നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയൽവാസി ഒരു ദരിദ്രവാസി...(കഥ )


അയൽവാസി ഒരു ദരിദ്രവാസി...(കഥ )
കഴിഞ്ഞയൊരു മാസമായി ഭാര്യ യെന്നെ ശല്യപ്പെടുത്തുന്നു ( ഭാര്യമാർക്ക് ശല്യപ്പെടുത്താൻ സമയക്കണക്കൊന്നുമില്ലെന്നത് വേറെ കാര്യം )
കാര്യമിതാണ് അവളുടെ ചേച്ചിയുടെ മകളുടെ കല്യാണം.. അതിനിടാൻ ഒരുസ്വർണ്ണ മാല വേണം ..
സത്യം പറയാലോ.. അത്യാവശ്യം സ്വർണം തന്നാണ് അവളുടെ അപ്പനവളെയെന്റെ കൂടെ വിട്ടത്.. പാമ്പുകളെ പോലെ മാളത്തിൽ തലചായ്ക്കാൻ പറ്റാത്തതിനാൽ ഞാനെന്ന മനുഷ്യ പുത്രൻ, ഒരു കൂര സ്വന്തമായി കെട്ടാനുള്ള തയ്യാറെടുപ്പിലാണ്.. ബാങ്കിൽ നിന്നും ലോൺ, പിന്നെ ഭാര്യയുടെ സ്വർണ്ണം.. ഇതൊക്കെയാണ് കൂരയുടെ അടിത്തറ ..
അതിനിടയിലാണ് എട്ടിന്റെ പണിതരാനൊരു കല്യാണം..
“ നമുക്ക് പാറേക്കാട്ട് പോയാലോ” യെന്നു പറഞ്ഞു ഞാനവളെ കുറെ നിർബന്ധിച്ചു .അതാണ് എറണാകുളത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വിശ്വസ്ത സ്ഥാപനം.. ഓഫീസിൽ നിന്നും വരുന്ന വഴിക്കു കടയുടെ മുന്നിൽ നിന്ന് കടക്കാരൻ നീട്ടുന്ന നോട്ടീസുകൾ പെറുക്കി അവളുടെ മുന്നിലെക്കിട്ടും കൊടുത്തു.... സ്വർണം മാറി നിൽക്കും.. എന്തൊക്കെ പുകിലുകളാ ഒരു ഗ്രാമിൽ ചെയ്തു കൂട്ടിയിരിക്കുന്നത്?
എന്നാലവൾക്കത് പോരാ.. സ്വർണം തന്നെ വേണമെന്ന് നിർബന്ധം ..
അവള്ക്കും കുട്ടികള്ക്കും കല്യാണത്തിന് പുതിയ തുണികൾ വാങ്ങിയ വകയിൽ കടം ബാക്കി..
“പൊന്നു തമ്പുരാനെ! പാവത്തുങ്ങളെയിങ്ങിനെ ജനിപ്പിക്കല്ലേ”യെന്ന് പ്രാർത്ഥിച്ചു മേലോട്ട് നോക്കിയിരിക്കുമ്പോഴാണ് അവൾ മാലയിൽ കയറി പിടിച്ചു എന്റെ കഴുത്തിൽപെരുമ്പാമ്പിനെ പോലെ വട്ടം ചുറ്റിയിരിക്കുന്നത്.
വല്ലോം വണ്ണം അവളുടെ പിടിവിട്ടു ഞാൻ ജോലിക്കു പോയി..
തിരിച്ചു വന്നപ്പോൾ അവൾ ദ്രുതഘ പുളകിതയായിനിൽക്കുന്നു .
“മാലയുടെ കാര്യത്തിൽ ഞാനൊരു പോം വഴി കണ്ടിട്ടുണ്ട് “-മുപ്പത്തി രണ്ടു പല്ലും വെളിയിൽ കാണിച്ചു അവളെന്നോട് മൊഴിഞ്ഞു (അല്ലെങ്കിലും എന്നെ പെരുവഴിയിലാക്കാൻ നിരവധി പോം വഴി കാണിച്ചു കൊടുത്താണ് ഇവളെ ഉടേതമ്പുരാൻ ഭൂമിയിലോട്ടു കെട്ടിയെടുത്തിരിക്കുന്നത് )
“നിങ്ങളെയൊന്നിനും കൊള്ളില്ലല്ലോ ?’
അകത്തു നിന്നറങ്ങി വന്ന മക്കളെ നോക്കി ഞാനൊന്നിരുത്തി മൂളി
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും അവൾ പറഞ്ഞു..”നമ്മുടെ സരസ ഒരു പുതിയ മാല ജോസ്കോയിൽ നിന്നും ഈയിടെ
വാങ്ങിയിട്ടുണ്ട്. കല്യാണത്തിനിടാനത് തരാമെന്നു പറഞ്ഞു. അഞ്ചു പവനാണ് ..” (“അഞ്ചു” അവളൊന്നു കടുപ്പിച്ചു പറഞ്ഞു..)
സരസ ഞങ്ങളുടെ അയൽവാസിയാണ്..
“ഭും” ... ചായ എന്റെ വായിൽ നിന്നും ചീറ്റി പോയി..
“എന്താ .. ചായ കൊള്ളില്ലേ?”
“ഹോ ..ചൂട് “(അഞ്ചു പവന്റെ ചൂടിലാണ് ഞാൻ പൊള്ളിയതെന്നു ആ കഴുതക്കു മനസിലായില്ല)
“ഓ അതാണോ ..നിങ്ങൾക്കല്ലേ അടുപ്പിൽ നിന്നും തിളച്ച പടി ചായ വേണ്ടത്?” അവളാകെ തിളച്ചു.
“എന്നാലും അഞ്ച് പവൻ... അത് വേണോ” ( ചായ പുറത്തു ചാടിയതിന്റെ പരമാർത്ഥം ഞാൻ പറഞ്ഞു )
“അതെന്താ ?അഞ്ച് പവൻ മാലയെനിക്കിട്ടാൽ കൊള്ളില്ലേ ?” അവൾ നാഗവല്ലിയെ പോലെ കണ്ണുരുട്ടി
(അവളുടെ ശരീര പ്രകൃതിയനുസരിച്ചു പത്തു പവനെങ്കിലും ഇടണം. എന്നാലേ വല്ലതുംദേഹത്ത് കാണൂ . അപ്പുറത്തുകാറ്റടിച്ചാലുംഇവളിപ്പുറത്തു വീർത്തുവരും ..)
“ഹേ ചുമ്മാ ...”
ആരോഗ്യം മോശമായത് കൊണ്ട് തത്കാലം ഞാൻ വിഷയം മാറ്റി.
**
അങ്ങിനെ കാത്തു കാത്തു കാത്തിരുന്ന കല്യാണ ദിവസം വന്നു..
വെളുപ്പാൻ കാലത്തു തന്നെയവൾ സരസയുടെ വീട്ടിലേക്കോടി..
(തലേന്ന് ഓടാൻ പോയ ഓട്ടം ഗേറ്റിനടുത്തു ചെന്ന് ഞാൻ നിർത്തിയതാണ്.കള്ളന്മാരുടെ ശല്യമുണ്ട്. ചുമ്മാ അഞ്ചു പവൻ വെച്ച് കളിക്കേണ്ടെന്നും പറഞ്ഞു..കുട്ടികളുമെന്നെ സപ്പോർട്ട് ചെയ്തപ്പോൾ അവൾ മനസ്സിലാ മനസോടെ തിരിഞ്ഞു കയറി)
മാലയുമായി തിരിച്ചു വരുമ്പോൾ വാതിലിൽ വന്നു സരസ ഭാര്യയെ ഓർമിപ്പിച്ചു.. “സൂക്ഷിക്കണേ..”
ഭാര്യ ചുവപ്പു പട്ടു സാരിയണിഞ്ഞു, അഞ്ചു പവന്റെ മാല എല്ലാരും കണ്ടോട്ടെയെന്ന മട്ടിൽ സാരിക്ക് മീതെ ഉണക്ക മീൻ ഉണക്കാനിടുന്ന പോലെ വിടർത്തി അങ്ങിട്ടു..
“അവിടെ ചെന്നിട്ടു പോരെ.. ഓട്ടോയിൽ ബസിലു മൊക്കെ പോവാനുള്ളതാണ്..” നേരിട്ട് പറയാൻ ധൈര്യമില്ലാത്തതിനാൽ ഞാൻ ആത്മഗതം പോലെ പറഞ്ഞു
അവളെന്നെ തുറിച്ചു നോക്കി, വീണ്ടും മാല വിടർത്തിയിട്ടു..അല്ലേൽ തന്നെയേതു കാര്യത്തിലാണിവളെന്നെയനുസരിക്കുന്നത് ?
ഒരുങ്ങി വന്നപ്പോൾ തെറ്റ് പറയരുതല്ലോ ഒരാന ചന്തമൊക്കെയുണ്ട്.. കുട്ടിയാനക്ക് നെറ്റി പട്ടം കെട്ടിയ പോലെ..
ഞങ്ങൾ ഗേറ്റ് പൂട്ടിയിറങ്ങുമ്പോൾ സരസ വെളിയിൽ വന്നു വീണ്ടും ഓർമിപ്പിച്ചു “സൂക്ഷിക്കണേ..”
അതിഷ്ടപ്പെടാത്ത മട്ടിൽ ഞാൻ ഭാര്യയെ നോക്കി.
അവളെന്നെ നോക്കി ..”അഞ്ചു പവനല്ലേ ചേട്ടാ.. അതാ ..”
പിന്നെ സരസ കേൾക്കാതെ അവളെ കുറിച്ച് രണ്ടു നല്ല വാക്കും -"അവളായതു കൊണ്ട് തന്നു.പാവം.. ഞാനാണേൽ കൊടുക്കൂല "മാല ഒന്ന് കൂടെ അവൾ സാരിക്ക് മേലെ വിടർത്തിയിട്ടു. (തിരിച്ചു വരുമ്പോളതൊരു വിശറി പോലെയാവുന്ന മട്ടുണ്ട്..)
എന്തായാലും കല്യാണ വീട്ടിൽ സരസയുടെ മാലയായി താരം !
എല്ലാവരും ഭാര്യയുടെ നെഞ്ചത്ത് പിടിച്ചു നോക്കുന്നുണ്ട്. ചിലരോട് അവൾ ചെവിയിൽ കുശുകുശുക്കുന്നു ( വേണ്ടപ്പെട്ടവരോട് സത്യം പറയുകയാണ് ) മറ്റു ചിലരോട് ജോസ്കോയിൽ നിന്നും വാങ്ങിയതാണ് അഞ്ചു പവനെന്നടിച്ചു വിടുന്നു.. അവരുടെ മുന്നിലൂടെ ഞാനഭിമാനത്തോടെ നടന്നു.. അഞ്ചു പവൻ വാങ്ങി കൊടുത്ത ഭർത്താവു ഞാനെന്ന മട്ടിൽ..അല്ല പിന്നെ...
കല്യാണം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മൂത്ത മകൾ ചോദിച്ചത് “അയ്യോ .. അമ്മേ മാലയെവിടെ ?”
ഞാൻ അവളുടെ നെഞ്ചത്തോട്ടു നോക്കി..
അവൾ അവളുടെ നെഞ്ചത്തോട്ടു നോക്കി...
മക്കൾ അവരുടെയമ്മയുടെ നെഞ്ചത്തോട്ടു നോക്കി……
ചുവന്ന പട്ടു സാരി മറിച്ചും തിരിച്ചും, തിരിച്ചും മറിച്ചും പിന്നെ യു രിഞ്ഞും നോക്കി.. മാല കാണുന്നില്ല..
തല കറക്കം ആദ്യമവൾക്ക് ..പിന്നെയെനിക്ക്..
പരവേശം ആദ്യമെനിക്ക്.. പിന്നെയവൾക്കു….
തളർന്നു കട്ടിലിലേക്ക് മലർന്നത് ഞങ്ങളൊന്നിച്ചു...
മോള് കൊണ്ട് തന്ന വെള്ളം പടു പടെ മോന്തി ഞാനോടി ..പോലീസ് സ്റ്റേഷനിലേക്ക്..
തിരിച്ചു വന്നപ്പോൾ വാതിൽക്കൽ സരസ.. സത്യാഗ്രഹമിരിക്കാൻ വന്ന വരവാണ് .കൈയിൽ കൊടി ഇല്ലെന്നേയുള്ളു .....
മാലയിട്ടു കൊതി തീർന്നില്ലെന്നും ബില്ലിതു വരെ കളഞ്ഞിട്ടെല്ലെന്നും സൂക്ഷിക്കണമെന്ന് പറഞ്ഞതെല്ലെയുന്നും പതം പറയുന്നു.. പിന്നെയും പിന്നെയും ആവർത്തിക്കുന്നു ..”എന്റെ അഞ്ചു പവൻ.”. കേട്ട് കേട്ട് ഭാര്യയുടെ കണ്ണ് കലങ്ങുന്നു ..എന്റെ ചങ്കു കലങ്ങുന്നു ..
ഭാര്യയെ നോക്കിയിട്ടൊന്നും പറയാനും തോന്നുന്നില്ല... പാവം !... ജീവനുണ്ടെന്നേയുള്ളൂ .ആകെ പരവശയായ് കട്ടിലിൽ കിടക്കുന്നു.
നേരെ കൊണ്ട് പോയി പെട്ടിയിൽ കിടത്തിയാലും കുഴിയിൽ വെച്ചാലും അവളനങ്ങി ല്ല..
ഞാൻ ഒന്നും മിണ്ടാതെ നിന്നു .അഞ്ചു പവനേക്കാളും വലുത് ഭാര്യ തന്നെയല്ലേ.... എരിതീയി യിലെണ്ണ ഒഴിക്കുന്ന സ്വഭാവം നമ്മളാണുങ്ങൾക്കില്ലലോ?
2 മണിക്കൂർ കഴിഞ്ഞില്ല .. ഒരു പോലീസ് വാൻ വാതിൽക്കൽ വന്നു.
എന്റെ പുണ്യാളാ മാല കിട്ടിയെന്നു തോന്നുന്നു...
പിന്നാലെ നല്ല പരിചയമുള്ള മുഖം...
ഞങ്ങളെ ഓട്ടോയിൽ കൊണ്ട് വന്നാക്കിയ ഡ്രൈവർ..
.
പ്രതീക്ഷ എന്റെ ചുറ്റും അഞ്ചു പവൻ മാലയായി മുഴുത്തും കൊഴുത്തും മിന്നിയും നിന്നു .പത്രത്തിൽ വായിക്കുന്ന സത്യസന്ധരായ ഓട്ടോ ഡ്രൈവർമാരുടെ മുഖങ്ങളോടി വന്നു.. പാസ്പോര്ട്ട് ഓട്ടോ ഡ്രൈവർതിരിച്ചു കൊടുത്തു... ഒരു ലക്ഷം രൂപയടങ്ങിയ ബാഗു ഓട്ടോ ഡ്രൈവർകൊടുത്തു. അത് പോലെ അഞ്ച് പവൻ മാല തിരികെ കൊടുത്ത മാതൃക പുരുഷൻ..
പോലീസ് കാരൻ ഒരു മാല നീട്ടി ചോദിച്ചു- ഇതാണോ കാണാതെ പോയ മാല ?
സരസ കുരങ്ങിനെ പോലെ ചാടി വീണു - ഇതു തന്നെ യെന്റെ മാല
കട്ടിലിൽ കിടന്ന ഭാര്യ ഉത്സാഹത്തോടെ മറ്റൊരു കുരങ്ങിനെ പോലെ ചാടി യെഴുനേറ്റു..
“ഇതെത്ര പവനാണ് ?സത്യം പറഞ്ഞോളണം” ..അയാൾ സരസക്കു നേരെ കണ്ണുരുട്ടി. ..മീശ പിരിച്ചു.. ലാത്തി വീശി
“അ… അ……ഞ്ചു” സരസയൊന്ന് വിറച്ചോ ?
“സത്യം പറയ് പെണ്ണുമ്പിള്ളേയിതു സ്വർണമാണോ? എന്നിട്ടു വേണ മി വനെ വിടാൻ.. സ്വർണമിവനടിച്ചു മാറ്റിയോയെന്നറിയണ്ടേ..” ഓട്ടോ ക്കാരനെ നോക്കി പോലീസു ഭാഷ്യം..
ഞാൻ ഭാര്യയെ നോക്കി. അവളെന്നെ നോക്കി... ഞങ്ങളൊന്നിച്ചു സരസയെ നോക്കി ..
“എന്താ പെണ്ണും പിള്ളേ നിങ്ങളുടെ നാവിറങ്ങിയോ?” പോലീസ് തനി നിറം കാണിച്ചു തുടങ്ങി ..
“വേഗം പറയ് സരസേ “- ഞാൻ ആർത്തി മൂത്തു പണ്ടാരമടങ്ങി ആവേശ ഭരിതനായി സരസയെയെരിവ് കയറ്റി..
കഴിഞ്ഞ കുറെ മണിക്കൂ റുകളായി അഞ്ചു പവനെങ്ങിനെ ഉണ്ടാക്കുമെന്നറിയാതെയെന്റെ തല പുകഞ്ഞു കത്തുകയാണ്.
എന്തായാലും ലാത്തിക്കും മീശക്കും മുന്നിൽ സരസക്കു അധിക സമയം പിടിച്ചു നില്ക്കാൻ പറ്റിയില്ല
അവള് മൊഴിഞ്ഞു- “അ.. അ.. അല്ല സാറെ.. അത് റോൾഡ് ഗോൾഡാ” (സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലെ..)
“ എന്നാലും എന്റെ സരസേ “ - ഭാര്യക്ക് വീണ്ടും തല കറക്കം...
ഓട്ടോക്കാരൻ എന്നെ നോക്കി കണ്ണിറുക്കി പോലീസിനോടൊപ്പം പുറത്തോട്ടു..
ഞാൻ കറങ്ങി നിൽക്കുന്ന ഭാര്യയുമായി അകത്തോട്ടു..
അതിനിടയില്ലെപ്പോഴോ ദരിദ്ര വാസി അല്ല അയൽ വാസി (രണ്ടും കണക്കാ ) സരസ മുങ്ങി.. സാരമില്ല.. അവൾക്കുള്ള എട്ടിന്റെ പണി നാളെ ** Sani John..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot