Slider

അച്ഛനൊരു കൂട്ട് തേടി !

0
അച്ഛനൊരു കൂട്ട് തേടി !
**************************
രണ്ടു ദിവസമായി തന്നെ വിടാതെ പിന്തുടരുന്ന ആ പയ്യന്റെ മുഖം ലത ടീച്ചറെ കൂടുതൽ അസ്വസ്ഥയാക്കി ...
എന്തിനായിരിക്കും അവനെന്റെ പിറകെ വരുന്നേ ?..ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ വലയിട്ട് പിടിച്ചു ശല്യം ചെയ്തിരുന്ന ഒരു പൂവാലനെക്കുറിച്ച് ഇന്നലേം കൂടി പത്രത്തിൽ വായിച്ചത് ഓർമ വന്നു ...ഇനി അങ്ങനെ എങ്ങാനും ?..
"ഈശ്വരാ ..കാത്തോളണെ"
ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക്‌ പോകുമ്പോൾ ചെറിയൊരു ഭയം ടീച്ചറെയും പിടികൂടിയിരുന്നു ...എങ്കിലും ഒരു ടീച്ചർ എന്ന പക്വത അഭിനയിക്കാൻ അവരു മറന്നില്ല ... കാരണം തന്റെ മുൻപിലിരുന്നു പഠിച്ച പല കുട്ടികളുടെയും സ്വാഭാവത്തെയും ജീവിതത്തെയും അവർ പലപ്പോഴും അടുത്തറിയാൻ ശ്രമിച്ചിരുന്നു ..അവന്റെ മനസ്സിൽ തന്നോടുള്ള വികാരം എന്തായിരിക്കും ? മനസ്സിൽ ഉയർന്നുക്കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് തന്റെ കൈവശം ഉത്തരം ഇല്ലാ എന്നറിഞ്ഞിട്ടും അവർ സ്വയം ചോദിച്ചുക്കൊണ്ടേയിരുന്നു ..
യാന്ത്രികമായി വീട്ടിലേക്കു നടക്കുമ്പോൾ പതിവു പരിചയക്കാരോട് കുശലാന്വേഷണം നടത്താനും അവർ ശ്രദ്ധിച്ചു ...പതിവു തെറ്റിചാൽ ഒരുപക്ഷെ എല്ലാവരും തന്നെ സംശയിചാലോ എന്ന ഉൾഭയം അവരിൽ അറിയാതെ തന്നെ ഉടലെടുത്തിരുന്നു ...പക്ഷേ ഇന്നവനെ വഴിയിൽ കാണത്തത് അവർക്ക് അൽപ്പം ആശ്വാസം നൽകി...
തന്റെ സന്തോഷത്തെ ഊതികെടുത്തി തന്നെയും കാത്ത് വീടിനു മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരനെ വഴിയിൽ നിന്നു തന്നെ അവർക്കണ്ടു ...
"ഈശ്വരാ ഇതെന്തു പരീക്ഷണം ..വീട്ടിലേക്ക് കയറണോ ?..തനിക്ക് വല്ലതും സംഭവിചാൽ തിരിഞ്ഞു നോക്കാൻ പോലും ആരുല്ല്യാ "
ദൈവത്തെ മനസ്സിൽ കരുതി ..ധൈര്യം സംഭവിച്ചു വീട്ടിലേക്ക് കാലെടുത്തു വെച്ചതും നിറഞ്ഞ പുഞ്ചിരിയോടെ അവനെന്നെ വരവേറ്റു ...അപ്പോഴാണ് അവന്റെ പിറകിലായി നിൽക്കുന്ന പെൺകുട്ടിയേ ശ്രദ്ധിച്ചത് ..ഏകദേശം അവന്റെ അതെ പ്രായം തോന്നിക്കുന്നു ..നല്ല ഐശ്വര്യം ഉള്ള മുഖം ..അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ അവനിങ്ങോട്ട് സംസാരിച്ചു ....
"ഞാൻ നവീൻ ...ഇതെന്റെ പെണ്ണ് ..നന്ദിത"
"നിങ്ങളെന്തിനാ എന്നെ തേടി വന്നത് ...രണ്ടു ദിവസമായി മോന് എന്റെ പിറകെ ഉണ്ടായിരുന്നല്ലോ "
മുഖത്തൊരൽപ്പം ഗൗരവം വരുത്തി അവരെ നോക്കിയെങ്കിലും തന്നെ ഉറ്റു നോക്കുന്ന ആ മുഖങ്ങളിലെ പുഞ്ചിരി അതിനെ മായ്ച്ചു കളഞ്ഞു ..
"ടീച്ചറമ്മക്ക് പേടി ആണോ ?"
നന്ദിതയുടെ സ്വരം അവരെ അത്ഭുതപ്പെടുത്തി ..
അമ്മ...ഇത്രയും വർഷത്തിന് ശേഷം ആദ്യമായിട്ടാണ് അമ്മ എന്നൊരു വിളി ...താനൊരിക്കലും അതിനർഹയല്ല ..എന്നിട്ടും
"നീ....നീ എന്താ വിളിച്ചേ "
വാക്കുകളിൽ ഒരിടർച്ച പതുങ്ങിയിരിക്കുന്നതും കണ്ണുകളിൽ കണ്ണു നീർ കവിത രചിക്കുന്നതും അവരറിഞ്ഞു ..
"ടീച്ചറമ്മേന്ന്‌ ...എന്താ ഇഷ്ടായില്ലേ "
"അത് ...ഞാൻ "
"ദേ ..ആ കണ്ണ് തുടച്ചു ..വണ്ടിയിലിരിക്കുന്ന ആളെ നോക്കിയേ അറിയോന്ന് "
നവീനതു പറഞ്ഞതും മുറ്റത്ത്‌ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ഇറങ്ങിയ ആളെക്കണ്ട് ലത ടീച്ചർ ഒന്നു ഞെട്ടി....
"മാഷേട്ടൻ "

************************
"ലതേ ഞാനെത്ര പറഞ്ഞു നിന്നോട് ...എനിക്കൊരു അച്ഛനാകാൻ കഴിയില്ലാന്ന്‌ ..വെറുതെ എന്റെ കൂടെ ജീവിച്ചു നിന്റെ ആഗ്രഹങ്ങൾക്ക് തടയിടണോ ?"
"അതേയ് കുട്ടികളില്ലേലും ജീവിക്കാ മാഷേട്ടാ ...എനിക്കെന്റെ മാഷേട്ടനും മാഷേട്ടനു ഞാനും ...ഇനി ഇക്കാര്യം പറഞ്ഞു എന്നെ എങ്ങാനും കെട്ടാതെ പോയാലുണ്ടലോ..ലതക്ക്‌ പിന്നെ വേറൊരു ജീവിതം ണ്ടാവില്ല്യാട്ടോ "
"ന്റെ പെണ്ണേ ...നീ ഇങ്ങനെ ചിന്തിക്കാതെ പ്രാക്ടിക്കൽ ആവാൻ നോക്ക് ..ഒന്നാല്ലേലും ഒരു ടീച്ചറല്ലേ ഇയ്യ്‌ ..കുട്ടികളെ പോലെ ഇങ്ങനെ വാശിപിടിക്കാതെ "
ലത ടീച്ചറും മാഷേട്ടനും തമ്മിൽ പ്രണയ ലഹരി ആസ്വദിക്കുന്ന സമയത്താണ്...തനിക്കൊരു അച്ഛനാകാൻ കഴിയില്ലെന്ന സത്യം അവരറിയുന്നത് ..അതിനു ശേഷം ലതയേ ഒഴിവാക്കാൻ മാഷ്‌ ഒത്തിരി ശ്രമിച്ചു ..പക്ഷേ എല്ലാം വെറുതെ ആയിരുന്നു ..കാരണം പ്രണയം അസ്ഥിക്ക്‌ പിടിച്ചിരുന്നു ടീച്ചർക്ക്‌ ...ഒടുക്കം എല്ലാം ഉപേക്ഷിച്ചു നാടു വിട്ടതായിരുന്നു ടീച്ചറുടെ മാഷേട്ടൻ ...
ഒത്തിരി കാത്തിരുന്നു .. മാഷേട്ടൻ തിരിച്ചു വന്നില്ല ..ടീച്ചറുടെ സന്തോഷ ജീവിതം മാത്രമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത് ..മാഷിന്റെ കൂടെയുള്ള ജീവിതമാണ് ടീച്ചർക്ക്‌ ഏറ്റവും സന്തോഷം എന്നുള്ള കാര്യം അറിയാമായിരുന്നിട്ടും അദ്ദേഹം ഒരു പരീക്ഷണത്തിന് മുതിർന്നതായിരുന്നു ..പക്ഷേ അത് വെറുമൊരു പരീക്ഷണം മാത്രമായി പോയി ...തന്റെ മാഷേട്ടന്റെ കൂടെ അല്ലാതെ വേറൊരാളെയും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു മറ്റുള്ളവർക്കൊരു ബാധ്യത ആകാതെ ടീച്ചറും പടിയിറങ്ങിയതായിരുന്നു സ്വന്തം വീട്ടിൽ നിന്ന് ...വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഒരാളു പോലും അവരെ അന്വേഷിചിട്ടില്ല ...പഠിച്ചൊരു ജോലി വാങ്ങിച്ചതു മാത്രം ജീവിക്കാനുള്ള പ്രേരണയായിരുന്നു ....
**************************
"എന്താ ടീച്ചറമ്മേ ആലോചിക്കുന്നെ ...അങ്ങേരെ കണ്ടപ്പോ പഴയതൊക്കെ ഓർമ വരുന്നുണ്ടോ "
ഒരു തേങ്ങൽ മാത്രമായിരുന്നു അതിനുത്തരം ...
"ലതേ ....എന്തായിത് കരയാ...കൊച്ചു കുട്ടികളെ പോലെ ..."
"മാഷേട്ടാ ..ഞാൻ "
അയാളുടെ മാറിലേക്ക് മുഖം പൂഴ്ത്തി ഉള്ളിൽ ഒളിപ്പിച്ച സങ്കട കടൽ കണ്ണു നീരിനാൽ അവരൊഴുക്കി കളഞ്ഞു ...
"ദേ നോക്കിയേ ...ഈ കാന്താരി ണ്ടലോ ന്റെ നന്ദ മോള് അവളാ നിന്നെ വീണ്ടും എനിക്ക് കൊണ്ടു തന്നേ....അന്നു നാടു വിട്ടു പോയപ്പോ ട്രെയിനിൽ നിന്നു കിട്ടിയതാ ഇവളെ ....ഉപേക്ഷിക്കാൻ തോന്നിയില്ല ...ജീവിതത്തിൽ ഒരിക്കലും അച്ഛാ എന്നൊരു വിളി കേൾക്കാൻ ഭാഗ്യം ഇല്ലാത്ത എനിക്ക് ദൈവംക്കൊണ്ടു തന്നതാ എന്റെ മോളേ ...ഇവൾക്ക് വേണ്ടി ആയിരുന്നു ഇതുവരെ ജീവിച്ചേ ...അതിനിടക്ക് എപ്പോഴോ നിന്നെക്കുറിച്ച് ഇവളറിഞ്ഞു ..പിന്നെ നിനക്കു വേണ്ടി ആയിരുന്നു ഈ പെണ്ണിന്റെ തിരച്ചിൽ ഈ ഞാൻ പോലും അറിയാതെ ...ഒടുക്കം എല്ലാം അറിഞ്ഞു ..ഇപ്പോഴും എനിക്ക് വേണ്ടി ജീവിക്കുന്ന നിന്നെക്കുറിച്ച് ഇവിടെ എത്തുന്നവരെ എനിക്കറിയില്ലായ്ർന്നു ....
രണ്ടു ദിവസം കഴിഞ്ഞാ ഇവർ രണ്ടാൾടെ കല്ല്യാണം ആണ് ...കല്ല്യാണത്തിന് മുൻപ് ഒരാളുടെ അനുഗ്രഹം കൂടി വാങ്ങിക്കണം അതിന് അച്ഛനും കൂടെ വാ എന്ന് പറഞ്ഞോണ്ട് കൊണ്ടു വന്നതാ എന്നെ ...
"അതോണ്ടെന്താ വിവാഹത്തിന് മുൻപ് എനിക്ക് അമ്മയെകൂടെ കിട്ടിയല്ലോ .. ."
നന്ദ മോളെയും ചേർത്ത് മാഷേട്ടന്റെ കൂടെ നിന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു നിർവൃതി ...തങ്ങളെയും നോക്കി നിൽക്കുന്ന നവീനെക്കണ്ടപ്പോൾ അറിയാതെ പറഞ്ഞു പോയി ...
"എന്നാലും ഇങ്ങനെ ഓടിക്കണ്ടായിരുന്നുട്ടോ ..രണ്ടു ദിവസംക്കൊണ്ട് മനുഷ്യന്റെ തൂക്കം ഒത്തിരിക്കുറഞ്ഞു "
എല്ലാവരും എന്നെ തന്നെ നോക്കി ചിരിയടക്കാൻ പാടുപെടുന്നത് ഞാനും ഒന്നാസ്വാദിക്കട്ടെയിനി ...

ശുഭം
___________________________
ഫർസാന .വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo