പിറക്കാതെപോയ മക്കൾ
**************************
**************************
ഇന്നും അവൾ വന്നിട്ടുണ്ട്. പതിവുപോലെ കനകാംബരം തലയിൽ ചൂടിയിട്ടുണ്ട്. ഓരോ വണ്ടികൾ പോകുമ്പോഴും അവൾ ആ വണ്ടികളിലേക്ക് തുറിച്ചു നോക്കുന്നുണ്ട്. വണ്ടികൾ അവളെ കടന്നുപോകുമ്പോൾ അവളുടെ മുഖത്ത് കാണാം ഒരു നിസ്സഹായവസ്ഥ. എങ്കിലും എന്തിനാണവൾ എന്നും ഈ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നത്. അതും ഈ സായാഹ്‌ന നേരത്ത്. എനിക്കുള്ള ബസ് വന്നപ്പോൾ ഞാൻ കയറി. അപ്പോഴും അവൾ അവിടെ നിൽക്കുന്നു. ആരെയോ പ്രതീക്ഷിച്ച്.
കിഷോർ വീട്ടിൽ എത്തിയിട്ടും അവളെപ്പറ്റി ആലോചിക്കുകയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിലോട്ട് വരാൻ വേണ്ടി ബസ് കാത്തുനിൽക്കുമ്പോൾ നാല് ദിവസമായി ഒരു സ്ത്രീ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്നു. ആദ്യമൊന്നും കിഷോർ കാര്യമാക്കിയില്ല. പക്ഷെ ദിവസവും അവളെ കണ്ടുകൊണ്ടിരുന്നപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി. അതും അണിഞ്ഞൊരുങ്ങി ജോലി കഴിഞ്ഞു വരുന്ന ലക്ഷണമൊന്നുമില്ലതാനും. ആരോടേലും പറഞ്ഞാലോ ചോദിച്ചാലോ അത് വേറെ അർത്ഥത്തിലേ ഇന്നത്തെ സമൂഹം കാണൂ. അതുകൊണ്ട് കിഷോർ ആരോടും ചോദിക്കാനും പറയാനും പോയില്ല.
"ഏട്ടാ.. ഇന്ന് വീടിന്റെ ഓണർ വന്നിരുന്നു. വാടക വാങ്ങാൻ. ഞാൻ ഇവിടെയൊക്കെ പൈസ തിരഞ്ഞു. കണ്ടില്ല. അതുകൊണ്ട് പിന്നെ വരാൻ പറഞ്ഞു"
"ഏട്ടാ.. ഇതേത് ലോകത്താ.. പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?"
"ആഹ്., എന്താ കാർത്തു പറഞ്ഞെ?"
"അതുശരി അപ്പോൾ ഇവിടെയൊന്നും അല്ലായിരുന്നു അല്ലേ. എന്താപ്പോ എന്റെ ചെക്കന് പറ്റിയത്. ഓഫീസിലെ ഏതെങ്കിലും തരുണീമണികൾ ആ ഹൃദയം പിടിച്ചു കുലുക്കാൻ നോക്കിയോ?"
"പോടീ.. നിനക്കെന്താ. നീയൊരുവട്ടം പിടിച്ചു കുലുക്കിയതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടപ്പോ വേറെ"
"അയ്യടാ.. അല്ലേലും ആരേലും വരട്ടെ പിടിച്ചു കുലുക്കാൻ അപ്പോൾ കാണിച്ചുകൊടുക്കും."
നാല് വർഷമായി കിഷോറിന്റെയും കാർത്തുവിന്റെയും വിവാഹം കഴിഞ്ഞിട്ട്. പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ഒന്നായവർ. പക്ഷെ നാല് വർഷമായിട്ടും ദൈവം അവർക്കൊരു കുട്ടിയെ സമ്മാനിച്ചില്ല. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് കിഷോറും കാർത്തുവും ആ നാട്ടിൽനിന്നും ടൗണിലേക്ക് വന്നത്. ഒരു ഓഫീസിൽ കിഷോറിന് ജോലി ശരിയായി. വാടകവീട്ടിൽ താമസമാക്കി.
കുട്ടികൾ ഉണ്ടാവാത്ത കാരണം അവർ ഒരു ഡോക്ടറുടെ അടുത്ത് ട്രീറ്റ്‌മെന്റ് ചെയ്തിരുന്നു. ടെസ്റ്റുകൾക്കും മരുന്നുകൾക്കും വിധേയമാക്കി അവസാനം ഡോക്ടർ പറഞ്ഞു കിഷോറിന് സന്താനമുണ്ടാവില്ല എന്ന്. ദൈവത്തിന്റെ വികൃതിയാണെങ്കിലും അവർ ഒരുപാട് വിഷമിച്ചു.
"ഇപ്പൊ നിനക്ക് തോന്നുന്നുണ്ടോ കാർത്തു ഈ ഹതഭാഗ്യന്റെ കൂടെ ഇറങ്ങി തിരിച്ചു നിന്റെ ജീവിതംകൂടി പോയെന്ന്."
അപ്പോഴേക്കും കാർത്തു കിഷോറിന്റെ വായ പൊത്തിപിടിച്ചു പറഞ്ഞു.
"ഏട്ടാ.. ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങിവരുമ്പോൾ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതെല്ലം എന്റെ ഏട്ടൻ ഉണ്ടാക്കിയതാണ്. ഇന്നുവരെ എന്നെ വിഷമിപ്പിക്കുകയോ വാക്കുകൾകൊണ്ട് വേദനിപ്പിക്കുകയോ ചെയ്യാത്ത ഏട്ടൻ എന്റെ ഭാഗ്യമാണ്. ദൈവം നമുക്ക് ഇങ്ങനെയൊരു പരീക്ഷണം തന്നു. അത്രമാത്രം. അതിനെ നമ്മൾ തരണം ചെയ്യണം. എന്തായാലും ഡോക്ടർ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ ഏട്ടാ?"
"മ്മ്.. അത് ശരിയാ.. എനിക്കും നിനക്കും കൊഞ്ചിക്കാനും, അച്ഛാ... അമ്മേ.. എന്നൊക്കെ വിളിച്ചു ഇവിടൊക്കെ ഓടിനടക്കാനും ഒരാൾ വേണം. ഞാൻ നാളെത്തന്നെ അന്വേഷിക്കട്ടെ കാർത്തു"
പിറ്റെന്നാൾ ഈ ചിന്തയുമായാണ് കിഷോർ ഓഫീസിൽ പോയത്. ഏറ്റവും അടുത്ത ഒരു കൂട്ടുകാരനോട് കിഷോർ കാര്യം അവതരിപ്പിച്ചു.
"സംഗതി എന്റെ അറിവിൽ ഒരു അനാഥമന്ദിരം ഉണ്ട്. ചെറിയ കുട്ടി ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും നമുക്കൊന്ന് ജോലി കഴിഞ്ഞു പോയിനോക്കാം"
അന്ന് വൈകുന്നേരം ജോലിയും കഴിഞ്ഞു കൂട്ടുകാരന്റെ കാറിൽ അവർ യാത്ര തിരിച്ചു. കിഷോർ എന്നും ബസ് കയറാറുള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ എന്നും കാണാറുള്ള ആ സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കാറിലേക്കും അവൾ നോക്കി. കാർ അവളെ കടന്നു പോയതിനുശേഷം കിഷോർ കൂട്ടുകാരനോട് പറഞ്ഞു.
"ടാ.. ഞാനെന്നും ആ നിൽക്കുന്ന സ്ത്രീയെ കാണാറുണ്ട്. ഈ സമയത്ത് എന്നും കാണും. ഇതുപോലെ തലയിൽ കനകാംബരം ചൂടി നന്നായി അണിഞ്ഞൊരുങ്ങി റോഡിലൂടെ പോകുന്ന വാഹങ്ങളെ നോക്കി നിൽക്കും അവൾ. ആരാണെന്നറിയില്ല. ഈ അസമയത്ത് എന്തിനാണാവോ അവരവിടെ നിൽക്കുന്നത്."
"വല്ല പോക്ക് കേസ് ആകും മോനെ. അതിലൊന്നും പോയി തലയിടേണ്ടാട്ടാ. പിന്നെ ജീവിതം കട്ടപൊകയാ"
അവർ യാത്ര തുടർന്നു. അപ്പോഴും കിഷോർ ആ സ്ത്രീയെപ്പറ്റി ഓർത്തിരുന്നു. കുറച്ചു സമയത്തിന് ശേഷം അവരുടെ കാർ ഒരു കവാടം കടന്നു ചെന്നു. കവാടത്തിനുശേഷം വഴിയിൽ ഇരുഭാഗത്തും ചെടികൾ നിൽക്കുന്നുണ്ട്. പുല്ലുകൾ തിങ്ങി വളർന്ന മുറ്റം. കുറച്ചു കുട്ടികൾ അവിടെ ഓടിക്കളിക്കുന്നുണ്ട്. കുറച്ചുപേർ മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്നുണ്ട്. കാർ വരുന്നത് കണ്ട ചില കുട്ടികൾ സന്തോഷത്തോടെ കാറിനരികിലേക്ക് ഓടി വരുന്നുണ്ട്.
ഡോർ തുറന്ന് കിഷോറും കൂട്ടുകാരനും ഇറങ്ങിയപ്പോൾ കുട്ടികൾ സ്തംഭിച്ചു നിന്നു. സന്തോഷത്തോടെ ഓടിവന്ന കുട്ടികളുടെ മുഖത്തെ ചിരി പതിയെ പതിയെ അണഞ്ഞു. കുട്ടികൾക്ക് പുറകെയായ് വന്ന ഒരു മദ്ധ്യവയസ്സൻ പറഞ്ഞു.
"ഹാ.. ചുമ്മാതല്ല കുട്ടികൾ നിന്നത്. അവർ വിചാരിച്ചുകാണും എല്ലാ ആഴ്ചയിലും അവരെ കാണാനും കളിക്കാനും വരുന്ന ആളാണെന്ന്. അയാളും കാറിലാണ് വരാറുള്ളത്. അയാളല്ലാന്ന് കുട്ടികൾക്ക് മനസ്സിലായി. അതുകൊണ്ടാ പിന്തിരിഞ്ഞത്."
പിന്തിരിഞ്ഞു നടക്കുന്ന കുട്ടികളെ നോക്കി അവർ നിന്നു. കിഷോർ കാറിൽനിന്നും രണ്ടു പെട്ടി സ്വീറ്റ്സ് എടുത്തു കുട്ടികളുടെ അടുത്തേക്ക് നീങ്ങി. അവരുടെ കയ്യിൽ ഓരോന്ന് വെച്ച് കൊടുക്കുമ്പോഴും അവരുടെ മുഖത്ത് ഒരു പുഞ്ചിരിപോലും ഉണ്ടായിരുന്നില്ല. കിഷോർ സ്വീറ്റ്‌സ് കൊടുത്തു കഴിഞ്ഞു ആ മദ്ധ്യവയസ്സന്റെ അടുത്തേക്ക് നീങ്ങി.
കിഷോറും കൂട്ടുകാരനും കൂടി വന്ന കാര്യം അയാളോട് പറഞ്ഞു.
"ഇവിടിപ്പോ അഞ്ച് വയസ്സിനു മുകളിൽ ഉള്ള കുട്ടികളേയുള്ളൂ. പിന്നെ കഴിഞ്ഞ ആഴ്ചയിലാ ഒരു 68 ദിവസം പ്രായമുള്ള കുട്ടിയെ ഒരു ദമ്പതികൾ കൊണ്ടുപോയത്."
"എനിക്കും അങ്ങനെയൊരു കുട്ടിയെ മതി ചേട്ടാ. ആ കുട്ടി സംസാരിച്ചു തുടങ്ങുന്നത് എന്നെ "അച്ഛാ" എന്ന് വിളിച്ചുകൊണ്ടാവണം. അതാണെന്റെ ആഗ്രഹം. ഞങ്ങൾക്കുള്ളതെല്ലാം ആ കുട്ടിക്കുള്ളതാണ്."
"എന്തായാലും കാത്തിരിക്കുക. എല്ലാ ആഴ്ചയിലും വരിക. അങ്ങനെയൊരു കുട്ടി ഇവിടേ എത്തിയാൽ തീർച്ചയായും താങ്കൾക്ക് കൊണ്ടുപോകാം."
അയാളുടെ വാക്കുകൾ ഒരു ആശ്വാസമായെടുത്ത് അവർ തിരിച്ചു യാത്രയായി.
വീട്ടിലെത്തി കാര്യങ്ങൾ കാർത്തുവിനോട് അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് അവിടെ ഒരു ചെറിയ കുട്ടി എത്തിപ്പെടണെ എന്നും പ്രാർത്ഥിച്ചു. അല്ലെങ്കിലും സ്വന്തം കാര്യത്തിൽ എല്ലാരും സ്വാർത്ഥരാണല്ലോ.
ദിവസങ്ങൾ കഴിഞ്ഞു. കിഷോറും കാർത്തുവും എല്ലാ ആഴ്ചയിലും അനാഥാലയത്തിൽ ചെന്ന് നോക്കാൻ മറന്നില്ല. അങ്ങനെ ഒരാഴ്ചയിൽ പോയപ്പോൾ അവിടെ ആകെ ബഹളം. കവാടം കടന്ന് ചെല്ലുംതോറും ഓരോ കുട്ടിയുടെയും മുഖത്തെ സന്തോഷവും ചിരിയും അവർ കാണുന്നുണ്ട്. ഇതുവരെ ഇല്ലാത്ത അവരുടെ സന്തോഷം എന്തുകൊണ്ടാണ് എന്നറിയാതെ കിഷോറും കാർത്തുവും ആശ്ചര്യത്തോടെ നടന്നു. അവസാനം അവർ കണ്ടു. തലയിലൂടെ ഒരു പഴഞ്ചൻ സാരിത്തുമ്പ് മറച്ചുപിടിച്ചു ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്തു നിൽക്കുന്നു. ചുറ്റിലും മറ്റുള്ള കുട്ടികൾ തുള്ളിച്ചാടുന്നു. കിഷോർ ആ സ്ത്രീയെ ശ്രദ്ധിച്ചു.
അതെ.. അവൾ തന്നെ.. ഓഫീസിൽ നിന്നും വരുമ്പോൾ ബസ് സ്റ്റോപ്പിൽ വെച്ച് കാണാറുള്ള ആ സ്ത്രീ. പക്ഷെ ഇന്നവൾ തികച്ചും ഒരു സാധാരണ സ്ത്രീ. അണിഞ്ഞൊരുക്കമില്ല.. തലയിൽ പൂവില്ല.. കിഷോർ വീണ്ടും അവളെതന്നെ നോക്കിനിന്നു. അവളെത്ര സന്തോഷവതിയാണ്. ഓരോ കുട്ടിയേയും അവൾ സ്വന്തം കുഞ്ഞിനെപോലെയാണ് സ്പർശിക്കുന്നതും പെരുമാറുന്നതും.
കുറച്ചുനേരത്തിനു ശേഷം അവിടെയുള്ള മദ്ധ്യവയസ്സൻ വന്നു.
"ചേട്ടാ അതാരാ.. ആ കുട്ടികളുടെ കൂടെ ഇരിക്കുന്നത്?"
"ആഹ്, അത് പ്രിയ.. ആ സ്ത്രീ ആണെന്ന് കരുതിയാണ് അന്ന് നിങ്ങൾ കാറിൽ വന്നപ്പോൾ കുട്ടികൾ സന്തോഷത്തോടെ വന്നത്. ഇപ്പൊ നോക്ക് കുട്ടികളുടെ സന്തോഷം. അവർ പലപ്പോഴും വരാറുണ്ട്. കളിക്കോപ്പുകളും സ്വീറ്റ്സും വസ്ത്രങ്ങളും എല്ലാം കൊണ്ടുവരാറുണ്ട്. ഈ കുട്ടികൾക്ക് അവരെന്നാൽ ജീവനാണ്. രണ്ട് വർഷത്തോളമായി ഇങ്ങനെ. അവർ വരും കുറച്ചു സമയം ഇവരുടെകൂടെ ചിലവിട്ടശേഷം തിരികെപോകും."
കിഷോറും കാർത്തുവും ആ സ്ത്രീയെ നോക്കിനിന്നു.
"ആ.. പിന്നേ ഇപ്പ്രാവശ്യം നിങ്ങൾ വന്നതിന് കാര്യമുണ്ട്. ഇന്നലെ ഇവിടെ ഒരു ഉണ്ടപ്പൻ ചെക്കൻ വന്നിട്ടുണ്ട്. ചെറുതാ. വാ അകത്തുണ്ട് കാണാം."
അതുകേട്ട് കിഷോറും കാർത്തുവും അതിരില്ലാതെ സന്തോഷിച്ചു. അയാളുടെ കൂടെ അവർ അകത്തേക്ക് നടന്നു. അയാൾ പറഞ്ഞപോലെ ഒരു സുന്ദരകുട്ടപ്പൻ. കണ്ടപ്പോൾ തന്നെ കാർത്തു പോയി വാരിയെടുത്ത് ഉമ്മവെച്ചു.
"ഇവനെമതി കിഷോറേട്ടാ.. എനിക്ക് ഒരുപാടിഷ്ടമായി."
കാർത്തുവിന്റെ സന്തോഷം കണ്ട് കിഷോർ ചിരിച്ചു.
കുട്ടിയെ ഏറ്റെടുക്കുന്നതിനുള്ള കാര്യങ്ങളൊക്കെ കഴിഞ്ഞു അവർ ആ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് യാത്രയായി.
************************
ഒരു വർഷത്തിന് ശേഷം...
************************
ഒരു വർഷത്തിന് ശേഷം...
"ഏട്ടാ.. ഇന്ന് ആദിക്കുട്ടന്റെ പിറന്നാൾ ആയിട്ട് ഇവനെ നമുക്ക് കിട്ടിയ ഇടംവരെയൊന്ന് പോവേണ്ടെ?"
"പിന്നെ പോവാതെ.. നീ വേഗം റെഡിയാക്. പോകണം"
അവർ അനാഥാലയത്തിലേക്ക് യാത്രതിരിച്ചു.
അനാഥാലയത്തിന്റെ ഗേറ്റ് തുറന്നു അവർ അകത്തേക്ക് നടന്നു. ആകെ ഒരു മൂകത. മുറ്റത്ത് കുട്ടികളെ കാണുന്നില്ല. കളിക്കോപ്പുകൾ അനാഥമായി കിടക്കുന്നു. അവർ അകത്തുകയറി. അപ്പോൾ അകത്തെ റൂമിൽ ആ മദ്ധ്യവയസൻ ഇരിക്കുന്നത് കണ്ടു. കിഷോർ അടുത്തേക്ക് നടന്നു.
"ഇതെന്താ ചേട്ടാ ഇവിടെ ഇങ്ങനെ. ആളും അനക്കവും ഒന്നുമില്ലല്ലോ. പിള്ളേരെ കാണാനുമില്ല. എന്തുപറ്റി. ചേട്ടന്റെ മുഖവും വാടിയിട്ടുണ്ടല്ലോ."
"മ്മ്.. പറ്റിയിട്ടുണ്ട്. ചെറുതല്ല.. വലിയൊരുകാര്യം തന്നെ. അന്ന് നിങ്ങൾ ഇവനെ കൊണ്ടുപോകാൻ വേണ്ടി വന്നപ്പോൾ ഒരു സ്ത്രീയെ കണ്ടില്ലേ. അവൾ ഇന്നലെ മരിച്ചു. മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം."
"ആ സ്ത്രീക്ക് അതിന് പ്രായമിന്നുമില്ലല്ലോ. പിന്നെന്താ പറ്റിയത്?"
"അതെ.. ചെറുപ്പക്കാരിയാണവൾ.. അതുകൊണ്ടാണ് അവൾ ഇത്രകാലം ജീവിച്ചതും ഇപ്പോൾ മരിച്ചതും."
"എനിക്ക് മനസ്സിലായില്ല ചേട്ടാ"
"പച്ച മലയാളത്തിൽ പറഞ്ഞാൽ ആ പെൺകുട്ടി ഒരു വേശ്യ ആയിരുന്നു. സ്വന്തം വീട്ടിൽ മദ്യപിച്ചു പൂസില്ലാതെ കിടന്ന അച്ഛന്റെ മുന്നിൽ വെച്ച് അച്ഛന്റെ കൂട്ടുകാർ ആണ് അവളുടെ ആദ്യത്തെ അനുഭവം. പിന്നീട് സ്വന്തം അച്ഛൻതന്നെ അവളെ വില്പന ചരക്കാക്കി. എങ്ങനെയോ അച്ഛൻ മരണപ്പെട്ടു. പിന്നീട് അവ ഇതൊരു ജോലിയാക്കി. അത്യാവശ്യം ശരീരവടിവും വെളുപ്പും ഉള്ളതുകൊണ്ട് അവളെത്തേടി ഉന്നതർ വന്നു. പക്ഷെ.. ആരിൽനിന്നോ അവൾക്ക് ഒരു സമ്മാനം കിട്ടി,ഒരു രോഗം.. "എയ്ഡ്സ്"."
കിഷോറിന്റെയും കാർത്തുവിന്റെയും കണ്ണുകൾ വികസിച്ചു. വിശ്വസിക്കാനാവാതെ അവർ മരവിച്ചു നിന്നു.
"അവൾ കിടന്നുകൊടുത്തു കിട്ടുന്ന പണം ഇന്നുവരെ അവളുടെ ആവശ്യത്തിന് ഉപയോഗിച്ചില്ല. എല്ലാം ദാ ആ മുറിക്കുള്ളിൽ അവളുടെ ഫോട്ടോയും വെച്ച് കരഞ്ഞു നോക്കിയിരിക്കുന്ന ആ പൈതാമക്കൾക്ക് വേണ്ടിയാണ് ചെലവാക്കിയത്. എല്ലാം എന്നോടവൾ തുറന്നു പറഞ്ഞിരുന്നു. ഈ പ്രായത്തിൽ കൂടെ ഒരാള് പോലുമില്ലാതെ ഇത്രയും പണം എങ്ങനെ കിട്ടുന്നു എന്നുള്ള കാര്യത്തിൽ എനിക്ക് സംശയം തോന്നി ചോദിച്ചതാ. അന്നവൾ എല്ലാം പറഞ്ഞു എന്നോട്".
"ശരിയാ ചേട്ടാ.. ഞാൻ ജോലി കഴിഞ്ഞു ബസ് കേറുന്ന സ്റ്റോപ്പിൽ എന്നും കാണുമായിരുന്നു ആ സ്ത്രീയെ. പക്ഷെ ഇങ്ങനെയാണെന്ന് ഞാൻ വിചാരിച്ചില്ല."
"മ്മ്.. ഇന്നാദ്യമായാണ് ആ കുട്ടികളുടെ കണ്ണ് നിറയുന്നത്. ശരിക്കും അവൾ ഇവർക്ക് 'അമ്മ തന്നെയായിരുന്നു. അവൾക്ക് ഇവർ മക്കളും, #പിറക്കാതെപോയമക്കൾ."
കിഷോറും കാർത്തുവും കൂടി കുട്ടികൾ ഇരിക്കുന്ന റൂമിലേക്ക് നടന്നു. അവിടെ ഒരു വലിയ ഫോട്ടോയിൽ മാലയിട്ട് തൊട്ടുമുന്നിൽ എല്ലാ കുട്ടികളും കണ്ണുനീർ വാർത്ത് ഇരിക്കുന്നതാണ് കണ്ടത്. അത് കണ്ട അവരുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി. കൂടെ കിഷോറിന്റെയും കാർത്തുവിന്റെയും കൈകൾ അറിയാതെ അവളുടെ ഫോട്ടോക്ക് നേരെ തൊഴുതു പിടിച്ചു നിന്നു.
രചന
വിപിൻദാസ് അയിരൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക