തറവാടിന്റെ തെക്കെപുറത്തുള്ള കുളത്തിന്റെ പടവിൽ ഇരുന്നു വിനോദ് ഓരോ കല്ലെടുത്തു കുളത്തിലേക്കിട്ടു നീണ്ട ചിന്തയിലാണ്. തൊട്ടു പുറകിൽ നിന്നും പാദസ്വരത്തിന്റെ കിലുക്കം കേട്ട് വിനോദ് തിരിഞ്ഞുനോക്കി.
ലക്ഷ്മി!!!!
ലക്ഷ്മി!!!!
"എന്താ വിനുവേട്ടാ വീട്ടിൽ ഇരുന്നാൽ ഞാൻ വന്നു ശല്യം ചെയ്യുമെന്ന് കരുതിയാണോ ഇവിടെ വന്നിരിക്കുന്നത്??"
"ഹേയ് ഞാൻ വെറുതെ.....
നിന്നെ എന്റെ 'അമ്മ കാണണം എന്ന് പറഞ്ഞിരുന്നു. നീ കണ്ടോ?"
നിന്നെ എന്റെ 'അമ്മ കാണണം എന്ന് പറഞ്ഞിരുന്നു. നീ കണ്ടോ?"
"ഹും... എന്നോട് മിണ്ടാൻ ഇഷ്ടമല്ലാന്ന് എനിക്കറിയാം.. അതിനല്ലേ ഇങ്ങനെ കാണുമ്പോഴേക്കും എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറുന്നത്"
"നീ അമ്മേനെ പോയി കാണ്. ഇന്ന് രാവിലെതന്നെ നിന്നെ കണ്ടില്ലല്ലോ എന്ന് പറഞ്ഞു എനിക്ക് സ്വസ്ഥത തന്നിട്ടില്ല."
ലക്ഷ്മി മുഖവും വീർപ്പിച്ചു ചുണ്ടുകൊണ്ട് ഖോഷ്ടിയും കാണിച്ചു കുളപ്പടവിലൂടെ മുകളിലോട്ടു നടന്നുകയറി.
"അമ്മായി എന്തെ എന്നെ തിരക്കിയെന്നു പറഞ്ഞെ."
"ആഹ് നീ വന്നോ.. നിന്നെ ഒന്ന് കാണാണിപ്പോൾ ആളെ വിടണം ല്ലേ ലക്ഷ്മിക്കുട്ടിയെ."
"എന്താ അമ്മായി ഇങ്ങനൊക്കെ പറയുന്നേ? പത്തടി നടന്നാൽ എന്റെ വീടായില്ലേ? ഓരോ ദിവസം രാവിലെ വന്നു അമ്മായിയേയും വിനുവേട്ടനെയും കണ്ടിട്ടല്ലേ ഞാൻ കോളേജിൽ പോവാറുള്ളത്.. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ എന്റെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ ഇവിടെയല്ലേ ഇരിക്കാറുള്ളത്. പിന്നെന്താപ്പോ അമ്മായി ഇങ്ങനെ പറയുന്നേ.. വിനുവേട്ടനെപോലെ അമ്മായിയും എന്നെ ഒഴിവാക്കി പറയാണോ?"
"അതല്ല എന്റെ ലക്ഷ്മിക്കുട്ടിയേ.. ചെറുപ്പം മുതലേ എന്റെ ആങ്ങള അതായത് നിന്റെ അച്ഛൻ നീ വിനുവിനുള്ളതാണെന്നു പറഞ്ഞിട്ടതാ.. ന്റെ മോൻ അതും മനസ്സിൽവെച്ചു നടന്നു. ഇപ്പോൾ നിന്റെ അച്ഛന് പേർഷ്യയിൽ പോയി കുറെ പൈസ ആയപ്പോൾ ഈ ഓടിട്ട വീടും ഈ പെങ്ങളും എന്റെ മോനും അവനു കുറച്ചിലായി. രണ്ടുനില വീട്ടിൽനിന്ന് ഈ ഓടിട്ട വീട്ടിലേക്ക് നിന്നെ തരാൻ ബുദ്ധിമുട്ടാണത്രെ.. ന്റെ വിനു പത്താം ക്ലാസ്സുവരെയെ പോയിട്ടുള്ളൂ.. അത് മറ്റുള്ള കുട്ട്യോളെപോലെ കള്ളുകുടിച്ചും ബീഡിവലിച്ചും പാക്ക് തിന്നിട്ടൊന്നുമല്ല.. എന്റെ ഭർത്താവ് ഞങ്ങളെ വിട്ടുപോയപ്പോൾ ഞങ്ങളെ തിരിഞ്ഞു നോക്കാൻ ആരും വന്നില്ല. അപ്പോഴാ ന്റെ മോൻ പഠിപ്പു നിർത്തി പപ്പടക്കടയിൽ പണിക്കു പോയത്. ഇപ്പോൾ എന്റെ ആങ്ങളക്ക് ന്റെ മോന്റെ പണിയോട് പുച്ഛം. അവന്റെ ചോറ് പേർഷ്യയിലെ ചോന്ന നോട്ടാണെങ്കിൽ എന്റെ ചോറ് ന്റെ മോൻ വെയിലത്ത് വിയർപ്പൊഴുക്കി കിട്ടുന്ന നാണയങ്ങൾ തന്നെയാണ്."
കണ്ണിൽ നിന്നും അറിയാതെ ഒഴുകിയ കണ്ണുനീർ കാണാതിരിക്കാൻ ലക്ഷ്മിയുടെകെ മുന്നിൽ നിന്നും തിരിഞ്ഞു അടുപ്പിലേക്ക് ഊതി.
"എന്തിനാപ്പൊ അമ്മായി എന്നോടിതൊക്കെ പറയുന്നേ... എനിക്കും അറിയാവുന്ന കാര്യം തന്നെയാ. അതുകൊണ്ടല്ലേ ഞാനും വിനുവേട്ടനെ ഇത്രകാലം ഈ നെഞ്ചിൽ കൊണ്ട് നടന്നത്. ന്റെ അച്ഛൻ ഒരു അത്യാഗ്രഹി ആണെന്ന് എന്നെക്കാൾ കൂടുതൽ അമ്മായിക്കറിയില്ലേ, അച്ഛന് അച്ഛന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കണം. അതിനുവേണ്ടി മറ്റുള്ളവരുടെ കണ്ണുനീർ വീഴ്ത്തിയിട്ടാണേലും വേണ്ടില്ല"
ലക്ഷ്മി ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണുനീർ തുടച്ചു.
വിനോദിന്റെ 'അമ്മ സെറ്റുസാരിയുടെ തുമ്പുകൊണ്ട് കണ്ണ് തുടച്ചു ലക്ഷ്മിയോടായ് പറഞ്ഞു.
"അതൊക്കെ പോട്ടെ. ദൈവം വിധിച്ചതേ നടക്കൂ.. ഞാനിപ്പോൾ ന്റെ മോളെ വിളിപ്പിച്ചത് ഒരു കാര്യം തരാനാണ്. ന്റെ മോന്റെ പെണ്ണായി ഈ പടി കേറിവരുമ്പോൾ മോളുടെ കയ്യിൽ ഇടാൻ വേണ്ടി അമ്മായി കുറെ കാലമായി ഇത് വാങ്ങിവെച്ചിട്ട്.. ന്റെ വിനുവിന്റെ കയ്യിൽ നിന്നും ചിട്ടി പിടിച്ചും പൈസ എടുത്തുവെച്ചു വാങ്ങിയതാണ്. ഇത് ഞാൻ ആഗ്രഹിച്ചത് എന്റെ മോൾക്കാണ്. ന്റെ മോൾ ഇതിടണം. മോൾടെ കല്ല്യാണത്തിന് ഞാൻ ഇല്ലെങ്കിലോ.. ദൈവം ഇപ്പോൾ സന്തോഷങ്ങൾ മാത്രമാണ് ഈ അമ്മക്ക് തരുന്നത്. അതുകൊണ്ടു ഒരു പ്രാർത്ഥനയെ ഉള്ളൂ. എന്റെ വിനുവിനെ ഇനിയും കഷ്ട്ടപെടുത്താതെ എന്നെ വേഗംതന്നെ അങ്ങോട്ട് വിളിക്കണമേയെന്നു."
ലക്ഷ്മികുട്ടിയുടെ ചുണ്ടുകൾ വിറച്ചു. കണ്ണുകളിൽ നീരൊഴുകി. നെഞ്ചിലെ വിങ്ങലുകൾ വാക്കുകളായി പറയാൻ പറ്റാതെ ലക്ഷ്മിക്കുട്ടി ആ അമ്മയുടെ നെഞ്ചിൽ പറ്റികിടന്നു കരഞ്ഞു വേദനയകറ്റി.
"എനിക്കെന്റെ അമ്മായിയുടെ മോൾ ആയാൽ മതി. എന്റെ വിനുവേട്ടന്റെ പെണ്ണായാൽ മതി. പണവും പ്രൗഡിയുമില്ല ജീവിതം മതി."
ചെറിയ കുട്ടിയെപ്പോലെ ലക്ഷ്മി വിനോദിന്റെ അമ്മയുടെ നെഞ്ചിൽ തലവെച്ചു കരഞ്ഞുപറഞ്ഞു.
"വേണ്ടമോളെ ആർക്കും വേണ്ടാത്തവരാ ഈ അമ്മയും മോനും. ശാപമേറ്റി വാങ്ങിയവർ.. ഞങ്ങളോട് അടുത്തവരൊക്കെ ഉപ്പിരുന്ന നിലംപോലെ ആയിട്ടുള്ളുn ന്റെ മോൾ ഇനി അങ്ങനെ ആവണ്ട."
വാതിൽ പടിയിൽ വന്നുനിന്ന വിനോദിന്റെ കണ്ണുകൾ കരയാൻ കൊതിച്ചെങ്കിലും അവനതു പിടിച്ചു നിർത്തി. തനിക്കു അവകാശപെടാത്തതിന്റെ മുന്നിൽ ഇരുന്നു കരയാൻ പാടില്ല എന്ന് വിനോദിനെ 'അമ്മ പഠിപ്പിച്ചിട്ടുണ്ട്n എങ്കിലും അവൻ ഉള്ളിൽ കരഞ്ഞു. കണ്ണുനീർ പുറത്തുവരാതെ.
വിനോദിനെക്കണ്ട ലക്ഷ്മി ഓടിച്ചെന്നു വിനോദിന്റെ ഷർട്ടിൽ രണ്ടു കൈകൊണ്ടു പിടിച്ചു കരഞ്ഞു ചോദിച്ചു.
"വിനുവേട്ടാ... വിനുവേട്ടന് എന്നെ വേണ്ടേ? വിനുവേട്ടന്റെ ലക്ഷ്മികുട്ടിയെ വേണ്ടേ? വിനുവേട്ടന് ലക്ഷ്മിക്കുട്ടി ഇല്ലാതെ ജീവിക്കാൻ പറ്റുമോ? ഇങ്ങനെ വിട്ടുകൊടുക്കാൻ ആയിരുന്നോ നമ്മൾ സ്നേഹിച്ചത്..ഇതിനായിരുന്നോ ഞാനും വിനുവേട്ടനും നമ്മുടെ അമ്മയും ഉള്ള കൊച്ചു കുടുംബം സ്വപ്നം കണ്ടത്? "
വിനോദിന്റെ സമ്മതമില്ലാതെ അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.
"വേണ്ട ലക്ഷ്മിക്കുട്ടീ.. ന്റെ 'അമ്മ പറഞ്ഞപോലെ ഞങ്ങൾ ശാപമേറ്റവരാ.. എല്ലാവരിലും വെറുക്കപ്പെട്ടവർ. ആരുമില്ലാത്തവർ.. ഒരുനാളിൽ നിനക്ക് തന്നെ തോന്നും ഈ കൂരയിലെ ജീവിതം വേണ്ടായിരുന്നു എന്ന്. ഈ കൂലിപ്പണിക്കാരന്റെ കൂടെയുള്ള ജീവിതം വേണ്ടായിരുന്നു എന്ന്. അന്ന് ചിലപ്പോൾ ഇപ്പോൾ നിന്നെ വിട്ടുകൊടുന്നതിനേക്കാൾ വേദനയുണ്ടാകും എനിക്ക്. അതിനേക്കാൾ നല്ലതു നിന്റെ അച്ഛൻ കാണിച്ചു തന്ന ആളെ നീ കല്ല്യാണം കഴിച്ചോളൂ. എന്റെയും ഈ അമ്മയുടെയും പ്രാർത്ഥന എന്നും ഉണ്ടാകും."
"അപ്പൊ വിനുവേട്ടൻ ഈ ലക്ഷ്മികുട്ടിയെ അങ്ങനെയാണ് കണ്ടിരിക്കുന്നതല്ലേ.. എന്റെ സ്നേഹം ഇങ്ങനെയാണ് മനസ്സിലാക്കിയതല്ലേ."
ലക്ഷ്മിക്കുട്ടി വിനോദിന്റെ ഷർട്ടിൽ നിന്നും കയ്യെടുത്തു മുറ്റത്തോട്ടിറങ്ങിയോടി.. വിനോദ് ഒരു വിളിക്കായി കൈ ഉയർത്തിയെങ്കിലും അവന്റെ മനസ്സ് അനുവദിക്കാത്തതിനാൽ ശബ്ദം പുറത്തുവന്നില്ല. ഓടുന്നതിനിടയിൽ ലക്ഷ്മിക്കുട്ടി ഒരു കൈകൊണ്ടു കണ്ണുതുടക്കുന്നതും വിനോദ് കണ്ടു.
വിനോദും അമ്മയും ഒന്നും മിണ്ടാതെ അവരുടെ കൂരയിൽ എന്തൊക്കെയോ ചിന്തിച്ചിരുന്നു. ഞങ്ങൾ എടുത്ത തീരുമാനം ശെരിയാണെന്നുള്ള വിശ്വാസത്തിൽ.. അങ്ങനെ ആശ്വസിക്കാൻ മാത്രമേ അവർക്കു കഴിയുമായിരുന്നുള്ളൂ. അവർക്കു വിധിച്ചിട്ടില്ലാത്ത ലക്ഷ്മികുട്ടിയെ വിട്ടുകൊടുത്ത ആശ്വാസത്തിൽ. അങ്ങനെ ചിന്തിക്കുമ്പോൾ അവർക്കു സന്തോഷമാണ്.
ആ സന്തോഷം അധികം നീണ്ടു നിന്നില്ല.. ലക്ഷ്മിക്കുട്ടിയുടെ വീടിന്റെ മുറ്റത്തു നാട്ടുകാരും കുടുംബക്കാരും വൈകുന്നേരം വന്നു കൂടിയപ്പോൾ അതിൽ ഇല്ലാതെപോയതു വിനോദും അമ്മയും മാത്രമായിരുന്നു.
ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.
ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.
" കയറിൽ തൂങ്ങിയാടി നിന്നിരുന്ന ലക്ഷ്മിക്കുട്ടിയുടെ വലതുകൈയ്യിൽ ആകെ മുറിപ്പാടുണ്ട്.. പാകമാവാത്ത ഒരു വല വലിച്ചു കയറ്റിയ മുറിപ്പാട്.."
വിപിൻദാസ് അയിരൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക