Slider

കാവേരി..

0


കാവേരി.......... 

അതെ, ഞാന്‍തന്നെ.. കാലാകാലങ്ങളായി കളകളം പൊഴിച്ച് നിങ്ങള്‍ക്കിടയിലൂടെ ഒഴുകിക്കൊണ്ടിരിയ്ക്കുന്നവള്‍. ദക്ഷിണഗംഗയെന്ന് എനിയ്ക്ക് വിശേഷണമുണ്ട്. പുരാണങ്ങളില്‍, കൃത്യമായി പറഞ്ഞാല്‍ സ്കന്ദപുരാണത്തില്‍ ഞാന്‍ ബ്രഹ്മപുത്രിയായും, അഗസ്ത്യപത്നിയായും, മോക്ഷദായിനിയായ ലോപമുദ്രയായുമൊക്കെ പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. 

ദക്ഷിണഭാരതത്തില്‍, കര്‍ണ്ണാടകത്തിലെ കുടകിനടുത്തുള്ള തലക്കാവേരിയില്‍ നിന്നുത്ഭവിച്ചുള്ള എന്റെ പ്രയാണം ആദ്യമൊക്കെ വളരെ സുഗമമായിരുന്നു. ഒരായിരം നഗരഗ്രാമപഥങ്ങളിലൂടെ, കബിനി, ഭവാനി, അമരാവതി തുടങ്ങി ഒരുപാടു സഖികളോടൊത്ത് കൈവഴികളായിട്ടുള്ള യാത്ര ചെന്നവസാനിയ്ക്കുന്നത് ബംഗാള്‍ ഉള്‍ക്കടലിലാണ്. തീരപ്രദേശങ്ങളെ കുളിര്‍പ്പിച്ച്, പോഷിപ്പിച്ചു തന്നെയാണ് ഞാനെന്നും നിങ്ങള്‍ക്കിടയിലൂടെ ഒഴുകുന്നത്. 

നദീതടസംസ്ക്കാരങ്ങളും ജനങ്ങളും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ഞാനും ഒരുപാട് അഭിമാനിച്ചിട്ടുണ്ട്. മംഗല്യവതികളായ സ്ത്രീകള്‍ തങ്ങളിലൊരാളായി എന്നെയും പൂജകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മഞ്ഞള്‍ കുങ്കുമം പൂശിയ, പട്ടുചേലയണിഞ്ഞ സുന്ദരിമാരോടൊപ്പം നെടുമംഗല്യപൂജയും സീമന്തവുമൊക്കെ ആഘോഷിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. ഇതിനിടയിലെപ്പോഴോ ആണ് വ്യത്യസ്ത നാമങ്ങളുള്ള സംസ്ഥാനങ്ങളിലായിട്ടാണ് എന്റെ സഞ്ചാരപഥമെന്നും, എത്ര ചതുരശ്രയടി ജലവ്യാപ്തിയാണുള്ളതെന്നും അളന്നു തീര്‍ച്ചയാക്കപ്പെട്ടത്. അധികം വൈകാതെ ഒരു ജലസംഭരണിയുടെ ഭാരം കൂടി എന്നെ തളര്‍ത്തി. അതോടെ ദേവീഭാവവും സുഹൃദ്ഭാവവും എനിയ്ക്കന്യമായി. വെറുമൊരു ജീവനോപാധി മാത്രമായി മാറിയോ ഞാന്‍? ഇപ്പോള്‍ ഓരോ സഞ്ചാരഘട്ടങ്ങളിലും നിയമപരമായി, തുള്ളികള്‍ക്കു പോലും കണക്കുപറഞ്ഞു ജലമൂറ്റുമ്പോള്‍ , കൊടുക്കല്‍ വാങ്ങലിനും വിപ്ളവത്തിനുമുള്ള സാദ്ധ്യതയായി മാത്രം എന്നെ മാറ്റുമ്പോള്‍ എന്റെ ഉള്‍ത്തടങ്ങള്‍ നീറുകയാണ്. എന്റെ പേരില്‍ മനുഷ്യജീവന്‍ ഹോമിയ്ക്കപ്പെടുമ്പോള്‍ , ഞാന്‍, മോക്ഷപ്രദയായ കാവേരി ദുഃഖത്താല്‍ വരളുകയാണ്. കാലത്തിന്റെ, ഏതനിവാര്യതയുടെ പേരിലായാലും ഇതെനിയ്ക്കസഹനീയം!! അഗസ്ത്യമുനിയുടെ കമണ്ഡലുവില്‍ തിരിച്ചു കയറിയൊളിയ്ക്കാന്‍ ബ്രഹ്മദേവാ!! ഏതു കൊടുംതപസ്സാണ് ഞാന്‍ അനുഷ്ഠിയ്ക്കേണ്ടത്??..... 

രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo