ചമയങ്ങളില്ലാത്ത ''അമ്മ മനസ്സ്''
*******************************
*******************************
കഥകളി വേഷങ്ങളിലൂടെ മാത്രമേ ഞാൻ അമ്മയുടെ "ശൃംഗാര'' ഭാവം കണ്ടിട്ടുള്ളൂ. ജനിച്ച് കുറേക്കഴിഞ്ഞാണ് ആ ഭാവം എന്താണെന്ന് എനിക്ക് തന്നെ മനസ്സിലായത്. സ്നേഹം ഉള്ളിലൊളിപ്പിച്ച് പുറമേ പരുക്കനായി അഭിനയിച്ചിരുന്ന എന്റെ അച്ഛനോട് ഇനിയെന്തുഭാവം പുറത്തെടുത്താലും അമ്മയ്ക്ക് വലിയ പ്രയോജനം ഉണ്ടാവുമെന്ന് എനിക്ക് തോന്നിയിട്ടില്ല.
സ്വതവേ "ഹാസ്യം" നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് അമ്മ, അത് ആപത്ത് കാലത്ത് പിന്നിൽ നിന്ന് കുത്തിയ ബന്ധുക്കളോടായാലും അസൂയാലുക്കളോടായാലും കൊടുത്ത കൈയ്ക്കു തന്നെ കൊത്തിയവരോടായാലും എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എപ്പോഴും. (കഥകളിയിൽ ഹാസ്യം എന്നാൽ പുച്ഛമാണ്).
ഒരു ജനുവരി 7 ന് ബുധനാഴ്ച രാത്രി കൽപ്പന ഹോസ്പിറ്റലിൽ (ഇന്നത്തെ സത്യസായി ഹോസ്പിറ്റൽ കൊട്ടാരക്കര) വച്ച് എന്റെ മുഖം ആദ്യമായ് കണ്ടപ്പോൾ "കരുണം" ആയിരിക്കാം അമ്മയുടെ മുഖത്ത് ആദ്യം വിടർന്നത്.
ക്രിക്കറ്റ് എന്ന കളിയെ അതിന്റെ അന്ത:സത്ത പോലും ഉൾക്കൊള്ളാതെ നഖശിഖാന്തം എതിർത്ത അമ്മയ്ക്ക് എബ്രിഡ് ഷൈൻ സിനിമയിലെ (1983)നിവിൻ പോളിയുടെ അച്ഛന്റെ ഭാവഹാദികൾ തീർച്ചയായും ഉണ്ട്. ക്രിക്കറ്റ് കളി കഴിഞ്ഞ് വിയർത്ത് കുളിച്ച് എത്തിയ ആ ബൗളർക്കും, ലോവർ മിഡിൽ ഓർഡർ ബാസ്റ്റ്സ്മാനും (പാവം ഞാൻ) അകാലത്തിൽ വിരമിക്കേണ്ടി വന്നത് അമ്മയുടെ ആ "രൗദ്ര" ഭാവം കൊണ്ടാണ്.
ദിവസേന തട്ടിക്കളയുന്ന പാൽ ഒരു ദിവസം തറയിൽ നിന്ന് നക്കിക്കുടിപ്പിച്ചതും, അടിക്കാൻ ഓടിച്ചപ്പൊ കിട്ടാതെ വന്നതുകൊണ്ട് ഇട്ടിരുന്ന ചെരുപ്പൂരി ഒറ്റപ്പുത്രനെ എറിഞ്ഞ് സ്വർണ്ണ മെഡൽ നേടിയതും, ചട്ടുകം, മടൽപ്പൊളി, ചൂൽ മൊന്ത, കിണ്ടി, തുടങ്ങി എന്തിലും ആയുധം കണ്ടെത്താനുള്ള നൈസർഗ്ഗികമായ സിദ്ധി കൈവന്നതും, കുഞ്ഞമ്മമാരെ വിറപ്പിച്ച് നിർത്തിയതും, സ്വന്തം പേര് അന്വർത്ഥമാക്കി, ഇപ്പറഞ്ഞ "രൗദ്രം'' നന്നായി കൈകാര്യം ചെയ്തതിന്റെ, ചെയ്യുന്നതിന്റെ ഫലമാണ്.
നാഗർകോവിൽ ഇന്ത്യൻ എൻജിനിയറിംഗ് കോളേജിൽ അലമ്പനായി നടന്നപ്പൊ പണിഷ്മെൻറായി കിട്ടിയ 5000 രൂപാ ഫൈൻ അടയ്ക്കണം എന്ന് കരഞ്ഞ് പറഞ്ഞപ്പോ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ പൈസയാ എന്ന പറഞ്ഞ് പഴകിയ ക്ലീഷേയില്ലാതെ, അച്ഛൻ ചിലവിന് അയച്ച മൊത്തം കാശും എടുത്ത് മോൻ ഇത് കൊണ്ട് പോയി കോളേജിൽ അടയ്ക്ക് എന്ന് പറഞ്ഞപ്പോ അമ്മയുടെ മുഖത്തെ"വീരം" ഞാൻ കണ്ണീരിനിടയിലൂടെ കണ്ടു.
ഇങ്ങനെയൊക്കെയായാലും പാമ്പ് എന്ന് പറഞ്ഞാലുടൻ ആ മുഖം" ഭയാനകം" ആവും അത് യഥാർത്ത പാമ്പുകളോടും, മനുഷ്യ പാമ്പുകളോടും.
കല്യാണം കഴിക്കുന്നതിനു മുൻപ് എന്റെ മുറി വാതിലിൽ വന്ന് ''ടാ നിന്റെ കൂട്ടുകാർ വന്ന് വിളിക്കുന്നു'' എന്ന് അമ്മ " ബീഭൽസ" മുഖത്തോടെയേ പറഞ്ഞിട്ടുള്ളൂ (അത്രയ്ക്കുണ്ടായിരുന്നു ആ റൂമിന്റെ അടുക്കും ചിട്ടയും വൃത്തിയും)
റെയ്മണ്ട്സിൽ ജോലി നോക്കിക്കൊണ്ടിരുന്ന എനിക്ക് മാതൃഭൂമിയിൽ ജോലി കിട്ടി എന്ന് പറഞ്ഞപ്പോ ആ മുഖത്ത് "അൽഭുത"വും ഞാൻ കണ്ടു.( പൊട്ടൻമാരെ പോലീസിലെടുക്കുമോ എന്ന ഭാവം)
ഈ ഭാവങ്ങൾ എല്ലാം ഒത്തുചേർന്ന് ആ മനസ്സിൽ സന്തോഷം തോന്നാൻ ഞാനും കുടുംബവും - ഞാൻ, രശ്മി, ഗൗരി, പാറു നൽകുന്ന ഒരു പിറന്നാൾ - ഓണസമ്മാനമാണിത്. ഞങ്ങളുടെ ഗൗരി ഗോവിന്ദത്തിന്റെ (എന്റെ വീട്ടുപേരാ അത് ) പൂമുഖം ഈ മുഖമാകും.
തീർന്നില്ല
അദൃശ്യമായ ഏതോ ലോകത്തിരുന്ന് അച്ഛൻ ഇപ്പൊ സന്തോഷിക്കുന്നുണ്ടാവാം, അതാവും അമ്മയ്ക്ക് ഈയിടയായി "ശാന്ത'' ഭാവമാണ്...Love u amma
- ഗണേശ് -
( ചമയങ്ങളില്ലാതെ അമ്മയുടെ നവരസഭാവങ്ങൾ വേഷത്തോടൊപ്പം ഒരു വലിയ ഫോട്ടോ ആക്കി പി റന്നാൾ സർപ്രൈസ് സമ്മാനമായി കഴിഞ്ഞ ഓണക്കാലത്ത് നൽകി. പ്രശസ്ത കഥകളി നടി കൊട്ടാരക്കര ഭദ്രയാണ് എന്റെ അമ്മ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക