നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിദ്യാർത്ഥി


ഒരനുഭവകഥ : വിനീത അനിൽ, അഡ്മിൻ നല്ലെഴുത്ത് 
മഞ്ഞു പെയ്തുകൊണ്ടേയിരുന്നു. 
തൊട്ടടുത്തെത്തുംവരെ ആരാണ് മുന്നിലെന്ന് മനസ്സിലാകാത്ത  മഞ്ഞ്. 
എല്ലാ കുട്ടികളും പല കളറിലുള്ള സ്വെറ്റർ ധരിച്ചിട്ടുണ്ട്.
ആരുടെയും മുഖം പോലും ശരിക്കു കാണില്ല..
അവർക്കിടയിലൂടെ അവൻ നടന്നുവന്നു..
വെളുത്തു മെലിഞ്ഞ ഒരാൺകുട്ടി.
തണുപ്പുകൊണ്ട് കൈകൾ നെഞ്ചിൽ കെട്ടി അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.
പരിചയമില്ലാത്ത മുഖമായതുകൊണ്ടു പേര് ചോദിയ്ക്കാൻ ശ്രമിച്ചപ്പോൾ അതേപുഞ്ചിരി .പിന്നെ പുറകിലേക്ക്കൈ ചൂണ്ടി .
ഒരു വൃദ്ധൻ നടന്നുവരികയാണ് ക്ഷീണിതനാണ്,.
70വയസെങ്കിലും കാണും. അദ്ദേഹം എന്റെമുന്നിൽ വന്നു കൈ കൂപ്പി പിന്നെ സംസാരിച്ചു തുടങ്ങി..അദ്ദേഹത്തിന്റെ മകന്റെ മകനാണ് ഈ കുട്ടി.അവനെ സ്‌കൂളിൽ ചേർക്കാൻ വന്നതാണ്.എനിക്ക് കുറച്ചു ചാരിറ്റിയുടെ അസുഖമുണ്ടെന്നറിഞ്ഞു സഹായത്തിനായി വന്നതാണ്..
ഇവിടെ ചേർക്കാൻ......
ചെയ്ത ഉപകാരങ്ങളൊക്കെ കണ്മുന്നിൽ നിഷ്ഫലമായതു കണ്ടു മടുത്ത്, ഞാൻ ആരെയും സഹായിക്കില്ലെന്നു ഉറപ്പിച്ച സമയം..
അതുകൊണ്ടു തന്നെ ഞാൻ തീർത്തുപറഞ്ഞു..നടക്കില്ലെന്നു..
അപ്പോളും അവൻ അതേ പുഞ്ചിരി.
വൃദ്ധൻ ദയനീയമായി കൈകൂപ്പി വീണ്ടും പറഞ്ഞുതുടങ്ങി..അവന്റെ 'അമ്മ പ്രസവത്തോടെ
മരിച്ചുപോയി..

അച്ഛൻ അവനു 4 വയസുള്ളപ്പോൾ എങ്ങോട്ടോ പോയി..ഇതുവരെ ഒരു വിവരവുമില്ല.
അതിനേക്കാൾ വിഷമിപ്പിച്ചത് അദ്ദേഹത്തിന്റെ അടുത്ത വാക്കുകളായിരുന്നു. 
അവനു ചെവി കേൾക്കില്ല.. സംസാരിക്കുകയുമില്ല. 

ഈ കുട്ടിക്ക് വേണ്ടിയാണു വൃദ്ധൻ ജീവിക്കുന്നത്..അയാൾ കൈവണ്ടിയിൽ 
ഉപ്പു വിറ്റു കിട്ടുന്ന തുച്ഛമായ തുകയിൽ ആണ് ജീവിതം..
അതുകൊണ്ടു തന്നെ പണം ഇല്ല അയാളുടെ കൈയിൽ..
ഇങ്ങനെയുള്ള കുട്ടികൾക്ക് പട്ടണത്തിൽ സ്‌കൂളുണ്ടെന്നു അയാൾക്കറിയാം.
പക്ഷെ അവനെ കാണാതെ അയാൾക്കു വയ്യ..
ഞാനവന്റെ മുഖത്തേക്ക് നോക്കി.

ശരിയാണ്, അവന്റെ ചെവിയിൽ ഒരു സ്വനഗ്രാഹി യന്ത്രമുണ്ട്. അത് നാട്ടുകാർ പിരിവെടുത്തു വാങ്ങിയതാണ്
കാരണം ഡോക്ടർ പറഞ്ഞത്രേ.അവനു സംസാരിക്കാൻ കഴിയുമെന്ന്.കേൾവിയില്ലാത്തതു
കൊണ്ടാണ് സംസാരിക്കാത്തതെന്നും..പക്ഷെ ഇതു ചെവിയിൽ വച്ചിട്ടും വലിയ വ്യത്യാസം
ഒന്നുമില്ല..എങ്കിലും ആ വൃദ്ധൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.,അവൻ "താത്ത"എന്ന് വിളിക്കുന്ന ദിവസത്തിനായി..
അങ്ങനെ ഞാനവനെ ഏറ്റെടുത്തു..അവനെ അഞ്ചാം ക്ലാസിൽ ഇരുത്തി..ഭക്ഷണം ഒഴികെ
ബാക്കിയെല്ലാം എന്റെ ഉത്തരവാദിത്തം.. ആദ്യത്തെ ആഴ്ച വലിയ കുഴപ്പമില്ല..
അവൻ ഞങ്ങൾക്കെല്ലാം കൗതുകമായി . അവന്റെ ആംഗ്യങ്ങൾ ഞങ്ങൾ നോക്കിയിരിക്കും
ഒരാഴ്ച കഴിഞ്ഞതോടെ അവന്റെ തനിനിറം പുറത്തുവന്നു..ഭൂലോക വികൃതി ആണവൻ.
തെരുവിൽ വളർന്ന സംസ്കാരം..ഇഷ്ടപെട്ടത് അക്രമത്തിലൂടെ സ്വന്തമാക്കും..ഏതു ക്ലാസിൽ
അടിനടന്നാലും അവനുണ്ടാവും..മറ്റു കുട്ടികളെ വല്ലാതെ ഉപദ്രവിക്കും..മോഷ്ടിക്കും.പരാതികൾ 
പതിവായി..ആദ്യമൊക്കെ ആംഗ്യത്തിലൂടെ അവൻ നിരപരാധി ആണെന്ന് പറഞ്ഞത് 
ഞാൻ വിശ്വസിച്ചു .കണ്മുന്നിൽ കണ്ടു തുടങ്ങിയതോടെ എനിക്കും മതിയായി..
അതിനിടെ ഒരുദിവസം അവന്റെ മുത്തച്ഛൻ സ്‌കൂളിലെത്തി..അവന്റെ സ്വനഗ്രാഹിയന്ത്രം 
കാണുന്നില്ല..
നല്ല വില ഉണ്ടതിനു..
ഞാൻ ആണല്ലോ അവന്റെ കെയർടേക്കർ ..
അയാൾ  അറിയാവുന്ന തെറിയൊക്കെ എന്നെ വിളിച്ചതാവാം.എനിക്കൊന്നും മനസിലായില്ല.
അന്വേഷണത്തിൽ അവനതു മറ്റൊരു കുട്ടിക്ക് കൊടുത്തു നാരങ്ങ വാങ്ങിച്ചെന്നു മനസിലായി.
അന്നെന്റെ നിയന്ത്രണം വിട്ടു..അടി അവനു പുത്തരിയല്ലെന്നും അന്നത്തോടെ മനസിലായെനിക്ക്..അടിക്കുമ്പോൾ കൈ വലിക്കില്ല..കല്ലുപോലെ നിൽക്കും. പിന്നങ്ങോട്ട് യുദ്ധമായിരുന്നു..
ഞാനും അവനും.
ഓരോ പ്രശ്നത്തിലും മറ്റു ടീച്ചേർസ് എന്റടുത്തു പരാതിയുമായി വന്നു .ഞാൻ ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥയിലായി..
അവന്റെ പേരിൽ ഒരുദിവസം പോലുമില്ല പരാതിയില്ലാത്തത് ...
 അടി അവനു വിഷയമല്ല..ഇത്തിരി സെന്റിമെന്റ്സ്  പുറത്തെടുത്തു നോക്കി..അപ്പോളെല്ലാം തല കുലുക്കി സമ്മതിക്കുമെങ്കിലും വീണ്ടും 
അതുതന്നെ അവസ്ഥ..
അവനെ നന്നാക്കാൻ ശ്രമിച്ചു ഞാനും പഠിച്ചു.
 അവന്റെ ഭാഷ. ഇങ്ങനെയുള്ള കുട്ടികൾക്ക് ദൈവം ഇരട്ടിബുദ്ധി കൊടുക്കും.അതൊരു സത്യമാണ്..കാരണം അവനു പെട്ടന്ന് കാര്യങ്ങൾ മനസിലാകും.
പക്ഷെ മനഃപൂർവ്വം ചെയ്യില്ല പലതും..

എല്ലാ ടീച്ചേഴ്സിന്റെ ഉള്ളിലും ഒരു കുട്ടി ഉണ്ടാവും
അതുപോലായിരുന്നു ഞാനും.. നല്ല മൂഡുള്ള ദിവസങ്ങളിൽ ഗൗരവത്തിൽ ചെന്ന് ക്ലാസിനു മുന്നിൽ നിന്ന് എല്ലാരും കളിയ്ക്കാൻ വായോ പറഞ്ഞു ആദ്യം ഗ്രൗണ്ടിലേക്ക് ഓടും ഞാൻ. പക്ഷെ അവനു മാത്രം മനസിലാകും ഞാൻ
എന്താ പറയാൻ പോകുന്നതെന്ന്.അതുകൊണ്ടു തന്നെ എന്നേക്കാൾ മുന്നേ എന്നും അവൻ 
ഗ്രൗണ്ടിൽ എത്തും.. 
അങ്ങനെ രണ്ടു വർഷങ്ങൾ ..
ആഴ്ചയിൽ ഒന്നെങ്കിലും അടിവാങ്ങാതെ അവനും കൊടുക്കാതെ എനിക്കും സന്തോഷമില്ലാത്ത
രണ്ടുവർഷങ്ങൾ കടന്നുപോയി..

അതിനിടെ അറിയാതെ അവൻ ഞങ്ങളുടെ ഭാഗമായി. എല്ലാപരിപാടിയിലും പങ്കെടുക്കണം അവനു
ഡാൻസ് നിർബന്ധം..മോശമില്ലാത്ത രീതിയിൽ കളിക്കും..ചന്തമുണ്ടാവും കണ്ടിരിക്കാൻ..
അതിനിടെയാണ് ഒരുദിവസം ഒരുകുട്ടിയുടെ തലയിൽ അവൻ റൈറ്റിങ്‌ പാഡ് വച്ച് അടിച്ചത്
7സ്റ്റിച്ചാണ് അന്ന് ആ കുട്ടിയുടെ തലയിൽ ഇടേണ്ടിവന്നത്..അതോടെ പ്രശ്നം വലുതായി.
ആ കുട്ടിയുടെ അച്ഛനും അമ്മയും മറ്റു കുറച്ചുപേരും അതിനു മാപ്പു നല്കാൻ തയ്യാറായില്ല..അവന്റെ മുത്തച്ഛനെ വരുത്തി.
അദ്ദേഹവും പ്രായാധിക്യത്താലും നാട്ടിലെ അവന്റെ വികൃതികളാലും തളർന്നിരുന്നു
അതുകൊണ്ടു തന്നെ അവന്റെ നല്ല ഭാവിക്കായി ബധിരമൂക വിദ്യാലയത്തിലേക്ക് മാറ്റുകയാണെന്ന് എന്നോട് പറഞ്ഞു..പിന്നെല്ലാം വേഗത്തിലാക്കി. പേപ്പേഴ്സ് എല്ലാം വാങ്ങി മുത്തച്ഛൻ അവനെയും കൊണ്ട് പടിയിറങ്ങി..അവൻ മാത്രം ഒന്നും അറിഞ്ഞില്ല..ചിരിച്ചു ....നാളെവരാം എന്ന ആംഗ്യത്തിലൂടെ അവൻ പോയി..ആദ്യത്തെ രണ്ടുദിവസം..

പിന്നെ ഞാനും പൊരുത്തപ്പെട്ടു.ഉള്ളിൽ ആശ്വസിച്ചു
അവനുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കേണ്ട....
 പുറകെ നടക്കേണ്ട..സുഖം..സമാധാനം..
ഞങ്ങൾ എല്ലാരും അവനെ മറന്നു തുടങ്ങി. ഇതിനിടെ എന്റെ മകന് മഞ്ഞപ്പിത്തം 
വന്നു.ചികിത്സക്കായി നാട്ടിലേക്കു പോയി. എനിക്ക് ലീവ് ഇല്ലാത്തതിനാൽ പോകാൻ
കഴിഞ്ഞില്ല..അമ്മയെന്ന നിലയിൽ ആകെ തളർന്നുപോയ ദിവസങ്ങൾ..അച്ഛമ്മയുടെ
കൂടെ അവൻ ഹാപ്പി ആണെങ്കിലും ഓരോ നിമിഷവും എന്റെ ഹൃദയം വിങ്ങികൊണ്ടിരുന്നു
പതിവുപോലെ ഓഫീസിൽ ഇരിക്കുമ്പോളാണ് പുറത്തു കുട്ടികളുടെ ബഹളം..
മടുപ്പോടെ ഞാൻ പുറത്തിറങ്ങിനോക്കി..
ഒരുപാടു കുട്ടികളുടെ ഇടയിൽ അവൻ..കുറച്ചു മാറി അവന്റെ മുത്തച്ഛനും.എന്നെ കണ്ടതോടെ അവൻ ഓടിവന്നു..ഞാൻ എന്താ ആംഗ്യം കാണിക്കേണ്ടതെന്നു.അറിയാതെ മിഴിച്ചു നിന്നു..അവന്റെ കണ്ണുകളിൽ നിറയെ സ്നേഹമായിരുന്നു...ദയനീയതയും..
ഒരുപാടു സ്നേഹിച്ച യജമാനനെ പിരിഞ്ഞുപോയ ഓമനമൃഗത്തിന്റെ
ദയനീയത..
ഒന്നും പറയാൻ വയ്യാതെ അവൻ ആംഗ്യത്തിലൂടെ ഇനി ഞാൻ അവിടെപോകില്ല
എന്ന് പറഞ്ഞു എന്നോട്..എന്താ പറയേണ്ടത് ഞാൻ ആലോചിച്ചു.

എന്റെ നിസ്സംഗത കണ്ടപ്പോൾ അവന്റെ വേദന എനിക്ക് മനസ്സിലായില്ലെന്ന് തോന്നിയിട്ടാവാം.
അവനെന്നെ വട്ടം ചുറ്റിപിടിച്ചു ഏങ്ങിക്കരഞ്ഞു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി..അമ്മയെ പിരിഞ്ഞു താമസിക്കുന്ന എന്റെ മോനെയാണ്  അനുഭവിച്ചത്‌ ആ സ്പർശനത്തിൽ. ഞാൻ അവനെ ചേർത്തുപിടിച്ചു..
പുറത്തു തലോടി.......
 ഞങ്ങളെല്ലാവരും അവനെ സ്നേഹിച്ചിരുന്നു.
എന്റെ കൂടെ അടുത്തുണ്ടായിരുന്ന സഹപ്രവർത്തകരും കണ്ണീരൊപ്പി .... 

പോയ അന്നുമുതൽ ശരിക്കു ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നതിനാൽ അവർ വിളിപ്പിച്ചതായിരുന്നു വൃദ്ധനെ..അവന്റെ മെലിഞ്ഞുണങ്ങിയ രൂപവും.ക്ഷീണവും കരച്ചിലും അദ്ദേഹത്തെ, അവനെ തിരിച്ചു കൊണ്ടുവരാൻ നിർബന്ധിതനാക്കിയതാണ്. 
ഇന്നവൻ എന്റെ പ്രിയപ്പെട്ടവനാണ്..
വികൃതിയുണ്ടെങ്കിലും സഹിക്കാവുന്ന രീതിയിലേക്ക് ഞാനും അവനും മാറി.

കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന ഇത്തിരിസ്‌നേഹം അവർ ആയിരം മടങ്ങാക്കി തിരിച്ചുതരും. 
അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ബിപി കുറഞ്ഞു സ്‌കൂളിൽ ഞാൻ തലകറങ്ങി വീണപ്പോൾ ഉള്ള അവന്റെ
പരവേശവും കരച്ചിലും..
അതിശയിച്ചു കണ്ണുനിറഞ്ഞുപോയി അന്നെനിക്ക്..
അതെ, "ദൈവത്തിന്റെ പ്രതിരൂപങ്ങൾ ആണ് കുട്ടികൾ."
Vineetha Anil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot