Slider

☞☞☞☞☞☞ തലമുറ ☜☜☜☜☜☜

0

" രാജീവേട്ടൻ മറ്റൊരു വിവാഹം കഴിച്ചേ പറ്റൂ. രാജീവേട്ടന് തലമുറകള്‍ വേണ്ടേ, ഡോക്ടര്‍മാര്‍ ഒരിക്കലും കുട്ടികളുണ്ടാവില്ല എന്ന് വിധിയെഴുതിയ എന്റെ കൂടെ ജീവിച്ചാൽ രാജീവേട്ടനോടെ നിങ്ങളുടെ തലമുറ അവസാനിക്കും"
" എടീ, നീ എന്തൊക്കെയാ ഈ പറയുന്നേ. നോക്കിക്കോ നീ എന്റെ കുഞ്ഞിനെ പ്രസവിക്കും. അതെനിക്ക് ഉറപ്പാണ്"
" പത്തു വര്‍ഷമായിട്ടും രാജീവേട്ടന് പ്രതീക്ഷ പോയില്ലേ ഇനിയും. കൂടുതലൊന്നും പറയേണ്ട. എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല, അത് രാജീവേട്ടനും അറിയാം. പിന്നെ എന്തിനാ എന്നെയിങ്ങനെ...."
രമ്യ ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു
" എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കണം. വീട്ടുകാരോട് ഒന്നും പറയേണ്ട. ഞാന്‍ സൗകര്യം പോലെ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം"
രാജീവ് എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ രമ്യ തടഞ്ഞു. അവളുടെ തീരുമാനം ഉറച്ചതായിരുന്നു. മുറിക്കകത്ത് കയറി വാതിലടച്ച അവള്‍ കുറച്ചു സമയത്തിന് ശേഷം തന്റെ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് രാജീവിന്റെ അടുത്ത് വന്നു
" പോവാം രാജീവേട്ടാ"
രാജീവ് ഒന്നും മിണ്ടിയില്ല. അവള്‍ വീടിനു വെളിയില്‍ ഇറങ്ങി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ രാജീവ് അവളുടെ അടുത്തേക്ക് ചെന്നു
" നിനക്ക് ഈ തീരുമാനം മാറ്റിക്കൂടെ"
രമ്യ ഒന്നും മിണ്ടാതെ കാറിനകത്ത് കയറി. കുറച്ച് സമയം കഴിഞ്ഞ് രാജീവ് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. കാർ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ പെട്ടെന്ന് അവള്‍ കാർ നിറുത്താൻ ആവശ്യപ്പെട്ടു. രാജീവ് കാർ നിറുത്തി. കാറില്‍ നിന്നും ഇറങ്ങി അവള്‍ വീട് തുറന്ന് അകത്തേക്ക് കയറി, കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു വീണ്ടും കാറില്‍ കയറി
" നീ എവിടെ പോയതാ"
കുറച്ചു സമയത്തെ മൗനത്തിന് ശേഷം അവള്‍ രാജീവിനെ നോക്കി
" എന്താന്നറില്ല രാജീവേട്ടാ, ഗ്യാസ് ഓഫാക്കിയോ, മോട്ടോര്‍ ഓടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ. അതാ പോയി നോക്കിയേ. ഇനി നമ്മള്‍ ആഗ്രഹിച്ച് പണിത ഈ വീട്ടിലേക്ക് ഒരു തിരിച്ചു വരവില്ലല്ലോ"
ഇത് പറയുമ്പോള്‍ രമ്യയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ കണ്ടു. സാരിത്തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ചു മാറ്റി അവള്‍ രാജീവിനെ നോക്കി പുഞ്ചിരിച്ചു
" പിന്നെ, ഞാനില്ല എന്ന് കരുതി കള്ള് കുടിക്ക് നിയന്ത്രണം ഇല്ലാതാക്കൊന്നും വേണ്ട. ഇനി ഒരു പെണ്ണ് കയറി വരുന്നത് വരെ ഒറ്റയ്ക്കാണെന്ന് കരുതി തോന്നിയ പോലെ ജീവിക്കാനും നില്‍ക്കേണ്ട"
രാജീവ് അവളുടെ കണ്ണുകളിലേക്ക് നോക്കി. കുറച്ചു സമയം രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു. കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
" ആ പിന്നേ, ഞാന്‍ നമ്മുടെ ബെഡ്ഷീറ്റും തലയണ കവറും എടുത്തിട്ടുണ്ട് ട്ടോ. എന്തായാലും രാജീവേട്ടന് അത് പുതിയത് മേടിക്കേണ്ടി വരുമല്ലോ"
" സത്യം പറ രമ്യാ, ശരിക്കും എന്നെ വിട്ടു പോവാന്‍ തോന്നുന്നുണ്ടോ നിനക്ക്...?
അതുവരെ അടക്കിവെച്ചിരുന്ന സങ്കടം രമ്യയിൽ നിന്നും പുറത്തേക്ക് വന്നു. അവള്‍ പൊട്ടിക്കരഞ്ഞു
" എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ രാജീവേട്ടനെ വിട്ടുപോവാൻ മനസ്സുണ്ടായിട്ടൊന്നുമല്ല. വേറെ ആര്‍ക്കും വിട്ടുകൊടുക്കാൻ താല്‍പ്പര്യം ഉണ്ടായിട്ടും അല്ല, പക്ഷെ...."
രാജീവ് പെട്ടെന്ന് ബ്രേക്കിൽ കാല്‍ അമര്‍ത്തി
" നിന്റെ വീടെത്താറായി. അതിനു മുന്നേ നമുക്ക് ആ ഹോട്ടലില്‍ കയറി ഒരുമിച്ചിരുന്നു എന്തെങ്കിലും കഴിക്കാം. ഇനി ചിലപ്പോള്‍ അതിന് സാധിച്ചില്ലെങ്കിലോ"
അവള്‍ രാജീവിനെ നോക്കി തലയാട്ടി. രണ്ടുപേരും കാറില്‍ നിന്നും ഇറങ്ങി ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു. രാജീവ് എന്തൊക്കെയോ പാർസൽ മേടിക്കുന്നത് രമ്യ ശ്രദ്ധിച്ചു. പാർസൽ പൊതികൾ കാറിന്റെ ഡിക്കിയിൽ വെച്ച് രണ്ടുപേരും വീണ്ടും യാത്ര തുടര്‍ന്നു
" രാജീവേട്ടാ എങ്ങോട്ടാ ഈ പോകുന്നത്. എന്റെ വീട്ടിലേക്കുള്ള വഴി അല്ലല്ലോ ഇത്"
" മിണ്ടരുത്, ഇത്രയും സമയം നീ പറയുന്നത് ഞാന്‍ കേട്ടില്ലേ. ഇനി ഞാന്‍ പറയുന്നത് നീ കേൾക്ക്"
ഇത്രയും പറഞ്ഞ് റോഡിന്റെ ഒരു ഭാഗത്ത് കാർ നിറുത്തിയിട്ട് രാജീവ് രമ്യയോട് ഡിക്കിയിൽ നിന്നും ഒരു പാർസൽ പൊതി എടുക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അത് അനുസരിച്ചു. തൊട്ടടുത്തുള്ള മാലിന്യകൂമ്പാരത്തിൽ നിന്നും പഴകി ദുർഗന്തമടിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ആർത്തിയോടെ കഴിക്കുന്ന ഒരു കുട്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് രാജീവ് രമ്യയെ നോക്കി
" രമ്യാ, ഈ ആഹാരം ആ കുട്ടിക്ക് കൊണ്ട് കൊടുക്കൂ"
ആഹാരത്തിന്റെ പൊതി കുട്ടിക്ക് കൊടുത്തപ്പോൾ ആ കുട്ടിയുടെ മുഖത്ത് കണ്ട സന്തോഷം, തിളക്കം രമ്യക്ക് ഒരു പ്രത്യേകതരം അനുഭവം സമ്മാനിച്ചു. ആ ആഹാരത്തിന്റെ പൊതിയും കൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ തന്റെ കുഞ്ഞനിയത്തിയുടെ അടുത്തേക്ക് ആ കുട്ടി ഓടി പോവുന്നത് രമ്യ നോക്കി നിന്നു.
രാജീവ് ശേഷിക്കുന്ന ആഹാര പൊതികളും രമ്യയുടെ കയ്യില്‍ കൊടുത്തു. അവൾ അത് റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് കൊടുത്തു. ആ കുട്ടികളുടെ എല്ലാം മുഖത്ത് കണ്ട സന്തോഷം ജീവിതത്തില്‍ താന്‍ ഇതുവരെ അനുഭവിക്കാത്ത, എന്ത് പേരിട്ട് വിളിക്കണം എന്നറിയാത്ത ഒരു വികാരം അവളിലൂടെ കടന്നുപോയി.
വീണ്ടും രാജീവും രമ്യയും കാറില്‍ കയറി. കാർ സ്റ്റാര്‍ട്ട് ചെയ്ത് രാജീവ് രമ്യയെ നോക്കി
" ഇനിമുതൽ ഇവരാണ് നമ്മുടെ തലമുറ. ആഴ്ചയില്‍ ഒരിക്കല്‍ നമ്മള്‍ വരും ആഹാരങ്ങളും വസ്ത്രങ്ങളുമായി നമ്മുടെ തലമുറകളെ കാണാന്‍"
രാജീവ് രമ്യയുടെ കയ്യില്‍ മുറുക്കി പിടിച്ചു
" സ്വന്തം തലമുറ ഉണ്ടാക്കാന്‍ വേണ്ടി നിന്നെ ഉപേക്ഷിച്ചു പോവാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല. നീയില്ലാതെ എന്റെ തലമുറക്ക് ഒരിക്കലും പൂര്‍ണത കൈവരികയും ഇല്ല. നിന്നിലൂടെ ഞാന്‍ കാണുന്നതെല്ലാം എന്റെ തലമുറകളാണ്"
സിനാസ് സിനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo