നേരം വെളുക്കുന്നതിനു മുന്പേ തൂങ്ങിപ്പിടിച്ച കൺപോളകളുമായി ആണ് ഞാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറാൻ പോയത്... ആ സമയത്തു ഇണീറ്റു ശീലമില്ലാത്തതുകൊണ്ടാണു വല്ലാത്തൊരു അസ്വസ്ഥത.... പരീക്ഷ ഉണ്ടന്ന് വീട്ടിൽ പറഞ്ഞുപോയി.. അല്ലങ്കിൽ ഞാൻ പോവില്ലായിരുന്നു... മുട്ടിയും മൂളിയും ഞാൻ ജംഗ്ഷനിൽ എത്തി...
5:10 ആണ് വണ്ടി.. പക്ഷെ ഈ നാട് നന്നായാലും ആ വണ്ടിയും വണ്ടിക്കാരും നന്നാവില്ല.. സർക്കാർ വണ്ടി ആയതിന്റെ അഹങ്കാരം ഒന്നുമല്ല.. എന്നും താമസിച്ചാണു വരവ്... ഒന്നും രണ്ടും മിനിറ്റ് ഒന്നുമല്ല... അര മണിക്കൂർ.. മുക്കാൽ മണിക്കൂർ...
വെളുപ്പാൻ കാലം ആയതുകൊണ്ട് വെളിച്ചമുള്ളടത്തെല്ലാം ഈയലിന്റെ ശല്യവും.. ആകെ മൊത്തം കലിപ്പ്...
അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നടക്കുന്നതിനിടയിൽ വടക്കു നിന്നും ഒരു ഹോൺ ശബ്ദം.. അതെ അത് ആ വണ്ടി തന്നെ.. ചീറിപാഞ്ഞു വന്ന വണ്ടി ഒരു ഇരുന്നൂറ് മീറ്റർ മുമ്പിൽ കൊണ്ടുപോയി നിർത്തി... ഇതാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. നിൽക്കുന്നിടത്തു നിർത്തില്ല.. എന്തായലും പിന്നാലെ ഓടി ചെന്നു...
"പെട്ടന്ന് ഇങ്ങോട്ടു കയറു.. വണ്ടി ലേയ്റ്റാ.... "
കണ്ടക്ടറുടെ വാക്കുകൾ വല്ലാതെ എന്നെ അങ്ങു മുഷിപ്പിച്ചു..
ശെടാ.. അങ്ങേരുടെ വർത്തമാനം കേട്ടാൽ നമ്മളാണ് വണ്ടി ഓടിച്ചതെന്നു തോന്നുമല്ലോ...
"പെട്ടന്ന് ഇങ്ങോട്ട് കയറടോ."
അങ്ങേരുടെ കട്ടി കൂടിയ വാക്കുകൾ മനസ്സിൽ നിന്നും ദേഷ്യത്തെ കുറച്ചൊന്നു അഴിച്ചു വിട്ടു... അങ്ങോട്ട് പോയി ഒരു തോഴി കൊടുക്കാനാണ് ആദ്യം തോന്നിയത്.... പിന്നെ ഓൾ കേരളാ കണ്ടക്ടർ യൂണിയന്റെ പെട്ടന്നുള്ള ആക്രമണം മുന്നിൽ കണ്ട് ആ തീരുമാനം ഞാനാങ്ങു മാറ്റി.. അല്ലേലും നമുക്ക് എന്തോ വേണം...
ഡോർ അടച്ചു ഡബിൾ ബെൽ അടിച്ചു അയാൾ വണ്ടി വിട്ടു... ബസ്സിൽ അങ്ങോളം ഇങ്ങോളം ഞാൻ ഒന്നു നോക്കി... സീറ്റ് നഹി ഹെ... ആകെ ഉള്ളത് സ്ത്രീകളുടെ രണ്ടു സീറ്റാണ്... പിന്നെ കണ്ടക്ടറുടെ സീറ്റും... കണ്ടക്ടറുടെ സീറ്റിൽ ഇരുന്നാൽ അങ്ങേരെന്നെ കൊല്ലും. സ്ത്രീകളുടെ സീറ്റിൽ ഇരുന്നാൽ അമ്മച്ചിമാരെന്നെ കൊല്ലാതെ കൊല്ലും.. അതുകൊണ്ട് തല്കാലം കമ്പിയിൽ തന്നെ ഞാൻ ഞാന്നു കിടന്നു...
എന്റെ ഊഹം ശരിയാണെങ്കിൽ വണ്ടിയിൽ ഭൂരിഭാഗവും പെൺകുട്ടികൾ ആണ്.. അതും പരീക്ഷക്കു പോകുന്നവർ.. എല്ലാവരുടെയും കൈയ്യിലും ഉണ്ട് ഒരു സഞ്ചി....
കുറെയേറെ ടിക്കറ്റുകൾ കൊടുത്തതിനു ശേഷമാണ് കണ്ടക്ടർ പുറകിലോട്ടു വരുന്നത്...
"എവിടേക്കാ..."
അത് എന്നോടായിരുന്നു..
"തമ്പാനൂർക്ക് "
"ആഹ്.. 97.. "
കൈയ്യിൽ ഉണ്ടായിരുന്ന നൂറിന്റ നോട്ട് കൊടുത്തു ഞാൻ ടിക്കറ്റും ബാലൻസും വാങ്ങിച്ചു..
കമ്പിയിൽ ഞാന്നു കിടന്നുള്ള എന്റെ അഭ്യാസം സഹിക്കാൻ വയ്യാഞ്ഞിട്ടാവണം എന്നോട് ആ സീറ്റിലേക്ക് ഇരുന്നോളാൻ കണ്ടക്ടർ പറഞ്ഞത്... രോമങ്ങൾ നിറഞ്ഞ ആ ഉരുക്കൻ കൈ കണ്ടക്ടർ സീറ്റിലേക്ക് നീണ്ടു... ഒരു ആശ്വാസം എന്ന പോലെ ഞാൻ ആ സീറ്റിലേക്ക് ചേക്കേറി... കണ്ടക്ടർ മുന്നോട്ട് നടന്ന് ഡ്രൈവറുടെ സീറ്റിന്റെ സമീപത്തായി പോയിരുന്നു...
എന്തോ യാത്രയുടെ ഈ ഒരു നിമിഷം എന്റെ മനസ്സ് ചെറുതായൊന്നു അലിഞ്ഞു.. കണ്ടക്ടറോട് തോന്നിയ ആ ദേഷ്യമുണ്ടല്ലോ.. അത് ചെറുതായി ഒന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. ഇരിക്കാൻ തന്ന സീറ്റിനു വെറുതെ ഒരു ഉപകാരസ്മരണ..
മുന്നിലെവിടെയോ ഏതോ ആളുമായി ചില്ലറയ്ക്കു വാശിപിടിക്കുന്ന ആ കണ്ടക്ടറെ നോക്കി അറിയാതെ മനസ്സൊന്നു ചിരിച്ചു...
എന്റെ കൂടിരുന്ന ചേട്ടൻ ഓച്ചിറയിൽ ഇറങ്ങിയതിനു ശേഷമാണു കണ്ടക്ടർ സ്വന്തം സീറ്റിലേക്ക് മടങ്ങി വന്നത്.. പിന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര... അപ്പോഴാണ് ഞാൻ അങ്ങേരെ നന്നായൊന്നു കാണുന്നത്..
അധികം നീളം ഒന്നുമില്ല.. ഉരുണ്ട മുഖം. ചുവന്നു കിടക്കുന്ന കണ്ണുകൾ.. ഒറ്റനോട്ടത്തിൽ ഇങ്ങേരെ കണ്ടു പേടിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ...
യാത്രയുടെ അമിത വേഗതയിൽ വണ്ടി ഏറെക്കുറെ മുന്നൊട്ട് പോയിരിക്കുന്നു .. ചെറിയൊരു മയക്കത്തിൽ ഏർപെട്ടുപോയതുകൊണ്ട് വണ്ടി നീണ്ടകര പാലം കയറി ഇറങ്ങിയത് പോലും ഞാൻ അറിഞ്ഞില്ല..
കൊല്ലം കഴിഞ്ഞു വണ്ടി തിരുവനന്തപുരത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ മുതൽ യാത്രക്കാർ കുറച്ചു കുറച്ചു പൊഴിഞ്ഞു പോവാൻ തുടങ്ങി... എന്റെ ഊഹം ശരിയാണ്.. കൂടുതലും പരീക്ഷക്കുള്ള വിദ്യാർത്ഥിനികൾ ..
പക്ഷെ ആർക്കും സ്ഥലമത്ര പരിചയം ഇല്ല... എവിടെ ഇറങ്ങണമെന്നോ എങ്ങോട്ടു പോകാണമെന്നോ ഒന്നും അറിയില്ല... പെൺകുട്ടികൾക്ക് വഴി പറഞ്ഞുകൊടുത്തു ആളാവാം എന്ന് വെച്ചാലോ എനിക്കാണേൽ ഒട്ടും അറിയില്ല ഈ സ്ഥലം..
മുൻനിരയിലെവിടേയോ സ്ഥലം തിരഞ്ഞുകൊണ്ടിരുന്ന രണ്ടു പെൺകുട്ടികളോട് കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു..
"എങ്ങോട്ടാ... എവിടെയാണ് ഇറങ്ങേണ്ടതു... "
"ആറ്റിങ്ങൽ.. "
മറുപടിയും വന്നു..
"വഴി അറിയുമോ.. "
"ഇല്ല... "
"ഏത് കോളേജിൽ വെച്ചാ.."
ഇന്ന് പരീക്ഷ ഉണ്ടെന്ന കാര്യം കണ്ടക്ടർ എങ്ങനയോ മണത്തറിഞ്ഞിരിക്കുന്നു...
"രാജധാനി കോളേജ്."
ഉത്തരവുമായി ആ പെൺകുട്ടികൾ അടുത്തേക്കു വന്നു...
"ഓക്കേ... വണ്ടിയിപ്പോൾ ചാത്തൻപാറയിൽ നിർത്തും.. അവിടുന്ന് കിഴക്കോട്ട്.. ബസ് റൂട്ട് ആണ്. പക്ഷെ ബസ് കാണില്ല... ഓട്ടോയിക്ക് പോയാൽ സമയത്തങ്ങു എത്തും.... "
ചാത്തൻപാറയിൽ അവരെ ഇറക്കിവിട്ടിട്ട് കിട്ടിയ നന്ദിയും വാങ്ങി പോക്കറ്റിലേക്കിട്ടു കണ്ടക്ടർ പിന്നെയും ഡബിൾ ബെല്ലടിച്ചു...
സത്യത്തിൽ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന ദേഷ്യമെല്ലാം ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായി എന്ന് വേണം പറയാൻ...
ചോദിച്ചാൽ വഴി പറഞ്ഞു കൊടുക്കുന്ന പലരെയും കണ്ടിട്ടുണ്ട്.. പക്ഷെ ഒരു മുൻ ശുണ്ഠിക്കാരനായിട്ടുകൂടി ചോദിക്കാതെ തന്നെ സഹായിക്കാൻ ശ്രമിക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ ഒരു സന്തോഷം.. പറഞ്ഞു കൊടുക്കുന്ന വഴികളിലും വാക്കുകളിലും ഒരു അച്ഛന്റെ എല്ല സംരക്ഷണങ്ങളും ഉണ്ടായിരുന്നു... മനസ്സിലൂടെ തന്നെ അയാൾ ഓരോരുത്തരെയും അതാതു സ്ഥലങ്ങളിൽ എത്തിച്ചു ...
ഞങ്ങൾ കുട്ടികളാണെന്നും ഈ സ്ഥലം ഞങ്ങൾക്ക് അത്ര പരിചയം ഇല്ലെന്നും ആ മുൻ ശുണ്ഠിക്കാരൻ മനസ്സിലാക്കിയിരിക്കുന്നു...
യാത്രയുടെ പിന്നീടുള്ള വഴികളിൽ എല്ലാം ഒരു കണ്ടക്ടർ വേഷം അഴിച്ചു വെച്ചിട്ട് ഒരു വഴികാട്ടിയുടെ വേഷത്തിൽ അയാൾ അവിടെ ഇരുന്നു... ആണെന്നോ പെണ്ണെന്നോ വിത്യാസം ഇല്ലാതെ സ്വന്തം മക്കളെ പോലെ കണ്ട് അയാൾ ഓരോരുത്തർക്കും വഴി പറഞ്ഞു കൊടുത്തു.. ചിലർ നന്ദി വാക്കുകൾ കൊണ്ട് പൊതിഞ്ഞു.. ചിലർ അതിനുള്ള മനസ്സു പോലും കാട്ടാതെ പിരിഞ്ഞു..
തമ്പാനൂരാണ് ഈ വണ്ടി ഒടുവിൽ നിർത്തുന്നതെന്നും അവിടെയാണ് എനിക്ക് ഇറങ്ങേണ്ടതെന്നും അറിയാമായിരുന്നത് കൊണ്ട് എല്ലാം അറിയുന്നവനെ പോലെ ഞാൻ ഇരുന്നു... എന്നാലും തമ്പാനൂരിനോട് അടുത്ത് ചെല്ലും തോറും മനസ്സിൽ ഒരു ഭയം.. എന്തായാലും ചോദിക്കമെന്നു കരുതി തിരിഞ്ഞപ്പോഴേക്കും തോളിലെ ബായ്ഗ് കണ്ടിട്ടാവണം അയാൾ ചോദ്യങ്ങളുമായി എന്നിലേക്ക് തന്നെ വന്നു..
"നിനക്കും പരീക്ഷ ഉണ്ട് അല്ലെ... എവിടെ വെച്ചാണ്.."
" എസ് എം വി എച് എസ് എസ് തമ്പാനൂർ... "
"വഴി അറിയുമോ."
"ഇല്ല..."
" ഹും.. തമ്പാനൂർ ഇറങ്ങണം.. അവിടുന്ന് നേരെ പോകണം.. രണ്ടാമത്തെ സിഗ്നലിന്റെ അവിടുന്ന് വലത്തോട്ട്.. മനസ്സിലായോ.."
ചോദിക്കാതെ തന്നെ വഴിപറഞ്ഞു തന്ന ആ മനുഷ്യന് ഹൃദയം കൊണ്ട് ഒരായിരം നന്ദി പറഞ്ഞു ഞാൻ ..
"ഇതാണ് തമ്പാനൂർ.. ഇവിടെ ഇറങ്ങികൊളു.. പോയി നന്നായി പരീക്ഷ എഴുത്.."
ആർക്കും കൊടുക്കാത്ത ഒരു ആശിർവാദത്തോടെ കിട്ടിയ കാശും ബായ്ഗിലേക്കു വെച്ച് അയാൾ വണ്ടിയിൽ നിന്നിറങ്ങി സ്റ്റാന്റിലേക്കു നടന്നു.. ഒരു മുൻ പരിചയവും ഇല്ലാത്തവനേ പോലെ.. മനസ്സിൽ ഏറെ പാഠങ്ങൾ പഠിപ്പിച്ചു തന്ന ആ മനുഷ്യൻ ദൂരേക്ക് നടന്നകലുന്നതു ഞാൻ നോക്കി നിന്നുകൊണ്ടേയിരുന്നു...
സത്യത്തിൽ നേരത്തെ ഉള്ളതെല്ലാം എന്റെ വെറും മുൻവിധികൾ ആയിരിന്നു.. ഒന്നു മനസ്സിലാക്കാൻ ഉള്ള ക്ഷമ കാണിക്കാത്ത മുൻവിധികൾ..
സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞവരെല്ലാം കുറച്ചു മുൻശുണ്ഠിക്കാരാണ് .. പക്ഷെ അവരുടെ ഉള്ള് വളരെ ശുദ്ധം ആണെന്ന് ചിലപ്പോൾ അന്നായിരിക്കണം ഞാൻ തിരിച്ചറിഞ്ഞത്.. ഉറക്കം പിടിച്ച കണ്ണുകളെ ഉണർത്താനുള്ള ഒരു ആവേശമായിരുന്നു ആ മനുഷ്യൻ.. ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയാത്തൊരു മനുഷ്യൻ... കുറ്റപ്പെടുത്തിയ നാവു കൊണ്ട് തന്നെ അത് മാറ്റിപറയിപ്പിച്ച നന്മയുള്ള മനുഷ്യൻ..
ഇങ്ങനെയാണ് ചിലർ.. ദൂരെ നിന്നു നോക്കുമ്പോളോ അറിയുമ്പോളോ ചെന്ന് ഒന്ന് തല്ലാൻ തോന്നും.. എന്നാൽ ഉള്ളിലുള്ളതോന്നു അറിഞ്ഞാലോ ഉള്ളു തുറന്നൊന്നു കാട്ടിയാലോ ഓടിച്ചെന്ന് തലോടാനും തോന്നും.. അറിയാതെ തന്നെ പഠിച്ച പാഠങ്ങൾ ഉൾകൊണ്ടു ഞാൻ ആ സ്കൂളിലേക്ക് നടന്നു..
Midhun

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക