Slider

#പടിക്കെട്ടിലെത്തിയ #പേറ്റുനോവ്

0
മഹാലക്ഷ്മി പടിയിറങ്ങിപ്പോയി. വീട്ടിൽ നിന്ന് മാത്രമല്ല ഈ നാട്ടിൽ നിന്നും, താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും, എന്നന്നേക്കുമായി. നാലു മാസം മുമ്പ് അയൽവക്കത്തെ സരസ്വതി അമ്മയോടൊപ്പമാണ് മഹാലക്ഷ്മി ഐശ്വര്യപൂർവ്വം എന്റെ വീട്ടിലേക്ക് തൃക്കാൽ വച്ച് കയറിയത്.
സരസ്വതി അമ്മയുടെ പിറകിൽ, കടപ്ലാവിൻ ചോട്ടിൽ മറവിലൂടെ ഒളിച്ചിരുന്നെത്തി നോക്കുന്ന പട്ടിക്കുഞ്ഞിനെപ്പോലെ ദൈന്യതയുള്ള മുഖമായിരുന്നു അവർക്ക്. അതായിരിക്കാം ആഴ്ചയിൽ മൂന്ന് ദിവസം വീട് വൃത്തിയാക്കാനും പരിസരം തൂത്തുവാരാനും ഉള്ള അനുവാദം അമ്മയെക്കൊണ്ട് നൽകിച്ചത്.
ആളെങ്ങനെ? വിശ്വസിക്കാൻ കൊള്ളാവുന്നതാണോ? എന്ന ചോദ്യത്തിന് ''അവൾ ഇവിടെ വന്ന് താമസിക്കുവാ ഭർത്താവ് ഉപേക്ഷിച്ചതാ പത്തിരുപത് വയസ്സുള്ള ഒരു മോനുണ്ട് വീട്ടിൽ" അവനെ നോക്കാനാ ഇവൾ കിടന്ന് കഷ്ടപ്പെടുന്നത് എന്നാരുന്നു സരസ്വതി അമ്മയുടെ മറുപടി.
ഇരുപത് വയസ്സുള്ള ചെക്കൻ അമ്മയെ കൂലിപ്പണിക്ക് വിട്ട് വീട്ടിൽ ഫ്രീയായി ഇരിക്കുമോ എന്ന ഞങ്ങളുടെ ന്യായമായ സംശയം ഹാർട്ടിനു സുഖമില്ലാത്ത ചെക്കന്റെ ദൈന്യതയാർന്ന കഥയിൽ തട്ടി ടൈറ്റാനിക്ക് പോലെ തകർന്നു പോയി.
മിറ്റത്ത് പൊഴിഞ്ഞ് കിടന്ന തേങ്ങ, അടുക്കള ഷെൽഫിൽ കാപ്പിക്കപ്പിൽ വച്ചിരുന്ന 250 രൂപ, തുടങ്ങി അമ്മ ബോധപൂർവ്വം ഒരുക്കി വച്ച കെണികൾ മഹാലക്ഷ്മിയെ പ്രലോഭിപ്പിച്ചില്ല എന്ന് മാത്രമല്ല തേങ്ങ അടുക്കളയിൽ തിരിച്ചു കൊണ്ടു വയ്ക്കുകയും 250 രൂപ അലക്ഷ്യമായി വച്ചതിന് അമ്മയോട് "നിങ്ങക്കൊന്നും പൈസയുടെ വില അറിയില്ലായിരിക്കും അതാ ഇങ്ങനെ"എന്ന് പറഞ്ഞ് ഒന്ന് മുഷിയുകയും ചെയ്തു അവർ.
തറ മാത്രം വൃത്തിയാക്കിയാൽ മതി എന്ന തീരുമാനത്തെ അകാലത്തിൽ തട്ടിക്കളഞ്ഞ് അലമാരയുടെ വക്ക് - മൂല, അടുക്കള ഷെൽഫുകൾ എന്നിവ അമ്മയെ വിളിച്ച് നോക്കി നിർത്തി വൃത്തിയാക്കി ദിവസങ്ങൾക്കകം സെക്കന്റ് ഗിയറിലെത്തി മഹാലക്ഷ്മി. "ഇങ്ങനത്തെ ഒരു കൊച്ചിനെ കിട്ടിയത് നമ്മുടെ ഭാഗ്യമാടാ, ഞാൻ ഒന്നും പറയണ്ട എല്ലാം അവള് ചെയ്തോളും. ഇടക്കിടക്ക് ഒരു കട്ടൻ കൊടുത്താ മതി അവൾക്ക്." എന്ന് അമ്മയും "ശരിയാ ചേട്ടാ മെഷീനിൽ അടിച്ചിട്ടിരുന്ന തുണികൾ ചേച്ചി നൂത്തിട്ടത് വല്യ സൗകര്യമായി ഇന്നലെ" എന്നു ഭാര്യയും സർട്ടിഫൈ ചെയ്തു.
കൂടുതൽ സുന്ദരിയാവാൻ ഇടത്തേ മൂക്കിൽ കുത്തിയ മൂക്കൂത്തിയും, വരമ്പു പോലെ മുന്നിൽ വെട്ടി നിർത്തിയ മുടിയും, ഫിലോമിന ചേച്ചി അനശ്വരമാക്കിയ ഓടനാവട്ടം ഓമനയുടെ ലുക്കും, സിനിമകളിൽ കാണുന്ന സ്ഥിരം വേലക്കാരികളുടെ മാനറിസങ്ങളും, ഞങ്ങളുടെ സ്വകാര്യതകളിലേക്കുള്ള അനാവശ്യ കടന്നുകയറ്റവും പുറത്തെടുത്ത് അവർ മൂന്നാം ഗിയറിലായി. ഇതൊന്നും അത്ര രസിച്ചില്ലെങ്കിലും അമ്മയുടേയും ഭാര്യയുടേയും വിടർന്ന മുഖം കറുപ്പിക്കണ്ട എന്ന് കരുതി ഞങ്ങൾ അച്ഛനും മക്കളും എൻജിൻ ഓഫാക്കി ഒതുങ്ങി ജീവിച്ചു.
കാലക്രമത്തിൽ നാലാം ഗിയറിലേക്ക് മാറിയ മഹാലക്ഷ്മി ആഴ്ചയിൽ മൂന്ന് എന്നത് ശമ്പളത്തിൽ വ്യത്യാസം വരുത്താതെ രണ്ട് ചിലപ്പോൾ ഒന്ന് ഇങ്ങനെ ഡ്യൂട്ടി ടൈം സ്വന്തം നിലയ്ക്ക് ക്രമീകരിച്ച് അവസാനം "ഇന്ന് വരുമോ?'' എന്ന ചോദ്യത്തിന് "നോക്കട്ടെ പറ്റിയാൽ വരാം'' എന്ന മട്ടിലായി. പതിയെ പതിയെ ഞങ്ങൾ വീട്ടിലില്ലാത്ത സമയം നോക്കി അമ്മയെ സോപ്പിട്ട് വർക്ക് ഷെഡ്യൂൾ ക്രമീകരിച്ചു. "കട്ടിലിനടിയിൽ തൂത്തപ്പോൾ കിട്ടിയതെന്ന് പറഞ്ഞ് 50 രൂപ ലക്ഷ്മി എന്റെ കൈയ്യിൽത്തന്നടാ" എന്ന് പറഞ്ഞ് അമ്മ അപ്പോഴും ഊറ്റം കൊണ്ടു.
ആ സമയത്താണ് ഗൾഫിൽ നിന്ന് എന്റെ ഉറ്റ സുഹൃത്ത് രഞ്ജിത്ത് ഒരു പാസ്പോർട്ട് സമ്മാനിച്ചത്. യഥാർത്ത പാസ്പോർട്ടിനേക്കാൾ സൂക്ഷിച്ച് വച്ച് വല്ലപ്പോഴും അത്താഴത്തിന് മുമ്പ് രണ്ടെണ്ണം രഹസ്യമായി വിട്ട് സുഖമായി ഞാൻ ജീവിച്ചു വരവെ ഒരു ദിവസം പൊടുന്നനെ ആ പാസ്പോർട്ട് അപ്രത്യക്ഷമായി. സാമൂഹ്യവിരുദ്ധ പ്രവർത്തനമായതിനാൽ നേരിട്ട് കംപ്ലയിന്റ് കൊടുക്കാതെ മഫ്ടിയിലാണ് ഞാൻ മൂത്ത മകളോടൊപ്പം (അവളും മഫ്ടിയിൽ) അന്വേഷണം ആരംഭിച്ചത്. ഇൻസ്ട്രമെന്റ് ബോക്സിന്റെ തിരോധാനത്തെതുടർന്ന് അന്വേഷണവിധേയമായി സസ്പെൻഷനിലായിരുന്നു അവളും അപ്പോൾ.
ഫ്രിഡ്ജിൽ നിന്ന് ലക്ഷ്മിയാൻറി ചോക്ലേറ്റ് എടുത്തു തിന്നു, ആപ്പിൾ എടുത്തു മടിയിൽ വച്ചു എന്ന് പറഞ്ഞ് അന്വേഷണത്തിന്റെ ആദ്യ തുമ്പ് ഇളയ മോളാണ് തന്നത്. ആ സമയം അഞ്ചാം ഗിയറിലായിരുന്നു അവർ. ഭാര്യയ്ക്ക് മുന്നിൽ പാസ്പോർട്ട് കളഞ്ഞു പോയ പ്രവാസിയായി ഞാൻ പൊതുമാപ്പിനപേക്ഷിച്ചു. ബോക്സ്, ബോഡിസ്പ്രേ എന്നിവ നഷ്ടപ്പെട്ട കേസിൽ നിന്ന് കുറ്റവിമുക്തമാക്കണമെന്ന് മോളും ഹർജി നൽകി. പുതുതായി വാങ്ങിയ അടിയുടുപ്പുകൾ പൊടുന്നനെ അപ്രത്യക്ഷമായ കേസിലും ഇടപെടണം എന്ന ഭാര്യയുടെ അഭിപ്രായത്തോട് യോജിച്ച് ഞങ്ങൾ കര - നാവിക - വ്യോമസേനകൾ സംയുക്ത രഹസ്യാന്വേഷണം പ്രഖ്യാപിച്ചു.
അമ്മയെ മാപ്പുസാക്ഷിയാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലിൽ "വയ്യാത്ത ഒരു കുഞ്ഞല്ലേടാ അവൾക്ക് അതിന് മരുന്നിന് എല്ലാ മാസവും ഞാൻ കുറച്ച് പൈസ കൊടുക്കാറുണ്ട്. പിന്നെ അരി, തേങ്ങ വെളിച്ചെണ്ണ തുടങ്ങി ചില്ലറ സഹായങ്ങളും" തുടർന്ന് നടത്തിയ എന്യൂമറേഷണൽ എൻക്വയറിയിൽ സാരിക്കുത്തിൽ ഒളിപ്പിക്കാവുന്ന ചെറിയ സംഗതികളായ സ്പ്രേ, അന്താരാഷ്ട്ര വിപണിയിൽ 230/- രൂപ വിലയുള്ള എന്റെ ഓൺലൈൻ വാച്ച്, ഒരു ഡിന്നർ സെറ്റ് തുടങ്ങി ചെറിയ ചെറിയ സാധനങ്ങളെ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് മനസ്സിലായി. വില പിടിച്ച സാധനങ്ങൾ സുരക്ഷിതമായി പൂട്ടി വച്ച് സൂക്ഷിക്കുന്ന അമ്മയുടേയും ഭാര്യയുടേയും സ്വഭാവവും, വീടുപണിക്കായി ഉണ്ടായിരുന്ന മുഴുവൻ സ്വർണ്ണവും പണയ വസ്തുവാക്കിയ എന്റെ മിടുക്കും പരക്കെ പ്രശംസിക്കപ്പെട്ടു.
കാര്യങ്ങൾ അപ്പോഴും മുഖവിലക്കെടുക്കാൻ അമ്മ തയ്യാറായിരുന്നില്ല. എങ്കിലും ഞങ്ങളുള്ളപ്പൊ മാത്രം മതി തൂപ്പും തുടപ്പും എന്നുള്ള തീരുമാനം 4-1 എന്ന ഭൂരിപക്ഷത്തിൽ പാസ്സായി. കൃത്യമായ മേൽനോട്ടത്തിനും പരിശോധനകൾക്കും നിരീക്ഷണത്തിനുമായി ഞങ്ങൾ കര - നാവിക - വ്യോമസേനകളെ തന്ത്രപ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചു. "സുഖമില്ലാത്ത മോനേ പിടിച്ച് അവൾ ആണയിട്ടെടാ" അമ്മയുടെ മുന്നിൽ അവർ ഗിയർ രണ്ടെണ്ണം ഡൗൺ ചെയ്തു.
ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടെത്തിയാണ് അവസാന തെളിവ് നൽകിയത്. അന്നത്തെ ജോലി കഴിഞ്ഞ് അമ്മ കൊടുത്ത അരിയും, മറ്റെന്തെക്കെയോ സാധനങ്ങളും രണ്ടു കൈകളിലും തൂക്കിപ്പിടിച്ച് പടിയിറങ്ങിയപ്പോൾ മടിക്കുത്തഴിഞ്ഞ് പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹം മഹാലക്ഷ്മിയുടെ കാലുകൾക്കിടയിലൂടെ ഊർന്ന് താഴെ വീണു.
മഹാലക്ഷ്മി ശ്രീകൃഷ്ണനെ ഉമ്മറപ്പടിയിൽ പ്രസവിക്കുന്ന കാഴ്ച ലൈവായി കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. അപ്പോഴവരുടെ മുഖം മാതൃവാത്സല്യം കൊണ്ട് യശോദയാണോ, കുഞ്ഞിനെ നഷ്ടപ്പെട്ട ദേവകിയാണോ, പാലിലൂടെ ജീവൻ നഷ്ടപ്പെട്ട പൂതനയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാലഹരണപ്പെട്ട റഡാറുകളുമായി കാത്തിരുന്ന കര- നാവിക - വ്യോമ സേനാംഗങ്ങൾ ആരും ഒന്നും മിണ്ടിയില്ല. നൊന്തുപ്രസവിച്ച വെങ്കല ഉണ്ണിക്കണ്ണനെ മനസ്സില്ലാ മനസ്സോടെ പടിക്കെട്ടിലുപേക്ഷിച്ച് ഭാവഭേദങ്ങളില്ലാതെ ലക്ഷ്മി അവതാരം ഓടി മറഞ്ഞു.
മോളുടെ ഡാൻസ് ആവശ്യങ്ങൾക്കായി വാങ്ങിയ വൺ ഗ്രാം ഗോൾഡ് ആഭരണങ്ങൾ, അമ്മയുടെയും ഭാര്യയുടേയും ഇമിറ്റേഷൻ വളകൾ, മാലകൾ എന്നിവ അടങ്ങിയ ഒരു ചെറിയ ജൂവൽ ബോക്സും കാണാനില്ല എന്നത് തെല്ലു വിഷമത്തോടാണ് അമ്മ പറഞ്ഞത്. സ്പെഷ്യൽ കട്ടൻ ചായയുടെ ഗ്യാപ്പിൽ അമ്മയ്ക്ക് കൊടുത്ത അവസാന പണിയാണിത് എന്ന് പറഞ്ഞ് ഞങ്ങൾ കുറേ ചിരിച്ചു.
ഇതിനകം മഹാലക്ഷ്മി മോഷണക്കഥകളുടെ ഒന്നും രണ്ടും മൂന്നും വോള്യങ്ങൾ അവിടെല്ലാം പരന്നിരുന്നു. കൂടെത്താമസിക്കുന്നത് മോനല്ല കാമുകനാണെന്ന് ആദ്യം കണ്ടെത്തിയത് സരസ്വതിയമ്മയാ. ഹൃദ്രോഗിയായ ചെക്കന് ദിവസേന പാലും പഴവും പോഷകാഹാരവും കൊടുത്ത ആ അമ്മൂമ്മ തനിക്ക് ഒരു മകളും ഇതുപോലെ ഒരു കൊച്ചുമകനും ഉണ്ടാവാത്തതിൽ നന്ദിയർപ്പിച്ച്, നാട്ടുകാരിൽ നിന്നും രക്ഷ നേടാൻ ഗുരുവായൂരിൽ 41 ദിവസം ഭജനം നേർന്നു. കൂടാതെ ചെക്കന് ദിവസേന എന്തെങ്കിലും ആഹാരം കൊടുക്കാൻ സ്വന്തം ജീവിതത്തിൽ നടപ്പാക്കിയ ചെലവുചുരുക്കൽ, കിഫ്ബിയിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനം എന്നിവ ഇമ്മിഡിയറ്റ് ഓർഡറിലൂടെ നീക്കം ചെയ്തു.
അടിച്ചുമാറ്റിയ സ്ഥാവര ജംഗമ വസ്തുവകകൾ നാട്ടുകാരുടെ റെയ്ഡ് പേടിച്ച് ഉപേക്ഷിച്ച് പലയിടത്തു നിന്നും കിട്ടിയ സ്വർണത്തോടൊപ്പം ഞങ്ങളുടെ 75 പവനുമായി (താങ്ക്സ് ടു പറക്കാട്ട് ജൂവൽസ് & കൊല്ലം സുപ്രീം) കാമുകീകാമുകർ ഇതിനിടെ കടന്നുകളഞ്ഞിരുന്നു.
ഡിന്നർ സെറ്റ്, ഒഴിഞ്ഞ പാസ്പോർട്ട്, ചെറിയ കിണ്ടി തുടങ്ങിയവ തിരികെ കിട്ടിയെങ്കിലും അന്ന് വീട്ടിലേക്കെടുത്തു വച്ച ആ തൃക്കാൽ ഇടം കാൽ ആയിരുന്നോ ? അറിയില്ല.
ഏതായാലും പത്രങ്ങളിൽ "മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ചതിന് കാമുകീകാമുകർ അറസ്റ്റിൽ" എന്ന വാർത്ത വരുന്നതും നോക്കിയിരിക്കുവാ ഞങ്ങൾ.
- ഗണേശ് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo