Showing posts with label ഗണേശ്. Show all posts
Showing posts with label ഗണേശ്. Show all posts

ചമയങ്ങളില്ലാത്ത ''അമ്മ മനസ്സ്''

ചമയങ്ങളില്ലാത്ത ''അമ്മ മനസ്സ്''
*******************************
കഥകളി വേഷങ്ങളിലൂടെ മാത്രമേ ഞാൻ അമ്മയുടെ "ശൃംഗാര'' ഭാവം കണ്ടിട്ടുള്ളൂ. ജനിച്ച് കുറേക്കഴിഞ്ഞാണ് ആ ഭാവം എന്താണെന്ന് എനിക്ക് തന്നെ മനസ്സിലായത്. സ്നേഹം ഉള്ളിലൊളിപ്പിച്ച് പുറമേ പരുക്കനായി അഭിനയിച്ചിരുന്ന എന്റെ അച്ഛനോട് ഇനിയെന്തുഭാവം പുറത്തെടുത്താലും അമ്മയ്ക്ക് വലിയ പ്രയോജനം ഉണ്ടാവുമെന്ന് എനിക്ക് തോന്നിയിട്ടില്ല.
സ്വതവേ "ഹാസ്യം" നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് അമ്മ, അത് ആപത്ത് കാലത്ത് പിന്നിൽ നിന്ന് കുത്തിയ ബന്ധുക്കളോടായാലും അസൂയാലുക്കളോടായാലും കൊടുത്ത കൈയ്ക്കു തന്നെ കൊത്തിയവരോടായാലും എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എപ്പോഴും. (കഥകളിയിൽ ഹാസ്യം എന്നാൽ പുച്ഛമാണ്).
ഒരു ജനുവരി 7 ന് ബുധനാഴ്ച രാത്രി കൽപ്പന ഹോസ്പിറ്റലിൽ (ഇന്നത്തെ സത്യസായി ഹോസ്പിറ്റൽ കൊട്ടാരക്കര) വച്ച് എന്റെ മുഖം ആദ്യമായ് കണ്ടപ്പോൾ "കരുണം" ആയിരിക്കാം അമ്മയുടെ മുഖത്ത് ആദ്യം വിടർന്നത്.
ക്രിക്കറ്റ് എന്ന കളിയെ അതിന്റെ അന്ത:സത്ത പോലും ഉൾക്കൊള്ളാതെ നഖശിഖാന്തം എതിർത്ത അമ്മയ്ക്ക് എബ്രിഡ് ഷൈൻ സിനിമയിലെ (1983)നിവിൻ പോളിയുടെ അച്ഛന്റെ ഭാവഹാദികൾ തീർച്ചയായും ഉണ്ട്. ക്രിക്കറ്റ് കളി കഴിഞ്ഞ് വിയർത്ത് കുളിച്ച് എത്തിയ ആ ബൗളർക്കും, ലോവർ മിഡിൽ ഓർഡർ ബാസ്റ്റ്സ്മാനും (പാവം ഞാൻ) അകാലത്തിൽ വിരമിക്കേണ്ടി വന്നത് അമ്മയുടെ ആ "രൗദ്ര" ഭാവം കൊണ്ടാണ്.
ദിവസേന തട്ടിക്കളയുന്ന പാൽ ഒരു ദിവസം തറയിൽ നിന്ന് നക്കിക്കുടിപ്പിച്ചതും, അടിക്കാൻ ഓടിച്ചപ്പൊ കിട്ടാതെ വന്നതുകൊണ്ട് ഇട്ടിരുന്ന ചെരുപ്പൂരി ഒറ്റപ്പുത്രനെ എറിഞ്ഞ് സ്വർണ്ണ മെഡൽ നേടിയതും, ചട്ടുകം, മടൽപ്പൊളി, ചൂൽ മൊന്ത, കിണ്ടി, തുടങ്ങി എന്തിലും ആയുധം കണ്ടെത്താനുള്ള നൈസർഗ്ഗികമായ സിദ്ധി കൈവന്നതും, കുഞ്ഞമ്മമാരെ വിറപ്പിച്ച് നിർത്തിയതും, സ്വന്തം പേര് അന്വർത്ഥമാക്കി, ഇപ്പറഞ്ഞ "രൗദ്രം'' നന്നായി കൈകാര്യം ചെയ്തതിന്റെ, ചെയ്യുന്നതിന്റെ ഫലമാണ്.
നാഗർകോവിൽ ഇന്ത്യൻ എൻജിനിയറിംഗ് കോളേജിൽ അലമ്പനായി നടന്നപ്പൊ പണിഷ്മെൻറായി കിട്ടിയ 5000 രൂപാ ഫൈൻ അടയ്ക്കണം എന്ന് കരഞ്ഞ് പറഞ്ഞപ്പോ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ പൈസയാ എന്ന പറഞ്ഞ് പഴകിയ ക്ലീഷേയില്ലാതെ, അച്ഛൻ ചിലവിന് അയച്ച മൊത്തം കാശും എടുത്ത് മോൻ ഇത് കൊണ്ട് പോയി കോളേജിൽ അടയ്ക്ക് എന്ന് പറഞ്ഞപ്പോ അമ്മയുടെ മുഖത്തെ"വീരം" ഞാൻ കണ്ണീരിനിടയിലൂടെ കണ്ടു.
ഇങ്ങനെയൊക്കെയായാലും പാമ്പ് എന്ന് പറഞ്ഞാലുടൻ ആ മുഖം" ഭയാനകം" ആവും അത് യഥാർത്ത പാമ്പുകളോടും, മനുഷ്യ പാമ്പുകളോടും.
കല്യാണം കഴിക്കുന്നതിനു മുൻപ് എന്റെ മുറി വാതിലിൽ വന്ന് ''ടാ നിന്റെ കൂട്ടുകാർ വന്ന് വിളിക്കുന്നു'' എന്ന് അമ്മ " ബീഭൽസ" മുഖത്തോടെയേ പറഞ്ഞിട്ടുള്ളൂ (അത്രയ്ക്കുണ്ടായിരുന്നു ആ റൂമിന്റെ അടുക്കും ചിട്ടയും വൃത്തിയും)
റെയ്മണ്ട്സിൽ ജോലി നോക്കിക്കൊണ്ടിരുന്ന എനിക്ക് മാതൃഭൂമിയിൽ ജോലി കിട്ടി എന്ന് പറഞ്ഞപ്പോ ആ മുഖത്ത് "അൽഭുത"വും ഞാൻ കണ്ടു.( പൊട്ടൻമാരെ പോലീസിലെടുക്കുമോ എന്ന ഭാവം)
ഈ ഭാവങ്ങൾ എല്ലാം ഒത്തുചേർന്ന് ആ മനസ്സിൽ സന്തോഷം തോന്നാൻ ഞാനും കുടുംബവും - ഞാൻ, രശ്മി, ഗൗരി, പാറു നൽകുന്ന ഒരു പിറന്നാൾ - ഓണസമ്മാനമാണിത്. ഞങ്ങളുടെ ഗൗരി ഗോവിന്ദത്തിന്റെ (എന്റെ വീട്ടുപേരാ അത് ) പൂമുഖം ഈ മുഖമാകും.
തീർന്നില്ല
അദൃശ്യമായ ഏതോ ലോകത്തിരുന്ന് അച്ഛൻ ഇപ്പൊ സന്തോഷിക്കുന്നുണ്ടാവാം, അതാവും അമ്മയ്ക്ക് ഈയിടയായി "ശാന്ത'' ഭാവമാണ്...Love u amma
- ഗണേശ് -
( ചമയങ്ങളില്ലാതെ അമ്മയുടെ നവരസഭാവങ്ങൾ വേഷത്തോടൊപ്പം ഒരു വലിയ ഫോട്ടോ ആക്കി പി റന്നാൾ സർപ്രൈസ് സമ്മാനമായി കഴിഞ്ഞ ഓണക്കാലത്ത് നൽകി. പ്രശസ്ത കഥകളി നടി കൊട്ടാരക്കര ഭദ്രയാണ് എന്റെ അമ്മ )

#പടിക്കെട്ടിലെത്തിയ #പേറ്റുനോവ്

മഹാലക്ഷ്മി പടിയിറങ്ങിപ്പോയി. വീട്ടിൽ നിന്ന് മാത്രമല്ല ഈ നാട്ടിൽ നിന്നും, താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും, എന്നന്നേക്കുമായി. നാലു മാസം മുമ്പ് അയൽവക്കത്തെ സരസ്വതി അമ്മയോടൊപ്പമാണ് മഹാലക്ഷ്മി ഐശ്വര്യപൂർവ്വം എന്റെ വീട്ടിലേക്ക് തൃക്കാൽ വച്ച് കയറിയത്.
സരസ്വതി അമ്മയുടെ പിറകിൽ, കടപ്ലാവിൻ ചോട്ടിൽ മറവിലൂടെ ഒളിച്ചിരുന്നെത്തി നോക്കുന്ന പട്ടിക്കുഞ്ഞിനെപ്പോലെ ദൈന്യതയുള്ള മുഖമായിരുന്നു അവർക്ക്. അതായിരിക്കാം ആഴ്ചയിൽ മൂന്ന് ദിവസം വീട് വൃത്തിയാക്കാനും പരിസരം തൂത്തുവാരാനും ഉള്ള അനുവാദം അമ്മയെക്കൊണ്ട് നൽകിച്ചത്.
ആളെങ്ങനെ? വിശ്വസിക്കാൻ കൊള്ളാവുന്നതാണോ? എന്ന ചോദ്യത്തിന് ''അവൾ ഇവിടെ വന്ന് താമസിക്കുവാ ഭർത്താവ് ഉപേക്ഷിച്ചതാ പത്തിരുപത് വയസ്സുള്ള ഒരു മോനുണ്ട് വീട്ടിൽ" അവനെ നോക്കാനാ ഇവൾ കിടന്ന് കഷ്ടപ്പെടുന്നത് എന്നാരുന്നു സരസ്വതി അമ്മയുടെ മറുപടി.
ഇരുപത് വയസ്സുള്ള ചെക്കൻ അമ്മയെ കൂലിപ്പണിക്ക് വിട്ട് വീട്ടിൽ ഫ്രീയായി ഇരിക്കുമോ എന്ന ഞങ്ങളുടെ ന്യായമായ സംശയം ഹാർട്ടിനു സുഖമില്ലാത്ത ചെക്കന്റെ ദൈന്യതയാർന്ന കഥയിൽ തട്ടി ടൈറ്റാനിക്ക് പോലെ തകർന്നു പോയി.
മിറ്റത്ത് പൊഴിഞ്ഞ് കിടന്ന തേങ്ങ, അടുക്കള ഷെൽഫിൽ കാപ്പിക്കപ്പിൽ വച്ചിരുന്ന 250 രൂപ, തുടങ്ങി അമ്മ ബോധപൂർവ്വം ഒരുക്കി വച്ച കെണികൾ മഹാലക്ഷ്മിയെ പ്രലോഭിപ്പിച്ചില്ല എന്ന് മാത്രമല്ല തേങ്ങ അടുക്കളയിൽ തിരിച്ചു കൊണ്ടു വയ്ക്കുകയും 250 രൂപ അലക്ഷ്യമായി വച്ചതിന് അമ്മയോട് "നിങ്ങക്കൊന്നും പൈസയുടെ വില അറിയില്ലായിരിക്കും അതാ ഇങ്ങനെ"എന്ന് പറഞ്ഞ് ഒന്ന് മുഷിയുകയും ചെയ്തു അവർ.
തറ മാത്രം വൃത്തിയാക്കിയാൽ മതി എന്ന തീരുമാനത്തെ അകാലത്തിൽ തട്ടിക്കളഞ്ഞ് അലമാരയുടെ വക്ക് - മൂല, അടുക്കള ഷെൽഫുകൾ എന്നിവ അമ്മയെ വിളിച്ച് നോക്കി നിർത്തി വൃത്തിയാക്കി ദിവസങ്ങൾക്കകം സെക്കന്റ് ഗിയറിലെത്തി മഹാലക്ഷ്മി. "ഇങ്ങനത്തെ ഒരു കൊച്ചിനെ കിട്ടിയത് നമ്മുടെ ഭാഗ്യമാടാ, ഞാൻ ഒന്നും പറയണ്ട എല്ലാം അവള് ചെയ്തോളും. ഇടക്കിടക്ക് ഒരു കട്ടൻ കൊടുത്താ മതി അവൾക്ക്." എന്ന് അമ്മയും "ശരിയാ ചേട്ടാ മെഷീനിൽ അടിച്ചിട്ടിരുന്ന തുണികൾ ചേച്ചി നൂത്തിട്ടത് വല്യ സൗകര്യമായി ഇന്നലെ" എന്നു ഭാര്യയും സർട്ടിഫൈ ചെയ്തു.
കൂടുതൽ സുന്ദരിയാവാൻ ഇടത്തേ മൂക്കിൽ കുത്തിയ മൂക്കൂത്തിയും, വരമ്പു പോലെ മുന്നിൽ വെട്ടി നിർത്തിയ മുടിയും, ഫിലോമിന ചേച്ചി അനശ്വരമാക്കിയ ഓടനാവട്ടം ഓമനയുടെ ലുക്കും, സിനിമകളിൽ കാണുന്ന സ്ഥിരം വേലക്കാരികളുടെ മാനറിസങ്ങളും, ഞങ്ങളുടെ സ്വകാര്യതകളിലേക്കുള്ള അനാവശ്യ കടന്നുകയറ്റവും പുറത്തെടുത്ത് അവർ മൂന്നാം ഗിയറിലായി. ഇതൊന്നും അത്ര രസിച്ചില്ലെങ്കിലും അമ്മയുടേയും ഭാര്യയുടേയും വിടർന്ന മുഖം കറുപ്പിക്കണ്ട എന്ന് കരുതി ഞങ്ങൾ അച്ഛനും മക്കളും എൻജിൻ ഓഫാക്കി ഒതുങ്ങി ജീവിച്ചു.
കാലക്രമത്തിൽ നാലാം ഗിയറിലേക്ക് മാറിയ മഹാലക്ഷ്മി ആഴ്ചയിൽ മൂന്ന് എന്നത് ശമ്പളത്തിൽ വ്യത്യാസം വരുത്താതെ രണ്ട് ചിലപ്പോൾ ഒന്ന് ഇങ്ങനെ ഡ്യൂട്ടി ടൈം സ്വന്തം നിലയ്ക്ക് ക്രമീകരിച്ച് അവസാനം "ഇന്ന് വരുമോ?'' എന്ന ചോദ്യത്തിന് "നോക്കട്ടെ പറ്റിയാൽ വരാം'' എന്ന മട്ടിലായി. പതിയെ പതിയെ ഞങ്ങൾ വീട്ടിലില്ലാത്ത സമയം നോക്കി അമ്മയെ സോപ്പിട്ട് വർക്ക് ഷെഡ്യൂൾ ക്രമീകരിച്ചു. "കട്ടിലിനടിയിൽ തൂത്തപ്പോൾ കിട്ടിയതെന്ന് പറഞ്ഞ് 50 രൂപ ലക്ഷ്മി എന്റെ കൈയ്യിൽത്തന്നടാ" എന്ന് പറഞ്ഞ് അമ്മ അപ്പോഴും ഊറ്റം കൊണ്ടു.
ആ സമയത്താണ് ഗൾഫിൽ നിന്ന് എന്റെ ഉറ്റ സുഹൃത്ത് രഞ്ജിത്ത് ഒരു പാസ്പോർട്ട് സമ്മാനിച്ചത്. യഥാർത്ത പാസ്പോർട്ടിനേക്കാൾ സൂക്ഷിച്ച് വച്ച് വല്ലപ്പോഴും അത്താഴത്തിന് മുമ്പ് രണ്ടെണ്ണം രഹസ്യമായി വിട്ട് സുഖമായി ഞാൻ ജീവിച്ചു വരവെ ഒരു ദിവസം പൊടുന്നനെ ആ പാസ്പോർട്ട് അപ്രത്യക്ഷമായി. സാമൂഹ്യവിരുദ്ധ പ്രവർത്തനമായതിനാൽ നേരിട്ട് കംപ്ലയിന്റ് കൊടുക്കാതെ മഫ്ടിയിലാണ് ഞാൻ മൂത്ത മകളോടൊപ്പം (അവളും മഫ്ടിയിൽ) അന്വേഷണം ആരംഭിച്ചത്. ഇൻസ്ട്രമെന്റ് ബോക്സിന്റെ തിരോധാനത്തെതുടർന്ന് അന്വേഷണവിധേയമായി സസ്പെൻഷനിലായിരുന്നു അവളും അപ്പോൾ.
ഫ്രിഡ്ജിൽ നിന്ന് ലക്ഷ്മിയാൻറി ചോക്ലേറ്റ് എടുത്തു തിന്നു, ആപ്പിൾ എടുത്തു മടിയിൽ വച്ചു എന്ന് പറഞ്ഞ് അന്വേഷണത്തിന്റെ ആദ്യ തുമ്പ് ഇളയ മോളാണ് തന്നത്. ആ സമയം അഞ്ചാം ഗിയറിലായിരുന്നു അവർ. ഭാര്യയ്ക്ക് മുന്നിൽ പാസ്പോർട്ട് കളഞ്ഞു പോയ പ്രവാസിയായി ഞാൻ പൊതുമാപ്പിനപേക്ഷിച്ചു. ബോക്സ്, ബോഡിസ്പ്രേ എന്നിവ നഷ്ടപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തമാക്കണമെന്ന് മോളും ഹർജി നൽകി. പുതുതായി വാങ്ങിയ അടിയുടുപ്പുകൾ പൊടുന്നനെ അപ്രത്യക്ഷമായ കേസിലും ഇടപെടണം എന്ന ഭാര്യയുടെ അഭിപ്രായത്തോട് യോജിച്ച് ഞങ്ങൾ കര - നാവിക - വ്യോമസേനകൾ സംയുക്ത രഹസ്യാന്വേഷണം പ്രഖ്യാപിച്ചു.
അമ്മയെ മാപ്പുസാക്ഷിയാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലിൽ "വയ്യാത്ത ഒരു കുഞ്ഞല്ലേടാ അവൾക്ക് അതിന് മരുന്നിന് എല്ലാ മാസവും ഞാൻ കുറച്ച് പൈസ കൊടുക്കാറുണ്ട്. പിന്നെ അരി, തേങ്ങ വെളിച്ചെണ്ണ തുടങ്ങി ചില്ലറ സഹായങ്ങളും" തുടർന്ന് നടത്തിയ എന്യൂമറേഷണൽ എൻക്വയറിയിൽ സാരിക്കുത്തിൽ ഒളിപ്പിക്കാവുന്ന ചെറിയ സംഗതികളായ സ്പ്രേ, അന്താരാഷ്ട്ര വിപണിയിൽ 230/- രൂപ വിലയുള്ള എന്റെ ഓൺലൈൻ വാച്ച്, ഒരു ഡിന്നർ സെറ്റ് തുടങ്ങി ചെറിയ ചെറിയ സാധനങ്ങളെ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് മനസ്സിലായി. വില പിടിച്ച സാധനങ്ങൾ സുരക്ഷിതമായി പൂട്ടി വച്ച് സൂക്ഷിക്കുന്ന അമ്മയുടേയും ഭാര്യയുടേയും സ്വഭാവവും, വീടുപണിക്കായി ഉണ്ടായിരുന്ന മുഴുവൻ സ്വർണ്ണവും പണയ വസ്തുവാക്കിയ എന്റെ മിടുക്കും പരക്കെ പ്രശംസിക്കപ്പെട്ടു.
കാര്യങ്ങൾ അപ്പോഴും മുഖവിലക്കെടുക്കാൻ അമ്മ തയ്യാറായിരുന്നില്ല. എങ്കിലും ഞങ്ങളുള്ളപ്പൊ മാത്രം മതി തൂപ്പും തുടപ്പും എന്നുള്ള തീരുമാനം 4-1 എന്ന ഭൂരിപക്ഷത്തിൽ പാസ്സായി. കൃത്യമായ മേൽനോട്ടത്തിനും പരിശോധനകൾക്കും നിരീക്ഷണത്തിനുമായി ഞങ്ങൾ കര - നാവിക - വ്യോമസേനകളെ തന്ത്രപ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചു. "സുഖമില്ലാത്ത മോനേ പിടിച്ച് അവൾ ആണയിട്ടെടാ" അമ്മയുടെ മുന്നിൽ അവർ ഗിയർ രണ്ടെണ്ണം ഡൗൺ ചെയ്തു.
ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടെത്തിയാണ് അവസാന തെളിവ് നൽകിയത്. അന്നത്തെ ജോലി കഴിഞ്ഞ് അമ്മ കൊടുത്ത അരിയും, മറ്റെന്തെക്കെയോ സാധനങ്ങളും രണ്ടു കൈകളിലും തൂക്കിപ്പിടിച്ച് പടിയിറങ്ങിയപ്പോൾ മടിക്കുത്തഴിഞ്ഞ് പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹം മഹാലക്ഷ്മിയുടെ കാലുകൾക്കിടയിലൂടെ ഊർന്ന് താഴെ വീണു.
മഹാലക്ഷ്മി ശ്രീകൃഷ്ണനെ ഉമ്മറപ്പടിയിൽ പ്രസവിക്കുന്ന കാഴ്ച ലൈവായി കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. അപ്പോഴവരുടെ മുഖം മാതൃവാത്സല്യം കൊണ്ട് യശോദയാണോ, കുഞ്ഞിനെ നഷ്ടപ്പെട്ട ദേവകിയാണോ, പാലിലൂടെ ജീവൻ നഷ്ടപ്പെട്ട പൂതനയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാലഹരണപ്പെട്ട റഡാറുകളുമായി കാത്തിരുന്ന കര- നാവിക - വ്യോമ സേനാംഗങ്ങൾ ആരും ഒന്നും മിണ്ടിയില്ല. നൊന്തുപ്രസവിച്ച വെങ്കല ഉണ്ണിക്കണ്ണനെ മനസ്സില്ലാ മനസ്സോടെ പടിക്കെട്ടിലുപേക്ഷിച്ച് ഭാവഭേദങ്ങളില്ലാതെ ലക്ഷ്മി അവതാരം ഓടി മറഞ്ഞു.
മോളുടെ ഡാൻസ് ആവശ്യങ്ങൾക്കായി വാങ്ങിയ വൺ ഗ്രാം ഗോൾഡ് ആഭരണങ്ങൾ, അമ്മയുടെയും ഭാര്യയുടേയും ഇമിറ്റേഷൻ വളകൾ, മാലകൾ എന്നിവ അടങ്ങിയ ഒരു ചെറിയ ജൂവൽ ബോക്സും കാണാനില്ല എന്നത് തെല്ലു വിഷമത്തോടാണ് അമ്മ പറഞ്ഞത്. സ്പെഷ്യൽ കട്ടൻ ചായയുടെ ഗ്യാപ്പിൽ അമ്മയ്ക്ക് കൊടുത്ത അവസാന പണിയാണിത് എന്ന് പറഞ്ഞ് ഞങ്ങൾ കുറേ ചിരിച്ചു.
ഇതിനകം മഹാലക്ഷ്മി മോഷണക്കഥകളുടെ ഒന്നും രണ്ടും മൂന്നും വോള്യങ്ങൾ അവിടെല്ലാം പരന്നിരുന്നു. കൂടെത്താമസിക്കുന്നത് മോനല്ല കാമുകനാണെന്ന് ആദ്യം കണ്ടെത്തിയത് സരസ്വതിയമ്മയാ. ഹൃദ്രോഗിയായ ചെക്കന് ദിവസേന പാലും പഴവും പോഷകാഹാരവും കൊടുത്ത ആ അമ്മൂമ്മ തനിക്ക് ഒരു മകളും ഇതുപോലെ ഒരു കൊച്ചുമകനും ഉണ്ടാവാത്തതിൽ നന്ദിയർപ്പിച്ച്, നാട്ടുകാരിൽ നിന്നും രക്ഷ നേടാൻ ഗുരുവായൂരിൽ 41 ദിവസം ഭജനം നേർന്നു. കൂടാതെ ചെക്കന് ദിവസേന എന്തെങ്കിലും ആഹാരം കൊടുക്കാൻ സ്വന്തം ജീവിതത്തിൽ നടപ്പാക്കിയ ചെലവുചുരുക്കൽ, കിഫ്ബിയിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം എന്നിവ ഇമ്മിഡിയറ്റ് ഓർഡറിലൂടെ നീക്കം ചെയ്തു.
അടിച്ചുമാറ്റിയ സ്ഥാവര ജംഗമ വസ്തുവകകൾ നാട്ടുകാരുടെ റെയ്ഡ് പേടിച്ച് ഉപേക്ഷിച്ച് പലയിടത്തു നിന്നും കിട്ടിയ സ്വർണത്തോടൊപ്പം ഞങ്ങളുടെ 75 പവനുമായി (താങ്ക്സ് ടു പറക്കാട്ട് ജൂവൽസ് & കൊല്ലം സുപ്രീം) കാമുകീകാമുകർ ഇതിനിടെ കടന്നുകളഞ്ഞിരുന്നു.
ഡിന്നർ സെറ്റ്, ഒഴിഞ്ഞ പാസ്പോർട്ട്, ചെറിയ കിണ്ടി തുടങ്ങിയവ തിരികെ കിട്ടിയെങ്കിലും അന്ന് വീട്ടിലേക്കെടുത്തു വച്ച ആ തൃക്കാൽ ഇടം കാൽ ആയിരുന്നോ ? അറിയില്ല.
ഏതായാലും പത്രങ്ങളിൽ "മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ചതിന് കാമുകീകാമുകർ അറസ്റ്റിൽ" എന്ന വാർത്ത വരുന്നതും നോക്കിയിരിക്കുവാ ഞങ്ങൾ.
- ഗണേശ് -

ദേവനെ മനുഷ്യനാക്കിയവർ

Image may contain: 1 person, closeup
രാവിലെ കുനിഞ്ഞ് നിന്ന് കരിയിലകൾ നീക്കി കുലയ്ക്കാറായ ഏത്തവാഴച്ചുവട്ടിലേക്ക് നീക്കിയിട്ടു കൊണ്ടിരുന്നപ്പോഴാണ് എന്റെ അമ്മാമ്മ ആ കാഴ്ച ശ്രദ്ധിച്ചത് വാഴയുടെ കൂമ്പ് (കുടം) പുറത്തേക്ക് തള്ളിവരുന്ന ഭാഗത്ത് മുളളൻപന്നി പോലെ ഒരു സാധനം. അത് എന്താണെന്നറിയാൻ അമ്മാമ്മ കണ്ണാടി ഒന്ന് ഉയർത്തിവച്ചു. "ശ്ശൊ ഇതേതു മഹാപാപിയാ ഈ തന്തയില്ലാഴിക കാണിച്ചത്". പുറത്തേക്കു വന്നുകൊണ്ടിരുന്ന ആ കൂമ്പിൽ നിറയെ ഈർക്കിലുകൾ തറഞ്ഞ് നിൽക്കുന്നു.
പുറകിൽ അശരീരികൾ പോലെ ചില ശബ്ദങ്ങൾ കേട്ട അമ്മാമ്മ തിരിഞ്ഞു നോക്കിയപ്പോൾ ''ഒന്നും സാരമില്ല" ഇത് ആ വാഴയുടെ കർമ്മഫലമാണ് എന്ന മട്ടിൽ കൈ കൊണ്ട് 'തഥാസ്തു' എന്ന ആംഗ്യത്തിൽ ദേവേന്ദ്ര പോസിൽ നിൽക്കുന്ന എന്നെയാണ് കണ്ടത്.
ദേവലോകത്ത് നിന്ന് BPL റേഷൻ കാർഡ് വാങ്ങി ( താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങി കുറേ പാട് പെട്ടു ഒപ്പിച്ചത്) ഭൂമിയിൽ വന്നെത്തിയ ലോക്കൽ ദേവൻ ടെക്സ്റ്റൈൽ ഷോപ്പിൽ തുണി ചുറ്റി മടക്കിവയ്ക്കുന്നതിനുള്ള ബയന്റ് വെട്ടി കോഴിത്തൂവൽ, വളമുറി, സ്വർണ്ണ നിറമുള്ള മിഠായിക്കവർ, മിനുക്കപേപ്പർ മയിൽപ്പീലിത്തുണ്ട്, പൊട്ടിയ മാല, സ്റ്റിക്കറുകൾ എന്നിവ കൊണ്ട് അലങ്കരിച്ച കിരീടം വച്ച്, കസിൻസിന്റെ പഴയ ഒട്ടിപ്പ് കമ്മൽ, 15 പവൻ ചീനിയിലത്തണ്ട് മൂന്നു മടക്കാക്കിയ മാല, ഓലക്കാൽ ലോക്കറ്റ് കൂടാതെ കൈയ്യിൽ പൂച്ചെടി കമ്പിന്റെ വില്ല്, ഉറയിൽ തൂങ്ങിയ പച്ചമടൽ വാൾ, ചന്ദനത്തിരി കവർ ആവനാഴി അതിൽ നിറയെ കൂർത്ത പച്ചീർക്കിൽ അമ്പുകൾ, ചുവന്ന പട്ടിൽ അരപ്പട്ട (അപ്പുറത്തമ്മൂമ്മ മരിച്ചപ്പോൾ കർമ്മം ചെയ്തതിന്റെ ബാക്കി) പാളത്താർ, അരപ്പട്ടയിൽ അങ്ങിങ്ങായി വച്ചിരിക്കുന്ന കറിക്കത്തി, ചുവന്ന ചെമ്പരത്തിപ്പൂവ്, കറുത്ത സ്ലിപ്പർ എന്നിവയാൽ സർവ്വാലങ്കാര വിഭൂഷിതനായിരുന്നു. ആകെ മൊത്തം ഉജാലയിൽ മുക്കിയിട്ടില്ലാത്ത ഒരു NT രാമറാവു മോഡൽ. NT രാമറാവുവിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പേ മറ്റു ദേവഗണങ്ങളെ മായാശക്തിയാൽ എത്തിക്കും മുമ്പേ "ഫ'' എന്ന ഒറ്റ ആട്ടിലും പ്രപിതാമഹൻമാരെ ഉൾപ്പെടെ വിളിച്ച ഒറ്റത്തെറിയിലും എത്തവാഴക്ക് ദൈവത്തിങ്കൽ ചേരാനുള്ള അപൂർവ്വ അവസരം അമ്മാമ്മ നഷ്ടമാക്കി.
തുടർന്ന് ഈ കാര്യം ഉഗ്രപ്രതാപിയും സർവ്വോപരി കൃഷിവകുപ്പുദ്യോഗസ്ഥനുമായ എന്റെ മാമനെ (അമ്മമ്മയുടെ കടിഞ്ഞൂൽ പുത്രനായ ഈ അതിശക്ത പ്രജാപതിക്ക് ഈയുള്ളവനേ ഭസ്മമാക്കാൻ ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ഇരുത്തി ഒരു മൂളലിൽ കഴിഞ്ഞിരുന്നു എന്നത് ഇവിടെ പ്രാധാന്യമർഹിക്കുന്നു.) അറിയിക്കുമെന്ന ഭീഷണിയിൽ വില പിടിച്ചതും അത്യപൂർവ്വമായതുമായ തന്റെ തിരുവലങ്കാരങ്ങളും, കറിക്കത്തിയുടവാളും ആ ആസുരശക്തിപ്പടകൾക്കു മുന്നിൽ അടിയറ വയ്ക്കാൻ അപ്പോൾത്തന്നെ BPL ദേവൻ തയ്യാറായി.
അതു മാത്രമല്ല, സുദർശനചക്രമായി മാറിയ പഞ്ചാര ടിന്നിന്റെ അടപ്പ്, തോരൻ വയ്ക്കാൻ വച്ചിരുന്ന കപ്പയ്ക്കയിൽ കമ്പുറപ്പിച്ച ഗദ, കറിക്കത്തി രൂപാന്തരം പ്രാപിച്ച ഉടവാൾ, പലപ്പോഴായി വേഷഭൂഷാദികൾ ഒപ്പിക്കാൻ അടിച്ചുമാറ്റിയ മിനുക്ക തുണികൾ, തോർത്തുകൾ, ദേവന്റെ സ്ഥിരം വാഹനമായ കൊരണ്ടി എന്നിവയുടെ തിരോധാനത്തിൽ എനിക്കുള്ള പങ്കും അമ്മാമ്മ അതിനോടകം തിരിച്ചറിഞ്ഞിരുന്നു.
മോക്ഷം കൊടുക്കാനായി ഞാൻ ഉന്മൂലനം ചെയ്തിട്ടുള്ള തവളകൾ, പല്ലി, ഓന്ത്, വെട്ടിൽ, വണ്ട്, ചെല്ലി തുടങ്ങിയവയും (ഇവയുടെയൊക്കെശാപം കാരണമായിരിക്കും ഈ പ്രായത്തിലും ഊരുതെണ്ടി ജീവിക്കുന്നത് ) പിന്നെ അതിക്രൂരമാം വിധം കൊലപാതകം ചെയ്യപ്പെട്ട അയൽ വീട്ടിലെ ഒരു പൂച്ചയും (ഏതെങ്കിലും ഒരു മേലുദ്യോഗസ്തന്റെ രൂപത്തിൽ ജൻമമെടുക്കുമായിരിക്കും) തെളിവുകളായി മാറി.
ഇതൊന്നും പോരാതെ തലകളരിഞ്ഞ് നിർത്തിയ അസംഖ്യം ചേമ്പുകൾ, അമ്പ് തറഞ്ഞു കയറി മൃതപ്രായമായ ഇടിക്കച്ചകൾ, വാഴകൾ, കറിക്കത്തി കൊണ്ട് വരഞ്ഞ് നിർത്തിയ കറ്റാർവാഴപ്പോളകൾ, മൂട് പിഴുത് നിർത്തിയിരിക്കുന്ന കാച്ചിൽ വള്ളികൾ (ഭൂമിദേവിയെ പീഡിപ്പിക്കാനുള്ള ശ്രമം ദേവൻ തടുത്തപ്പോൾ സംഭവിച്ചത്), ദേവന്റെ അടങ്ങാത്ത ആഭരണഭ്രമം മൂലം ഇലകൾ നഷ്ടപ്പെട്ട മരച്ചീനികൾ, എന്നിങ്ങനെ "ഇരുന്നിടം മുടിപ്പിക്കുന്ന" ഈ അവതാര പുരുഷനെ അമ്മാവന്റെ കാന്തികവലയത്തിലേക്ക് അന്നു തന്നെ അമ്മാമ്മ തള്ളിവിട്ടു. ഇതിൽ മൂന്നാം മുറയും മുറിവുകളുമേറ്റ് കുടം പോയ വാഴകളുള്ളതും പൂച്ചയെ നഷ്ടപ്പെട്ടതുമായ അയൽവക്കക്കാരുടെ സംഭാവനകളും എടുത്ത് പറയേണ്ടതാണ്.
പക്ഷെ കുഞ്ഞമ്മമാരോടും അമ്മയോടുമുള്ള ധർമ്മയുദ്ധത്തിനൊടുവിൽ തളർന്ന് അഭിമന്യുവിനെപ്പോലെ നിൽക്കുന്ന എന്നോട് മറ്റാരു മുഷ്ടി യുദ്ധത്തിന് മാമൻ തയ്യാറായില്ല. പകരം വൈകുന്നേരങ്ങളിൽ ചെടികൾക്കു വെള്ളമൊഴിക്കാനും ഭിന്ന സംഖ്യകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം തുടങ്ങി ദേവലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളിലേക്ക് ഈ പുരാണ പുരുഷനെ തളച്ചിടുകയാണ് ചെയ്തത്.
ഒരു കണക്കിന് അവതാരോദ്ദേശം കഴിഞ്ഞെന്ന് തോന്നിയതിനാൽ ദൂരദർശനിലെ രാമായണം, മഹാഭാരതം പരമ്പരകളിലൂടെ ഈ BPLദേവൻ ഞാൻ ഗന്ധർവ്വനിലെ നിതീഷ് ഭരദ്വാജിനെപ്പോലെ ദേവലോകത്തെ ഓർത്ത് കാലം കഴിച്ചുകൂട്ടി.
കൃഷിയോഫീസിലെ ഉദ്യോഗസ്തനായിരുന്ന മാമന് താൻ ഒരു നല്ല കൃഷിക്കാരനായിരുന്നു എന്നത് അന്നുവരെ അവിശ്വസനീയമായി തോന്നാനുള്ള കാരണം ഈ BPL ദേവന്റെ ഉള്ളിലുള്ള ശിവാംശം ആയിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു.
ആ ഞാനാണ് ഇന്ന് മിറ്റത്ത് നിന്ന പൂവും ചെടികളും പറിച്ച് കളിച്ചിരുന്ന ഗൗരിയെ ചെടികൾ നശിപ്പിച്ചതിന് അടി കൊടുത്ത് അകത്ത് കയറ്റിയത് - ചെടികൾക്കും ജന്തുക്കൾക്കും വേദനയും വിഷമവുമൊക്കെയുണ്ടെന്ന് അവളോട് വച്ച് കാച്ചിയത്. ദൈവങ്ങളേ... ഞാൻ മോക്ഷം നൽകിയ അസംഖ്യം ജന്തുക്കളെ.... മുരടിപ്പിച്ച ചെടികളെ.... മാപ്പു തരില്ലേ നിങ്ങൾ ഈ പഴയ BPL ദേവന് .....
ഒപ്പം എനിക്ക് മനുഷ്യഗുണം തന്ന അമ്മാമ്മയുടേയും മാമന്റെയും ആത്മാക്കൾക്ക് നിത്യശാന്തിക്കായി ഒരായിരം പ്രാർത്ഥനകൾ
- ഗണേശ് -

ഒരു കല്ലും കുറച്ച് കൂട്ടുകാരും

Image may contain: 1 person, closeup
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ പുസ്തകസഞ്ചിയെടുത്ത് മുറിയുടെ മൂലയിലേക്ക് ഒറ്റയേറാണ്. ക്ലോക്കിൽ നോക്കി എന്തെങ്കിലും വലിച്ചു വാരിത്തിന്നു നിക്കുമ്പൊ ട ട്ട - ട ട്ട - ട ട്ട എന്ന മട്ടിൽ ഒച്ച കേൾക്കാം. ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ബാറ്റും ബോളുമൊക്കെയായി വാനര സംഘം എത്തി എന്നതിന്റെ സിഗ്നലാണ്. ആൾമാറാട്ടം, കൺകെട്ട്, കാലു പിടി, തുടങ്ങി പരകായപ്രവേശമുൾപ്പെടെ പല അടവുകളും പയറ്റിയാണ് വീട്ടിൽ നിന്നുള്ള മുങ്ങലും ഗ്രൗണ്ടിലെ പൊങ്ങലും.
മൂന്നു നാല് സുന്ദരി നാട്ടുമാവുകളുണ്ട് ഹരിതാഭമായ ഈ സ്കൂൾ ഗ്രൗണ്ടിൽ. കളികൾക്കു മുൻപും ഇടവേളകളിലും ഞങ്ങൾക്ക് ഫുഡ് ആൻറ് ബിവറേജസ് സ്പോൺസർ ചെയ്യുന്നത് ഈ മുത്തശ്ശി മാവുകളാണ്. കളിക്കാർക്കും കാണികൾക്കും ബോളിനും, ബാറ്റിനും സ്റ്റമ്പുകൾക്കും മൊത്തത്തിൽ ഒരു നാട്ടുമാമ്പഴ മണമായിരുന്നു അന്നൊക്കെ.
ഈ മാവുകൾക്ക് എന്റെ കൂട്ടുകാരൻ അമലിനോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങൾക്ക് കിട്ടുന്നതിലും ഒരെണ്ണമെങ്കിലും അവന് എന്നും കൂടുതൽ കിട്ടും. ഓരോ ഇലയും ചെടിയും ചുള്ളിയും മാറ്റി മാറ്റി വീണു കിടക്കുന്ന പഴുത്തമാങ്ങ ആരും കാണാതെ നൊടിയിടയിൽ എടുത്ത് ചപ്പി വലിക്കുന്നതിൽ കാണിച്ച ഈ ചടുലത പഠനത്തിലോ മൽസരപ്പരീക്ഷകളിലോ ആയിരുന്നെങ്കിൽ ഇവനിന്ന് കരസേനാ മേധാവി, ഇൻറലിജൻസ് - സി.ബി.ഐ - മറ്റു രഹസ്യാന്വേഷണ വിഭാഗം തലവൻ, കംട്രോളർ ആന്റ് ആഡിറ്റർ ജനറൽ തുടങ്ങി ആരെങ്കിലും ആയിപ്പോയേനേ.
60-70 വയസ്സ് പ്രായം വരുന്ന കറുത്ത് മെല്ലിച്ച ഒരു അമ്മച്ചിയായിരുന്നു അന്ന് ഗേൾസ് ഹൈ സ്കൂളിന്റെ കാവലാൾ. ഞങ്ങൾ കാന്റീനമ്മച്ചി എന്നു വിളിച്ചിരുന്ന ആയമ്മ നല്ലതോ ചീത്തയോ ആയ എന്തു കാര്യം സംസാരിക്കുമ്പോഴും സെന്റൻസിന്റെ തുടക്കവും മധ്യവും ഒടുക്കവും പ്രോപ്പർ ആയ ഒരു തെറി മേമ്പൊടിക്ക് ഇടും. മൈ.... തുടക്കവും പൂ..... മധ്യവും , ഫുൾ സ്റ്റോപ്പിടും മുമ്പ് പറിക്കുക എന്ന വാക്കിൽ നിന്ന് ആദ്യത്തെ രണ്ടക്ഷരവും എടുത്ത് പുട്ടിനിടയ്ക്ക് തേങ്ങാപ്പീരയിടും പോലെ ഏത് കാര്യത്തേയും മൊത്തത്തിൽ തെറിമനോഹരമാക്കിയായിരുന്നു അവതരണം.
രാവിലെ നേരത്തെ എത്തി വാട്ട ചായ, ഉണക്കക്കേക്ക് എന്നീ അതുല്യ കോമ്പിനേഷനിൽ സ്കൂൾ ക്യാന്റീൻ നടത്തിയും, വൈകിട്ട് എത്തുന്ന സച്ചിൻ - ഗാംഗുലി - ദ്രാവിഡ് - ലക്ഷ്മണൻമാരെ മൈ...പൂ... ഭാഷ പഠിപ്പിച്ചും, കളിക്കിടയിൽ ഗ്രൗണ്ടിലൂടെ ഉറക്കെ തെറി വിളിച്ച് നടന്നും, ചുള്ളികൾ ഒടിച്ചും, പരിസരം തൂത്തും കറങ്ങി നടന്ന് ആറു മണിയോടെ ഒരു കുളി കഴിഞ്ഞ് സ്കൂൾ ഗേറ്റ് പൂട്ടി മടക്കം ഇതായിരുന്നു അമ്മച്ചിയുടെ ഒരു ദിനം.
അന്നത്തെ ആ അവധി ദിവസം വൈകിട്ട് ഞാൻ ഗ്രൗണ്ടിലെത്തിയപ്പോഴേക്കും മാവിൻ ചുവട്ടിൽ നാലഞ്ച് പേർ മാങ്ങയും കടിച്ചിരിപ്പുണ്ടായിരുന്നു. അമലിന്റെ കൈയ്യിലിരുന്ന രണ്ടു മാങ്ങയിലൊന്ന് തട്ടാൻ ശ്രമിക്കുന്നത് കണ്ടിട്ടാവണം അവൻ വായിൽക്കിടന്ന മാങ്ങ തുപ്പിയിട്ട് കൈയ്യുൾപ്പെടെ രണ്ടു മാങ്ങയും ഒന്നിച്ച് വായിലാക്കിയത്‌. അങ്ങനെ മാങ്ങ കിട്ടാത്ത കുരങ്ങനെപ്പോലെ നിന്ന എന്നെ സമധാനിപ്പിച്ച് സുരേഷ് ഒരു കല്ല് പായിച്ചു. ഏറ്റവും ഉയരത്തിൽ ഊക്കോടെ ഉന്നത്തിലെറിയുന്ന, മപ്പൻ എന്ന വിളിപ്പേരുള്ള ഇവനായിരുന്നു അന്ന് ഞങ്ങളുടെ ഹീറോ.
ആദ്യത്തെ നാലഞ്ച് കല്ലുകൾ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയാതെ ചമ്മിയ മപ്പൻ അടുത്ത അങ്കത്തിൽ കുറേക്കൂടി വലിയ കല്ലെടുത്തു. ഓങ്ങിയെറിഞ്ഞ ആ കല്ല് മാവിൻ ചില്ലയിൽത്തട്ടി കാന്റീൻ പരിസരത്തെ തകരഷെഡിന്റെ പുറത്ത് "ഡപ്പേ" എന്ന വലിയ ഒച്ചയിലാണ് വീണത്.
പുല ..... മക്കളേ ....എന്ന ഒരലർച്ച കേട്ടാണ് ഞങ്ങൾ തിരിഞ്ഞ് നോക്കിയത് ഒരു ഒറ്റത്തോർത്തു മാത്രം ഉടുത്ത് മാറ് മറക്കാതെ മുടി മുന്നോട്ടിട്ട് പല്ല് കിരിച്ച് ഒരു "ഉണക്ക വട യക്ഷി" യായി അലറുന്ന അമ്മച്ചിയെ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. ഓടാൻ വിട്ടു പോയ സുമേഷിന്റെ കുത്തിന് അമ്മച്ചി ഒറ്റപ്പിടി.
''എടാ മൈ.... നിന്റെ അമ്മച്ചിടെ ........ ആണോ ഈ മാവിൽ തൂക്കിയിട്ടിരിക്കുന്നത്?
"ഞാനല്ലമ്മച്ചീ ഈ സുരേഷാ എറിഞ്ഞത്"
"സുരേഷായാലും ഏത് *@@@##$&* (*പറ യിട്ട് വള്ളി പിന്നെ ഒരു ഷ് കൂടി ചേർന്ന ഒരു പുതിയ തരം പേര്*) ആയാലും ശരി നിന്റെയൊക്കെ വീട്ടിപ്പോയി തന്തയ്ക്കിട്ട് എറിയെടാ"
പിന്നീടാണ് അമ്മച്ചിക്ക് ഉണക്കമുന്തിരിയിൽ നൂലുകെട്ടും പോലെയുള്ള തന്റെ അർദ്ധനഗ്നതയെക്കുറിച്ച് ഓർമ്മ വന്നത്. പക്ഷെ ഉടുത്തിരുന്ന കീറ തോർത്ത് ആ മെല്ലിച്ച ശരീരം മറക്കാൻ പാകത്തിനുള്ളതായിരുന്നില്ല.
തകര ഷെഡിലെ സ്റ്റൂളിലിരുന്ന് ഒരു ചരുവത്തിൽ വെള്ളമെടുത്ത് അരയിൽ തോർത്ത് ചുറ്റി വടക്കൻപാട്ടിലെ നായികയെപ്പോലെ വിശാലമായി കുളിച്ചു കൊണ്ടിരുന്നപ്പോഴാണ് മപ്പന്റെ കല്ല് തകരഷെഡിനു മുകളിൽ വീണത്. ഭൂമി കുലുക്കമോ ബോംബ് സ്ഫോടനമോ ആണെന്ന് കരുതി പ്രാണരക്ഷാർത്ഥം ഓടിയിറങ്ങി, ചരുവവും വെള്ളവും തട്ടിമറിച്ച് വീണെണീറ്റ് വന്നപ്പോഴാണ് മാവിലെറിയുന്നവരെ കണ്ടതും തെറിപ്പൂരം നടത്തിയതും.
കുറച്ച് സമയം കുറ്റിക്കാട്ടിൽ ഒളിവിൽ കഴിഞ്ഞ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങാൻ പതുക്കെ ഷെഡിനടുത്തെത്തി. തെറി പ്രതീക്ഷിച്ച് ഒളിച്ച് നോക്കിയപ്പോ നടുവ് തടവി ഞരങ്ങുന്ന അമ്മച്ചിയെയാണ് കണ്ടത്. ഞങ്ങൾ അമ്മച്ചിയെ അവിടെ കിടന്ന സ്റ്റൂളിൽ ഇരുത്തി അമൃതാഞ്ജൻ ഇട്ട് നടുവ് നന്നായി തടവിക്കൊടുത്തു. സുരേഷും സുമേഷും അമ്മച്ചിക്ക് ചരുവത്തിൽ വെള്ളം കോരി വച്ചു. എന്നിട്ട് അവിടെ ഇരുന്ന ചുള്ളികളാൽ വെള്ളം ചൂടാക്കിക്കൊടുത്തു. തിരിച്ച് ഇറങ്ങാൻ നേരം നിറഞ്ഞ കണ്ണോടെ അമ്മച്ചി എടാ മൈ ....മാരേ ഈ കേക്ക് എടുത്ത് തിന്നിട്ട് പോയിനെടാ കള്ള കഴുവേറികളെ" എന്നു പറഞ്ഞു.
പുറത്തിറങ്ങിയപ്പൊ മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാങ്ങകൾ - മാവിൻ മുത്തശ്ശിക്കും സന്തോഷം ആയതാവുമോ?.... അറിയില്ല.
- ഗണേശ് -

ഒരു ഡ്രൈവിംഗ് ലൈസൻസിന്റെ കഥ

Image may contain: 1 person, closeup

"ഡാ പെട്ടെന്ന് റെഡിയാക്" എന്ന് മാമൻ പറഞ്ഞപ്പോ അത് ഇമ്മാതിരി ഒരു കുരിശിലേക്കാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാമന്റെ മൊപ്പെഡിൽ തുടങ്ങിയ യാത്ര ഒരു ചായക്കടക്ക് മുന്നിലാണ് എത്തിയത്. ഗ്യാസ് ട്രബിൾ ആവശ്യത്തിൽ കൂടുതൽ അകത്ത് ഉള്ളതിനാൽ സാധാരണയായി പുള്ളി പുറത്ത് നിന്ന് ആഹാരമൊന്നും കഴിക്കാറില്ല 'പിന്നെ ഇതെന്തിനാണപ്പാ' എന്ന മട്ടിൽ പരിപ്പുവടയോ, ഉഴുന്നുവടയോ, കേക്കോ ഏതാണ് ആദ്യം ഓർഡർ ചെയ്യേണ്ടത് എന്ന ആത്മസംഘർഷത്താൽ ചില്ലുകൂടിനടുത്തേക്ക് നടക്കാനാഞ്ഞ എന്നോട് കനത്ത മൂളലോടെ മാമൻ മേലോട്ട് എന്ന് ആഗ്യം കാട്ടി.
അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്. ഓടിട്ട ഒരു ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്താണീ ചായക്കട. ചായക്കടയുടെ തൊട്ടപ്പുറത്തായി മുകൾ നിലയിലേക്ക് തടി കൊണ്ടുള്ള കുറച്ച് പടികൾ. പടി കയറി ചെല്ലുന്നത് ഒരു കോറിഡോറിലേക്കാണ്. കോറിഡോറിന്റെ രണ്ടു മൂന്ന് പലകകൾ ഇളകിയിരിക്കുന്നതു കൊണ്ട് മുകളിലുള്ളവർക്ക് ചായക്കടയുമായി നേരിട്ട് സംപ്രേക്ഷണം സാധ്യമാണ്. അവിടെ ദോശ മുട്ടക്കറി കടല തുടങ്ങിയവയുടെ വേവ്, ചൂട്, അളവ്, മണം, രുചി തുടങ്ങിയവ ഈ വിള്ളലിലൂടെ കണ്ടറിയാം. പക്ഷെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ ഹോട്ടലിലെ ചൂട് കലത്തിൽ നിന്ന് പ്ലേറ്റില്ലാതെ തന്നെ ഇവയെല്ലാം രുചിക്കുകയും ചെയ്യാം.
രണ്ട് മുറികൾ ആണ് മുകളിൽ, ഒന്നൊരു തയ്യൽ കടയാണ്. തുണ്ടിൽ ഡ്രൈവിംഗ് സ്കൂൾ' എന്ന അതിനടുത്ത മുറിയാണ് മാമന്റെ ലക്ഷ്യം എന്ന് എനിക്ക് മനസ്സിലായി. വട്ടത്തിനകത്ത് Lഎന്ന അക്ഷരം പിന്നെ കഥകളി മുദ്രകൾ പോലെ എന്തൊക്കെയോ ചിഹ്നങ്ങളും ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനും അവിടെയുണ്ടായിരുന്നു. പത്തു മിനിട്ട് കഴിഞ്ഞപ്പൊ ആശാൻ എത്തി. "എന്റെ അനന്തിരവനാ പറഞ്ഞിട്ട് കാര്യമില്ല" എന്ന മട്ടിൽ മാമൻ ആശാനെ ഒന്നു നോക്കി. "ഇവനെ ഞാൻ ശരിയാക്കിയേക്കാം'' എന്ന മട്ടിൽ ആശാൻ എന്നേയും.
അങ്ങനെ പിറ്റേ ദിവസം രാവിലെ 7 മുതൽ ഒരു വെള്ള അംബാസിഡർ കാറിൽ ഡ്രൈവിംഗ് പഠനം ആരംഭിച്ചു. എന്നെ കൂടാതെ അഡ്മിഷൻ എടുത്ത ദിവസം പരിചയപ്പെട്ട ശ്യാമും പിന്നെ ബാലൻ ചേട്ടനും ആയിരുന്നു 7 മണി ബാച്ചിൽ. ആദ്യ ദിവസങ്ങളിൽ നിരപ്പുള്ള റോഡിൽ സ്റ്റിയറിംഗ് ബാലൻസ് മാത്രം ശരിയാക്കാനുള്ള പരിശീലനത്തിൽ മറ്റുള്ളവർ വിജയിച്ചപ്പോൾ ''റോഡിന്റെ ഇരുവശങ്ങളിലും നട്ടിരിക്കുന്ന മരങ്ങളുടെ സെൻസസ് എടുക്കാനല്ല നമ്മൾ പോകുന്നത് " എന്ന് ആശാനേക്കൊണ്ട് കനത്തിൽ പറയിക്കേണ്ടി വന്നു.
''വളയം പോലും നേരെ ചൊവ്വേ പിടിക്കാനറിയാത്ത എവനൊക്കെ എങ്ങനെ വണ്ടിയോടിക്കും എന്റീശ്വരാ" എന്ന ആശാന്റെ ആത്മഗതം പറങ്കിമാവിൻ കൊമ്പിൽ പാട്ടയുടെ അടപ്പ് സ്റ്റിയറിംഗ് ആക്കി നിറയെ ആളുകളേയും കൊണ്ട് ഓവർലോഡിൽ പറക്കുന്ന എന്റെ ചെവിക്കല്ലിന് ഓങ്ങി ഒരു അടിയായിട്ടാണ് കിട്ടിയത്.
മറ്റ് രണ്ടു പേരും ബ്രേക്കും ആക്സിലേറ്ററും കഴിഞ്ഞ് ഗിയറിലേക്ക് കയറിയപ്പൊ ഞാൻ വളയം ഒരു വിധം ശരിയാക്കിയെടുത്തു. പക്ഷെ ഇതിനകം "നേരേ നോക്കി ഓടിക്കെടാ കഴുതേ'' " നിന്റെ കണ്ണവിടെടാ മരപ്പട്ടീ" തുടങ്ങിയ രണ്ടു മൂന്ന് ഉന്നത ബിരുദങ്ങൾ ആശാനിൽ നിന്ന് എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.
എന്നത്തേയും പോലെ താമസിച്ചു വന്ന അന്ന്, ഓടിച്ചാടി ബാക്ക് സീറ്റിൽ കയറിയിരുന്ന എനിക്ക് തൊട്ടടുത്തു നിന്ന് ഒരു കുട്ടിക്യൂറാ സുഗന്ധം കിട്ടി. കുറിയും കുളിപ്പിന്നലുമൊക്കെയായി ഒരു സുന്ദരിക്കുട്ടി സ്വപനത്തിലെപ്പോലെ എന്റെ തൊട്ടപ്പുറത്ത്.
തെറി വിളി കിട്ടാതെ വണ്ടിയോടിക്കുന്ന ശ്യാമിന്റെ ഉൾപ്പെടെ ശ്രദ്ധ മുഴുവൻ അവളിലായി. ഒന്ന് പാളി നോക്കിയപ്പോൾ ബാലൻ ചേട്ടന്റെ അവസ്ഥയും വ്യത്യസ്തമല്ല എന്ന് മനസ്സിലായി.
അവളാകട്ടെ ഹരികൃഷ്ണൻസിലെ ജൂഹിയെപ്പൊലെ നടുക്കിരുന്ന് ഒരു പെഡസ്ട്രിയൽ ഫാൻ പോലെ ഏവരേയും കടാക്ഷിച്ചു കൊണ്ടേയിരുന്നു. ആശാനും പതിവില്ലാതെ തമാശകൾ പൊട്ടിച്ച് അന്നത്തെ പഠനം ഒരു പ്ലഷർ ട്രിപ്പാക്കി മാറ്റി.
"സമയമായെടാ" എന്ന് അമ്മ പറയുമ്പൊ മാത്രം പുതപ്പ് മാറ്റുന്ന ഞാൻ പിറ്റേന്ന് സമയമെടുത്ത് പല്ലുതേച്ച് കുളിച്ച് ഒരുങ്ങിയാണ് പോകാൻ റെഡിയായത്. 6.45ന് ചായക്കടക്ക് മുന്നിലെത്തിപ്പൊ പൂക്കളുള്ള ഷർട്ട് ധരിച്ച് അവളെ ചായ കുടിക്കാൻ ക്ഷണിക്കുന്ന ബാലേട്ടനെ കണ്ട് ഞാൻ ഞെട്ടി. പക്ഷെ ചായ ഓഫർ നിരസിച്ച് എന്നെ നോക്കി ചിരിച്ച് അടുത്ത് വന്ന ആ കുട്ടിക്യൂറ എന്നോട് പേര് ചോദിച്ചു. ഇതിനകം എത്തിയ ശ്യാമും ഞങ്ങൾക്കൊപ്പം ചേർന്നു.
6.30ന് കുളിച്ച് റെഡിയാകുന്ന ഞാൻ, അതു കണ്ട് ലോകാവസാനമായോ ഭഗവാനേ എന്ന മട്ടിൽ വായ് തുറന്നു നിൽക്കുന്ന അമ്മ, പല പല നിറങ്ങളിൽ പൂത്തുലയുന്ന ബാലേട്ടൻ, കൃത്യം 6.45 ന് എത്തുന്ന കുട്ടിക്യൂറ, തെറിയുടെ ഡിഗ്രി കുറച്ച് ആശാൻ, ആദ്യം ഡ്രൈവിംഗ്‌ നടത്തി പിന്നെ ഫുൾ ടൈം അവളെ സഹായിക്കുന്ന ശ്യാം, ഇത്തരത്തിൽ വായിനോട്ട സുന്ദരമായി ഒരാഴ്ച കടന്നു പോയി.
ഇതിനകം വണ്ടി ഞങ്ങൾക്ക് പകുതി സ്വതന്ത്രമാക്കി ആശാനും അവളോട് കൂടുതൽ അടുത്തു . കൊട്ടാരക്കരയിലെ സമതലങ്ങൾ അവൾക്കും, മലനിരകളും തീരദേശവും ജനവാസമില്ലാത്ത വനഭൂമികളും ഞങ്ങൾക്കും. എവിടെയായാലും കാറിനെ ബോട്ട് പോലെ ഓടിക്കുന്ന അവൾക്ക് പ്രോൽസാഹനവും... ചെറിയ കുഴികൾ വെട്ടിച്ച് മാറ്റി വലിയ കുഴികൾ ഒന്നും വിടാതെ കീഴടക്കുന്ന എനിക്ക് ആശാന്റെ നുള്ളും പിച്ചും. കുട്ടിക്യൂറാ ലഹരിയിൽ ആ സമയം ഒന്നുമറിയില്ലെങ്കിലും വീട്ടിലെത്തി നോക്കുമ്പൊ തുടയിൽ ചെറിയ ചെല്ലികൾ വന്നിരിക്കും പോലെ പാടുകളും വെള്ളമൊഴിക്കുമ്പൊ നീറ്റലും എനിക്ക് മാത്രം സ്വന്തമായി.
"അവൾക്കെന്നോടിഷ്ടമാടാ" എന്ന് അവൾ വരാഞ്ഞ ഒരു ദിവസം ശ്യാം എന്നോടു പറഞ്ഞപ്പൊ കയറ്റത്ത് ഓഫായിപ്പോയ വണ്ടി പോലെയായി ഞാൻ. ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തെത്തിയ ബാലേട്ടനും ഇത് കേട്ട് ഫ്രണ്ട് ടയർ പഞ്ചർ ആയ ഫിയറ്റ് കാർ ആയി മാറി.
പീഢന പർവ്വങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ബാലൻചേട്ടനിൽ നിന്ന് ഈ വിവരം അറിഞ്ഞ ആശാൻ അവളുടെ സമയം മാറ്റി. യാതൊരു വികസനങ്ങളുമില്ലാതെ മൊത്തം കുണ്ടും കുഴിയും ഉള്ള സ്ഥലങ്ങളാണ് കൊട്ടാരക്കരയിൽ എന്ന് തോന്നിപ്പിച്ച് ഡ്രൈവിംഗ് എനിക്ക് അപ്രാപ്യമായ കാര്യമാണ് എന്ന് ആശാൻ മനസ്സിലാക്കിത്തന്നുകൊണ്ടിരുന്നു. ഒപ്പം തുടയിലെ ചെല്ലികളുടെയും ഡ്രൈവിംഗ് ഡിഗ്രികളുടേയും എണ്ണം കൂടിക്കൂടി വന്നു.
അവസാനം H എടുക്കാൻ പരിശീലനം നടത്തുന്ന ദിവസം വന്നെത്തി. എന്നോട് വരണ്ട പിന്നെ നോക്കാം എന്നാണ് ആശാൻ പറഞ്ഞതെങ്കിലും അഭിമാനം അനുവദിക്കാത്തതിനാൽ ഞാനും കൃത്യം 9 മണിക്ക് നെല്ലിക്കുന്നം ഗ്രൗണ്ടിലെത്തി. ആശാൻ മാക്സിമം എന്നെ ഒഴിവാക്കി കുട്ടിക്യൂറയ്ക്കും മറ്റു ബ്യൂട്ടികൾക്കുമൊടുവിൽ ശ്യാമിനേയും ബാലേട്ടനേയും റെഡിയാക്കിയെടുത്തു. പക്ഷെ ആശാന്റ ദൗർബല്യമറിയാവുന്ന എന്റെ ഫ്രണ്ടും ഡ്രൈവിംഗിലെ ഉന്നത ബിരുദധാരിയും ചെല്ലികളുടെ ഹോൾസെയിലറുമായ അരുണിന്റെ വാക്കുകളാൽ പ്രചോദിതനായി "കിംഗ് ജോർജ്ജ് " എന്ന പൈൻറുമായാണ് ഞാൻ എത്തിയത് എന്ന സത്യം ആശാനറിഞ്ഞത് വളരെ വൈകിയാണ്.
കിങ്ങ് ജോർജ്ജ് സടകുടയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ആദ്യത്തെ H എടുത്തു കഴിഞ്ഞപ്പോൾ വളഞ്ഞൊടിഞ്ഞ മുന്നിലെ കമ്പികൾ യാതൊരു ചെല്ലികളുടെയും സഹായമില്ലാതെ ഞാനും ആശാനും കൂടി നൂത്തെടുത്തു. വൈകുന്നേരം ആറു മണിക്ക് പിരിഞ്ഞപ്പോൾ ആശാൻ ഒരു "കിംഗ് ജോർജ്ജ്" തംസ് അപ്പ് തന്നാണ് എന്നെ യാത്രയാക്കിയത്.
ടെസ്റ്റിന്റെ അന്ന്, മഹാഗണപതിയുടെ അനുഗ്രഹത്താൽ H വലിയ കലിപ്പില്ലാതെ ഞാനും എടുത്തു. ആരാധനാ പൂർണ്ണമായ മാമന്റെയും കുട്ടിക്യൂറയുടേയും നോട്ടങ്ങൾ അവഗണിച്ച് തോളത്ത് വീഴുന്ന ആശാന്റെ കൈവിരലുകൾ നോക്കി ഗിയർ മാറ്റി ഞാൻ റോഡും, അതിൽ നിന്ന് കിട്ടിയ പ്രചോദനത്താൽ ടൂ വീലറും പാസ്സായി.
ടെസ്റ്റിൽ പാസായെങ്കിലും 'കുട്ടി' വെറും 'കൂറ'യാണെന്ന് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ രാജേഷിൽ നിന്നും മനസ്സിലാക്കിയ ശ്യാമും, അത്തവണയും പൂക്കാത്ത ഷർട്ടുമായി അടുത്ത ടെസ്റ്റ് ലക്ഷ്യമാക്കി ബാലേട്ടനും, അവസാന കമ്പി തട്ടിയിട്ട് ആദ്യ കടമ്പയിൽത്തന്നെ അടിയറവ് പറഞ്ഞ കുട്ടിക്യൂറയും, 'കിംഗ് ജോർജ്' സ്പെഷ്യലിസ്റ്റ് ആശാനും, ആ ചായക്കടയിലെ ചൂട് ചായയും ദോശയും മുട്ടക്കറിയും എന്റെ ഓർമ്മയിലെ നല്ല ഡ്രൈവിംഗ് ടെസ്റ്റായി ഇന്നും നിലനിൽക്കുന്നു.
ഒപ്പം..
നാലഞ്ചു പേരേ തേച്ച് കുട്ടിക്യൂറയിൽ നിന്നും ഇച്ച് ഗാർഡ് ആയി മാറിയ അവളും...
- ഗണേശ് -

#ഫിലിപ്പ് കോട്ട്ലറെ #പ്യൂരിഫെ #ചെയ്തപ്പോൾ


You are appointed for the post of "Sales officer trainee". ബെട്രോണിക്സ് എന്ന കമ്പനിയിലെ AGM പ്രസാദ് അറിയിച്ചപ്പൊ ഒരുദ്യോഗസ്തനായ സന്തോഷത്താൽ ഞാൻ തുള്ളിച്ചാടി. ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വേറേ മൂന്ന് പേരും എന്നോടൊപ്പം ഇതേ പോസ്റ്റിൽത്തന്നെ അപ്പോയിന്റ്മെന്റ് ഓർഡർ വാങ്ങിയിരിക്കുന്നു എന്നത് ആഘോഷത്തിന്റെ നുരകൾ കൂട്ടി.
ബുധനാഴ്ച തന്നെ ജോയിൻ ചെയ്യണം - ക്ഷേത്ര ദർശനം - മുതിർന്നവരുടെ കാലുവാരൽ - പുണ്യാഹം തളിപ്പ് - ഉപദേശങ്ങൾ കൈക്കൊള്ളൽ ഇത്യാദി സ്ഥിരം സീനുകൾക്കൊപ്പം പളപളാ കാർ, പുതുപുത്തൻവീട്, പറന്നു നടക്കാൻ പണം, പഞ്ഞിക്കിടാൻ സുന്ദരിയായ ഭാര്യ, പന്തലിടീക്കാൻ വീട് നിറയെ സുഹൃത്തുക്കളും ബന്ധുക്കളും - അങ്ങനെയോർത്ത് എന്റെ രാശിയായ നീല ഷർട്ടെടുത്തണിഞ്ഞ് ഉദ്യോഗം സ്വീകരിക്കാൻ റെഡിയായി.
അത്ര മുഖ പ്രസാദമില്ലാത്ത പ്രസാദ് സാറിനു മുന്നിൽ രാജേഷ്, സതീഷ്, വിജേഷ്, ഗണേഷ് എന്ന ഞങ്ങൾ, ഹരിഹർ സിനിമയിൽ അപ്പാഹാജയുടെ മുന്നിൽ എന്ന പോലെ അപ്പോയിൻറ്മെൻറ് ഓർഡറുമായി ഇരുപ്പുറപ്പിച്ചു.
വാട്ടർ പ്യൂരിഫയറിന്റേയും, ഇൻവർട്ടറിന്റെയും സാങ്കേതികത്വവും വിൽപ്പനയുടെ ടിപ്സുകളും പഠിപ്പിക്കാൻ തുടങ്ങിയ സാറിന്, ഓരോ സെന്റൻസിനും അവസാനം മുന്നിലിരിക്കുന്ന ആളിന്റെ പേര് പറയുക എന്ന സ്ഥിരം സ്വഭാവം വിനയായി മാറി. ഞങ്ങളുടെ പേരിന്റെ സാമ്യവും അവസാനത്തെ "ഷ്" എന്ന ശബ്ദവും പുള്ളിക്ക് ആകെ കൺഫ്യൂഷൻ ഉണ്ടാക്കി. പെർമ്യൂട്ടേഷൻ കോമ്പിനേഷൻ രീതിയിൽ സജീഷ്, വിജീഷ്, ഗജീഷ്, രതീഷ്, സുജീഷ്, സുതീഷ്‌, എന്നു തുടങ്ങി പുള്ളിക്കാരൻ പറയുന്ന എല്ലാത്തിലും ''ഷ് " എന്ന ശബ്ദം ആവശ്യത്തിനും അനാവശ്യത്തിനും കടന്നു വരാൻ തുടങ്ങി.
മിടുമിടുക്കൻമാരായ ഞങ്ങളെ മൂന്ന് ദിവസം കൊണ്ട് തന്നെ ഫീൽഡിലേക്ക് വിടാൻ പഴയ മിടുക്കൻമാർ തീരുമാനിച്ചു. ശമ്പളക്കാര്യത്തിൽ കിട്ടിയ തേപ്പ് ഒഴികെ തുടക്കത്തിൽത്തന്നെ പ്രമാദമായ കേസന്വേഷണ ഉത്തരവാദിത്വം കിട്ടിയ SI മാരായി ഞങ്ങളും വേട്ടയ്ക്കിറങ്ങി.
വാട്ടർ പ്യൂരിഫയർ -ഇൻവർട്ടർ വിൽപ്പനയിൽ പുത്തൻ ചരിത്രം സൃഷ്ടിക്കാനും ഫിലിപ്പ് കോട്‌ലറിന്റെ തിയറി കൊല്ലത്ത് പ്രാവർത്തികമാക്കി കാണിക്കാനുമായി ആ നാൽവർ സംഘം ആദ്യം തിരഞ്ഞെടുത്തത് തേവള്ളിയാണ്. മാർക്കറ്റിങ് മാനേജ്മെൻറിൽ 70% കൂടുതൽ മാർക്ക് വാങ്ങിയ സതീഷിന്റെ നിർദ്ദേശ പ്രകാരം രണ്ട് ഗ്രൂപ്പായി ഞങ്ങൾ തിരിഞ്ഞു. റോഡിനിടത്ത് ഭാഗത്ത്‌ ഞാനും രാജേഷും, വലതു ഭാഗത്ത് സതീഷും വിജേഷും ചേർന്ന സർജിക്കൽ സ്ട്രൈക്ക്. ഉച്ചയോടെ ഒത്ത് ചേർന്ന് അതുവരെ കിട്ടിയ ഓർഡറുകൾ പങ്കു വയ്ക്കണം എന്ന രീതിയിൽ ടീം "ഓപ്പറേഷൻ വാട്ടർ" ആരംഭിച്ചു.
''ഓപ്പറേഷൻ വാട്ടർ" തുടങ്ങി ഏതാണ്ട് അര മണിക്കൂറിനകം എനിക്ക് കാര്യത്തിന്റെ കിടപ്പ് ഒരു വിധം മനസ്സിലായി. പക്ഷെ മൂക്കനാട്ട് ഏരിയയിലെ ആദ്യ MBAക്കാരൻ രാജേഷ് അപ്പോഴും ശുഭാപ്തിവിശ്വാസത്തിലായിരുന്നു.
"ഇവിടെ ആരുമില്ല - ഇപ്പൊ ഒന്നും വേണ്ട - ഇവിടെ ഇരിക്കുന്ന ഒരെണ്ണം മര്യാദക്ക് എടുത്തോണ്ട് പോ- എന്നു തുടങ്ങി., പട്ടിയെ അഴിച്ചുവിടും - രാവിലെതന്നെ കുറേയെണ്ണം പാൻറും ടൈയും വലിച്ചു കേറ്റി വന്നോളും പരിസരമൊക്കെ നോക്കീട്ട് രാത്രി മോട്ടിക്കാൻ - പോലീസിനെ വിളിക്കണോ? എന്ന രീതിയിലാണ് നാട്ടുകാർ ആ നാല് ഫിലിപ്പ് കോട്ലർമാരേയും വരവേറ്റത്.
ഉച്ചക്ക് ആനന്ദവല്ലീശ്വരം ആലിൻ ചുവട്ടിൽ ആദ്യമെത്തിയത് ഞങ്ങളാണ്. എന്റെ നീല ഷർട്ടും രാജേഷിന്റെ കോൺഫിഡൻസും വിങ്ങി വിയർത്തിരുന്നു. പത്തു മിനിട്ടിനകം പരിക്ഷീണരായി അവരുമെത്തി. ഒന്നുമൊന്നും സംസാരിക്കാതെ പട്ടി പുറകേ ഓടിച്ചതിന്റെ അണപ്പ് മാറ്റാനായി വിജേഷ് ഒരു തണുത്ത സോഡാ നാരങ്ങാവെള്ളം പറഞ്ഞു.
രാവിലെ കളക്ടറേ പോലെ ഇറങ്ങുന്ന ഞങ്ങൾ മരമടി കഴിഞ്ഞ കർഷകരെപ്പോലെ തുടർച്ചയായി തിരികെ ഓഫീസിൽ എത്താൻ തുടങ്ങി. തെങ്കാശിപ്പട്ടണം സിനിമയിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വരുന്ന ദിലീപിനെ സലീംകുമാർ നോക്കി ചിരിക്കും മട്ടിൽ ഓഫീസിലുള്ള മറ്റ് ജീവനക്കാരുടെ നോട്ടവും ചിരിയും കണ്ടില്ലെന്ന് നടിച്ച് AGM ന്റ ക്യാബിനിൽ കോട്ലർമാർ കൊലപ്പുള്ളികളെപ്പോലെ സ്ഥിരമായി നിലകൊണ്ടു. ഷെയിൽ ചെയ്തില്ലെങ്കിൽ ഷാലറി ഇല്ല എന്നതൊഴികെ AGM സ്ഥിരമായി "ഷ്" ൽ പറഞ്ഞുതുടങ്ങുന്ന മാർക്കറ്റിംഗ് തീയറികൾ പൊതിക്കാനാവാത്ത ഉണക്ക തേങ്ങകളായി ഞങ്ങൾക്ക് കിട്ടി. വിഷമം മറക്കാനായി ഞങ്ങൾ ബീഫ് ചോപ്സിനെ അഭയം പ്രാപിച്ചു.
പിറ്റേ ദിവസം സതീഷ് കുറച്ച് തീരുമാനങ്ങളുമായാണ് എത്തിയത്. അളിയാ നമുക്ക് "ഐഡ" പുറത്തെടുക്കണം. സ്വതവേ പഠനത്തിൽ പണ്ടേ മുൻപന്തിയിലായിരുന്ന ഞാൻ "അട" എന്നാണ് കേട്ടത്. ഉച്ചയ്ക്ക് എടുക്കാം രാവിലെ നമ്മൾ കാപ്പി കുടിച്ചല്ലോ? എന്ന എന്റെ നിഷ്കളങ്കമായ ചോദ്യം അവർ ചിരിച്ചു തളളി. എടാ ഇത് അടയല്ല - ഐഡ -(AIDA is an acronym that stands for Awareness, Interest, Desire and Action.) തുടർന്ന് ഗൗരവത്തിൽ ഒരു ക്ലാസ് -ചിരിച്ചു കൊണ്ട് വീട്ടിൽ കയറണം ., പരിചയപ്പെട്ട ശേഷം ഇത്രേം വല്യ വീട്ടിൽ ഒരു വാട്ടർ പ്യൂരിഫയർ എന്താ ഇല്ലാത്തേ? (Awareness)എന്ന് ചോദിക്കണം തുടർന്ന് പ്രോഡക്ട് നോളജ് കൊടുക്കണം(Interest) അപ്പൊ അവർക്ക് വാങ്ങാൻ അതിയായ ആഗ്രഹം(Desire)വരും., പിന്നെ എന്തായാലും അവർ പ്യൂരിഫയർ വാങ്ങിയിരിക്കും (Action) "നമുക്ക് കഴിയും ഇത്രേ ഉള്ളൂ" എന്ന് അവനും "ഇത്രേ ഒള്ളോ" എന്ന് ഞങ്ങളും.
അന്നേ ദിവസം നാലു പേരും നാലുവഴിക്കാണ് ഐഡയുമായി പോയത്. അന്നും ഉച്ചവരെ ആർക്കും ഒരു രക്ഷയും കിട്ടിയില്ല. ഐഡയോടൊപ്പം നമുക്ക് ഒരു ക്വസ്റ്റ്യനയർ കൂടി നോക്കിയാലോ - ഐഡിയ വിജേഷിൽ നിന്ന് വന്നു. പേര്, അഡ്രസ്, ജോലി.തുടങ്ങി സാധാരണ മട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിൽ വാട്ടർ പ്യൂരിഫയർ ഉണ്ടോ? ഇല്ലെങ്കിൽ എന്ന് വാങ്ങും? (ഓപ്ഷൻസ് 6 മാസം 3 മാസം 2 മാസം) തുടങ്ങി വാട്ടർ പ്യൂരിഫയർ വീട്ടിലില്ലാത്തവരെല്ലാം സാമൂഹ്യ ദ്രോഹികൾ എന്ന രീതിയിൽ ഉള്ള സൂപ്പർ ചോദ്യാവലി. '
ഏതാണ്ട് അന്ന് ഉച്ചയോടെ അതും ചീറ്റി. ഇനി അവിടെ ചുറ്റിത്തിരിഞ്ഞാൽ ഞങ്ങൾക്ക് ചോദ്യാവലി തരിക കേരളാ പോലീസാകും എന്നതുകൊണ്ട് ഏരിയ മാറ്റിപ്പിടിച്ചെങ്കിലും ഫിലിപ്പ് കോട്ട്ലർ, ഇന്ത്യൻ - കേരള - കൊല്ലം സാഹചര്യങ്ങളിൽ ഒരു പരാജയമാണെന്ന് മനസ്സിലാക്കിയ ആ ഭാവി മാനേജർമാർ ബീഫ് ചോപ്പ്സ് വാങ്ങി തിന്ന് അന്നും വിഷമം തീർത്തു. ''അല്ല ഈ നമ്മുടെ വീട്ടിൽ പോലും ഈ പറയുന്ന കുണ്ടാമണ്ടി ഇല്ലല്ലോ" എന്ന രാജേഷിന്റെ ആത്മഗതം എന്നും ഞങ്ങളെ ശ്രദ്ധിച്ചിരുന്ന ഹോട്ടൽ ഉടമ മുരുകണ്ണനേപ്പോലും ചിരിപ്പിച്ചു.
തുടർന്ന് പരിചയക്കാരുടെ വീട്ടിൽ പ്രോഡക്ടുമായി പോയി ലൈവ് ഡെമോ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. "മോനേ ഇതു ഇപ്പൊ വേണ്ട, ഇന്നാള് നിന്റെ കൂട്ടുകാരൻ കൊണ്ടുവന്ന ഉള്ളി അരിയുന്ന മെഷീൻ അന്നു തന്നെ ചീത്തയായി, അത് നീ മാറ്റിത്തരണം" എന്ന് പറഞ്ഞ അമ്മയുടെ കൂട്ടുകാരിയും, ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ഞങ്ങളെ ഉത്തരം മുട്ടിച്ച് "നിനക്കൊക്കെ വല്ല ട്യൂട്ടോറിയൽ കോളേജിലെങ്കിലും ക്ലാസ് എടുത്തൂടെ " എന്ന് പറഞ്ഞ് ഗെറ്റൗട്ട് അടിച്ച റിട്ട. പ്രൊഫസറും, ഒരു മൂലയ്ക്ക് നിർത്തി പ്രോഡക്ടിനേ പറ്റി മുഴുവൻ തിരിച്ചും മറിച്ചും പറയിപ്പിച്ച ബാങ്ക് മാനേജരും, ഒരു ക്ലബ്ബിന്റെ ഫാമിലി മീറ്റ് പരിപാടിക്കിടെ ലൈവ് ഡെമോ യ്ക്കെത്തിയപ്പൊ അടിച്ച് ഫിറ്റായി അലമ്പാക്കിയ ക്ലബ് ഭാരവാഹികളും, ഗൈഡ് നോക്കി പഠിച്ച് ജയിച്ച എന്റെ മനസ്സിൽ ജെസിബി കയറ്റിയിറക്കി.
ഓഫീസിൽ നിന്ന് കിട്ടിയ സങ്കടം ചവച്ചിറക്കാനായി ബീഫ് ചോപ്സിന് ഓർഡർ ചെയ്ത് വിഷമിച്ചിരുന്ന ഞങ്ങളോട് ഒരെണ്ണം ഞാനെടുത്തോളാം എന്ന് പറഞ്ഞ് കൗണ്ടറിലിരുന്ന് കൈ ഉയർത്തിയ മുരുകണ്ണൻ സാക്ഷാൽ പളനി മുരുകന്റെ അവതാരമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ കിട്ടിയ സെയിൽ, ബീഫ് റോസ്റ്റിൽ കൈവിഷം കിട്ടിയവനും, AGM ന്റെ നോട്ടപ്പുള്ളിയുമായ രാജേഷിന് കൊടുക്കാൻ ഐക്യകണ്ഠമായി തീരുമാനമെടുത്ത് ഞങ്ങൾ ഓഫീസിൽ എത്തി. സ്വതവേ ധൃതി കൂടുതലായ അവൻ ഉടൻ തന്നെ സാമ്പിൾ പ്രോഡക്ടും ടെക്നീഷ്യനുമായി ഹോട്ടലിലെത്തി.
എന്തു കലക്കവെള്ളവും മെഷിനിലൂടെ തെളിനീരാക്കാം എന്ന AGM പഠിപ്പിച്ച തീയറിയാൽ രണ്ടു മൂന്നു പിടി മണ്ണ് കലക്കിയ വെള്ളം മെഷീനിലൊഴിച്ച് തെളിവെള്ളം നോക്കി നിന്ന ഞങ്ങൾക്ക് "നല്ല തണുത്ത കാറ്റടിച്ചാൽ രണ്ടോ മൂന്നോ തുള്ളി വരും എന്ന കൊച്ചിൻ ഹനീഫയുടെ ഡയലോഗ് കൺമുന്നിൽ കാണാൻ കഴിഞ്ഞു.
മുരുകാവതാരം പതുക്കെ പതുക്കെ കാർമേഘവർണ്ണത്തിലായത് മനസ്സിലാക്കിയ ഞങ്ങൾ ടെക്നീഷ്യനെ പാളിനോക്കി. അവൻ രാജേഷിനു നേരേ പല്ലിറുമ്മുന്നുണ്ടായിരുന്നു. കേടായ മെഷീനും കുറച്ച് കൈക്കൂലിയും കൊടുത്ത് ടെക്നീഷ്യനെ പറഞ്ഞ് വിട്ടിട്ട് "മുരുകണ്ണാ വരുന്നവർക്ക് വല്ല ചൂടുവെള്ളവും കൊടുത്താപ്പോരേ എന്തിനാ വെറുതെ കാശ് കളയുന്നത്?" എന്ന് തട്ടി വിട്ട് മാനം പോയ ഞങ്ങൾ മടങ്ങിപ്പോന്നു., ഓഫീസിലേക്കല്ല. വീട്ടിലേക്ക്....
അതു കൊണ്ടെന്താ പ്യൂരിഫയർ ഇല്ലാത്ത ആ ഹോട്ടലിലെ മുരുകണ്ണന് ഇപ്പോഴും ഞങ്ങളെ അറിയാം. വല്ലപ്പോഴും ബീഫ് ചോപ്സ് കഴിക്കാൻ ചെല്ലുമ്പോ "എന്തു പറ്റി മക്കളെ?എന്തെങ്കിലും കുഴപ്പം? എന്നു ചോദിക്കും. രണ്ടു കഷണവും കുറച്ച്ചാറും കറിയിൽ കൂടുതലുണ്ടാവും.... എപ്പോഴും.
- ഗണേശ് -

കറുത്ത വണ്ടിയിലെ വെളുത്ത മാലാഖ

Image may contain: 1 person, closeup

ആയിടയ്ക്ക് വന്ന മാനേജരുടേയും അതിനും ഒരു മാസം മുമ്പ് എന്റെ ജീവിത സഖിയായ പ്രിയ ഭാര്യയുടേയും തീർത്തും നിരസിക്കാനാവാത്ത ഒരു നിർദ്ദേശമായിരുന്നു ഒരു ഇരുചക്രവാഹനം. ബൈക്കോടിക്കുക എന്നത് ജോലിക്കും കുടുംബ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കും വളരെ അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ ഞാനും ഒരു ഗിയർ ലെസ് വണ്ടിയാക്കാനാണ് ആദ്യം തുനിഞ്ഞത്. പക്ഷെ സ്വന്തം ഭർത്താവിനെ വെറും ഉണ്ണാക്കനായി കാണാൻ ഇഷ്ടമല്ലാത്ത ഭാര്യ, ഷാരൂഖ് ഖാനെപ്പോലെ ബൈക്ക് ഓടിച്ച് വന്ന് ഞാൻ അവളെ തൂക്കിയെടുത്ത് ഡ്യുയറ്റ് പാടുന്ന സ്വപ്നത്തിൽ നിന്ന് മാറിച്ചിന്തിച്ചതേയില്ല..
അങ്ങനെ ഒരു സിസംബർ 13 ന് കറുത്തു പള പളാ ഉളള CD DAWN എന്ന സുന്ദരനെ ഞാനും സ്വന്തമാക്കി,
ഷോറൂമിൽ നിന്ന് കൂട്ടുകാരുടെ സഹായത്താൽ ഒരു വിധം ഒപ്പിച്ച് അവനെ ജോലിസ്ഥലത്തെ റൂമിലെത്തിച്ചു.
ഇവനെ എങ്ങനെ റോഡിലിറക്കും എങ്ങനെ ഓടിക്കും എന്നതോർത്ത് വിറങ്ങലിച്ച് നിന്നപ്പോ ഭാര്യയുടെ ഫോൺ "ചേട്ടാ വണ്ടിയെടുത്തോ? ഓടിച്ചാണോ വന്നത്? നാട്ടിൽ എന്നു വരും? വണ്ടിക്കുമായി വരണേ എനിക്ക് കാണാൻ കൊതിയായി ...( എന്നെയല്ല വണ്ടി). മധുവിധു നാളിൽ വിരഹത്തിൻ നടുവിൽ ഭർത്താവിനെയും പുതിയ വണ്ടിയേയും കാണാനുള്ള മോഹം, പോട്ടേ, വായിൽ നിറഞ്ഞ പച്ചത്തെറി സ്നേഹമുത്തുകളായി പുറത്തുവന്നു. "അടുത്ത ആഴ്ച വരാം.....മോ ....ളേ".
റൂം മേറ്റ് ബൈജു വന്നപ്പോൾ എനിക്ക് കുറച്ച് ധൈര്യം പകർന്നു, ബാക്കി ധൈര്യം KSBC യും തന്നു. അവനും -ഞാനും, കുണ്ടും -കുഴിയും, കയറ്റവും - ഇറക്കവും, ഓടയും -പോസ്റ്റും, ഗേറ്റും -വളവും, നാട്ടുകാരും - തെറിയും, വീഴ്ചയും -ചതവും, ഒക്കെയായി ഒരാഴ്ചകൊണ്ട് ഏതാണ്ട് നല്ല അളവിൽത്തന്നെ തെറികൾ റോഡിൽ നിന്നും വാങ്ങിക്കൂട്ടി ഒരു പരുവത്തിലോടിച്ചൊപ്പിച്ചെടുത്തു. (ഇക്കാലയളവിൽ എന്റെ അച്ഛൻ നിർത്താതെ തുമ്മാറുണ്ടായിരുന്നു.) ഇതിനിടെ റൂം മേറ്റ് ബൈജു എന്നെ വണ്ടി പഠിപ്പിച്ച ടെൻഷൻ കാരണം അയ്യപ്പ ബൈജുവായി പരിണാമം പ്രാപിച്ചു. (തുടക്കത്തിൽ ഗുരുവിനുള്ള ഫീസായിരുന്നു കുപ്പിയെങ്കിൽ ഒരാഴ്ചത്തെ എന്റെ വണ്ടി ഓടിപ്പു കണ്ട് സ്വന്തം പൈസയിൽ ക്യൂ നിന്ന് സ്വയം വാങ്ങി അവൻ അടി തുടങ്ങി)
അങ്ങനെ ആ ദിവസം, ഒറ്റയ്ക്ക് വണ്ടിയുമായി കൊട്ടാരക്കര പോകുന്ന എന്നെ "ചിത്രം" സിനിമയുടെ ക്ലൈമാക്സിൽ ലാലേട്ടനെ യാത്രയയ്ക്കും പോലെയാണ് കൂട്ടുകാർ യാത്രയാക്കിയത്. ട്രാഫിക്ക് പോലീസ് വച്ചിരുന്ന പ്ലാസ്റ്റിക്ക് ഡിവൈഡർ പാട്ടയിൽ തട്ടി എന്നതൊഴിച്ചാൽ ഒരു വിധം ഒപ്പിച്ച് കൊട്ടാരക്കര വരെ എത്തി.
കുറച്ച് സ്വീറ്റ്സ് വാങ്ങി വണ്ടിക്കു മുന്നിൽ കൊളുത്തി രാജാവ് രഥത്തിൽ വരുന്ന ഗമയിൽ വീട്ടിലെത്തി. ദേ കണ്ടോടീ എന്റെ മോൻ എന്ന ഭാവത്തിൽ അച്ഛൻ അമ്മയേയും, എന്റെ മോൻ വെറും മൊണ്ണയല്ലടീ എന്ന ഭാവത്തിൽ അമ്മ എന്റെ ഭാര്യയേയും റിമി ടോമിയെ പൊക്കിയെടുത്ത ഷാറൂഖ് ഖാനേപ്പോലെ ഭാര്യ എന്നേയും നോക്കി.
"നീ അവളെ കയറ്റി ഒരു റൗണ്ട് അടിക്ക്" അമ്മേടെ വക പാര, സ്വീറ്റ്സ് കൊടുത്ത് ആ സീൻ ജനഗണ പാടാനിരുന്ന എനിക്കിട്ട്.
"ചേട്ടാ ദേ എത്തി (പിറ്റേന്ന് കൂട്ടുകാരിയുടെ കല്യാണത്തിനായി തയ്പ്പിച്ച തൂവെള്ള ചുരിദാറിലേക്ക് അവൾ പറന്നിറങ്ങി.)
പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ചുരിദാർ ... പഴയ അച്ഛനുമമ്മയും, പഴയ പേടി മനസ്സിൽ നിൽപ്പുണ്ടെങ്കിലും ഒരു റിസ്ക്കെടുക്കാൻ ഞാൻ തയ്യാറായി.
"ചിറ്റപ്പാ ഞാനും വന്നോട്ടോ" അവളുടെ ബന്ധു, ഒരു തലതെറിച്ച നാലാം ക്ലാസുകാരൻ, രണ്ടു ദിവസം നിക്കാൻ വന്നവൻ, അനുവാദത്തിന് നിക്കാതെ ചാടിക്കയറി വണ്ടിയുടെ മുന്നിൽ ഇരുപ്പായി. ഭാര്യ വെള്ളച്ചുരിദാറിൽ, എനിക്ക് ഒരു സൈഡിലേക്ക് മാത്രം ചിറക് മുളപ്പിച്ച പോലെ ഇരുപ്പുറപ്പിച്ചു.
കൊട്ടാരക്കര ഗണപതിയ്ക്കും റൂം മേറ്റ് അയ്യപ്പ ബൈജുവിനും മനസ്സുകൊണ്ട് വണക്കം പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. അമിതാവേശം കാരണം വണ്ടി ഒന്നു കുതിച്ചു. ചെറുക്കന്റെ സെറിബ്രത്തിൽ എന്റെ പല്ലുകൊണ്ടതു കൊണ്ടാവണം പിന്നീടങ്ങോട്ടുള്ള യാത്രയിൽ അവൻ സൈലന്റായിരുന്നു.
എന്റെ പ്രാർത്ഥന കേൾക്കാതിരുന്ന ദൈവം ചെറിയ ചാറ്റൽ മഴയായി സാന്നിധ്യം അറിയിച്ചു. മുന്നിലും പിറകിൽ ഒരു വശത്തേക്കും ലോഡ് വച്ച് വണ്ടി പഠിപ്പിച്ച് തരാത്ത ബൈജുവിന്റെ പാവം അച്ഛനെ ഞാൻ നന്നായി ഒന്ന് സ്മരിച്ചു. തുടർ യാത്രയിൽ ബൈക്ക് വളഞ്ഞ് പുളഞ്ഞ് അനുസരണക്കേട് കാണിച്ചു തുടങ്ങി. ഹാൻറിൽ ഒന്നു വളച്ചാൽ വീഴുന്ന അവസ്ഥയായതിനാൽ ഞാൻ വണ്ടി നേരേ ഓടിച്ചു കൊണ്ടിരുന്നു. "മ് .... സദാനന്ദപുരം മോട്ടൽ ആരാമിലേക്ക് പോകുവാ...ല്ലേ? വല്യ സർപ്രൈസ് വേണ്ട എനിക്ക് മനസ്സിലായി" ഭാര്യ സ്നേഹത്തോടെ പുറത്തൊന്ന് നുള്ളി.
എനിക്ക് രണ്ടു കാലും രണ്ടു കൈകളും തികയാതെ വരുന്ന പോലെ, ചന്നം പിന്നം ചാറ്റൽ മഴയും -തിരുവനന്തപുരം റൂട്ടിലാകട്ടെ തേരാപ്പാരാ വണ്ടികളും. പടച്ചോനെ ജ്ജ് കാത്തോളീ... എന്ന് വിളിച്ച് ഏതാണ്ട് സദാനന്ദപുരം എത്താറായി. ഇതിനകം കോൺഫിഡൻസ് കിട്ടിയതിനാൽ റോഡിലെ ഇളകിയ ഒരു ചെറിയ കല്ലിനെ അതിവിദഗ്ധമായി വെട്ടിച്ച് ഒഴിവാക്കാൻ ശ്രമിക്കവെ ആ കല്ലിലും കയറി തൊട്ടടുത്തുള്ള വലിയ ഗട്ടറിലേക്ക് ചാടി. വലത്തേക്ക് ചരിഞ്ഞ വണ്ടി വലത്തേക്കാലിൽ താങ്ങാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി. (ചെറിയ പയ്യൻമാർ വലിയ സൈക്കിളോടിക്കുമ്പോൾ ഒരു കാൽ കുത്തി മറ്റേക്കാൽ സൈക്കിളിൽ കൊരുത്തിടും പോലെ). പക്ഷെ ഗട്ടറിലെ ചെളിയിൽ എന്റെ കാൽ ഐസ് ക്രീമിലിട്ട സ്പൂൺ പോലെയായി. എതിർ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന മാലാഖ ചരിഞ്ഞ് പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നിറങ്ങാൻ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നു.
"ഇങ്ങോട്ടിറങ്ങെടി ...മറ്റേ ..മോളേ... വണ്ടി വീഴാൻ തുടങ്ങുന്നതു കണ്ടില്ലേ" ഞാൻ അലറി. ഭാര്യക്ക് ചാടി ഇറങ്ങാൻ സാധിക്കും മുന്നെ വണ്ടിയും ഞാനും അവളും ചെളിയിലേക്ക് അമർന്നു. സെറിബ്രത്തിൽ കടിയേറ്റവൻ ഐസ്ക്രീമിൽ പകുതി മുക്കി വച്ചിരിക്കുന്ന ചെറിപ്പഴം പോലെ കിടപ്പുണ്ടായിരുന്നു.
പിടിച്ചെണ്ണീപ്പിക്കാൻ നീട്ടിയ ഷാരൂഖ് ഖാന്റെ കൈകൾ അവൾ ദേഷ്യത്തിൽ തട്ടിയെറിഞ്ഞെങ്കിലും ഗതിയില്ലാതെ എന്റെ സഹായം സ്വീകരിക്കേണ്ടി വന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ പുറം ചോക്ളേറ്റും അകം തൂവെള്ളയുമായി അവൾ ഒരു "നക്ഷത്ര ആമയെ" അനുസ്മരിപ്പിച്ചു. അതേ സമയം ഒരു സൈഡിൽ മാത്രം ചെളി പറ്റി അർദ്ധനാരീശ്വര കുഞ്ഞവതാരമായി ഐസ് ക്രീമിലെ 'ആ ചെറിപ്പഴം' വിളങ്ങി നിന്നിരുന്നു.
3 ദിവസം അടിച്ചു പൊളിക്കാൻ കിട്ടിയ ലീവ് ക്യാൻസൽ ചെയ്യാനുറച്ച് നക്ഷത്ര ആമയും ചെറിപ്പഴവുമായി ഷാരൂഖ് ഖാൻ ബൈക്കിൽത്തന്നെ വീട്ടിലെത്തി. പാർസൽ എവിടെ എന്ന് ചോദിക്കാൻ അച്ഛനുമമ്മയും ധൈര്യപ്പെട്ടില്ല. കോലം കെട്ടിട്ടായാലും ജീവനോടെ തിരിച്ചെത്തിയതു തന്നെ ആശ്വാസമാണല്ലോ?. എന്നാൽ കുറ്റപ്പെടുത്തലിൽ തകർന്നു നിന്ന എന്റെ കൈ പിടിച്ചമർത്തി അവൾ എന്നെ നോക്കി സാരമില്ല എന്ന മട്ടിൽ ഒന്നു ചിരിച്ചതോടെ ഇതും ഒരു തമാശക്കഥയായി.
അതേ ഭാര്യയും ആ വണ്ടിയും ഇപ്പോഴും ഉണ്ട് കരുതലും സ്നേഹവുമായി കൂടെ....
- ഗണേശ് -

ഫ്ലൈറ്റ് - സെവൻ-ബി

Image may contain: 1 person, closeup
അച്ഛൻ തിരികെ ഗൾഫിലേക്ക് പോയപ്പൊ ഞാനും യാത്രയയ്ക്കാക്കാൻ പോയിരുന്നു. അന്നാണ് എയർപോർട്ട് ആദ്യമായി കാണുന്നത്. നിരന്ന് കിടക്കുന്ന വിമാനങ്ങൾ ഒട്ടൊരു അൽഭുതത്തോടാണ് ഞാനെന്ന ആറാം ക്ലാസുകാരൻ നോക്കിക്കണ്ടത്. അച്ഛന്റെ വിദേശ ഗമനത്തെക്കാൾ എനിക്ക് സുഖിച്ചത് എന്റെ എയർപോർട്ട് യാത്രയും, ഇനി കുറച്ചു നാൾ കഴിഞ്ഞ് മാത്രമേ ടിയാന്റെ ശല്യമുണ്ടാവുകയുള്ളൂ എന്ന ചിന്തയുമാണ്.
ഞാനന്ന് പാലക്കുഴി എന്ന വിളിപ്പേരുള്ള കൊട്ടാരക്കര ഠൗൺ യു.പി.സ്കൂൾ പഠിക്കുന്നു. അച്ഛൻ എവിടാ എന്ന് ചോദിക്കുമ്പൊ "പ്രേഷ്യേയിൽ" എന്ന് അഭിമാനത്തോടെ പറയുന്ന കാലം.
അമൽ, ഷാനവാസ്, മഹേഷ്, ജോൺസൻ, എന്നിവരായിരുന്നു എന്റെ ഗ്യാങ്ങിൽ അന്ന്.
ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ഞങ്ങൾ ഗിരീഷിനെ ശ്രദ്ധിച്ചു തുടങ്ങി. ഗോപിക്കുറിയിട്ട പാവം പയ്യൻസ് എന്ന ഇമേജും പെൻസിൽ ഡ്രോയിംഗിൽ ഉള്ള മികവും, ടീച്ചർമാരും സ്ത്രീ ജനങ്ങളും കൊടുക്കുന്ന പ്രത്യേക സ്നേഹവും കൊണ്ട് ഏതു വിധേനയും ഇവനെ ഗ്യാങ്ങിലാക്കാൻ ഞങ്ങൾ തീരുമാനിച്ചു.
അക്കാലത്ത് ഞങ്ങളുടെ ഡ്രിൽ പീരിഡിൽ ക്രിക്കറ്റ്, ഫുട്ബാൾ കളിയേക്കാൾ കള്ളൻ പോലീസ്, സാറ്റ്, എറിപ്പന്ത് തുടങ്ങിയവയായിരുന്നു കളികൾ. അതിൽത്തന്നെ ബസ്സ് സ്റ്റാന്റ് കളിയായിരുന്നു ഏറെ മുന്നിൽ.
സ്കൂളിന്റെ കിഴക്കുവശത്തുള്ള തിട്ടയിൽ (ഉപ്പുമാവ് പുരക്കടുത്തുള്ള) കുറേപ്പേർ ബസ്സുകളായി അഭിനയിച്ച് ഹോണൊക്കെ അടിച്ച് ട ർ ർ ർ ർ എന്ന് ശബ്ദമുണ്ടാക്കി നിൽക്കും. കൂട്ടത്തിലൊരാൾ ഉറക്കെ ബസ് പോകുന്ന റൂട്ട് അനൗൺസ് ചെയ്യും.ബസ് ഓടിക്കുന്ന ആളുടെ നിക്കറിന് പിറകിൽ ആ റൂട്ടിൽ പോകേണ്ട ആളുകൾ പിടിക്കും. എല്ലാവരും ഒരുമിച്ച് നിക്കറിൽ പിടിച്ച് പിടിച്ച് ഓടും.
അന്നും പതിവുപോലെ ബസ് റൂട്ട് അനൗൺസ് ചെയ്യാൻ തുടങ്ങിയ മാത്യുവിനെ തള്ളി മാറ്റി ഞാൻ ''ഒരു എയർപോർട്ട് കളിച്ചാലെന്താ?" എന്ന നിർദ്ദേശം ഏവർക്കും മുന്നിൽ വയ്ക്കുകയും അത് പാസാക്കി എടുക്കുകയും ചെയ്തു. ബസിലെ സ്റ്റിയറിംഗ് പിടിക്കുന്ന ആക്ഷനു പകരം രണ്ടു കൈയ്യും മുട്ടു വളയ്ക്കാതെ രണ്ടു സൈഡിലേക്ക് നീട്ടിപ്പിച്ച് മുഷ്ടി ചുരുട്ടി തള്ളവിരൽ നീട്ടി (തംസ് അപ്പ് ആക്ഷനിൽ തള്ളവിരൽ രണ്ടും മുന്നോട്ടാക്കി) ഫ്ലൈറ്റ് മോഡലിലുള്ള അവതരണവും സൗണ്ട് മോഡുലേഷനും കൊണ്ട് ആ നിമിഷം തന്നെ ബസ് കളിയെ മൊത്തത്തിൽ ഔട്ടാക്കാൻ എനിക്ക് കഴിഞ്ഞു.
ഏറെ ആരാധകരും ഒപ്പം ഗിരീഷും എന്റെ പാലക്കുഴി ഠൗൺ യു പി സ്കൂൾ ഇൻറർനാഷണൽ എയർപോർട്ട്‌ പ്രോജക്ടിൽ തൽപ്പരരായി. പഴയ ബസ് റൂട്ടിലെ സ്ഥലങ്ങൾക്ക് പകരം ഡൽഹി, ബോംബെ, ഗുജറാത്ത്, കൽക്കത്ത എന്നീ ഹ്രസ്വ ദൂരവും, ജപ്പാൻ, കൊറിയ, യു.എസ്., റഷ്യ തുടങ്ങിയ ദീർഘദൂര സർവ്വീസുകളും തുടക്കത്തിൽ നടത്താൻ സ്വന്തം വ്യോമയാന വകുപ്പിൽ നിന്ന് അനുമതി നേടിയെടുത്തു.
പഴയ പരിചയസമ്പന്നരായ ബസ് ഡ്രൈവർമാരേയും എന്റെ വിശ്വസ്തരേയും ടെസ്റ്റ് ഇൻറർവ്യൂ കടമ്പകൾ ഒഴിവാക്കി പൈലറ്റായി നേരിട്ട് പോസ്റ്റിംഗ് കൊടുത്തു.
സ്മിത, അഞ്ജന, പ്രിയ, ജെസ്സി, റീന, തുടങ്ങിയ സ്റ്റാറുകൾക്കു മുന്നിൽ അന്നത്തെ പി.റ്റി. പിരീഡു കൊണ്ടു തന്നെ ഞാൻ ഒരു ചീഫ് എയർ മാർഷൽ ജനറൽ ആയി.
ഗിരീഷിനെ ഒന്ന് ഇംപ്രസ് ചെയ്യാനും കൂട്ട് പിടിച്ചെടുക്കാനും ഏറ്റവും കളക്ഷൻ ഉള്ള 7B, 6B,5B എന്നീ ഗേൾസ് ഡിവിഷന് മുന്നിലൂടെയുള്ള റൂട്ട് അവന് നൽകി.
എല്ലാവർക്കും എയർ റൂട്ടിനെ പറ്റിയുള്ള സാമാന്യ വിവരങ്ങൾ കൈമാറി ഫ്ലൈറ്റ് അനൗൺസ് ചെയ്ത് പാസഞ്ചേഴ്സിനേയും കൊടുത്ത് തിരികെ എയർപോർട്ടിൽ വരാൻ ഉള്ള നിർദ്ദേശവും നൽകി ഞാൻ അഡ്വഞ്ചറസ് റൂട്ടിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങി.
യാത്ര പുറപ്പെട്ട ദീർഘ-ഹ്രസ്വദൂര ഫ്ലൈറ്റുകൾ എല്ലാം എത്തിച്ചേർന്നിട്ടും ഗിരീഷ് ഓടിച്ച് 7B ക്കു നേരേ പോയ ജപ്പാൻ ഫ്ലൈറ്റ് മാത്രം വന്നിട്ടില്ല. യാതൊരു സിഗ്നലും തന്നിട്ടുമില്ല. നിറയെ യാത്രക്കാർ, തിരക്കേറിയ വഴി എനിക്കാകെ ടെൻഷനായി. തൽക്കാലം എയർപോർട്ട് അടച്ച് ഞങ്ങളെല്ലാരും പല വഴിക്ക് ഗിരീഷിനെത്തപ്പി റഡാറുമായി യാത്രയായി.
ഹെഡ്മാസ്റ്ററുടെ റൂമിന് മുന്നിൽ ക്രാഷ് ലാന്റ് ചെയത് മുട്ടു കാലിൽ ചിറകു രണ്ടും ഉയർത്തി തല കുമ്പിട്ട്‌ നിൽക്കുന്ന ജപ്പാൻ ഫ്ലൈറ്റ് ആദ്യമായി കണ്ടെത്തിയത് 6 A യിലെ ഫ്ലൈറ്റ് ഓഫീസർ ബിജുവാണ്. എയർ ചീഫ് മാർഷൽ ജനറലിനുൾപ്പെടെ ആർക്കും അവനെ മോചിപ്പിക്കാനോ തിരികെ എയർപോർട്ടിലെത്തിക്കാനോ പറ്റിയില്ല.
ക്ലാസ് ടീച്ചർ സരസ്വതിയമ്മ ടീച്ചർ അടുത്ത അവറിൽ വളരെ രഹസ്യമായി ഞങ്ങളോട് "അവൻ ആനന്ദരാജൻ സാറിന്റെ നെഞ്ചത്ത് ഇടിച്ച" തിനാണ് ഹെഡ് മാസ്റ്ററുടെ റൂമിന് മുന്നിൽ നിർത്തിയിരിക്കുന്നത് എന്ന് പറഞ്ഞു. "എന്നാലും പണ്ട് അവനെ ഒന്ന് അടിച്ചെന്ന് കരുതി ടീച്ചർമാരെ ഒളിച്ചിരുന്ന് തല്ലാമോ കലികാലം അല്ലാതെന്തു പറയാൻ" എന്ന് പറഞ്ഞ് ഒരുഗ്രൻ നെടുവീർപ്പുമിട്ടു.
(ആനന്ദരാജൻ സാർ രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞ് റെസ്റ്റിലായിരുന്നു ആ സമയം. ഈ സംഭവത്തിന്റെ തലേ ദിവസമാണ് തിരികെ എത്തിയത്)
ദൃക്സാക്ഷികളുടെ ബ്ലാക്ക്ബോക്സ് വിവരണത്തിലൂടെ അറിഞ്ഞതിങ്ങനെ - ഓവർലോഡുമായി 6B ക്ലാസിനടുത്തൂടെ 7B ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞ ഫ്ലൈറ്റ്, നേരേ എതിരെ "ഇതെന്തുകളി" എന്ന അൽഭുതത്തോടെ വന്നിരുന്ന പെൺകുട്ടികളെ തട്ടാതിരിക്കാൻ വേണ്ടി, വലതു ചിറക് ഒന്ന് പൊക്കിക്കൊടുക്കേണ്ടി വന്നു. ആ സമയം ഇടത് ചിറകിന്റെ കാര്യം വിട്ടു പോയ പൈലറ്റ്, ക്ലാസ്സിൽ നിന്നും പകർത്തെഴുത്ത് ബുക്കുകളുമായി ഓഫീസ് റൂമിലേക്ക് പൊയ്ക്കൊണ്ടിരുന്ന ആനന്ദരാജൻ സാറിന്റെ നെഞ്ചത്തേക്കാണ് ചെന്നു കയറിയത്.
സ്ഥിരമായി ബസ് ഓടിക്കുന്ന ആൾ പെട്ടെന്നൊരു ദിനം ഫ്ലൈറ്റ് പറത്തുമ്പൊ സംഭവിക്കുന്ന സ്വാഭാവികമായ പിശക് ആണതെന്ന് ചിന്തിക്കാതെ ചെവിക്കല്ലിന് അടി കൊണ്ട് ഫ്ലൈറ്റ് തകർന്ന് പൈലറ്റ് താഴെ വീണു. അവിടെ നിന്ന് ചെവിക്ക് പിടിച്ച് ഉയർത്തപ്പെട്ട് നേരെ ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക്. വണ്ടി കളിച്ചതാണ് എന്ന ഗിരീഷിന്റെ വാദം "കൈ ചുരുട്ടി ആളുകളുടെ നെഞ്ചത്തിടിക്കുന്നതാണോടാ നിന്റെയൊക്കെ അണ്ടി കളി" എന്ന സാറിന്റെ ആക്രോശങ്ങളിൽത്തട്ടി പൊലിഞ്ഞടങ്ങി.
ഫ്ലൈറ്റ് ചിറകിലെ പ്രൊപ്പല്ലറായിരുന്നു തട്ടിയത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധി അവനോ അതു മനസ്സിലാക്കാനുള്ള ബുദ്ധി നെഞ്ചു തടവി നിന്നിരുന്ന സാറിനോ അന്നില്ലാതെ പോയി. നെഞ്ചിൽ ഇടിച്ചതിന്റെ ശിക്ഷയ്ക്ക് ഠൗൺ യു.പി. സ്കൂൾ സ്റ്റാഫ് റൂമിന് മുന്നിൽ ഉച്ചവരെ പ്രദർശിപ്പിക്കാനായി റിയോ - ഡി- ജനീറോ മോഡൽ ഗിരീഷ് ശിൽപ്പത്തിന്റെ പണിയാരംഭിച്ചു. കാൽനടയെ പ്രോൽസാഹിപ്പിക്കാൻ ബസ്സുകളി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
അടുത്ത ഇൻറർവൽ സമയത്ത് ഞങ്ങൾ എയർ ഫോഴ്സിലെ കുറച്ച് ഉന്നത ഉദ്യോഗസ്ഥർ ഗിരീഷിനെ കാണാനെത്തി. അടി കൊണ്ട് ചുവന്ന മുഖവും കലങ്ങിയ കണ്ണുകളുമായി തന്റേതല്ലാത്ത കുറ്റത്തിന് ആ അഭിനവ പൈലറ്റ് കൈകൾ രണ്ടും വിരിച്ച് റിയോ - ഡി - ജനീറോയിലെ യേശുദേവനപ്പോലെ പാപഭാരവും പേറി മുട്ടു കാലിൽ നിന്നിരുന്നു. തൂക്കിയെടുക്കപ്പെട്ട വലത്തെ ചെവി മായാവി മോഡൽ ആയി അമിത രക്തസമ്മർദ്ദത്താൽ വിങ്ങി വിങ്ങി അനങ്ങുന്നുണ്ടായിരുന്നു. കണ്ണീരിനിടയിലൂടെ എന്നെ " തൃപ്തിയായോടാ പട്ടീ നിനക്ക് " എന്ന മട്ടിൽ ഒന്ന് നോക്കിയിട്ട് അവൻ തലയുയർത്താതെ ബാക്കി വരുന്ന വിചാരണകൾ ഏറ്റുവാങ്ങാൻ മാനസികമായി തയ്യാറെടുത്തു നിന്നു.
ദൈവ നിയോഗം പോലെ ഇന്ന് ഈ താരം ഫ്രാൻസ്, വിയറ്റ്നാം, ജപ്പാൻ, ചൈന തുടങ്ങി ഏതാണ്ടെല്ലാ രാജ്യങ്ങളിലും മാറി മാറി സഞ്ചരിച്ച് ബിസിനസ് ചെയ്യുന്നു. നാലഞ്ച് മാസം കൂടുമ്പൊ നാട്ടിലെത്തുന്നു. ഇപ്രാവശ്യം തമ്മിൽ കാണാം എന്ന് വാക്ക് തന്നിട്ടുണ്ട്. കാണണം....കെട്ടിപ്പിടിച്ചൊന്നു മുത്തണം....പാലക്കുഴിയിലെ പഴയ കോറിഡോറിലൂടെ കൈകൾ വിരിച്ച് ഒന്നൂടെ ഓടണം... അളിയാ നീ ബ്രസീലിൽ പോയിരുന്നോ എന്നു ചോദിക്കണം... ഇനി പോകുമ്പോൾ റിയോ - ഡി - ജനീറോയിൽ നിന്ന് ഒരു സെൽഫി അയച്ചു തരാൻ പറയണം. പറ്റിയാൽ അവന്റെ ചിലവിൽ അവിടെയെല്ലാം ഒന്നു പോകണം...
ഇതൊക്കെയല്ലേയുള്ളൂ ജീവിതത്തിൽ ബാക്കി
- ഗണേശ് -

കപ്പപ്പഴവും കുഴലപ്പവും പിന്നെ ഒരു പെണ്ണുകാണലും

Image may contain: 1 person, closeup

നല്ല ചുവന്നു പഴുത്ത കപ്പപ്പഴവും കുഴലപ്പവും ഉഴുന്നുവടയും ഒരടിപൊളി കോമ്പിനേഷനാ... ചിലർക്കിത് നന്നായി ഇഷ്ടപ്പെടും കേൾക്കുമ്പൊത്തന്നെ വായിൽ വെള്ളം വരും. ചിലർക്ക് ഇത് യാതൊരു പ്രത്യേകതയും തോന്നിക്കാത്ത കാര്യമാണ്.
എന്നാൽ എനിക്കോ? എനിക്ക് ഇത് കാണുന്നതേ വെറുപ്പാണ്... വേദനയാണ്.... ഒരു നീറ്റലാണ്....
മുപ്പതാണ്ടുകളായി ഋശ്യശ്രംഖനെപ്പോലെ കഴിഞ്ഞ എന്റെ അമ്മാവനെ നിരന്തര സമ്മർദ്ദത്തിനും, ഉഭയകക്ഷി ചർച്ചകൾക്കും, മസ്തിഷ്ക പ്രക്ഷാളനങ്ങൾക്കും ഒടുവിലാണ് മൂന്ന് പെങ്ങൻമാരും (ഇതിലൊന്ന് എന്റെ അമ്മയാ) അമ്മയും (എന്റെ അമ്മാമ്മ) ചേർന്ന് കീഴ്‌പ്പെടുത്തി സ്ത്രീശക്തിയുടെ ബലത്തിൽ പെണ്ണുകാണിക്കാനിറക്കിയത്.
നാട്ടിലെ ബോയ്സ് സ്ക്കൂൾ ഹെഡ്മിസ്ട്രസും സ്വന്തം കണവനെ ഉൾപ്പെടെ സകല ആണുങ്ങളേയും വരച്ചവരയിൽ നിർത്തുന്ന (ഒരു മാതിരി പടിപ്പുര വീട്ടിൽ പദ്മാവതി - കൃഷ്ണേട്ടൻ സ്റ്റൈൽ) സുമംഗലാ ഭായി ടീച്ചറുടെ സഹോദരന്റെ മകളാണ് ഞങ്ങളുടെ ഋശ്യമ്മാവന്റെ വൈശാലിയാന്റിയായി ഏവരും കണ്ടെത്തി വച്ചിരുന്നത്.
മാമന്റെ സർക്കാരുദ്യോഗവും, ബന്ധുക്കളായ ഞങ്ങളുടെ സാമ്പത്തികക്കുറവും പഠിപ്പും അറിവുമില്ലായ്മയും ഒക്കെ വൈശാലിയാൻറിയെ മാമനെക്കൊണ്ട് മംഗലം കഴിപ്പിക്കാനുള്ള സുമംഗല ടീച്ചറിന്റെ തീരുമാനത്തിന് അടിവരയിടീച്ചു. കൂടാതെ വൈശാലി ആൻറീടെ അച്ഛൻ അന്ന് ഈ സുമംഗല ടീച്ചറിന്റെ ആശ്രിതനായിരുന്നു എന്നതും ചുളുവിന് ഒരു സർക്കാരുദ്യോഗസ്തനേയും ബന്ധുക്കളേയും ബംഗാളികളാക്കി കൂടെ നിർത്താം എന്നുള്ളതും ഈ തീരുമാനത്തെ ഊട്ടിയുറപ്പിച്ചു.
പഴയ ബന്ധം പുതുക്കിക്കൊണ്ട് ഒരു ദിവസം വീട്ടിൽ വന്ന ടീച്ചർ തന്നെയാണ് അമ്മാമ്മയോട് ഈ ആലോചനക്കാര്യം അറിയിച്ചതും അഭിപ്രായം ചോദിച്ചതും.
ഇത്രയും ഇൻട്രൊ...
അങ്ങനെ ആ പെണ്ണുകാണൽ ദിനം വന്നെത്തി വീട്ടിലെ അന്നത്തെ ഒറ്റക്കുട്ടിയും വിമലാംബിക സ്കൂളിൽ ടൈ കെട്ടി പഠിക്കുന്നവനുമായ എന്നെ കൂടാതെ മാമൻ, അമ്മ, രണ്ട് കുഞ്ഞമ്മമാർ അമ്മയുടെ ഒരു അമ്മാവൻ ഉൾപ്പെടെയുള്ള അറുമുഖർ ആ വലിയ വീടിന്റെ പൂമുഖത്തേക്ക് നടന്നെത്തി.
കാറിൽ ചെല്ലുന്നതായിരുന്നു ഒരു പഞ്ച് - പക്ഷെ അഞ്ച് മിനിട്ട് നടക്കാനുള്ളതേയുള്ളൂ എന്ന മാമന്റെ പ്രസ്താവനയെ ധിക്കരിക്കാൻ മണ്ണടിയിൽ നിന്നു വന്ന വലിയ അപ്പൂപ്പന്റെ തപശ്ശക്തിക്കോ (ആൾ ഒരു തട്ടുമുട്ട് മന്ത്രവാദിയാ) കമണ്ഡലുവിലെ വെള്ളത്തിനോ കഴിഞ്ഞില്ല.
''എടിയേ ...അവരിങ്ങ് എത്തി" പടിപ്പുര വീട്ടിൽ കൃഷ്ണേട്ടൻ. നിങ്ങളു കിടന്ന് ഒച്ച വയ്ക്കാതെ അവരിങ്ങോട്ട് തന്നെയാ വന്നത് എന്ന് പറഞ്ഞ് 4B യിലെ കുഞ്ഞിനെപ്പോലെ അടക്കി നിർത്തി ടീച്ചർ മൈക്ക് കൈയ്യിലെടുത്തു. എന്നിട്ട് അറുമുഖത്തിൽ പ്രീതി വരാത്തതുപോലെ ഇത്രാളേ ഉള്ളോ? (കൊട്ടാരക്കരയിൽ ഇനി വേറേ ആളൊന്നും വരാനില്ലേ?) എന്നൊരു ചോദ്യവും തൊടുത്ത് അകത്തേക്ക് കൈയ്യാട്ടി.
ഇതാ എന്റെ കെട്ടിയോൻ - കൃഷ്ണേട്ടന് പ്രത്യേകിച്ച് പണിയൊന്നുമില്ല പക്ഷെ ഇവിട്ത്തെ കൃഷിയും കാര്യങ്ങളുമൊക്കെ നോക്കാൻ തന്നെ സമയം തികയാറില്ല.
പറമ്പിലെ നാലഞ്ച് മണ്ടയടച്ച വാഴയിലേക്കും മണ്ഡരി പിടിച്ച തെങ്ങിലേക്കും കൃഷ്ണേട്ടൻ അഭിമാനത്തോടെ നോക്കി
'' പിന്നെ ഇതെന്റെ അനിയൻ - പെണ്ണിന്റെ അച്ഛൻ, ഇവനും ഇതൊക്കെ നോക്കി നടത്തുന്നു (ഏതൊക്കെ? ആ ...?) ഇവരിപ്പം ഇവിടാ താമസിക്കുന്നത്"
അപ്പൊ സ്ത്രീധനം ഗോപി-ഇനി പെണ്ണ് കൊള്ളാമോന്നു നോക്കാം... മണ്ണടി അപ്പൂപ്പൻ അമ്മയുടെ ചെവിയിലേക്ക് ഒരാത്മഗതം തട്ടി.
"എനിക്കൊരു മോനാ ഉള്ളത് അവൻ ഇപ്പൊ തിരുവനന്തപുരത്ത് റോക്കറ്റുണ്ടാക്കാൻ പഠിക്കുവാ ഒട്ടും ലീവില്ല കേട്ടോ അതാ നിക്കാഞ്ഞേ."
ഹൊ...!! തള്ള തളളിയതാ.... നമ്മൾക്ക് മനസ്സിലാവാത്ത പോലെ...അവൻ അവിടെ എന്തേലും ഉടായിപ്പിലായിരിക്കും എന്നത് മാമന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇങ്ങോട്ട് ഇറങ്ങി വാടീ നാണിക്കാതെ .. വൈശാലി (യഥാർത്ത പേര് അതല്ല) മുഖം നിറയെ വടുക്കളും മുഖക്കുരുക്കളും കൈ നിറയെ ചായയുമായി മന്ദം മന്ദം കടന്നു വന്നു. രണ്ട് ജോലിക്കാരികൾ അതിന് പുറകിലായി ചിപ്സ്, ഹൽവ, കപ്പപ്പഴം, കുഴലപ്പം, ഉഴുന്നുവട എന്നിവയും കൊണ്ട് വച്ചു.
അവരെല്ലാം പെണ്ണിനെ നോക്കിയപ്പോ ഞാൻ അവരു കൊണ്ടു വച്ച പ്ലേറ്റിനേയും, അത്രേം നേരം സംസാരിച്ചോണ്ടു നിന്ന ടീച്ചർ എന്നേയും വിടാതെ നോക്കുന്നുണ്ടായിരുന്നു.
മോനെന്താ ഒന്നും മിണ്ടാത്തത് എന്താ പേര്? എവിടാ നീ പഠിക്കുന്നത്? My name is ganesh, I am studying in first standard, My school is vimalambika LPS, My father is Gopalakrishnan എന്നു തുടങ്ങുന്ന മൈ സെൽഫിലെ ഓർമ്മ വന്ന നാല് വരികൾ അപ്പൊഴെ തട്ടിക്കൊടുത്ത് ടൈ കെട്ടുന്ന സ്ക്കൂൾ കുട്ടിയുടെ നിലവാരം പുറത്തെടുത്ത് ഞാൻ ടീച്ചർക്കും മാമനും അവിടെക്കൂടിയവർക്കും മുന്നിൽ ഒരു മഹാമേരുവായി വളർന്നു നിന്നു.
(തിരിച്ചുവരുമ്പൊ എന്തായാലും യാൻബു ബേക്കറീന്ന് എനിക്ക് എന്തേലും വാങ്ങിത്തരാൻ ചെക്കൻ വീട്ടുകാർ തീരുമാനിച്ചിട്ടുണ്ടാകും തീർച്ച)
''മിടു മിടുക്കൻ '' കൃഷ്ണേട്ടനും പെൺകുട്ടീടച്ഛനും ഒരുമിച്ച് പറഞ്ഞു. മാമൻ ഉള്ളിൽത്തികട്ടി വന്ന സന്തോഷം ഒരു പുഞ്ചിരിയിലൊതുക്കി വൈശാലിയാന്റിയെ നോക്കി... ആൻറിക്കും നാണം കലർന്നൊരു ചിരി. അമ്മയുടെയും കുഞ്ഞമ്മമാരുടേയും ഭാവങ്ങൾ അവർണ്ണനീയം.
നിരത്തി വച്ചിരിക്കുന്ന പലഹാരങ്ങളിൽ എന്റടുത്തിരിക്കുന്ന ചിപ്സിനേക്കാൾ കുറച്ചൂടെ ദൂരെയുള്ള വടയിലും വടയിൽ നിന്ന് പഴത്തിലും അവിടുന്ന് കുഴലപ്പത്തിലും അറ്റൻഷനായി നിന്ന എന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു. വായ് നിറഞ്ഞ വെള്ളം കടവായിലൂടെ ചെറുതായി ഒഴുകാൻ തുടങ്ങി.
എടുത്ത് കഴിക്ക് .. മോനേ കഴിക്കെടാ... ടീച്ചറിന്റെ ഗ്രീൻ ലൈറ്റ് എന്നിൽ വൈകുന്നേരം സ്കൂൾ വിടാൻ നേരമുള്ള കൂട്ടമണിയുടെ അവസ്തയാണുണ്ടാക്കിയത്. അമ്മയുടെയും കുഞ്ഞമ്മമാരുടേയും മാമന്റെയും ഇറുകിയ നോട്ടങ്ങളും പല്ലുകടി പോലുള്ള ചെറിയ ചെറിയ ഹർഡിൽസുകളും തട്ടിയകറ്റി ചിപ്സ് പാത്രവും ചായ ഗ്ലാസും തട്ടിയിടുന്ന മട്ടിൽ ഞാൻ മണ്ണടി അപ്പൂപ്പന്റെ അടുത്തേക്ക് കുതിച്ച് അവിടെ വച്ചിരുന്ന ഉഴുന്നുവടയിൽ രണ്ടെണ്ണം കൈയ്യിലും ഒരെണ്ണം കടിച്ചും എടുത്തു. കുഴലപ്പത്തിനൊപ്പം ഇരിക്കുന്ന കുഞ്ഞമ്മമാരുടെ അടുത്തെത്തി ഉഴുന്നുവട തെരുവ് പട്ടിയെപ്പോലെ ഓരോ കടി കടിച്ച് കുടഞ്ഞ് കളഞ്ഞിട്ട് കുഴലപ്പം കൈ കൊണ്ടും വായ് കൊണ്ടും ഒരേ സമയം പൊടിച്ചു കറുമുറെ ചവച്ചു. ഉഴുന്നുവട - കുഴലപ്പ മിശ്രിതം നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കെ ഞാൻ അവിടെ നിന്ന് അമ്മയുടെ അടുത്തിരിക്കുന്ന കപ്പപ്പഴത്തിനടുത്തേക്ക് എത്തി "ഹായ് മുട്ടൻ കപ്പപ്പഴം ല്ലേ അമ്മേ" എന്ന് പറഞ്ഞ് രണ്ട് മുഴുത്ത എണ്ണം കൈയ്യിലെടുത്ത് ഒന്നിൽ ഒരു കടി കടിച്ചു. അത് വായിൽ വച്ചു കൊണ്ട് അടുത്തത് പൊളിക്കാൻ ശ്രമിച്ചപ്പൊ അമ്മ എന്നെ കൈ നീട്ടി മടിയിൽ പിടിച്ചിരുത്തി.
ലോകത്തിൽ ഒരു പോലീസുകാരനും, ഒരു ഏകാധിപതിയും, ഒരു സ്വേച്ഛാതിപതിയും ചെയ്യാത്ത തികച്ചും വ്യത്യസ്തമായ ഒരു പീഡന മുറയാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ കടിച്ച് വായിൽ വച്ചിരുന്ന പഴം സ്നേഹപൂർവ്വം തീറ്റിക്കുകയാണ് എന്ന് അനുവാചകരിൽ ഒരു സീൻ ക്രിയേറ്റ് ചെയ്യുകയും ഒപ്പം എന്റെ തുടയിൽ - വടയ്ക്കും, പഴത്തിനും, കുഴലപ്പത്തിനും ഒരു പക്ഷെ ഞാൻ ഇനിയെടുക്കുമായിരുന്ന ചിപ്സിനും അലുവയ്ക്കും വെവ്വേറെ രേഖാചിത്രങ്ങൾ ശിലാലിഖിതങ്ങളായി നഖക്ഷതങ്ങളിലൂടെ അമ്മ വരച്ചുകൊണ്ടിരുന്നു.
(ഏതാണ്ട് എടക്കൽ ഗുഹയിലേ പോലുള്ള വട്ടെഴുത്ത്, കോലെഴുത്ത്, പിന്നെ ചരിത്രകാരൻമാർക്ക് ഇനിയും കണ്ടെത്താനാവാത്ത ചില ചിഹ്നങ്ങളും ചിത്രങ്ങളും മറ്റുമായി കരിനീല നിറത്തിൽ ഈ ലിഖിതങ്ങൾ കുറേനാൾ കിടന്നിരുന്നു.)
'ബാക്കിക്കാര്യങ്ങളൊക്കെ എങ്ങനാ' എന്ന മണ്ണടി അപ്പൂപ്പന്റെ ചോദ്യത്തിനും 'ഇനിയിപ്പമെന്ത് കാര്യം' എന്ന പെണ്ണിന്റെച്ഛന്റെ മറുപടിയും ഗോപീ സുന്ദറിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ആയി ഇതിനിടയിൽ മാറിക്കഴിഞ്ഞിരുന്നു.
തിരിച്ചിറങ്ങുമ്പൊ രണ്ടു കൈകളിലും തേങ്ങാപ്പാൽ പിഴിയും മട്ടിൽ പിടിച്ച് ഞെക്കി എന്നെ പിടിച്ചിറക്കി കുഞ്ഞമ്മമാരും അവരോട് ക്ഷമ ചോദിക്കും മട്ടിൽ ഒറ്റനോട്ടം നോക്കിയിറങ്ങി. പകുതിപ്പഴവും അരഞ്ഞവടയും കുഴലപ്പവും കുറേ കരച്ചിലും ബാക്കിയുണ്ടായിരുന്നു എന്റെ വായിലപ്പോഴും.
''വീട്ടിൽ ഗസ്റ്റ് വരുമ്പൊ അവരോട് മുഴുവൻ കഴിച്ചു തീർക്കാൻ നിർബ്ബന്ധിച്ചു പറയണം, കഴിക്കുമ്പൊ പോയി വായിനോക്കരുത്, അവര് ചോദിച്ചാ ഇപ്പൊ കഴിച്ചതേയുള്ളൂ എന്ന് പറയണം'', എന്നാക്കെ എനിക്ക് പറഞ്ഞ് തന്നിട്ടുള്ള അമ്മയും കുഞ്ഞമ്മമാരും ഞാനും അന്ന് ഒരു "ഗസ്റ്റ്" ആയിരുന്നു എന്ന് ഓർക്കാഞ്ഞതെന്തായിരുന്നു.????
അനുബന്ധമായി സംഭവിച്ച രണ്ടു കാര്യങ്ങൾ :-
മാമൻ മാത്രം എന്നെ കാര്യമായി ഒന്നും പറഞ്ഞില്ല കാരണം മറ്റൊന്നുമല്ല വൈശാലിയെയും അവിടുത്തെ മൊത്തം സെറ്റപ്പും പുളളിക്ക് പിടിച്ചില്ല. (ആ കല്യാണം ഗോവിന്ദ)
കൊതി മാറ്റാൻ ചരട് ജപിച്ച് കെട്ടിക്കൊടുക്കുമായിരുന്ന മണ്ണടി അപ്പൂപ്പൻ ആ സൈഡ് ബിസിനസ്സ് എന്നന്നേക്കുമായി നിർത്തി കൃഷിയിൽ വ്യാപൃതനായി.
-ഗണേശ് -

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo