നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദ്യ പ്രണയം ആർക്കും മറക്കാനാവില്ല.


ആദ്യ പ്രണയം ആർക്കും മറക്കാനാവില്ല.
അതു കവികൾ വെറുതേ പറഞ്ഞതല്ലെന്ന് ഇപ്പോഴും അനുഭവിക്കുകയാണ്.
പിന്നെയും പ്രേമിച്ച് പക്വമതിയായ ഒരാളെ മാരേജ് ചെയ്ത് ജീവിതം തുടങ്ങിയിട്ടും ആദ്യ പ്രണയത്തിൻറെ അവശേഷിപ്പുകൾ മനസിൽ തങ്ങി നിന്നു.
ഒരു കൊച്ചുമായി വീട്ടമ്മയായി ഉദ്യോഗസ്ഥയായി പക്വതയുള്ളവളായി കഴിയുമ്പോഴും എന്തിനാണ് അതൊക്കെ ഓർമ്മയിലേക്കെത്തുന്നത്.
എന്തായാലും അമ്മവീടിന് ചുറ്റുവട്ടത്തെവിടെയോ ഊർന്നു വീണു പോയ പ്രണയം ഇപ്പോഴും തിരഞ്ഞു നടക്കാറുണ്ട് ഈ ഞാൻ.
അന്ന് ഞങ്ങളുടെ തറവാടിൻറെ മുറ്റത്തേക്ക് തുറക്കുന്ന നാലു കള്ളി ജനാലകൾക്കു പിന്നിൽ നിന്ന് നാടക റിഹേഴ്സൽ കാണുമ്പോഴാണ് ആദ്യ കൂടികാഴ്ച
ആ പെട്രോൾ മാക്സൊന്ന് കൊളുത്തിൽ തൂക്കിയിടു മോളേ എന്ന് അപ്പച്ചൻ പറഞ്ഞു.
അന്ന് ഞങ്ങളുടെ നാട്ടിലേക്ക് കരണ്ട് എത്തി നോക്കുന്നതേയുള്ളു.
ഞങ്ങളുടെ പടികയറി വന്നിട്ടില്ല.
ചുറ്റും പ്രഭാപൂരം പടർത്തുന്ന പെട്രോൾമാക്സ് കൊളുത്തിലേക്ക് തൂക്കുമ്പോഴാണ് സീനിലേക്ക് വെളുത്തു മെലിഞ്ഞൊരു സുന്ദരകുട്ടൻ പൊട്ടി വീണത്.
വെളിച്ചം മഞ്ഞനിറം പുരട്ടിയ ആ മുഖത്തേക്ക് നോക്കിയ ആദ്യ മാത്രയിൽ തന്നെ ഞാൻ ഭ്രമിച്ചു പോയി.
എന്തൊരു മനോഹരം...
ഞാൻ സഹായിക്കണോ..
ഹൃദ്യമായ ചോദ്യം.
പെട്രോൾമാക്സ് കെെമാറുമ്പോൾ തിരക്കി.
ഇവിടുത്തെ അപ്പച്ചൻറെ ആരാണ്..
മകളുടെ മകൾ..വല്യ പേരക്കുട്ടി..
ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ആഹാ.. ഞാൻ ഈ നാടകത്തിലെ നായകനാണ്.. പേര് മനോജ്.
എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു.
ഒരു ഒമ്പതാംക്ലാസുകാരി ഇതാ പ്രേമിക്കാൻ പോകുന്നു.മനസു തുള്ളിച്ചാടുകയാണ്.
പതിനാലു വയസിൽ അന്നു മുതൽ പ്രണയിനിയാകുകയാണ്.
ജനാലയഴികൾക്കിടയിലൂടെ പലപ്പോഴും കണ്ണുകൾ കൂട്ടിമുട്ടി.
ഓരോ വട്ടവും അദൃശ്യമായ മിന്നൽപിണരുകൾ ചിതറി.
എങ്കിലും സംസാരം കുറവായിരുന്നു.
കടലാസ് പ്രേമലേഖനങ്ങളുടെ 95..98 കാലഘട്ടം
വഴിയരികിൽ അനിയത്തിമാരേയും കൂട്ടി കാത്തു നിൽക്കും.
ഒന്നു വന്നെങ്കിലെന്ന് മനസു കൊതിക്കുമ്പോഴേക്കും അവൻറെ വീടിലേക്കുള്ള ഇടവഴി തിരിഞ്ഞ് ഒരു സെെക്കിൾ വരുന്നതു കാണാം..
മനു..മനുവേട്ടൻ..
ആ ആൾ കേൾക്കെ ഇന്നുവരെ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെയാണ് സംബോധന ചെയ്തിരുന്നത്.
ആ വരവുകളിൽ സെെക്കിൾ അടുത്തു നിർത്തി രണ്ടു വാക്കു മിണ്ടുന്നത് പതിവായി.
അങ്ങനെയാണ് അറിഞ്ഞത്.
മനുവേട്ടൻ ബിഎ ഫെെനലിയറാണ്. നിലമ്പൂര് ക്ലാസിക് കോളജിൽ പഠിക്കുന്നു.
ഇവിടെ മാമൻറെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. അവർക്ക് മക്കളില്ല.
അതു കൊണ്ട് കൂടെ നിൽക്കുന്നു.
ഇങ്ങനെ രണ്ടു മിനിറ്റിൽ തീരുന്ന കൊച്ചു മിണ്ടലുകൾ.
അനിയത്തിമാരെ കടയിലയച്ച് അവരെ കാത്തു നിൽക്കുന്ന മട്ടിൽ ആ ഇടവഴി വക്കിൽ കാത്തു നിൽക്കും.
എന്തോ അദൃശ്യശക്തി തള്ളി വിട്ടതു പോലെ ആ നേരം മനുവേട്ടനുമെത്തും
എന്താ സിനിക്കുട്ടി ഇവിടെ നിൽക്കണേ...
കുട്യോള് കടയിൽ പോയിരിക്യാ...എന്നുള്ള മറുപടി സ്ഥിരമാണ്.അതുമതി ഒരാഴ്ച ഓർത്തു നടക്കാൻ..
പതിവായി ബസിൽ പോയിരുന്ന ഞാൻ കൂട്ടുകാരിയേയും കൂട്ടി സ്കൂളിലേക്ക് അവൻറെ തറവാടിന് മുന്നിലൂടെ നടന്നു പോകാനാരംഭിച്ചത് മറ്റൊരു മാറ്റം.
സ്കൂൾ വീട്ടാൽ ഓടികിതച്ചെത്തി പഠിച്ചെന്നു വരുത്തി കുളിച്ചൊരുങ്ങി കാത്തു നിൽക്കും നാടക റിഹേഴ്സൽ തുടങ്ങാൻ.
സി.എൽ ജോസിൻറെ ദിവ്യബലി എന്ന നാടകം ഈ കണ്ണുകൾ നിൻറേതാണ് എന്ന പേരിൽ അരങ്ങിലെത്തിക്കാനുള്ള ശ്രമമാണ്. ഇതിൽ വാഹനാപകടത്തിൽ രണ്ടു കാലും നഷ്ടപ്പെട്ട ജോണിക്കുട്ടിയായാണ് കഥാനായകൻ അഭിനയിക്കുന്നത്.
ഒരു ദിവസം നായികയായി അഭിനയിക്കുന്ന ബിന്ദു ചേച്ചി ഉടക്കി പോയി..
അപ്പോൾ മനുവേട്ടൻ പറയുകയാണ്..
ദേ നിൽക്കുന്നു എൻറെ നായിക.. ഇനി മുതൽ ഇവളാണ് എൻറെ കഥാനായിക എന്ന്..
ആകെ പൊട്ടിത്തരിച്ചു നിന്ന ഞാൻ ഓടി രക്ഷപെട്ടെങ്കിലും ആ വാക്കുകൾക്ക് ഞാൻ അർത്ഥവും നാനാർഥവും വിപരീതവും കൽപിച്ചു.
പിറ്റേന്ന് ബിന്ദുചേച്ചി തിരിച്ചെത്തി.
എന്തായാലും നാടകം തട്ടിൽ കയറി.
നാട്ടുകാരെ മുഴുവൻ പൊട്ടികരയിപ്പിച്ചാണ് തിരശീല വീണത്.
പിറ്റേന്ന് ഞാൻ റോഡരികിലൂടെ നടന്നു വരുമ്പോൾ എതിരെ വന്നു മനുവേട്ടൻ.
മോളേ ഞാൻ ബോറാക്കിയോ..
ഇല്ല ..സൂപ്പറായിരുന്നൂട്ടോ..
മനുവേട്ടൻറെ അഭിനയം കണ്ട കൂട്ടുകാരെല്ലാം എന്നെ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞു.അപ്രഖ്യാപിത കാമുകിയായി അവരും അംഗീകരിച്ചിരുന്നല്ലോ.
നാടകത്തിലെ വിവിധ രംഗങ്ങളുടെ ഫോട്ടോകൾ മനുവേട്ടൻ എനിക്കു കാണിച്ചു തന്നു. അപ്പച്ചനെ ഏൽപിക്കാൻ തന്നു വിട്ടതിൽ നിന്ന് രണ്ടെണ്ണം ഞാൻ അടിച്ചു മാറ്റി.
മാത്രമല്ല അവര് തമാശയ്ക്ക് റെക്കോഡ് ചെയ്ത തമാശ കാസറ്റ് വിദഗ്ധമായി അടിച്ചു മാറ്റി. അതിൽ മനുവേട്ടൻറെ ഒരു പാട്ടുണ്ട്.
തൂമഞ്ഞിൻ നെഞ്ചിലുറങ്ങി മുന്നാഴികനവ്.
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാരാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
ആ നേരത്ത് ആ ഇടവഴിയോരത്ത് ചെന്നു നിൽക്കുന്ന പൂന്തിങ്കൾ ഞാനല്ലാതെ വേറെ ആരാണ്..എൻറെ മനസു തുടിച്ചു.
ആ കാസറ്റ് കണ്ടൊ എന്ന് മനു തിരക്കിയിട്ട് പോലും ഞാൻ കൊടുത്തില്ല.
പിൽകാലത്ത് കല്യാണം കഴിഞ്ഞപ്പോൾ നമ്മുടെ ഹസ്ബൻറീശ്വരൻ ആ കാസറ്റ് ചവുട്ടിപൊട്ടിച്ചതും ഫോട്ടോസ് കീറികളഞ്ഞതും ചരിത്രം.
എന്തായാലും ഞാൻ പ്രണയിനിയായി തന്നെ കാലം കഴീക്കുകയാണ്. ജയിച്ച് പത്താംക്ലാസിലെത്തി.
പരീക്ഷാകാലത്ത് രണ്ടാമത്തെ നാടകത്തിൻറെ റിഹേഴ്സലും തുടങ്ങി.പ്രതിഫലം എന്നാണ് പേര്..ഞാൻ ജനാലയ്ക്കപ്പുറം നിൽക്കുമ്പോൾ മനുവേട്ടൻ ജനാലയിൽ വന്നു ചാരി നിൽക്കും
ജയിക്ക്വോ.. ഇടയ്ക്ക് ചോദിക്കും. അബ്ദുറബിൻറെ കേരളമല്ല അന്നത്തെ കേരളം
ജയിക്കുന്നത് അപൂർവ സംഭവം..
ആവോ.. ആർക്കറിയാം.
എന്നാൽ എൻ്റെ മനോവിഗതികൾ ഡയറി ചോർത്തിയും അനിയത്തിമാരെ ചോദ്യം ചെയ്തും കാള വാൽ പൊക്കുന്നത് കണ്ടറിഞ്ഞും മനസിലാക്കിയ നാല് ആൻറിമാർക്കും അങ്കിൾസിനും ഒട്ടും സംശയമുണ്ടായിരുന്നില്ല..
തോൽക്കും....
തോറ്റു..കണക്കിന് മാത്രം... അല്ലപിന്നെ..
അതറിഞ്ഞ മനുവേട്ടൻ പറഞ്ഞു
കഷ്ടപ്പെട്ട് പഠിക്കണ്ടേ കുട്ടീ.. എഴുതിയെടുക്ക്ട്ടോ..
ഇന്നത്തെ സേ അല്ല അന്നത്തെ സേ
സബ്ജക്റ്റ് വിഷയങ്ങളിൽ ഒന്നു പോയാൽ ജയിച്ച സബ്ജക്റ്റുകൾ കൂടി മുഴുവനുമെഴുതണം...ഒരു വർഷം പഠിച്ചാലേ എഴുതാനും പറ്റൂ.
മനുവേട്ടൻ ശാസിച്ചതല്ലെ..
ഞാൻ പഠിപ്പ് തുടങ്ങി.
എല്ലാ നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും മനപ്പാഠമായി.
കരുളായി ഔവർ കോളജിലെ പഠിപ്പിസ്റ്റായി ...പരീക്ഷയെഴുതി.
ഫസ്റ്റ്ക്ലാസ്..അന്നത് സംഭവമാണ്.
അതു പറയാനായി ഇടവഴിയിൽ ചെന്നു നിന്നു.
കാണാനില്ല.
പൂന്തിങ്കൾ വാടി.
രാത്രികൾ പോയ്മറഞ്ഞു.
ഒടുവിൽ ആൻറിമാർ പറഞ്ഞു.
നീയറിഞ്ഞില്ലേ..അവന് ജോലി കിട്ടി.ഗുജറാത്തിൽ പോയി.. നിന്നോട് പറയണമെന്ന് പറഞ്ഞിട്ടാ പോയത്..
ആരും വരാനില്ലാത്ത ഇടവഴി മൗനം പൂണ്ടു കിടന്നു.
പിന്നെ.. വിവാഹിതയായി.കുറെ നാൾ കടന്നു പോയി.
ഒരു ദിവസം കൂട്ടുകാരിയെ കണ്ടു
അവൾ പറഞ്ഞു.
നീയറിഞ്ഞില്ലേ..നിൻറെ മനുവേട്ടൻ വന്നിട്ടുണ്ട്.
അന്നു രാത്രി ചേട്ടൻറെ കാലു പിടീച്ച് വീട്ടിൽ പോകാൻ അനുവാദം വാങ്ങി.
ആ ഇടവഴിയിൽ കാത്തു നിന്നു.
വരുമോ കാണാൻ കഴിയുമോ..ഈശ്വരാ..വരണേ...
മഴ ചാറി തുടങ്ങി.
മഴേ പെയ്യല്ലേ.. ഞാനൊന്നു കണ്ടിട്ട് പൊയ്ക്കോളാം..
അപ്പോൾ ഇടവഴീ തിരീഞ്ഞ് വന്നു അതേ സെെക്കിളിൽ..ഇളംറോസ് ഷർട്ടുമിട്ട്...
ആഹാ..താനിപ്പോഴും ഇവിടെയുണ്ടൊ..
മുഖത്ത് അത്ഭുതം. മൂന്നു വർഷത്തിന് ശേഷം കാണുകയാണ്..
ഹസ്ബൻറിൻറെ വീട്ടിൽ നിന്ന് വരുവാണ്.. ഞാൻ പറഞ്ഞു.
കല്യാണം കഴിഞ്ഞെന്നറിഞ്ഞു.. സുഖമാണോ നിനക്ക്.. ഹസ്ബൻറിനെന്താ ജോലി...
എനിക്കെന്തിനോ സങ്കടം വന്നു.
വേറൊന്നും ചോദിക്കാനില്ലെ..
ഞാൻ എൻറെ മനസ് അറിയാതെ തുറന്നു പോയ ആദ്യ നിമിഷം.
മനുവേട്ടൻ പകച്ചു നോക്കി.
എവിടെയാ ജോലി.. ഞാൻ വിഷയം മാറ്റി..
ഗുജറാത്തിൽ..
രണ്ടു മിനിറ്റ് കാഴ്ച...
2000 ൽ ആയിരുന്നു അത്.
അതായിരുന്നു
അവസാനം കണ്ടതും മിണ്ടിയതും അന്നാണ്.
താമസം തൃശൂരിലേക്ക് മാറിയതിൽ പിന്നെ ഓർമകൾക്ക് ഇടവേളകളുമായി.
വല്ലപ്പോഴുമുള്ള വിരുന്നു പോക്കിൽ അറിഞ്ഞു.മനുവേട്ടൻറെ കല്യാണം കഴിഞ്ഞു.തറവാട്ടിലുണ്ടെന്നറിഞ്ഞ് ആൻറിയേയും സോപ്പിട്ട് അങ്ങോട്ടു പോയി. എന്തു പറഞ്ഞ് അങ്ങോട്ടു കയറി ചെല്ലുമെന്ന് സംശയിക്കുമ്പോഴേക്കും മഴ തകർത്തു പെയ്തു.ആകെ നനഞ്ഞു കുതിർന്നു. മഴയത്ത് കേറി നിൽക്കാനെന്ന മട്ടിൽ അവരുടെ ഇറയത്തു കയറി നിന്നു.
ഒരു പുരാതന നായർ വീടിൻറെ ഭംഗി.
എന്താ നിൽക്കണേ അകത്തേക്ക് കേറി പോന്നൂടേ..അവൻറെ അമ്മായിയും അമ്മാവനുമെത്തി.
ദേഹം നനഞ്ഞു കുതിർന്നിരിക്കുകയാണ്.ഇവിടെ നിന്നോളാം.. എവിടെ മനോജും പെണ്ണും..
ആൻറി ഞാൻ ചോദിക്കാനാഗ്രഹിച്ച ചോദ്യമെടുത്തിട്ടു.
മനോജ് പുറത്തേക്ക് പോയിരിക്യാ അവൻറെ പെണ്ണിവിടുണ്ട്.. വിളിക്കാം.. രാജീ.. രാജീ... അമ്മായി അകത്തേക്കു നോക്കി വിളിച്ചു.
മനോജില്ലെന്ന വാക്കിൽ മരവിച്ചു പോയ ഞാൻ രാജീ എന്ന വിളിയിൽ ഞെട്ടി അകത്തേക്കു നോക്കി.
ഒരു നാടൻ ശാലീന സുന്ദരി ഇറങ്ങി വന്നു.
മനുവേട്ടൻറെ പെണ്ണ്.
മനുവേട്ടൻ ചുംബിച്ച അധരങ്ങൾ
തൊട്ട മാറിടം
ചുരുണ്ട് ഇടതൂർന്ന മുടി.
താമരയിതൾ പോലെ കണ്ണുകൾ
നീ ഞാനായിരുന്നെങ്കിൽ
ഞാൻ നീയായിരുന്നെങ്കിൽ..
മഴ തോർന്നു.
യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.
പിന്നെ എത്രയോ വർഷങ്ങൾ
ഇടയ്ക്കോക്കെ അനിയത്തിമാരെയും അവരുടെ കു്ഞ്ഞുകുട്ടി പരാധീനങ്ങളെയുമെടുത്ത് മനുവേട്ടൻറെ തറവാടിൻറെ മുന്നിലൂടെ പോകും. ഇപ്പോൾ പഴയ വീടിൻറെ സ്ഥാനത്ത് രണ്ടുനില മാളികയാണ്. താവഴിയിൽ പെട്ട ആരോ ആണ് താമസം.
അതിനിപ്പുറം ഒരു കൊച്ചു ടെറസു വീട്ടിലാണ് അമ്മാവനും അമ്മായിയും താമസിക്കുന്നത്.
ഈ അടുത്ത് ധെെര്യം സംഭരിച്ച് വെള്ളം കുടിക്കാനെന്ന മട്ടിൽ കയറി ചെന്നു.
വിശേഷങ്ങൾ തിരക്കുന്നതിനിടെ മനുവേട്ടനെ കുറിച്ച് തിരക്കി.
അവനിപ്പോ സ്വന്തം വീട്ടിലാ താമസിക്കണത് കുട്ട്യേ..രണ്ടു കുട്യോളായി.
മൂത്തയാൾ ഏഴില്. രണ്ടാമത്തോള് രണ്ടാംക്ലാസില്..
വർഷങ്ങളെത്ര പെട്ടന്നാണ് കടന്നു പോകുന്നത്.
ഞാനിപ്പോൾ ഒരു പത്താംക്ലാസുകാരൻറെ അമ്മയാണല്ലോ.
അന്നത്തെ മലപ്പുറം-നിലമ്പൂരിലേ നടത്തിപ്പു രീതിയനുസരിച്ച് പതിനാറ് തികയും മുമ്പായിരുന്നു എൻറെ വിവാഹം. ആ വർഷം അവസാനിക്കും മുൻപ് അമ്മയുമായി
മനുവേട്ടൻറെ പറമ്പിൽ കായ്ച്ചു നിൽക്കണ മത്തങ്ങയെ വരെ അരുമയായി നോക്കിയിട്ടാണ് ഞാൻ തിരിച്ചു പോന്നത്.
മൊബെെൽ യുഗവും ഫേസബുക്ക് യുഗവുമെല്ലാം ചുവടുറപ്പിച്ചപ്പോൾ പലകുറി പരതി നോക്കി.
അന്നത്തെ ഇരുപത്തയൊന്ന് വയസുകാരനിപ്പോൾ നാൽപതുകളിലാണ്. മനസിലാക്കാനാകുന്നില്ല.
കണ്ടു പിടിച്ചിട്ടെന്തിനാ ഓൻറെ ജീവിതം കുട്ടിച്ചോറാക്കാനാണോ എന്ന് അനിയത്തിമാർ കളിയാക്കി
അല്ലെടീ..ഒന്നു കണ്ടാൽ മതി . പഴയതു പോലെ രണ്ടുമിനിറ്റ് മിണ്ടിയാൽ മതി.. ഇപ്പോഴെങ്ങനെയിരിക്കുന്നു എന്നൊന്നു കാണാൻ.....
അവസാനം കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് നിലമ്പൂര് പോയപ്പോൾ വാരിക്കലിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എതിരേ വരുന്നൂ ഒരാൾ..
അതേ മുഖം
അതേ ഭാവം
ഒരു ആൺകുട്ടി അയാളുടെ കെെയിൽ തൂങ്ങുന്നു.
നെഞ്ചിടിപ്പു വർധിച്ച് ഞാൻ വീഴുമെന്നായി..
അടുത്തു വരും തോറും ആ മുഖത്ത് ചിരി..
തൊട്ടടുത്തെത്തി.
മനോജല്ലേ..
എനിക്കെവിടുന്നോ ശബ്ദം കിട്ടി.
എന്ത്??
മനോജല്ലേ ഇത്....
സോറി.. അല്ല കേട്ടോ....
അയാള് പോയി..
അല്ലെന്നെനിക്കും ബോധ്യമായി.
കണ്ടെത്തേണ്ടിയിരിക്കുന്നു
ആ പുതിയ മുഖം.
ഇക്കാര്യം പറഞ്ഞപ്പോൾ അനിയത്തിമാർ ചിരിച്ചു ബോധം കെട്ടു.
ജെസിമോൾ ചോദിച്ചു..സിൻചേച്ചിയോട് മനോജ് ഐലവ്യൂ പറഞ്ഞിട്ടുണ്ടോ..
ഇല്ല
അന്നത്തെ പ്രണയങ്ങളുടെ ഭംഗി ഇങ്ങനൊക്കെയായിരുന്നു.
മനോജ് സിനിചേച്ചിയെ പ്രേമിച്ചിരുന്നോ...
ഞാൻ നിശബ്ദയായി
എനിക്കറിയില്ല..
നിങ്ങൾക്കെന്തു തോന്നുന്നു.
By Shyni John

1 comment:

  1. ചില പ്രണയങ്ങൾക്ക് മാരുവ്വാനേക്കാൾ ലഹരി ഉണ്ട്

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot