Showing posts with label വിപിൻ‌ദാസ് അയിരൂർ. Show all posts
Showing posts with label വിപിൻ‌ദാസ് അയിരൂർ. Show all posts

പിറക്കാതെപോയ മക്കൾ


പിറക്കാതെപോയ മക്കൾ
**************************
ഇന്നും അവൾ വന്നിട്ടുണ്ട്. പതിവുപോലെ കനകാംബരം തലയിൽ ചൂടിയിട്ടുണ്ട്. ഓരോ വണ്ടികൾ പോകുമ്പോഴും അവൾ ആ വണ്ടികളിലേക്ക് തുറിച്ചു നോക്കുന്നുണ്ട്. വണ്ടികൾ അവളെ കടന്നുപോകുമ്പോൾ അവളുടെ മുഖത്ത് കാണാം ഒരു നിസ്സഹായവസ്ഥ. എങ്കിലും എന്തിനാണവൾ എന്നും ഈ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നത്. അതും ഈ സായാഹ്‌ന നേരത്ത്. എനിക്കുള്ള ബസ് വന്നപ്പോൾ ഞാൻ കയറി. അപ്പോഴും അവൾ അവിടെ നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ച്.
കിഷോർ വീട്ടിൽ എത്തിയിട്ടും അവളെപ്പറ്റി ആലോചിക്കുകയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിലോട്ട് വരാൻ വേണ്ടി ബസ് കാത്തുനിൽക്കുമ്പോൾ നാല് ദിവസമായി ഒരു സ്ത്രീ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നു. ആദ്യമൊന്നും കിഷോർ കാര്യമാക്കിയില്ല. പക്ഷെ ദിവസവും അവളെ കണ്ടുകൊണ്ടിരുന്നപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി. അതും അണിഞ്ഞൊരുങ്ങി ജോലി കഴിഞ്ഞു വരുന്ന ലക്ഷണമൊന്നുമില്ലതാനും. ആരോടേലും പറഞ്ഞാലോ ചോദിച്ചാലോ അത് വേറെ അർത്ഥത്തിലേ ഇന്നത്തെ സമൂഹം കാണൂ. അതുകൊണ്ട് കിഷോർ ആരോടും ചോദിക്കാനും പറയാനും പോയില്ല.
"ഏട്ടാ.. ഇന്ന് വീടിന്റെ ഓണർ വന്നിരുന്നു. വാടക വാങ്ങാൻ. ഞാൻ ഇവിടെയൊക്കെ പൈസ തിരഞ്ഞു. കണ്ടില്ല. അതുകൊണ്ട് പിന്നെ വരാൻ പറഞ്ഞു"
"ഏട്ടാ.. ഇതേത് ലോകത്താ.. പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?"
"ആഹ്., എന്താ കാർത്തു പറഞ്ഞെ?"
"അതുശരി അപ്പോൾ ഇവിടെയൊന്നും അല്ലായിരുന്നു അല്ലേ. എന്താപ്പോ എന്റെ ചെക്കന് പറ്റിയത്. ഓഫീസിലെ ഏതെങ്കിലും തരുണീമണികൾ ആ ഹൃദയം പിടിച്ചു കുലുക്കാൻ നോക്കിയോ?"
"പോടീ.. നിനക്കെന്താ. നീയൊരുവട്ടം പിടിച്ചു കുലുക്കിയതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടപ്പോ വേറെ"
"അയ്യടാ.. അല്ലേലും ആരേലും വരട്ടെ പിടിച്ചു കുലുക്കാൻ അപ്പോൾ കാണിച്ചുകൊടുക്കും."
നാല് വർഷമായി കിഷോറിന്റെയും കാർത്തുവിന്റെയും വിവാഹം കഴിഞ്ഞിട്ട്. പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒന്നായവർ. പക്ഷെ നാല് വർഷമായിട്ടും ദൈവം അവർക്കൊരു കുട്ടിയെ സമ്മാനിച്ചില്ല. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് കിഷോറും കാർത്തുവും ആ നാട്ടിൽനിന്നും ടൗണിലേക്ക് വന്നത്. ഒരു ഓഫീസിൽ കിഷോറിന് ജോലി ശരിയായി. വാടകവീട്ടിൽ താമസമാക്കി.
കുട്ടികൾ ഉണ്ടാവാത്ത കാരണം അവർ ഒരു ഡോക്ടറുടെ അടുത്ത്‌ ട്രീറ്റ്‌മെന്റ് ചെയ്തിരുന്നു. ടെസ്റ്റുകൾക്കും മരുന്നുകൾക്കും വിധേയമാക്കി അവസാനം ഡോക്ടർ പറഞ്ഞു കിഷോറിന് സന്താനമുണ്ടാവില്ല എന്ന്. ദൈവത്തിന്റെ വികൃതിയാണെങ്കിലും അവർ ഒരുപാട് വിഷമിച്ചു.
"ഇപ്പൊ നിനക്ക് തോന്നുന്നുണ്ടോ കാർത്തു ഈ ഹതഭാഗ്യന്റെ കൂടെ ഇറങ്ങി തിരിച്ചു നിന്റെ ജീവിതംകൂടി പോയെന്ന്."
അപ്പോഴേക്കും കാർത്തു കിഷോറിന്റെ വായ പൊത്തിപിടിച്ചു പറഞ്ഞു.
"ഏട്ടാ.. ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങിവരുമ്പോൾ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതെല്ലം എന്റെ ഏട്ടൻ ഉണ്ടാക്കിയതാണ്. ഇന്നുവരെ എന്നെ വിഷമിപ്പിക്കുകയോ വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയോ ചെയ്യാത്ത ഏട്ടൻ എന്റെ ഭാഗ്യമാണ്. ദൈവം നമുക്ക് ഇങ്ങനെയൊരു പരീക്ഷണം തന്നു. അത്രമാത്രം. അതിനെ നമ്മൾ തരണം ചെയ്യണം. എന്തായാലും ഡോക്ടർ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ ഏട്ടാ?"
"മ്മ്.. അത് ശരിയാ.. എനിക്കും നിനക്കും കൊഞ്ചിക്കാനും, അച്ഛാ... അമ്മേ.. എന്നൊക്കെ വിളിച്ചു ഇവിടൊക്കെ ഓടിനടക്കാനും ഒരാൾ വേണം. ഞാൻ നാളെത്തന്നെ അന്വേഷിക്കട്ടെ കാർത്തു"
പിറ്റെന്നാൾ ഈ ചിന്തയുമായാണ് കിഷോർ ഓഫീസിൽ പോയത്. ഏറ്റവും അടുത്ത ഒരു കൂട്ടുകാരനോട് കിഷോർ കാര്യം അവതരിപ്പിച്ചു.
"സംഗതി എന്റെ അറിവിൽ ഒരു അനാഥമന്ദിരം ഉണ്ട്. ചെറിയ കുട്ടി ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും നമുക്കൊന്ന് ജോലി കഴിഞ്ഞു പോയിനോക്കാം"
അന്ന് വൈകുന്നേരം ജോലിയും കഴിഞ്ഞു കൂട്ടുകാരന്റെ കാറിൽ അവർ യാത്ര തിരിച്ചു. കിഷോർ എന്നും ബസ് കയറാറുള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ എന്നും കാണാറുള്ള ആ സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കാറിലേക്കും അവൾ നോക്കി. കാർ അവളെ കടന്നു പോയതിനുശേഷം കിഷോർ കൂട്ടുകാരനോട് പറഞ്ഞു.
"ടാ.. ഞാനെന്നും ആ നിൽക്കുന്ന സ്ത്രീയെ കാണാറുണ്ട്. ഈ സമയത്ത് എന്നും കാണും. ഇതുപോലെ തലയിൽ കനകാംബരം ചൂടി നന്നായി അണിഞ്ഞൊരുങ്ങി റോഡിലൂടെ പോകുന്ന വാഹങ്ങളെ നോക്കി നിൽക്കും അവൾ. ആരാണെന്നറിയില്ല. ഈ അസമയത്ത് എന്തിനാണാവോ അവരവിടെ നിൽക്കുന്നത്."
"വല്ല പോക്ക് കേസ് ആകും മോനെ. അതിലൊന്നും പോയി തലയിടേണ്ടാട്ടാ. പിന്നെ ജീവിതം കട്ടപൊകയാ"
അവർ യാത്ര തുടർന്നു. അപ്പോഴും കിഷോർ ആ സ്ത്രീയെപ്പറ്റി ഓർത്തിരുന്നു. കുറച്ചു സമയത്തിന് ശേഷം അവരുടെ കാർ ഒരു കവാടം കടന്നു ചെന്നു. കവാടത്തിനുശേഷം വഴിയിൽ ഇരുഭാഗത്തും ചെടികൾ നിൽക്കുന്നുണ്ട്. പുല്ലുകൾ തിങ്ങി വളർന്ന മുറ്റം. കുറച്ചു കുട്ടികൾ അവിടെ ഓടിക്കളിക്കുന്നുണ്ട്. കുറച്ചുപേർ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്നുണ്ട്. കാർ വരുന്നത് കണ്ട ചില കുട്ടികൾ സന്തോഷത്തോടെ കാറിനരികിലേക്ക് ഓടി വരുന്നുണ്ട്.
ഡോർ തുറന്ന് കിഷോറും കൂട്ടുകാരനും ഇറങ്ങിയപ്പോൾ കുട്ടികൾ സ്തംഭിച്ചു നിന്നു. സന്തോഷത്തോടെ ഓടിവന്ന കുട്ടികളുടെ മുഖത്തെ ചിരി പതിയെ പതിയെ അണഞ്ഞു. കുട്ടികൾക്ക് പുറകെയായ് വന്ന ഒരു മദ്ധ്യവയസ്സൻ പറഞ്ഞു.
"ഹാ.. ചുമ്മാതല്ല കുട്ടികൾ നിന്നത്. അവർ വിചാരിച്ചുകാണും എല്ലാ ആഴ്ചയിലും അവരെ കാണാനും കളിക്കാനും വരുന്ന ആളാണെന്ന്. അയാളും കാറിലാണ് വരാറുള്ളത്. അയാളല്ലാന്ന് കുട്ടികൾക്ക് മനസ്സിലായി. അതുകൊണ്ടാ പിന്തിരിഞ്ഞത്."
പിന്തിരിഞ്ഞു നടക്കുന്ന കുട്ടികളെ നോക്കി അവർ നിന്നു. കിഷോർ കാറിൽനിന്നും രണ്ടു പെട്ടി സ്വീറ്റ്സ് എടുത്തു കുട്ടികളുടെ അടുത്തേക്ക് നീങ്ങി. അവരുടെ കയ്യിൽ ഓരോന്ന് വെച്ച് കൊടുക്കുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിപോലും ഉണ്ടായിരുന്നില്ല. കിഷോർ സ്വീറ്റ്‌സ് കൊടുത്തു കഴിഞ്ഞു ആ മദ്ധ്യവയസ്സന്റെ അടുത്തേക്ക് നീങ്ങി.
കിഷോറും കൂട്ടുകാരനും കൂടി വന്ന കാര്യം അയാളോട് പറഞ്ഞു.
"ഇവിടിപ്പോ അഞ്ച് വയസ്സിനു മുകളിൽ ഉള്ള കുട്ടികളേയുള്ളൂ. പിന്നെ കഴിഞ്ഞ ആഴ്ചയിലാ ഒരു 68 ദിവസം പ്രായമുള്ള കുട്ടിയെ ഒരു ദമ്പതികൾ കൊണ്ടുപോയത്."
"എനിക്കും അങ്ങനെയൊരു കുട്ടിയെ മതി ചേട്ടാ. ആ കുട്ടി സംസാരിച്ചു തുടങ്ങുന്നത് എന്നെ "അച്ഛാ" എന്ന് വിളിച്ചുകൊണ്ടാവണം. അതാണെന്റെ ആഗ്രഹം. ഞങ്ങൾക്കുള്ളതെല്ലാം ആ കുട്ടിക്കുള്ളതാണ്."
"എന്തായാലും കാത്തിരിക്കുക. എല്ലാ ആഴ്ചയിലും വരിക. അങ്ങനെയൊരു കുട്ടി ഇവിടേ എത്തിയാൽ തീർച്ചയായും താങ്കൾക്ക് കൊണ്ടുപോകാം."
അയാളുടെ വാക്കുകൾ ഒരു ആശ്വാസമായെടുത്ത് അവർ തിരിച്ചു യാത്രയായി.
വീട്ടിലെത്തി കാര്യങ്ങൾ കാർത്തുവിനോട് അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് അവിടെ ഒരു ചെറിയ കുട്ടി എത്തിപ്പെടണെ എന്നും പ്രാർത്ഥിച്ചു. അല്ലെങ്കിലും സ്വന്തം കാര്യത്തിൽ എല്ലാരും സ്വാർത്ഥരാണല്ലോ.
ദിവസങ്ങൾ കഴിഞ്ഞു. കിഷോറും കാർത്തുവും എല്ലാ ആഴ്ചയിലും അനാഥാലയത്തിൽ ചെന്ന് നോക്കാൻ മറന്നില്ല. അങ്ങനെ ഒരാഴ്ചയിൽ പോയപ്പോൾ അവിടെ ആകെ ബഹളം. കവാടം കടന്ന് ചെല്ലുംതോറും ഓരോ കുട്ടിയുടെയും മുഖത്തെ സന്തോഷവും ചിരിയും അവർ കാണുന്നുണ്ട്. ഇതുവരെ ഇല്ലാത്ത അവരുടെ സന്തോഷം എന്തുകൊണ്ടാണ് എന്നറിയാതെ കിഷോറും കാർത്തുവും ആശ്ചര്യത്തോടെ നടന്നു. അവസാനം അവർ കണ്ടു. തലയിലൂടെ ഒരു പഴഞ്ചൻ സാരിത്തുമ്പ് മറച്ചുപിടിച്ചു ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്തു നിൽക്കുന്നു. ചുറ്റിലും മറ്റുള്ള കുട്ടികൾ തുള്ളിച്ചാടുന്നു. കിഷോർ ആ സ്ത്രീയെ ശ്രദ്ധിച്ചു.
അതെ.. അവൾ തന്നെ.. ഓഫീസിൽ നിന്നും വരുമ്പോൾ ബസ് സ്റ്റോപ്പിൽ വെച്ച് കാണാറുള്ള ആ സ്ത്രീ. പക്ഷെ ഇന്നവൾ തികച്ചും ഒരു സാധാരണ സ്ത്രീ. അണിഞ്ഞൊരുക്കമില്ല.. തലയിൽ പൂവില്ല.. കിഷോർ വീണ്ടും അവളെതന്നെ നോക്കിനിന്നു. അവളെത്ര സന്തോഷവതിയാണ്. ഓരോ കുട്ടിയേയും അവൾ സ്വന്തം കുഞ്ഞിനെപോലെയാണ് സ്പർശിക്കുന്നതും പെരുമാറുന്നതും.
കുറച്ചുനേരത്തിനു ശേഷം അവിടെയുള്ള മദ്ധ്യവയസ്സൻ വന്നു.
"ചേട്ടാ അതാരാ.. ആ കുട്ടികളുടെ കൂടെ ഇരിക്കുന്നത്?"
"ആഹ്, അത് പ്രിയ.. ആ സ്ത്രീ ആണെന്ന് കരുതിയാണ് അന്ന് നിങ്ങൾ കാറിൽ വന്നപ്പോൾ കുട്ടികൾ സന്തോഷത്തോടെ വന്നത്. ഇപ്പൊ നോക്ക് കുട്ടികളുടെ സന്തോഷം. അവർ പലപ്പോഴും വരാറുണ്ട്. കളിക്കോപ്പുകളും സ്വീറ്റ്സും വസ്ത്രങ്ങളും എല്ലാം കൊണ്ടുവരാറുണ്ട്. ഈ കുട്ടികൾക്ക് അവരെന്നാൽ ജീവനാണ്. രണ്ട് വർഷത്തോളമായി ഇങ്ങനെ. അവർ വരും കുറച്ചു സമയം ഇവരുടെകൂടെ ചിലവിട്ടശേഷം തിരികെപോകും."
കിഷോറും കാർത്തുവും ആ സ്ത്രീയെ നോക്കിനിന്നു.
"ആ.. പിന്നേ ഇപ്പ്രാവശ്യം നിങ്ങൾ വന്നതിന് കാര്യമുണ്ട്. ഇന്നലെ ഇവിടെ ഒരു ഉണ്ടപ്പൻ ചെക്കൻ വന്നിട്ടുണ്ട്. ചെറുതാ. വാ അകത്തുണ്ട് കാണാം."
അതുകേട്ട് കിഷോറും കാർത്തുവും അതിരില്ലാതെ സന്തോഷിച്ചു. അയാളുടെ കൂടെ അവർ അകത്തേക്ക് നടന്നു. അയാൾ പറഞ്ഞപോലെ ഒരു സുന്ദരകുട്ടപ്പൻ. കണ്ടപ്പോൾ തന്നെ കാർത്തു പോയി വാരിയെടുത്ത് ഉമ്മവെച്ചു.
"ഇവനെമതി കിഷോറേട്ടാ.. എനിക്ക് ഒരുപാടിഷ്ടമായി."
കാർത്തുവിന്റെ സന്തോഷം കണ്ട് കിഷോർ ചിരിച്ചു.
കുട്ടിയെ ഏറ്റെടുക്കുന്നതിനുള്ള കാര്യങ്ങളൊക്കെ കഴിഞ്ഞു അവർ ആ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് യാത്രയായി.
************************
ഒരു വർഷത്തിന് ശേഷം...
"ഏട്ടാ.. ഇന്ന് ആദിക്കുട്ടന്റെ പിറന്നാൾ ആയിട്ട് ഇവനെ നമുക്ക് കിട്ടിയ ഇടംവരെയൊന്ന് പോവേണ്ടെ?"
"പിന്നെ പോവാതെ.. നീ വേഗം റെഡിയാക്. പോകണം"
അവർ അനാഥാലയത്തിലേക്ക് യാത്രതിരിച്ചു.
അനാഥാലയത്തിന്റെ ഗേറ്റ് തുറന്നു അവർ അകത്തേക്ക് നടന്നു. ആകെ ഒരു മൂകത. മുറ്റത്ത് കുട്ടികളെ കാണുന്നില്ല. കളിക്കോപ്പുകൾ അനാഥമായി കിടക്കുന്നു. അവർ അകത്തുകയറി. അപ്പോൾ അകത്തെ റൂമിൽ ആ മദ്ധ്യവയസൻ ഇരിക്കുന്നത് കണ്ടു. കിഷോർ അടുത്തേക്ക് നടന്നു.
"ഇതെന്താ ചേട്ടാ ഇവിടെ ഇങ്ങനെ. ആളും അനക്കവും ഒന്നുമില്ലല്ലോ. പിള്ളേരെ കാണാനുമില്ല. എന്തുപറ്റി. ചേട്ടന്റെ മുഖവും വാടിയിട്ടുണ്ടല്ലോ."
"മ്മ്.. പറ്റിയിട്ടുണ്ട്. ചെറുതല്ല.. വലിയൊരുകാര്യം തന്നെ. അന്ന് നിങ്ങൾ ഇവനെ കൊണ്ടുപോകാൻ വേണ്ടി വന്നപ്പോൾ ഒരു സ്ത്രീയെ കണ്ടില്ലേ. അവൾ ഇന്നലെ മരിച്ചു. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം."
"ആ സ്ത്രീക്ക് അതിന് പ്രായമിന്നുമില്ലല്ലോ. പിന്നെന്താ പറ്റിയത്?"
"അതെ.. ചെറുപ്പക്കാരിയാണവൾ.. അതുകൊണ്ടാണ് അവൾ ഇത്രകാലം ജീവിച്ചതും ഇപ്പോൾ മരിച്ചതും."
"എനിക്ക് മനസ്സിലായില്ല ചേട്ടാ"
"പച്ച മലയാളത്തിൽ പറഞ്ഞാൽ ആ പെൺകുട്ടി ഒരു വേശ്യ ആയിരുന്നു. സ്വന്തം വീട്ടിൽ മദ്യപിച്ചു പൂസില്ലാതെ കിടന്ന അച്ഛന്റെ മുന്നിൽ വെച്ച് അച്ഛന്റെ കൂട്ടുകാർ ആണ് അവളുടെ ആദ്യത്തെ അനുഭവം. പിന്നീട് സ്വന്തം അച്ഛൻതന്നെ അവളെ വില്പന ചരക്കാക്കി. എങ്ങനെയോ അച്ഛൻ മരണപ്പെട്ടു. പിന്നീട് അവ ഇതൊരു ജോലിയാക്കി. അത്യാവശ്യം ശരീരവടിവും വെളുപ്പും ഉള്ളതുകൊണ്ട് അവളെത്തേടി ഉന്നതർ വന്നു. പക്ഷെ.. ആരിൽനിന്നോ അവൾക്ക് ഒരു സമ്മാനം കിട്ടി,ഒരു രോഗം.. "എയ്ഡ്സ്"."
കിഷോറിന്റെയും കാർത്തുവിന്റെയും കണ്ണുകൾ വികസിച്ചു. വിശ്വസിക്കാനാവാതെ അവർ മരവിച്ചു നിന്നു.
"അവൾ കിടന്നുകൊടുത്തു കിട്ടുന്ന പണം ഇന്നുവരെ അവളുടെ ആവശ്യത്തിന് ഉപയോഗിച്ചില്ല. എല്ലാം ദാ ആ മുറിക്കുള്ളിൽ അവളുടെ ഫോട്ടോയും വെച്ച് കരഞ്ഞു നോക്കിയിരിക്കുന്ന ആ പൈതാമക്കൾക്ക് വേണ്ടിയാണ് ചെലവാക്കിയത്. എല്ലാം എന്നോടവൾ തുറന്നു പറഞ്ഞിരുന്നു. ഈ പ്രായത്തിൽ കൂടെ ഒരാള് പോലുമില്ലാതെ ഇത്രയും പണം എങ്ങനെ കിട്ടുന്നു എന്നുള്ള കാര്യത്തിൽ എനിക്ക് സംശയം തോന്നി ചോദിച്ചതാ. അന്നവൾ എല്ലാം പറഞ്ഞു എന്നോട്".
"ശരിയാ ചേട്ടാ.. ഞാൻ ജോലി കഴിഞ്ഞു ബസ് കേറുന്ന സ്റ്റോപ്പിൽ എന്നും കാണുമായിരുന്നു ആ സ്ത്രീയെ. പക്ഷെ ഇങ്ങനെയാണെന്ന് ഞാൻ വിചാരിച്ചില്ല."
"മ്മ്.. ഇന്നാദ്യമായാണ് ആ കുട്ടികളുടെ കണ്ണ് നിറയുന്നത്. ശരിക്കും അവൾ ഇവർക്ക് 'അമ്മ തന്നെയായിരുന്നു. അവൾക്ക് ഇവർ മക്കളും, #പിറക്കാതെപോയമക്കൾ."
കിഷോറും കാർത്തുവും കൂടി കുട്ടികൾ ഇരിക്കുന്ന റൂമിലേക്ക് നടന്നു. അവിടെ ഒരു വലിയ ഫോട്ടോയിൽ മാലയിട്ട് തൊട്ടുമുന്നിൽ എല്ലാ കുട്ടികളും കണ്ണുനീർ വാർത്ത് ഇരിക്കുന്നതാണ് കണ്ടത്. അത് കണ്ട അവരുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി. കൂടെ കിഷോറിന്റെയും കാർത്തുവിന്റെയും കൈകൾ അറിയാതെ അവളുടെ ഫോട്ടോക്ക് നേരെ തൊഴുതു പിടിച്ചു നിന്നു.
രചന
വിപിൻ‌ദാസ് അയിരൂർ.

ഇരുളിന്റെ കൂട്ട്


ഇരുളിന്റെ കൂട്ട്
--------------------------
സ്നേഹിച്ച പുരുഷന്റെ കയ്യുംപിടിച്ച് പാതിരാത്രിക്ക് ഇറങ്ങി തിരിച്ച അവൾക്കറിയില്ലാരുന്നു ആ കൈ അധിക കാലമൊന്നും തന്നെ സംരക്ഷിക്കാൻ ഉണ്ടാവില്ലെന്ന കാര്യം. നാടും വീടും വീട്ടുകാരെ വെറുപ്പിച്ചും ദേവു രവിയുടെ കൂടെ ഇറങ്ങി പോന്നത് രവിയിൽ ഉള്ള സ്നേഹവും വിശ്വാസവും മാത്രമായിരുന്നു.
ഒരു ആൺകുട്ടിയെയും രണ്ടു പെൺക്കുട്ടികളെയുo ദേവൂന് കൊടുത്ത് രവി യാത്രയാകുമ്പോൾ പത്ത് വയസ്സുകാരൻ പയ്യനും എട്ട് വയസ്സുകാരി പെൺകുട്ടിയും തൊട്ടിലിൽ ഒന്നുമറിയാതെ കിടന്നിരുന്ന ഒരു പിഞ്ചോമനയും മാത്രമായിരുന്നു ദേവുവിന്റെ കൂടെ ഉണ്ടായിരുന്നത്.
പിന്നീട് ദേവു തോപ്പിൽ പണിക്ക് പോയും അടുത്തുള്ള വീടുകളിൽ ജോലി ചെയ്തും കഷ്ടപ്പെട്ടും മക്കളെ വളർത്തിയുണ്ടാക്കി. ദേവുവിന്റെ സൗന്ദര്യത്തിൽ മതിമറന്ന പല നാട്ടിലെ മാന്യന്മാരും രാത്രികാലങ്ങളിൽ ദേവുവിന്റെ കുടിലിന്റെ വാതിൽക്കൽ ചെന്നു.
"ദേവൂന് ആണൊരുത്തൻ ഇല്ല.. ഈ ദേഹത്തു ആ ആണൊരുത്തൻ മാത്രേ തൊട്ടിട്ടുള്ളൂ ഏമാനെ.. ദേവൂന് രണ്ട് പെൺകുട്ടികളാണ്. ഞാൻ ഇച്ചിരി കഷ്ട്ടപ്പെട്ടിട്ട അവരെ വളർത്തുന്നത്. പൈസക്കും നല്ല അത്യാവശ്യമുണ്ട്. എന്നാലും ദേവു ശരീരം വിറ്റ് ആ പൈസകൊണ്ട് എന്റെ കുട്ടികൾക്ക് ചോറുണ്ടാക്കി കൊടുക്കില്ല. ഏമാൻ ചെല്ല്.. അതിനു പറ്റിയ പെണ്ണുങ്ങൾ ഈ നാട്ടിൽ തന്നെയുണ്ടല്ലോ"
ചുവന്ന നോട്ട് വെള്ള ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് ചെന്നവർക്കൊക്കെ ഇത് തന്നെയായിരുന്നു മറുപടി. അത് സ്ഥിരമായപ്പോൾ പിന്നീട് ആരും പോവാതായി. ആ നടത്തവും ആഗ്രഹവും വെറുതെയാകുമെന്നു എല്ലാവരും മനസ്സിലാക്കി.
അച്ഛന്റെ തണൽ ഏതൊരു മക്കൾക്കും ആവശ്യമാണ്. ചീത്ത വഴി കാണുമ്പോൾ അച്ഛനെ പേടിയുള്ള മക്കൾ ആ മുഖമോന്നോർത്താൽ ആ വഴിയിലേക്ക്‌പിന്നെ ഒരു കാലെടുത്തുവെക്കില്ല. പിന്നിലോട്ട് നടക്കും.
ദേവൂന്റെ മകൻ വലുതായി. സ്വന്തം തീരുമാനവും വഴികളും സ്വയം നിശ്ചയിക്കാൻ പ്രാപ്തനായിണ്. പ്രായംകൊണ്ടല്ല. മനസ്സുകൊണ്ട്. നിയന്ത്രിക്കാൻ ആരുമില്ലേൽ ആർക്കും പ്രായത്തിൽ കവിഞ്ഞ പക്വതയാണല്ലോ.
രാത്രികാലങ്ങളിൽ അമ്മയും രണ്ടു ചെറിയ അനിയത്തിമാരും മാത്രമാണ് ആ കുടിലിൽ എന്നുള്ള ചിന്തപോലും അവൻ പലപ്പോഴും മറക്കാറുണ്ട്. കൂട്ടുകെട്ടുകൾ അളവുകളെ ഭേദിച്ചു കൊഞ്ഞനം കാട്ടി. സ്വഭാവത്തിലും ശീലങ്ങളിലും മാറ്റങ്ങൾ വന്നു. അവനെക്കാൾ വലിയവൻ ആരുമില്ല എന്നുള്ള അവസ്ഥയായി.
"ദേവൂന്റെ മോനല്ലേ ആ തെങ്ങിന്തോപ്പിൽ പുക വലിച്ചു ബോധംപോയി കിടക്കുന്നെ? ഹഹഹ എന്തായിരുന്നു അവളുടെ ഒരു അഹങ്കാരം. നമ്മളൊന്ന് തൊടാൻ ചോദിച്ചപ്പോൾ അവൾ ഒടുക്കത്തെ ഭർത്താവ് സ്നേഹിയായി. ഓസിനൊന്നുമല്ലല്ലോ നല്ല പെടക്കണ നോട്ടുകൾ കൊടുത്തിട്ടല്ലേ. വല്ലവരുടെയും ചട്ടിയും കലവും കഴുകാൻ പോവേണ്ട വല്ല കാര്യമുണ്ടോ. ദിവസ വരുമാനത്തിനുള്ള വഴിയല്ലേ അവൾ പുറംകാൽ കൊണ്ട് തട്ടിമാറ്റിയത്. എന്നിട്ടിപ്പോൾ എന്തായി. ആറ്റുനോറ്റ് വളർത്തിയ ആൺതരിയതാ കണ്ട പാടത്തും പറമ്പിലും കള്ള് കുടിച്ചും കഞ്ചാവ് വലിച്ചു ബോധംപോയി കിടക്കുന്നു. അവൾക്കങ്ങനെത്തന്നെ വേണം"
കൂടെ കിടക്കാൻ ചോദിച്ചിട്ട് കിട്ടാത്ത അമർഷം നാട്ടുകാരിൽ ഇങ്ങനെയും വാർത്തയുണ്ടാക്കി.
ഇന്ന് അവൻ ദേവുനോട് പൈസ ചോദിച്ചു. ചോദിക്കുമ്പോൾ തന്നെ അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. മദ്യം അല്ലെങ്കിൽ കഞ്ചാവ് വാങ്ങാൻ അല്ലാതെ അവനെന്തിനാ പൈസ. ദേവു കൊടുത്തില്ല. അവനിൽ ഒരു പ്രാന്തൻ ഉണർന്നു. കയ്യിൽ കിട്ടിയ സകലതും വലിച്ചെറിഞ്ഞു ചെറ്റ ചുമരിൽ ചവിട്ടിയും കുത്തിയും അമർഷം തീർത്ത് അവൻ ഇറങ്ങിപ്പോയി.
ദേവൂന്റെ ഉള്ളിൽ ഭയംവന്നു. ഇങ്ങനെ ആദ്യമായിട്ടാ. അരികിൽ പുൽപായയിൽ കിടന്നുറങ്ങുന്ന ചെറിയ മോളെ നോക്കി നെടുവീർപ്പിട്ടു. എന്നെവിട്ട് എന്റെ കെട്ട്യോൻ പോകുമ്പോൾ പറഞ്ഞത് നിന്നേം കുട്ടികളെയും എന്റെ ഈ മോൻ നോക്കും എന്നാണ്. എന്നിട്ടിപ്പോൾ അവൻ പോയത് കണ്ടോ. ദേവൂന്റെ കണ്ണിലൂടെ നീരൊഴുകി.
വല്ലവരുടെയും ചട്ടിയും കലവും ഉടുത്താടകളും കഴുകാൻ പോയത് എന്നേം ഈ പെൺകുട്ടികളെയും നോക്കാൻ ഇവൻ ഉണ്ടാകുമെന്നോർത്തായിരുന്നു. എന്റെ പെൺകുട്ടികൾക്ക് കൊടുത്ത സ്ഥാനത്തേക്കാൾ വലിയ സ്ഥാനമാണ് ആ പഹയന് ഞാൻ കൊടുത്തത്. എന്നിട്ടിപ്പോൾ പോയപോക്ക്‌ കണ്ടാ. ഞങ്ങൾ ഇനി ആരെ കണ്ടാണ് ജീവിക്കേണ്ടത്. ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്.
ദേവു ഇരുന്നിടത്തുനിന്നു കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. കുപ്പിഗ്ലാസ്സിന്റെ കഷ്ണങ്ങൾ കയ്യിൽ മുറിവുണ്ടാക്കി. മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പറഞ്ഞെ എത്ര ശരിയാ. വയസ്സാൻകാലത്തു അവൻ കൂടെയുണ്ടാകും എന്നൊരു വിശ്വാസം കുറച്ചൊന്നുമല്ല ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാ അവനെ ഞാനിങ്ങനെ തുറന്നുവിട്ട് വളർത്തിയത്. ഇപ്പോൾ അവൻ എന്നെക്കാൾ വളർന്നിരിക്കുന്നു.
മറിഞ്ഞു കിടന്നിരുന്ന കസേരയും സ്റ്റാന്റുമെല്ലാം ദേവു നേരെ എടുത്തുവെച്ചു. മകൾ ഭീതിയോടെ ഒരു മൂലയിൽ ഇരിക്കുന്നു. പെറ്റുവളർത്തിയ മകന്റെ നന്ദിയാണ് ഇപ്പോൾ അവൻ കാണിച്ചുതന്നത്. ഒരു ജീവിതകാലം മുഴുവൻ വിശ്വസിച്ചും ധൈര്യത്തോടെയും കൂടെ കഴിയേണ്ടവനാ എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തുപോയത്.
ഒന്നുറപ്പായി കഴിഞ്ഞു.. ഇനിയുള്ള ഇരുൾവീണ കൂരക്കിനി ഉറങ്ങാത്ത ഒരമ്മ മനത്തിന്റെ കൂട്ട് മാത്രമേ കാണൂ..
രചന
വിപിൻ‌ദാസ് അയിരൂർ

ഹാജിയാരുടെ സ്വന്തം അപ്പൂസ്


ഹാജിയാരുടെ സ്വന്തം അപ്പൂസ്
--------------------------------------------------
"ഡീ ജാനു, ആ പടിഞ്ഞാറേ മുറീന്ന് ചോളതവിടിങെടുത്തെ, ഞാൻ ചന്തയിൽ നിന്ന് ഹാജിയാരെ കണ്ടിരുന്നു. അവരിപ്പോൾ പറമ്പിലോട്ട് തെങ്ങ് കയറ്റിക്കാൻ വരും. അപ്പോഴേക്കും പശുക്കളെ വെള്ളം കൊടുത്തു പുറത്തു കേട്ടട്ടേ. ചെനയുള്ളതാ.. തെങ്ങുകയറ്റക്കാർ വന്നാൽ പിന്നെ ഉച്ചകഴിയും അവിടെ നിന്ന് വരാൻ"
കയ്യിൽ കവറിൽ ചാളയും മറ്റുമായി കേശവൻ ഭാര്യ ജാനുവിനോടായി വിളിച്ചുപറഞ്ഞു വീടിന്റെ പുറകുവശത്തെത്തി. പച്ചമടൽ വെട്ടി കീറികൊണ്ടിരുന്ന ജാനു വെട്ടുകത്തി നിലത്തിട്ടു കേശവന്റെ കയ്യിൽനിന്നും കവറുകൾ വാങ്ങി അകത്തു പോയി. വരുമ്പോൾ ചോളത്തവിടിന്റെ സഞ്ചിയുമായി ജാനു വന്നു.
ഹാജിയാർ നാട്ടിലെ പ്രമുഖരിൽ ഒരാളാണ്. ഒരുപാട് തെങ്ങിൻ തോപ്പുകളും കടകളും ഉള്ള ഒരു പണക്കാരൻ. അതിൽ ഒരു വലിയ തെങ്ങിൻതോപ്പ് നോക്കുന്ന പണി കേശവനാണ്. വീടിന്റെ അടുത്തുള്ള തോപ്പായതിനാൽ അവിടത്തെ കാര്യങ്ങൾ നോക്കിയാണ് കേശവൻ ജീവിച്ചിരുന്നത്. നല്ല മനസ്സുള്ള ഹാജിയാർ കേശവന്റെ കുടുംബത്തിന് ഒരു സഹായവുമായിരുന്നു.
പണ്ടുകാലത്തൊക്കെ ആരുടെ തോപ്പാണോ നോക്കുന്നത് അവർക്കു ആ തോപ്പിൽ തന്നെ കുറച്ചു സ്ഥലം വീടുവെക്കാനായി ആ തോപ്പിന്റെ ഉടമസ്ഥൻ അയാളുടെ പേരിൽ എഴുതിക്കൊടുക്കും. അങ്ങനെ കിട്ടിയതാണ് കേശവന് ഈ സ്ഥലവും.
"ഡീ അപ്പു ഇതുവരെ എഴുന്നേറ്റിട്ടില്ലേ? അവനെ വിളിച്ചുണർത്തി എന്തേലും കൊടുക്ക്. എന്നിട്ട് നീയും വാ തൊപ്പിലോട്ട്. അവിടെ വിറകുകൾ വാരിവെക്കാനുണ്ടാകും."
"അവനെ ഇപ്പൊ ഞാൻ വിളിച്ചു വന്നേയുള്ളു. ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. കിടന്നോട്ടെ.
പിന്നേ കഴിഞ്ഞ പ്രാവശ്യം തന്നെ ചകിരി വേറെ ആർക്കോ ഹാജിയാർ കൊടുത്തു. ഇത്തവണയെങ്കിലും നേരത്തെ പോയി ചോദിച്ചോളണം. ഇവിടെ കത്തിക്കാൻ ഒരു വസ്തുവില്ല."
കേശവൻ ഒരു തോർത്തുമുണ്ടുമെടുത്ത് തോപ്പ് ലക്ഷ്യമാക്കി നടന്നു. കേശവന്റെ പേരക്കിടാവാണ്‌ അപ്പു. മകളുടെ മകൻ. ആറ് വയസ്സുകാരൻ. സ്കൂൾ ഇല്ലാത്തപ്പോൾ അമ്മയുടെയും അമ്മാച്ചന്റെയും കൂടെ നിൽക്കാനായി വരും. ഇവിടെയാണ് അപ്പുവിന് കളിക്കാൻ കുറെ കൂട്ടുകാരുള്ളതും. അതിനാൽ അവധി ദിവസങ്ങളിൽ വേഗം എത്തിക്കോളും.
തോപ്പിൽ തെങ്ങുകയറ്റം തുടങ്ങി. ഹാജിയാർ തലയിൽ വെള്ളമുണ്ട് കെട്ടി കയ്യിൽ ഒരു പുസ്തകവും പേനയുമായി നടക്കുന്നു. ഉറക്കമെഴുന്നേറ്റുവന്ന അപ്പു വീട്ടിൽ ആരെയും കാണാത്തതുകൊണ്ട് മുറ്റത്തോട്ടിറങ്ങി. തോപ്പിലതാ അമ്മമ്മ വിറക് പെറുക്കി കൂട്ടുന്നു. മുഖത്ത് കുറച്ചു വെള്ളമൊഴിച്ചു അപ്പു തോപ്പിലോട്ട് നടന്നു.
"അതാരാ കേശവാ ട്രൗസർ ഇട്ടോണ്ട് കുപ്പായം വായിൽ കടിച്ചുപിടിച്ചു വരുന്നത്"
അമ്മച്ചനോട് ഹാജിയാരുടെ ചോദ്യം.
"ഹാ.. അതെന്റെ പേരക്കിടാവല്ലേ ഹാജിയാരെ.. എന്റെ മൂത്ത മോളുടെ മകനാണ്. സ്കൂൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കൊരു തുണയായി ഇങ്ങോട്ട് വരും. ഇന്നലെ രാവിലെ വന്നതാണ്. ഹാജിയാർ ഇവനെ കണ്ടിട്ടില്ലല്ലേ"
ഹാജിയാരുടെ മുഖത്തോട്ട് നാണംകൊണ്ട് നോക്കി അമ്മാച്ചന്റെ അടുത്തൊട്ട് നടന്നു. അമ്മമ്മയും അമ്മാച്ചനും വിറകും ഓലയും തേങ്ങയും പെറുക്കി ഇടുന്നതുകണ്ട്‌ അപ്പുവും സഹായിക്കാൻ തുടങ്ങി. തണലത്ത് ഇതെല്ലം നോക്കി ചെറുപുഞ്ചിരിയോടെ ഹാജിയാർ നോക്കി നിന്നു.
പ്രായത്തിൽ കവിഞ്ഞ പക്വതയും ചുറുചുറുക്കുംഖ് അപ്പുവിന് ധാരാളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവനെ ആരും ഇഷ്ടപ്പെടും. എന്തും തന്നെക്കൊണ്ട് ചെയ്യാൻ പറ്റും എന്നുള്ള ആത്മവിശ്വാസം അവനിൽ ഉണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ശരീരം പോലും നോക്കാതെ ഏർപ്പെട്ട ജോലി എന്ത് തന്നെയായാലും അവൻ ഭംഗിയായി ചെയ്തുതീർക്കും.
"ചന്ദ്രാ... എനിക്കൊരു ഇളനീർ ഇട്ടോളൂ.. ആ കൂടെ ദാ അവനും"
തെങ്ങു കയറുന്ന ചന്ദ്രനോട് ഹാജിയാർ പറഞ്ഞു. ചന്ദ്രൻ ഇട്ട ഇളനീർ ചെത്തി ഒന്ന് ഹാജിയാർക്കും ഒന്ന് അപ്പുവിനും കൊടുത്തു. തെങ്ങുകയറ്റം കഴിഞ്ഞു പോവാൻ നേരം ഹാജിയാർ അപ്പുവിനെ അടുത്തേക്ക് വിളിച്ചു.
"മോനെ.. ഹാജിയാർക്കു മോനെ പെരുത്തിഷ്ട്ടായി. എന്റെ വീട്ടിലും ഉണ്ട് മൂന്നാലെണ്ണം നിന്നെപ്പോലത്തെ. അവർക്കു ടീവിയും വീഡിയോഗെയിമും മാത്രേ ഉള്ളൂ. നേരം വെളുത്താൽ പല്ല് തേച്ചാൽ ആയി. നേരെപോയി ടീവീടെ മുന്നിൽ ഇരിക്കും. അമ്മാച്ചനെയും അമ്മമ്മയെയും സഹായിക്കുന്ന നിന്നെ കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. എന്നും ഇങ്ങനെ വേണംട്ടോ. എല്ലാരേം കൊണ്ട് നല്ലതു പറയിപ്പിക്കണം."
ഹാജിയാർ അപ്പുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. വിയർത്ത കണ്ണുകളുമായി അപ്പു സ്നേഹത്തോടെ ഹാജിയാരെ നോക്കി. എല്ലാം കണ്ട് കേശവനും ജാനുവും നിന്നുനോക്കി.
"ദാ.. ഇത് നിനക്ക് മിട്ടായി വാങ്ങാൻ ഹാജിയാരുടെ വക."
ഹാജിയാരുടെ വെള്ള ജുബ്ബയുടെ പോക്കറ്റിൽ നിന്നും കയ്യിട്ട് നല്ല പെടക്കണ അൻപതിന്റെ ഒരു നോട്ടെടുത്തു അപ്പുവിന് കൊടുത്തു. അപ്പു അത് വാങ്ങാൻ വിസ്സമ്മതിച്ചുവെങ്കിലും ഹാജിയാർ നിർബന്ധിച്ചപ്പോൾ വാങ്ങി.
തെങ്ങുകയറ്റം കഴിഞ്ഞു.. തൊഴിലാളികളും ഹാജിയാരും പോവാൻ തുടങ്ങി. അപ്പു അപ്പോഴും ആ അൻപതുരൂപാ നോട്ട് കയ്യിൽ പിടിച്ചു ഹാജിയാരെ നോക്കിനിന്നു. ഇടക്ക് ആ നോട്ടൊന്നു മണത്തുനോക്കി. നല്ല അത്തറിന്റെ മനം. ഹാജിയാർ അപ്പുവിന്റെ തലയിൽ തൊട്ടപ്പോഴും ആ അത്തറിന്റെ മണം അപ്പുവിന്റെ മൂക്കിലടിച്ചിരുന്നു. അപ്പുവും അമ്മാമയും വീട്ടിലേക്കു നടന്നു.
സ്കൂൾ തുടങ്ങിയപ്പോൾ അപ്പു ആ അൻപതുരൂപയുടെ നോട്ട് നോട്ട്ബുക്കിന്റെ ഇടയിൽ വെച്ച് ക്ലാസ്സിൽ പോയി. കുട്ടികളുടെ ഇടയിൽ ചെന്ന് ആ നോട്ടെടുത്ത് വലിയ ആളായി കാണിച്ചു. അവർക്കിടയിൽ അപ്പു ഒരു വലിയവനാണ്. ഒന്നിന്റെയും രണ്ടിന്റെയും നാണയത്തുട്ടുകൾ കൊണ്ടുവരുന്ന കൂട്ടുകാർ അൻപതിന്റെ നോട്ട് കണ്ട് കണ്ണുതള്ളി. നോട്ട് കണ്ടു അപ്പുവിന്റെ തോളിൽ കയ്യിട്ട് നടക്കാൻ കുറെ പേരുമായി. എങ്കിലും അപ്പു തന്റെ കൂടെ ആദ്യം ഉണ്ടായിരുന്നവർ മാത്രമേ സ്വീകരിച്ചുള്ളൂ. കഴിവുകൾ കണ്ട് വരുന്ന സൗഹൃദം നല്ലതല്ല എന്ന് അവനറിയാമായിരുന്നു.
വീണ്ടുമൊരു സ്കൂൾ അവധിയിൽ അപ്പു അമ്മയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. 30 മിനുട്ട് നടന്നാൽ എത്തുന്നതാണ്‌ അമ്മയുടെ വീട്.പാടത്തിന്റെ വക്കിലൂടെയും തെങ്ങിൻ തോപ്പിലൂടെയും ടെക്സ്ടൈൽസിന്റെ കവറിൽ ട്രൗസറും ഷർട്ടും കറക്കി കൊണ്ട് അപ്പു നടന്നു. ഹാജിയാരുടെ തോപ്പിന്റെ നടുവിലൂടെയുള്ള ഇടവഴിയിലൂടെയാണ് അമ്മമ്മയുടെ വീട്ടിലേക്ക് പോവുക. തോപ്പിന്റെ നടുവിലെത്തിയപ്പോൾ കുറച്ചു അകലെയായി എന്തോ വെളുത്ത രൂപം തെങ്ങിൽ ചാരി വെച്ചേക്കുന്നപോലെ തോന്നി. അപ്പു കുറച്ചുനേരം സൂക്ഷിച്ചുനോക്കി. അപ്പോൾ അതാ ഒരു ശബ്ദം "അള്ളാ..." അപ്പുവിന് ശബ്ദം കേട്ടപ്പോൾ അത് ഹാജിയാർ ആണെന്ന് മനസ്സിലായി. കയ്യിൽ ഉണ്ടായിരുന്ന കവർ വലിച്ചെറിഞ്ഞു തെങ്ങിൻ തോപ്പിലൂടെ അപ്പു ഓടി ഹാജിയാരുടെ അടുത്തെത്തി. ഹാജിയാർ ആകെ വിയർത്തിരുന്നു. സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് വ്യക്തമാകുന്നില്ല. കൈകൾ തണുത്തു മരവിച്ചപോലെ. അപ്പു വേഗം അമ്മാച്ചനെ വിളിക്കാൻ ഓടി. പശുവിനു വെള്ളം കൊടുത്തു നിന്നിരുന്ന അമ്മാച്ചൻ ഓടിവന്നു ഹാജിയാരെ എടുത്തു. അപ്പുറത്തെ തോപ്പിൽ കിളക്കാൻ വന്ന തൊഴിലാളികളും ചേർന്ന് പൊക്കിയെടുത്തു ആശുപത്രിയിൽ കൊണ്ടുപോയി.
ആശുപത്രിയിൽ ഹാജിയാരുടെ വീട്ടുകാരെല്ലാം എത്തി. അപ്പുവും അമ്മാച്ചനും ഒരു മൂലയിൽ നിൽക്കുന്നു. റൂമിൽ നിന്ന് ഡോക്ടർ പുറത്തു വന്നു.
"അദ്ദേഹത്തിന് ചെറിയൊരു അറ്റാക്ക് ആണ് കഴിഞ്ഞത്. ഇനി പ്രത്യേകം ശ്രദ്ധിക്കണം. ഇനി സംസാരിക്കേണ്ടവർക്കു പോയി സംസാരിക്കാം"
ഡോക്ടർ പോയി. ഹാജിയാരുടെ വീട്ടുകാർ ഉള്ളിലേക്ക് പോയി. അപ്പുവും അമ്മാച്ചനും വാതിലിൽ കാണാൻ വേണ്ടി ഉള്ള വട്ടത്തിലൂടെ നോക്കി.
ഹാജിയാരുടെ മൂത്ത മകൻ ഡോർ തുറന്ന് പുറത്തു വന്നു.
"അപ്പുവിനെ ഉപ്പ വിളിക്കുന്നുണ്ട്"
അപ്പുവും അമ്മാച്ചനും കൂടി ഡോർ തുറന്ന് അകത്തുകടന്നു. ഹാജിയാരുടെ ഭാര്യ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരിക്കുന്നു.
അപ്പു മെല്ലെ ഹാജിയാരുടെ അടുത്തോട്ട് നടന്നു.എം
"ഇങ്ങു വാ അപ്പു.. നമ്മൾ ഓരോരുത്തരിലും ദൈവം ഉണ്ട്. പക്ഷെ അത് നമ്മൾക്ക് കാണാനോ അറിയാനോ സാധിക്കില്ല. എങ്കിലും നമ്മൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ നമുക്കു മുന്നിൽ ആ ദൈവത്തിന്റെ കാര്യങ്ങൾ പ്രത്യക്ഷപ്പെടും. എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അപ്പൂസിന്റെ കാരങ്ങളാണ്. എന്റെ ദൈവം അപ്പൂസാണ്. "
അപ്പു പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഹാജിയാർ തലയിൽ കൈവെച്ചു.
"നീ ഹാജിയാരുടെ സ്വന്തം അപ്പൂസാണ്"
ഇതും പറഞ്ഞു ഹാജിയാർ അപ്പുവിന്റെ കയ്യിൽ ഒരു അമ്പതുരൂപ നോട്ട് വെച്ചുകൊടുത്തു.എം
"മോൻ പോയി മിട്ടായി വാങ്ങിച്ചോട്ട"
അപ്പുവും അമ്മാച്ചനും ഇറങ്ങി നടന്നു.
ദിവസങ്ങൾ കഴിഞ്ഞു. ഹാജിയാർ പഴയപോലെ ഉഷാറായി. തോപ്പിൽ വരാൻ തുടങ്ങി. അപ്പുവിനെ കാണുമ്പോഴൊക്കെ സ്നേഹത്തോടെ ആ തലയിൽ തലോടി അമ്പതുരൂപയും കൊടുത്തു. അതൊരു പതിവായി.അപ്പുവും ഹാജിയാരും ഒരുപാട് അടുത്തു.
അങ്ങനെയാണ് വലിയ പെരുന്നാൾ വന്നത്. പെരുന്നാളിന്റെ തലേന്നാൾ ഹാജിയാർ തോപ്പിലേക്ക് വന്നത് ഒരു കവറും കയ്യിൽ പിടിച്ചിട്ടാണ്. തോപ്പിൽ ഹാജിയാർ നിൽക്കുന്നത് കണ്ടപ്പോൾ മുറ്റത്തു നിന്നിരുന്ന അപ്പു ഓടി ഹാജിയാരുടെ അടുത്തെത്തി.
"ദാ.. ഇതെന്റെ അപ്പുവിനുള്ള ഹാജിയാരുടെ പെരുനാൾകോടി. ന്റെ പേരക്കുട്ടികൾക്ക് എടുത്തപോലെ തന്നെ അപ്പുവിനും എടുത്തു. ആ പിന്നെ നാളെ നിനക്ക് ഉച്ചയൂൺ ഹാജിയാരുടെ വീട്ടിൽ. രാവിലെ അങ്ങോട്ട് എത്തിയേക്കണം. പിന്നെ ഇതാ എന്റെ വക സക്കാത്ത്കായി."
ഹാജിയാർ അന്ന് അപ്പുവിന് ഡ്രസ്സും കൂടെ രണ്ട് അൻപതുരൂപ നോട്ടുകളും കൊടുത്തു.
പിറ്റെന്നാൾ ഹാജിയാർ കൊടുത്ത ഡ്രെസ്സുമിട്ട് അപ്പു അമ്മാച്ചന്റെ കൂടെ ഹാജിയാരുടെ വീട്ടിൽ പോയി. വലിയ വീട്. ആകെ ബഹളം. ഒരുപാട് പേരുണ്ട്. രണ്ടുമൂന്നു കാറും കിടക്കുന്നു. അമ്മാച്ചൻ തോർത്തും തോളിൽ നിന്നെടുത്തു ഉമ്മറത്ത് നിന്നു. കൂടെ അപ്പുവും.
"ഹാ ആരിത് ?, രണ്ടാളും വന്നോ. കേറി ഇരിക്ക് കേശവാ.. അപ്പു വാ ഇങ്ങു കേറിവാ."
ചമ്മലോടെ അപ്പു അകത്തുകേറി. അകത്തു ഹാജിയാരുടെ പേരക്കുട്ടികൾ ഭക്ഷണം കഴിക്കാനായി മേശയിൽ ഇരിക്കുന്നു. ആരൊക്കെയോ വിളമ്പി കൊടുക്കുന്നു.
"മോളെ റാബിയ.. ഇവനെക്കൂടി അവരുടെ കൂടെ ഇരുത്തിക്കോ. എന്റെ സ്വന്തം ആളാണ്. വേണ്ടതൊക്കെ വിളമ്പി കൊടുക്ക്.
അങ്ങോട്ട് ചെല്ല് അപ്പു"
ഹാജിയാർ അകത്തോട്ട് നോക്കി പറഞ്ഞു. അപ്പു മെല്ലെ നടന്നു കസേരയിൽ ഇരുന്നു. നിലത്തിരുന്നു ഭക്ഷണം കഴിച്ചു ശീലിച്ച അപ്പുവിന് മേശയിലുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായി. എങ്കിലും എന്തൊക്കെയോ നുള്ളി നുള്ളി കഴിച്ചു. അവസാനം സേമിയ പായസവും.
ഊണും കഴിഞ്ഞു ഒന്നുരണ്ട് സൊറപറച്ചിലും കഴിഞ്ഞു കേശവനും അപ്പുവും അവിടെനിന്നും ഇറങ്ങി. നടത്തത്തിൽ കേശവൻ അപ്പുവിനോട് ഹാജിയാരുടെ നല്ല മനസ്സിനെപ്പറ്റി വർണ്ണിക്കുന്നുണ്ടായിരുന്നു. എത്ര വർണിച്ചാലും പറഞ്ഞാലും തീരാത്ത അത്ര നല്ല കാര്യങ്ങൾ ചെയ്ത മനുഷ്യൻ. അതും ജാതിയും മതവും നിറവും നോക്കാതെ. അപ്പു എല്ലാം മിണ്ടാതെ കേട്ട് നടന്നു.
സ്കൂൾ തുടങ്ങി. അപ്പു സ്വന്തം വീട്ടിലേക്കു വന്നു. അന്നൊരു വെള്ളിയാഴ്ച സ്കൂൾ വിടാൻ നേരം വൈകും. വീട്ടിൽ വന്നപ്പോൾ അമ്മാച്ചൻ ഉമ്മറത്ത് ഇരിപ്പുണ്ട്. പതിവില്ലാതെ അമ്മാച്ചനെ കണ്ടപ്പോൾ അപ്പു സന്തോഷത്തോടെ ഓടി വന്നു. നാളെയും മറ്റന്നാളും സ്കൂൾ ഇല്ല. അതുകൊണ്ട് എന്നെ വിളിക്കാൻ വന്നതാകും. അപ്പു മനസ്സിൽ കരുതി.
"അപ്പു പുസ്തകം അകത്തു കൊണ്ടുവെച്ച് വായോ. നമുക്കുപോകാം"
അമ്മാച്ചൻ പറഞ്ഞതനുസരിച്ചു അപ്പു പുസ്തകം അകത്തു കൊണ്ടുവച്ചു. രണ്ടു ട്രൗസറും കുപ്പായവും ഒരു കവറിൽ എടുത്തു ഇറങ്ങി. അപ്പുവിന്റെ കയ്യിൽ അമ്മാച്ചൻ പിടിച്ചു നടന്നു. പൊതുവെ നടക്കുമ്പോൾ അമ്മാച്ചൻ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടാണ് നടക്കാറുള്ളത്. ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അപ്പു ഒന്നും ചോദിച്ചതുമില്ല.
അമ്മാച്ചന്റെ വീടെത്തി. അമ്മമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ട്. അപ്പുവിന്റെ കയ്യിൽ നിന്ന് അമ്മമ്മ കവർ വാങ്ങി വെച്ചു. അമ്മമ്മയുടെ മുഖവും എന്തിനോവേണ്ടി വിഷമിച്ചപോലെ അപ്പുവിനു തോന്നി. എങ്കിലും അപ്പു ഒന്നും ചോദിച്ചില്ല.
"വായോ അപ്പു.. നിന്നോട് ഹാജിയാർ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. നിന്നെ ഒന്ന് കാണണമത്രേ. നമുക്ക് പോയിവരാം"
അമ്മാച്ചന്റെ കയ്യും പിടിച്ചു അപ്പു നടന്നു. ഹാജിയാരുടെ വീടിനടുക്കുംതോറും കുറെ വാഹനങ്ങളും ആൾക്കാരും അപ്പു കണ്ടു. ഒന്നും മനസ്സിലാവാതെ അപ്പു നടന്നു. വീടിന്റെ മുറ്റത്ത് ആകെ ആൾക്കാർ. അപ്പു ഓരോരുത്തരുടെയും മുഖവും വീക്ഷിച്ചു പേടിച്ചുകൊണ്ട് നടന്നു. ഉമ്മറത്ത് ഹാജിയാരുടെ മകൻ വിഷമത്താൽ ഇരിക്കുന്നു. അമ്മാച്ചൻ അകത്തോട്ട് നടന്നു കൂടെ അപ്പുവും.
സാമ്പ്രാണിയുടെയും ചന്തനത്തിരിയുടെയും മണം അപ്പുവിനെ വല്ലാതെ ഭീതിപ്പെടുത്തി. ഹാളിൽ ചില്ലിട്ട ഒരു പെട്ടിക്കുള്ളിൽ ഹാജിയാർ കിടക്കുന്നു. ചുവന്ന ചുണ്ടിലെ ആ പുഞ്ചിരിയോടുകൂടി. എല്ലാം അവസാനിച്ചു മടങ്ങുകയാണ് എന്നുള്ള സമാധാനവും സന്തോഷവും ആ മുഖത്തുണ്ട്. അപ്പുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. തന്റെ പ്രായമുള്ള ഹാജിയാരുടെ പേരക്കുട്ടികൾ അപ്പുറത്തെ റൂമിൽ ഗെയിം കളിച്ചു ശബ്ദമുണ്ടാകുന്നു. അവരെ നിയന്ത്രിക്കാൻ ആരോ ഇരിക്കുന്നു അവിടെ.
അപ്പുവും കേശവനും ഇറങ്ങി കയ്യാലയിലെ പടിയിൽ ചെന്നിരുന്നു. ഹാജിയാരെ പള്ളിയിലേക്ക് കൊണ്ടോവാൻ ആയി ആരൊക്കെയോ ഉള്ളിൽ കടന്നു. അപ്പുവും കേശവനും എഴുന്നേറ്റു. പള്ളിയിലെ ഉസ്താദുമാരും ബന്ധക്കാരും പുറത്തേക്കു വരുന്നു. പുറകെ ഹാജിയാരുടെ മകനും വേറെ ആളുകളും തോളിൽ മയ്യത്തുകട്ടിലിൽ ഹാജിയാരെ കിടത്തി പുറകെവരുന്നു.
ഗേറ്റ് കടന്നുപോയ അവരെ അപ്പു നോക്കി നിന്ന്. പുറകിൽ നിന്ന്
"മോനെ അപ്പു" എന്നുള്ള വിളികേട്ടു അപ്പു തിരിഞ്ഞു നോക്കി. ഹാജിയാരുടെ വീട്ടുജോലിക്കാരൻ രാഘവേട്ടൻ. അപ്പുവിന്റെ കയ്യിൽ ഒരു അമ്പതുരൂപയുടെ നോട്ട് വെച്ചുകൊടുത്തു പറഞ്ഞു
"ഇത് ഹാജിയാർ അപ്പുവിന് തരാൻ പറഞ്ഞതാ പോകുന്നതിനുമുമ്പ്"
രാഘവേട്ടൻ കരയുന്നു.
അപ്പു ആ നോട്ട് വാങ്ങി പുറത്തോട്ട് നോക്കി. മതിലിന്റെ മുകളിലൂടെ ആ മയ്യത്തുംകട്ടിൽ മാത്രം അപ്പുവിന് കാണാം. അപ്പു ആ നോട്ട് മണത്തുനോക്കി. ഹാജിയാരുടെ അത്തറിന്റെ മണം. ആ നോട്ട് മുഖത്ത് വെച്ച് അപ്പു പടിയിൽ ഇരുന്നു.
രചന
വിപിൻ‌ദാസ് അയിരൂർ.

സ്ത്രീധനം


സ്ത്രീധനം
------------------
"മാളു... നേരം ഒരുപാടായി.. എഴുന്നേൽക്ക്.. അച്ഛൻ ഉമ്മറത്തിരുന്ന് പിറുപിറുക്കാൻ തുടങ്ങീട്ടുണ്ട്"
രാഹുൽ കട്ടിലിൽ ഇരുന്ന് മാളുവിനെ തട്ടി വിളിച്ചു. വിവാഹം കഴിഞ് ഇതാദ്യമായാണ് മാളു ഇത്രയും നേരം വൈകി എഴുന്നേൽക്കുന്നത്. കണിശക്കാരനായ അച്ഛൻ വേണു മരുമകൾ എഴുന്നേൽക്കാൻ നേരം വൈകിയതിന് ഭാര്യ സുലോചനയോട് പിറുപിറുക്കാൻ തുടങ്ങി. അച്ഛനെ ഭയന്ന് ജീവിക്കുന്ന മകൻ രാഹുൽ മാളുവിനെ എഴുന്നേൽപ്പിക്കാതെ റൂമിൽനിന്നും വരാനും പറ്റാതെ നിന്നു.
പതിവ് ദിനങ്ങളിൽ മാളു ഉമ്മറത്ത് കത്തിച്ചുവെക്കുന്ന നിലവിളക്കിന്റെ വെളിച്ചത്തിലാണ് ആ വീട് ഉണരാറുള്ളത്. ഇന്നിപ്പോ മാളുവിന്റെ സാന്നിദ്ധ്യം ഉമ്മറത്ത് എത്തിയിട്ടില്ല. ചാരു കസേരയിൽ പത്രവും പിടിച്ചു മുഖം കനപ്പിച്ച് അച്ഛന്റെ ഇരുപ്പ് കണ്ടാലറിയാം ആ മനസ്സിൽ എന്താണെന്ന്.
"അതേ.. എനിക്കിനി ഒട്ടും വയ്യാട്ടാ ഇവിടിങ്ങനെ പണിയെടുക്കാൻ.. കാലിലെ നീര് കൂടിക്കൂടി വരികയാ. എനിക്കൊരുകൂട്ടിന് മോനെകൊണ്ട് കെട്ടിക്കണം. വേഗം രാഹുലിന് പെണ്ണുനോക്കണം"
എന്ന് ഭാര്യ സുലോചന പറഞ്ഞതുകേട്ടപ്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇതുപോലൊരു ഇരുപ്പ് ഇരുന്നതാ. അതന്ന് ഭാര്യയോടുള്ള ദേഷ്യമാണോ അതോ ഒരു ജോലി കണ്ടെത്താതെ നിൽക്കുന്ന തന്റെ മകനെ സ്വന്തം പോക്കറ്റിൽ നിന്നും പൈസ ചിലവാക്കി കെട്ടിക്കേണ്ട അവസ്ഥ ഓർത്തുള്ള വെപ്രാളമോ.. അറിയില്ല..
ഭാര്യയുടെ വാക്കിനെ മാനിച്ച് വേണുവും അനിയനും നാനാ ദിക്കിലേക്കും പെണ്ണ് തിരഞ്ഞു നടപ്പിലായി. ബ്രോക്കറിന് പൈസ കൊടുത്തു കൊടുത്തു അവസാനം ബ്രോക്കർ സ്വന്തമായൊരു ബൈക്ക് വാങ്ങി എന്ന് അറിഞ്ഞപ്പോൾ വേണു പിന്നെ ബ്രോക്കറോടൊത്തുള്ള യാത്ര മതിയാക്കി സ്വയം പെണ്ണ് തിരഞ്ഞു നടന്നുതുടങ്ങി.
ആ അമ്മയുടെ പുണ്ണ്യമെന്നോണം ഒരു പെണ്ണിന്റെ ജാതകം ഒത്തു. പെൺകുട്ടി ഇരുനിറം, ചെറിയ വീട്.. എങ്കിലും തൊലി വെളുത്ത രാഹുലിന്റെ മനസ്സും വെളുത്തതുകൊണ്ട് അവളെ മതിയെന്ന് രാഹുൽ പറഞ്ഞു. സ്ത്രീധനം അധികമൊന്നും തരാനില്ലാന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞപ്പോൾ വേണു എടുത്തുചാടി പറഞ്ഞു..
"ഞങ്ങൾക്ക് ഈ കുട്ടിയെ ഒന്ന് ഇറക്കി തന്നാൽ മാത്രം മതി. ഒരു പണ്ടവും പണവും വേണ്ടാ" എന്നും.
അതുകേട്ട് മനം നിറഞ്ഞ പെൺകുട്ടിയുടെ അച്ഛൻ സന്തോഷത്തോടെ സമ്മതിച്ചു. അധികം വൈകാതെ രാഹുലും മാളുവും തമ്മിലുള്ള വിവാഹം നടന്നു. വിവാഹം കഴിഞ്ഞു വൈകാതെ രാഹുലിന് വിദേശത്ത് ഒരു ജോലി കിട്ടി അങ്ങോട്ട് പോയി. മാളു തന്റെ പഠനം നിർത്തി രാഹുലിന്റെ വീട്ടിൽ നല്ലൊരു മരുമകളായി ജീവിച്ചു
നേരത്തെ എഴുന്നേൽക്കുന്ന മാളു വീട്ടിലെ സകല ജോലികളും നേരത്തെ ചെയ്തതീർക്കും. ബാക്കിയുള്ള സമയത്തും മാളു വീട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ സുലോചനക്ക് മാളുവിനെ ഒത്തിരി ഇഷ്ട്ടമായി. എന്തും കണ്ടറിഞ്ഞു ചെയ്യുന്നവൾ. അവരുടെ വീടിന് ഇപ്പൊ എന്തെന്നില്ലാത്ത വെളിച്ചവും ഐശ്വര്യവും കൈവന്നു. സുലോചനക്ക്‌ വയ്യാതെ വീട് വൃത്തിയാക്കലും മറ്റും ഇല്ലായിരുന്നു. മാളു വന്നു കയറിയതിൽ പിന്നെ അതെല്ലാം അവൾ തന്നെ ചെയ്തു. ഒരുനേരം പോലും വെറുതെ ഇരിക്കാറില്ല.
അച്ഛൻ വേണു പ്രഷറിന് ഗുളിക കഴിക്കാറുണ്ട്. കഴിക്കേണ്ട സമയം ആയാൽ വേണു പറയാതെതന്നെ മാളു ഒരു ഗ്ലാസ് വെള്ളവും ഗുളികയും വേണുവിന്റെ അടുത്ത് എത്തിച്ചിരിക്കും. മുട്ടിന് താഴേക്ക് ഇടക്ക് നീരുവന്ന് വീർക്കാറുള്ള സുലോചനയുടെ കാലുകൾ മാളുവാണ് ഇപ്പോൾ കുഴമ്പും തൈലവും ഇട്ടു ഉഴിയാറുള്ളത്. അപ്പോഴൊക്കെ മാളുവിന്റെ തലയിൽ തലോടി സുലോചന പറയാറുണ്ട്..
"നീയെനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം മോൾ തന്ന്യാ".
ദിവസങ്ങൾ കഴിഞ്ഞു.
വേണുവിന്റെ അനിയൻ ദിവാകരന്റെ മകന് വിവാഹം ആയി. വലിയ ഒരു വീട്ടിൽ നിന്ന് 75 പവനും ഒരു കാറും ആ പയ്യന് ആ പെണ്ണിന്റെ വീട്ടുകാർ കൊടുത്തു. പെൺകുട്ടിയാണേൽ നല്ല ചൊകചൊകാന്ന് ഇരിക്കുന്നു. കല്യാണപ്പന്തലിൽ വേണുവിന്റെ നോട്ടം പെൺകുട്ടിയിൽ മാത്രമായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വേണു സുലോചനയോടായ് പറഞ്ഞു.
"എന്റെ മോൻ ഇവനെക്കാൾ എത്രയോ ഭംഗിയുണ്ട്. എന്നിട്ട് കിട്ടിയത് ഒരു കരികൊള്ളിയെ. ത്ഫൂ.!!
വേണുവിന്റെ മനസ്സിലെ സ്വാർത്ഥ ചിന്തകൻ പുറത്തുവന്നു. അന്നുമുതൽ വേണു മാളുവിനോട് അകൽച്ച കാണിച്ചു. മാളു കൊണ്ടുവന്ന ഗുളിക കഴിക്കാറില്ല. മാളുവിനെ കാണുമ്പോൾ പുച്ഛിക്കുന്ന മുഖവുമായി വേണു തല തിരിക്കും. ഇതെന്താ മറിമായം എന്നറിയാതെ മാളു ആലോചിക്കും. പിന്നീട് വേണു റൂമിൽ വേണു സുലോചനയോട് തലയണമന്ത്രം ചൊല്ലിത്തുടങ്ങി.
"ഹും.. എന്റെ അനിയന്റെ മോൻ നമ്മുടെ മോന്റെ അത്ര ഭംഗിയുണ്ടോടി? നമ്മുടെ മോന്റെ അത്ര ശമ്പളം ഉണ്ടോടി? എന്നിട്ടും അവന് കിട്ടിയ പെണ്ണിനേയും വീട്ടുകാരെയും സ്ത്രീധനവും ഒന്ന് നോക്ക്യേ.. ഇവിടൊന്നു കേറി വന്നിട്ടുണ്ടല്ലോ അടുക്കളയിലെ മല്ലുപോലെയുള്ളതൊന്ന്. അവരുടെ കയ്യിൽ ഒന്നുമില്ലത്രേ. ത്ഫൂ.. ഏത് നേരത്താ ദൈവമേ എനിക്ക് ഈ കുരുപ്പിനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്"
"ദേ മനുഷ്യാ ആ പെൺകുട്ടി അപ്പുറത്തുണ്ട്. കേൾക്കണ്ടാ."
"കേട്ടാൽ എനിക്കെന്താ ഉള്ളതുതന്നെയല്ലേ പറഞ്ഞത്. അർഹതപ്പെടാത്തത് ആഗ്രഹിക്കാൻ പാടില്ല. അവർക്ക് അന്ന് തോന്നണമായിരുന്നു നമ്മളെപ്പോലെ ഉള്ള വലിയ കുടുംബത്തേക്ക് ബന്ധം ചേരില്ലാന്ന്."
"അതിന് നിങ്ങൾ തന്നെയല്ലേ മനുഷ്യ അവളെ മാത്രം ഇറക്കിത്തന്നാൽ മതിയെന്നും പൊന്നും പണവും വേണ്ടാന്നോക്കെ പറഞ്ഞത്. എന്നിട്ടിപ്പോ അവരെയാണോ കുറ്റപ്പെടുത്തുന്നത്."
"ഞാൻ അങ്ങനെ പലതും പറയും. അതെന്ന് വെച്ച് അവർ സ്ത്രീധനം കുറക്കാൻ പാടുണ്ടോ."
"ആ എനിക്കൊന്നും പറയാനില്ല. നിങ്ങൾക്ക് വേണ്ടേൽ മോനെ നാട്ടിലോട്ട് വിളിച്ചുവരുത്തി എന്താന്നുവെച്ചാൽ തീരുമാനിച്ചോ. ഞാനൊന്നിനും ഇല്ല്യ"
"ആഹ് അത് തന്നെയാ ചെയ്യാൻ പോകുന്നത്. എന്റെ മോന് നല്ല ചാമ്പക്ക പോലെയുള്ള ഒരു പെണ്ണിനെ കണ്ടെത്തും ഞാൻ. നോക്കിക്കോ നീ"
ഇതെല്ലാം കേട്ട് കണ്ണുനീർ വാർത്ത് കയ്യിൽ വെള്ളത്തിന്റെ ജഗ്ഗുമായി മാളു അവിടെനിന്നു.
കുറച്ചുനാളത്തെ ഇടവേള കഴിഞ്ഞു രാഹുൽ നാട്ടിൽ മടങ്ങിയെത്തി. പോകുമ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ വീട്ടിൽ ഉള്ളതെന്ന് രണ്ടുദിവസത്തിനുള്ളിൽ തന്നെ രാഹുലിന് മനസ്സിലായി. രാഹുൽ കാര്യം മാളുവിനോട് ചോദിച്ചെങ്കിലും മാളു ഒന്നും പറഞ്ഞില്ല. അച്ഛനോട് ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് രാഹുൽ അച്ഛന്റെ അടുത്തും ചോദിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞു അച്ഛൻ തന്നെ രാഹുലിന്റെ അടുത്തുവന്നു പറഞ്ഞു.
"മോനെ നമ്മൾ പേരുകേട്ട തറവാട്ടുകാരാണ്. അച്ഛന് ഈ നാട്ടിലെ വില മോന് അറിയുന്നതല്ലേ. അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കണം. ഞാനായിട്ട് നിനക്ക് കണ്ടെത്തിതന്ന നിന്റെ ഭാര്യയെ നീ ഒഴിവാക്കി വേറെ നല്ല കുടുംബത്തിൽനിന്നും കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടിയെ നീ വിവാഹം കഴിക്കണം. അല്ലെങ്കിൽ അച്ഛന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ പറ്റാതാകും. നമ്മുടെ നിലക്കും വിലക്കും ചേർന്ന ബന്ധമല്ല ഇത്. അതുകൊണ്ട് നമുക്കിത് അവസാനിപ്പിക്കാം."
ഇന്നുവരെ അച്ഛന്റെ വാക്കുകൾക്ക് എതിർത്തൊരു മറുപടി പറയാത്ത രാഹുൽ സ്വന്തം ജീവിതത്തിന്റെ കാര്യത്തിലും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത മനുഷ്യനായിമാറി. ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കാൻ മുതിർന്ന രാഹുൽ കണ്ടത് മുഖം പൊത്തിപിടിച്ചു അകത്തേക്ക് ഓടിയ മാളുവിനെയാണ്. രാഹുൽ മാളുവിന്റെ അടുത്തേക്ക് ചെന്നു.
"മോളെ മാളു.. ഞാൻ"
"വേണ്ട ഏട്ടാ.. ഒന്നും പറയേണ്ട.. അച്ഛൻ പറഞ്ഞതാ ശരി. അച്ഛന്റെ പേരിനും പ്രൗഢിക്കും ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുമായുള്ള ബന്ധം ചേരില്ല. നമ്മൾ അധികമൊന്നും ജീവിച്ചില്ലല്ലോ. അച്ഛൻ പറഞ്ഞപോലെ ചെയ്യാം. അല്ലെങ്കിൽ അച്ഛന്റെ ഉള്ളിൽ ഞാൻ ഇത്രയും വലിയൊരു കരടായി ഇവിടെ കഴിയേണ്ടിവരും. അതുവേണ്ടാ. നമുക്ക് പിരിയാം. എന്തായാലും ഏട്ടൻ എന്നെ ഉപേക്ഷിച്ചാലും ഈ മാളു വേറെ ഒരാളെ വിവാഹം കഴിച്ചു ജീവിക്കാനൊന്നും പോണില്ല. ഏട്ടന് വേണ്ടി അച്ഛൻ നല്ലൊരു പെണ്ണിനെ കണ്ടെത്തി തരും. ആ കുട്ടിയെ വിവാഹം ചെയ്തു സന്തോഷത്തോടെ ജീവിക്കണം."
"നീയെന്തൊക്കെയാ മാളു പറയുന്നത്. അച്ഛൻ അങ്ങനെ ഓരോന്നും പറഞ്ഞെന്നുവെച്ചു നീ കാര്യമാക്കേണ്ട ആവശ്യമില്ല"
രാഹുലിന്റെ വാക്കുകൾ മുഴുവൻ കേൾക്കാതെ മാളു കണ്ണുകൾ തുടച്ചു റൂമിലേക്കോടി.
പിറ്റെന്നാൾ കയ്യിൽ രണ്ട് ബാഗുമായി റൂമിൽ നിന്നും വരുന്ന മാളുവിനെക്കണ്ട രാഹുൽ അവളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചു. അന്നേരം അച്ഛന്റെ മുഖം കണ്ട് രാഹുൽ ആ പിന്തിരിപ്പിക്കലിൽ നിന്നും പിൻവാങ്ങി. 'അമ്മ അടുക്കളയിൽനിന്നും മോളെ എന്ന് വിളിച്ചു അടുത്തുവന്നപ്പോൾ അമ്മയുടെ വലതു കൈ പിടിച്ചു അച്ഛൻ അതിനും തടസ്സം നിന്നു. അവസാനം നിറഞ്ഞൊഴുകിയ കണ്ണുകളുമായി മാളു ആ പടിയിറങ്ങി നടന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം വേണുവിന്റെ അനിയനും ഭാര്യയും കൂടി വീട്ടിൽ വന്നു. രാവിലെ പുറത്തോട്ടിറങ്ങാൻ തുടങ്ങിയ വേണു പതിവില്ലാതെ അനിയനെയും ഭാര്യയെയും കണ്ടപ്പോൾ അവിടെ നിന്നു.
"എന്തേ രണ്ടാളുംകൂടി രാവിലെതന്നെ"?
"ഒന്നും പറയണ്ടാ... ആകെയുള്ള സന്തതി ഒരു മൂധേവിയെ കെട്ടികൊണ്ടുവന്നതിനു ശേഷം ആ വീടിന്റെ ഐശ്വര്യവും സമാധാനവും എല്ലാം പോയി."
"എന്താടാ ഒന്ന് തെളിച്ചുപറ"
അനിയന്റെ ഭാര്യ തുടർന്നു.
"ഏട്ടാ.. രണ്ടുനില വീടല്ലേ വലിയ പഠിപ്പും പത്രാസ്സുമുള്ള പെണ്ണല്ലേ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പെണ്ണല്ലേ എന്നൊക്കെ പറഞ്ഞു അന്ന് നമ്മളെല്ലാവരും അവനെക്കൊണ്ട് കെട്ടിച്ചു. പക്ഷെ അന്നുമുതൽ ഈ നിമിഷംവരെ അവളെ എനിക്കൊരു മരുമകളായി കാണാൻ പറ്റിയിട്ടില്ല അവൾക്ക് എന്നെ ഒരു അമ്മായിഅമ്മ ആയി കാണാനും പറ്റിയിട്ടില്ല."
"വീട്ടിൽ ഒരു ജോലി പോലും ചെയ്യില്ല. അതുപോട്ടെ, രാവിലെ എഴുന്നേൽക്കുന്നത് 10 മണിക്ക്. എന്നിട്ട് ആ വെള്ളാമ്പിച്ചു നിൽക്കുന്ന മുഖത്തു എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ ഇരിക്കും. പിന്നെയാണ് കുളിയും തേവാരവും. അതുമാത്രമല്ല, അവൾക്ക് മാത്രമായി ഒരു കറി ഉണ്ടാക്കണം. ഉണ്ടാക്കിയില്ലേൽ അവൾ അവനെയും കൂട്ടി കാറിൽ ഹോട്ടലിൽ പോയി കഴിക്കും. ഏത് സമയവും ടീവിയുടെ മുന്നിൽ അല്ലേൽ കമ്പ്യൂട്ടറും മടിയിൽ വെച്ച് ഇരിക്കും.
വേണുവും ഭാര്യയും മുഖാമുഖം നോക്കി. അപ്പോൾ ഭാര്യ വേണുവിന്റെ മുഖത്തുനിന്ന് ദേഷ്യത്തോടെ തലവെട്ടിച്ചു. അനിയന്റെ ഭാര്യ തുടർന്നു.
"ന്റെ ചേച്ച്യേ.. അവൾക്ക് ആർത്തവം ഉണ്ടായാൽ പോലും വീട്ടിലെ ഉമ്മറത്തെ പൂജാമുറിയുടെ മുന്നിലൂടെയൊക്കെയാ നടത്തം. അതൊക്കെ സാമാന്യം ബുദ്ധിയുള്ള പെൺകുട്ടികൾ ചെയ്യുമോ? എന്നിട്ട് ഞാൻ എന്തേലും പറയാൻ പോയാൽ എന്നോട് തട്ടിക്കേറും. മിനിഞ്ഞാന്ന് ഞാനൊന്ന് കിണറിന്റെ അവിടെ വഴുക്കി വീണു. കാലിൽ നീരും വന്നു. നടക്കാൻ പറ്റാതെ അന്ന് കിടന്നു. അന്ന് ഈ മനുഷ്യനാ അടുക്കള പണി ചെയ്തത്. അവൾക്ക് വെട്ടിവിഴുങ്ങാൻ വെച്ചുണ്ടാക്കിയത്. ഒരു തൈലത്തിന്റെ കുപ്പി എടുക്കാൻ പറഞ്ഞപ്പോൾ അവൾ പറയാ അതിന്റെ മണം കേട്ടിട്ട് ചർദ്ധിക്കാൻ വരുന്നെന്ന്.
ഞങ്ങൾക്കും ഇല്ലേ ഒരു കൊച്ചിനെ താലോലിക്കാനൊക്കെ മോഹം. അതിനുപോലും അവൾ മുടക്കം പറഞ്ഞു. എന്തോ പഠിക്കാൻ പോണമത്രേ. അപ്പോൾ വയറു വീർത്താൽ മോശമാണെന്ന്. അവസാനം എന്റെയും ഏട്ടന്റെയും അടുത്ത് അവൾക്കിനി നിൽക്കാൻ പറ്റില്ലെന്ന്. അവനെയും കൂട്ടി ഒരു ഫ്ലാറ്റ് എടുക്കാൻ പോവുകയാണത്രെ.
"എന്തൊക്കെയാ ഈ കേള്ക്കുന്നെ ദൈവമേ. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ"
സുലോചന മുഖത്ത് കൈവെച്ചു പറഞ്ഞു.
"ഇതൊക്കെയല്ലേ ചേച്ചി അവിടത്തെ കാര്യം. പോകുവാണേൽ പോട്ടെ. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും അവളും അവനും. അത് ഞങ്ങൾ സഹിച്ചോളാം.
അല്ല മാളു എന്ത്യേ. കണ്ടില്ലല്ലോ. അല്ലേൽ ചായയുമായി വരേണ്ട സമയം കഴിഞ്ഞല്ലോ"
അനിയന്റെ ഭാര്യയുടെ ചോദ്യം കേട്ട് വേണു സുലോചനയെ നോക്കി. എന്താ പറയാ എന്നുള്ള ചിന്തയിൽ.
"അവൾ രണ്ടൂസം അവളുടെ വീട്ടിൽ നിൽക്കാൻ പോയി."
സുലോചനയുടെ മറുപടി കാക്കാതെ വേണു പറഞ്ഞു.
"ഏട്ടാ നിങ്ങളുടെ ഭാഗ്യമാണ് മാളു. ഇന്നത്തെ കാലത്തു അങ്ങനെയുള്ള ഒരു കുട്ടിയെ എവിടെയും കിട്ടില്ല. പഠിത്തവും നിർത്തി ഭർത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ തീരുമാനമെടുക്കുന്ന ആ മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ പുണ്യം"
വേണുവിന്റെ അനിയൻ പറഞ്ഞതുകേട്ട് വാക്കുകൾ ഇല്ലാതെ വേണു ഇരുന്നു.
കുറച്ചു നാളുകൾ കഴിഞ്ഞു. സുലോചനയുടെ കാലിൽ നീര് കൂടിവന്നു. മുറ്റം അടിച്ചുവാരാതെ പുല്ലുകൾ മുളച്ചുതുടങ്ങി. അരിമണികൾ കാത്ത് മുറ്റത്ത് വീട്ടിലെ കോഴികളും താറാവുകളും കാത്തുനിൽക്കാൻ തുടങ്ങി. നിലവിളക്കിലെ കരി ദിവസങ്ങളോളം അങ്ങനെ ഇരുന്നു. ഉമ്മറത്തെ മുലകളിലും മറ്റും മാറാലകൾ വന്നു തുടങ്ങി. വേണുവിന്റെ പ്രഷറിന്റെ ഗുളിക കഴിക്കേണ്ട സമയം തെറ്റി തുടങ്ങി. എല്ലാംകൊണ്ടും ആ വീട് ഉറങ്ങി. അനക്കമില്ല വെളിച്ചമില്ല ശബ്ദമില്ല. ഓരോരുതരും ഒരു മൂലയിൽ ഇരുന്നു.
"അച്ചാ.. എനിക്ക് ടിക്കറ്റ് കിട്ടി. മറ്റന്നാൾ പോണം. അതിനുമുൻപ് അച്ഛന്റെ തീരുമാനം എന്താണെന്നുവെച്ചാൽ എടുക്കണം. കാരണം ഒപ്പിടാൻ ഞാൻ വേണമല്ലോ. പിന്നൊരു കാര്യം, എന്നെ വേറെ പെണ്ണ് കെട്ടിക്കാം എന്നുള്ള ആഗ്രഹം നടക്കില്ല. ഇന്നുവരെ അച്ഛനെ ഞാൻ ധിക്കരിച്ചിട്ടില്ല. പക്ഷെ അച്ഛനും അമ്മയും കണ്ടെത്തിത്തന്ന പെണ്ണിനെത്തന്നെയാണ് ഞാൻ വിവാഹം ചെയ്തതും. എനിക്കില്ലാത്ത പോരായ്മ അച്ഛൻ അവളിൽ കണ്ടെത്തി കുറ്റം ചുമത്തി പറഞ്ഞയച്ചു. ഞാൻ പിന്നെ അവളെ കാണാനും മിണ്ടാനും പോയിട്ടില്ല. രാഹുലിന്റെ ഭാര്യ അത് മാളു തന്നെയാണ്. എന്റെ മരണം വരെ."
വേണു ഒന്നും മിണ്ടാതെ ചാരുകസേരയിൽ ചാഞ്ഞിരുന്നു. സുലോചന അകത്തിരുന്നു പുഞ്ചിരിച്ചു.
രാഹുലിന് പോവേണ്ട ദിവസമെത്തി.
"അമ്മേ.. അച്ഛനെന്ത്യേ.. ഇറങ്ങേണ്ട സമയമായി."
"അപ്പൊ നീ പോവാണ് അല്ലേടാ. ആ പാവം പെണ്ണിന്റെ ശാപം വാങ്ങിവെച്ച് പോവുകയാണല്ലേ?"
"അതിനി ഇവിടെ സംസാരിക്കേണ്ട അമ്മേ, ഞാൻ പോട്ടെ.. "
രാഹുൽ പെട്ടിയുമായി ഉമ്മറത്തോട്ട് നടന്നു. അപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു. ഡോർ തുറന്നു വേണു ഇറങ്ങിവന്നു.
"നീ ഇറങ്ങുവാനായോ.?"
"മ്മ്.. സമയമായി. അച്ഛനെ കാക്കുവായിരുന്നു. ഇനി യാത്ര പറയുന്നില്ല. പോയിവരാം"
"മ്മ്.. പോയിവാ.."
അച്ഛൻ സമ്മതം മൂളി ചവിട്ടുപടി കയറി. കൂടെ രാഹുൽ മുറ്റത്തോട്ടിറങ്ങി.
"പിന്നേ.. പോയിട്ട് ഒരു എട്ട് മാസം കഴിഞ്ഞിങ്ങു പോരെ. നിന്റെ കുട്ടിയെ കാണാൻ"
വേണു തിരിഞ്ഞുനിന്നു രാഹുലിനോടായ് പറഞ്ഞു. പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ രാഹുലും സുലോചനയും വേണുവിനെ നോക്കി.
"അതേടാ... ദാ ഇരിക്കുന്നു കാറിൽ നിന്റെ മാളു. പോയി ചോദിക്ക് എന്താ കാര്യമെന്ന്."
രാഹുൽ കാറിലേക്ക് നോക്കി. പുഞ്ചിരിച്ചു മുഖവുമായി മാളു കാറിൽ നിന്നിറങ്ങി. നീര് കൂടിയ കാലുമായി സുലോചന അതിവേഗം മാളുവിന്റെ അടുത്തുവന്നു.
"മോളെ മാളു"
സുലോചന അവളുടെ നെറുകയിൽ ഉമ്മ വെച്ചു.
"അമ്മേ.. 'അമ്മ ഒരു അച്ചമ്മ ആവാൻ പോകുന്നു..
രാഹുലേട്ടാ.,"
മാളുവിന്റെ ആ വിളിയിൽ രാഹുലിന് മനസ്സിലായി താനൊരു അച്ഛൻ ആവാൻ പോകുന്നുവെന്ന്. മാളുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു.
"രണ്ടാളും അകത്തോട്ട് പോയി സ്നേഹപ്രകടനം നടത്തിക്കോ. ഇവിടെ ആളുകൾ കാണും."
വേണു ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാരും അകത്തോട്ട് കയറിപ്പോയി. നടക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.
"മോളെ മാളു.. അച്ഛനോട് ക്ഷമിക്കണം. നിന്നെ വാക്കുകൾ കൊണ്ട് ഒരുപാട് നോവിച്ചിട്ടുണ്ട് ഞാൻ. അതിനു തിരിച്ചൊരു വാക്കുപോലും പറയാതെ നീ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഞാൻ തന്നെ നിന്നെ കൂട്ടികൊണ്ടുവന്നത്. നീ പോയതിൽ പിന്നെ ഈ വീടുറങ്ങി ഞങ്ങൾ തനിച്ചായി. നീയായിരുന്നു ഈ വീടിന്റെ വെളിച്ചം. ഇനി അച്ഛന്റെ ഭാഗത്തുനിന്ന് എന്റെ മോളെ വേദനിപ്പിക്കുന്ന ഒരുവാക്കുപോലും വരില്ല"
"എന്താ അച്ഛാ ഇതൊക്കെ.. അങ്ങനൊന്നും പറയണ്ടാ. ശാസിക്കേണ്ടിടത്ത് ശാസിക്കണം. എങ്കിലേ ഞാൻ നല്ല കുട്ടിയാകൂ"
മാളുവിന്റെ മറുപടി കേട്ട് എല്ലാരും ചിരിച്ചു. പിന്നീട് ആ വീട് സന്തോഷത്തിന്റെ നാളുകൾ മാത്രമായി.
NB: സ്ത്രീധനത്തിന്റെ പേരിൽ പല പെൺകുട്ടികളും ഇന്നും ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നവരുണ്ട്. സ്ത്രീധനം എന്നത് ഒരു പെൺക്കുട്ടിയുടെ നല്ല മനസ്സ് മാത്രമാണ്. അതിനേക്കാൾ വലിയ സ്ത്രീധനം ഇല്ല എന്ന് ചിന്തിക്കുക. ഇനി സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയും വിഷമിക്കാതിരിക്കട്ടെ.
രചന
വിപിൻ‌ദാസ് അയിരൂർ

കാത്തിരിപ്പ്


കാത്തിരിപ്പ്
*************
"അമ്മേ.. അടുത്ത മാസം ആദ്യവാരം ഞാൻ നാട്ടിൽ വരും. ഇന്നാണ് എന്റെ അറബിയുടെ സമ്മതം കിട്ടിയത്. അപ്പോൾ തന്നെ അമ്മക്ക് വിളിച്ചു. എല്ലാരോടും പറയണം"
"ആണോ, അമ്മക്ക് സന്തോഷമായി മോനെ..നീ പോയിട്ട് നാല് വർഷമാവാറായില്ലേ.. നിന്റെ കൂടെ പോയവരൊക്കെ വർഷാവർഷം നാട്ടിൽ വന്നു പോകുമ്പോൾ ഞാൻ കറയാറുണ്ട്. ഇപ്പോഴെങ്കിലും നിനക്കിത് തോന്നിയല്ലോ"
"അത് പിന്നെ അവരെപോലാണോ നമ്മൾ. ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്നല്ലേ അമ്മെ ഞാൻ ഇങ്ങോട്ട് വന്നത്. അവർക്കാണേൽ നല്ല വാർപ്പ് വീടുണ്ട്. അപ്പോൾ എപ്പോൾ വേണമെങ്കിലും വരാം പോകാം. എനിക്കൊരു വാശി ഉണ്ടായിരുന്നു ഞാനിനി നാട്ടിൽ വരുമ്പോൾ വന്നു കയറുന്നത് ഒരു വാർപ്പ് വീട്ടിലേക്കാവണമെന്ന്. അതിപ്പോൾ സാധ്യമായില്ലേ. എന്റെ 'അമ്മ വീടിന്റെ ഉമ്മറത്തുണ്ടാവണം ഞാൻ അവിടെ എത്തുമ്പോൾ"
അമ്മയുടെ തേങ്ങൽ വിനുവിന്റെ കാതുകളിൽ കേൾക്കാം. 'അമ്മ വിങ്ങി പറഞ്ഞു.
"നിന്നെപോലുള്ള ഒരു മോനെ കിട്ടിയതാ മോനെ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം."
"അതൊക്കെ പോട്ടെ, എന്ത്യേ എന്റെ കാന്താരി അനിയത്തി അമ്മു. അവൾക്ക് ഫോൺ കൊടുക്ക്. എന്തൊക്കെ വേണം എന്ന് ചോദിക്കണം. അമ്മയ്ക്കും വേണ്ടതൊക്കെ പറഞ്ഞോ."
"അവൾ ഇവിടെയില്ല വിനു. കൂട്ടുകാരിയുടെ കല്യാണത്തിന് പോയതാ..
ആഹ്, കല്യാണം എന്ന് പറഞ്ഞപ്പോഴാ എനിക്കോർമ്മ വന്നത്. നീ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ മുതൽ വരാൻ തുടങ്ങിയതാ ആ ബ്രോക്കർ രാമൻ. കുറെ ഫോട്ടോസും കാണിച്ചു. ഇവിടെ അടുത്തുള്ള ഒരു കുട്ടി ഉണ്ട്. അമ്മക്കും അമ്മുവിനും ഒത്തിരി ഇഷ്ട്ടമായി. ജാതകവും ചേർച്ചയുണ്ട്. നമുക്കത് ഒന്ന് നോക്കിയാലോ മോനെ"
"ആഹ് അതൊക്കെ അവിടെ വന്നിട്ടുള്ള കാര്യമല്ലേ. അപ്പോൾ തീരുമാനിക്കാം.
ആഹ് അമ്മെ ഞാനെന്നാൽ പിന്നെ വിളിക്കാം. ജോലിക്കു പോവാനുള്ള സമയമായി. അമ്മു വന്നാൽ പറഞ്ഞേക്ക്"
വിനു ഫോൺ വെച്ചു.
കല്യാണത്തിന്റെ കാര്യം പറയുമ്പോൾ മാത്രം അവൻ ഫോൺ കട്ടാക്കുന്നതെന്താ..
ലക്ഷ്മിയമ്മ ചിന്തിച്ചു.
കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞു അമ്മു വന്നു.
"മോളെ ഏട്ടൻ വിളിച്ചിരുന്നു. അടുത്ത മാസം ആദ്യവാരം ഇങ്ങു വരുന്നുണ്ട് എന്റെ മോൻ. നാല് വർഷത്തിന് ശേഷം."
"അയ്യടാ.. മോൻ വരാന്ന് കേട്ടപ്പോൾ എന്താ സന്തോഷം. ഇപ്പോൾ നമ്മളെയൊന്നും ഇനി ആവശ്യമില്ലായിരിക്കും. ഇക്കണ്ട കാലംവരെ താഴെവെച്ച ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ വിചാരിച്ചു നോക്കി വളർത്തിയ എനിക്കൊരു വിലയുമില്ലാതായി"
അമ്മു തമാശയോടെ പറഞ്ഞു.
"പോടീ. നീയും അവനും എന്റെ രണ്ടു കണ്ണുകൾ പോലെയാ. ഇങ്ങനൊന്നും പറയണ്ട."
"അയ്യോടാ.. അപ്പോഴേക്കും എന്റെ ലക്ഷ്മിക്കുട്ടി സങ്കടിച്ചോ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ആട്ടെ എന്ത് പറഞ്ഞു ഏട്ടൻ.. കല്യാണകാര്യം പറഞ്ഞോ?"
"മ്മ്.. അത് പറഞ്ഞപ്പോൾ പതിവുപോലെ ഫോൺ കട്ടാക്കി"
"മ്മ്.. എനിക്ക് തോന്നി. ഞാൻ പറഞ്ഞാലും ഏട്ടൻ വിഷയം മാറ്റും. ഇനി ഏട്ടന് വല്ല കൊളുത്തും ഉണ്ടോ ആവോ"
"ആഹ്.. ഉണ്ടെങ്കിൽ അവനത് പറഞ്ഞൂടെ. ഞാൻ സമ്മതിക്കാതിരിക്കുമോ.. അവന്റെ അമ്മയല്ലേ ഞാൻ"
"ആഹ് ഈ മനസ്സ് എന്റെ കാര്യത്തിലും ഉണ്ടായാൽ മതി"
അതും പറഞ്ഞു അമ്മു തല്ലു കിട്ടാതിരിക്കാൻ വേഗം അകത്തേക്കോടി..
കുറച്ചുനാൾക്ക് ശേഷം മുറ്റത്തൊരു കാർ വന്നു നിന്നു.
ലക്ഷ്മിയമ്മയും അമ്മുവും പുറത്തിറങ്ങി വന്നു. കാറിൽ നിന്നത് വിനു ഇറങ്ങി വരുന്നു. അത് കണ്ട് ലക്ഷ്മിയമ്മ ഓടി വന്നു കെട്ടിപിടിച്ചു. അവിടെ സന്തോഷത്തിന്റെ പൂങ്കണ്ണീർ പൊഴിഞ്ഞു.
"ഹാ, കറുത്ത് കരികൊള്ളി പോലെയിരുന്ന ചെക്കനാ. ഇപ്പോൾ നോക്കിയേ അമ്മെ വെളുത്ത് കവിളൊക്കെ തുടുത്ത് സിനിമ നടനെപോലെയുണ്ട്"
അമ്മുവിൻറെ കളിയാക്കൽ കേട്ട് വിനു അവളുടെ ചെവിയിൽ നുള്ളി.
രണ്ടു ദിവസം കഴിഞ് വിനു വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ അമ്മയും അമ്മുവും ബ്രോക്കർ രാമൻ പറഞ്ഞ പെൺകുട്ടിയുടെ ഫോട്ടോയുമായി വന്നു.
"മോനെ ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി. എങ്ങനെയുണ്ടെന്ന് ഒന്ന് നോക്ക് നീ. നിനക്കിഷ്ടമായില്ലെങ്കിൽ വേണ്ടാന്ന് വെക്കാം മോനെ"
വിനു കസേരയിൽ നിന്നെഴുന്നേറ്റ് മാറി നിന്നു. അമ്മയും അമ്മുവും മുഖാമുഖം നോക്കി.
"മോനെ നീയെന്തെങ്കിലും പറ. നാല് വർഷം അന്യരാജ്യത്ത് പട്ടിയെപ്പോലെ നയിച്ച് വന്നവനല്ലേ നീ. നിന്റെ കല്യാണം കഴിഞ്ഞു കാണാൻ അമ്മക്ക് ആഗ്രഹമുണ്ട്. നിന്റെ അച്ഛന് എന്തായാലും പറ്റിയില്ല ഇത് കാണാൻ. ഇനി അമ്മയ്ക്കും എന്തെങ്കിലും പറ്റുന്നതിനുമുൻപ് കാണണം നിങ്ങളുടെ വിവാഹം"
"അമ്മേ.. ആവശ്യമില്ലാത്തതൊന്നും പറയല്ലേ."
"എങ്കിൽ പറയ്.. മോനെന്താ ഇത് നോക്കുകപോലും ചെയ്യാത്തത്. അതോ ഇനി മോന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ അത്പറ. നമുക്കത് നടത്താം"
അത് കേട്ടപ്പോൾ വിനു തിരിഞ്ഞുനിന്നു. അമ്മയ്ക്കും അമ്മുവിനും ആകാംക്ഷയായി.
"അമ്മേ.. അമ്മക്കോർമ്മയില്ലേ ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം."
"ഏതാ.. മീനാക്ഷി ആണോ,
നീ ജോലിക്കു പോയിരുന്ന സമയത്ത് അന്ന് പറഞ്ഞ പെണ്കുട്ടിയാണോ?"
"അതെ അമ്മേ.. അവളെമതി എനിക്ക്."
"നീയെന്താ മോനെ ഈ പറയുന്നേ. അന്ന് അവൾക്ക് 22 വയസ്സുണ്ടായിരുന്നു എന്നാണ് നീ പറഞ്ഞത്. ഇത്രേം വര്ഷം ആയിട്ടും ആ കുട്ടീടെ കല്യാണം കഴിഞ്ഞിട്ടുണ്ടാവില്ലെടാ"
"ഇല്ല അമ്മേ. അവൾ വേറെ ആരെയും കേട്ടില്ല. അതെനിക്കുറപ്പാണ്. ഞാൻ ഗൾഫിൽ പോയത് എന്നാണെന്നു അമ്മക്കോർമ്മയുണ്ടോ?"
"അത് ഞാനെങ്ങനെ മറക്കാനാ മോനെ.. ഫെബ്രുവരി 11 നു അല്ലേ."
"അതേ.. ഇന്നും ഫെബ്രുവരി 11 ആണ്. ഞാൻ അന്ന് ഗൾഫിൽ പോകുന്ന ദിവസം രാവിലെ അമ്പലത്തിൽ പോയില്ലേ. അതവളെ കാണാൻ ആയിരുന്നു. അന്ന് ദേവിയുടെ മുന്നിൽ വെച്ച് ഞങ്ങൾ വാക്ക് പറഞ്ഞതാണ് ഞങ്ങൾ ഒരുമിക്കും എന്ന്, ആ അവൾക്ക് വേറെ കല്യാണം കഴിക്കാൻ സാധിക്കില്ല അമ്മെ. എനിക്കവളെ മതി."
"മോനെ.. എന്തൊക്കെയാ നീ ഈ പറയുന്നേ.. അന്നത്തെ അവസ്ഥ ആണോ ഇന്ന്. ഇന്ന് നീയൊരു ഗൾഫുകാരൻ. നല്ലൊരു വീട്. സമ്പാദ്യം എല്ലാം ഉണ്ട്"
"അമ്മേ നിർത്ത്.. അത് മാത്രം പറയരുത്. അന്ന് അവൾ എന്നെ ഇഷ്ട്ടപ്പെടുമ്പോൾ നമ്മൾക്കെന്താ ഉണ്ടായിരുന്നത്. ആ ചിതൽ തിന്നു പൊളിഞ്ഞു വീഴാറായ വീടോ.. അതോ മറ്റുള്ളവരുടെ കൂടെ ദിവസക്കൂലിക്ക് പോയി കുടുംബം നോക്കിയിരുന്ന ഞാനോ.. അവൾ എന്നെയാണ് സ്നേഹിച്ചത്. എന്റെ കുറവുകളും പോരായ്മകളും നന്നായി മനസ്സിലാക്കിയാണ് സ്നേഹിച്ചത്. ആ സ്നേഹം പണത്തിന്റെ പുറത്തൊന്നും പോകുന്നതല്ല. എന്നും നില നിൽക്കും. അതെനിക്കുറപ്പുണ്ട്."
"മോനേ.. എങ്കിൽ നമുക്ക് അങ്ങോട്ട് പോയി നോക്കാം. ഇന്ന് തന്നെ പോകാം. സമയം കളയണ്ട"
വിനുവിന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു. അമ്മുവും അമ്മയും അകത്തോട്ട് ഡ്രസ്സ് മാറാൻ പോയി. വിനു അപ്പോഴേക്കും അവന്റെ കൂട്ടുകാരനെ വിളിച്ചു കാറുമായി വരാൻ പറഞ്ഞു.
അവർ ഇറങ്ങി. അധികം വൈകാതെ അവർ അവളുടെ വീട്ടിലെത്തി. വലിയൊരു ഓടിട്ട തറവാട്. മുറ്റത്ത് പശുക്കളും ആടുകളും നിൽക്കുന്നു. പൂമുഖത്ത് ആരെയും കാണാനില്ല. വിനു ചവിട്ടു പടികൾ കേറി..
"ഇവിടാരുമില്ലേ.. ഹലോ.."
"ആരാ.. ചേട്ടൻ പുറത്തു പോയല്ലോ.. ആരാ.. എവിടുന്നാ.."
"ഞാൻ വിനു.. കൃഷ്ണപുരത്തുനിന്നും വരുന്നു"
അത് കേട്ടപ്പോൾ പൂമുഖത്തെ വാതിലുകൾ രണ്ടു ഭാഗത്തോട്ടായ് തുറന്നു. സെറ്റ്സാരിയുടുത്ത ഒരു സ്ത്രീ പുറത്തിറങ്ങി വന്നു. എല്ലാവരെയും നോക്കി.
"നിങ്ങൾ .....?"
"അതെ അമ്മേ.. ഞാൻ തന്നെയാ ഇവിടത്തെ മീനാക്ഷിയുടെ വിനു. അവളെ പെണ്ണ് ചോദിക്കാൻ വന്നതാ ഞാൻ"
അത് കേട്ടപ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു..
"മോനേ.. ഇനി നിനക്കവളെ വേണ്ടാ.. നീ മറന്നേക്ക്"
ആ സ്ത്രീയുടെ കരച്ചിലിന്റെ ശക്തി കൂടി.
"എന്താ അമ്മേ.. എന്താ പറ്റിയത് എന്റെ മീനൂന്"
"നിന്നെ ഇഷ്ട്ടപ്പെട്ടതിനു നീ പോയ നാൾ മുതൽ എന്റെ മോൾ വേദന തിന്നാൻ തുടങ്ങിയതാ. പല വിവാഹ ആലോചനകളും അവളുടെ അച്ഛനും ചേട്ടനും കൊണ്ടുവന്നു. എല്ലാം അവൾ മുടക്കി. അതറിഞ്ഞാൽ അച്ഛനും ചേട്ടനും കൂടി ഒരു റൂമിൽ പൂട്ടിയിട്ട ചാട്ടവാർ കൊണ്ടും കൈ കൊണ്ടും അവളെതല്ലി അവശയാക്കും. അതൊരു പതിവായി. നേരാവണ്ണം ഭക്ഷണം കൊടുക്കാൻ അച്ഛൻ സമ്മതിക്കില്ല. ഇപ്പോൾ അവളെ കണ്ടാൽ മോൻ പോലും തിരിച്ചറിയില്ല. സ്വബോധം ഇല്ലാത്തപോലെയാ അവൾ. ഏത് സമയവും എന്തോ ആലോചിച്ചിരിക്കും. പറയുന്നതൊന്നും മനസ്സിലാവില്ല. എന്റെ മോളെ അവർ ഇങ്ങനെയാക്കി മോനേ"
അവർ സാരിത്തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു കരഞ്ഞു.
"എന്നിട്ടെവിടെ എന്റെ മീനു. എനിക്ക് കാണണം അവളെ. അതിനാണ് ഞാൻ ഇപ്പൊ വന്നത്. എവിടെ അവൾ"
"അകത്തെ റൂമിലുണ്ട് മോനെ"
വിനു കേട്ടപ്പാതി ഓടിച്ചെന്നു. അകത്തെ റൂമിൽ മുടികൾ അഴിച്ചിട്ട് ജനലിലൂടെ അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന മീനുവിനെയാണ് കണ്ടത്.
"മീനു... മീനു"
വിനു അകത്തേക്ക് നടക്കും തോറും അവളെ വിളിച്ചുകൊണ്ട് നടന്നു. അവൾ തിരിഞ്ഞുനോക്കി. ആ കണ്ണുകളിൽ വിനുവിന് തിളക്കം കാണാൻ പറ്റി. വിനു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. റൂമിനു പുറത്തോട്ട് വന്നൂ.
"അതേ.. ഞാൻ ഇവളെ കൊണ്ടുപോവുകയാണ്. ഇനി ഇവളെ ഞാൻ കൊല്ലാകൊല ചെയ്യാൻ തരുന്നില്ല ആർക്കും. എനിക്ക് വേണം ഇവളെ. ഞാൻ പൊന്നുപോലെ നോക്കും. ഈ കഴിഞ്ഞ നാലുവർഷം ഇവൾ എനിക്ക് വേണ്ടി അനുഭവിച്ചതിനു പകരം കൊടുക്കാൻ എന്റെ കയ്യിൽ ഈ ജീവിതം മാത്രമേയുള്ളൂ. അതുകൊണ്ട് എന്റെ സ്വന്തമാക്കാൻ ഞാൻ കൊണ്ടുപോകുന്നു. അന്വേഷിച്ചു വരേണ്ടവരോട് അങ്ങോട്ട് വരാൻ പറ. ഞാൻ ഉണ്ടാകും അവിടെ. ഞങ്ങൾ പോകുന്നു ഇപ്പോൾ..
അമ്മേ.. ദാ.. ഇനി ഇവളാണ് അമ്മയുടെ മരുമകൾ. അമ്മക്ക് കഴിയും ഇവളെ മാറ്റിയെടുക്കാൻ."
വിനു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു പുറത്തോട്ട് നടന്നു. അപ്പോൾ മീനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിന്റെ സന്തോഷത്തിന്റെ കണ്ണുനീർ..
രചന
വിപിൻ‌ദാസ് അയിരൂർ.

നോവിന്റെ സ്പർശനം

Vipin Das Ayiroor's Profile Photo, Image may contain: 1 person, beard and closeup
മുറ്റത്തെ കൂട്ടിലെ ലൗബേർഡ്സിന്റെ കലപില ശബ്ദവും അടുക്കളയിൽ അമ്മയുടെ പഴയ റേഡിയോയിലെ പാട്ടിന്റെ ശബ്ദവും കേട്ട് ലക്ഷ്മി അവളുടെ മുറിയിൽ പട്ടുമെത്തയിൽ സുഖിച്ചങ്ങനെ കിടക്കുകയാണ്. ഉമ്മറത്തിരുന്നു അച്ഛൻ ഇടയ്ക്കിടയ്ക്ക് അമ്മയോടായ് വിളിച്ചുപറയുന്നുണ്ട് ലക്ഷ്മിയെ എഴുന്നേൽപ്പിക്കാൻ. അതുക്കേട്ട് 'അമ്മ അടുക്കളയിൽ നിന്നും "ലക്ഷ്മ്മ്യേ" എന്ന് നീട്ടി വിളിക്കും. പിന്നെ ജോലിയിൽ ശ്രദ്ധിക്കും. ലക്ഷ്‌മി അപ്പോഴും കിടക്കുകയാകും.
പുത്തൂരം വീടെന്നു പറഞ്ഞാൽ അറിയാത്തവർ ചുരുക്കം. ഏക്കറോളം നെൽകൃഷി പാടവും തെങ്ങിൻതോപ്പുകളും ആ പാടത്തിന്റെ ഒരറ്റത്തായി തലയെടുപ്പോടെ നിൽക്കുന്ന ഒരു പഴയ തറവാട്. ഇപ്പോൾ ആ തറവാട്ടിൽ ഉള്ളത് ലക്ഷ്മിയും അമ്മയും അച്ഛനും അനിയനും അച്ഛമ്മയും മാത്രം. പഴമയെ ഇഷ്ട്ടപ്പെടുന്ന ലക്ഷ്മിയുടെ ഒരേ ഒരു നിർബന്ധം കൊണ്ടാണ് ആ പഴയ തറവാട് ഇപ്പോഴും നിലനിന്നുപോകുന്നത്. പലവട്ടം ലക്ഷ്മിയുടെ അച്ഛൻ ആ തറവാട് പൊളിച്ചുമാറ്റാൻ മുൻകൈ എടുത്തെങ്കിലും ലക്ഷ്മി അതിനെല്ലാം തടയിട്ടു.
"നിന്നോടല്ലെടി ഇത്രനേരം വിളിച്ചു കൂവിയത് എഴുന്നേൽക്കാൻ.. നിന്നെ ഇന്ന് ആരോ കാണാൻ വരുന്നുണ്ടെന്നു അച്ഛൻ പറഞ്ഞു. 10 മണിയാകുമ്പോൾ ഇങ്ങെത്തും.. വേഗം എഴുന്നേൽക്ക്.."
അടുക്കളയിൽനിന്നും കൂവി വിളിച്ചു മതിയായ 'അമ്മ ലക്ഷ്മിയുടെ റൂമിലേക്ക് നേരിട്ട് വന്നു പറഞ്ഞു. ഇത്കേട്ട ലക്ഷ്മിയുടെ രണ്ടു കണ്ണുകളും വിടർന്നു.
"ഞാൻ നിങ്ങളോടു രണ്ടുപേരോടും പറഞ്ഞതല്ലേ എന്റെ പഠിത്തം കഴിഞ്ഞിട്ട് മതി കല്ല്യാണമെന്ന്. പിന്നെന്തിനാ ഇപ്പൊ ഒരാളെ എഴുന്നള്ളിക്കുന്നേ. എനിക്കൊന്നും വയ്യ. എനിക്കുപകരം 'അമ്മ പോയി നിന്നോളൂ."
"അതിനു നിന്റെ അച്ഛൻ സമ്മതിക്കുകയാണേൽ ഞാൻ പോയി നിന്നോളാം. നീയിപ്പോൾ ഞാൻ പറയുന്നേ കേൾക്കണം. അവർ നിന്നെ ഒന്ന് കണ്ടുപോയെന്നുവെച്ചു നിന്റെ പഠിത്തമൊന്നും അവസാനിക്കുന്നില്ല. അതൊക്കെ കഴിഞ്ഞിട്ടേ കല്യാണം ഉണ്ടാകൂ. മോൾ പോയി കുളിച്ചുവാ"
അതുംപറഞ്ഞു 'അമ്മ അടുക്കളയിലേക്കു പോയി. ലക്ഷ്‌മി എഴുന്നേറ്റ് ഹാളിൽ എത്തിയപ്പോൾ ഉമ്മറത്തിരുന്നു അച്ഛൻ ആരോടോ പറയുന്നു ഈ കാര്യം ശരിയായാൽ പെട്ടെന്ന് കല്യാണം വേണം. ലക്ഷ്മിയുടെ ജാതകപ്രകാരം ഇതാണ് നല്ല സമയം എന്നും.
ഇതുകേട്ട ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടി. വേഗം ഓടി ബാത്റൂമിൽ കേറി ചിന്തിച്ചു. അവർ വരുമ്പോഴേക്കും ഇവിടെ നിന്നും മുങ്ങണം. ഇല്ലെങ്കിൽ എന്റെ പഠിത്തം വെള്ളത്തിലാകും. സമ്മതിക്കില്ല ഞാൻ.
ചിന്തകളേക്കാൾ വേഗത്തിൽ ലക്ഷ്മിയുടെ പ്രവർത്തിയും നടന്നു.
ലക്ഷ്മി അണിഞ്ഞൊരുങ്ങി ഉമ്മറത്തെ വാതിൽപ്പടി കടക്കുവാൻ നേരം ഒരു കാർ മുറ്റത്തു വന്നു നിന്നു. അച്ഛൻ വീടിന്റെ സൈഡിൽ നിന്നും ഓടി ഉമ്മറത്തെത്തി. ലക്ഷ്മി പൂമുഖത്തേക്കു വെച്ച കാൽ പതിയെ അകത്തോട്ടു വലിച്ചു. കാറിൽ നിന്നും രണ്ടു വയസ്സന്മാരും ഒരു ചെറുപ്പക്കാരനും ഇറങ്ങി. ലക്ഷ്മി ചെറുപ്പക്കാരനെ ഒന്നുനോക്കി. വെള്ളമുണ്ടും ചുവപ്പു ഷർട്ടുമിട്ട ഒരു സാധാരണ യുവാവ്. അച്ഛനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പടികൾ ചവിട്ടി കയറിവന്നു.
ലക്ഷ്മി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് പോയി.
"ആഹാ ഇത്രേം പെട്ടെന്ന് എന്റെ മോൾ കുളിയും തേവാരവും കഴിഞ്ഞോ"
'അമ്മ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഹും അതാ വന്നിരിക്കുന്നു നിങ്ങടെ ഭാവി മരുമകൻ."
ലക്ഷ്മി ഒരു പുച്ഛത്തോടെ പറഞ്ഞതാണെങ്കിലും അതുകേട്ടപ്പോൾ 'അമ്മ അതിശയത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
"അല്ലാ.. എന്താ ഇപ്പോൾ എന്റെ മോൾ പറഞ്ഞത്. ഭാവി മരുമകനെന്നോ.. അപ്പോൾ നീ അങ്ങ് ഉറപ്പിച്ചോ ഇതുതന്നെയ നിന്റെ ചെക്കനെന്ന്.. അത്രക്കും ചുള്ളനാണോ വന്നേക്കുന്നെ"
"ഓപിന്നെ.. ചുള്ളൻ.. ചുള്ളൻ ആയാലും കുള്ളൻ ആയാലും എന്നെ കെട്ടിക്കഴിഞ്ഞാൽ പഠിപ്പിച്ചില്ലേൽ ഞാൻ ഇടപാട് തീർത്തിങ് പോരും. അതിനു പറ്റുമെങ്കിൽ മാത്രമേ ലക്ഷ്മി കഴുത്ത് നീട്ടികൊടുക്കൂ"
ലക്ഷ്മിയുടെ വാക്കുകളിൽ നിന്നും അമ്മക്ക് മനസ്സിലായി ലക്ഷ്മിക്ക് ആ പയ്യനെ ഒത്തിരി ഇഷ്ട്ടമായെന്ന്. ഇതിനുമുൻപ് വന്ന ആലോചന അവൾ ഭദ്രകാളിയെ പോലെ തുള്ളിയാണ് മുടക്കിയത്. ഇതിപ്പോൾ എന്താണാവോ പറ്റിയത്. എന്തായാലും പയ്യനെ ഒന്ന് കാണട്ടെ പോയിട്ട് എന്നും പറഞ്ഞു' അമ്മ പൂമുഖത്തോട്ട് നടന്നു. കൂടെ ലക്ഷ്മിയും.
അച്ഛനോട് വന്നവർ സംസാരിക്കുന്നുണ്ട്. ലക്ഷ്മിയുടെ 'അമ്മ പൂമുഖത്തെ വാതിലിന്റെ അടുത്തുനിന്നു പയ്യനെ എത്തിനോക്കി. അമ്മയുടെ തോളിലൂടെ തലയിട്ട് ലക്ഷ്മിയും പയ്യനെ എത്തിനോക്കി.
"അയ്യടി.. മതിയെടി എത്തിനോക്കിയത്.. ഇന്ന് രാവിലെ എന്നെ കൊല്ലാൻ വന്നതാണല്ലോ ഇത് പറഞ്ഞതിന് . ഇപ്പോൾ എന്താ ഒളിഞ്ഞുനോട്ടം"
അമ്മയുടെ കളിയാക്കൽ കേട്ട് ലക്ഷ്മി ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി.
കുറച്ചു കഴിഞ്ഞു 'അമ്മ ലക്ഷ്മിയുടെ കയ്യിൽ ചായയും കൊടുത്തു കൊണ്ടുകൊടുക്കാൻ പറഞ്ഞു. ലക്ഷ്മി നാണം കൊണ്ട് സമ്മതിച്ചില്ലെങ്കിലും കൊണ്ടുകൊടുക്കേണ്ട ചടങ്ങാണ് എന്നുള്ളതുകൊണ്ട് അവൾ ചായയുമായി പൂമുഖത്തേക്ക് നടന്നു. പയ്യന്റെ അടുത്തെത്തിയ അവൾ പയ്യനെയൊന്നു തല ഉയർത്തിനോക്കി. അവളോട് ചിരിക്കുന്നു. നിഷ്കളങ്ക മുഖം. ഒരു തനി നാടൻ ചന്തം. ലക്ഷ്മി ചിരിച്ചുകൊണ്ട് പിന്തിരിഞ്ഞുനടന്നു. അകത്തുചെന്ന ലക്ഷ്മിയെ അനിയൻ അപ്പു കളിയാക്കുന്നു.
"എന്താ പയ്യന്റെ പേര്?
എന്താ ജോലി?"
പയ്യനോടായ് അച്ഛന്റെ ചോദ്യം..
"രാഹുൽ.. ഞാൻ ഷാർജയിൽ ഒരു കമ്പനിയിൽ കാഷ്യറാണ്"
അച്ഛൻ പുഞ്ചിരിച്ചു.
ബ്രോക്കറും വന്നവരും ഇറങ്ങി. അച്ഛൻ ലക്ഷ്മിയെയും അമ്മയെയും പൂമുഖത്തോട്ട് വിളിച്ചു.
"പയ്യൻ ഗൾഫിലാണ്. നമ്മുടെ അത്രയ്ക്ക് വല്യ പ്രതാപമൊന്നും ഇല്ലെങ്കിലും തരക്കേടില്ല എന്ന് ബ്രോക്കർ പറഞ്ഞു. പിന്നെ അവർക്കു മൂന്ന് മാസത്തിനുള്ളിൽ കല്ല്യാണവും വേണമെന്ന് പറഞ്ഞു. ഞാൻ ആലോചിച്ചു വിവരം പറയാമെന്നു പറഞ്ഞിട്ടുണ്ട്. എന്താ നിങ്ങളുടെ അഭിപ്രായം?"
"നമ്മുടെ നിലക്കും മറ്റും ചേർന്നതാണേൽ ആലോചിക്കാം. പയ്യൻ ഇത്തിരി കളർ കുറവാണ്. ലക്ഷ്മിക്കുട്ടി നല്ല കളറല്ലേ.. രണ്ടുപേരും ചേരില്ല നിന്നാൽ."
"ലക്ഷ്മിക്കുട്ടിയെ... നിനക്കിഷ്ട്ടായോ പയ്യനെ?"
"അച്ഛാ.. ഞാൻ പറഞ്ഞല്ലോ.. എനിക്ക് പണവും പ്രതാപവും കളറും സൗന്ദര്യവും ഒന്നുമല്ല വലുത്. എന്നെ സ്നേഹിക്കുന്ന ഒരാളെയാണ്. അത് പട്ടിണി കിടന്നാലും ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടിയാൽ പകുതി കുടിച്ചു ജീവിക്കാം എന്ന് പറയുന്ന ആളായാൽ മതി. ഇപ്പോൾ വന്ന ആളെ കണ്ടപ്പോൾ അങ്ങനെയുള്ള മനസ്സുണ്ടെന്നു എന്റെ മനസ്സ് പറയുന്നു. എനിക്ക് ഇഷ്ടക്കേടൊന്നുമില്ല അച്ഛാ"
"എന്താ ലക്ഷ്മിക്കുട്ടിയെ നീ പറയുന്നേ.. കണ്ടവന്റെ കൂടെ പട്ടിണി കിടക്കാൻ വേണ്ടിയാണോ നിന്നെ ഞങ്ങൾ ഇത്രേം വളർത്തി വലുതാക്കിയത്? ഞങ്ങളുടെ മോൾ നല്ല അന്തസ്സോടെ സന്തോഷത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം"
"അച്ഛാ.. ഇരുനില വീടും രണ്ടു കാറും മുറ്റത്തൊരു ആനയും ഉള്ള വീട്ടിലേക്ക് എന്നെ കെട്ടിച്ചുവിട്ടാൽ അവിടെ പട്ടിണി ഉണ്ടാവില്ല. പക്ഷെ അവിടെ എനിക്ക് സന്തോഷവും സമാധാനവും ഉണ്ടാകും എന്ന് അച്ഛന് ഉറപ്പുണ്ടോ. കുറെ സമ്പത്തുള്ളവർക്ക് സ്നേഹബന്ധത്തിന്റെ വിലയറിയില്ല. അവർ സ്നേഹിക്കാൻ മറക്കും. പണം ഉണ്ടാക്കുക എന്നുള്ള ഒരേഒരു വിചാരം മാത്രമേ അവർക്കുണ്ടാകൂ. അവിടെ ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടുപോകുo അച്ഛാ"
അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ല. അല്ലാ.. മിണ്ടാൻ കഴിഞ്ഞില്ലാ.
അച്ഛന്റെയും അമ്മയുടെയും ബന്ധക്കാരുടെയും അഭിപ്രായങ്ങളും കുറ്റകുറവുകളും വകവെക്കാതെ ലക്ഷ്മി രാഹുലിന്റെ പെണ്ണായി. കല്യാണത്തിന് പങ്കെടുത്ത ബന്ധക്കാരുടെ കറുത്ത മുഖത്തിന് മുന്നിൽ രാഹുലിന്റെ കൈകൾ ചേർത്തുപിടിച്ചു ലക്ഷ്മി ചിരിച്ചു നിന്നു. അവരുടെ മുഖഭാവങ്ങൾ കണ്ടു സന്തോഷം അഭിനയിച്ചു നിൽക്കുന്ന രാഹുലിനെ കണ്ട് ലക്ഷ്മി ചിരിച്ചു.
പിന്നീടുള്ള നാളുകൾ അവർ മതിമറന്നു ജീവിച്ചു. രാഹുലിന് ലക്ഷ്മിയോടുള്ള സ്നേഹവും സുരക്ഷിതവും കണ്ട് ലക്ഷ്‌മിയുടെ ബന്ധക്കാർക്ക് അവരോട് അസൂയ തോന്നിച്ചു. തരംതാഴ്ത്തി പറഞ്ഞവരെകൊണ്ട് അവർ നല്ലതു പറയിപ്പിച്ചു. അത്രയ്ക്ക് നല്ലവനും സൽസ്വഭാവിയും ആയിരുന്നു രാഹുൽ. പതിയെ പതിയെ ലക്ഷ്മിയുടെ അച്ഛനും അമ്മയും രാഹുലിനെ ഒരുപാട് ഇഷ്ട്ടപ്പെട്ടുതുടങ്ങി.
ഒരു സുപ്രഭാതത്തിൽ തല കറങ്ങിവീണ ലക്ഷ്മി രാഹുലിന് സന്തോഷിക്കാനുള്ള ഒരു വാർത്തയും ഉണ്ടാക്കി. രാഹുലിനെ വിളിച്ചു റൂമിൽ കേറിയ ലക്ഷ്മി രാഹുലിന്റെ കൈ അവളുടെ വയറിൽ വെച്ച് പറഞ്ഞു.
"നമ്മൾ ഇനി രണ്ടല്ല.. മൂന്നാണ്"
അത്കേട്ട രാഹുലിന്റെ കണ്ണിലെ തിളക്കം കൂടി. ലക്ഷ്മിയെ ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. പിന്നീട് രാഹുൽ ലക്ഷ്‌മിയെ അവളുടെ അമ്മയേക്കാൾ ശ്രദ്ധിച്ചതും ശുശ്രൂഷിച്ചതും രാഹുലാണ്‌. അവൾക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തും പരിപാലിച്ചും അവരുടെ കുഞ്ഞിനെ കാണുവാനായി ദിവസങ്ങൾ നീക്കി.
ഒരുനാൾ പുറത്തുപോയി വന്ന രാഹുലിന്റെ കയ്യിൽ ഒരു പാവക്കുട്ടി ഉണ്ടായിരുന്നു. പക്ഷെ രാഹുലിന്റെ മുഖം അത്രയ്ക്ക് സന്തോഷത്തിലായിരുന്നില്ല. ഇതുകണ്ടപ്പോൾ ലക്ഷ്മി കാര്യം തിരക്കി.
"ഇന്ന് കമ്പനിയിൽ നിന്നും വിളിച്ചിരുന്നു. അവിടെ ഉള്ള ഒരുവൻ അത്യാവശ്യമായി നാട്ടിൽ പോയതിനാൽ എന്നോട് വേഗം ചെല്ലാൻ പറഞ്ഞു. നമ്മുടെ കുട്ടിയെ കാണാൻ ഇപ്പൊ എനിക്ക് പറ്റില്ല. നിന്റെ സ്കാനിംഗ് കഴിഞ്ഞു പോകേണ്ടിവരും എനിക്ക്."
അതുകേട്ടപ്പോൾ ലക്ഷ്മിക്ക് സങ്കടമായി. രാഹുൽ അവളെ ആശ്വസിപ്പിച്ചു.
പിറ്റെന്നാൾ രാഹുൽ ലക്ഷ്മിയെയും കൂട്ടി ഹോസ്പിറ്റലിൽ സ്കാൻ ചെയ്യാൻ പോയി. സ്കാനിംഗ് കഴിഞ്ഞു ഒരു റൂമിൽ ലക്ഷ്മിയെ ഇരുത്തിയതിനു ശേഷം രാഹുൽ റിസൾട്ട് വാങ്ങാനായി ഡോക്ടറുടെ മുറിയിൽ കേറി. മുറിയിൽ നിന്നും പുറത്തുവന്ന രാഹുലിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. വിങ്ങിപ്പൊട്ടാൻ വേണ്ടി നിൽക്കുന്ന മുഖം. രാഹുൽ ലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്നു. ലക്ഷ്മിയുടെ മുഖത്ത് നോക്കാതെ ലക്ഷ്മിയോടായ് പറഞ്ഞു.
"മോളെ നമുക്ക് ഈ കുഞ്ഞിനെ വേണ്ട"
"എന്ത്.. എന്താ ഏട്ടൻ പറഞ്ഞെ. നമ്മടെ കുഞ്ഞിനെ വേണ്ടാന്നോ."
ലക്ഷ്‌മി പ്രകോപിതയായി എഴുന്നേറ്റു.
"അതേ മോളെ.. നമുക്ക് വേണ്ട. നമ്മൾ കാണാത്ത നമ്മുടെ കുഞ്ഞിനേക്കാൾ എനിക്കിപ്പോ വലുത് എന്റെ ലക്ഷ്മിയെയാ. അതുകൊണ്ട് നമുക്കിതിനെ കളയാം"
"എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്. ഇതിനാണോ നമ്മൾ കാത്തിരുന്നത്. എനിക്ക് പറ്റില്ല. ഞാൻ സമ്മതിക്കില്ല."
അപ്പോഴേക്കും ലക്ഷ്മിയുടെയും രാഹുലിന്റെയും അച്ഛനും അമ്മയുമെല്ലാം അവിടെവന്നു. അവരും ലക്ഷ്മിയെ സമാധാനിപ്പിച്ചു.
"മോളെ സ്കാനിങ്ങിൽ കുഞ്ഞു ഉള്ളത് ട്യൂബിലാണ്. അങ്ങനെ പാടില്ല. അത് മോൾക്കും അപകടമാണ്. അതുകൊണ്ട് ഇതിനെ നമുക്ക് കളയാം. ഞങ്ങൾക്കും ഉണ്ടാവില്ലേ നീയൊരു അമ്മയായി കാണാനുള്ള ആഗ്രഹം. പക്ഷെ ഇപ്പോൾ ദൈവം നമുക്ക് എതിരാണ്. അപ്പോൾ നമ്മൾ സഹിച്ചേ മതിയാകൂ."
ലക്ഷ്മി അവിടെ ഇരുന്നു മുഖംപൊത്തി കരഞ്ഞു. രാഹുൽ അടുത്തിരുന്നു തോളിൽ കൈചേർത്തു പിടിച്ചു. അവസാനം ലക്ഷ്മി സമ്മതം മൂളി. ഡോക്ടറുടെ റൂമിൽ പോയി മെഡിസിൻ കഴിച്ചു അവർ വീട്ടിലേക്ക് യാത്രയായി.
വീട്ടിൽ എത്തിയിട്ടും ലക്ഷ്മിയുടെ കരച്ചിൽ നിന്നില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവളുടെ മനസ്സിൽ ആ കുഞ്ഞിനെപ്പറ്റിയുള്ള ചിന്തകൾ മാത്രമായിരുന്നു. അതിനെ ഒരു സുപ്രഭാതത്തിൽ കളയാൻ തയ്യാറായപ്പോൾ അവളുടെ മനസ്സ് നീറികൊണ്ടിരുന്നു.
പിറ്റെന്നാൾ അസഹ്യമായ വയറുവേദന വന്ന് ലക്ഷ്മി ബാത്റൂമിലേക്കുകയറി. അതിനുള്ളിൽ കയറി അവൾ അലമുറയിട്ടു കരഞ്ഞു. അത്രക്കും വലുതായിരുന്നു ആ വേദന. അധികം വൈകാതെ രക്തത്തിലൂടെ അവളിൽനിന്നും ഊർന്നുവീണ ഒരു ചെറിയ മാംസകഷ്ണം അവളെ നോക്കി കരയുന്നപോലെ തോന്നി. ലക്ഷ്മിയുടെ കാതുകളിൽ ആരോവന്നു ചോദിക്കുന്നപോലെ തോന്നി..
"എന്തിനാ എന്നെ കൊന്നത്.. എന്തിനാ എന്നെ വേണ്ടാന്നുവെച്ചത്"
ലക്ഷ്മി കരഞ്ഞുകൊണ്ട് ബാത്റൂമിൽ നിന്നും പുറത്തുവന്നു. അപ്പോഴും അവളുടെ മേശപ്പുറത്തു രാഹുൽ വാങ്ങികൊണ്ടുവന്ന പാവ അവളെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
രചന
വിപിൻ‌ദാസ് അയിരൂർ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo