Slider

സ്നേഹമന്ത്രം !!

0

സ്നേഹമന്ത്രം !!
"ഭാരതീ, എന്നാപ്പിന്നെ മക്കള് കെടന്നോട്ടെ ല്ലേ..."
അച്ഛന്‍റെ ശാസനാരൂപത്തിലുള്ള നിര്‍ദ്ദേശം കേട്ടതും, കൂട്ടുകാരൊക്കെ പോകാനെണീറ്റു, അവര്‍ക്കറിയാം അച്ഛനെ...
"എന്നാ ശരി ഡാ, ഞങ്ങള്‍ ഇറങ്ങ്വാട്ടാ.... ദിയയോടു പറഞ്ഞേക്ക്...." എന്നും പറഞ്ഞ് അവരിറങ്ങിയതും മോഹന്‍ മുറിയിലേയ്ക്ക് നടന്നു, വലിയ പരിഷ്ക്കാരങ്ങളൊന്നും കാട്ടീട്ടില്ലെങ്കിലും മുറി ഭംഗിയായിത്തന്നെ അലങ്കരിച്ചിരിക്കുന്നു. ഒന്നും വേണ്ടെന്നു താന്‍ പറഞ്ഞിരുന്നതാണ്, എല്ലാം അവന്മാരുടെ പദ്ധതികള്‍..... ദിയയോടുള്ള തന്‍റെ ഇഷ്ടം പോലും തിരിച്ചറിഞ്ഞവര്‍, അവര്‍ക്ക് നന്നായറിയാം അവന്‍റെ മനസ്സ്. ദിയയുമായുള്ള, നീണ്ട എട്ടു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ ഇന്നിതാ വിവാഹരാത്രിയില്‍ എത്തിനില്‍ക്കുന്നു. രണ്ടു കുടുംബത്തിലെയും വളരെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ആയവരെ മാത്രമുള്‍ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. വൈകീട്ടത്തെ ചെറു-ചായസല്‍ക്കാരവും കഴിഞ്ഞായിരുന്നു, ദിയയുടെ മാതാപിതാക്കള്‍ മടങ്ങിയത്. മൊഴികളേക്കാള്‍, മൗനത്തിനു സ്ഥാനമുള്ള ആ യാത്രപറച്ചില്‍.... മിഴികളിലൂടെ പരസ്പരം കൈമാറി, അവരിറങ്ങുകയായിരുന്നു.
ദിയയുടെ വരവും കാത്ത് ആ അലങ്കരിച്ച മെത്തയില്‍ ഇരുന്നപ്പോള്‍ മോഹന്‍, പോസ്റ്റലില്‍ വന്ന ആശംസാകാര്‍ഡുകള്‍ ഓരോന്നായി നിവര്‍ത്തിനോക്കാന്‍ തുടങ്ങി, പിന്നെയെപ്പോഴോ ആ പഴയ ചിന്തകളേയും...
അച്ഛനീ നഗരത്തിലേക്ക് ട്രാന്‍സ്ഫറായി വന്നപ്പോള്‍ ഇവിടത്തെ പ്രമുഖ കോളേജില്‍ ഫസ്റ്റ് ഇയര്‍ ബി.എ-യ്ക്ക് ചേരുകയായിരുന്നു, മോഹന്‍. അവന്‍റെ പാടുവാനുള്ള കഴിവും, സൗമ്യമായ പെരുമാറ്റവും ആരെയും ആകര്‍ഷിക്കത്തക്കതായിരുന്നു. അങ്ങനെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഒരുപാട് ആരാധകരേയും കോളേജില്‍ അവനുണ്ടാക്കാനായി. എന്നാല്‍ ക്ലാസ്സില്‍ ഒരാള്‍ മാത്രം യാതൊരു അടുപ്പവും അവനോടു കാട്ടിയിരുന്നില്ല, അവനോടെന്നല്ല, ആരോടും. "ദിയ....." ഒരു പ്രത്യേക പ്രകൃതം, ആരോടും ചങ്ങാത്തമില്ല, ആരേലും എന്തേലും ചോദിച്ചാല്‍ തന്നെ കടിച്ചുകീറുന്ന മാതിരിയുള്ള പെരുമാറ്റം, എപ്പോഴും എല്ലാറ്റിനോടും ദേഷ്യം, നിസ്സാരകാര്യങ്ങള്‍ക്ക് പോലും പൊട്ടിത്തെറിക്കല്‍ അങ്ങനെയങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ അവളിലെന്തോ ഒരു പ്രത്യേകത അവനു തോന്നിയിരുന്നതിനാല്‍ ദിയയുമായി അടുക്കാനവന്‍ ശ്രമിച്ചുകൊണ്ടിരുന്നു, എന്നാലവളാകട്ടെ അടുക്കാതിരിക്കാനും.
ഒരുനാള്‍ കോളേജിന്‍റെ പടിക്കല്‍ വച്ച് ഒരു തെരുവുനായ അവള്‍ടെ നേരെ മുരണ്ടുകൊണ്ടു ചെന്നപ്പോള്‍ കൈയിലിരുന്ന വാക്കിംഗ് സ്റ്റിക്കുയര്‍ത്തി അവന്‍ നായയെ വിരട്ടിയോടിച്ചു. ആ നായ പോയ ശേഷവും അവനെ പൂണ്ടടക്കം പിടിച്ചിരിയ്ക്കുകയായിരുന്ന അവള്‍, അത് പോയെടോ-ന്ന് ചിരിച്ചുകൊണ്ട് മോഹന്‍ പറഞ്ഞപ്പോഴാണ് ജാള്യതയോടെ പിടിവിട്ടത്. അവനോടൊപ്പം ക്ളാസ്സിലേക്ക് നടക്കാന്‍ നേരം അവള്‍ മോഹന്‍റെ കാലിനെപ്പറ്റി ആരാഞ്ഞപ്പോള്‍, തന്‍റെ ജന്മനാ ഉള്ള ആ ശേഷിക്കുറവിനെ വളരെ നിസ്സാരമായി അവന്‍, വിവരിക്കാതെ വിടുകയായിരുന്നു. മോഹന്‍റെ, തോല്‍ക്കാന്‍ തയ്യാറല്ലാത്ത ആ മനസ്സ് തന്നെയാണ് ദിയയെ അവനിലേക്കടുപ്പിച്ചത്.
പിന്നെപ്പിന്നെ ആ ചങ്ങാത്തം വളര്‍ന്നു. ദിയയുടെ പെരുമാറ്റത്തിലെ വൈകല്യങ്ങള്‍ക്ക് കാരണം അവള്‍ടെ മാതാപിതാക്കള്‍ തമ്മിലുള്ള ഈഗോക്ലാഷും അതുമൂലം നിത്യേനെയുള്ള വഴക്കും ആയിരുന്നു. കോളേജില്‍ നിന്നുമേറെ അകലെയായിരുന്നില്ല മോഹന്‍റെ വീട് എന്നതിനാല്‍ത്തന്നെ, ദിയ അവനോടൊപ്പം വീട്ടില്‍ വരുന്നത് ഒരു പതിവായിരുന്നു. അവന്റച്ഛന്റെ സ്നേഹാന്വേഷണങ്ങളും അമ്മയുടെ സ്നേഹപ്പലഹാരങ്ങളും അവളിലേയ്ക്കും അതേ രൂപത്തില്‍ പകര്‍ന്നിരുന്നതിനാല്‍ അവള്‍ക്കത് സ്വന്തം വീടിനേക്കാള്‍ മനോഹരമായത് സ്വാഭാവികം മാത്രം. അതിനു മറുപടിയെന്നോണം അവള്‍ടെ ദുര്യോഗം മോഹന്‍റെ കുടുംബത്തിന്‍റെയും കൂടി, ഒരു പ്രധാന സങ്കടം ആകുകയുമായിരുന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ അവള്‍ കോളേജില്‍ വരാതെയായി. രണ്ടുദിവസം നോക്കീട്ടും കാണാതായപ്പോള്‍, അവന് ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് അവള്‍ ആശുപത്രിയില്‍ ആണെന്നാണ്‌. വിവരങ്ങള്‍ ശേഖരിച്ച് അവനും കുടുംബവും എത്തുമ്പോള്‍ ആശുപത്രിക്കിടക്കയില്‍, കൈയ്ക്കും കാലിനും പ്ലാസ്റ്റര്‍ എല്ലാമിട്ട്
ആകെ ദയനീയാവസ്ഥയില്‍ കഴിയുന്ന ദിയയെയാണ് കാണുന്നത്. അവള്‍ടെ മമ്മി പറഞ്ഞാണ് കാര്യമെല്ലാമറിഞ്ഞത്, താഴേത്തട്ടിലെ പറമ്പിലേയ്ക്ക് അങ്ങ് വളരെ മുകളില്‍ നിന്നും വീഴുകയായിരുന്നുവത്രെ. കൈയ്ക്കും കാലിനും ഒടിവുണ്ട്, നടുവിന് ഉളുക്കുമുണ്ട്. രണ്ടുമാസത്തെ പരിപൂര്‍ണ്ണ വിശ്രമം ആണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും, അവള്‍ പതിവിലും സന്തോഷവതിയായി കാണപ്പെട്ടത് ആശ്ചര്യത്തിനിടയാക്കിയതിനാല്‍ അവന് കാരണം ചോദിക്കാതിരിക്കാനായില്ല. താനൊന്ന്‍ വീണപ്പോള്‍ പപ്പയും മമ്മിയും തമ്മില്‍ വഴക്കില്ലാതായതും അവളെ പരിചരിക്കാന്‍ സര്‍വ്വവും മറന്ന് ഓടിനടക്കുന്നതുമെല്ലാം, മമ്മി കേള്‍ക്കാത്തവിധം പതിഞ്ഞ ശബ്ദത്തില്‍ പറയുമ്പോള്‍ ആ കണ്ണുകളിലെ തിളക്കം മോഹന് വ്യക്തമായി കാണാമായിരുന്നു.
മമ്മി അരികത്തുനിന്നും മാറിയപ്പോള്‍, അവന്‍റെ കൈ പിടിച്ചു കൊണ്ട് താന്‍ വീണതല്ലാ, എടുത്തു ചാടിയതാണെന്ന അവള്‍ടെ തിരുത്തല്‍ കേട്ട്, ഞെട്ടലോടെ അവനവളെ നോക്കി. അറിയാതെ നിറഞ്ഞുപോയ കണ്ണുകളോടെ, എന്തിനായിരുന്നൂ ഇതെന്നവന്‍ ചോദിച്ചപ്പോള്‍, തനിക്കൊരു പ്രശ്നം വന്നാലെങ്കിലും അവര്‍ ഒരുമിക്കുമോ എന്നറിയാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു മറുപടി. അവള്‍ടെ കൈയില്‍ മുറുകെപ്പിടിച്ച്‌, ന്നാലും ഈ കടന്നകൈ വേണമായിരുന്നോ എന്ന്‍ ചോദിച്ചപ്പോള്‍ കണ്ണിറുക്കിക്കൊണ്ടവള്‍ പറഞ്ഞു, "മണ്ടൂസേ, എനിക്കൊന്നും പറ്റീല്ലല്ലോടാ, ഇതൊക്കെ എന്ത്.... നല്ല മനസ്സുള്ളോരെ ദൈവം അങ്ങനൊന്നും കൈവിടില്ലടാ..."
-- "ഞാന്‍ നിന്നെപ്പോലെ ഫിസിക്കലി വീക്ക് ആയിരുന്നേല്‍ അവര്‍ക്കെന്നോട് ഒരു ദാക്ഷിണ്യം തോന്നീട്ടെങ്കിലും ഒരുപക്ഷെ ഈ വഴക്കുകള്‍ ഒഴിവായേനെ ല്ലേ.... നിന്നെ വെഷമിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല ട്ടോ...." എന്നവള്‍ പലതവണ തന്നോട് പറഞ്ഞിരിക്കുന്നു, എന്നാലും ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിനവള്‍ മുതിരുമെന്ന് മോഹന് ചിന്തിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല... പക്ഷെ അവളായിരുന്നു ശരി എന്ന് ഉറപ്പിക്കുംവിധം, അന്നുമുതല്‍ ഈ നിമിഷം വരെ പപ്പയും മമ്മിയും തമ്മില്‍ ഒരു പ്രശ്നം, ആ വീട്ടില്‍ ഉണ്ടായിട്ടില്ല.
പിന്നീടെപ്പോഴോ അവരുടെ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു. സുഹൃത്തുക്കളുടെ കൂടി, സമയോചിതമായ ഇടപെടലുകളിലൂടെ രണ്ടു വീട്ടുകാരുടേയും പൂര്‍ണ്ണസമ്മതത്തോടെ ഇന്നിതാ അവരൊന്നിച്ചിരിക്കുന്നു.
തന്നെ അനങ്ങാന്‍ വിടാത്തവിധം പയ്യാരം പറഞ്ഞുനടന്നിരുന്ന, ചെറിയമ്മേടെ മോളുടെ ഇരട്ടപ്പിള്ളാരുടെ കണ്ണു വെട്ടിച്ച് ഇതിനിടയില്‍ ദിയ മുറിയിലേയ്ക്ക് കടന്നുവന്നത്, അവനെ ചിന്തകളില്‍ നിന്നുമുണര്‍ത്തി. അനന്തരം, അവരുടേതായ നിമിഷങ്ങളില്‍ സ്വയമലിഞ്ഞ്, അവന്‍റെ മാറോടൊട്ടിക്കിടക്കവേ അവള്‍ ചോദിച്ചു എന്ത് കണ്ടിട്ടാ തന്നെ കെട്ടീതെന്ന്...
-- "പരസ്പരം കലഹിക്കുന്ന അച്ഛനേം അമ്മേം ഒന്നിപ്പിയ്ക്കാന്‍ നീയെടുത്ത ആ തീരുമാനം... അത് മാത്രം മതി, സ്നേഹിയ്ക്കുന്നവര്‍ക്ക് വേണ്ടി എന്തിനും നീ മടിയ്ക്കില്ലാ-ന്ന്‍ മനസ്സിലാക്കാന്‍. അങ്ങനെയുള്ള ഈ മുത്തിനെ നഷ്ടപ്പെടുത്താന്‍ മാത്രം ഒരു വിഡ്ഢിയല്ല ഞാന്‍...."
എന്നവന്‍ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞപ്പോള്‍, ജനലിലൂടെ എത്തിനോക്കിയ വാനിലമ്പിളിയും നിര്‍വൃതി പൂണ്ടിരിയ്ക്കണം....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo