Slider

സ്രഷ്ടാവിൻ്റെ വികൃതി

0



ജനിച്ചത് പെൺശരീരമായിട്ടായിരുന്നു,
വളർത്തിയതും പെണ്ണായിട്ടായിരുന്നു,
പക്ഷെ എന്നിലെ ഞാൻ ആണായിരുന്നു.
വളയിടേണ്ട കൈകൾ വളയം പിടിക്കാൻ
ആഗ്രഹിച്ചതും,
നാണിക്കേണ്ട സമയത്ത് ക്രോധം മുഖമുദ്രയായതും ,
ആൺകുട്ടികൾ ചങ്ങാതിമാരായതും ,
തന്റേടി എന്നു പേരു വീണതും,
സാരിചുറ്റേണ്ട പ്രായത്തിൽ ഷർട്ടിടാൻ ആഗ്രഹിച്ചതും,
കൂട്ടുകാരിയെ പ്രണയിച്ചതുമെല്ലാം
എന്റെ മനസ്സിന്റെ തോന്നലായി
മാത്രം കാണാൻ ആഗ്രഹിച്ചതും,
പക്ഷെ കാലമേറിയിട്ടും പെണ്ണാണെന്നറിയിക്കാത്ത
എന്റെ ശരീരവും, ആണിന്റെ മനസ്സും
സൃഷ്ടിയുടെ വികൃതികളിൽ ഒന്നാണെന്ന്
മനസ്സിലായപ്പോൾ
ചങ്കിൽ കത്തികുത്തിയിറക്കുന്ന
വേദനയിലും ചിരിക്കാൻ ശ്രമിച്ചതും,
എന്നിലെ എന്നെ തിരിച്ചു കിട്ടാൻ വേണ്ടിയായിരുന്നു.
പെണ്ണെന്ന എന്റെ മുഖംമൂടി വലിച്ചു കീറി,
പുച്ഛവും, പരിഹാസവും നിറഞ്ഞ
ലോകത്തേക്കു നടക്കുമ്പോൾ,
കൂട്ടുണ്ടായത് തന്റേടമുള്ള ആണിന്റെ
മനസ്സു മാത്രം.
വീട്ടുകാർക്ക് ശാപജന്മമായതും ,
ബന്ധുക്കൾ ശത്രുക്കളായതും,
നാട്ടുകാർക്ക് പരിഹാസമായപ്പോഴും
ഞാൻ ആശ്വാസം കണ്ടെത്തിയത്
എനിക്കു എന്നെ തിരിച്ചു കിട്ടുന്നതിലൂടെയായിരുന്നു.
ഒറ്റപ്പെട്ട പരിഹാസം നിറഞ്ഞ ഈ ജീവിതത്തിൽ
സ്നേഹം മാത്രം ആഗ്രഹിച്ച എനിക്ക്
സ്നേഹം തരാൻ തയ്യാറായവർക്ക്
പകരം കൊടുക്കേണ്ടി വന്നത്
എനിക്കു ഭാരമായ എന്റെ പെൺശരീരത്തെയായിരുന്നു.
അറപ്പിലും, വെറുപ്പിലും, വേദനയിലും
പുച്ഛത്തിലും, പരിഹാസത്തിലും
ഞാൻ മനസ്സിലാക്കിയത്
സ്നേഹമെന്നാൽ സ്വാർത്ഥതയാണെന്ന
സത്യമായിരുന്നു.
പെൺശരീരവും ആൺമനസ്സുമായി
എന്നെ സൃഷ്ടിച്ച
സ്രഷ്ടാവിന്റെ വികൃതിയെ ചോദ്യം ചെയ്തത്
എന്റെ പെൺശരീരത്തിലെ
പെൺ രേഖകൾ ചെത്തിക്കളഞ്ഞായിരുന്നു.
ആ പ്രാണൻ പോകുന്ന വേദനയിലും
ഞാൻ ഉറക്കെ പറഞ്ഞത്
ഞാൻ എന്നെ പൂർണ്ണനാക്കി എന്നാണ് .........

രേവതി രൂപേഷ് (രേരു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo