദത ആ വാഹനത്തിൽ തങ്ങി നിന്നു .
പിറ്റേ ദിവസം അതിരാവിലെ അയാൾക്കൊരു ട്രിപ്പ് ഉണ്ടായിരുന്നു .അപ്പുറത്തുള്ള ഗോപി ചേട്ടനോട് അപ്പുവിനെ ഒന്നു നോക്കി കൊള്ളണമേ എന്ന് പറഞ്ഞയാൾ ധൃതിയിൽ ഇറങ്ങി.അപ്പു തനിച്ചുള്ളപ്പോഴൊക്കെ ഗോപി ചേട്ടനും ഭാര്യ മാലതി ചേച്ചിയും തന്നെയാണ് അപ്പുവിന്റെ കാര്യങ്ങൾ നോക്കാറ്.മക്കളില്ലാത്ത അവർക്ക് അപ്പു ഒരു മകൻ തന്നെ ആയിരുന്നു .കയറിയ യാത്രികരെയും കൊണ്ട് അയാൾ ആ നഗരം മുഴുവൻ കറങ്ങി .ഷോപ്പിംഗ് മാളുകളും പാർക്കും മ്യൂസിയവും എല്ലാം അയാൾ അവരെ കാണിച്ചു .അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങിയ ആ കുടുംബത്തോട് അയാൾക്ക് ചെറിയ ഒരു അസൂയ തോന്നി .ഇടക്കെപ്പഴോ അപ്പുവിന്റെ വിവരങ്ങൾ അറിയാൻ ഗോപിചേട്ടനെ വിളിച്ചു നോക്കി പക്ഷെ കിട്ടിയില്ല .പിന്നീട് വിളിക്കാം എന്നു കരുതി അയാൾ ഫോൺ പോക്കറ്റിൽ തന്നെ ഇട്ടു .ചാർജ് തീരെ കുറവായിരുന്നു ഇനി എവിടുന്നെങ്കിലും കുറച്ചു നേരം ചാർജ് ചെയ്യണം എന്നയാൾ കരുതി . വൈകുന്നേരമായപ്പോൾ യാത്രികരെ അയാൾ ഹോട്ടലിൽ കൊണ്ട് പോയി ഇറക്കി വിട്ടു.ബാഹുലേയനെ വിളിക്കാനായി അയാൾ ഫോൺ എടുത്തു .ഫോൺ സ്വിച്ച്ഓഫ് ആയിരിക്കുന്നു ,തിരക്കിനിടയിൽ ചാർജ് ഇല്ലാത്ത കാര്യമൊക്കെ അയാൾ മറന്നു പോയിരുന്നു .ഇനി ബാഹുലേയനെ വീട്ടിൽ ചെന്ന് തന്നെ കാണാമെന്നുറച്ചയാൾ വണ്ടി ബാഹുലേയന്റെ വീടിനെ ലക്ഷ്യമാക്കി ഓടിച്ചു .അവിടെ എത്തി ബാഹുലേയനുമായി കുറച്ചു നേരം സംസാരിച്ചിരുന്നു .അതിനിടയിൽ അയാൾ തന്റെ ഫോൺ കുറച്ചു നേരം ചാർജ് ചെയ്‌തു .ബാഹുലേയനിൽ നിന്ന് പണവും വാങ്ങി എല്ലാം ശരിയാവുമെന്ന ആശ്വാസവാക്കും കേട്ടയാൾ അവിടെ നിന്നറങ്ങി .കാറിലിരുന്ന് അയാൾ ഗോപിചേട്ടനെ വിളിക്കാനായി ഫോൺ സ്വിച്ച്ചോൺ ചെയ്‌തു .രണ്ടു പ്രാവശ്യം കാൾ പോയെങ്കിലും അപ്പുറത്തെ തലക്കൽ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല .പെട്ടന്ന് വീടെത്താനായി അയാൾ പതുക്കെ കാർ മുന്നോട്ടോടിച്ചു .കുറച്ചു ദൂരം ചെന്നതും അയാളുടെ ഫോൺ ശബ്ദിച്ചു.കാർ സൈഡിലേക്ക് ഒതുക്കി അയാൾ ഗോപിച്ചേട്ടന്റെ കാൾ അറ്റൻഡ് ചെയ്‌തു .ഗോപിച്ചേട്ടന്റെ സംസാരത്തിലെ പരിഭ്രമം അയാളുടെ ഹൃദയമിടിപ്പ് കൂട്ടി .അപ്പു ഐ സി യു വിലാണെന്ന കാര്യം ഒരു വിറയലോടെ ഗോപിചേട്ടൻ പറഞ്ഞൊപ്പിച്ചു .ഹോസ്പിറ്റലിന്റെ പേരും പോലും ശരിയായി കേട്ടോ എന്നറിയില്ല .തല കറങ്ങുന്നതുപോലെ തോന്നി അയാൾക്ക് .അതിവേഗത്തിൽ വാഹനമോടിച്ചിട്ടും അത് നീങ്ങാത്തതായി തോന്നി .പെട്ടന്നെന്തെങ്കിലും ചെയ്യണം ഇനി അധികം സമയമില്ല എന്ന ഡോക്ടറിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു .അത് ഒരു സൂചിമുന പോലെ ഹൃദയത്തെ കുത്തി കൊണ്ടിരുന്നു .പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ റോഡിന്റെ സൈഡിൽ നിന്ന് കൈ കാണിക്കുന്നത് അയാൾ ശ്രദ്ധിച്ചതു .എന്തോ അപകടം ആ ചെറുപ്പക്കാരന് പറ്റിയിരിക്കുന്നു അത് തീർച്ച .അയാൾക്ക്‌ മുൻപ് പോയ വാഹനങ്ങൾ ഒന്നും ആ ചെറുപ്പക്കാരന്റെ മുന്നിൽ നിർത്തിയില്ല .പക്ഷെ അയാൾക്ക് നിർത്താതെ പോവാൻ മനസ്സുവന്നില്ല .ആ ചെറുപ്പക്കാരന്റെ ഡ്രെസ്സിൽ ചോര പുരണ്ടിരുന്നു .ഏതോ വണ്ടി തങ്ങളുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി നിർത്താതെ പോയെന്നും,തന്റെ സുഹൃത്തു രക്‌തം വാർന്നു കിടക്കുകയാണെന്നും,എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നുമൊക്കെ വിറച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞൊപ്പിച്ചു .എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ ഇരിക്കുന്നതിനിടയിൽ, കുറച്ചപ്പുറത്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന സുഹൃത്തിനെ താങ്ങി എടുക്കാനായി ആ ചെറുപ്പക്കാരൻ നീങ്ങി.പക്ഷെ അയാളുടെ മനസ്സിൽ തന്റെ മകനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.താൻ ആശുപത്രിയിലേക്ക് തന്നെയാണ് പോകുന്നതെന്നും ,ആ കിടക്കുന്നവനും ആരുടെയോ മകനാണെന്നൊക്കെയുള്ള ചിന്തകളൊന്നും അയാൾക്ക് തോന്നിയില്ല.അയാൾ വാഹനം മുന്നോട്ടെടുത്തു .ചെറുപ്പക്കാരന്റെ അലമുറ കുറെ ദൂരെ വരെ ആ വാഹനങ്ങളുടെ ശബ്ദത്തിനിടയിലും അയാൾക്ക്‌ കേൾക്കാമായിരുന്നു .ചെയ്‌തതു വലിയ തെറ്റാണെന്നയാൾക്കറിയാമായിരുനെങ്കിലും അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ അപ്പോൾ അയാൾക്ക്‌ തോന്നിയില്ല .
മനസ്സിൽ അപ്പുവിന്റെ മുഖം മാത്രമായിരുന്നു .ആശുപത്രിക്കരികിൽ കാർ നിർത്തിയിട്ടു അയാൾ ഐ സി യു ലക്ഷ്യമാക്കി ഓടി .ചില്ലിട്ട മുറിക്കുള്ളിൽ വായിലും മൂക്കിലുമൊക്കെ കുഴലുകൾ ഇട്ടു തന്റെ പൊന്നുമോൻ കിടക്കുന്നത് അധികനേരം നോക്കി നിൽക്കാൻ അയാൾക്കായില്ല.ഗോപിച്ചേട്ടനും മാലതി ചേച്ചിയുമൊക്കെ എന്തൊക്കെയോ അയാളോട് പറയുന്നുണ്ടായിരുന്നു .അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, കേൾക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല .എന്തോ ഒരു തരം മരവിപ്പോടെ അയാൾ ഐ സി യു വിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു .ഡോക്ടറുടെ ശബ്ദമാണയാളെ ഉണർത്തിയത് .രണ്ടു ദിവസത്തിനുള്ളിൽ ഒരു ഡോണറെ കിട്ടുമെന്നു തന്നെയാണ് വിശ്വാസം ,എല്ലാ ഹോസ്പിറ്റലുകളിലേക്കും ഇൻഫർമേഷൻ നല്കികഴിഞ്ഞിട്ടുണ്ട് ,എല്ലാം ശരിയാകും തുടങ്ങിയ ആശ്വാസ വാക്കുകൾ അയാളിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോയെന്നറിയില്ല .നഴ്‌സ്‌ നൽകിയ ഒരു കുറിപ്പുമായി മരുന്ന് വാങ്ങാനായി അയാൾ ഫാർമസിയിലേക്കു നടന്നു .പെട്ടന്ന് കാഷ്വാലിറ്റിയിൽ ഒരു ബഹളം .ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ടെന്നാരോ പറഞ്ഞു .ആളുകളുടെ ബഹളത്തിനിടയിൽ ഒരു മുഖം അയാൾ ശ്രദ്ധിച്ചു .കുറച്ചു മുൻപ് റോഡരികിൽ രക്‌തത്തിൽ കുളിച്ചു കിടന്ന തന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ തന്നോട് കെഞ്ചിയ ചെറുപ്പക്കാരന്റെ അതെ മുഖം .ഒരു കുറ്റവാളിയെ പോലെ ആ ചെറുപ്പക്കാരന്റെ നോട്ടത്തിൽ പെടാതിരിക്കാൻ അയാൾ ശ്രമിച്ചു .താൻ ഉപേക്ഷിച്ചു പോന്ന ആളിന്റെ ജീവൻ രക്ഷിക്കണമേയെന്നു ദൈവത്തോട് പ്രാർത്ഥിക്കാൻ അയാൾക്ക് തോന്നി ,പക്ഷെ അയാൾക്കതിനുപോലും ആയില്ല .വല്ലാത്തൊരു മരവിപ്പ് അയാളുടെ മനസ്സിനെ കീഴടക്കിയിരുന്നു .
പിറ്റേദിവസം രാവിലെ തന്നെ ഡോക്ടർ അയാളെ മുറിയിലേക്ക് വിളിപ്പിച്ചു .ഡോക്ടറുടെ മുറിയിലേക്ക് പോകുന്ന വഴി ഇന്നലത്തെ ആക്സിഡന്റ് കേസിലെ പയ്യനെപ്പറ്റി റിസപ്ഷനിൽ ഒന്നന്വേഷിച്ചാലോ എന്നയാൾക്ക്‌ തോന്നി .ഒരു കുറ്റവാളിയുടേതുപോലുള്ള ഭയം അയാളെ അതിൽ നിന്ന് വിലക്കി.ഡോണറെ കിട്ടിയ കാര്യം വലിയ ഉത്സാഹത്തോടെയാണ് ഡോക്ടർ പറഞ്ഞു തുടങ്ങിയത് .ഇന്ന് തന്നെ ഓപ്പറേഷൻ നടത്താമെന്നും അതിനു വേണ്ട ഫോമുകളും മറ്റും ഓഫീസിൽ പോയി ഒപ്പിട്ടു കൊടുത്തോളാനും ഡോക്ടർ അയാളോട് പറഞ്ഞു.
അറിയാനുള്ള ആവേശത്തിൽ ഡോണർ ആരാണെന്നയാൾ അന്വേഷിച്ചു .ഡോക്ടറുടെ മുഖം പെട്ടന്ന് മ്ലാനമായി .ഒരു നെടുവീർപ്പോടെ ഇന്നലെ വൈകിട്ട് വന്ന ഒരു ആക്സിഡന്റ് കേസിനെ പറ്റി ഡോക്ടർ പറഞ്ഞു.അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ ,എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥി .ഇന്നലെ ഏതോ വണ്ടി തട്ടി കുറെ നേരം രക്‌തം വാർന്നു കിടന്നു .ഈ ഒരു അവസ്‌ഥയിലും ഇത്തരം ഒരു പുണ്യ പ്രവർത്തി ചെയ്‌ത ആ മാതാപിതാക്കളെ ഡോക്ടർ സ്തുതിച്ചു .അപ്പൂസടക്കം മൂന്നു പേരാണ് അവരുടെ ഈ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പോകുന്നത് എന്നയാൾ ഡോക്ടറിൽ നിന്നറിഞ്ഞു .തകർന്ന മനസ്സോടെ അയാൾ അത് കേട്ടു നിന്നു .അയാൾക്ക്‌ അലറി കരയാൻ തോന്നി .അയാൾ അയാളെ തന്നെ വെറുത്തു .അയാൾക്ക്‌ ആ മാതാപിതാക്കളെ കാണണമെന്നും അവരോടു മാപ്പു പറയണമെന്നൊക്കെ തോന്നി .മകന്റെ നിശ്ചലമായ ശരീരം ഏറ്റുവാങ്ങാനായി മുറിക്കു പുറത്തെ ബെഞ്ചിലിരിക്കുന്ന ആ മാതാപിതാക്കളെ തകർന്ന മനസ്സോടെ അയാൾ കണ്ടു.അതിനിടയിൽ ആ ചെറുപ്പക്കാരന്റെ കണ്ണുകളുമായി അയാളുടെ കണ്ണുകൾ കൂട്ടിമുട്ടി.ഒരു കുറ്റവാളിയെ പോലെ അവിടുന്ന് ഓടിപോകാനയാൾക്കു തോന്നി .ആ ചെറുപ്പക്കാരനിൽ നിന്നും ഒരു പൊട്ടിത്തെറി അയാൾ പ്രതീക്ഷിച്ചു .പക്ഷെ സുഹൃത്തു നഷ്ടപെട്ട അവന്റെ കണ്ണുകളിൽ അയാളോടുള്ള ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല ,ആ കണ്ണുകളിൽ നിഴലിച്ചു നിന്നതു അയാളോടുള്ള സഹതാപം മാത്രമായിരുന്നു .ഒരു മനുഷ്യൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടതായി അയാൾക്ക്‌ തോന്നി .ഒരു പരാജിതനോടുളളു സഹതാപം മാത്രമാണോ അവന്റെ കണ്ണുകളിൽ കണ്ടത് .മനുഷ്യതം മരിച്ച മനസ്സുമായി എന്തിനാണിങ്ങനെ ജീവിക്കുന്നതെന്ന് അവൻ ചോദിക്കുന്നതായി അയാൾക്ക് തോന്നി .മരവിച്ച മനസ്സുമായി അയാൾ അവിടെ നിന്നും നടന്നു .അപ്പോഴേക്കും അപ്പൂസിനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു .നഴ്‌സ്‌ തന്ന പേപ്പറിൽ എവിടെയൊക്കെയോ അയാൾ ഒപ്പിട്ടു .ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തെ ബെഞ്ചിലിരിക്കുമ്പോഴും അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് ആ ചെറുപ്പക്കാരന്റെ നോട്ടമായിരുന്നു .ചിലർ മരിക്കുമ്പോൾ ചിലർ ജീവിക്കുന്നു എന്നത് എവിടെയോ വായിച്ചതു അയാൾ ഓർത്തു .
ഓപ്പറേഷൻ കഴിഞ്ഞ പിറ്റേ ദിവസമാണ് അപ്പൂസ് കണ്ണ് തുറന്നത്‌ .മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ ഉള്ളത് കൊണ്ടായിരിക്കും അവനോടൊന്നു പുഞ്ചിരിക്കാൻ പോലും അയാൾക്ക്‌ കഴിഞ്ഞില്ല .തനിക്കും അപ്പുവിനുമിടയിൽ മറ്റാരോ ഒരാൾകൂടി ഉള്ളതായി അയാൾക്ക് തോന്നി .അയാൾ പതുക്കെ അപ്പുവിന്റെ നെഞ്ചിൽ കൈവച്ചു .ആ ഹൃദയത്തിൽ തൊട്ടു അയാൾ ഒരായിരം തവണ മനസ്സുകൊണ്ട് മാപ്പു പറഞ്ഞു .ഇതേ സമയം മറ്റൊരിടത്തു ആ ഹൃദയത്തിന്റെ ഉടമയുടെ ചിതയിൽ നിന്ന് അഗ്നി ഒരു ജ്വാലയായി പറന്നുയർന്നു കൊണ്ടേയിരുന്നു ഈ ആകാശം മൊത്തം കീഴടക്കാൻ എന്ന പോലെ .കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ കുറെ കടലാസുകളിൽ ഒപ്പു വെച്ചു .അയാളുടെ അവയവങ്ങൾ ദാനം ചെയ്‌തുകൊണ്ടുള്ള സമ്മതപത്രമായിരുന്നു അത് .ആ നഗരത്തിൽ വീണ്ടും അയാൾ ടാക്സി ഓടിച്ചുകൊണ്ടേയിരുന്നു .അയാളുടെ ടാക്സിയുടെ പുറകിൽ ഇങ്ങനെ എഴുതിയിരുന്നു "അവയവ ദാനം മഹാ ദാനം "


By: harinair

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot