നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മായിയമ്മയും മരുമകളും


"നീ ഈ വീട്ടിൽ എന്ന് കാലുകുത്തിയോ അന്ന് തുടങ്ങിയതാണ് എന്റേം എന്റെ മോന്റേം കഷ്ടപ്പാട്... മഹാപാപി നീ എന്റെ ചാരം കാണാൻ വേണ്ടിട്ടാണോ ഇങ്ങോട്ട് കേറിവന്നത്."
" നിങ്ങടെ മോന്റെ കഷ്ടപ്പാട് തുടങ്ങിയത് നിങ്ങടെ മോന്റെ കയ്യിലിരുപ്പ് മോശമായൊണ്ടല്ലേ... അതിനു ഞാൻ എന്ത് വേണം."
അപ്പുറത്തെ വീട്ടിലെ സുലോചനാമ്മയുടെയും മരുമോള് മാളു ചേച്ചിയുടെയും പതിവ് ഏറ്റുമുട്ടലിൽ തന്നെയാണ് ഞാൻ അന്നും നേരം വെളുത്തു ഉണർന്നത്....
യുദ്ധമാണ് .. അമ്മായിഅമ്മയും മരുമോളും തമ്മിലുള്ള നിരന്തരമായ യുദ്ധം ...ഒരു രക്ഷയും ഇല്ല.... ചട്ടിയും കലവും ആവുമ്പോൾ തട്ടുവേം മുട്ടുവേം ഒക്കെ ചെയ്യുമെന്ന് അറിയാം.. പക്ഷെ ഇത്രക്ക് അങ്ങോട്ടു കൂട്ടിയിടി ഞാൻ എങ്ങും കണ്ടിട്ടില്ല..
ഒരു പണിയും ഇല്ലാതെ നാട്ടിൽ വായിനോക്കി നടന്ന വിമലേട്ടൻ 2 വർഷം മുന്പാണ് ജോലി അന്വേഷിച്ചു ഗൾഫിലേക്ക് വിട്ടത്.. കടിച്ചുപിടിച്ചു അവിടെ നിന്ന് ഒരു ഗൾഫ്കാരൻ പേരൊക്കെ സമ്പാദിച്ചു നാട്ടിൽ വന്നു..പുള്ളിടെ അടുത്ത ലക്ഷ്യം കല്യാണം ആയിരുന്നു...
"അപ്പൊ കല്യാണം കഴിക്കാൻ വേണ്ടി ആയിരുന്നോ അങ്ങേരു ഗൾഫിൽ പോയത്."
സ്വഭാവികം ആയും ആർക്കും ഉണ്ടാകുന്നൊരു സംശയം അന്ന് എനിക്കും ഉണ്ടായി...
പിന്നെ വിശ്രമിക്കാനൊന്നും പുള്ളി നിന്നില്ല... ഒരറ്റത്തു നിന്നു അന്വേഷിക്കാൻ തുടങ്ങി... മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം...
സ്വന്തം ജീവിതത്തിനോട് ഒരു ശതമാനം പോലും ആത്മാർത്ഥതയും സ്നേഹവും ഇല്ലാത്ത ആ കിഴങ്ങേശ്വരനു കെട്ടാൻ പോന്ന പെണ്ണിനെ കുറിച്ചു പോലും ഒരു സങ്കല്പങ്ങളും ഇല്ലായിരുന്നു എന്നത് എന്നെ വല്ലാതങ്ങു നിരാശനാക്കി...
ഒരു മുഴുനീള അമ്മ മോൻ... എന്തിനും ഏതിനും അമ്മ ... അമ്മയെ സ്നേഹിക്കരുത് അനുസരിക്കരുത് എന്നൊന്നും പറയുന്നില്ല.. പക്ഷെ ആണായി പിറന്നിട്ടുണ്ടങ്കിൽ സ്വന്തമായി ഒരു അഭിപ്രായം വേണം... തീരുമാനം എടുക്കാൻ ഉള്ള കഴിവ് വേണം..അത് അങ്ങേർക്കു ഇല്ല...
പതിവ് കല്ല്യാണ ശൈലിയിലേത് പോലെ തന്നെ ജാതകം നോക്കാൻ കണിയാന്റെ അടുക്കൽ ചെന്നപ്പോഴാണ് വിമലേട്ടനും അമ്മയും ആ നഗ്നസത്യം മനസ്സിലാക്കിയത്...
"ചൊവ്വാദോഷം ഉണ്ട് ചെക്കന്...ഒരു ചൊവ്വദോഷക്കാരിയെ തന്നെ കണ്ടുപിടിക്കണം . അല്ലങ്കിൽ ജീവിതം തവിടു പൊടി ആവും..പെട്ടന്ന് ആയിക്കോട്ടെ..."
എഹ്‌ ചൊവ്വാദോഷമോ... ഇങ്ങേർക്കോ...
കള്ളും കുടിച്ചു അമ്പലത്തിലും കയറാതെ നടക്കുന്ന വിമലേട്ടൻ ഇതിലൊന്നും വിശോസിക്കില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്... പക്ഷെ എനിക്ക് തെറ്റി...
പഴകിപോയ കെട്ടുകഥകളും വിശ്വാസങ്ങളും മനുഷ്യമനസ്സുകളിൽ ആഴത്തിൽ പൊള്ളലേല്പിച്ചിട്ടുണ്ട് എന്നതൊരു സത്യമാണ്..
അതുകൊണ്ടായിരിക്കണം ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കണ്ടുപിടിക്കാൻ വിമലേട്ടൻ ഇറങ്ങിയത്...തിരഞ്ഞിട്ടും കിട്ടാതായപ്പോൾ അങ്ങേരു പിന്നെയും ആ കണിയാന്റടുക്കൽ പോയി...
"അധികം എങ്ങും പോകണ്ട.. കുട്ടി നിങ്ങടെ അടുത്തു തന്നെയുണ്ട്... വടക്കേ പറമ്പിലെ രാജന്റെ മോൾ."
" ആര് മാളുവോ."
"അഹ് അവൾ തന്നെ."
അവൾക്കും ഉണ്ട് ചൊവ്വാ ദോഷം... കഴിഞ്ഞ ഒരു ദിവസം ഇവിടെ നാളു നോക്കാൻ വന്നിരുന്നു...അവൾക്കും കല്ല്യാണം ആലോചിക്കുന്നുണ്ട്..
ആഹാ.. വിമലേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.. ആവശ്യത്തിലേറെ സ്വത്ത്, പണം ... പെണ്ണിനെക്കാൾ ഏറെ പൊന്നിനും പണത്തിനും വിലകല്പിക്കുന്നവന് വേറെ എന്ത് വേണം ..
വിമലേട്ടന്റെ അമ്മയ്ക്കും ആ ആലോചന അങ്ങ് ബോധിച്ചു.. മാളു ചേച്ചിയെ അല്ല .. ഓളുടെ പൊന്നിനേയും പണത്തിനേയും...
അല്ലെങ്കിലും കല്യാണം എന്ന് പറഞ്ഞാൽ അന്നും ഇന്നും എന്നും കണക്കു പറഞ്ഞുള്ള ഒരു കച്ചവടം അല്ലെ... പെണ്ണിന്റെ കല്ല്യാണം ആയില്ലേ എന്ന് ചോദിക്കേണ്ടതിനു പകരം പെണ്ണിന്റെ കച്ചവടം ആയില്ലേ എന്ന് ചോദിക്കേണ്ട സ്ഥിതി വന്നിരിക്കുന്നു...
കല്യാണപ്രായം എത്തിയത് കൊണ്ടും ചൊവ്വാദോഷം എന്ന ഗതികേട് ഉള്ളതുകോണ്ടും പ്രായം എന്ന വില്ലൻ വേട്ടയാടുന്നത് കൊണ്ടും മാളു ചേച്ചിയെ വിമലേട്ടനു കെട്ടിച്ചുകൊടുക്കാതെ വേറെ വഴിയില്ലായിരുന്നു രാജേട്ടന്റെ മുന്നിൽ...
വീടിന്റെ അടുത്തല്ലേ , ഒരു ഗൾഫകാരൻ അല്ലെ എന്നൊക്കെ രാജൻ ചേട്ടനും ചിന്തിച്ചു കാണും...
പക്ഷെ കെട്ട് കഴിഞ്ഞതോടെ വിമലേട്ടന്റെ മട്ട് മാറി..
" ഇനി ഗൾഫിലോട്ടു ഇല്ല... നാട്ടിൽ എന്തേലും പണി നോക്കികൊള്ളം..."
അവിടെ തുടങ്ങി പ്രശ്നങ്ങൾ... അവിയലിന്റ ഉപ്പും ചൊറിന്റ വേവും അങ്ങനെ അങ്ങനെ നിസ്സാരമായ പല പ്രശ്നങ്ങളും ആ അമ്മയിഅമ്മയും മരുമോളും കൂടി അവരാൽ കഴിയുന്ന വിധം കലാപം ആക്കി മാറ്റികൊണ്ടിരുന്നു... അക്കാര്യത്തിൽ അവർക്കു നൂറിൽ നൂറു മാർക്ക് കൊടുക്കണം ..
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടാഴ്ച്ച വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു.. പിന്നീട് അങ്ങോട്ട് അടിയുടെ ഇടിയുടെ പൊടിപൂരം ആയിരുന്നു..
പിന്നെ പഴയ കാലം ഒന്നും അല്ലല്ലോ.. ഭർത്താവിന്റെയും അമ്മയുടെയും ചൂണ്ടുവിരലുകൾക്കുള്ളിൽ ഒതുങ്ങി സഹിച്ചു ക്ഷമിച്ചു നിൽക്കുന്ന പെൺയുഗം അല്ലിത്... അതുകൊണ്ടു തന്നെ സുലോചനാമ്മ ഒന്ന് പറഞ്ഞാൽ മാളുച്ചേച്ചി തിരിച്ച ഒൻപത് പറയും...
പ്രയോജനം ഉണ്ടായത് എന്റെ അമ്മക്കാണു..
നേരത്തെ എന്നെ വിളിച്ചുണർത്താൻ ഒരു ബക്കറ്റ് വെള്ളവുമായിട്ടു കോണിപടി കയറി വരണമായിരുന്നു അമ്മക്ക്..ഇപ്പോൾ ഉണരാൻ അലാറം പോലും വെക്കേണ്ട.. അത്രയ്ക്ക് ടൈമിംഗാ...
"പ്പാ..."
സുലോചനാമ്മയുടെ ഈ ഒറ്റ ആട്ടിൽ ആണ് ഞാൻ എന്നും ഉണരാറ്..
കള്ളുകുടിക്കും സകല തോനിവാസങ്ങൾക്കും അടിമപ്പെട്ട വിമലേട്ടന്റെ കൂടെ ഇനി ജീവിക്കാൻ വയ്യ എന്നാണ് മാളു ചേച്ചിയുടെ നിലപാട്‌.. വിലയില്ലാത്തൊരു ഒപ്പിൽ ആ ബന്ധം താമസിയാതെ വേരോടെ പിഴുതെറിയപെടും...
കാര്യമില്ലാതെ കണിയാന് കുറച്ചു കാശു കൊടുത്തു എന്നല്ലാതെ ഇവിടെ വേറെ ആർക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല...കല്യാണത്തിന് മുൻപ് മാളുച്ചേച്ചിക്ക് ചൊവ്വാഴ്ച മാത്രമേ ദോഷമുണ്ടായിരുന്നുള്ളൂ.. അതിനു ശേഷം ചൊവ്വാഴിച്ച ആണോ ബുധനാഴിച്ച ആണോ വ്യാഴാഴിച്ച ആണോ ദോഷം എന്നറിയില്ല...
നേരുപറഞ്ഞാൽ നമ്മുടെ മനസ്സാണ് എല്ലാം.. അത് നന്നായാൽ നമ്മുടെ ലൈഫു നന്നാവും.. ഇല്ലങ്കിൽ ലൈഫും പോവും.. നമ്മളെടുക്കണ്ട തീരുമാനം വല്ല കണിയന്മാർക്കും എടുക്കാൻ കൊടുക്കുന്നവർക്കെല്ലാം ഇതു തന്നെ ആയിരിക്കും വിധി..
പാവം മാളു ചേച്ചി.. ഒത്തിരി സ്വപ്നങ്ങളും ഒത്തിരി പ്രതീക്ഷകളുമായി എല്ലാ പെൺകുട്ടികളെയും പോലെ ജീവിതം തുടങ്ങിയവൾ ആണ്.. എന്നിട് ഇപ്പൊ... ദാ കിടക്കുന്നു ചട്ടി കലോം... അതിന്റെ ജീവിതം പോയി..
"ഒരു ചൊവ്വാ ദോഷകാരിയെ തന്നെ കണ്ടുപിടിക്കണം.. അല്ലങ്കിൽ ജീവിതം തവിട് പൊടിയാവും "
അർഥം ഇല്ലാത്ത കണിയാന്റെ വാക്കുകൾ പിന്നെയും ചെവിയിൽ പരിഹാസത്തോടെ അലയടിച്ചു.. കൂടെ ആത്മാവ് ഇല്ലാത്ത കുറെ വിശ്വാസങ്ങളുടെ പേരിൽ തകർക്കപ്പെട്ട മാളു ചേച്ചിയെ പോലുള്ള ജീവിതങ്ങളെ നോക്കി സഹതപ്പിക്കുകയും ചെയ്തു..
"ഉണ്ണി... ഞാൻ അങ്ങോട്ട് കയറി വരണോ..അതോ..നീ ഇങ്ങോട്ട് ഇറങ്ങി വരുന്നോ.."
അമ്മയുടെ മൂർച്ചയേറിയ വിളികേട്ടാണ് ഞാൻ വിമലേട്ടന്റെ വൈവാഹിക ജീവിതത്തിൽ നിന്ന് ഉണരുന്നത്..
"ഉണ്ണീ... നേരംവെളുത്തത് അറിഞ്ഞില്ലയോ നീ.."
"വരുവാ അമ്മെ.. ദേ എത്തി."
അതിനിടയിൽ സൂര്യൻ വന്നു അണ്ണാക്കിൽ അടിച്ചു കയറിയതൊന്നും ഞാൻ അറിഞ്ഞില്ല.. വെറുതെ അമ്മയെ ബക്കറ്റും വെള്ളവുമായി കോണിപടികൾ കയറ്റണ്ടന്നു കരുതി ഞാൻ ആ പൊൻപ്രഭാതത്തിലേക്കു ഇറങ്ങി ചെന്നു...

by

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot