Slider

ദേവനെ മനുഷ്യനാക്കിയവർ

0
Image may contain: 1 person, closeup
രാവിലെ കുനിഞ്ഞ് നിന്ന് കരിയിലകൾ നീക്കി കുലയ്ക്കാറായ ഏത്തവാഴച്ചുവട്ടിലേക്ക് നീക്കിയിട്ടു കൊണ്ടിരുന്നപ്പോഴാണ് എന്റെ അമ്മാമ്മ ആ കാഴ്ച ശ്രദ്ധിച്ചത് വാഴയുടെ കൂമ്പ് (കുടം) പുറത്തേക്ക് തള്ളിവരുന്ന ഭാഗത്ത് മുളളൻപന്നി പോലെ ഒരു സാധനം. അത് എന്താണെന്നറിയാൻ അമ്മാമ്മ കണ്ണാടി ഒന്ന് ഉയർത്തിവച്ചു. "ശ്ശൊ ഇതേതു മഹാപാപിയാ ഈ തന്തയില്ലാഴിക കാണിച്ചത്". പുറത്തേക്കു വന്നുകൊണ്ടിരുന്ന ആ കൂമ്പിൽ നിറയെ ഈർക്കിലുകൾ തറഞ്ഞ് നിൽക്കുന്നു.
പുറകിൽ അശരീരികൾ പോലെ ചില ശബ്ദങ്ങൾ കേട്ട അമ്മാമ്മ തിരിഞ്ഞു നോക്കിയപ്പോൾ ''ഒന്നും സാരമില്ല" ഇത് ആ വാഴയുടെ കർമ്മഫലമാണ് എന്ന മട്ടിൽ കൈ കൊണ്ട് 'തഥാസ്തു' എന്ന ആംഗ്യത്തിൽ ദേവേന്ദ്ര പോസിൽ നിൽക്കുന്ന എന്നെയാണ് കണ്ടത്.
ദേവലോകത്ത് നിന്ന് BPL റേഷൻ കാർഡ് വാങ്ങി ( താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങി കുറേ പാട് പെട്ടു ഒപ്പിച്ചത്) ഭൂമിയിൽ വന്നെത്തിയ ലോക്കൽ ദേവൻ ടെക്സ്റ്റൈൽ ഷോപ്പിൽ തുണി ചുറ്റി മടക്കിവയ്ക്കുന്നതിനുള്ള ബയന്റ് വെട്ടി കോഴിത്തൂവൽ, വളമുറി, സ്വർണ്ണ നിറമുള്ള മിഠായിക്കവർ, മിനുക്കപേപ്പർ മയിൽപ്പീലിത്തുണ്ട്, പൊട്ടിയ മാല, സ്റ്റിക്കറുകൾ എന്നിവ കൊണ്ട് അലങ്കരിച്ച കിരീടം വച്ച്, കസിൻസിന്റെ പഴയ ഒട്ടിപ്പ് കമ്മൽ, 15 പവൻ ചീനിയിലത്തണ്ട് മൂന്നു മടക്കാക്കിയ മാല, ഓലക്കാൽ ലോക്കറ്റ് കൂടാതെ കൈയ്യിൽ പൂച്ചെടി കമ്പിന്റെ വില്ല്, ഉറയിൽ തൂങ്ങിയ പച്ചമടൽ വാൾ, ചന്ദനത്തിരി കവർ ആവനാഴി അതിൽ നിറയെ കൂർത്ത പച്ചീർക്കിൽ അമ്പുകൾ, ചുവന്ന പട്ടിൽ അരപ്പട്ട (അപ്പുറത്തമ്മൂമ്മ മരിച്ചപ്പോൾ കർമ്മം ചെയ്തതിന്റെ ബാക്കി) പാളത്താർ, അരപ്പട്ടയിൽ അങ്ങിങ്ങായി വച്ചിരിക്കുന്ന കറിക്കത്തി, ചുവന്ന ചെമ്പരത്തിപ്പൂവ്, കറുത്ത സ്ലിപ്പർ എന്നിവയാൽ സർവ്വാലങ്കാര വിഭൂഷിതനായിരുന്നു. ആകെ മൊത്തം ഉജാലയിൽ മുക്കിയിട്ടില്ലാത്ത ഒരു NT രാമറാവു മോഡൽ. NT രാമറാവുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ മറ്റു ദേവഗണങ്ങളെ മായാശക്തിയാൽ എത്തിക്കും മുമ്പേ "ഫ'' എന്ന ഒറ്റ ആട്ടിലും പ്രപിതാമഹൻമാരെ ഉൾപ്പെടെ വിളിച്ച ഒറ്റത്തെറിയിലും എത്തവാഴക്ക് ദൈവത്തിങ്കൽ ചേരാനുള്ള അപൂർവ്വ അവസരം അമ്മാമ്മ നഷ്ടമാക്കി.
തുടർന്ന് ഈ കാര്യം ഉഗ്രപ്രതാപിയും സർവ്വോപരി കൃഷിവകുപ്പുദ്യോഗസ്ഥനുമായ എന്റെ മാമനെ (അമ്മമ്മയുടെ കടിഞ്ഞൂൽ പുത്രനായ ഈ അതിശക്ത പ്രജാപതിക്ക് ഈയുള്ളവനേ ഭസ്മമാക്കാൻ ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ഇരുത്തി ഒരു മൂളലിൽ കഴിഞ്ഞിരുന്നു എന്നത് ഇവിടെ പ്രാധാന്യമർഹിക്കുന്നു.) അറിയിക്കുമെന്ന ഭീഷണിയിൽ വില പിടിച്ചതും അത്യപൂർവ്വമായതുമായ തന്റെ തിരുവലങ്കാരങ്ങളും, കറിക്കത്തിയുടവാളും ആ ആസുരശക്തിപ്പടകൾക്കു മുന്നിൽ അടിയറ വയ്ക്കാൻ അപ്പോൾത്തന്നെ BPL ദേവൻ തയ്യാറായി.
അതു മാത്രമല്ല, സുദർശനചക്രമായി മാറിയ പഞ്ചാര ടിന്നിന്റെ അടപ്പ്, തോരൻ വയ്ക്കാൻ വച്ചിരുന്ന കപ്പയ്ക്കയിൽ കമ്പുറപ്പിച്ച ഗദ, കറിക്കത്തി രൂപാന്തരം പ്രാപിച്ച ഉടവാൾ, പലപ്പോഴായി വേഷഭൂഷാദികൾ ഒപ്പിക്കാൻ അടിച്ചുമാറ്റിയ മിനുക്ക തുണികൾ, തോർത്തുകൾ, ദേവന്റെ സ്ഥിരം വാഹനമായ കൊരണ്ടി എന്നിവയുടെ തിരോധാനത്തിൽ എനിക്കുള്ള പങ്കും അമ്മാമ്മ അതിനോടകം തിരിച്ചറിഞ്ഞിരുന്നു.
മോക്ഷം കൊടുക്കാനായി ഞാൻ ഉന്മൂലനം ചെയ്തിട്ടുള്ള തവളകൾ, പല്ലി, ഓന്ത്, വെട്ടിൽ, വണ്ട്, ചെല്ലി തുടങ്ങിയവയും (ഇവയുടെയൊക്കെശാപം കാരണമായിരിക്കും ഈ പ്രായത്തിലും ഊരുതെണ്ടി ജീവിക്കുന്നത് ) പിന്നെ അതിക്രൂരമാം വിധം കൊലപാതകം ചെയ്യപ്പെട്ട അയൽ വീട്ടിലെ ഒരു പൂച്ചയും (ഏതെങ്കിലും ഒരു മേലുദ്യോഗസ്തന്റെ രൂപത്തിൽ ജൻമമെടുക്കുമായിരിക്കും) തെളിവുകളായി മാറി.
ഇതൊന്നും പോരാതെ തലകളരിഞ്ഞ് നിർത്തിയ അസംഖ്യം ചേമ്പുകൾ, അമ്പ് തറഞ്ഞു കയറി മൃതപ്രായമായ ഇടിക്കച്ചകൾ, വാഴകൾ, കറിക്കത്തി കൊണ്ട് വരഞ്ഞ് നിർത്തിയ കറ്റാർവാഴപ്പോളകൾ, മൂട് പിഴുത് നിർത്തിയിരിക്കുന്ന കാച്ചിൽ വള്ളികൾ (ഭൂമിദേവിയെ പീഡിപ്പിക്കാനുള്ള ശ്രമം ദേവൻ തടുത്തപ്പോൾ സംഭവിച്ചത്), ദേവന്റെ അടങ്ങാത്ത ആഭരണഭ്രമം മൂലം ഇലകൾ നഷ്ടപ്പെട്ട മരച്ചീനികൾ, എന്നിങ്ങനെ "ഇരുന്നിടം മുടിപ്പിക്കുന്ന" ഈ അവതാര പുരുഷനെ അമ്മാവന്റെ കാന്തികവലയത്തിലേക്ക് അന്നു തന്നെ അമ്മാമ്മ തള്ളിവിട്ടു. ഇതിൽ മൂന്നാം മുറയും മുറിവുകളുമേറ്റ് കുടം പോയ വാഴകളുള്ളതും പൂച്ചയെ നഷ്ടപ്പെട്ടതുമായ അയൽവക്കക്കാരുടെ സംഭാവനകളും എടുത്ത് പറയേണ്ടതാണ്.
പക്ഷെ കുഞ്ഞമ്മമാരോടും അമ്മയോടുമുള്ള ധർമ്മയുദ്ധത്തിനൊടുവിൽ തളർന്ന് അഭിമന്യുവിനെപ്പോലെ നിൽക്കുന്ന എന്നോട് മറ്റാരു മുഷ്ടി യുദ്ധത്തിന് മാമൻ തയ്യാറായില്ല. പകരം വൈകുന്നേരങ്ങളിൽ ചെടികൾക്കു വെള്ളമൊഴിക്കാനും ഭിന്ന സംഖ്യകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം തുടങ്ങി ദേവലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളിലേക്ക് ഈ പുരാണ പുരുഷനെ തളച്ചിടുകയാണ് ചെയ്തത്.
ഒരു കണക്കിന് അവതാരോദ്ദേശം കഴിഞ്ഞെന്ന് തോന്നിയതിനാൽ ദൂരദർശനിലെ രാമായണം, മഹാഭാരതം പരമ്പരകളിലൂടെ ഈ BPLദേവൻ ഞാൻ ഗന്ധർവ്വനിലെ നിതീഷ് ഭരദ്വാജിനെപ്പോലെ ദേവലോകത്തെ ഓർത്ത് കാലം കഴിച്ചുകൂട്ടി.
കൃഷിയോഫീസിലെ ഉദ്യോഗസ്തനായിരുന്ന മാമന് താൻ ഒരു നല്ല കൃഷിക്കാരനായിരുന്നു എന്നത് അന്നുവരെ അവിശ്വസനീയമായി തോന്നാനുള്ള കാരണം ഈ BPL ദേവന്റെ ഉള്ളിലുള്ള ശിവാംശം ആയിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു.
ആ ഞാനാണ് ഇന്ന് മിറ്റത്ത് നിന്ന പൂവും ചെടികളും പറിച്ച് കളിച്ചിരുന്ന ഗൗരിയെ ചെടികൾ നശിപ്പിച്ചതിന് അടി കൊടുത്ത് അകത്ത് കയറ്റിയത് - ചെടികൾക്കും ജന്തുക്കൾക്കും വേദനയും വിഷമവുമൊക്കെയുണ്ടെന്ന് അവളോട് വച്ച് കാച്ചിയത്. ദൈവങ്ങളേ... ഞാൻ മോക്ഷം നൽകിയ അസംഖ്യം ജന്തുക്കളെ.... മുരടിപ്പിച്ച ചെടികളെ.... മാപ്പു തരില്ലേ നിങ്ങൾ ഈ പഴയ BPL ദേവന് .....
ഒപ്പം എനിക്ക് മനുഷ്യഗുണം തന്ന അമ്മാമ്മയുടേയും മാമന്റെയും ആത്മാക്കൾക്ക് നിത്യശാന്തിക്കായി ഒരായിരം പ്രാർത്ഥനകൾ
- ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo