Showing posts with label മിഥുൻവൈശാഖം. Show all posts
Showing posts with label മിഥുൻവൈശാഖം. Show all posts

"നിനക്ക് എന്നെ വേണോ അതോ ഇവനെ വേണോ


"നിനക്ക് എന്നെ വേണോ അതോ ഇവനെ വേണോ.. ഇന്ന് തീരുമാനിക്കണം... "
രാഹുലിന്റെ വിരൽ ചൂണ്ടിപിടിച്ചുള്ള മൂർച്ചയേറിയ വാക്കുകൾക്ക് മുന്നിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്ന് പൊട്ടി കരയുകയായിരുന്നു... എന്ത് ചെയ്യാനാണ് അവൾ. പാവം ഒരു പൊട്ടി പെണ്ണ്...
സ്വാർത്ഥത എന്ന മനോരോഗം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു ഇന്ന് ഒരു സഹോദരി സഹോദരൻ ബന്ധത്തെ വരെ തകർത്തെറിഞ്ഞിരിക്കുന്നു... വല്ലാത്തൊരു കാലമാണ് ഇത്...
ശരീരത്തിലാണ് രോഗമെങ്കിൽ ചികിൽസിക്കാം.. പക്ഷെ മനസ്സിൽ ആണെങ്കിലോ.. അത് എങ്ങനെ മാറ്റാനാണ്... അവനു എത്ര പറഞ്ഞാലും മനസ്സിലാകുകയും ഇല്ല...
കലാലയ ജീവിതത്തിന്റെ ഏതൊ ഒരു വേളയിൽ ആണ് ധന്യ എന്ന പെൺകുട്ടിയെ അയലത്തുകാരിയായി കിട്ടുന്നത്.. ആദ്യമൊക്കെ വെറും ഒരു അയലത്തുകാരി.. പിന്നെയെപ്പോഴോ ഒരു സുഹൃതു ആയി... കാലങ്ങൾ കുറച്ചു സഞ്ചരിച്ചപ്പോൾ അവൾ എന്റെ കുഞ്ഞു സഹോദരിയായി.. പെങ്ങളാവാൻ ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കണമെന്നില്ലല്ലോ...
ഏക മകനായത് കൊണ്ട് ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ എല്ല സുഖങ്ങളും ദുഃഖങ്ങളും പങ്കുവെക്കാൻ അവൾ ഒരു കുഞ്ഞു സഹോദരിയായി കൂടെ ഉണ്ടായിരുന്നു . അവളെ ഞാൻ പരിധിയില്ലാതെ സ്നേഹിച്ചു.. സ്വന്തം വീട്ടിൽ നിക്കുന്നതിലും കൂടുതൽ സമയവും അവൾ ഈ ചേട്ടനോടൊപ്പം ഉണ്ടായിരുന്നു.. എന്നെപോലെ തന്നെ എന്റെ അച്ഛനും അമ്മയ്ക്കും ഏറെ പ്രിയപ്പെട്ട മകൾ..
ബൈക്കിനു പിന്നിൽ ഇരുന്നു സിനിമ കാണാൻ പോവാനും കപ്പലണ്ടി കൊറിക്കാനും ചെയ്യുന്ന കുറുമ്പുകൾക്കൊക്കെ കൂട്ടുനിൽക്കാനും കിട്ടുന്ന വഴക്കിന്റെ പാതി വാങ്ങാനും ഒക്കെ ഒരു കുഞ്ഞനുജത്തിയെ ആരാണ് ആഗ്രഹിക്കാത്തത്..
പക്ഷെ അതെല്ലാം ഒരു വലിയ തെറ്റായി പോയി എന്ന് ഞാൻ ഇന്നാണ് അറിയുന്നത്.രണ്ടു മാസം മുന്പാണ് ബാംഗ്ലൂർ ബിസ്സിനസ്കാരനായ രാഹുലിന്റെ കല്യാണ ആലോചന ധന്യക്കു വരുന്നത്...
സാമാന്യം ഭേദപ്പെട്ട കുടുംബം. പെണ്ണ് കാണൽ ചടങ്ങിന് ശേഷം എന്റെ സാന്നിധ്യത്തിലാണ് അവർ ആ ബന്ധം ഉറപ്പിക്കുന്നത്.. അങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ അത് മുന്നോട്ട് പോയി..
പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധന്യയെ ഞാൻ ശ്രദ്ധിക്കുന്നു.. ഇതുവരെ ഇല്ലാത്തൊരു മൗനം . രാഹുലുമായി ഉള്ള വെറും സൗന്ദര്യ പിണക്കം ആണെന്ന് കരുതി ആദ്യം ഒന്നും ചോദിച്ചില്ലങ്കിലും ചെറുതായി കാര്യം എന്താണെന്നു ഒന്ന് തിരക്കി.. നിർബന്ധിച്ചപ്പോൾ അവൾ ഓരോന്നായി പറയാൻ തുടങ്ങി..
രാഹുൽ ഒരു സ്വാർത്ഥൻ ആണെന്നും രാഹുലിൽ അവൾക്കു ഒരു സ്വതന്ത്രവും ഇല്ലന്ന് അറിഞ്ഞപ്പോൾ പ്രായത്തിന്റെ വെറും പക്വത കുറവാണെന്നാണ് തോന്നിയത്.. അതുകൊണ്ട് എല്ലാം ഒന്ന് സംസാരിച്ചു അവസാനിപ്പിക്കാൻ ആണ് ധന്യയേയും കൂട്ടി ഞാൻ രാഹുലിന്റെ വീട്ടിൽ വന്നത്...
ഞാൻ ചിന്തിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങളുടെ സ്ഥിതി എന്ന് ഇവിടെ വന്നപ്പോഴാണു എനിക്ക് മനസ്സിലാക്കുന്നത്.. സ്വാർത്ഥത എന്ന രോഗം രാഹുലിന്റെ മനസ്സിനെ വല്ലാതെ പൊതിഞ്ഞിരിക്കുന്നു... എന്നോടൊപ്പം ഉള്ള ധന്യയുടെ ചങ്ങാത്തം ആണ് അവരുടെ ഇടയിലെ കുഴപ്പങ്ങൾക്കു കാരണം എന്നറിഞ്ഞപ്പോൾ ഒന്നും മിണ്ടാനവാതെ നിശ്ച്ചലമായി നിന്നുപോയി ഞാൻ.. നിശബ്ദമായ ആ വീട്ടിൽ രാഹുലിന്റെ ശബ്‌ദം പിന്നെയും പിന്നെയും മുഴങ്ങി.. എരിഞ്ഞു തീരാത്ത കനൽ പോലെ അവൻ നിന്ന് കാത്തുകയായിരുന്നു..
"നിനക്ക് ഇവനെ വേണോ എന്നെ വേണോ."
ചേട്ടനിൽ നിന്നും രാഹുലിന് ഞാൻ വെറും ഒരു അന്യൻ ആയി മാറിയിരിക്കുന്നു... ഇനി അവനോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല.. അവനു മനസ്സിലാകുകയുമില്ല.. എല്ലാം അവന്റെ സ്നേഹകൂടുതൽ കൊണ്ടാണ് എന്നുപറഞ്ഞു ഞാൻ പിന്മാറാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുമാറ്റി അത്രയും കേട്ടുനിന്നവൾ രാഹുലിനെ നേരെ തിരിഞ്ഞു..
"രാഹുൽ നിങ്ങളെ കണ്ടപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴോ മനസ്സിൽ ഇങ്ങനൊരു രോഗം ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല.. സ്നേഹിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ നിങ്ങളെ ഞാൻ വെറുത്തു തുടങ്ങിയിരുക്കുന്നു.. ഇന്നല്ലെങ്കിൽ നാളെ നിങ്ങളെക്കാൾ ഉള്ളു ശുദ്ധമായൊരു പയ്യനെ എനിക്ക് കിട്ടിയേക്കാം.. പക്ഷെ ഇനി എത്ര ജന്മം കഴിഞ്ഞാലും ഇതുപോലൊരു ചേട്ടനെ എനിക്ക് കിട്ടില്ല.. "
ഹൃദയം തുളുമ്പുന്ന സന്തോഷവുമായി അവളുടെ കൈ പിടിച്ചു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.. രാഹുലിനൊപ്പം അവൾ സുരക്ഷിത അല്ല എന്ന ബോധത്തോടെ.. അവൾ പറഞ്ഞ ആ വാക്കുകൾ .. അത് തന്നെയാണ് ഒരു സഹോദരന് കിട്ടേണ്ട ഏറ്റവും വില കൂടിയ സമ്മാനം...
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവർക്കും തുല്ല്യ അവകാശമാണ് ഉള്ളത്.. ആരും ആർക്കും സ്വന്തമല്ല. അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.. അങ്ങനെ ഹൃദയത്തെ ശുദ്ധമാക്കുക.. അവളെ ഇഷ്ടപ്പെടുമ്പോൾ അല്ലങ്കിൽ സ്വന്തമാക്കുമ്പോൾ അവളുടെ അച്ഛനെയും അമ്മയെയും അനിയനേയും ചേട്ടനെയും അങ്ങനെ അവൾ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന എല്ലാവരെയും അവളുടെ കൂടെ ജീവിക്കുന്നവനും സ്നേഹിച്ചു തുടങ്ങണം.. അത് തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം.. അപ്പോഴേ അവർ സ്നേഹിച്ചു തുടങ്ങുകയുള്ളു.. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ജീവിച്ചു തുടങ്ങുകയുള്ളു....

Midhun

ഇങ്ങനെയാണ് ചിലർ


നേരം വെളുക്കുന്നതിനു മുന്പേ തൂങ്ങിപ്പിടിച്ച കൺപോളകളുമായി ആണ് ഞാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറാൻ പോയത്... ആ സമയത്തു ഇണീറ്റു ശീലമില്ലാത്തതുകൊണ്ടാണു വല്ലാത്തൊരു അസ്വസ്ഥത.... പരീക്ഷ ഉണ്ടന്ന് വീട്ടിൽ പറഞ്ഞുപോയി.. അല്ലങ്കിൽ ഞാൻ പോവില്ലായിരുന്നു... മുട്ടിയും മൂളിയും ഞാൻ ജംഗ്ഷനിൽ എത്തി...
5:10 ആണ് വണ്ടി.. പക്ഷെ ഈ നാട് നന്നായാലും ആ വണ്ടിയും വണ്ടിക്കാരും നന്നാവില്ല.. സർക്കാർ വണ്ടി ആയതിന്റെ അഹങ്കാരം ഒന്നുമല്ല.. എന്നും താമസിച്ചാണു വരവ്... ഒന്നും രണ്ടും മിനിറ്റ് ഒന്നുമല്ല... അര മണിക്കൂർ.. മുക്കാൽ മണിക്കൂർ...
വെളുപ്പാൻ കാലം ആയതുകൊണ്ട് വെളിച്ചമുള്ളടത്തെല്ലാം ഈയലിന്റെ ശല്യവും.. ആകെ മൊത്തം കലിപ്പ്...
അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നടക്കുന്നതിനിടയിൽ വടക്കു നിന്നും ഒരു ഹോൺ ശബ്ദം.. അതെ അത് ആ വണ്ടി തന്നെ.. ചീറിപാഞ്ഞു വന്ന വണ്ടി ഒരു ഇരുന്നൂറ് മീറ്റർ മുമ്പിൽ കൊണ്ടുപോയി നിർത്തി... ഇതാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. നിൽക്കുന്നിടത്തു നിർത്തില്ല.. എന്തായലും പിന്നാലെ ഓടി ചെന്നു...
"പെട്ടന്ന് ഇങ്ങോട്ടു കയറു.. വണ്ടി ലേയ്റ്റാ.... "
കണ്ടക്ടറുടെ വാക്കുകൾ വല്ലാതെ എന്നെ അങ്ങു മുഷിപ്പിച്ചു..
ശെടാ.. അങ്ങേരുടെ വർത്തമാനം കേട്ടാൽ നമ്മളാണ് വണ്ടി ഓടിച്ചതെന്നു തോന്നുമല്ലോ...
"പെട്ടന്ന് ഇങ്ങോട്ട് കയറടോ."
അങ്ങേരുടെ കട്ടി കൂടിയ വാക്കുകൾ മനസ്സിൽ നിന്നും ദേഷ്യത്തെ കുറച്ചൊന്നു അഴിച്ചു വിട്ടു... അങ്ങോട്ട് പോയി ഒരു തോഴി കൊടുക്കാനാണ് ആദ്യം തോന്നിയത്.... പിന്നെ ഓൾ കേരളാ കണ്ടക്ടർ യൂണിയന്റെ പെട്ടന്നുള്ള ആക്രമണം മുന്നിൽ കണ്ട് ആ തീരുമാനം ഞാനാങ്ങു മാറ്റി.. അല്ലേലും നമുക്ക് എന്തോ വേണം...
ഡോർ അടച്ചു ഡബിൾ ബെൽ അടിച്ചു അയാൾ വണ്ടി വിട്ടു... ബസ്സിൽ അങ്ങോളം ഇങ്ങോളം ഞാൻ ഒന്നു നോക്കി... സീറ്റ് നഹി ഹെ... ആകെ ഉള്ളത് സ്ത്രീകളുടെ രണ്ടു സീറ്റാണ്... പിന്നെ കണ്ടക്ടറുടെ സീറ്റും... കണ്ടക്ടറുടെ സീറ്റിൽ ഇരുന്നാൽ അങ്ങേരെന്നെ കൊല്ലും. സ്ത്രീകളുടെ സീറ്റിൽ ഇരുന്നാൽ അമ്മച്ചിമാരെന്നെ കൊല്ലാതെ കൊല്ലും.. അതുകൊണ്ട് തല്കാലം കമ്പിയിൽ തന്നെ ഞാൻ ഞാന്നു കിടന്നു...
എന്റെ ഊഹം ശരിയാണെങ്കിൽ വണ്ടിയിൽ ഭൂരിഭാഗവും പെൺകുട്ടികൾ ആണ്.. അതും പരീക്ഷക്കു പോകുന്നവർ.. എല്ലാവരുടെയും കൈയ്യിലും ഉണ്ട് ഒരു സഞ്ചി....
കുറെയേറെ ടിക്കറ്റുകൾ കൊടുത്തതിനു ശേഷമാണ്‌ കണ്ടക്ടർ പുറകിലോട്ടു വരുന്നത്...
"എവിടേക്കാ..."
അത് എന്നോടായിരുന്നു..
"തമ്പാനൂർക്ക് "
"ആഹ്.. 97.. "
കൈയ്യിൽ ഉണ്ടായിരുന്ന നൂറിന്റ നോട്ട് കൊടുത്തു ഞാൻ ടിക്കറ്റും ബാലൻസും വാങ്ങിച്ചു..
കമ്പിയിൽ ഞാന്നു കിടന്നുള്ള എന്റെ അഭ്യാസം സഹിക്കാൻ വയ്യാഞ്ഞിട്ടാവണം എന്നോട് ആ സീറ്റിലേക്ക് ഇരുന്നോളാൻ കണ്ടക്ടർ പറഞ്ഞത്... രോമങ്ങൾ നിറഞ്ഞ ആ ഉരുക്കൻ കൈ കണ്ടക്ടർ സീറ്റിലേക്ക് നീണ്ടു... ഒരു ആശ്വാസം എന്ന പോലെ ഞാൻ ആ സീറ്റിലേക്ക് ചേക്കേറി... കണ്ടക്ടർ മുന്നോട്ട് നടന്ന് ഡ്രൈവറുടെ സീറ്റിന്റെ സമീപത്തായി പോയിരുന്നു...
എന്തോ യാത്രയുടെ ഈ ഒരു നിമിഷം എന്റെ മനസ്സ് ചെറുതായൊന്നു അലിഞ്ഞു.. കണ്ടക്ടറോട് തോന്നിയ ആ ദേഷ്യമുണ്ടല്ലോ.. അത് ചെറുതായി ഒന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. ഇരിക്കാൻ തന്ന സീറ്റിനു വെറുതെ ഒരു ഉപകാരസ്മരണ..
മുന്നിലെവിടെയോ ഏതോ ആളുമായി ചില്ലറയ്ക്കു വാശിപിടിക്കുന്ന ആ കണ്ടക്ടറെ നോക്കി അറിയാതെ മനസ്സൊന്നു ചിരിച്ചു...
എന്റെ കൂടിരുന്ന ചേട്ടൻ ഓച്ചിറയിൽ ഇറങ്ങിയതിനു ശേഷമാണു കണ്ടക്ടർ സ്വന്തം സീറ്റിലേക്ക് മടങ്ങി വന്നത്.. പിന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര... അപ്പോഴാണ് ഞാൻ അങ്ങേരെ നന്നായൊന്നു കാണുന്നത്..
അധികം നീളം ഒന്നുമില്ല.. ഉരുണ്ട മുഖം. ചുവന്നു കിടക്കുന്ന കണ്ണുകൾ.. ഒറ്റനോട്ടത്തിൽ ഇങ്ങേരെ കണ്ടു പേടിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ...
യാത്രയുടെ അമിത വേഗതയിൽ വണ്ടി ഏറെക്കുറെ മുന്നൊട്ട് പോയിരിക്കുന്നു .. ചെറിയൊരു മയക്കത്തിൽ ഏർപെട്ടുപോയതുകൊണ്ട് വണ്ടി നീണ്ടകര പാലം കയറി ഇറങ്ങിയത് പോലും ഞാൻ അറിഞ്ഞില്ല..
കൊല്ലം കഴിഞ്ഞു വണ്ടി തിരുവനന്തപുരത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ മുതൽ യാത്രക്കാർ കുറച്ചു കുറച്ചു പൊഴിഞ്ഞു പോവാൻ തുടങ്ങി... എന്റെ ഊഹം ശരിയാണ്.. കൂടുതലും പരീക്ഷക്കുള്ള വിദ്യാർത്ഥിനികൾ ..
പക്ഷെ ആർക്കും സ്ഥലമത്ര പരിചയം ഇല്ല... എവിടെ ഇറങ്ങണമെന്നോ എങ്ങോട്ടു പോകാണമെന്നോ ഒന്നും അറിയില്ല... പെൺകുട്ടികൾക്ക് വഴി പറഞ്ഞുകൊടുത്തു ആളാവാം എന്ന് വെച്ചാലോ എനിക്കാണേൽ ഒട്ടും അറിയില്ല ഈ സ്ഥലം..
മുൻനിരയിലെവിടേയോ സ്ഥലം തിരഞ്ഞുകൊണ്ടിരുന്ന രണ്ടു പെൺകുട്ടികളോട് കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു..
"എങ്ങോട്ടാ... എവിടെയാണ് ഇറങ്ങേണ്ടതു... "
"ആറ്റിങ്ങൽ.. "
മറുപടിയും വന്നു..
"വഴി അറിയുമോ.. "
"ഇല്ല... "
"ഏത് കോളേജിൽ വെച്ചാ.."
ഇന്ന് പരീക്ഷ ഉണ്ടെന്ന കാര്യം കണ്ടക്ടർ എങ്ങനയോ മണത്തറിഞ്ഞിരിക്കുന്നു...
"രാജധാനി കോളേജ്."
ഉത്തരവുമായി ആ പെൺകുട്ടികൾ അടുത്തേക്കു വന്നു...
"ഓക്കേ... വണ്ടിയിപ്പോൾ ചാത്തൻപാറയിൽ നിർത്തും.. അവിടുന്ന് കിഴക്കോട്ട്.. ബസ് റൂട്ട് ആണ്. പക്ഷെ ബസ് കാണില്ല... ഓട്ടോയിക്ക് പോയാൽ സമയത്തങ്ങു എത്തും.... "
ചാത്തൻപാറയിൽ അവരെ ഇറക്കിവിട്ടിട്ട് കിട്ടിയ നന്ദിയും വാങ്ങി പോക്കറ്റിലേക്കിട്ടു കണ്ടക്ടർ പിന്നെയും ഡബിൾ ബെല്ലടിച്ചു...
സത്യത്തിൽ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന ദേഷ്യമെല്ലാം ആ ഒരു നിമിഷം കൊണ്ട് ഇല്ലാതായി എന്ന് വേണം പറയാൻ...
ചോദിച്ചാൽ വഴി പറഞ്ഞു കൊടുക്കുന്ന പലരെയും കണ്ടിട്ടുണ്ട്.. പക്ഷെ ഒരു മുൻ ശുണ്ഠിക്കാരനായിട്ടുകൂടി ചോദിക്കാതെ തന്നെ സഹായിക്കാൻ ശ്രമിക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ ഒരു സന്തോഷം.. പറഞ്ഞു കൊടുക്കുന്ന വഴികളിലും വാക്കുകളിലും ഒരു അച്ഛന്റെ എല്ല സംരക്ഷണങ്ങളും ഉണ്ടായിരുന്നു... മനസ്സിലൂടെ തന്നെ അയാൾ ഓരോരുത്തരെയും അതാതു സ്ഥലങ്ങളിൽ എത്തിച്ചു ...
ഞങ്ങൾ കുട്ടികളാണെന്നും ഈ സ്ഥലം ഞങ്ങൾക്ക് അത്ര പരിചയം ഇല്ലെന്നും ആ മുൻ ശുണ്ഠിക്കാരൻ മനസ്സിലാക്കിയിരിക്കുന്നു...
യാത്രയുടെ പിന്നീടുള്ള വഴികളിൽ എല്ലാം ഒരു കണ്ടക്ടർ വേഷം അഴിച്ചു വെച്ചിട്ട് ഒരു വഴികാട്ടിയുടെ വേഷത്തിൽ അയാൾ അവിടെ ഇരുന്നു... ആണെന്നോ പെണ്ണെന്നോ വിത്യാസം ഇല്ലാതെ സ്വന്തം മക്കളെ പോലെ കണ്ട് അയാൾ ഓരോരുത്തർക്കും വഴി പറഞ്ഞു കൊടുത്തു.. ചിലർ നന്ദി വാക്കുകൾ കൊണ്ട് പൊതിഞ്ഞു.. ചിലർ അതിനുള്ള മനസ്സു പോലും കാട്ടാതെ പിരിഞ്ഞു..
തമ്പാനൂരാണ്‌ ഈ വണ്ടി ഒടുവിൽ നിർത്തുന്നതെന്നും അവിടെയാണ് എനിക്ക് ഇറങ്ങേണ്ടതെന്നും അറിയാമായിരുന്നത് കൊണ്ട് എല്ലാം അറിയുന്നവനെ പോലെ ഞാൻ ഇരുന്നു... എന്നാലും തമ്പാനൂരിനോട് അടുത്ത് ചെല്ലും തോറും മനസ്സിൽ ഒരു ഭയം.. എന്തായാലും ചോദിക്കമെന്നു കരുതി തിരിഞ്ഞപ്പോഴേക്കും തോളിലെ ബായ്ഗ് കണ്ടിട്ടാവണം അയാൾ ചോദ്യങ്ങളുമായി എന്നിലേക്ക്‌ തന്നെ വന്നു..
"നിനക്കും പരീക്ഷ ഉണ്ട് അല്ലെ... എവിടെ വെച്ചാണ്.."
" എസ് എം വി എച് എസ്‌ എസ് തമ്പാനൂർ... "
"വഴി അറിയുമോ."
"ഇല്ല..."
" ഹും.. തമ്പാനൂർ ഇറങ്ങണം.. അവിടുന്ന് നേരെ പോകണം.. രണ്ടാമത്തെ സിഗ്നലിന്റെ അവിടുന്ന് വലത്തോട്ട്.. മനസ്സിലായോ.."
ചോദിക്കാതെ തന്നെ വഴിപറഞ്ഞു തന്ന ആ മനുഷ്യന് ഹൃദയം കൊണ്ട് ഒരായിരം നന്ദി പറഞ്ഞു ഞാൻ ..
"ഇതാണ് തമ്പാനൂർ.. ഇവിടെ ഇറങ്ങികൊളു.. പോയി നന്നായി പരീക്ഷ എഴുത്.."
ആർക്കും കൊടുക്കാത്ത ഒരു ആശിർവാദത്തോടെ കിട്ടിയ കാശും ബായ്ഗിലേക്കു വെച്ച് അയാൾ വണ്ടിയിൽ നിന്നിറങ്ങി സ്റ്റാന്റിലേക്കു നടന്നു.. ഒരു മുൻ പരിചയവും ഇല്ലാത്തവനേ പോലെ.. മനസ്സിൽ ഏറെ പാഠങ്ങൾ പഠിപ്പിച്ചു തന്ന ആ മനുഷ്യൻ ദൂരേക്ക്‌ നടന്നകലുന്നതു ഞാൻ നോക്കി നിന്നുകൊണ്ടേയിരുന്നു...
സത്യത്തിൽ നേരത്തെ ഉള്ളതെല്ലാം എന്റെ വെറും മുൻവിധികൾ ആയിരിന്നു.. ഒന്നു മനസ്സിലാക്കാൻ ഉള്ള ക്ഷമ കാണിക്കാത്ത മുൻവിധികൾ..
സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞവരെല്ലാം കുറച്ചു മുൻശുണ്ഠിക്കാരാണ് .. പക്ഷെ അവരുടെ ഉള്ള് വളരെ ശുദ്ധം ആണെന്ന് ചിലപ്പോൾ അന്നായിരിക്കണം ഞാൻ തിരിച്ചറിഞ്ഞത്.. ഉറക്കം പിടിച്ച കണ്ണുകളെ ഉണർത്താനുള്ള ഒരു ആവേശമായിരുന്നു ആ മനുഷ്യൻ.. ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയാത്തൊരു മനുഷ്യൻ... കുറ്റപ്പെടുത്തിയ നാവു കൊണ്ട് തന്നെ അത് മാറ്റിപറയിപ്പിച്ച നന്മയുള്ള മനുഷ്യൻ..
ഇങ്ങനെയാണ് ചിലർ.. ദൂരെ നിന്നു നോക്കുമ്പോളോ അറിയുമ്പോളോ ചെന്ന് ഒന്ന് തല്ലാൻ തോന്നും.. എന്നാൽ ഉള്ളിലുള്ളതോന്നു അറിഞ്ഞാലോ ഉള്ളു തുറന്നൊന്നു കാട്ടിയാലോ ഓടിച്ചെന്ന് തലോടാനും തോന്നും.. അറിയാതെ തന്നെ പഠിച്ച പാഠങ്ങൾ ഉൾകൊണ്ടു ഞാൻ ആ സ്കൂളിലേക്ക് നടന്നു..

Midhun

ശാരദ ചേച്ചി


"സാറെ ഒരെണ്ണം എടുക്കട്ടേ.."
" വേണ്ട... "
"ഇന്ന് നറുക്കെടുപ്പാണ് സാറെ ... ഒരെണ്ണം എടുക്കു..."
" ഏയ്.. വേണ്ടന്നല്ലേ പറഞ്ഞെ... "
"എനിക്ക് താല്പര്യം ഇല്ല... "
എരിഞ്ഞു തീരാറായ സിഗരറ്റ് കഷ്ണം താഴേക്കിട്ടു ചവിട്ടി അമർത്തിയിട്ടു അദ്ധേഹം പിന്നെയും ഒരെണ്ണം പോക്കെറ്റിൽ നിന്നെടുത്തു കത്തിച്ചു ആ കാത്തിരിപ്പ് തുടർന്നു....
നിരന്തരമായ മറുപടികളിൽ കൊണ്ട് തെല്ലും പരിഹാസപെടാതെ ശാരദ ചേച്ചി ലോട്ടറി ടിക്കറ്റുകളുമായി പിന്നെയും നടന്നു.. തോളിൽ ഒരു ബാഗും തൂക്കി നിന്നവന്റ കൈയ്യിൽ ഒന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞത് കൊണ്ടാകണം ശാരദ ചേച്ചി എന്റെ അടുക്കലേക്കു വരാഞ്ഞത്...
ചുറ്റിനും ആരെയോ തിരയുന്ന ആ കണ്ണുകളിൽ നിന്നും ഞാൻ പതുക്കെ പിൻവാങ്ങി.... ദൂരേക്ക്‌ പോകുന്ന ശാരദ ചേച്ചിയെ മറഞ്ഞിരുന്നു കൊണ്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
കോളേജിലേക്ക് ഉള്ള ബസ് യാത്രയിലും ശാരദ ചേച്ചിയായിരുന്നു എന്റെ മനസ്സു മുഴുവനും... നാളുകൾ ഏറെയായി ശാരദ ചേച്ചിയെ ഈ അമ്പലനടയിൽ ഞാൻ കാണുന്നു.. ലോട്ടറി കച്ചവടവും ആയി .. ഒരു ചെറിയ സൈക്കിൾ ഉണ്ട് ... ഒരു തൊപ്പിയും വെച്ചു രാവിലെ ഇറങ്ങും... രാവിലെ കുറച്ചു സമയം അമ്പലത്തിന്റെ മുന്പിലാണ് കച്ചവടം .. കാര്യമായ പുരോഗമനം ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല...
ഇല്ലാത്ത കാശ് കടം മേടിച്ചു ചവച്ചരച്ചു തുപ്പുന്ന മുറുക്കാൻ കഷ്ണങ്ങളും എണ്ണമില്ലാതെ പൂകയുന്ന ബീഡികുറ്റികളും ശാരദ ചേച്ചിയുടെ മുഖം മനപ്പൂർവ്വം മറന്നതാകാം... അല്ലെങ്കിലും അവർക്കെന്തു ലാഭം...
അമ്പലത്തിന്റെ അടുത്ത് തന്നെയാണ് ശാരദ ചേച്ചിയുടെ വീട്... കള്ളു കുടിച്ചു കരളുവാടി ഭർത്താവ് കുറച്ചു നാൾ മുന്പാണ് മരിച്ചത്... അതിനു ശേഷം ആണ് ശാരദ ചേച്ചി ഈ കച്ചവടത്തിന് ഇറങ്ങിയത്..
ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സ് കാണും ചേച്ചിക്ക്.. രണ്ട് കുട്ടികൾ ഉണ്ട്... പാവം... അന്നന്നത്തെ ആഹാരത്തിനായി പരക്കം പായുകയാണ് ചേച്ചി... കണ്മുന്നിലൂടെ ചേച്ചി പോകുമ്പോഴെല്ലാം അറിയാതെ എങ്കിലും ഞാൻ പോക്കറ്റിലേക്ക് കാശു തിരയും... ഒരു ടിക്കറ്റ് എടുക്കാൻ... നിർഭാഗ്യവാനായ എനിക്ക് ലേട്ടറി അടിച്ചു പെട്ടന്നു കോടീശ്വരൻ ആവാൻ വേണ്ടിയല്ല.. വെറുതെ ഒരു ആശ്വാസത്തിന് വേണ്ടി...
കൈയ്യിൽ കാശു ഉള്ളപ്പോൾ ചേച്ചിയെ കാണില്ല... ചേച്ചിയെ കാണുമ്പോൾ കയ്യിൽ കാശും കാണില്ല... അതാണ് സത്യം..
ഇന്നലെ വരെ വെറുതെ കളഞ്ഞ കാശും പാഴാക്കി കളഞ്ഞ ആഹാരവും എന്നെ എന്തിനോ കുറ്റപ്പെടുത്തുന്നത് പോലെ ഒരു തോന്നൽ ..
പക്ഷെ.. ഇവിടെ ഈ വെറുതെ പുകച്ചു കളയുന്ന ബീഡി കുറ്റികൾക്കെങ്കിലും വല്ലപ്പോഴുമെങ്കിലും ആ ചേച്ചിയെ ഒന്ന് സഹായിക്കമായിരുന്നു... ഇല്ല.. അതിനൊന്നിനും അവർക്കു സമയമില്ല...
കോളേജ് വിട്ടുള്ള പതിവ് വൈകുന്നേരങ്ങളിലും ശാരദ ചേച്ചിയെ ഞാൻ കവലയിൽ കാണാറുണ്ട്.... സൈക്കിളും ചവിട്ടി പത്തു പതിനഞ്ചു കിലോമീറ്റർ.. എല്ലാം ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടങ്ങൾ ...
ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ശാരദ ചേച്ചിയുടെ നെട്ടോട്ടങ്ങൾ കണ്ടപ്പോൾ ഞാൻ ഒന്ന് മനസ്സിലുറപ്പിച്ചു...
"മഹേഷേട്ടനെ ഒന്ന് കാണണം.. പുള്ളിക്ക്‌ നാട്ടിലെ ഒരു ചാരിറ്റി സംഘടനയുമായി ബന്ധം ഉണ്ട്... ശാരദ ചേച്ചിയുടെ മക്കളുടെ പഠന ചിലവെങ്കിലും മഹേഷേട്ടൻ വിചാരിച്ചാൽ ചിലപ്പോൾ കൊടുക്കാൻ സാധിക്കും"
അന്ന് വൈകിട്ട് ബസ് ഇറങ്ങി വീട്ടിലേക്കു നടന്നപ്പോൾ ഒരു ദൈവനിമിത്തം പോലെയാണ് ഞാൻ വഴിയരികിൽ മഹേഷേട്ടനെ കണ്ടത്...
"മഹേഷേട്ടാ... "
"അഹ് ഡാ.. നീയോ... ക്ലാസ് കഴിഞ്ഞു വരുവാണോ.."
" അതെ മഹേഷേട്ടാ .. ഒരു കാര്യം പറയാനുണ്ട് മഹേഷേട്ടാ..."
" അതിനെന്താടാ.. പറയടാ.."
" മഹേഷേട്ടാ.. ആ ശാരദ ചേച്ചിടെ കുട്ടികൾക്ക് പഠനത്തിനായി എന്തേലും സഹായം ചെയ്യാൻ പറ്റുവോ എന്നറിയാനാ... "
"ഏത് ശാരദ ചേച്ചി.."
"ആ ലോട്ടറി വിൽക്കുന്ന .."
പറഞ്ഞുമുഴുവിക്കുന്നതിനു മുന്പേ മഹേഷേട്ടൻ ഓർത്തെടുത്തു...
"ആ നമ്മുടെ ശാരദ ചേച്ചി... അറിയാം.. ഡാ ശാരദ ചേച്ചി എന്നുമാത്രമല്ല.. ജീവിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാവരെയും നമ്മൾ സഹായിക്കാറുണ്ടല്ലോ... ശാരദ ചേച്ചിയേയും സഹായിക്കാം..
പിന്നെ ശാരദ ചേച്ചിയും നമ്മുടെ ചാരിറ്റിയുടെ സജീവ പ്രവർത്തകയാണ്.. എല്ലാമാസവും അവസാനവും വരും.. ഒരു ചെറിയ തുകയും ആയി... സ്വന്തം കഷ്ടപാടുകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ശാരദചേച്ചിയുടെ ആ മനസ്സ്‌ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്... എന്തായാലും വേണ്ടത് എന്താന്ന് വെച്ചാൽ നമ്മുക്ക് ചെയ്യാം... ഇപ്പോ തിരക്കാണ്.. പിന്നേ കാണാം ഡാ..."
അപ്പോഴും മഹേഷേട്ടന്റെ വാക്കുകൾ മാത്രം മനസ്സിൽ തങ്ങിനിന്നു...
സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവരുടെ സന്തോഷത്തിനായി ശ്രമിക്കുന്ന ശാരദചേച്ചി മഹേഷേട്ടനു മാത്രമല്ല.. എനിക്കും ഒരു അത്ഭുതമായി മാറി... ഭാഗ്യ കുറികളുമായി അങ്ങോളം ഇങ്ങോളം ഓടി നടക്കുന്ന ശാരദ ചേച്ചി തന്നെയാണ് ഈ നാടിൻറെ ഏറ്റവും വലിയ ഭാഗ്യം...
ഒരുഗതിയും പരഗതിയും ഇല്ലാതെ ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ നടക്കുന്ന ശാരദ ചേച്ചിയെ പോലെയുള്ള ഒരുപാട് മനുഷ്യർ നമ്മുടെ ഇടയിലുണ്ട്... കഴിയുമെങ്കിൽ കഴിയുമെങ്കിൽ മാത്രം വല്ലപ്പോഴും എങ്കിലും അവരെ ഒന്ന് തിരിഞ്ഞു നോക്കണം.. അത് ചിലപ്പോൾ നമ്മുക്ക് വലുതായി ഗുണം ചെയ്തില്ലെങ്കിലും അവർക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതായൊരു സന്തോഷം നല്കിയേക്കാം.....

Midhun

അച്ഛൻ


"എനിക്ക്‌ പേടിയാ അച്ഛാ... എനിക്കങ്ങോട്ടു പോവാൻ വയ്യ..
എനിക്ക് പേടിയാ... അവരെന്നെ കുത്തും... വേദനയെടുക്കും.. എനിക്ക് വയ്യ.. ഞാൻ പോവില്ല അച്ഛാ... എനിക്ക് പേടിയാ...."
നിറഞ്ഞു തുളമ്പുന്ന കണ്ണുകളുമായി ആ പിഞ്ചു ബാലൻ നിന്ന് കരയുകയാണ്.. സ്വന്തം അച്ഛനെയും കെട്ടിപിടിച്ചുകൊണ്ട്... ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ല് അല്ലാത്തെവരെല്ലാം ഒന്ന് അലിഞ്ഞുപോവും... അത്രയ്ക്കുണ്ട് ആ നിലവിളി..
മൂകമായ ആശുപത്രി വരാന്തയിലെ ഡ്രസ്സിംഗ് റൂമിനു മുന്നിൽ കൂട്ടുകാരനായ അരുണിനെയും കാത്തുനിൽക്കുകയായിരുന്നു ഞാൻ.. വണ്ടിയിൽ നിന്ന് വീണ് അരുണിന്റെ കാൽ മുറിഞ്ഞിരിക്കുന്നു... അതൊന്നു വെച്ചുകെട്ടാനാണ് വന്നത്.. അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന ഈ കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നത്...
ഒരു അഞ്ചോ ആറോ വയസ്സുകാണും.. ഒരു നിക്കർ മാത്രം ഇട്ടിരിക്കുന്നു.. അധികം വണ്ണം ഒന്നുമില്ല. ഒരു അസ്ഥികൂടരൂപം..കൈ ഒടിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു... ആ കൈ നെഞ്ചിനോട് ചാരിവെച്ചിട്ടാണ് ഈ കരയുന്നത്...അമ്മയും അനിയന് അടുത്ത് നിൽപ്പുണ്ട്.. ചേട്ടന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ അനിയനും കരയുന്നുണ്ട്...
"എന്ത് പറ്റിയതാണ്... "
മോന്റെ അനുസരണകേടിന്റെ എല്ല ദേഷ്യവും കണ്ണിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരുന്ന അമ്മയോട് ഞാൻ കാര്യം തിരക്കി...
"ഓ.. എന്തു പറയനാണ് മോനെ.. മരത്തിൽ നിന്ന് വീണതാണ്.... "
"മരത്തിൽ നിന്നോ.. "
"അതെ മോനെ.. വീടിന്റെ മുറ്റത്തു ഒരു ചെറിയ മാവു നില്പുണ്ട്.. നേരം വെളുത്താൽ ചേട്ടനും അനിയനും അതിന്റെ മുകളിൽ ആണ്.. എത്ര പറഞ്ഞാലും കേൾക്കില്ല... വെക്കേഷൻ ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ട..."
പല്ലുകടിച്ചു പിടിച്ചു കൊണ്ടുള്ള ആ സംസാരത്തിന്റൊടുവിലും അമ്മ അവനിലേക്ക് കണ്ണ് ഉരുട്ടുന്നത് കണ്ടു... അമ്മയുടെ കണ്ണൂരുട്ടൽ പിന്നെയും അവന്റെ കണ്ണ് നീരിനെ ഇളക്കിവിട്ടു...
" സാരമില്ലടാ.. മോൻ വിഷമിക്കേണ്ട... വേദനയൊന്നും കാണില്ല... അത് മോന് തോന്നുന്നതാ... അച്ഛനില്ലേ കൂടെ.."
ഒരു നേർത്ത ആശ്വാസം പോലെ അച്ഛൻ അവനിലേക്ക് അടുത്തു...
"ഇല്ല അച്ഛാ.. നമുക്ക് വീട്ടിൽ പോവാം... വാ... വേദനയെടുക്കുന്നു .. "
"അതെങ്ങനെ.. വീട്ടിൽ പോയാൽ വേദന എങ്ങനെ മാറും.. ഇതിപ്പോൾ നമുക്ക് ശരിയാക്കാം.. മോൻ പേടിക്കാതെ.."
ഇനിയൊരു കുരുത്തകേടും കാണിക്കാതിരിക്കാൻ വേണ്ടി മകനോടുള്ള സ്നേഹം ഉള്ളിലൊതുക്കി അവനെ ശകാരിച്ചുകൊണ്ടിരിക്കുന്ന അമ്മയിൽ നിന്നും എന്റെ കണ്ണുകൾ അവനെ സ്വന്തനവുമായി തലോടുന്ന അച്ഛനിലേക്കു നീങ്ങി...
പാവം.. ഒരു കുത്തുവാക്കു പോലും പറയാതെ ആശ്വസിപ്പിക്കുകയാണ് തന്റെ മകനെ.. ഒരുപക്ഷെ അവനെക്കാൾ ഏറെ കുരുത്തുകേടുകൾ കുഞ്ഞുനാളിൽ കാണിച്ചു അതിന്റെ പരീക്ഷയും പാസ്സായിട്ടായിരിക്കണം അച്ഛന്റെ വരവ്..
അടർന്നുവീഴുന്ന അവന്റെ ഓരോ കണ്ണ് തുള്ളിയെയും തുടച്ചുമാറ്റി ഒരു പുഞ്ചിരിയുമായി അവനിലേക്ക് അടുക്കുന്ന അച്ഛനെ കണ്ടപ്പോൾ ഞാൻ പരിധിയില്ലാത്തൊരു ചിന്തയിലേക്ക് വഴുതി വീണു പോയി...
അതങ്ങനെയാണ്... അമ്മയെക്കാൾ ചിലർക്കേറെ ആത്മബന്ധം അച്ഛനോടായിരിക്കും.. അമ്മയോടുള്ള സ്നേഹകുറവുകൊണ്ടൊന്നുമല്ല. ചിലപ്പോൾ അമ്മയ്ക്കും അതാകും ഇഷ്ടം..
പരിചയം ഇല്ലാത്തൊരു മുഖമായി വീട്ടിൽ ഉണ്ടാകുമെമെങ്കിലും അധികനാൾ ഒളിപ്പിച്ചു വെക്കാൻ കഴിയാത്തൊരു സ്നേഹത്തിൻെറ മൂർത്തിഭാവമാണ് അച്ഛൻ . സ്വന്തം കുടുംബത്തിന്റെ തണലിനായി ഒരു ആയുസ്സ്‌ മുഴുവൻ വെയിലുകൊള്ളുന്ന ഒരു പടുവൃക്ഷമാണ് അദ്ദേഹം... പ്രായമേറെ ഓടി കഴിഞ്ഞിട്ടും ആനയായും കുരങ്ങാനായും കുതിരിയായും ഒരു കോമാളിയായും വേഷം കെട്ടുന്ന, സ്നേഹം പുറത്തുകാട്ടാൻ അറിയാത്ത കള്ളൻ അച്ഛൻ...
"അതെ, കുട്ടിയെ അകത്തേയ്ക്കു കൊണ്ടുവന്നോളു.."
ചിന്തകളെ കീറിമുറിച്ചുകൊണ്ടൊരു വിളി... കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അവൻ അകത്തേയ്ക്കു കയറിയപ്പോഴും അവന്റെ കൈയ്യുടെ മറ്റേ അറ്റത്തു അച്ഛൻ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു...
ആഗ്രഹമില്ലങ്കിലും തെല്ലും ഭയത്തോടെ ഞാൻ ഒരു നിലവിളിക്കായി കാതോർത്തിരുന്നു...
ഇല്ല.. പ്രതീക്ഷിച്ചത്‌ പോലെ ഒന്നും അകത്തു സംഭവിച്ചില്ല... ഒരു മൂളൽ പോലും കേട്ടതുമില്ല... കേൾക്കില്ല.. അതെനിക്ക് ഉറപ്പുണ്ട്.. അച്ഛൻ എന്ന മരുന്നുമായി ആണ് അവൻ അകത്തേയ്ക്കു കയറിയത്... പിന്നെ എങ്ങനെ വേദനെയെടുക്കും...
നനഞ്ഞ കൺപീലികളുമായി അകത്തേയ്ക്കു കയറിയവൻ കുറെയേറെ നേരത്തിനു ശേഷം നാണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയുമായാണ്‌ തിരികെ ആ വരാന്തയിലേക്ക് ഇറങ്ങി വന്നതു.. ഇത്രേ ഉണ്ടായിരുന്നുള്ളു . അതിനാണ് കുറെ നിലവിളിച്ചത് എന്നാകാം ആ നാണത്തിന്റെ അർത്ഥം... അച്ഛന്റെ കൈയും പിടിച്ചു ആരുടെയും മുഖത്ത് നോക്കാതെ അവൻ ആ വരാന്തയിലൂടെ നടന്നകന്നപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് മന്ത്രിക്കുകയായിരുന്നു..
"അച്ഛൻ.. ഒരുപാട് അർത്ഥമുണ്ട് ആ വാക്കിന്.. വായിച്ചെടുക്കാൻ കഴിയാത്ത ഒരുപാട് ഒരുപാട് അർത്ഥം...."

By
Midhun

കപടന്മാരുടെ ലോകമാണ് ഇത്


"ഹാലോ ദാമു... ആളെ കിട്ടിയോ... "
"ഇല്ല ഡാ... നോക്കുന്നുണ്ട്.."
"പെട്ടെന്ന് വേണം... ആശുപത്രിയിൽ ആരും ഇല്ല.. അവൻ ഒറ്റയ്ക്കാ... '"
"ഞാൻ നോക്കുന്നുണ്ട് ഡാ.. നിയോന്നു സമാധാനപ്പെടു..."
" ശരി ദാമു എങ്കിൽ.... ആളെ കിട്ടിയിട്ട് വിളിക്ക്..."
അളവില്ലാത്ത നെഞ്ചിടിപ്പിന്റെ വേഗതയിൽ ഞാൻ ഫോൺ പോക്കറ്റിലേക്കിട്ടു....
സങ്ങതി വേറൊന്നുമല്ല... നാരായണൻ.. നാട്ടിലെ ഏക തെങ്ങുകയറ്റകാരനാണ്... എന്റേയും ദാമുവിന്റെയും കൂട്ടുകാരനും... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും അവനില്ല കെട്ടോ... നേരം വെളുത്താൽ വൈകുന്നിടം വരെയും താമരയാ.. മനസ്സിലായില്ലേ ? വെള്ളം ആണെന്ന്...
വല്ല തെങ്ങും കയറാനുണ്ടങ്കിൽ കയറും... കിട്ടുന്ന കാശിനു നേരെ പോവും ഷാപ്പിലോട്ട്... അവിടിരുന്നു കുടിക്കും... പക്ഷെ ആർക്കും ഒരു ശല്യം ഇല്ല കേട്ടോ...
ആളൊരു സാധുവാണ്.. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് എല്ലാം പ്രിയപെട്ടവനും..
ഒരു സൈക്കിളുമായി കറക്കം.. അതാണ് മാഷിന്റെ പ്രധാന പണി...പോകുന്ന വഴിയിൽ ഏതേലും തെങ്ങിൽ മൂത്തു നിൽക്കുന്ന തേങ്ങായുണ്ടെങ്കിൽ ഉടനെ കേറി ഇടും.. കാശു കൊടുത്തില്ലേലും കുഴപ്പമില്ല.. എന്നിട്ടു ഇറങ്ങി വന്നൊരു പറച്ചിലാണ്...
"പള്ളികുടത്തിലേക്കു പിള്ളേരു പോകുന്ന വഴിയാ.. ഇനി അതിങ്ങടെ തലേലെങ്ങും വീഴണ്ട.."
അത്ര പാവം ആണ് അവൻ...
മൂപ്പര് വീട്ടിൽ ഒറ്റയ്ക്കാ താമസം... കെട്ട് കഴിഞ്ഞ് ഒന്നര വർഷം തികയുന്നതിനു മുൻപ് തന്നെ ഭാര്യ ജാനകി അയലത്തുകാരനൊപ്പം ഒളിച്ചോടി പോയി.. ആകെയുണ്ടായിരുന്ന കൊച്ചിനേയും കൊണ്ടുപോയി... ഒരുപക്ഷെ അതിനു ശേഷമായിരിക്കണം അവൻ ഇത്ര കുടിയനായത്.. അല്ലെങ്കിലും ലഹരിക്ക് അടിമപെടുന്നവരിൽ ഭൂരിഭാഗവും ചില ദുരന്തങ്ങളുടെ ഓർമപ്പെടുത്തലുമായ്യിട്ടാണല്ലോ ജീവിക്കുന്നത്...
പിന്നെയുള്ളത്‌ ഒരു അനിയൻ.. നാണു..അവൻ ചേട്ടനെക്കാൾ കഷ്ടമാണ്.. ഒന്ന് കണ്ടുകിട്ടാൻ കുറച്ചു പ്രയാസവും ആണ്...
ഇതിപ്പോ ഇന്നലെ പോകുന്ന വഴിയിൽ നാരായണന് ഒരു അപകടം പറ്റി.. ഒരു ബൈക്ക് കാരൻ കൊണ്ടിട്ടു കേറ്റി... കണ്ടു നിന്നവരെല്ലാം പറഞ്ഞത് പിള്ളേരു ബൈക്കുകൊണ്ടു ഇങ്ങോട്ട് വന്നിടിച്ചതാണെന്നു...
അല്ലെങ്കിലും അവൻ രണ്ടുകാലിൽ നടക്കാൻ പറ്റാത്ത വിധം ഒന്നും കുടിക്കില്ല... ഈ പിള്ളേര് എന്തൊരു പോക്കാണ് ഇപ്പോൾ.. ഒരുമാതിരി ബെല്ലും ബ്രേയ്ക്കും ഇല്ലാത്ത പോക്ക്... റോഡിലോട്ടു ഇറങ്ങാൻ തന്നെ പേടിയാ.. എപ്പോഴാ കൊണ്ടിട്ടു കയറ്റുന്നത് എന്നറിയില്ലല്ലോ...
നാട്ടിലെ ചെറിയ ആശുപത്രിയിൽ ആയിരുന്നു ആദ്യം അവൻ... അവിടെ പറ്റില്ല.. കാൽ ഒടിഞ്ഞു... അതുകൊണ്ട് മെഡിക്കൽ കോളേജിലോട്ടു കൊണ്ടുപോയി... ചുരുക്കി പറഞ്ഞാൽ മൂപ്പർക്ക് ഇനി പണിയെടുത്തു തിന്നാൻ പറ്റില്ല...
ആശുപത്രിയിൽ നിന്നും എന്നെയാ വിളിച്ചത്... കുറച്ചു ദിവസം അവിടെ കിടക്കേണ്ടി വരും.. ബാത്രൂമിൽ പോവാനും കുളിപ്പിക്കാൻ കൊണ്ടു പോവാനും കൂട്ടിനു ഒരു ആളെ വേണമെന്ന് അവർ പറഞ്ഞു...ആരോരും ഇല്ലാത്ത അവനു ഞങ്ങൾ ഇപ്പൊ ആരെ കൂട്ടുപിടിച്ചു കൊടുക്കാനാ... അതിന്റെ ടെന്ഷനിലാണ് ഞാനും ദാമും..
എനിക്ക് നാളെ കാലത്തു മോളെയും കൊണ്ടൊരു പരീക്ഷക്കു പോണം.. കോഴിക്കോട്.. പെൺകുട്ടി അല്ലെ.. ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ... ദാമുവിനാണേൽ കടയിൽ പോവാതിരിക്കാൻ പറ്റില്ല.. കഞ്ഞികുടി മുട്ടും.. ഭാര്യയും രണ്ടു പിള്ളേരും ഉള്ളതാ.. ഇതിപ്പോ ആരെ കൂട്ടിനു വിടാനാ....
ചാരുകസേരയിൽ മയക്കം പിടിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളെ വിളിച്ചുണർത്തി കൊണ്ട് ദാമുവിന്റെ ഫോൺ കാൾ വന്നു..
"ആ ദാമു .. പറയടാ.."
"ഡാ അവന്റെ അനിയനെ കണ്ടുപിടിച്ചു..."
"ആഹാ. അവനോടു പറഞ്ഞോ.."
"പറഞ്ഞു...അവൻ ഇരിക്കാമെന്നു സമ്മതിച്ചു.. പക്ഷെ.. "
"എന്താടാ.. എന്ത് പക്ഷെ.."
" അവനു ദിവസവും 2000 രൂപയും വണ്ടിചിലവും വേണോന്നു... "
"കാശൊ.. എടാ അവന്റെ ചേട്ടനാണ് കാൽ ഒടിഞ്ഞു കിടക്കുന്നത് എന്ന് പറഞ്ഞില്ല... "
"അതൊക്കെ പറഞ്ഞു.. പക്ഷെ കാശു കൊടുത്താൽ ഇരിക്കാമെന്നു..."
"2000 രൂപ വെച്ചു ഇപ്പൊ നമ്മൾ എവിടെ പോയി ഉണ്ടാക്കാനാ... നീ എന്തായാലും ഫോൺ വെക്ക്.. ഞാൻ ഒന്ന് ആലോചിക്കട്ടെ.."
എന്റമ്മോ.. 2000 രൂപയോ... ഇതാണോ ഈ ബന്ധങ്ങളുടെ വില എന്നൊക്കെ പറയുന്നത്.. പണത്തിനു പിന്നാലെ നടക്കുന്ന പ്രാന്തൻ മനുഷ്യരെ പറ്റി ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി ഞാൻ. എന്നാലും അവന്റെ ചേട്ടൻ അല്ലെ..
എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നപ്പോളാണ് പിന്നെയും ദാമു വിളിക്കുന്നത്..
"ദാമു.. പറയ്.. എന്തായി.. അവൻ എന്ത് പറഞ്ഞു... "
ഡാ.. അവനുമായി കുറെ വഴക്കിട്ടു.. ഒടുവിൽ അവൻ പോയി.. അവൻ പോട്ടെ... രക്തബന്ധത്തിന്റെയൊന്നും വില അറിയാത്ത അവനെ പോലൊരുത്തന്റെ സഹായമൊന്നും കാശുകൊടുത്തിട്ടാണെങ്കിലും നമുക്ക് വേണ്ട.. ഞാൻ പോയി നിന്നോളം അവനു കൂട്ടു..."
" ദാമു നീയോ.. അപ്പൊ കടയോ.. "
"അത് സാരമില്ല.. ഇപ്പൊ വേറെ വഴിയൊന്നും ഇല്ലല്ലോ.."
" നീ കാലത്തു കൊച്ചിനേയും കൊണ്ട് പൊക്കോ.. ഞാൻ അങ്ങോട്ട് പൊയ്‌ക്കോളം.."
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോൾ എന്തൊ മൗനമായി ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. രക്തബന്ധം തോറ്റുപോയിടത്ത് ആത്മബന്ധം വിജയിച്ചിരിക്കുന്നു...
ദാമു നാരായണന്റെ വെറും സുഹൃത്തു മാത്രമാണ്... എന്നിട്ടും സ്വന്തം കുടുംബത്തെ പട്ടിണിക്കിട്ട് അവൻ ഇത് ചെയ്യാൻ മുതിരുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരു സ്നേഹവും ബഹുമാനം തോന്നുന്നു ദാമുവിനോട്...
കാശ് കാശ്.. അത് മനുഷ്യനെ മനുഷ്യൻ അല്ലാതാക്കിയിരിക്കുന്നു.. മനുഷത്വം ഇല്ലാത്തവൻ..
കാശു കൊണ്ട് പോലും സ്വന്തം കൂടെപിറപ്പിനെ അളക്കുന്ന നാണുവിനെ പോലുള്ള കപടന്മാരുടെ ലോകമാണ് ഇത്.. ആ കപടതയെ ഒരുപരിധി വരെ മറച്ചുപിടിക്കുന്നത് ദാമുവിനെ പോലുള്ള സുമ്മനസ്സുകൾ ആവാം അല്ലെ... ആയിരിക്കാം.. അങ്ങനെ തന്നെ നമ്മുക്ക് അനുമാനിക്കാം...

Midhu Vyshakam

പരിഹാസങ്ങൾ നല്ലതല്ല


"ചേട്ടാ... അറിയുമോ..."
ഭാര്യയുടെ കന്നിപ്രസവത്തിന്റെ വെപ്രാളത്തിൽ ആശുപത്രി വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന എന്റെ പിന്നാമ്പുറത്തു നിന്നുമായിരുന്നു ആ ചോദ്യം... ഓർമയുടെ ഓളങ്ങളിൽ അപരിചിതമല്ലോത്തൊരു മുഖം...
'"അഞ്ചുവല്ലേ..."
"അതെ ചേട്ടൻ എന്നെ മറന്നില്ലലോ... "
"അഞ്ചു.. എന്താ ഇവിടെ.. ഇപ്പോഴും ഇവിടെ തന്നെയാണോ...''
"അതെ ചേട്ടാ... ട്രെയിനിങ് കഴിഞ്ഞ് ഇവിടെ തന്നെ ജോലി കിട്ടി ഞങ്ങൾക്കു..."
"ആഹാ... അതെന്തായാലും നന്നായി..സുഖമാണോ അഞ്ചു... "
" സുഖം ചേട്ടാ.."
"ചേട്ടൻ ഒക്കെ ഇപ്പൊ വലിയ താരം അല്ലെ.. വലിയ ആളായിപോയല്ലോ..."
"ഓ വലിയ ആളൊന്നുമല്ല.. ചെറിയ ആൾ തന്നെയാ.. "
"ശരി.. ഇവിടെ എന്താ ലേബർ റൂമിനു മുന്നിൽ... "
"അത് പറയാൻ മറന്നു.. ഭാര്യ അകത്തുണ്ട്.."
"അപ്പൊ കല്യാണം കഴിഞ്ഞു എന്ന് സാരം..."
"അതേ..,രേവതിയും ഇവിടെ തന്നെയാണോ.... "
മനസ്സിൽ എന്നോ മറച്ചുവെച്ചൊരു പേര് തെല്ലും ആകാംഷയോടെ ഞാൻ ചോദിച്ചു...
"ആഹാ അപ്പൊ കല്യാണം കഴിഞ്ഞിട്ടും ചേട്ടൻ അവളെ മറന്നിട്ടില്ലല്ലോ...'"
" ഇല്ല... മറക്കാനോ..."
" അതും ശരിയാണ് എങ്ങനെ മറക്കാനാണ്.. 4 വർഷം അല്ലെ ആയുള്ളൂ..."
അതെ 4 വർഷം...
4 വർഷം മുൻപാണ് ഞാൻ ഇവിടെ അവസാനമായി വരുന്നത്... അച്ഛനു ചെറിയൊരു ആക്സിഡന്റ് പറ്റി ഒരു പത്തിരുപത് ദിവസം ഞാൻ ഇവിടെ അച്ഛന്റെ കൂട്ടിനു ഉണ്ടായിരുന്നു..
അന്ന് അഞ്ചുവും രേവതിയും എല്ലാം ഇവിടെ നേഴ്സിംഗ് ട്രൈയിനിങ്ങിൽ ആയിരുന്നു... ഓരൊ രോഗിയുടെയും കൂടെ ഓരോ നേഴ്സും കാണും... അന്ന് അച്ഛന്റെ കൂടെ കൂടുതൽ ദിവസവും രേവതിയായിരുന്നു.
ആദ്യമൊക്കെ ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു രേവതി... പിന്നെ പിന്നെ ദിവസേനയുള്ള കണ്ടുമുട്ടൽ... ചിലപ്പോൾ പ്രായത്തിന്റെ വെറും ആഘർഷണം ആവാം... ഒരു പാലക്കാട്ടുകരി ചുന്ദരി കുട്ടി... ആ നേർസിങ് കുപ്പായത്തിൽ അവളെ കാണാൻ വല്ലാത്തൊരു ചേലായിരുന്നു...
മനസ്സറിയതെ തന്നെ മനസ്സിൽ ഒരു ഇഷ്ടം.. പറയണം എന്ന് കരുതിയില്ല.. പിന്നെ പറയാൻ തന്നെ തീരുമാനിച്ചു.. അഞ്ജുവിനോട് പലതവണ സമീപിച്ചെങ്കിലും നടന്നില്ല.. ഒടുവിൽ നേരിട്ട് തന്നെ പറഞ്ഞു... മറുപടിക്ക് അധിക സമയം വേണ്ടി വന്നില്ല...
"എനിക്ക് ഒരു അച്ഛനും അമ്മയും ഉണ്ട്.. അവർ തീരുമാനിക്കുന്ന ആളെ ഞാൻ കെട്ടിക്കോളാം.
പിന്നെ ഇന്നലെ കണ്ട ഒരു മരങ്ങോടനെ ഏന്തു കണ്ടിട്ടാണ് ഇഷ്ടപെടേണ്ടതു....അവനവന്റെ നിലയും വിലയും ഒക്കെ നോക്കണ്ടേ... "
അവൾ ആദ്യം പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അവളോട് ബഹുമാനം തോന്നി... പക്ഷെ അവൾ രണ്ടാമത് പറഞ്ഞൊരു ഡയലോഗ് ഉണ്ടല്ലോ.. അതെന്റെ ചങ്കിൽ തന്നെ കൊണ്ടു...
ശരിയാണ് അന്ന് ഞാൻ വെറും മരങ്ങോടനാ... പറക്കുന്ന മുടിയും തിളങ്ങുന്ന ഗ്ലാസും ഇല്ലാത്ത വെറും മരങ്ങോടൻ.. വിലകൂടിയ വാച്ചില്ല... ഷൂ ഇല്ല.. ഒന്നുമില്ല...
പ്രേമിക്കാൻ ഈ പറഞ്ഞ സാധനം ഒക്കെ വേണം എന്ന് അന്നാ തിരിച്ചറിഞ്ഞത്... അല്ല അവൾ പഠിപ്പിച്ചത്..
എന്തായാലും അത് അവിടം കൊണ്ട് കഴിഞ്ഞു.. ഞങ്ങൾ ആശുപത്രി വിട്ടു...
ഒരുപണിയും ചെയ്യാതെ വായിനോക്കി നടന്ന പിന്നീടുള്ള സമയത്തെപ്പോഴോ ആണ് നാട്ടിലുള്ള ഏക സിനിമക്കാരൻ മനു ചേട്ടൻ അഭിനയിക്കുന്നോ എന്ന ചോദ്യവുമായി എന്നിലേക്കു വന്നത്..
ചോദ്യം കേട്ട് ഞാൻ ഞെട്ടി...
"ഞാനോ മനു ചേട്ടാ.. നിങ്ങക്ക് ആളുമാറി പോയോ.."
" അതെ... നീ തന്നെ..''
"ഞാൻ എങ്ങനാ മനു ചേട്ടാ, അഭിനയത്തിന്റെ എ ബി സി ഡി എനിക്ക് അറിയില്ല.."
"ഡാ ഇതൊരു ചെറിയ കഥയാണ്.. ഒരു ഹ്രിസ്വചിത്രം... നീ അഭിനയിക്കേണ്ട.. ജീവിച്ചാൽ മതി.. നിനക്ക് പറ്റും. നിന്നെ പോലൊരു ആളെ ആണ് ആവശ്യം."
ആദ്യം കുറെ പിന്മാറാൻ നോക്കിയെങ്കിലും മനുചേട്ടൻ വിട്ടില്ല..മാതൃ സ്നേഹത്തിന്റെ വില വിളിച്ചോതുന്ന ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല അതെന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന്... അല്ലെങ്കിലും സമയം തെളിയാൻ ഒരു നിമിഷം മതിയല്ലോ അല്ലെ...
പിന്നെ മനുവേട്ടന്റെ വഴിയിലൂടെ ചെറിയചെറിയ വേഷങ്ങൾ... വലുതല്ലങ്കിലും മനസ്സിനെ തൃപ്തിപെടുത്തുന്നവ.. അതിലൂടെ കുറച്ചൊക്കെ വളർന്നു... ഒരു ചെറിയ നടൻ എന്ന പേര് സമ്പാദിച്ചു..
ഇപ്പോഴും ലക്ഷ്യത്തിലേക്കു എത്തിയില്ല.. എങ്കിലും വിലയില്ലാത്തൊരു വാച്ച്‌ ഉണ്ട്... തരക്കേടില്ലാതെ പറക്കുന്ന മുടി ഉണ്ട്.. മരങ്ങോടൻ അല്ലാത്ത ഒരു രൂപം ഉണ്ട്..എവിടെ ചെന്നാലും ഹൃദയം നിറയെ സ്നേഹവുമായി കുറെ ചങ്ങായിമാർ ഉണ്ട്‌.. മതിയല്ലോ.. വളരുന്ന ഒരു കലാകാരന് ഇതിൽപ്പരം സന്തോഷം എന്ത് വേണം...
അഞ്ജുവുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ വരാന്തയുടെ മറ്റേ അറ്റത്തു മരുന്നുകളുമായൊരു കാൽശബ്ദം.. അത് രേവതി ആയിരിക്കും എന്ന് മനസ്സുപറഞ്ഞു.. മനസ്സ്‌ പറഞ്ഞത് ശരിയാണ്.. അത് രേവതി തന്നെ..
വലിയ മാറ്റം ഒന്നുമില്ല ആ മുഖത്തിന്... പഴേ സൗന്ദര്യം ഒക്കെ തന്നയുണ്ട്.. പക്ഷെ അതിലും സൗന്ദര്യം ഇപ്പൊ ലേബർ റൂമിൽ കിടക്കുന്ന എന്റെ ഭാര്യക്കാണു കേട്ടോ.. എന്നെ എവിടെയൊക്കെയോ അവൾ അറിഞ്ഞിരിക്കുന്നു..
നിശ്ശബ്ധമായൊരു ചമ്മലോടെ ഒരു ചെറു പുഞ്ചിരിയോടെ അവൾ അടുത്തേക്ക് വന്നു... പുഞ്ചിരിക്ക് മറുപടി കോടുക്കാതെ ഞാൻ കണ്ണ് വെട്ടിച്ചു...
"അതെ സിനിമ ഒക്കെ കാണാറുണ്ട്.. അഭിനയം നന്നാവുന്നുണ്ട്.. "
അഹങ്കാരം ഇല്ലാത്ത നിഷ്കളങ്കത നിറഞ്ഞൊരു ശബ്ദം... മറുപടി കൊടുക്കാതെ മൗനം ഞാൻ തുടർന്നു..
"എന്തെ ഒരു നന്ദി വാക്ക് പോലും ഇല്ലേ... ദേഷ്യമായിരിക്കും അല്ലെ...'"
" ഇല്ല ഒന്നുമില്ല.. ഒരു മരങ്ങോടന്റെ നന്ദിവാക്കു പോലും നിന്റെ ജീവിതത്തിനു ക്ഷതം ഏല്പിക്കണ്ടന്നു കരുതി... "
ലേബർ റൂമിന്റെ പുറത്തു ഒരു ചെറുപ്പക്കാരൻ വെറുതെ നിൽക്കില്ല എന്ന് അവൾക്കറിയാം.. അതുകൊണ്ട് പിന്നിടോന്നും അവൾ പറയാൻ മുതിർന്നില്ല ...
പുറത്തുപോകണം എന്ന വ്യാജേന അഞ്ജുവിനോടും യാത്രപറഞ്ഞു ഞാൻ നടന്നു... ഒരു പിന്മാറ്റം അവിടെ ആവശ്യമായിരുന്നു... അപ്പോഴും ഒരു ക്ഷമാപണത്തിനെന്ന പോലെ അവളുടെ കൈകൾ നീളുന്നുണ്ടായിരുന്നു...
ഇല്ല... അവളുടെ വാക്കുകൾക്കൊന്നും ഇനി സ്ഥാനം ഇല്ല... ഒരു ക്ഷമാപണം ചിലപ്പോൾ പിന്നെയും എന്നെ എന്തിനെങ്കിലും പ്രേരിപ്പിച്ചാലോ എന്ന ഭയം...
വേണ്ടാ...അകത്തുകിടക്കുന്ന എന്റെ ഭാര്യ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവൾ... നിരാശപ്പെട്ട മനസ്സിന് പ്രതികാരം ചെയ്യാനുള്ള അവകാശമുണ്ട്... അതുകൊണ്ട് ആ പ്രതികാരത്തിനു ഒരു സുഖവുമുണ്ട്.. നമ്മൾ പിന്നാലെ നടന്നവൾ പിന്നീടൊരിക്കൽ നമ്മുടെ പിന്നാലെ നടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. അതൊന്നും വാക്കുകൾ കൊണ്ട് വർണിച്ചെഴുതാൻ കഴിയില്ല...
ഒരാളെ സ്നേഹിക്കുകയോ സ്നേഹിക്കാതിരിക്കുകയോ.. അതൊക്കെ അവരവരുടെ ഇഷ്ടം... പക്ഷെ അവരുടെ കുറവുകളുടെ മർമ്മത്തു പിടിച്ചുള്ള പരിഹാസങ്ങൾ അത്ര നല്ലതല്ല... അവർ നമ്മെക്കാൾ ഉയരങ്ങൾ കീഴ്പെടുത്തുമ്പോൾ പിന്നെ അവരെയൊന്നു കാണാനോ മിണ്ടാനോ നാളുകൾ എണ്ണി കാത്തിരിക്കേണ്ടിവരും... ചിലപ്പോൾ വാവിട്ടുപോയ വാക്കിനെ കുറിച്ചോർത്തു കണ്ണീർ അണിയേണ്ടി വരും....


അമ്മായിയമ്മയും മരുമകളും


"നീ ഈ വീട്ടിൽ എന്ന് കാലുകുത്തിയോ അന്ന് തുടങ്ങിയതാണ് എന്റേം എന്റെ മോന്റേം കഷ്ടപ്പാട്... മഹാപാപി നീ എന്റെ ചാരം കാണാൻ വേണ്ടിട്ടാണോ ഇങ്ങോട്ട് കേറിവന്നത്."
" നിങ്ങടെ മോന്റെ കഷ്ടപ്പാട് തുടങ്ങിയത് നിങ്ങടെ മോന്റെ കയ്യിലിരുപ്പ് മോശമായൊണ്ടല്ലേ... അതിനു ഞാൻ എന്ത് വേണം."
അപ്പുറത്തെ വീട്ടിലെ സുലോചനാമ്മയുടെയും മരുമോള് മാളു ചേച്ചിയുടെയും പതിവ് ഏറ്റുമുട്ടലിൽ തന്നെയാണ് ഞാൻ അന്നും നേരം വെളുത്തു ഉണർന്നത്....
യുദ്ധമാണ് .. അമ്മായിഅമ്മയും മരുമോളും തമ്മിലുള്ള നിരന്തരമായ യുദ്ധം ...ഒരു രക്ഷയും ഇല്ല.... ചട്ടിയും കലവും ആവുമ്പോൾ തട്ടുവേം മുട്ടുവേം ഒക്കെ ചെയ്യുമെന്ന് അറിയാം.. പക്ഷെ ഇത്രക്ക് അങ്ങോട്ടു കൂട്ടിയിടി ഞാൻ എങ്ങും കണ്ടിട്ടില്ല..
ഒരു പണിയും ഇല്ലാതെ നാട്ടിൽ വായിനോക്കി നടന്ന വിമലേട്ടൻ 2 വർഷം മുന്പാണ് ജോലി അന്വേഷിച്ചു ഗൾഫിലേക്ക് വിട്ടത്.. കടിച്ചുപിടിച്ചു അവിടെ നിന്ന് ഒരു ഗൾഫ്കാരൻ പേരൊക്കെ സമ്പാദിച്ചു നാട്ടിൽ വന്നു..പുള്ളിടെ അടുത്ത ലക്ഷ്യം കല്യാണം ആയിരുന്നു...
"അപ്പൊ കല്യാണം കഴിക്കാൻ വേണ്ടി ആയിരുന്നോ അങ്ങേരു ഗൾഫിൽ പോയത്."
സ്വഭാവികം ആയും ആർക്കും ഉണ്ടാകുന്നൊരു സംശയം അന്ന് എനിക്കും ഉണ്ടായി...
പിന്നെ വിശ്രമിക്കാനൊന്നും പുള്ളി നിന്നില്ല... ഒരറ്റത്തു നിന്നു അന്വേഷിക്കാൻ തുടങ്ങി... മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം...
സ്വന്തം ജീവിതത്തിനോട് ഒരു ശതമാനം പോലും ആത്മാർത്ഥതയും സ്നേഹവും ഇല്ലാത്ത ആ കിഴങ്ങേശ്വരനു കെട്ടാൻ പോന്ന പെണ്ണിനെ കുറിച്ചു പോലും ഒരു സങ്കല്പങ്ങളും ഇല്ലായിരുന്നു എന്നത് എന്നെ വല്ലാതങ്ങു നിരാശനാക്കി...
ഒരു മുഴുനീള അമ്മ മോൻ... എന്തിനും ഏതിനും അമ്മ ... അമ്മയെ സ്നേഹിക്കരുത് അനുസരിക്കരുത് എന്നൊന്നും പറയുന്നില്ല.. പക്ഷെ ആണായി പിറന്നിട്ടുണ്ടങ്കിൽ സ്വന്തമായി ഒരു അഭിപ്രായം വേണം... തീരുമാനം എടുക്കാൻ ഉള്ള കഴിവ് വേണം..അത് അങ്ങേർക്കു ഇല്ല...
പതിവ് കല്ല്യാണ ശൈലിയിലേത് പോലെ തന്നെ ജാതകം നോക്കാൻ കണിയാന്റെ അടുക്കൽ ചെന്നപ്പോഴാണ് വിമലേട്ടനും അമ്മയും ആ നഗ്നസത്യം മനസ്സിലാക്കിയത്...
"ചൊവ്വാദോഷം ഉണ്ട് ചെക്കന്...ഒരു ചൊവ്വദോഷക്കാരിയെ തന്നെ കണ്ടുപിടിക്കണം . അല്ലങ്കിൽ ജീവിതം തവിടു പൊടി ആവും..പെട്ടന്ന് ആയിക്കോട്ടെ..."
എഹ്‌ ചൊവ്വാദോഷമോ... ഇങ്ങേർക്കോ...
കള്ളും കുടിച്ചു അമ്പലത്തിലും കയറാതെ നടക്കുന്ന വിമലേട്ടൻ ഇതിലൊന്നും വിശോസിക്കില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്... പക്ഷെ എനിക്ക് തെറ്റി...
പഴകിപോയ കെട്ടുകഥകളും വിശ്വാസങ്ങളും മനുഷ്യമനസ്സുകളിൽ ആഴത്തിൽ പൊള്ളലേല്പിച്ചിട്ടുണ്ട് എന്നതൊരു സത്യമാണ്..
അതുകൊണ്ടായിരിക്കണം ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കണ്ടുപിടിക്കാൻ വിമലേട്ടൻ ഇറങ്ങിയത്...തിരഞ്ഞിട്ടും കിട്ടാതായപ്പോൾ അങ്ങേരു പിന്നെയും ആ കണിയാന്റടുക്കൽ പോയി...
"അധികം എങ്ങും പോകണ്ട.. കുട്ടി നിങ്ങടെ അടുത്തു തന്നെയുണ്ട്... വടക്കേ പറമ്പിലെ രാജന്റെ മോൾ."
" ആര് മാളുവോ."
"അഹ് അവൾ തന്നെ."
അവൾക്കും ഉണ്ട് ചൊവ്വാ ദോഷം... കഴിഞ്ഞ ഒരു ദിവസം ഇവിടെ നാളു നോക്കാൻ വന്നിരുന്നു...അവൾക്കും കല്ല്യാണം ആലോചിക്കുന്നുണ്ട്..
ആഹാ.. വിമലേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. ആവശ്യത്തിലേറെ സ്വത്ത്, പണം ... പെണ്ണിനെക്കാൾ ഏറെ പൊന്നിനും പണത്തിനും വിലകല്പിക്കുന്നവന് വേറെ എന്ത് വേണം ..
വിമലേട്ടന്റെ അമ്മയ്ക്കും ആ ആലോചന അങ്ങ് ബോധിച്ചു.. മാളു ചേച്ചിയെ അല്ല .. ഓളുടെ പൊന്നിനേയും പണത്തിനേയും...
അല്ലെങ്കിലും കല്യാണം എന്ന് പറഞ്ഞാൽ അന്നും ഇന്നും എന്നും കണക്കു പറഞ്ഞുള്ള ഒരു കച്ചവടം അല്ലെ... പെണ്ണിന്റെ കല്ല്യാണം ആയില്ലേ എന്ന് ചോദിക്കേണ്ടതിനു പകരം പെണ്ണിന്റെ കച്ചവടം ആയില്ലേ എന്ന് ചോദിക്കേണ്ട സ്ഥിതി വന്നിരിക്കുന്നു...
കല്യാണപ്രായം എത്തിയത് കൊണ്ടും ചൊവ്വാദോഷം എന്ന ഗതികേട് ഉള്ളതുകോണ്ടും പ്രായം എന്ന വില്ലൻ വേട്ടയാടുന്നത് കൊണ്ടും മാളു ചേച്ചിയെ വിമലേട്ടനു കെട്ടിച്ചുകൊടുക്കാതെ വേറെ വഴിയില്ലായിരുന്നു രാജേട്ടന്റെ മുന്നിൽ...
വീടിന്റെ അടുത്തല്ലേ , ഒരു ഗൾഫകാരൻ അല്ലെ എന്നൊക്കെ രാജൻ ചേട്ടനും ചിന്തിച്ചു കാണും...
പക്ഷെ കെട്ട് കഴിഞ്ഞതോടെ വിമലേട്ടന്റെ മട്ട് മാറി..
" ഇനി ഗൾഫിലോട്ടു ഇല്ല... നാട്ടിൽ എന്തേലും പണി നോക്കികൊള്ളം..."
അവിടെ തുടങ്ങി പ്രശ്നങ്ങൾ... അവിയലിന്റ ഉപ്പും ചൊറിന്റ വേവും അങ്ങനെ അങ്ങനെ നിസ്സാരമായ പല പ്രശ്നങ്ങളും ആ അമ്മയിഅമ്മയും മരുമോളും കൂടി അവരാൽ കഴിയുന്ന വിധം കലാപം ആക്കി മാറ്റികൊണ്ടിരുന്നു... അക്കാര്യത്തിൽ അവർക്കു നൂറിൽ നൂറു മാർക്ക് കൊടുക്കണം ..
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടാഴ്ച്ച വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു.. പിന്നീട് അങ്ങോട്ട് അടിയുടെ ഇടിയുടെ പൊടിപൂരം ആയിരുന്നു..
പിന്നെ പഴയ കാലം ഒന്നും അല്ലല്ലോ.. ഭർത്താവിന്റെയും അമ്മയുടെയും ചൂണ്ടുവിരലുകൾക്കുള്ളിൽ ഒതുങ്ങി സഹിച്ചു ക്ഷമിച്ചു നിൽക്കുന്ന പെൺയുഗം അല്ലിത്... അതുകൊണ്ടു തന്നെ സുലോചനാമ്മ ഒന്ന് പറഞ്ഞാൽ മാളുച്ചേച്ചി തിരിച്ച ഒൻപത് പറയും...
പ്രയോജനം ഉണ്ടായത് എന്റെ അമ്മക്കാണു..
നേരത്തെ എന്നെ വിളിച്ചുണർത്താൻ ഒരു ബക്കറ്റ് വെള്ളവുമായിട്ടു കോണിപടി കയറി വരണമായിരുന്നു അമ്മക്ക്..ഇപ്പോൾ ഉണരാൻ അലാറം പോലും വെക്കേണ്ട.. അത്രയ്ക്ക് ടൈമിംഗാ...
"പ്പാ..."
സുലോചനാമ്മയുടെ ഈ ഒറ്റ ആട്ടിൽ ആണ് ഞാൻ എന്നും ഉണരാറ്..
കള്ളുകുടിക്കും സകല തോനിവാസങ്ങൾക്കും അടിമപ്പെട്ട വിമലേട്ടന്റെ കൂടെ ഇനി ജീവിക്കാൻ വയ്യ എന്നാണ് മാളു ചേച്ചിയുടെ നിലപാട്‌.. വിലയില്ലാത്തൊരു ഒപ്പിൽ ആ ബന്ധം താമസിയാതെ വേരോടെ പിഴുതെറിയപെടും...
കാര്യമില്ലാതെ കണിയാന് കുറച്ചു കാശു കൊടുത്തു എന്നല്ലാതെ ഇവിടെ വേറെ ആർക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല...കല്യാണത്തിന് മുൻപ് മാളുച്ചേച്ചിക്ക് ചൊവ്വാഴ്ച മാത്രമേ ദോഷമുണ്ടായിരുന്നുള്ളൂ.. അതിനു ശേഷം ചൊവ്വാഴിച്ച ആണോ ബുധനാഴിച്ച ആണോ വ്യാഴാഴിച്ച ആണോ ദോഷം എന്നറിയില്ല...
നേരുപറഞ്ഞാൽ നമ്മുടെ മനസ്സാണ് എല്ലാം.. അത് നന്നായാൽ നമ്മുടെ ലൈഫു നന്നാവും.. ഇല്ലങ്കിൽ ലൈഫും പോവും.. നമ്മളെടുക്കണ്ട തീരുമാനം വല്ല കണിയന്മാർക്കും എടുക്കാൻ കൊടുക്കുന്നവർക്കെല്ലാം ഇതു തന്നെ ആയിരിക്കും വിധി..
പാവം മാളു ചേച്ചി.. ഒത്തിരി സ്വപ്നങ്ങളും ഒത്തിരി പ്രതീക്ഷകളുമായി എല്ലാ പെൺകുട്ടികളെയും പോലെ ജീവിതം തുടങ്ങിയവൾ ആണ്.. എന്നിട് ഇപ്പൊ... ദാ കിടക്കുന്നു ചട്ടി കലോം... അതിന്റെ ജീവിതം പോയി..
"ഒരു ചൊവ്വാ ദോഷകാരിയെ തന്നെ കണ്ടുപിടിക്കണം.. അല്ലങ്കിൽ ജീവിതം തവിട് പൊടിയാവും "
അർഥം ഇല്ലാത്ത കണിയാന്റെ വാക്കുകൾ പിന്നെയും ചെവിയിൽ പരിഹാസത്തോടെ അലയടിച്ചു.. കൂടെ ആത്മാവ് ഇല്ലാത്ത കുറെ വിശ്വാസങ്ങളുടെ പേരിൽ തകർക്കപ്പെട്ട മാളു ചേച്ചിയെ പോലുള്ള ജീവിതങ്ങളെ നോക്കി സഹതപ്പിക്കുകയും ചെയ്തു..
"ഉണ്ണി... ഞാൻ അങ്ങോട്ട് കയറി വരണോ..അതോ..നീ ഇങ്ങോട്ട് ഇറങ്ങി വരുന്നോ.."
അമ്മയുടെ മൂർച്ചയേറിയ വിളികേട്ടാണ് ഞാൻ വിമലേട്ടന്റെ വൈവാഹിക ജീവിതത്തിൽ നിന്ന് ഉണരുന്നത്..
"ഉണ്ണീ... നേരംവെളുത്തത് അറിഞ്ഞില്ലയോ നീ.."
"വരുവാ അമ്മെ.. ദേ എത്തി."
അതിനിടയിൽ സൂര്യൻ വന്നു അണ്ണാക്കിൽ അടിച്ചു കയറിയതൊന്നും ഞാൻ അറിഞ്ഞില്ല.. വെറുതെ അമ്മയെ ബക്കറ്റും വെള്ളവുമായി കോണിപടികൾ കയറ്റണ്ടന്നു കരുതി ഞാൻ ആ പൊൻപ്രഭാതത്തിലേക്കു ഇറങ്ങി ചെന്നു...

by

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo