Showing posts with label രേവതിരൂപേഷ്. Show all posts
Showing posts with label രേവതിരൂപേഷ്. Show all posts

തമാശ (അന്നും ,ഇന്നും )


എനിക്കും ,നിനക്കും ,നമുക്കും ഒരുമിച്ചാസ്വദ്ധിച്ചു ചിരിക്കാൻ പറ്റുന്ന തമാശകളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിച്ചു കൊണ്ട് .......
തമാശ (അന്നും ,ഇന്നും )
പണ്ടു തമാശ കേട്ടു ചിരിച്ചു,
പിന്നെയും പിന്നെയും ചിരിച്ചു,
ഓർത്തോർത്തു ചിരിച്ചു .
ഇന്നുമെൻ ഹൃദയത്തിന്നടിത്തട്ടിൽ
ആഴ്ന്നു കിടപ്പുണ്ടാ രസ
നിമിഷങ്ങൾ.....
ഓർമ്മകളിൽ സുഗന്ധം
വിടർത്തിയ പ്രിയ നിമിഷങ്ങൾ .......
ഇന്നും നാം തമാശയ്ക്കു
നടുവിലാണ് ,
രൂപമാറ്റം വന്ന പുതിയ
തമാശയ്ക്കു മുന്നിൽ .......
നമ്മുടെ മാനാഭിമാനങ്ങളെ,
നടുറോഡിൽ വിവസ്ത്രമാക്കിയിട്ട്,
ഒടുവിൽ പറയുന്നു
തമാശയാണെന്ന്....
പരസ്യമായി അപഹസിച്ച്,
നമ്മുടെ ചിരിയെ മങ്ങലേൽപ്പിച്ചിട്ട്,
പരിഹാസച്ചിരികൾക്കു നടുവിൽ
നമ്മെ തനിച്ചാക്കി നിർത്തുന്നതും
തമാശയാണത്രേ....
നോവുപടർത്തുന്ന ,ഓർക്കാനിഷ്ടപ്പെടാത്ത,
ക്രൂരവിനോദങ്ങൾക്കും ഓമനപ്പേര്
തമാശയെന്ന്.....
മതിയാക്കാം ......
പറയുന്നവരും ,കേൾക്കുന്നവരും
ഒരുപോലെ ആസ്വദ്ധിക്കുന്ന
തമാശയിലേക്ക് ഒരുമിച്ചു
മടങ്ങാം ...
ഹൃദയം തുറന്ന് ചിരിക്കാൻ,
ഹൃദയത്തിൽ നിന്ന് പറയാം
തമാശ ..........
രേവതി രൂപേഷ് രേരു

തിരികെ


ഇനിയൊന്നു മടങ്ങണം ,
മാറാത്ത മനസ്സിന്റെ ,
ഓർമ്മ വഴിയിലൂടൊന്നു
പിന്നിലോട്ട് ......
ഇടവപ്പാതിയിലൊരു കുഞ്ഞു
സ്വപ്നത്തിൽ, ചിറകേറി
പറന്നുയരാൻ ശ്രമിക്കാൻ...
മകരമഞ്ഞിൻ മനസ്സിലൊരു
കിളിക്കൂടുണ്ടാക്കി,
മരവിച്ച ഓർമ്മകളെ ,
പുണരാൻ കഴിഞ്ഞെങ്കിൽ....
മഴ നനഞ്ഞാൽ അസുഖം
പിടിക്കാത്ത ,
ചെളിയും, ചേറും
അറപ്പുളവാക്കാത്ത ,
വിയർപ്പിൻ ഗന്ധം
ദുർഗന്ധമാവാത്ത ,
എരിയുന്ന വേനലിൽ
വാടിക്കരിയാത്ത ,
നിലയ്ക്കാത്ത പേമാരിയെ
കുറ്റം പറയാത്ത ,
മണ്ണിനെ ,പച്ചപ്പിനെ
സമൃദ്ധിയായ് കാണുന്ന ,
വാർദ്ധക്യത്തെ സ്നേഹമായി
കാണുന്ന ,
സമ്പത്തിനും ബന്ധങ്ങൾ
ക്കുമിടയിൽ ,
അതിർത്തി പണിയാത്ത
ഓർമ്മകളിലോട്ടൊരു,
യാത്ര നടത്തണം ....
യാത്ര നടത്തണം ...........
രേരു

അഞ്ചാം ക്ലാസ്സിലെ ക്രിസ്തുമസ് ഗിഫ്റ്റ്


എൽ. പി കഴിഞ്ഞപ്പോൾ നഗരത്തിലെ ഒരു വലിയ സ്ക്കൂളിലാണ് അച്ഛൻ എന്നെ ചേർത്തിയത്. അവിടെ പോയപ്പോഴാണ് ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ എന്ന പരിപാടി ഞാൻ ആദ്യമായി കണ്ടത്. എല്ലാ കുട്ടികളുടേയും ,
ടീച്ചറിന്റെയും പേര് എഴുതി ഇടും. അതിൽ നിന്നാണ് എടുക്കുക. ടീച്ചർക്ക് തന്റെ പേര് കിട്ടാൻ മിക്ക കുട്ടികളും ആഗ്രഹിച്ചിട്ടുണ്ടാകും .
ടീച്ചറാകുമ്പോൾ നല്ല ഗിഫ്റ്റ് ഉറപ്പാണല്ലോ .
ഗിഫ്റ്റ് കൊടുക്കുമ്പോഴേ ആർക്കാണ് എന്നുള്ളത് അറിയാൻ പാടൂ എന്നൊക്കെയുണ്ട് . പക്ഷെ കുട്ടികൾ അല്ലേ. രഹസ്യം ചിലപ്പോഴെക്കെ പറഞ്ഞു പോകും.എന്നെ കിട്ടിയത് ക്ലാസ്സിലെ
ഒരു പണക്കാരി കുട്ടിയ്ക്കാണ് .ആ കുട്ടിയുടെ അടുത്തിരിക്കുന്ന എന്റെ കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്. എനിക്കു കിട്ടിയത് ക്ലാസ്സിലെ എന്നെപ്പോലെത്തന്നെയുള്ള ഒരു സാധാരണ കുട്ടിയെയാണ്.എന്റെ ഓർമ്മയിൽ എനിക്ക് ആദ്യമായി കിട്ടുന്ന ക്രിസ്തുമസ് ഗിഫ്റ്റ് .അതും ക്ലാസ്സിലെ പണച്ചാക്ക്. ഹൊ എനിക്കു ഉറങ്ങാൻ വരെ കഴിഞ്ഞില്ല. എന്റെ അച്ഛൻ ഗവൺമെൻറ് ജോലിക്കാരനായിരുന്നു പക്ഷെ
പ്രാരബ്ധമെല്ലാം കഴിഞ്ഞ് ചിലവും കഴിഞ്ഞ്
മാസ പകുതിയാകുമ്പോഴേക്കും അച്ഛന്റെ
കൈയിലെ പൈസ കാലിയാകും. അതറിയാവുന്ന ഞാൻ ,ചില്ലറത്തുട്ടുകൾ ഇട്ടു വച്ചിരുന്ന എന്റെ കുടുക്ക പൊട്ടിച്ചു. അന്ന് 32 രൂപ കിട്ടിയുള്ളൂ .
അന്ന് അത് അത്ര ചെറിയ തുകയല്ലാട്ടോ. അച്ഛൻ അച്ഛന്റെ കൈയിൽ പൈസയുണ്ട് ,നിന്റെ പൈസ വേണ്ട എന്ന് എന്നു പറഞ്ഞെങ്കിലും, ഞാൻ സൂക്ഷിച്ചു വച്ച പൈസ കൊണ്ട് കൂട്ടുകാരിക്ക് ഗിഫ്റ്റ് ,അതൊരു സന്തോഷമായിരുന്നു. അങ്ങനെ ഞാനും അച്ഛനും കൂടി ഗിഫ്റ്റ് വാങ്ങാൻ പോയി.എന്റെ പൈസയിലൂടെ കുറച്ചു കൂടി കൂട്ടി മോശമല്ലാത്ത ഒരു ഗിഫ്റ്റ് തന്നെ അച്ഛൻ വാങ്ങിത്തന്നു. അങ്ങനെ ക്രിസ്തുമസ് സെലിബ്രേഷൻ വന്നു. അന്നാണ് ഗിഫ്റ്റ് കൈമാറുക. റോസ് ഉടുപ്പിട്ട് മാലാഖയെപ്പോലെ വന്ന ആ കുട്ടിയുടെ കൈയിലെ മനോഹരമായ ഗിഫ്റ്റ് ബോക്സ് എനിക്കുള്ളതാണല്ലോ എന്നറിയാമായിരുന്ന എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഗിഫ്റ്റ് കൈമാറ്റം നടന്നു.
വീട്ടിൽ പോയി തുറന്നു നോക്കിയാൽ മതിയെന്ന് ആ കുട്ടി പറഞ്ഞപ്പോൾ എന്റെ ഹൃദയഭാരം കൂടി. ഞാനും ,ഞാൻ വാങ്ങിയ ഗിഫ്റ്റ് എനിക്കു കിട്ടിയ ക്രിസ്തുമസ് ഫ്രണ്ടിന് കൊടുത്തു. കൂട്ടുകാർ മിക്കവരും ഗിഫ്റ്റ് തുറന്നു കാണിച്ചു തന്നെങ്കിലും ഞാൽ നിധിപ്പെട്ടി സൂക്ഷിക്കുന്ന പോലെ എന്റെ ഗിഫ്റ്റ് ബാഗിൽ ദദ്രമായി സൂക്ഷിച്ചു. ഗിഫ്റ്റ് പിന്നീട് കാണിക്കാം എന്ന് കൂട്ടുകാരോട് പറഞ്ഞു. ഞാൻ കൊടുത്ത ഗിഫ്റ്റ് ആ കുട്ടി തുറന്ന് കൂട്ടുകാരെ കാണിക്കുന്നതും ,അവർ നോക്കുന്നതും നന്നായി എന്ന് പറയുന്നതും കണ്ട് എനിക്ക് സന്തോഷമായി.അവൾ എന്നോട് വന്ന് ഗിഫ്റ്റ് വളരെ ഇഷ്ടായി എന്നു പറഞ്ഞു .അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം ഏറെയായിരുന്നു .ഞാൻ തുറക്കാൻ പറ്റാത്ത ഗിഫ്റ്റ് പേക്കറ്റുമായി വീടെത്താൻ കാത്തിരുന്നു.അങ്ങനെ വീട്ടിലെത്തിയതേ റൂമിൽ ഓടി കേറി ഞാൻ ഗിഫ്റ്റ് തുറന്നു. മനോഹരമായ ആ ഗിഫ്റ്റ് പേപ്പർ നശിപ്പിക്കാതിരിക്കാൻ വളരെ പാടുപെട്ടാണ് തുറന്നത്.പേപ്പറിൽ ഉണ്ടാക്കിയ ഒരു ക്രിസ്തുമസ് കാർഡും, ഉപയോഗിച്ച ഒരു നെയിൽ പോളിഷും ,ഒരു പേക്കറ്റ് പൊട്ടും. പ്രതീക്ഷകൾ അധികമായതുകൊണ്ടാവും ,ഇത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണു നിറഞ്ഞു. ഒൻപതു വയസ്സിലെ പക്വത ആയതു കൊണ്ടാവാം ,സങ്കടം മാറാൻ കുറെ സമയം എടുത്തു. കൂട്ടുകാരുടെ ഗിഫ്റ്റുകളും ,എന്റെ പൊട്ടിയ കാശു കുടുക്കയും, ഞാൻ കൊടുത്ത ഗിഫ്റ്റും എല്ലാം ഓർമ്മിച്ചപ്പോൾ സങ്കടം ഇരട്ടിയായി. ഗിഫ്റ്റ് വീട്ടിൽ കാണിക്കാൻ തന്നെ മടിയായി .എല്ലാവരോടും ഞാൻ കിട്ടാൻ പോണ ഗിഫ്റ്റിനെക്കുറിച്ച് വീമ്പും പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി
കളിയാക്കിക്കൊന്നു. അച്ഛൻ വന്നപ്പോൾ എന്റെ
സങ്കടം അണപൊട്ടി . അച്ഛൻ പറഞ്ഞത് നീ കൂടുതൽ പ്രതീക്ഷിച്ചതുകൊണ്ടാണ് .അല്ലാതെ ആ കുട്ടിയല്ല തെറ്റുകാരി. പിന്നെ നീ നല്ല ഗിഫ്റ്റ് കൊടുത്തത് നിനക്ക് നല്ല ഗിഫ്റ്റു കിട്ടാൻ വേണ്ടിയായിരുന്നോ. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൂടെ പോയി ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ പറ്റിയിട്ടുണ്ടാകില്ല അതാകും. എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വിഷമം കുറഞ്ഞു . ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് ക്ലാസ്സിൽ പോയപ്പോൾ ഞാൻ ആ കുട്ടിയുടെ അടുത്തു പോയി എന്റെ നെയിൽ പോളിഷ് ഇട്ട വിരലുകൾ കാണിച്ചു ചിരിച്ചു.
അവളും ചിരിച്ചു.............
പിന്നെയും കുറെ ക്രിസ്തുമസ് കാലം കടന്നു പോയി. ഗിഫ്റ്റുകൾ കിട്ടുകയും ,കൊടുക്കുകയും , ചെയ്തു. പിന്നെ അമിതമായി പ്രതീക്ഷ വയ്ക്കാത്തതും ,പ്രായത്തിന്റെ മാറ്റവും
കൊണ്ടാകാം ,പിന്നെ ഒരിക്കലും സമ്മാനങ്ങൾ കാണുമ്പോൾ സങ്കടം തോന്നിയിട്ടില്ല .
ഒരു മഞ്ഞു മാസത്തിന്റെ ഓർമ്മയിലൂടെ ചുമ്മാ
ഒന്നു പോയതാ. എല്ലാവർക്കും നല്ല ക്രിസ്തുമസ് കാലം ആശംസിക്കുന്നു. എന്നും സന്തോഷമായിരിക്കാൻ സാധിക്കട്ടെ ...😍😍😍
രേരു ( രേവതി രൂപേഷ് )

നിശബ്ദ നിലവിളികൾ


പാലുകൊണ്ട് അഭിഷേകം നടത്തിയപ്പോഴും,
വിശപ്പിന്റെ തേങ്ങൽ കേട്ടു കരയുന്ന വിഗ്രഹങ്ങളിലും ,
ഇരുട്ടിന്റെ മറവിൽ പെണ്ണുടൽ പിച്ചിച്ചീന്തിയപ്പോൾ,
നിശബ്ദസാക്ഷിയാകേണ്ടി വന്ന ചുവരുകളിലും ,
കുരുതി നടത്തി മലിനമാക്കിയ ഗർഭപാത്രവും,
പാലു ചുരത്തുന്ന അമ്മയെ സ്വപ്നം കണ്ടുറങ്ങുന്ന,
അനാഥ ബാല്യത്തിന്റെ പിഞ്ചുമനസ്സിലും,
ജാതിയും, മതവും, രാഷ്ട്രീയവും
അനാഥമാക്കിയ കുടുംബങ്ങളിലെ,
ഭയപ്പാടുള്ള കണ്ണുകളിലും,
മനുഷ്യ മനസ്സിനെ വിഡ്ഢികളാക്കി,
കവിടിയും,ഓലയും മുന്നേറുമ്പോൾ,
കുറ്റബോധത്താൽ തലതാഴ്ത്തുന്ന
രാശിപലകകളും ,
രണ്ടാം ബാല്യത്തിലേക്കു തിരിച്ചു പോയ
ജീവിതസായ്ഹാനത്തിൽ,
ബാല്യത്തിൽ നിന്നും കൈ പിടിച്ചു നടത്തിയവർ
നടതള്ളി വിട്ടപ്പോൾ വിലപിച്ച വാർദ്ധക്യവും,
ധനികന്റെ അലമാരയ്ക്കുള്ളിൽ വീർപ്പുമുട്ടി,
ദരിദ്രന്റെ സ്നേഹം കൊതിച്ച പച്ചനോട്ടുകളും,
തന്റെ അവയവങ്ങളോരോന്നും,
ഇഞ്ചിഞ്ചായി ഭാഗിച്ച്,
തന്റെ ചിതയൊരുക്കാൻ പെടാപാടുപെടുന്ന മക്കളെ,
സഹതാപത്തോടെ നോക്കുന്ന ഭൂമി മാതാവിലും,
നിശബ്ദ തേങ്ങലിന്റെ സുനാമിത്തിരകൾ,
അലയടിച്ചുയരുകയാണ്....
തുടർന്നുകൊണ്ടിരിക്കുന്ന ,അവസാനിക്കാത്ത നിലവിളികൾ ......
രേവതി രൂപേഷ് (രേരു)

കാണാത്ത തൃശ്ശൂർ പൂരത്തിനെന്തു ചേലാണ് ഗഡ്യേ


==
കണ്ടില്ല ഞാൻ ഇന്നു വരേക്കും-
ശക്തന്റെ മണ്ണിലെ അത്ഭുതനാളിനെ.
മനസ്സിൽ കാണുന്നു വിസ്മയം സൃഷ്ടിച്ച ,
തൃശ്ശിവപേരൂർ പൂരപറമ്പിനെ.
വർണ്ണങ്ങൾ വിരിയുന്ന വാനമതു കാണുന്നു
കാതു തുളയ്ക്കുന്ന വെടിക്കെട്ടു കേൾക്കുന്നു ,
വടക്കും നാഥനെ പ്രദക്ഷിണം വച്ചു ഞാൻ,
ഗജവീരൻമാർ നിരന്നതു കണ്ടു ഞാൻ.
മേളത്തിനൊപ്പം കാലടികൾ വച്ചു ഞാൻ,
സ്വർണ്ണക്കുടകളുടെ അഹങ്കാരം കണ്ടു ഞാൻ,
മൊഴിച്ചൊല്ലി പിരിയുന്ന സങ്കടം കണ്ടു ഞാൻ,
കണ്ണു തുടച്ചതും ,മാഞ്ഞു പോയ്,
എന്റെ മനസ്സിലെ അത്ഭുത ലോകവും
എന്റെ മനസ്സിലെ തൃശ്ശൂർ പൂരവും...
ആസ്വദിച്ചു ഞാൻ അനുഭവിച്ചു ഞാൻ
എന്റെ മനസ്സിലെ നഗരിയിൽ വച്ച്.
തിങ്ങി നിറഞ്ഞ ജനങ്ങളെ നോക്കി,
ഒച്ചയുണ്ടാക്കി പറയണമെനിക്ക്
ശ്രീ ഭദ്രയാണു ഞാൻ, ശ്രീ ദുർഗ്ഗയാണു ഞാൻ,
എന്നിട്ടും ,
ആണായി മാറുവാൻ ആഗ്രഹിക്കുന്നു ഞാൻ,
പൂരം കഴിയുന്ന നാൾ വരേക്കും,
പാറമേക്കാവിലെ അമ്മയേയും കൂട്ടി
പൂരപറമ്പു മുഴുവൻ നടക്കാനും,
കെട്ടി പിടിക്കാനുംസങ്കടം പറയാനും
മനസ്സിലെ പൂരത്തിന് ചിറകിടാൻ പറയാനും,
അറിയാതെ എങ്കിലും മോഹിച്ചു പോയ് ഞാൻ...
പെണ്ണിന്റെ പൂരം അകത്തളത്തിലാണെന്നും ,
ആണിന്റെപൂരമേ പൂരപറമ്പിലുളൂ എന്നറിഞ്ഞിട്ടും
മോഹങ്ങൾ വെറും മോഹങ്ങളാണെന്നു കണ്ട്
മോഹങ്ങൾക്കു വിലങ്ങിടുന്നു ഞാൻ......
രേവതി രൂപേഷ് (രേരു )
'*****************************************
എഴുതിയതിന്റെ അർത്ഥം പെണ്ണുങ്ങൾക്ക് പൂരം കാണാൻ പറ്റില്ല എന്നല്ല. പൂരം എന്നും ആണുങ്ങളുടെ യാണ്. അവരെ പോലെ ഫ്രീ ആയി നടന്നു പൂരം ആസ്വദിക്കാൻ പെണ്ണുങ്ങൾക്കു കഴിയാറില്ല. രാത്രി പൂരവും, വെടിക്കെട്ടുമെല്ലാം തിരക്കിനെ പേടിയില്ലാതെ ആസ്വദിക്കാൻ കഴിയുന്നവർ ചുരുക്കമാണ്. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

എൻ്റെ സ്വാർത്ഥമായ ഇഷ്ടങ്ങൾ

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ======

അമ്മയില്ലാതെ വളർന്ന ബാല്യത്തിൽ
എനിക്ക് അമ്മയായ ,
എന്റെ അച്ഛനെയായിരുന്നെനിക്കിഷ്ടം.
ആദ്യ പങ്കുവയ്ക്കലിന്റെ മാധുര്യം എന്തെന്നറിയിച്ച,
സോദരിയെ ആയിരുന്നെനിക്കിഷ്ടം
ആദ്യാക്ഷരം കുറിക്കുമ്പോൾ,
സ്നേഹം അക്ഷരമായി ചാലിച്ചു തന്ന
ഗുരുവിനെ ആയിരുന്നെനിക്കിഷ്ടം.
കൂടെ നിൽക്കുന്നവന്റെ വലുപ്പമല്ല നോക്കേണ്ടത്,
കൂടെ ഞാനുണ്ട് ,എന്നു പറയുന്ന
മനസ്സാണ് സൗഹൃദം
എന്നു മനസ്സിലാക്കി തന്ന ,
എന്റെ സുഹൃത്തിനെ ആയിരുന്നെനിക്കിഷ്ടം
നീയെന്റെയാണ് എന്റെ ജീവനാണ് എന്ന് പറഞ്ഞ്,
ഭ്രാന്തമായി എന്നെ സ്നേഹിക്കുന്ന
എന്റെ ഇണയെ ആയിരുന്നെനിക്കിഷ്ടം.
എന്നെ വേദനിപ്പിച്ച് പുറത്തു വന്ന്, വേദനയിലും
സുഖം ഉണ്ട് എന്ന് മനസ്സിലാക്കിത്തന്ന
എന്നിലെ എന്റെ ജീവനെ ആയിരുന്നെനിക്കിഷ്ടം
ചതിക്കു ചതി വെട്ടിനു വെട്ട്
എന്ന്എന്നെ പഠിപ്പിച്ച,
എന്റെ എതിരാളിയെ ആയിരുന്നെനിക്കിഷ്ടം
നെഞ്ചിൽ ഒരായിരം പാറക്കല്ലിന്റെ ഭാരം തോന്നിപ്പിച്ച് ,എന്നെ ശ്വാസം മുട്ടിക്കുകയും,
എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത
എന്റെ വേദനകളെ ആയിരുന്നെനിക്കിഷ്ടം
ദു:ഖങ്ങളെ എന്നിൽ നിന്നും
പറന്നു പോകാൻ അനുവദിച്ച ,
എന്റെ മറവിയെ ആയിരുന്നെനിക്കിഷ്ടം.
എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ച്,
എന്റെ മനസ്സിൽ നിന്നും അപ്രത്യക്ഷനായ
എന്റെ മാനസഗുരുവിനെ ആയിരുന്നെനിക്കിഷ്ടം.
എനിക്ക് ചിറകു തന്ന് എന്നെ പറക്കാനനുവദിച്ച
എന്റെ സ്വപ്നങ്ങളെ ആയിരുന്നെനിക്കിഷ്ടം .
എന്നിലെ എന്നേയും എന്റെ ഇഷ്ടങ്ങളേയും
പ്രണയിക്കുന്ന
എന്നോടായിരുന്നെനിക്കിഷ്ടം......

രേവതി രൂപേഷ് (രേരു)

മനസ്സിലെ മഴ



മഴയത്ത് നനഞ്ഞതും,
കളിവഞ്ചിയുണ്ടാക്കി
മഴവെളളത്തിലിട്ടതും,
സ്കൂളിൽ പോകാതിരിക്കാൻ
ചാറ്റൽ മഴ കൊണ്ടതും ,
മഴയത്ത് ഉണങ്ങാത്ത
ഉടുപ്പുകളുടെ ഗന്ധവും,
മഴ പോലെ സുഖമുള്ള
ഓർമയായിരുന്നു..
ഒരു മഴക്കാലത്ത്
പെട്ടെന്നു പെയ്ത മഴയിൽ
ഞാൻ നനഞ്ഞപ്പോൾ,
എന്നിലലിഞ്ഞ എന്റെ വസ്ത്രങ്ങൾ
എന്നെ ലജ്ജിപ്പിച്ചതും,
മഴയത്ത് ഒരു കുടക്കീഴിൽ തളിരിട്ട
എന്റെ പ്രണയവും,
പിന്നെ അവന്റെതായി
അവന്റെ നെഞ്ചിന്റെ
ചൂടുപറ്റി കിടന്നപ്പോൾ,
പുറത്തു താളത്തിൽ പെയ്ത മഴയും
എന്റെ മനസ്സിനെ കുളിരണിയിച്ചിരുന്നു.
പിന്നെ ഒരു നാൾ കാലം തെറ്റി
പെയ്ത മഴയിൽ,
എന്റെ ജീവന്റെ ജീവൻ
എന്നെ വിട്ടു പിരിഞ്ഞപ്പോൾ,
മഴ തോർന്നിട്ടും തോരാത്ത
എന്റെ കണ്ണീർ മഴയിൽ,
ആദ്യമായി അറിയാതെ ഞാൻ
മഴയെ ശപിച്ചു പോയി...........
രേവതി രൂപേഷ് (രേരു )

സ്രഷ്ടാവിൻ്റെ വികൃതി




ജനിച്ചത് പെൺശരീരമായിട്ടായിരുന്നു,
വളർത്തിയതും പെണ്ണായിട്ടായിരുന്നു,
പക്ഷെ എന്നിലെ ഞാൻ ആണായിരുന്നു.
വളയിടേണ്ട കൈകൾ വളയം പിടിക്കാൻ
ആഗ്രഹിച്ചതും,
നാണിക്കേണ്ട സമയത്ത് ക്രോധം മുഖമുദ്രയായതും ,
ആൺകുട്ടികൾ ചങ്ങാതിമാരായതും ,
തന്റേടി എന്നു പേരു വീണതും,
സാരിചുറ്റേണ്ട പ്രായത്തിൽ ഷർട്ടിടാൻ ആഗ്രഹിച്ചതും,
കൂട്ടുകാരിയെ പ്രണയിച്ചതുമെല്ലാം
എന്റെ മനസ്സിന്റെ തോന്നലായി
മാത്രം കാണാൻ ആഗ്രഹിച്ചതും,
പക്ഷെ കാലമേറിയിട്ടും പെണ്ണാണെന്നറിയിക്കാത്ത
എന്റെ ശരീരവും, ആണിന്റെ മനസ്സും
സൃഷ്ടിയുടെ വികൃതികളിൽ ഒന്നാണെന്ന്
മനസ്സിലായപ്പോൾ
ചങ്കിൽ കത്തികുത്തിയിറക്കുന്ന
വേദനയിലും ചിരിക്കാൻ ശ്രമിച്ചതും,
എന്നിലെ എന്നെ തിരിച്ചു കിട്ടാൻ വേണ്ടിയായിരുന്നു.
പെണ്ണെന്ന എന്റെ മുഖംമൂടി വലിച്ചു കീറി,
പുച്ഛവും, പരിഹാസവും നിറഞ്ഞ
ലോകത്തേക്കു നടക്കുമ്പോൾ,
കൂട്ടുണ്ടായത് തന്റേടമുള്ള ആണിന്റെ
മനസ്സു മാത്രം.
വീട്ടുകാർക്ക് ശാപജന്മമായതും ,
ബന്ധുക്കൾ ശത്രുക്കളായതും,
നാട്ടുകാർക്ക് പരിഹാസമായപ്പോഴും
ഞാൻ ആശ്വാസം കണ്ടെത്തിയത്
എനിക്കു എന്നെ തിരിച്ചു കിട്ടുന്നതിലൂടെയായിരുന്നു.
ഒറ്റപ്പെട്ട പരിഹാസം നിറഞ്ഞ ഈ ജീവിതത്തിൽ
സ്നേഹം മാത്രം ആഗ്രഹിച്ച എനിക്ക്
സ്നേഹം തരാൻ തയ്യാറായവർക്ക്
പകരം കൊടുക്കേണ്ടി വന്നത്
എനിക്കു ഭാരമായ എന്റെ പെൺശരീരത്തെയായിരുന്നു.
അറപ്പിലും, വെറുപ്പിലും, വേദനയിലും
പുച്ഛത്തിലും, പരിഹാസത്തിലും
ഞാൻ മനസ്സിലാക്കിയത്
സ്നേഹമെന്നാൽ സ്വാർത്ഥതയാണെന്ന
സത്യമായിരുന്നു.
പെൺശരീരവും ആൺമനസ്സുമായി
എന്നെ സൃഷ്ടിച്ച
സ്രഷ്ടാവിന്റെ വികൃതിയെ ചോദ്യം ചെയ്തത്
എന്റെ പെൺശരീരത്തിലെ
പെൺ രേഖകൾ ചെത്തിക്കളഞ്ഞായിരുന്നു.
ആ പ്രാണൻ പോകുന്ന വേദനയിലും
ഞാൻ ഉറക്കെ പറഞ്ഞത്
ഞാൻ എന്നെ പൂർണ്ണനാക്കി എന്നാണ് .........

രേവതി രൂപേഷ് (രേരു)

ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയം



എന്റെ കാമം നിറഞ്ഞ കണ്ണുകളാണ്
നീ ആഗ്രഹിച്ചതെങ്കിൽ,
ഞാൻ ആഗ്രഹിച്ചത്, നിന്റെ
സ്നേഹം നിറഞ്ഞ കണ്ണുകളായിരുന്നു
എന്റെ ശരീരമാണ് നിനക്കു വേണ്ടതെങ്കിൽ,
എന്നെ മാത്രം സ്നേഹിക്കാൻ കഴിയുന്ന
നിന്റെ മനസ്സിനെയായിരുന്നു ഞാൻ മോഹിച്ചത്.
എന്റെ നഗ്ന മാറിടങ്ങളാണ് നിന്റെ
കണ്ണുകൾക്ക് പ്രിയമെങ്കിൽ,
പാല് ചുരത്തുന്ന എന്റെ മുലകളെയാണ്
ഞാൻ സ്വപ്നം കണ്ടിരുന്നത്.
നിന്റെ സ്നേഹം നിന്റെ താല്ക്കാലികസുഖത്തിനു
വേണ്ടി മാത്രമായിരുന്നെങ്കിൽ,
എന്റെ സ്നേഹം എന്റെ
ആത്മാവിൽ നിന്നുള്ളതായിരുന്നു.
നമ്മുടെ ശരീരങ്ങൾ ഒന്നിക്കുമ്പോൾ
നിനക്കു ലഭിച്ചത് ,സുഖം മാത്രമായിരുന്നെങ്കിൽ,
ഞാൻ കരഞ്ഞത് ,എന്റെ
ഗർഭപാത്രത്തിനു നിഷേധിക്കപ്പെട്ട
എന്റെ കുഞ്ഞിനെയോർത്തായിരുന്നു.
എന്റെ മനസ്സിന്റെ വിശുദ്ധി
നീ ആഗ്രഹിച്ചില്ലെങ്കിലും,
ഞാൻചോദിക്കട്ടെ,
അവയവങ്ങളുടെ ചാരിത്ര്യ ശുദ്ധിയിൽ മാത്രമൊതുങ്ങുന്നതാണോ
പെണ്ണിന്റെ ജീവിതം???

രേവതി രൂപേഷ് (രേരു )

അമ്മയെന്ന മഹാസത്യം



കാതുകുത്തി എന്നെ വേദനിപ്പിച്ച
തട്ടാനെ എനിക്കു പേടിയായിരുന്നു.
കാലം ഞാൻ പെണ്ണാണെന്ന്,
വീണ്ടും തെളിയിച്ചപ്പോൾ,
മാസന്തോറുമുണ്ടാകുന്ന
വയറ്റുനോവിനോട് എനിക്ക്
വെറുപ്പായിരുന്നു.
എനിക്കുമാത്രം കല്പിച്ച
അച്ചടക്കത്തോടും, ചാരിത്ര്യ ശുദ്ധിയോടും,
എനിക്ക്മാത്രം നിലനില്ക്കുന്ന
ചീത്തപ്പേരിനോടും, കളങ്കത്തോടും
എനിക്ക്, പുച്ഛമായിരുന്നു.
പെറ്റവയറിനേയും, ജനിപ്പിച്ച അച്ഛനേയും,
ജീവിച്ച അന്തരീക്ഷത്തേയും വിട്ട്,
പുതിയ അന്തരീക്ഷത്തിലേക്ക്
പറിച്ചെറിയപ്പെടുമ്പോൾ,
എനിക്ക് നൊമ്പരമായിരുന്നു.
എന്നിലെ ജീവനെ പുറംലോകംകാണിക്കാൻ,
ഞാനനുഭവിച്ച മരണവേദന,
എന്റെ കുഞ്ഞിന്റെ കരച്ചിലിൽ
ഇല്ലാതായപ്പോൾ,ഞാൻ അത്ഭുതപ്പെട്ടു.
ഈ നിമിഷത്തിൽ ഞാൻ മറക്കുന്നു,
പെണ്ണായതിന്റെ സകല വേദനകളും,
നമിക്കുന്നു, അമ്മയെന്ന
മഹാസത്യത്തിനേയും........

രേവതി രൂപേഷ് ( രേരു)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo