Slider

കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 4 )

0
കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 4 )
.....................................................................................
നിമിഷനേരംകൊണ്ട് സർക്കിൾ ഇൻസ്‌പെക്ടർ തരകൻ ജീപ്പിൽ ചാടിക്കയറി സ്വയം ഓടിച്ചുപോയി...
പുറകേ ഓടിച്ചെന്ന ഡിക്രൂസിന് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല..
ജീപ്പ് ഹോസ്പിറ്റലിനുമുന്നിൽ ഒരലർച്ചയോടെ നിന്നു... കാത്തുനിന്ന പോലീസുകാരുടെ സല്യൂട്ടിനൊന്നും നില്ക്കാതെ ശരവേഗത്തിൽ അയാൾ ഐ സി യു വിന്റെ മുന്നിലെത്തി.. ഡോക്ടർമാർ അദ്ദേഹത്തിനുവേണ്ടി കാത്തുനിന്നപോലെ അദ്ദേഹത്തെക്കൂട്ടി അകത്തേക്കുപോയി..
'ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നതിനുമുന്നേ...'
മെയിൻ ഡോക്ടർ ഇടയ്ക്കു നിറുത്തി.
തരകൻ തൊപ്പിയൂരി അവളുടെ മൃതശരീരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
'ബട്ട്.. ഇറ്റ്സ് ഹൊറിബിൾ.. ഡോക്ടർ.. '
'പെട്ടെന്നാണ് അവളുടെ ശ്വാസഗതി മാറിയത്.. അതിന് അരമണിക്കൂർ മുൻപ് അവൾ അൽപനേരം സ്വബോധത്തിൽ ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.. ' ഡോക്ടർ തുടർന്നു.
'കാരണം... അവൾ അമ്മയെ തിരക്കി.. വീട്ടിൽ പോകണം എന്നുപറഞ്ഞു.. എന്തിനാ ഇവിടെ കിടത്തിയിരിക്കുന്നതെന്നു ചോദിച്ചു.. പിന്നെ...'
'പിന്നെ... ?' തരകന്റെ കണ്ണുകളിൽ ജിജ്ഞാസ.
'നമുക്ക് ക്യാബിനിൽ ഇരുന്നു സംസാരിക്കാം സർ.. '
'ഓക്കേ.... 'അമ്മ?'
'അടുത്ത വാർഡിൽ ഉണ്ട്.. ഒന്നും അറിയിച്ചിട്ടില്ല.. സർ വന്നിട്ടാകട്ടെ എന്നുകരുതി.. '
'ഗുഡ്.. കം... '
തരകനും ഡോക്ടറും തിരക്കിട്ട് ക്യാബിനിലേക്ക് കയറി.
…………………………………………………………………….
ഡിക്രൂസും സുകുമാരനും നാലുപേരെയും കസ്റ്റഡിയിൽ എടുക്കാൻ പോകുന്നവിവരം റാഷിദ് എം ഡിയെ വിളിച്ചറിയിച്ചു..
'ഞാൻ കാണുന്നുണ്ട്.. അവരോട് വെയിറ്റ് ചെയ്യാൻ പറയു.. ഞാൻ വരുന്നു'
തിരക്കിട്ട് എം ഡി കോൺഫറൻസ് റൂമിലെത്തി അവരോട് സംസാരിച്ചു..
'ഇവരെ അറസ്റ്റ് ചെയ്ത് ഇവിടെനിന്നു കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയില്ല.. വേണമെങ്കിൽ ഞാൻ മിനിസ്റ്ററെ വിളിക്കാം.. '
'സർ.. ഇവർ ഈ കേസിലെ സസ്‌പെക്ടസ് ആണ്.. താങ്കൾക്ക് എന്തുവേണമെങ്കിലും ആകാം.. പക്ഷെ ഞങ്ങൾക്ക് സീനിയറുടെ നിർദ്ദേശം അനുസരിച്ചേ മതിയാകൂ.. ' ഡിക്രൂസ് വിനയത്തോടെ എന്നാൽ അതിലെ ധ്വനി മനസ്സിലാകുന്നവിധത്തിൽ പറഞ്ഞു.
'ഓക്കേ.. മിസ്റ്റർ തരകനെ ലൈനിൽ തരൂ.. '
അതിനുമുൻപ് സുകുമാരൻ തരകനെ വിളിച്ചുകഴിഞ്ഞിരുന്നു.. അല്പം അകലേക്ക് മാറിനിന്ന് ഫോണിൽ അവർതമ്മിൽ എന്തൊക്കെയോ പറഞ്ഞു..
'ഓക്കേ മിസ്റ്റർ തരകൻ.. ഞാൻ അവരെ ആറുമണിക്കുമുന്നേ അവിടെയെത്തിക്കാം.. എനിക്കും ചില മുന്നൊരുക്കങ്ങൾ നടത്തണമല്ലോ?'
ഫോൺ ഡിക്രൂസിന് കൈമാറി.
സർക്കിളിന്റെ നിർദ്ദേശപ്രകാരം അവർ രണ്ടുപേരും ഒരു പുറംവണ്ടി വിളിച്ച് നേരേ ഹോസ്പിറ്റലിലെത്തി.
സംസ്ഥാനത്തെയാകെ ഞെട്ടിച്ച ബലാത്സംഗക്കേസിപ്പോൾ വഴിതിരിഞ്ഞു.. അശ്വതി മരണപ്പെട്ടതിന്റെ വാർത്തകൾ ഫ്ലാഷ് ന്യൂസായി ചാനലുകൾ കാണിക്കുവാൻ തുടങ്ങി.. വിദേശത്തായിരുന്ന ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശങ്ങൾക്കായി പോലീസ്‌സേന കാതുകൂർപ്പിച്ചിരുന്നു. പോലീസുവണ്ടികൾ തലങ്ങും വിലങ്ങും ഓടി.. ചാനലുകളുടെ ഓ ബി വാനുകൾ ഹോസ്പിറ്റലിനകത്തും പുറത്തുമായി തമ്പടിച്ചു.. ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഓരോരുത്തരായി അവിടെയെത്തിത്തുടങ്ങി.. ഓരോവണ്ടിയെത്തുമ്പോഴും മാധ്യമപ്പട അതിന്റെനേരെ ചീറിപ്പായും..ഭരിക്കുന്ന പാർട്ടിയുടെയും, മറ്റുള്ള അനവധി ഛോട്ടാ ബഡാ പാർട്ടികളുടെയും നേതാക്കന്മാർ പൂങ്കണ്ണീരൊഴുക്കാൻ എത്തിത്തുടങ്ങി.. അന്തിചർച്ചയ്ക്കായുള്ള മുന്നൊരുക്കങ്ങൾ ചാനലുകൾ തുടങ്ങി.. ചാനലുകൾ സ്ത്രീപീഡനക്കേസുകളിൽ പ്രതികളായ രാഷ്ട്രീയനേതാക്കളെ തിരഞ്ഞുപിടിച്ചുകൊണ്ടുവന്നു.. അവർക്കല്ലേ വസ്തുനിഷ്ഠമായി എന്തെങ്കിലും പറയാൻ കഴിയൂ എന്നുള്ള ചിന്തയാവാം അതിനുകാരണം സു(കു)പ്രസിദ്ധ രാഷ്ട്രീയനിരൂപകർ, മനശ്ശാസ്ത്രവിദഗ്ദർ, വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ, ഉടക്കുനേതാക്കാന്മാർ, വക്കീലന്മാർ.. ഇവരുടെയൊക്കെ ഫോണുകളിൽ അന്തിചർച്ചയുടെ റേറ്റിനെക്കുറിച്ചുള്ള വാഗ്വാദങ്ങൾ നടന്നുകൊണ്ടിരുന്നു.. കൂടുതൽ റേറ്റ് വാഗ്ദാനംചെയ്ത് ചാനലുകൾ അവരുടെ സീറ്റുകൾ കൈക്കലാക്കിക്കൊണ്ടിരുന്നു.. പുരകത്തുമ്പോഴല്ലേ വാഴവെട്ടാനാകൂ.. ലൈവ് ന്യൂസ് ആയി ഹോസ്പിറ്റലിന്റെ പരിസരദൃശ്യങ്ങൾ വായുവിലൊഴുക്കപ്പെട്ടുകൊണ്ടിരുന്നു.. ജനം വീർപ്പടക്കി ഓരോ ചാനലുകളും മാറിമാറി കണ്ടുകൊണ്ടിരുന്നു.. ഇനിയെന്ത് ?
…………………………………………………………
തരകൻ തന്റെ സീനിയേഴ്സിന്റെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെനിന്നു. ഭത്സനങ്ങൾ പുത്തരിയല്ല.... എങ്കിലും കേട്ടേ മതിയാകൂ.. എന്നിരുന്നാലും അയാളുടെ കഴിവിനെക്കുറിച്ച് ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല.. രണ്ടുദിവസം.. രണ്ടേരണ്ടുദിവസം.. അതാണ് അയാളുടെ കഴിവിനുള്ള സമ്മാനമായി അവർ കൊടുത്തത്.. അതിനുശേഷം തീരുമാനിക്കും ആ സ്ഥാനത്ത് അയാൾ വേണമോയെന്നുള്ളത്..
അശ്വതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്കുമാറ്റി.. അർദ്ധമയക്കത്തിൽക്കിടക്കുന്ന അവളുടെ അമ്മയെ ഒന്നും അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.. അല്ലെങ്കിൽത്തന്നെ അവർ മൃതപ്രായയായിക്കഴിഞ്ഞിരുന്നു.. അവളുടെ ബന്ധുക്കൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവിടെയുമിവിടെയും ചുറ്റിത്തിരിയുന്നുണ്ട്..
ആറുമണി..
പോലീസ്‌സ്റ്റേഷനിൽ മുഹമ്മദ് സാലിമിന്റെ ഓഡി കാർ വന്നുനിന്നു..
മുതിർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ ഇതികർത്തവ്യമൂഢനായി അദ്ദേഹമിരുന്നു..
'ഞങ്ങൾക്കവരെ കസ്റ്റഡിയിൽ എടുത്തേ മതിയാകൂ.. പക്ഷേ... അറസ്റ്റ് രേഖപ്പെടുത്താൻ ഇപ്പോൾ കഴിയുകയില്ല.. ചോദ്യംചെയ്‌തിട്ട് അവരേ വിട്ടുതരാം... ' എസ് പി അനിൽകുമാർ പറഞ്ഞു.
'അവർ പ്രതികളല്ലാത്തടത്തോളം.. ' സാലിം പറഞതുടങ്ങിയപ്പോഴേ എസ് പി തടഞ്ഞു.
'അത് താങ്കൾക്ക് എങ്ങനെയറിയാം.. ? അവർ താങ്കളോട് പറഞ്ഞിട്ടുണ്ടോ.. അതോ താങ്കൾക്ക് ഈ ക്രൈമിനെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ?'
'എനിക്ക് മിനിസ്റ്ററോട് സംസാരിക്കണം.. '
'അതൊക്കെ താങ്കളുടെ ഇഷ്ടം..ടേക്ക് ദെം...' എസ് പി തരകനോട് നിർദ്ദേശിച്ചു..
'എപ്പോൾ വിടും അവരേ...?' സാലിം ദേഷ്യത്തിലായിരുന്നു.
'അതൊക്കെ സർ ഇനി മിനിസ്റ്ററോട് ചോദിച്ചാൽ മതി.. ' എസ് പിയുടെ കലി അടങ്ങിയിരുന്നില്ല.
ആ നാലുപേരെയുംകൊണ്ട് ഒരു പ്രൈവറ്റ് കാർ നഗരവീഥികളിലൂടെ പതിയെ പൊയ്ക്കൊണ്ടിരുന്നു.. കൂടെ തരകൻ, ഡിക്രൂസ്.. പിന്നെ സുകുമാരൻ.. അവർക്ക് ധൃതിയൊന്നുമുണ്ടായിരുന്നതായി തോന്നിയില്ല..
കാർ നഗരതിർത്തി കടന്ന് ഇപ്പോൾ ഗ്രാമപാതിയിലാണ് ഓടിക്കൊണ്ടിരുന്നത്.. അശ്വതി കിടന്ന അതേ ഗ്രാമപാത.. സുകുമാരന്റെ കണ്ണുകൾ അവരെ വീക്ഷിച്ചുകൊണ്ടിരുന്നു... കൃത്യം അശ്വതി കിടന്നിരുന്ന സ്ഥലത്തിന് അല്പം മുൻപ് കാർ കേടായി.. ഡ്രൈവർ കിണഞ്ഞു പരിശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല..
തരകൻ വണ്ടിയിൽനിന്നിറങ്ങി.. സമയം ഏകദേശം ഏഴേകാൽ....പകൽ കൂടുതലുള്ള ദിനങ്ങളായിരുന്നതുകൊണ്ട് ഇരുട്ടുമൂടിയിരുന്നില്ല..
ആ പാതയിൽ ആൾസഞ്ചാരം കുറവായിരുന്നു.. വല്ലപ്പോഴും ഒരു കാർ.. അല്ലെങ്കിൽ ഒരു ബൈക്ക്.. തരകനും കൂട്ടരും മഫ്തിയിൽ ആയിരുന്നതുകൊണ്ട് അതുവഴി കടന്നുപോയവരും അധികം ശ്രദ്ധകൊടുത്തില്ല..
തരകൻ ഡിക്രൂസിന്റെ വിളിച്ചു..
'ആ പത്രക്കാരന്റെ മൊഴി.. '
'അയാൾക്ക് പ്രത്യേകിച്ചൊന്നും അറിയില്ല സർ.. ഹി ഈസ് ജെനുവിൻ....'
'ഓക്കേ.. ആ അമ്മയുടെ കൂടെയുള്ള വനിതാപൊലീസുകാരെ ടൈറ്റ് ചെയ്തിട്ടുണ്ടല്ലോ അല്ലേ ?.... അവരുടെ ജീവൻ അപകടത്തിലാകാതെ നോക്കണം.. '
'യെസ് സർ.. പിന്നെ ആ ഫോൺ ലൊക്കേഷൻ.. '
'ഓ യെസ് ... സുകുമാരൻ.. '
സുകുമാരൻ വണ്ടിയിൽനിന്നിറങ്ങി വന്നു..
'ലാസ്റ്റ് കണ്ടത് ടൗണിൽ തന്നെയാണ് സർ.. ബാങ്കിന്റെ ഓപ്പോസിറ്റുള്ള ടവറിന്റെ പരിധിയിൽ.. അന്നേദിവസം ഉച്ചക്ക് 2 മുതൽ അവിടെത്തന്നെയായിരുന്നു.. പിന്നെ നാലേകാലിന് അവിടെനിന്നു രണ്ടുകിലോമീറ്റർ അകലെ മുസ്ലിം പള്ളിയുടെ അടുത്ത്.. അത് ഏകദേശം അരമണിക്കൂർ... വീണ്ടും പഴയ ലൊക്കേഷൻ.. അതിനുശേഷം അനക്കമില്ല.. 9.47 ന് വീണ്ടും ആ സെയിം ലൊക്കേഷൻ..... പിന്നെ ഓഫാകുന്നത്.. നമ്മൾ കണ്ടെടുത്ത സ്ഥലത്തിന് അല്പം പിന്നിൽ..'
'അപ്പോൾ അവൾ അവിടെയെവിടെയോ വിസിറ്റ് ചെയ്തിരുന്നു.. അത് ട്രേസ് ചെയ്തോ?'
തരകൻ ഒരു തീരുമാനത്തിലെത്താനാവാതെ ഉഴറി
'അതേ സർ.. അവൾ ഒരു ചിട്ടി അടയ്ക്കുവാൻ പോകുമെന്ന് സൂചിപ്പിച്ചിതായി അമ്മയുടെ മൊഴിയുണ്ട്.. '
'ന്നിട്ട്.. ചിട്ടിക്കാരൻ എവിടെ ?,, എത്ര തുകയായിരുന്നു അടയ്‌ക്കേണ്ടത് ?'
'തുക വളരെ ചെറുതായിരുന്നു.. ചിട്ടി നടത്തിയിരുന്നത് ഒരു സ്ത്രീയായിരുന്നു.. അന്നേദിവസം അവൾ അവിടെ ചെന്നിരുന്നു.. ചിട്ടിത്തുകയും കൈമാറിയിരുന്നു എന്നാണ് മൊഴി.. '
ഒരുവഴിയും തുറന്നുവരുന്നില്ലല്ലോ.. തരകൻ അസ്വസ്ഥനായിക്കൊണ്ടിരുന്നു...
പതിയെ ഇരുൾ വീണുതുടങ്ങി.. വണ്ടി ശരിയായിട്ടില്ല.. ഡ്രൈവർ വേറൊരു വണ്ടിക്കു വിളിച്ചുപറഞ്ഞിട്ടുണ്ട്.. പക്ഷേ...
കസ്റ്റഡിയിലെടുത്ത നാലുപേരും ഒരക്ഷരം മിണ്ടാതെ വണ്ടിയിലിരുന്നു..
തരകൻ ഓരോരുത്തരെയായി അയാളുടെ അടുത്തോട്ടു വിടുവാൻ ഡിക്രൂസിനോട് പറഞ്ഞു..
'സുദീപ്.. ഗുഡ്.. നമുക്കല്പം നടക്കാം ' തരകൻ പറഞ്ഞു
നടക്കണമെന്നോ വേണ്ടായെന്നോ സുദീപ് പറഞ്ഞില്ല
'ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോ ?...'
'ഇല്ല സർ.. അവളെ കൊന്നത് ഞാനല്ല.. '
തരകന്റെ കണ്ണുകൾ ചുരുങ്ങി..
'എന്താ പറഞ്ഞത്.. ?'
'എനിക്ക് പങ്കില്ലാന്ന്.. '
'അതിനവൾ മരിച്ചില്ലല്ലോ.. ആരാ സുദീപേ അവൾ മരിച്ചൂന്നു പറഞ്ഞത്.. ?'
സുദീപിനെ വിറയ്ക്കുവാൻ തുടങ്ങി
'ആരും പറഞ്ഞില്ല.. ഞാൻ വിചാരിച്ചു.. '
'വിചാരിച്ചതല്ലല്ലോ.. 'തരകൻ സുദീപിന്റെ വലതുകാൽപത്തിയിൽ മെല്ലെ ഷൂവിട്ടുചവുട്ടി. പതിയെ.. സിരകളിലേക്ക് വിരലുകൾ ഞെരിയുന്ന വേദന പറന്നെത്തി..
'റാഷിദ് സർ.. '
'എപ്പോൾ ?'
;കുറച്ചുമുന്നേ അൻവറിനു ഫോൺ വന്നിരുന്നു.. നിങ്ങൾ പുറത്തിറങ്ങിയ സമയത്ത്.. '
'അതിനയാളുടെ ഫോൺ ഞങ്ങളുടെ കസ്റ്റഡിയിലല്ലേ ?'
'അവന്റെ വാച്ചിലും ഫോണുണ്ട് സർ.. '
റോഡരുകിൽ കണ്ടം.. കഴിഞ്ഞദിവസത്തിലും കൂടുതൽ വെള്ളം പൊങ്ങിയിട്ടുണ്ട്.. മഴവെള്ളവും കിഴക്കൻവെള്ളവും കൂടിക്കലർന്നു ചായയുടെ നിറം.. അവർ നില്ക്കുന്നിടത്തുനിന്നു നോക്കിയാൽ വണ്ടി കാണുന്നുണ്ടായിരുന്നില്ല.. റോഡും വിജനം.
പെട്ടെന്നാണ് അതു സംഭവിച്ചത്..
തരകൻ ഒരുസ്‌റ്റെപ് പിന്നോട്ടുനിന്നിട്ട് സുദീപിന്റെ കാല്മുട്ടിനുതാഴെ തൊഴിച്ചു..
മുന്നോട്ടാഞ്ഞ സുദീപിന്റെ തലമുടിയിൽ കുത്തിപ്പിടിച്ച് കലക്കവെള്ളത്തിൽ മുക്കി.. പലതവണ..
പിന്നെ കുറേയെറെനേരം അവന്റെ മുഖം വെള്ളത്തിൽ മുക്കിപ്പിടിച്ചു.. സുദീപ് കൈകാലിട്ടടിച്ചു..
(തുടരും)
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo