Showing posts with label സിനാസ് സിനു. Show all posts
Showing posts with label സിനാസ് സിനു. Show all posts

☞☞☞☞☞☞ തലമുറ ☜☜☜☜☜☜


" രാജീവേട്ടൻ മറ്റൊരു വിവാഹം കഴിച്ചേ പറ്റൂ. രാജീവേട്ടന് തലമുറകള്‍ വേണ്ടേ, ഡോക്ടര്‍മാര്‍ ഒരിക്കലും കുട്ടികളുണ്ടാവില്ല എന്ന് വിധിയെഴുതിയ എന്റെ കൂടെ ജീവിച്ചാൽ രാജീവേട്ടനോടെ നിങ്ങളുടെ തലമുറ അവസാനിക്കും"
" എടീ, നീ എന്തൊക്കെയാ ഈ പറയുന്നേ. നോക്കിക്കോ നീ എന്റെ കുഞ്ഞിനെ പ്രസവിക്കും. അതെനിക്ക് ഉറപ്പാണ്"
" പത്തു വര്‍ഷമായിട്ടും രാജീവേട്ടന് പ്രതീക്ഷ പോയില്ലേ ഇനിയും. കൂടുതലൊന്നും പറയേണ്ട. എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ല, അത് രാജീവേട്ടനും അറിയാം. പിന്നെ എന്തിനാ എന്നെയിങ്ങനെ...."
രമ്യ ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു
" എന്നെ എന്റെ വീട്ടില്‍ കൊണ്ടാക്കണം. വീട്ടുകാരോട് ഒന്നും പറയേണ്ട. ഞാന്‍ സൗകര്യം പോലെ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം"
രാജീവ് എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ രമ്യ തടഞ്ഞു. അവളുടെ തീരുമാനം ഉറച്ചതായിരുന്നു. മുറിക്കകത്ത് കയറി വാതിലടച്ച അവള്‍ കുറച്ചു സമയത്തിന് ശേഷം തന്റെ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് രാജീവിന്റെ അടുത്ത് വന്നു
" പോവാം രാജീവേട്ടാ"
രാജീവ് ഒന്നും മിണ്ടിയില്ല. അവള്‍ വീടിനു വെളിയില്‍ ഇറങ്ങി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ രാജീവ് അവളുടെ അടുത്തേക്ക് ചെന്നു
" നിനക്ക് ഈ തീരുമാനം മാറ്റിക്കൂടെ"
രമ്യ ഒന്നും മിണ്ടാതെ കാറിനകത്ത് കയറി. കുറച്ച് സമയം കഴിഞ്ഞ് രാജീവ് കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. കാർ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ പെട്ടെന്ന് അവള്‍ കാർ നിറുത്താൻ ആവശ്യപ്പെട്ടു. രാജീവ് കാർ നിറുത്തി. കാറില്‍ നിന്നും ഇറങ്ങി അവള്‍ വീട് തുറന്ന് അകത്തേക്ക് കയറി, കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്നു വീണ്ടും കാറില്‍ കയറി
" നീ എവിടെ പോയതാ"
കുറച്ചു സമയത്തെ മൗനത്തിന് ശേഷം അവള്‍ രാജീവിനെ നോക്കി
" എന്താന്നറില്ല രാജീവേട്ടാ, ഗ്യാസ് ഓഫാക്കിയോ, മോട്ടോര്‍ ഓടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ. അതാ പോയി നോക്കിയേ. ഇനി നമ്മള്‍ ആഗ്രഹിച്ച് പണിത ഈ വീട്ടിലേക്ക് ഒരു തിരിച്ചു വരവില്ലല്ലോ"
ഇത് പറയുമ്പോള്‍ രമ്യയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ കണ്ടു. സാരിത്തുമ്പുകൊണ്ട് കണ്ണീര്‍ തുടച്ചു മാറ്റി അവള്‍ രാജീവിനെ നോക്കി പുഞ്ചിരിച്ചു
" പിന്നെ, ഞാനില്ല എന്ന് കരുതി കള്ള് കുടിക്ക് നിയന്ത്രണം ഇല്ലാതാക്കൊന്നും വേണ്ട. ഇനി ഒരു പെണ്ണ് കയറി വരുന്നത് വരെ ഒറ്റയ്ക്കാണെന്ന് കരുതി തോന്നിയ പോലെ ജീവിക്കാനും നില്‍ക്കേണ്ട"
രാജീവ് അവളുടെ കണ്ണുകളിലേക്ക് നോക്കി. കുറച്ചു സമയം രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു. കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
" ആ പിന്നേ, ഞാന്‍ നമ്മുടെ ബെഡ്ഷീറ്റും തലയണ കവറും എടുത്തിട്ടുണ്ട് ട്ടോ. എന്തായാലും രാജീവേട്ടന് അത് പുതിയത് മേടിക്കേണ്ടി വരുമല്ലോ"
" സത്യം പറ രമ്യാ, ശരിക്കും എന്നെ വിട്ടു പോവാന്‍ തോന്നുന്നുണ്ടോ നിനക്ക്...?
അതുവരെ അടക്കിവെച്ചിരുന്ന സങ്കടം രമ്യയിൽ നിന്നും പുറത്തേക്ക് വന്നു. അവള്‍ പൊട്ടിക്കരഞ്ഞു
" എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ രാജീവേട്ടനെ വിട്ടുപോവാൻ മനസ്സുണ്ടായിട്ടൊന്നുമല്ല. വേറെ ആര്‍ക്കും വിട്ടുകൊടുക്കാൻ താല്‍പ്പര്യം ഉണ്ടായിട്ടും അല്ല, പക്ഷെ...."
രാജീവ് പെട്ടെന്ന് ബ്രേക്കിൽ കാല്‍ അമര്‍ത്തി
" നിന്റെ വീടെത്താറായി. അതിനു മുന്നേ നമുക്ക് ആ ഹോട്ടലില്‍ കയറി ഒരുമിച്ചിരുന്നു എന്തെങ്കിലും കഴിക്കാം. ഇനി ചിലപ്പോള്‍ അതിന് സാധിച്ചില്ലെങ്കിലോ"
അവള്‍ രാജീവിനെ നോക്കി തലയാട്ടി. രണ്ടുപേരും കാറില്‍ നിന്നും ഇറങ്ങി ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു. രാജീവ് എന്തൊക്കെയോ പാർസൽ മേടിക്കുന്നത് രമ്യ ശ്രദ്ധിച്ചു. പാർസൽ പൊതികൾ കാറിന്റെ ഡിക്കിയിൽ വെച്ച് രണ്ടുപേരും വീണ്ടും യാത്ര തുടര്‍ന്നു
" രാജീവേട്ടാ എങ്ങോട്ടാ ഈ പോകുന്നത്. എന്റെ വീട്ടിലേക്കുള്ള വഴി അല്ലല്ലോ ഇത്"
" മിണ്ടരുത്, ഇത്രയും സമയം നീ പറയുന്നത് ഞാന്‍ കേട്ടില്ലേ. ഇനി ഞാന്‍ പറയുന്നത് നീ കേൾക്ക്"
ഇത്രയും പറഞ്ഞ് റോഡിന്റെ ഒരു ഭാഗത്ത് കാർ നിറുത്തിയിട്ട് രാജീവ് രമ്യയോട് ഡിക്കിയിൽ നിന്നും ഒരു പാർസൽ പൊതി എടുക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അത് അനുസരിച്ചു. തൊട്ടടുത്തുള്ള മാലിന്യകൂമ്പാരത്തിൽ നിന്നും പഴകി ദുർഗന്തമടിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ആർത്തിയോടെ കഴിക്കുന്ന ഒരു കുട്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് രാജീവ് രമ്യയെ നോക്കി
" രമ്യാ, ഈ ആഹാരം ആ കുട്ടിക്ക് കൊണ്ട് കൊടുക്കൂ"
ആഹാരത്തിന്റെ പൊതി കുട്ടിക്ക് കൊടുത്തപ്പോൾ ആ കുട്ടിയുടെ മുഖത്ത് കണ്ട സന്തോഷം, തിളക്കം രമ്യക്ക് ഒരു പ്രത്യേകതരം അനുഭവം സമ്മാനിച്ചു. ആ ആഹാരത്തിന്റെ പൊതിയും കൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ തന്റെ കുഞ്ഞനിയത്തിയുടെ അടുത്തേക്ക് ആ കുട്ടി ഓടി പോവുന്നത് രമ്യ നോക്കി നിന്നു.
രാജീവ് ശേഷിക്കുന്ന ആഹാര പൊതികളും രമ്യയുടെ കയ്യില്‍ കൊടുത്തു. അവൾ അത് റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് കൊടുത്തു. ആ കുട്ടികളുടെ എല്ലാം മുഖത്ത് കണ്ട സന്തോഷം ജീവിതത്തില്‍ താന്‍ ഇതുവരെ അനുഭവിക്കാത്ത, എന്ത് പേരിട്ട് വിളിക്കണം എന്നറിയാത്ത ഒരു വികാരം അവളിലൂടെ കടന്നുപോയി.
വീണ്ടും രാജീവും രമ്യയും കാറില്‍ കയറി. കാർ സ്റ്റാര്‍ട്ട് ചെയ്ത് രാജീവ് രമ്യയെ നോക്കി
" ഇനിമുതൽ ഇവരാണ് നമ്മുടെ തലമുറ. ആഴ്ചയില്‍ ഒരിക്കല്‍ നമ്മള്‍ വരും ആഹാരങ്ങളും വസ്ത്രങ്ങളുമായി നമ്മുടെ തലമുറകളെ കാണാന്‍"
രാജീവ് രമ്യയുടെ കയ്യില്‍ മുറുക്കി പിടിച്ചു
" സ്വന്തം തലമുറ ഉണ്ടാക്കാന്‍ വേണ്ടി നിന്നെ ഉപേക്ഷിച്ചു പോവാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല. നീയില്ലാതെ എന്റെ തലമുറക്ക് ഒരിക്കലും പൂര്‍ണത കൈവരികയും ഇല്ല. നിന്നിലൂടെ ഞാന്‍ കാണുന്നതെല്ലാം എന്റെ തലമുറകളാണ്"
സിനാസ് സിനു

☞☞☞☞☞☞ പെറ്റമ്മ ☜☜☜☜☜☜


☞☞☞☞☞☞ പെറ്റമ്മ ☜☜☜☜☜☜
" എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്"
" ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ"
" അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ"
" ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ള"
" ഹേയ്, വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളും"
രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ ദിവസം നേരത്തെ തന്നെ രണ്ടു പേരും ഹോസ്പിറ്റലില്‍ എത്തി. പ്രസവ തിയ്യതി പറഞ്ഞിരിക്കുന്നത് നാളെയാണ്. ഹോസ്പിറ്റലില്‍ എത്തി‍ അഡ്മിറ്റായി. അവിടെ എത്തിയ ഉടന്‍ അവള്‍ക്ക് ചെറിയ തോതില്‍ വേദന അനുഭവപ്പെടാൻ തുടങ്ങി. ഉണ്ണി ഡോക്ടറെ വിവരം അറിയിച്ചു. അവര്‍ ഡോക്ടര്‍ വരുന്നതും കാത്തു നിന്നു.
കുറച്ചു സമയത്തിന് ശേഷം അവരുടെ മുറിയുടെ കതകിന് പുറത്ത് ആരോ നില്‍ക്കുന്നതായി ഉണ്ണിക്ക് അനുഭവപ്പെട്ടു. അയാള്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പത്ത് മാസം ചുമന്ന് പെറ്റ അമ്മ തന്റെ നേരെ കൈകള്‍ കൂപ്പി ദയനീയമായി നില്‍ക്കുന്നതാണ് കണ്ടത്. അമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ ഉണ്ണിയെ നോക്കി കണ്ണുരുട്ടി. അയാള്‍ അമ്മയുടെ അടുത്ത് ചെന്നു
" എന്റെ പൊന്ന് അമ്മേ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്. അവിടെ അമ്മക്ക് എന്തായിരുന്നു ഒരു കുറവ്"
അമ്മ ദയനീയമായി തന്റെ മോനെ ഒന്ന് നോക്കി
" ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ, നല്ല സുഖമായിരുന്നു. ഞാന്‍ എന്റെ പേരകുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പോയ്ക്കൊള്ളാം മോനേ. എന്റെ മോന്‍ തടസ്സമൊന്നും പറയല്ലേ"
ഉണ്ണി ഭാര്യയെ ഒന്ന് നോക്കി. അവള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു. അവന്‍ അമ്മയോട് ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. അവളെ ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റി.
കുറച്ച് സമയങ്ങൾക്ക് ശേഷം തന്റെ പേരകുട്ടിയുടെ കരച്ചില്‍ മുത്തശ്ശിയുടെ കാതില്‍ വന്നു പതിച്ചു. ആ മുഖത്ത് സന്തോഷം വിരിഞ്ഞു. കുഞ്ഞിനെ കണ്ട ഉടന്‍ അമ്മയോട് തിരിച്ച് പോകാന്‍ മകന്‍ ആവശ്യപ്പെട്ടു. പക്ഷെ അമ്മ തന്റെ പേരകുട്ടിയോടൊപ്പം ഒരു രണ്ട് ദിവസം നില്‍ക്കാന്‍ മോനോട് കെഞ്ചി. അവന്‍ ദേഷ്യത്തോടെയാണെങ്കിലും സമ്മതിച്ചു.
തന്റെ കുഞ്ഞിനെ അമ്മ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും ഉണ്ണിയുടെ ഭാര്യക്ക് ദഹിച്ചില്ല. അവള്‍ ഉണ്ണിയോട് തന്റെ പരിഭവം പറയുകയും ചെയ്തു. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അമ്മ പോവുമല്ലോ എന്ന് പറഞ്ഞ് ഉണ്ണി ഭാര്യയെ ആശ്വസിപ്പിച്ചു.
അമ്മക്ക് മകന്‍ അനുവദിച്ച സമയം അവസാനിച്ചപ്പോൾ, അവര്‍ യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് ഉണ്ണിയും ഭാര്യയും തങ്ങളുടെ കുഞ്ഞിനെ കാണാനില്ല എന്ന കാര്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഉണ്ണി ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിച്ചു. അവര്‍ സിസി ടിവിയും മറ്റും പരിശോധിച്ചിട്ടും കുഞ്ഞിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഉണ്ണിയും ഭാര്യയും പരിഭ്രാന്തരായി. പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ അവന്‍ ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ അധികൃതര്‍ പോലീസില് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അവരുടെ മുറിയുടെ മുന്നില്‍ ആളുകള്‍ തടിച്ചു കൂടി. തന്റെ കുഞ്ഞിനെ ഓര്‍ത്ത് ഒരു ഭ്രാന്തിയെ പോലെ കരയുന്ന ഭാര്യയെ ഉണ്ണി നിസ്സഹായനായി നോക്കി നിന്നു.
കൂടി നില്‍ക്കുന്ന ആളുകള്‍‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉണ്ണിയുടെ അമ്മ വിളിച്ചു പറഞ്ഞു
" ഇനി ആരും കുഞ്ഞിനെ അന്വേഷിക്കേണ്ട. കുഞ്ഞ് ഈ മുറിയില്‍ തന്നെ ഉണ്ട്. ഞാനാ ഒളിപ്പിച്ചു വെച്ചത്"
ഇത് കേട്ടതും ഒരു ഭ്രാന്തിയെപോലെ ഉണ്ണിയുടെ ഭാര്യ അവര്‍ക്ക് നേരെ പാഞ്ഞടുത്തു
" എങ്ങനെ മനസ്സ് വന്നു തള്ളേ എന്റെ കുഞ്ഞിനെ എന്നില്‍ നിന്നും പിരിക്കാൻ. എന്റെ കണ്ണീരിന്റെ ശാപം നിങ്ങളെ വിട്ട് പോകില്ല. പുഴുത്ത് ചാകും നിങ്ങള്‍"
ഒളിപ്പിച്ചു വെച്ച കുഞ്ഞിനെ പുറത്തെടുത്ത് കവിളില്‍ ഒരു ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ അമ്മ ഉണ്ണിയേയും ഭാര്യയേയും നോക്കി
" ഞാന്‍ ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം എന്നെവിട്ട് പോകില്ല. പത്ത് മാസം ചുമന്ന് പെറ്റ കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റുന്നത് മഹാപാപം തന്നെയാണ്. വെറും രണ്ട് ദിവസം പ്രായമായ നിന്റെ കുഞ്ഞിനെ കുറച്ചു സമയം കാണാതായപ്പോൾ നീ ഇങ്ങനെ പറയുന്നു. അപ്പോ പത്തു മാസം ചുമന്ന് പെറ്റ, ഞാന്‍ ഉണ്ണാതെ ഊട്ടി വളര്‍ത്തിയ, ഞാന്‍ താരാട്ട് പാട്ട് പാടി ഉറക്കിയ, എന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്ന, എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ മോനെ എന്നില്‍ നിന്നും അകറ്റിയ മോള് ചെയ്തതാണോ പുണ്യം. സ്വന്തം മകനെ കൊണ്ട് എന്നെ വൃദ്ധസദനത്തിൽ ആക്കിച്ചതാണോ പുണ്യം"
കൂടി നിന്നിരുന്ന ആളുകള്‍ ഉണ്ണിയേയും ഭാര്യയേയും പുച്ഛത്തോടെ നോക്കി. ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അമ്മ കണ്ടു
" എന്റെ മോന്‍ കരയേണ്ട. അത് ഈ അമ്മക്ക് സഹിക്കാന്‍ പറ്റില്ല. ഞാന്‍ ഇപ്പോ പറയുന്നത് മോന് ചിലപ്പോള്‍ മനസ്സിലാവില്ല. നാളെ നിങ്ങളുടെ മക്കള്‍ നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോഴേ മനസ്സിലാകൂ"
അമ്മ പറഞ്ഞു തീര്‍ന്നതും ഉണ്ണി അമ്മയുടെ കാലില്‍ വീണതും ഒരുമിച്ചായിരുന്നു.
സിനാസ് സിനു

☞☞ ഭര്‍ത്താവ് അച്ഛനാകുമ്പോൾ ☜☜


☞☞ ഭര്‍ത്താവ് അച്ഛനാകുമ്പോൾ ☜☜
" ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല"
ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി
" അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്"
" അങ്ങനെ മാസാമാസമൊന്നും നിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറ്റില്ല. എന്റെ വീട്ടിലെ കാര്യം കഴിഞ്ഞിട്ടു മതി നിന്റെ വീട്ടിലെ കാര്യം"
" ആണ്‍കുട്ടികളില്ലാത്ത എന്റെ അച്ഛനും അമ്മക്കും ഞാനല്ലാതെ വേറെ ആരാ ഉള്ളത് ഹരിയേട്ടാ. വയസ്സ് ആയവരല്ലേ"
തന്റെ കയ്യിലുള്ള മൊബൈല്‍ താഴോട്ട് വലിച്ചെറിഞ്ഞ് ഹരി ഗർജിച്ചു
" നീ കൂടുതല്‍ ചിലക്കൊന്നും വേണ്ട. ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ... അത് നിനക്ക് തീരുമാനിക്കാം"
ഇത്രയും പറഞ്ഞ് ഹരി കാറുമെടുത്ത് പുറത്തേക്ക് പോയി. സുമ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയില്‍ കയറി വാതിലടച്ചു.
ഹരിയും സുമയും വിവാഹിതരായിട്ട് രണ്ട് വര്‍ഷമായി. രണ്ടുപേരും പരസ്പരം ജീവനുതുല്യം സ്നേഹിച്ചിരുന്നു. പക്ഷെ ചില കാര്യങ്ങളില്‍ ഹരി ഭയങ്കര പിടിവാശിക്കാരനാണ്. അതില്‍ ഒന്നാണ് തന്റെ ഭാര്യയെ സ്വന്തം വീട്ടില്‍ അവള്‍ ആഗ്രഹിക്കുന്ന സമയത്ത് പറഞ്ഞയക്കില്ല എന്ന വാശി. അത് ഇനി ആകാശം തന്നെ ഇടിഞ്ഞു വീണാലും ശരി അയാള്‍ സമ്മതിക്കില്ല.
ഹരി പിന്നെ ഭാര്യയുടെ വീട്ടിലേക്കേ തിരിഞ്ഞു നോക്കാറില്ല. ഭാര്യവീട്ടിൽ പോവുക, അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തോ കുറച്ചിൽ പോലെയാണ് അയാള്‍ക്ക്. അതൊന്നും ആണുങ്ങൾക്ക് ചേര്‍ന്ന പരിപാടിയല്ല എന്നാണ് അവന്‍ എപ്പോഴും പറയാറുള്ളത്.
പരസ്പരം കലഹിച്ചും, പിണങ്ങിയും, സ്നേഹിച്ചും അവരുടെ ജീവിതം മുന്നോട്ട് പോയി. അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. അവര്‍ അവളെ പൊന്നുപോലെ വളര്‍ത്തി.
അവളുടെ കല്യാണ ദിവസമാണ് ഹരി ജീവിതത്തില്‍ ആദ്യമായി കരയുന്നത്. അവളെ പിരിഞ്ഞ് ഒരു ദിവസം പോലും ഇരിക്കാന്‍ അവന് സാധിക്കില്ലായിരുന്നു. അന്ന് രാത്രി അവന് ഉറങ്ങാന്‍ സാധിച്ചില്ല. ഒരുപാട് തവണ അവളുമായി ഫോണില്‍ സംസാരിച്ചു. പിറ്റേ ദിവസം നേരം വെളുത്തപ്പോൾ തന്നെ അവന്‍ മോളുടെ വീട്ടില്‍ പോയി അവളെ കണ്ടു സംസാരിച്ചു.
മകളും ഭര്‍ത്താവും വല്ലപ്പോഴും അവരുടെ വീട്ടില്‍ വന്നു താമസിച്ചു. അത് അവര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. വരുന്ന മകളുടെ പിറന്നാള്‍ തന്റെ വീട്ടില്‍ വെച്ച് ഗംഭീരമായി ആഘോഷിക്കാൻ ഹരി തീരുമാനിച്ചു. ആ കാര്യം ഹരി മകളെ വിളിച്ച് പറയുകയും ചെയ്തു. മകള്‍ക്ക് ഒരുപാട് സന്തോഷമായി. അവള്‍ ഭര്‍ത്താവിനേയും കൂട്ടി വരാം എന്ന് ഹരിക്ക് വാക്ക് കൊടുത്തു.
ഹരി ഓടിച്ചാടി നടന്ന് പരിപാടിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. മകള്‍ക്കും ഭര്‍ത്താവിനും ഒരു സർപ്രൈസ് ഗിഫ്റ്റും ഒരുക്കിയിരുന്നു അവന്‍. പക്ഷെ പരിപാടിയുടെ തലേ ദിവസം രാത്രി മകള്‍ വിളിച്ചു പറഞ്ഞു തങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല എന്ന്. അത് കേട്ടപ്പോള്‍ ഹരിയുടെ നെഞ്ചൊന്ന് പിടഞ്ഞു. ഹരി മകളെ വീണ്ടും ഒരുപാട് നിര്‍ബന്ധിച്ചു. തന്റെ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്ന് സങ്കടത്തോടെ അവള്‍ പറഞ്ഞു. ഉടന്‍ ഹരി മരുമകനെ വിളിച്ചു
" മോനേ, നിങ്ങള്‍ വരും എന്ന ഉറപ്പിലാണ് ഞാനും അമ്മയും ഇവിടെ കാത്തിരിക്കുന്നത്. നിങ്ങള്‍ വരാതിരിക്കരുത്"
" ആരോട് ചോദിച്ചിട്ടാണ് അച്ഛന്‍ ഞങ്ങള്‍ വരും എന്ന് ഉറപ്പിച്ചത്. ഇതിനെ കുറിച്ച് ഒരു വാക്ക് പോലും അച്ഛനോ അമ്മയോ എന്നോട് സംസാരിച്ചില്ലല്ലോ"
" മോനേ, ഞാന്‍ മോളെ വിളിച്ച് പറഞ്ഞിരുന്നു"
" മോളെ അല്ല അച്ഛാ വിളിച്ചു പറയേണ്ടത്. അവളുടെ ഭര്‍ത്താവായ എന്നെയാണ്. എന്തായാലും ഞങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല. നാളെ വേറെ ചില പ്രോഗ്രാം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞ് ഞങ്ങള്‍ വരാം"
ഹരി വീണ്ടും അവനെ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷെ അവന്‍ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിന്നു. ഫോണ്‍ വെച്ച ഉടന്‍ ഹരി റൂമിലേക്ക് പോകുന്നത് സുമ കണ്ടു. ഹരി പൊട്ടിക്കരയുകയായിരുന്നു അപ്പോള്‍. അവള്‍ അവനെ ആശ്വസിപ്പിച്ചു
" എന്റെ ഹരിയേട്ടൻ എന്തിനാ കരയണേ. ജീവിതം ആരംഭിച്ചപ്പോൾ നമ്മള്‍ രണ്ടു പേരും തനിച്ചായിരുന്നില്ലേ, ഇപ്പോഴും നമ്മള്‍ തനിച്ചാണ്. എനിക്ക് എന്റെ ഹരിയേട്ടനും ഹരിയേട്ടന് ഈ ഞാനും ഇല്ലേ കൂട്ടായിട്ട്... അത് മതി ഹരിയേട്ടാ നമുക്ക്"
ഹരി സുമയുടെ കണ്ണിലേക്കു നോക്കി
" ഇത് തന്നെയായിരിക്കും അല്ലേ പണ്ട് നിന്റെ അമ്മ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക"
സിനാസ് സിനു

☞☞☞ ചേച്ചിയമ്മയുടെ അനിയൻ ☜☜☜


☞☞☞ ചേച്ചിയമ്മയുടെ അനിയൻ ☜☜☜
" എനിക്കിനി വയ്യ ആ മുഴു കുടിയനൊപ്പം ജീവിക്കാന്‍"
ചേച്ചി അഞ്ചു വയസ്സുകാരൻ മകന്റെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി വരുന്നത് അനൂപ് കണ്ടു.
" എന്താ ചേച്ചിയമ്മേ, അളിയന്‍ വീണ്ടും തുടങ്ങിയോ"
ചേച്ചി അനുപിന് തന്റെ കവിളിലെ പാട് ചൂണ്ടിക്കാണിച്ച്
" ഇത് കണ്ടോടാ നീ, ഇന്നലെ കുടിച്ച് വന്ന് എന്നെ തല്ലിയതാ"
അത് അനൂപിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവനെ കഷ്ടപ്പെട്ടാണ് ചേച്ചി വളര്‍ത്തി വലുതാക്കിയത്. അവന് അവള്‍ അമ്മയായിരുന്നു ചേച്ചിയമ്മ.
" ചേച്ചിയമ്മേ, ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല. ഞാന്‍ അളിയനോടൊന്ന് സംസാരിക്കാം"
" നീ സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല മോനേ. അയാളെകൊണ്ട് കുടി നിര്‍ത്താന്‍ പറ്റില്ല. ചെറുപ്പത്തിലെ തുടങ്ങിയ ശീലമാ അത്. എനിക്കിനി അയാളോടൊപ്പം ജീവിക്കേണ്ട"
" അങ്ങനെയൊന്നും പറയല്ലേ. ചേച്ചിയമ്മ മോനേയും കൊണ്ട് അകത്ത് പോ, ഞാന്‍ അളിയനെ കണ്ടിട്ട് വരാം"
ഇത്രയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി, കുറച്ചു ദൂരം നടന്ന് ഒന്നു നിന്നു
" ചേച്ചിയമ്മേ അവിടെ കഴിക്കാനൊന്നും കാണില്ല കെട്ടോ. ഇപ്പോ എന്റെ കഴിപ്പ് ഹോട്ടലീന്നാ. ഞാന്‍ വരുമ്പോള്‍ എന്തേലും കൊണ്ടു വരാം"
ചേച്ചിയമ്മ തലയാട്ടി. അവന്‍ മുണ്ടിന്റെ ഒരു അറ്റം പൊക്കി തന്റെ കയ്യില്‍ പിടിച്ച് നടന്നു പോകുന്നത് ചേച്ചിയമ്മ നോക്കി നിന്നു.
അനൂപ് അളിയന്റെ വീട്ടിലെത്തിയപ്പോള്‍ അളിയന്‍ നല്ല പൂസായിരുന്നു. അവന്‍ അളിയന്റെ മുന്നില്‍ കൈകള്‍ കൂപ്പി അപേക്ഷിച്ചു
" എന്തിനാ അളിയാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്. പാവല്ലേ എന്റെ ചേച്ചിയമ്മ. അളിയന് അളിയന്റെ ആ പിഞ്ച് കുഞ്ഞിനെ ഓര്‍ത്തെങ്കിലും കുടിക്കാതെയിരുന്നൂടെ"
ഇത് കേട്ടതും അയാള്‍ അവനോട് അലറി
" ഒന്ന് പോടാ പുല്ലേ, എന്റെ പണം എന്റെ ശരീരം ഞാന്‍ എത്ര വേണമെങ്കിലും കുടിക്കും. നീയാരാ ചോദിക്കാന്‍. ഒരു ഉപദേശി വന്നിരിക്കുന്നു"
അനൂപ് എത്ര അപേക്ഷിച്ചിട്ടും അയാള്‍ കേട്ട ഭാവം പോലും കാണിച്ചില്ല. ഒടുവില്‍ ‍ അയാളുടെ കാലില്‍ വീണ് അപേക്ഷിച്ചു. അയാള്‍ അവനെ കാലുകൊണ്ട് തള്ളിമാറ്റി തന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക് പോയി. അവന്‍ നിസ്സഹായനായി അത് നോക്കി നിന്നു.
അന്ന് രാത്രി കുറച്ച് വൈകിയാണ് അനൂപ് വീട്ടിലെത്തിയത്. അനൂപിനെ കണ്ടതും ചേച്ചിയുടെ മുഖത്ത് ആകാംക്ഷ
" എന്തായി മോനേ പോയ കാര്യം. അളിയന്‍ എന്ത് പറഞ്ഞു"
" ചേച്ചിയമ്മേ ഞാന്‍ കുറച്ച് ദിവസം ഇവിടെ ഉണ്ടാകില്ല. അളിയനേം കൊണ്ട് ഒരു സ്ഥലം വരെ പോവുകയാ"
" എവിടേക്ക്"
" എന്റെ കൂട്ടുകാരന്‍ വഴി അളിയനെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടു പോവാ. അവിടെ കുറച്ച് ദിവസം ചികിത്സിച്ചാൽ പിന്നെ ജീവിതത്തില്‍ അളിയന്‍ കുടിക്കില്ല"
" അതിന് അളിയന്‍ സമ്മതിച്ചോ"
" ഒന്ന് വിരട്ടിയപ്പോൾ ആള് പത്തി താഴ്ത്തി. എല്ലാം ഞാന്‍ പിന്നീട് വിശദമായി പറയാം. ഇപ്പോ ഞാന്‍ പോവാ. ഞാന്‍ വിളിക്കേണ്ട്"
ഇത്രയും പറഞ്ഞ് അവന്‍ തന്റെ വസ്ത്രങ്ങളുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി.
രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അവന്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചു വരുന്നത് കൂടെ അളിയനും ഉണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനെ കണ്ട അവള്‍ ഞെട്ടി. ഭര്‍ത്താവിന്റെ മുഖം തന്നെ ആകെ മാറിയിരിക്കുന്നു. മുഖത്ത് എന്തോ ഒരു ഐശ്വര്യം വന്നപോലെ.
അവളെയും മകനേയും അയാള്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. സ്ഥിരം കള്ളുകുടി കൂട്ടുകാരുമായുള്ള ബന്ധം അയാള്‍ പാടെ ഉപേക്ഷിച്ചു. ആദ്യമൊക്കെ അവള്‍ കരുതി കൂടിപോയാൽ ഒന്നോ രണ്ടോ ആഴ്ച, അത് കഴിഞ്ഞാല്‍ ഭര്‍ത്താവ് വീണ്ടും പഴയ പോലെയാകുമെന്ന്. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഒരു മാസം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞു അയാള്‍ മദ്യം എന്ന സാധനം തന്റെ കൈകൊണ്ട് പോലും തൊട്ടില്ല. കുടിക്കാൻ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും അയാള്‍ അവിടെ നിന്നെല്ലാം ഒഴിഞ്ഞു മാറുന്നത് കണ്ട അവള്‍ ശരിക്കും ഞെട്ടി.
ഒരുദിവസം ഭര്‍ത്താവിനേയും കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അവള്‍ തന്റെ ഒരു ആഗ്രഹം പറഞ്ഞു
" ചേട്ടാ എനിക്ക് ആ വൈദ്യരെ ഒന്ന് കാണണം. എന്നിട്ട് ആ പാദങ്ങളിൽ നമസ്കരിക്കണം. അദ്ദേഹം എനിക്ക് ദൈവതുല്യനാണ്. എന്റെ ഭര്‍ത്താവിനെ തിരിച്ചു തന്ന, എനിക്കും മകനും നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചുതന്ന ദൈവമാണ് അദ്ദേഹം"
ഇത് കേട്ട അയാള്‍ കുറച്ചു സമയത്തെ മൗനത്തിന് ശേഷം അവളുടെ മുഖാമുഖം കിടന്നു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി
" നീ നന്ദി പറയേണ്ടത്... സാങ്കല്പ്പിക കഥാപാത്രമായ വൈദ്യരോടല്ല"
" സാങ്കല്പ്പിക കഥാപാത്രമോ...?"
" അതെ, എന്നെ ചികിത്സിച്ച വൈദ്യരുടെ കഥ വെറും കെട്ടുകഥ മാത്രമാണ്. നിന്റെ അനിയന്റെ കാലില്‍ ഒരു ആയിരം തവണ ഞാന്‍ ദിവസവും എന്റെ മനസ്സുകൊണ്ട് നമസ്ക്കരിക്കുന്നുണ്ട്. ഇങ്ങനെയൊരു അനിയനെ കിട്ടിയ നീ ഭാഗ്യം ചെയ്തവളാണ്. ലോകത്ത് ഒരു സഹോദരനും സ്വന്തം ചേച്ചിയെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാകില്ല"
ഇത്രയും പറഞ്ഞ് അയാള്‍ ബെഡിൽ നിന്നും എഴുന്നേറ്റു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവള്‍ ശ്രദ്ധിച്ചു.
" എന്താ ചേട്ടാ സംഭവിച്ചേ"
" നീ ഒരിക്കലും അറിയരുത് എന്ന് അവന്‍ പറഞ്ഞതാണ്. പക്ഷെ എനിക്ക് വയ്യ ഇങ്ങനെ ഉരുകി തീരാൻ. നീ എല്ലാം അറിയണം"
ഒന്ന് നിറുത്തിയിട്ട് അവന്‍ തുടര്‍ന്നു
" അന്ന് എന്നെ കാണാന്‍ വന്ന ദിവസം ഞാന്‍ അവനെ വഴക്ക് പറഞ്ഞ് കാലുകൊണ്ട് തള്ളിമാറ്റി ബൈക്കെടുത്ത് പോയത് ഒരു വലിയ അപകത്തിലേക്കായിരുന്നു. ചോരയില്‍ കുളിച്ചു കിടന്ന എന്നെ അവന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞാണ് ഞാന്‍ ഒന്ന് അനങ്ങുന്നത് തന്നെ. എന്റെ എല്ലാ കാര്യങ്ങളും കൂടെ നിന്ന് അവന്‍ ചെയ്തു. എന്റെ മലവും മൂത്രവും വരെ അവന്‍ കഴുകി. ഞാന്‍ ഷർദ്ദിച്ചത് അറപ്പില്ലാതെ വൃത്തിയാക്കി. അതിനിടയിലാണ് ഡോക്ടര്‍ പറയുന്നത്, എനിക്ക് കരൾ എന്ന സാധനം തന്നെ ഇല്ല എന്ന കാര്യം. ഉടന്‍ കരൾ മാറ്റി വെച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാണ് എന്ന് പറഞ്ഞപ്പോള്‍, അതുവരെ ജീവിതം എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്ന എനിക്ക് മരണ ഭയം വന്നു. പക്ഷെ അനൂപ് അപ്പോള്‍ തന്നെ പോയി ഡോക്ടറെ കണ്ടു. ഞങ്ങള്‍ളുടേത് രണ്ടു പേരുടേയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ അനൂപിന്റെ കരൾ എനിക്ക് തരാൻ സമ്മതമാണ് എന്ന് എഴുതി കൊടുത്തു. ഓപ്പറേഷന് മുന്നേ എന്നോട് അവന്‍ ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടൊള്ളൂ, അളിയന്‍ ഇനി കുടിക്കരുത് എന്ന് മാത്രം. അവന്‍ തന്ന പിച്ചയാടീ എന്റെ ഈ ജീവിതം"
" എനിക്ക് ഇപ്പോ എന്റെ മോനെ കാണണം"
ആ പാതിരാത്രി അവര്‍ രണ്ടു പേരും അനൂപിന്റെ വീട്ടിലെത്തി. അനൂപിനെ കണ്ടതും അവള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
" എന്തിനാണ് മോനേ ഈ ത്യാഗം നീ എന്നോട് ചെയ്തേ"
" ഹോ!!! അളിയന്‍ എല്ലാം പറഞ്ഞു അല്ലേ..? എന്റെ ചേച്ചിയമ്മേ, പണ്ട് അച്ഛനും അമ്മയും മരിച്ച സമയത്ത് ചേച്ചിയമ്മ സ്വന്തം കാര്യം നോക്കിപ്പോയിരുന്നെങ്കിൽ ഞാന്‍ ഇന്ന് വല്ല ബസ്റ്റാന്റിലോ റെയില്‍വേ സ്റ്റേഷനിലോ തെണ്ടുന്നുണ്ടാവുമായിരുന്നു. അവര്‍ എന്റെ കണ്ണും മൂക്കും എല്ലാം കുത്തി പൊട്ടിച്ച് വിരൂപനും ആക്കിയിട്ടുണ്ടാവും. ഇത് ഇപ്പോ എന്റെ ശരീരത്തില്‍ ഒരു ആവശ്യമില്ലാതെ കിടക്കുന്ന ലിവർ എടുത്ത് അത് ആവശ്യമുള്ള അളിയന് കൊടുത്തു. അത്രേ ഒള്ളൂ. അതിനെയൊക്കെ ത്യാഗം എന്ന് പറഞ്ഞാല്‍... ചേച്ചിയമ്മ ഉണ്ണാതെ എന്നെ ഊട്ടിയതും, ചേച്ചിയമ്മ പഠിക്കാതെ എന്നെ പഠിപ്പിച്ചതും, ചേച്ചിയമ്മ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് എനിക്ക് പുത്തന്‍ ഉടുപ്പ് വാങ്ങിത്തന്നതിനേയും എല്ലാം എന്ത് പേരിട്ടാ വിളിക്കാ"
അവന്‍ അളിയനെ നോക്കി പറഞ്ഞു
" എന്റെ അളിയാ, വീട്ടില്‍ നിന്നും ഒരു പെണ്ണിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ അത് സഹോദരിയാവട്ടേ മകളാവട്ടേ, പിടയുന്നത് ഞങ്ങളുടെ നെഞ്ചാണ്. ഒരിക്കലും കണ്ണീരോടെ അവള്‍ ഞങ്ങളുടെ അടുത്തേക്ക് വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞങ്ങള്‍ അവളെ നിങ്ങളുടെ കൈ പിടിച്ച് ഏല്‍പ്പിക്കുന്നത്. ഇതൊക്കെ അളിയന് ഒരു പെണ്‍കുട്ടി ജനിച്ചാൽ മനസ്സിലാകും"
അവരെ യാത്രയാക്കാൻ നേരം അനൂപ് ഒരു കാര്യം കൂടി പറഞ്ഞു
" ഒരു ആയുസ്സിന്റെ പാതി എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ ചേച്ചിയമ്മയുടെ മുഖത്ത് സന്തോഷം വരാന്‍ എന്റെ ഈ ആയുസ്സ് തന്നെ ബലി നൽകാൻ ഞാന്‍ തയ്യാറാണ്"
സിനാസ് സിനു

കല്യാണം ഒരു കളിയല്ല

Image may contain: 1 person, beard, selfie and closeup

"സേഫ്റ്റി ഒന്നും വേണ്ട ചെക്കാ, നീ ചേച്ചിയുടെ അടുത്തേക്ക് ഇങ്ങുവാ"
ചേച്ചിയുടെ പ്രോത്സാഹനം രമേശനിൽ ആവേശമുണർത്തി. അവനും ചേച്ചിയും ഒരു നിയന്ത്രണവുമില്ലാതെ പരസ്പരം ലയിച്ചു ചേര്‍ന്നു. അവന്‍ കരുതിയിരുന്നതിനേക്കാൾ സംതൃപ്തി ചേച്ചി അവന് നല്‍കി. ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം പറഞ്ഞ് ഉറപ്പിച്ചതിനേക്കാൾ അഞ്ഞൂറു രൂപ കൂടുതല്‍ കൊടുത്ത് ഇനിയും വരാം എന്ന് ഓർമ്മിപ്പിച്ച് അവന്‍ ഇറങ്ങി.
രമേശന്റെ കല്യാണമാണ് അടുത്ത ആഴ്ച. രമേശനാണെങ്കിൽ ഈ കാര്യത്തെ കുറിച്ച് ഒരു നിശ്ചയവും ഇല്ലതാനും. അങ്ങനെയാണ് അടുത്ത കൂട്ടുകാരന്‍ വഴി ശരീരം വിറ്റ് ജീവിക്കുന്ന ആ ചേച്ചിയുടെ അടുത്തേക്ക് പോകുന്നത്, കാര്യങ്ങള്‍ എല്ലാം ഒന്ന് വിശദമായി മനസ്സിലാക്കാന്‍.
ചേച്ചിയുടെ അടുത്തേക്ക് തന്നെ പറഞ്ഞയച്ച കൂട്ടുകാരനോട് അവന്‍ ആയിരം വട്ടം നന്ദി പറഞ്ഞു
" എടാ, നീയാണെടാ എന്റെ ആത്മാർത്ഥ സുഹൃത്ത്. ചേച്ചിയുടെ അടുത്ത് പോയോണ്ട് കാര്യങ്ങള്‍ എല്ലാം നല്ല വെടുപ്പായി മനസ്സിലാക്കാന്‍ പറ്റി. ഇല്ലെങ്കില്‍ ആദ്യരാത്രി ഭാര്യയുടെ മുന്നില്‍ നാണം കെട്ടേനേ"
കൂട്ടുകാര്‍ തമ്മില്‍ പരസ്പരം കെട്ടിപ്പിടിച്ച് സൗഹൃദത്തിന്റെ ബന്ധം ഒന്നുകൂടി ശക്തമാക്കി.
പക്ഷെ അതേ സമയം തന്റെ ശരീരത്തിലെ എച്ച് ഐ വി വൈറസ് മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കിയതിന്റെ സന്തോഷത്തിൽ ആ ചേച്ചി അടുത്ത ഇരയേയും കാത്തിരിക്കുകയായിരുന്നു.
ഈ കാര്യങ്ങള്‍ ഒന്നും അറിയാതെ തന്റെ തന്റെ ഭാവി ഭര്‍ത്താവിനൊപ്പമുള്ള സുന്ദരമായ ജീവിതം സ്വപ്നം കണ്ട് രമേശന്റെ പ്രതിശ്രുത വധു കിടന്നുറങ്ങി.
സ്പെഷ്യല്‍ നോട്ട്:‍ ഒരു വാഹനം വാങ്ങിക്കുമ്പോൾ അതിന്റെ പേപ്പറും കാര്യങ്ങളുമെല്ലാം ശരിയായി പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ അത് നമ്മള്‍ മേടിക്കാറുള്ളൂ. ഒരു ബേക്കറിയിൽ കയറി പലഹാരങ്ങൾ മേടിക്കുമ്പോൾ നല്ലതാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ നമ്മള്‍ അത് വാങ്ങിക്കാറുള്ളൂ. എന്തിനേറെ പറയുന്നു കാലിലിടുന്ന ചെരുപ്പ് വരെ നമ്മള്‍ ക്വാളിറ്റി നോക്കി മേടിക്കുമ്പോൾ എന്തുകൊണ്ട് ഒരു ആയുസ് മുഴുവന്‍ രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിക്കേണ്ട വിവാഹം എന്ന മഹാ പുണ്യത്തിന് മുന്നേ ആണിന്റെയും പെണ്ണിന്റെയും എച്ച് ഐ വി ടെസ്റ്റ് റിപ്പോര്‍ട്ട് പരസ്പരം കൈമാണം എന്ന നിയമം വന്നുകൂടാ. വീട്ടിലെ കാരണവൻമാർ മേശക്ക് ചുറ്റും കൂടിയിരുന്ന് ചര്‍ച്ച ചെയ്യേണ്ടത് സ്ത്രീധനത്തെ കുറിച്ചായിരിക്കരുത്, മറിച്ച് ഒരു തലമുറയെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ള എച്ച് ഐ വി പോലുള്ള മാരക രോഗങ്ങള്‍ ഒരു തെറ്റും ചെയ്യാതെ, കല്യാണം കഴിച്ചു എന്ന ഒരേയൊരു കാരണത്താൽ വന്നു ചേരുന്ന പല ജീവനുകളെയും സംരക്ഷിക്കുന്നതിനെ കുറിച്ചായിരിക്കണം.
സിനാസ് സിനു.

കഴുകന്‍

Image may contain: 1 person, beard, selfie and closeup 

രമ്യ എന്ന പെണ്‍കുട്ടിയെ ഒരു വികലാംഗൻ പരസഹായമില്ലാതെ ഓടുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതി പൊന്നുചാമിയെ നിരുപാധികം വിട്ടയക്കണമെന്ന് ഈ കോടതിയോട് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു"
കോടതിയില്‍ വക്കീലിന്റെ വാദം തകര്‍ത്തു. പൊന്നുചാമി എന്ന പക്ക ക്രിമിനലെ പുഷ്പം പോലെ അയാള്‍ രക്ഷപ്പെടുത്തി.
പൊന്നുചാമിയെ മാത്രമല്ല, അറുപതു വയസ്സായ മുത്തശ്ശിമാരെ മുതല്‍ സ്കൂളില്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ മൃഗീയമായി പിച്ചി ചീന്തിയ മനുഷ്യന്റെ മുഖമുള്ള പല പേപ്പട്ടികൾക്കും ആ വക്കീല്‍ ഒരു രക്ഷകനായിരുന്നു. അയാള്‍ക്ക് അതൊരു ഹരമായിരുന്നു.
പൊന്നുചാമി ജയിൽ മോചിതനായ രാത്രി വക്കീലിന് വേണ്ടി അയാള്‍ ഗംഭീര പാര്‍ട്ടി തന്നെ ഒരുക്കി. വക്കീലിന്റെ വീടിന് പുറത്ത് മിനി ബാര്‍ തന്നെ ഒരുക്കി അവര്‍. താന്‍ ചെയ്ത് വീര ശൂര പരാക്രമണങ്ങളെ പറ്റി പറഞ്ഞ് അയാള്‍ പൊട്ടിച്ചിരിച്ചു, കൂടെ വക്കീലും. അവരുടെ സംസാരം വീട്ടിനകത്തുള്ള ഭാര്യയും അഞ്ചു വയസ്സുകാരി മകളും കേട്ടുനിന്നു.
പാര്‍ട്ടി അവസാനിച്ചപ്പോൾ ഏകദേശം നേരം വെളുത്തിരുന്നു. പൊന്നുചാമിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്ത് യാത്രയാക്കി വക്കീല്‍ ആടിയാടി വീട്ടില്‍ കയറി. അപ്പോഴും ഭാര്യ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. മകള്‍ നല്ല ഉറക്കമാണ്
" എന്തിനാ വക്കീലേ, ഇങ്ങനെയുള്ള ദൈവത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത്. ആ രമ്യയുടെ വീട്ടുകാരെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ..? അവര്‍ക്ക് നീതി ലഭിക്കേണ്ടേ..? ഇവനെപോലുള്ള കഴുകന്‍മാരെ രക്ഷിക്കുന്നതിനു പകരം അങ്ങനെയുള്ള പാവങ്ങൾക്ക് വേണ്ടി വാദിച്ചൂടേ"
" എടീ, ആ പാവങ്ങൾക്ക് വേണ്ടി വാദിച്ചാൽ എനിക്കാരാ ലക്ഷങ്ങള്‍ പ്രതിഫലമായി തരിക..? ഇത്രയും പ്രശസ്തി എവിടുന്നാ കിട്ടുക..? പെണ്‍കുട്ടികളുടെ മാനം കാക്കേണ്ടത് അവര്‍ തന്നെയാണ്, അല്ലാതെ കോടതിയിലിരിക്കുന്ന വക്കീലൻമാരല്ല. പൊന്നുചാമി ഇനിയും പീഡിപ്പിക്കും അവന് വേണ്ടി ഞാന്‍ ഇനീം വാദിക്കും. നീ നിന്റെ പണി നോക്കി പോടീ"
ഇത്രയും പറഞ്ഞ് അയാള്‍ ബെഡിലേക്ക് വീണു.
പൊന്നുചാമിയുടെ കേസോടു കൂടി വക്കീല്‍ കൂടുതല്‍ പ്രശസ്തനായി. പെറ്റമ്മയെ പീഡിപ്പിച്ച മകന്‍ മുതല്‍ ജന്മം നല്‍കി മകളെ വലിച്ചു കീറിയ അച്ഛന്‍മാർവരെ അയാളുടെ ഓഫീസിന് മുന്നില്‍ നീണ്ട നിരയായി നിന്നു. ആഡംഭര വാഹനങ്ങളും, കോടികള്‍ വിലമതിക്കുന്ന വില്ലകളും അയാള്‍ വാങ്ങിക്കൂട്ടി.
ഓഫീസിലെ തിരക്കിനിടയിൽ ഒരുദിവസം വൈകുന്നേരം ഭാര്യയുടെ നിറുത്താതെയുള്ള ഫോണ്‍ വിളി കാരണം മനസ്സില്ലാ മനസ്സോടെ അയാള്‍ ഫോണെടുത്തു
" വക്കീലേ, സ്കൂള്‍ വിട്ട് മോൾ ഇതുവരെ എത്തിയില്ല. എനിക്കെന്തോ പേടി തോന്നുന്നു"
" അവള് എവിടെ പോവാനാ..? ഇപ്പോ വരും"
ഇത്രയും പറഞ്ഞ് വക്കീല്‍ ഫോണ്‍ കട്ട് ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഭാര്യയുടെ കോള്‍
" മോൾ എത്തിയോടീ..?"
മറുതലക്കൽ പൊട്ടികരഞ്ഞുകൊണ്ട് ഭാര്യ
" ഇല്ല, എന്റെ മോൾ..."
ഉടന്‍ തന്നെ കാറെടുത്ത് വക്കീല്‍ വീട്ടിലേക്ക് പോയി. വക്കീലിനെ കണ്ടതും ഭാര്യ ഓടിവന്ന് കെട്ടിപ്പിടിച്ചു. സമയം രാത്രി ആയിരിക്കുന്നു. വക്കീലിന് ആകെ പരിഭ്രാന്തിയായി. അയാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.
അർദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്നും വക്കീലിന് കോള്‍ വന്നു. മോളുടെ സ്കൂളിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കിൽ എത്താന്‍ പറഞ്ഞു.
അവിടെ അയാള്‍ കണ്ട കാഴ്ച!!! താൻ ജന്മം നല്‍കിയ തന്റെ പൊന്നു മോൾ ഒരു ചാക്കിനാൽ മൂടപ്പെട്ട് കിടക്കുന്നു. മൃഗീയമായി, പൈശാചികമായി പീഡിപ്പിച്ച് കൊന്നു തള്ളിയ തന്റെ മകളുടെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് അയാള്‍ ഒരു ഭ്രാന്തനെപോലെ അലറിക്കരഞ്ഞു.
രണ്ടു ദിവസങ്ങൾക്ക് ശേഷം തന്റെ മകളുടെ ഘാതകനായ പൊന്നുചാമിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യം തകർന്ന നെഞ്ചോടെ ടിവിയില്‍ കാണുമ്പോള്‍, മകളുടെ രണ്ട് കൂട്ടുകാരികള്‍ അയാളുടെ അടുത്ത് വന്നു. തങ്ങളുടെ കയ്യില്‍ ചുരുട്ടി വെച്ചിരുന്ന കുറച്ച് നാണയതുട്ടുകൾ അയാള്‍ക്ക് നേരെ നീട്ടി
" ന്നാ അങ്കിളേ മേടിച്ചോ, അങ്കിളിനെ കുറിച്ച് മോള് എപ്പോഴും പറയാറുണ്ട്. കാശിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുമെന്ന്. അങ്കിള് ഈ കാശ് മേടിക്കണം എന്നിട്ട് സ്വന്തം മകളെ കൊന്നവന് വേണ്ടി കോടതിയില്‍ വാദിക്കണം. ഞങ്ങള്‍ തന്ന കാശ് കുറവാണെങ്കിലും, പ്രശസ്തി കൂടും അങ്കിളിന്"
ഇത്രയും പറഞ്ഞ് തങ്ങളുടെ കയ്യിലുള്ള നാണയതുട്ടുകൾ അയാളുടെ മുന്നിലുള്ള ടേബിളിൽ വെച്ച് അവര്‍ നടന്നു നീങ്ങി.
സിനാസ് സിനു

ഒരു കോഴി പൊരിച്ച കഥ

Image may contain: 1 person, beard, selfie and closeup
എടിയേ, ഇന്ന് എന്റെ കുറച്ച് കൂട്ടുകാര്‍ വരും. നമുക്ക് വീട്ടിലെ കോഴിയെ അങ്ങ് കൊന്നാലോ..?"
" അതിനെന്താ ചേട്ടാ, കറിവെക്കണോ അതോ എണ്ണയില്‍ വറുത്തെടുക്കണോ..?"
" വറുത്താ മതിയെടീ, കുപ്പിയൊക്കെ ഉള്ളതെല്ലേ..? അപ്പോ കടിച്ചു പറിക്കാൻ എന്തേലും വേണ്ടേ..?"
കൂട്ടിൽ നിന്നും പുറത്തേക്കോടിയ കോഴിയെ അവള്‍ ഓടിച്ചിട്ടു പിടിച്ചു. എന്നിട്ട് ഭര്‍ത്താവിന്റെ കയ്യിലുള്ള മൂർച്ചയുള്ള കത്തിയുടെ മുന്നിലേക്ക് അതിന്റെ കഴുത്ത് വെച്ചുകൊടുത്തു. നിമിഷ നേരം കൊണ്ട് അയാള്‍ കോഴിയുടെ തലയും ഉടലും രണ്ടാക്കി
" എടിയേ, ഇത് ചാവാൻ കുറച്ച് സമയം എടുക്കും. നാടനെല്ലെയോ. അവിടെ കിടന്ന് പിടയട്ടെ. നീ വാ നമുക്ക് ബാക്കി പണികൾ നോക്കാം"
ഇത്രയും പറഞ്ഞ് അയാളും ഭാര്യയും അടുക്കളയിലേക്ക് പോയി.
തന്റെ ഇണ തലയും ഉടലും രണ്ടായി ചേതിക്കപ്പെട്ട് മണ്ണില്‍ കിടന്ന് പിടയുന്നത് ദയനീയമായി, നിസ്സഹായമായി അമ്മ കോഴി പിടയുന്ന നെഞ്ചോടെ നോക്കി നിന്നു. ആ പിടയുന്ന ജീവൻ സമ്മാനിച്ച മുട്ടക്ക് അടയിരിക്കുകയായിരുന്നു അപ്പോള്‍ അമ്മക്കോഴി. തന്റെ കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ പോലും സാധിക്കാതെ, അവരെ ലാളിക്കാൻ സാധിക്കാതെ മണ്ണില്‍ ചോര പുരണ്ട് പിടയുന്ന ഇണയുടെ തല ഉടലിൽ ബന്ധിപ്പിക്കാൻ തന്റെ ചുണ്ടുകള്‍ കൊണ്ട് ശ്രമിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ ആ പിടച്ചില്‍ അവസാനിച്ചു. അതേ സമയം കോഴിക്കൂടിനകത്ത് നിന്ന് മുട്ട പൊട്ടിച്ച് പുറത്ത് വരുന്ന തന്റെ കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ടു അമ്മക്കോഴി. മുട്ടയിൽ പകുതിയേ വിരിഞ്ഞിട്ടൊള്ളൂ. ബാക്കി പകുതി വിരിയാൻ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം മതി. അപ്പോഴാണ്‌ അടുക്കളയില്‍ നിന്നും ആ ശബ്ദം
" എടിയേ, നീ കോഴിക്കൂടിൽ നിന്നും ആ മുട്ടയെടുത്ത് ഒന്ന് പുഴുങ്ങിയേ. നാടൻ മുട്ടയുടെ രുചി ഒന്ന് വേറെ തന്നെയാ"
വീട്ടമ്മ തന്റെ വിരിയാൻ സമയമായ മുട്ടയുടെ അടുത്തേക്ക് പോകുന്നത് കണ്ട അമ്മ കോഴി അവരുടെ അടുത്തേക്ക് ഓടി. പക്ഷെ തന്റെ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് അവര്‍ അമ്മക്കോഴിയെ ആട്ടിയോടിച്ചു. കൂട്ടിൽ നിന്നും മുട്ടയെടുത്ത് തിളക്കുന്ന വെള്ളത്തിലിട്ടു.
അടുക്കളയിലെ ജോലിക്കിടയിലാണ് ടിവിയില്‍ അവര്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന, കുലുക്കുന്ന ആ വാര്‍ത്ത കണ്ടത്
" ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനേയും മക്കളേയും വെട്ടിക്കൊന്നു"
ഈ വാര്‍ത്ത കണ്ടതും രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു
" എന്ത് അക്രമമാണ് ഇത്, എന്ത് ക്രൂരതയാണ് ഇത്, ഇവനെയൊക്കെ വെടിവെച്ചു കൊല്ലണം"
ആ അമ്മക്കോഴിയും ഇതൊക്കെ തന്നെയാവും പറഞ്ഞിട്ടുണ്ടാവുക.
ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല...
സിനാസ് സിനു

രണ്ട് ഭാര്യമാർ

Image may contain: 1 person, selfie, beard and closeup

ടാ, ഞാന്‍ നിനക്ക് ഒരു പെണ്ണിന്റെ നമ്പര്‍ തരാം, പുല്ലു പോലെ വളയുന്ന സാധനാ"
ഗിരിയുടെ പ്രോത്സാഹനം കണ്ട് സന്തോഷ് സന്തോഷത്തോടെ ചോദിച്ചു
" താടാ, അവളെ കറക്കിയെടുത്ത് കാര്യവും സാധിച്ച്, അവളോടൊപ്പം നില്‍ക്കുന്ന സെൽഫി അയച്ചു തരും ഞാന്‍ നിനക്ക്"
" അതെനിക്കറിയാമല്ലോ, ആ കാര്യത്തില്‍ നീ പുലിയാണെന്ന്. പിന്നെ, ഒരു കാരണവശാലും ഞാനാണ് നമ്പര്‍ തന്നതെന്ന് ഒരിക്കലും അവള്‍ അറിയരുത്ട്ടാ. എന്റെ ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ്"
സന്തോഷ് ഗിരിയെ രൂക്ഷമായി ഒന്നു നോക്കി
" നീ എന്നെക്കുറിച്ച് അങ്ങനെയാണോ ധരിച്ചു വെച്ചിരിക്കുന്നത്, എടാ എന്റെ കഴുത്തിന്റെ മുകളില്‍ നിന്നും തല അങ്ങട് പോയാലും ഞാന്‍ നിന്റെ പേര് പറയില്ല. അതാണ്ടാ ഫ്രണ്ട്ഷിപ്"
ഗിരി സന്തോഷിനെ കെട്ടിപ്പിടിച്ചു
" സന്തോഷേ, ഇവളുടെ ഭര്‍ത്താവ് ഗൾഫിലാണ്, ഇപ്പോ അയാള് പോയിട്ട് രണ്ട് വര്‍ഷം ആവാറായി. അതിന്റെ ഒരു ഇളക്കം അവള്‍ക്കുണ്ട്"
സന്തോഷ് ആവേശത്തോടെ ഗിരിയെ നോക്കി
" നീ മുട്ടി നോക്കിയിട്ടുണ്ടോടാ"
കുറച്ച് ഗൗരവത്തോടെ ഗിരി
" ഞാന്‍ വിചാരിച്ചാൽ പുഷ്പം പോലെ വളയും അവള്‍. ഒന്നു രണ്ടു തവണ എന്നെ നോട്ടമിട്ടതാ അവള്‍. എന്റെ ഭാര്യ എങ്ങാനും അറിഞ്ഞാല്‍..? എന്റെ പൊന്നോ അത് ഓര്‍ക്കാനേ വയ്യ"
" എടാ, ഇവളുടെ വിശദ വിവരങ്ങള്‍ ഒന്ന് പറഞ്ഞേ"
" പോക്ക് കേസാടാ, വീട്ടില്‍ അവളും മൂന്നു വയസ്സുള്ള ഒരു മോനും മാത്രമേ ഒള്ളൂ. ഒരു ആക്ടീവ ഉണ്ട്. അതിലാ മുഴുവന്‍ സമയം കറക്കം. എപ്പോള്‍ നോക്കിയാലും അവള്‍ പുറത്തായിരിക്കും. കാണുന്ന ആളുകോടൊക്കെ കൊഞ്ചി കുഴഞ്ഞേ സംസാരിക്കൂ"
" മതി മോനേ, ഇത്രയും മതി. ബാക്കി കാര്യം ഞാനേറ്റു"
പ്രതീക്ഷയോടെ സന്തോഷ് അവള്‍ക്ക് മനോഹരമായ സന്ദേശങ്ങൾ വാട്സാപ്പിൽ അയക്കാൻ തുടങ്ങി. പക്ഷെ ഒന്നിനും മറുപടി വന്നില്ല. കുറച്ച് ദിവസം കഴിഞ്ഞാണ് തന്നെ അവള്‍ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിതിരിക്കുകയാണെന്ന കാര്യം അവന്‍ തിരിച്ചറിയുന്നത്. ഒടുവില്‍ രണ്ടും കൽപിച്ച് അവന്‍ അവളുടെ ഫോണില്‍ വിളിച്ചു. പക്ഷെ അവള്‍ ഫോണെടുത്തില്ല. അവന്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവള്‍ ഫോണെടുത്തു, പക്ഷെ അവന്‍ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ അവളുടെ ശബ്ദം അവന്റെ കാതില്‍ മുഴങ്ങി
" എടാ കോഴീ, ഭര്‍ത്താവ് നാട്ടിലില്ലാത്ത, പരസഹായത്തിന് ആരുമില്ലാത്ത, വീട്ടില്‍ തനിച്ചു താമസിക്കുന്ന, സ്വന്തം വീട്ടിലെ കാര്യങ്ങള്‍ക്ക് പുറത്തു പോകുന്ന, പരിചയക്കാരോട് ചിരിച്ച് സംസാരിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളെ മോശമായി ചിത്രീകരിച്ച് എളുപ്പത്തില്‍ വളക്കാം എന്ന് കരുതി ഇങ്ങനെ നാണവും മാനവും ഇല്ലാതെ ശല്യം ചെയ്യുന്ന നിനക്കൊക്കെ വല്ല മുരിക്ക് മരത്തിലും പോയി കയറിക്കൂടെ. ഇനി നിന്റെ ഫോണില്‍ നിന്നും എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നാല്‍ ഞാന്‍ നിന്റെ നമ്പര്‍ പോലീസില്‍ ഏൽപ്പിക്കും"
ഇത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കേട്ടു കഴിഞ്ഞ ഒരു ഫീല്‍ അവന് അനുഭവപ്പെട്ടു. ഉടന്‍ തന്നെ അവളുടെ നമ്പര്‍ ഡിലീറ്റ് ചെയ്തു.
ഈ സമയം ഗിരി തന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു
" പൊന്നൂസേ, ഞാന്‍ കുളിച്ചിട്ട് വരാം"
ഭാര്യ നാണത്തോടെ തലയാട്ടി
കുളിക്കുന്ന സമയം മുഴുവന്‍ ഗിരിയുടെ മനസ്സിലെ ചിന്ത തന്റെ ഭാര്യയെ കുറിച്ചായിരുന്നു.
ഇത്രയും അടക്കവും ഒതുക്കവുമുള്ള, താനല്ലാതെ മറ്റൊരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത, പുറത്തേക്ക് തന്റെയോ അല്ലെങ്കില്‍ വീട്ടിലെ ആരുടെയെങ്കിലും കൂടെ മാത്രമേ പോകുന്ന, വാട്സാപ്പും ഫേസ്ബുക്കും എന്താണ് എന്ന് പോലും അറിയാത്ത ഇത്രയും നല്ല ഒരു ഭാര്യയെ തനിക്ക് സമ്മാനിച്ച ദൈവത്തിനോട് അവന്‍ ആയിരം വട്ടം നന്ദി പറഞ്ഞു.
കുളി കഴിഞ്ഞ് വന്ന് ഭാര്യയെ വീണ്ടും കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ വെച്ച് അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക് പോയി.
അവന്‍ പോയതും അലമാര തുറന്ന് തന്റെ ചുരിദാര്‍ക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സിം കാർഡെടുത്ത് അവള്‍ ഫോണിലിട്ടു. വാട്സാപ്പിലും, ഫേസ്ബുക്കിലും അവള്‍ക്ക് വന്ന മെസേജ് കൊണ്ട് ചുരിദാര്‍ക്കിടയിൽ കിടന്ന് വീർപ്പുമുട്ടുകയായിരുന്നു സിം കാർഡ് അപ്പോഴാണ്‌ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിട്ടത്.....
സിനാസ് സിനു

കാമുകിയുടെ വിവാഹ സമ്മാനം

Image may contain: 1 person, selfie, beard and closeup

എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്"
വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു
" എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്"
" പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള്‍ ഒന്നിച്ച്, അതല്ല മരിക്കാനാണ് യോഗമെങ്കിൽ അതും നമ്മള്‍ ഒരുമിച്ചായിരിക്കും"
അയൽവാസികളായ വിനോദും, പാർവതിയും വർഷങ്ങളായി തീവ്ര പ്രണയത്തിലാണ്. വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു അവള്‍ക്ക് വിനോദിനെ.
വിനോദ് ആവശ്യപ്പെടുമ്പോഴല്ലാം അവള്‍ അവന് മുന്നില്‍ മടിക്കുത്ത് അഴിച്ചു കൊടുക്കുമായിരുന്നു. അതിലെ ശരിയും തെറ്റും ഒരിക്കലും പോലും അവള്‍ ചിന്തിച്ചിരുന്നില്ല. അവനോടുള്ള പ്രണയവും, വിശ്വാസവുമായിരുന്നു അവളെകൊണ്ട് അതെല്ലാം ചെയ്യിപ്പിച്ചത്.
പാറുവിന് ഓരോ ദിവസം കഴിയുംതോറും വിനോദിനോടുള്ള പ്രണയം ഇരട്ടിച്ചുകൊണ്ടേയിരുന്നു. പക്ഷെ വിനോദിന് നേരെ മറിച്ചായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവന് അവളോടുള്ള താല്‍പ്പര്യം കുറഞ്ഞു വന്നു. കിട്ടേണ്ടതെല്ലാം അവളിൽ നിന്നും കിട്ടിയപ്പോള്‍ അവളിലെ പുതുമ അവന് നഷ്ടപ്പെട്ടു. താന്‍ കാണാത്തതും, ആസ്വദിക്കാത്തതുമായ ഒന്നും ഇനി അവളുടെ ശരീരത്തിലില്ലല്ലോ എന്ന ചിന്ത അവനെ അവളിൽ നിന്നും അകറ്റാൻ തുടങ്ങി. വിനോദ് തന്നിൽ നിന്നും ഒരു അകൽച്ച കാണിക്കുന്നത് തിരിച്ചറിഞ്ഞ പാറു അവനോട് അതിന്റെ കാരണം തിരക്കി
" എന്റെ പാറൂ, ഞാന്‍ ആകെ സങ്കടത്തിലാണ്. വീട്ടില്‍ എനിക്ക് ഓരോ കല്യാണാലോചകൾ നോക്കുന്നുണ്ട്. അതില്‍ ഒന്ന് ഏതാണ്ട് ഉറപ്പിച്ചമട്ടാ"
വിനോദിന്റെ സംസാരം കേട്ട് തല കറങ്ങുന്ന പോലെ തോന്നി പാറുവിന്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു അവള്‍
" എന്റെ വിനോദ് തന്നെയാണോ ഈ പറയുന്നത്..? എന്നെ ജീവനു തുല്യം സ്നേഹിച്ച, എന്റെ കൂടെ ജീവിക്കാന്‍ സാധിച്ചില്ലെങ്കിൽ ഒന്നിച്ച് മരിക്കാം എന്ന് പറഞ്ഞ വിനോദ് തന്നെയാണോ ഇത്...?"
അവളുടെ സംസാരം കേട്ടതും വിനോദ് പൊട്ടിച്ചിരിച്ചു
" ഹ ഹ ഹ, എടീ മണ്ടൂസേ കാമുകി കാമുകൻമാർ അങ്ങനെ എന്തെല്ലാം പറയും, അതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമല്ലേ. നീ ഇങ്ങനെ പൈങ്കിളി ആവരുത് കെട്ടോ"
വിനോദിന്റെ സംസാരം അത്ഭുതത്തോടെ അവള്‍ കേട്ടുനിന്നു. അവള്‍ പൊട്ടിക്കരഞ്ഞു
" എന്റെ മനസ്സും ശരീരവും ഞാന്‍ നിനക്ക് തന്നത് നിന്നെ എനിക്ക് അത്രമാത്രം ഇഷ്ടവും വിശ്വാസവും ഉള്ളത് കൊണ്ടാണ്. പക്ഷെ നീ എന്നെ ചതിക്കായിരുന്നു അല്ലേ..?"
" എന്റെ പൊന്നു പാറൂ, ഒന്ന് തേച്ചു കുളിച്ചാൽ തീരാവുന്ന അശുദ്ധിയെ ഞാന്‍ നിന്റെ ശരീരത്തില്‍ വരുത്തിയിട്ടൊള്ളൂ. അതല്ല ഇനി നിനക്ക് ഗർഭം വല്ലതും ഉണ്ടോ..? ഉണ്ടെങ്കില്‍ പറയണം, അതിനും വഴിയുണ്ട്"
പാറു അവനെ പുച്ഛത്തോടെ നോക്കി. അവന്‍ യാത്ര പറഞ്ഞ് പോവാന്‍ നേരം അവളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
" കല്യാണത്തിന്റെ തിയ്യതി ഞാന്‍ അറിയിക്കാം, നീ വരണം, വന്നേ പറ്റൂ. നീ വേണം സജീവമായി കല്യാണ പന്തലിൽ. കാരണം നീ എന്റെ നല്ലൊരു കൂട്ടുകാരിയല്ലേ..? നിന്നില്‍ നിന്നുമല്ലേ ഞാന്‍ എല്ലാം പഠിക്കുന്നത്"
ഇത്രയും പറഞ്ഞ് വിനോദ് നടന്നു നീങ്ങി. നിറകണ്ണുകളോടെ അവള്‍ അവനെ നോക്കി നിന്നു.
ദിവസങ്ങള്‍ വേഗത്തില്‍ കടന്നുപോയി. വിനോദിന്റെ കല്യാണ ദിവസം വന്നെത്തി. വിനോദിനെ ഞെട്ടിച്ചു കൊണ്ട് അവള്‍ അവന്റെ കല്യാണത്തിന് സജീവമായി പങ്കെടുത്തു. അവന്‍ നോക്കുന്നിടത്തെല്ലാം അവളെ കണ്ടു. പെണ്ണിനെ അണിയിച്ചൊരുക്കാനും അവളായിരുന്നു മുന്നില്‍ നിന്നിരുന്നത്.
കല്യാണം ഭംഗിയായി കഴിഞ്ഞു. പെണ്ണും ചെറുക്കനും മണിയറയിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് അയൽവാസികൾ പെണ്ണിനെ നല്ലോണം ഒന്ന് കാണാന്‍ ചെന്നു. ആ കൂട്ടത്തില്‍ പാറുവും ഉണ്ടായിരുന്നു. പെണ്ണിനെ കണ്ട് കഴിഞ്ഞ് പോകാന്‍ നേരം പാറു അവളുടെ കയ്യില്‍ ഒരു ചെറിയ പൊതി ഏല്‍പ്പിച്ചു, എന്നിട്ട് അവളുടെ കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. പാറുവിന്റെ വിവാഹ സമ്മാനമായിരുന്നു അത്.
മണിയറിയിൽ കയറിയ പുതുപ്പെണ്ണ് വേഗം പാറു സമ്മാനിച്ച ആ പൊതി തുറന്നു നോക്കി. ആ സമ്മാനം കണ്ടതും ഞെട്ടി തരിച്ച് ഇരുന്നു പോയി പുതുപ്പെണ്ണ്. ആ സമയത്താണ് വിനോദ് മണിയറയിലേക്ക് ചാടി കയറി വരുന്നത്
" പൊന്നൂസേ, ഞാന്‍ ഒന്ന് കുളിക്കട്ടെ. എന്നിട്ട് ഞാന്‍ ശരിയാക്കി തരാട്ടാ"
അവന്‍ കണ്ണിറുക്കി പറഞ്ഞു. അവനു നേരെ തന്റെ കയ്യിലിരിക്കുന്ന പൊതിയിൽ നിന്നും ഒരു ലക്സ് സോപ്പും, ചന്ദനത്തിന്റെ മണമുള്ള അത്തറും അവള്‍ നീട്ടി. അവന്‍ ശൃംഖാരത്തോടെ അവളിൽ നിന്നും അത് വാങ്ങി. സോപ്പിന്റെ കൂടെയുള്ള എഴുത്ത് കണ്ടപ്പോള്‍ അവന്റെ മുഖം ചുവന്ന് വിറച്ചു. ആ എഴുത്തിലേക്ക് അവന്റെ കണ്ണുകള്‍ വീണ്ടും പോയി
" എന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ഇപ്പോഴും വിനോദിന്റെ ശരീരത്തില്‍ കെട്ടികിടപ്പുണ്ട്. അവനെ നന്നായി തേച്ചു കുളിപ്പിച്ചതിന് ശേഷം മാത്രമേ കൂടെ കിടത്താവൂ.... അല്ലെങ്കില്‍ നാറും"
സിനാസ് സിനു

മലപ്പുറത്തെ തീവ്രവാദികൾ

Image may contain: 1 person, selfie, beard and closeup

സുരേഷേട്ടാ, നാളത്തെ കാര്യം ഓര്‍ത്തിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റണില്ല"
രമ്യ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് പരിഭ്രാന്തിയോടെ പറഞ്ഞു. സുരേഷ് കിടക്കയിൽ നിന്നും എഴുന്നേറ്റ് നഖം കടിച്ചിരുന്നു.
" എടീ, ഞാന്‍ ഇപ്പോ എന്താ ചെയ്യാ, ആരെങ്കിലും ഓര്‍ത്തോ മലപ്പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടുമെന്ന്. ജോലി തന്നെ രാജിവെച്ചാലോന്ന് ആലോചിക്കാ ഞാന്‍"
സുരേഷിന് മലപ്പുറത്തേക്ക് സ്ഥലം മാറാനുള്ള പേപ്പര്‍ കയ്യില്‍ കിട്ടിയ അന്ന് മുതല്‍ ഉറക്കം നഷ്ടപ്പെട്ടതാണ്‍ രണ്ടു പേരുടേയും. മലപ്പുറത്ത് മുഴുവന്‍ തീവ്ര ചിന്താഗതി ഉള്ളവരാണ്, മലപ്പുറം ചോട്ടാ പാക്കിസ്ഥാൻ ആണ്, മലപ്പുറത്തെ മുസ്ലീങ്ങള്‍ മറ്റു മതത്തിൽപെട്ടവരോട് കൂട്ടുകൂടില്ല എന്നിങ്ങനെയുള്ള കേട്ടുകേൾവിയായിരുന്നു അവരുടെ ഉറക്കം കെടുത്തിയിരുന്നത്.
ഒടുവില്‍ എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ച് അവര്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചു. മലപ്പുറത്ത് ബസ് ഇറങ്ങിയ ഉടന്‍ രമ്യ സുരേഷിന്റെ കയ്യില്‍ മുറുകെ പിടിച്ചു
" സുരേഷേട്ടാ, തല താഴ്ത്തി നടന്നാല്‍ മതി. ആരുടെയും മുഖത്ത് നോക്കേണ്ട. നമ്മള്‍ നോക്കുന്നത് ഇഷ്ടായില്ലെങ്കിൽ ഇവിടുത്തെ ആളുകള്‍ നമ്മളെ ഉപദ്രവിക്കും"
സുരേഷ് ഒന്നു മൂളി, എന്നിട്ട് ഓട്ടോ സ്റ്റാൻഡിൽ പോയി അവര്‍ക്ക് താമസിക്കാനുള്ള വാടക വീടിന്റെ അഡ്രസ് കാണിച്ചു. ഓട്ടോക്കാരൻ അവരെ അവിടെ എത്തിച്ചു.
അവരുടെ വീടിന്റെ തൊട്ടടുത്ത് ആമിനുമ്മയുടെ വീടായിരുന്നു. എന്നും രാവിലെ ആമിനുമ്മ പേരക്കുട്ടിയേയും എടുത്തോണ്ട് രമ്യയുടെ അടുത്ത് പോയി ഓരോ കുശലങ്ങൾ പറയും. പക്ഷെ രമ്യക്ക് അവരോട് സംസാരിക്കാന്‍ എന്തോ ഒരു ഭയമായിരുന്നു.
ഒരു ഞാറാഴ്ച്ച ദിവസം ഉച്ചയ്ക്ക് വീടിന്റെ കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ട് സുരേഷ് വാതില്‍ തുറന്നു. പുറത്ത് കയ്യില്‍ ഒരു പാത്രവും പിടിച്ച് ചിരിച്ചുകൊണ്ട് ആമിനുമ്മ
" മോനെ, ഇത് കൊറച്ച് കോഴി ബിരിയാണിയാണ്. ഇത്ണ്ടാക്കിയപ്പം ഇങ്ങളേയും ഞമ്മക്ക് ഓര്‍മ്മ വന്ന്"
ബിരിയാണി മേടിക്കണോ വേണ്ടയോ എന്ന് സുരേഷ് ആലോചിച്ച് നില്‍ക്കുമ്പോള്‍ രമ്യ അവന്റെ കയ്യില്‍ ഒന്ന് അമര്‍ത്തി നുള്ളി
" സുരേഷേട്ടാ, വേഗം മേടിച്ചോ ഇല്ലെങ്കില്‍ ആകെ പ്രശ്നമാവും"
ഇത് കേട്ടതും സുരേഷ് ആമിനുമ്മയുടെ കയ്യില്‍ നിന്നും ബിരിയാണി വേഗം മേടിച്ചു. നല്ല മലപ്പുറം ദം ബിരിയാണിയുടെ മണം മൂക്കിൽ കയറിയപ്പോള്‍ രമ്യ അറിയാതെ ചോദിച്ചു പോയി
" നിങ്ങളുടെ വീട്ടിലൊക്കെ എന്നും ചിക്കന്‍ ബിരിയാണി ആവും ലേ..?"
ആശ്ചര്യത്തോടെ ആമിനുമ്മ
" അന്നോട് ഇത് ആരാ പറഞ്ഞേ..?"
" ഞാന്‍ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. മലപ്പുറത്തെ വീടുകള്‍ കാണിക്കുമ്പോഴൊക്കെ അവര്‍ ചിക്കന്‍ ബിരിയാണി കഴിച്ചോണ്ട് ഇരിക്കാവും അതാ ചോദിച്ചേ"
ആമിനുമ്മ ഒന്ന്‌ പുഞ്ചിരിച്ചു
" എന്റെ മോളേ, സിനിമാക്കാർ അങ്ങനെ പലേതും പറയും. ഒന്നൊന്നര മാസായി ഞങ്ങളുടെ പെരേല് എറച്ചീം മീനും ണ്ടാക്കിയിട്ട്. മണ്ഡല മാസം അല്ലായിരുന്നോ, അതാ"
രമ്യ അത്ഭുതത്തോടെ
" മണ്ഡല മാസോ...? അത് ഹിന്ദുക്കൾക്കല്ലേ.?
ആമിനുമ്മ ചിരിച്ചു കൊണ്ട് രമ്യയെ നോക്കി
" അതെ ഹിന്ദുക്കൾക്കാണ്. നിക്കൂണ്ട് ഹിന്ദുവായ ഒരു മോന്‍. ന്റെ മോന് ഷിയാസിന്റെ ചെങ്ങായി ഉണ്ണികൃഷ്ണന്‍. അവന്റെ അച്ഛന് എന്തോ വല്യ ഒരു ഓപ്പറേസന്‍ കഴിഞ്ഞ് ആശുപത്രിയിലാണ്. അവന്റെ അമ്മ അച്ഛന് കൂട്ടായി അവിടേണ്. ഉണ്ണിയാണെങ്കിൽ എല്ലാ വര്‍ഷവും മല കേറാൻ പോവുന്നതാണ്. അതോണ്ട് തന്നെ ഇപ്രാവശ്യം പതിവ് തെറ്റിക്കണ്ടാ എന്ന് ഞാനും പറഞ്ഞു. അതോണ്ട് തന്നെ പെരേല് എറച്ചീം മീനും കേറ്റാറു പോലുല്യാ"
ഇത്രയും പറഞ്ഞ് ആമിനുമ്മ വീട്ടിലേക്ക് പോയി. രമ്യയും സുരേഷും കുറച്ച് സമയം മുഖത്തോട് മുഖം നോക്കി നിന്നു.
" അല്ല സുരേഷേട്ടാ, അപ്പോ നമ്മള്‍ കേട്ടത് ഈ മലപ്പുറത്തെ കുറിച്ചല്ലേ..?"
സുരേഷ് ഒന്നും മിണ്ടിയില്ല.
അടുത്ത വെള്ളിയാഴ്ച ദിവസം ആമിനുമ്മയുടെ വീടിന് പുറത്ത് ബഹളം കേട്ട് രമ്യ ജനൽ വഴി അത് ശ്രദ്ധിച്ചു. ഉണ്ണിയും ഷിയാസും തമ്മിലായിരുന്നു വഴക്ക്
" ടാ ഷിയാസേ, കാര്യമൊക്കെ സമ്മതിച്ചു. ലാലേട്ടന്റെ സിനിമയാണ്, ടിക്കറ്റ് കിട്ടാന്‍ ഭയങ്കര പ്രയാസാണ്. പക്ഷെ നൂൺ ഷോ നമ്മള്‍ കാണില്ല. മാറ്റിനിക്കോ, ഫസ്റ്റ് ഷോക്കോ പോവാം. നീ ആ ടിക്കറ്റ് വേറെ ആര്‍ക്കെങ്കിലും കൊടുത്തേ. വെള്ളിയാഴ്ച ആയിട്ട് പള്ളിയില്‍ പോവാതെ അവന്‍ സിനിമക്ക് പോവാന്‍ നിക്കാ. അടിച്ച് കരണം ഞാന്‍ പൊളിക്കും... പോടാ.. പള്ളീൽ പോ.
വര്‍ഷങ്ങള്‍ക്ക് ശേഷം
" സുരേഷേട്ടാ, അപ്പോള്‍ നാളെ നമ്മള്‍ മലപ്പുറത്തിനോട് വിട പറയാണ് ലേ...?"
" ഒരുപാട് സങ്കടം തോന്നുന്നു ഇവിടെ നിന്നും പോവാന്‍"
" സുരേഷേട്ടാ, ഇവിടുന്ന് പോയാലും നമുക്ക് ഇടക്കിടെ ആമിനുമ്മായുടെ അടുത്ത് വരണം ട്ടോ"
സിനാസ് സിനു.

അച്ഛന്‍

Image may contain: 1 person, smiling, sunglasses, selfie, beard and closeup

" അച്ഛാ, എനിക്കാ പാടുന്ന കിളിയെ മേടിച്ചു തരോ..?"
അഞ്ചു വയസ്സുകാരൻ മകന്‍ രാജീവിന്റെ പോക്കറ്റില്‍ പിടിച്ചു വലിച്ച് കെഞ്ചി. ഒഴിഞ്ഞു കിടക്കുന്ന തന്റെ പോക്കറ്റിലേക്ക് രാജീവ് ഒന്ന് നോക്കി
" മോന് അച്ഛന്‍ ഇതിനെക്കാൾ വലിയ കിളിയെ നാളെ വാങ്ങിച്ചു തരാട്ടോ"
" വേണ്ട, എനിക്ക് ഈ കിളിയെ മതി"
രാജീവ് മകന്റെ കൈ പിടിച്ച് ആ കടയുടെ മുന്നില്‍ നിന്നും വേഗത്തില്‍ നടന്നു. മകന്‍ ഒന്നും മിണ്ടിയില്ല. പക്ഷെ ആ അഞ്ചു വയസ്സുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ കണ്ടു. രാജീവ് മകനെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. രാജീവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട മകന്‍ അവന്റെ കുഞ്ഞു കൈകള്‍ കൊണ്ട് ആ കണ്ണീര്‍ തുടച്ചു മാറ്റി
" നിക്ക് ആ കിളിനെ ഇപ്പോ വേണ്ടാച്ഛാ, പിന്നെ മതി. അച്ഛന്റെ കൈയില്‍ കുറേ പൈസ ഉള്ളപ്പോൾ. ന്റെ അച്ഛന്‍ കരയേണ്ട ട്ടോ"
രാജീവ് നിറകണ്ണുകളോടെ തന്റെ മോനെ നോക്കി തലയാട്ടി.
വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ മദ്രാസിൽ ജോലിചെയ്യുന്ന രാമേട്ടൻ അന്വേഷിച്ച കാര്യം ഭാര്യ രാജീവിനോട് പറയുന്നത്. അവൻ രാമേട്ടനെ വീട്ടിൽ പോയി കണ്ടു.
" രാമേട്ടാ, എപ്പോഴാ എത്തിയേ..? അവിടെ എങ്ങനാ, ചൂടുണ്ടോ..?"
രാമേട്ടൻ അവനെ അടിമുടി ഒന്നു നോക്കി
"ഇത് എന്ത് കോലാണ് എന്റെ രാജീവേ, എന്തുപറ്റിയെടോ നിനക്ക്, മുഖത്ത് വല്ലാത്ത നിരാശ പോലെ. നീ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ..?"
രാജീവ് രാമേട്ടനെ നിഷ്ക്കളങ്കമായി ഒന്ന് നോക്കി
" ന്റെ രാമേട്ടാ പിടിച്ചു നില്‍ക്കാന്‍ പറ്റണില്ല... ചെയ്ത ബിസിനസ്സ് എല്ലാം നഷ്ടത്തിലായി. കുറച്ച് സാമ്പത്തിക ബാധ്യതയും വന്നു. ഇനി എന്ത് ചെയ്യണം എന്നറിയാതെ നിക്കാ ഞാന്‍. ന്റെ മോന്‍.... ആവശ്യപ്പെട്ട കളിപ്പാട്ടം പോലും മേടിച്ചു കൊടുക്കാന്‍ ഗതിയില്ലാത്തവനായി ഞാന്‍"
രാജീവിന്റെ ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. രാമേട്ടൻ അവനെ ആശ്വസിപ്പിച്ചു
" നീ ഇങ്ങനെ വിഷമിക്കാതെ, ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകും. ജീവിതം എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊക്കെ അല്ലേടോ"
രാജീവ് കുറച്ച് സമയം ഒന്നും മിണ്ടിയില്ല. അവന്‍ രാമേട്ടന് മുന്നില്‍ തന്റെ വിറക്കുന്ന കൈകള്‍ കൂപ്പി നിന്നു
" രാമേട്ടാ, എനിക്കൊരു ജോലി ശരിയാക്കി തരോ...? പറ്റില്ല എന്ന് പറയരുത്... വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാ"
രാമേട്ടൻ രാജീവിന്റെ കയ്യില്‍ പിടിച്ചു
" അതിന് എന്റെ മുന്നില്‍ ഇങ്ങനെ അപേക്ഷിക്കണോടാ നിനക്ക്...? ഞാന്‍ തിരിച്ചു പോയിട്ട് ഒന്ന് അന്വേഷിക്കട്ടെ. അവിടെ ജോലി സാധ്യത കൂടുതലും ഹോട്ടലിലെ ജോലിക്കാണ്. ഒരു വിശ്രമവും ഇല്ലാത്ത പണി ആയിരിക്കും. ദിവസവും പതിനാലും പതിനഞ്ചും മണിക്കൂര്‍ ജോലി ഉണ്ടാകും. നിന്നെക്കൊണ്ട് അതിനൊക്കെ സാധിക്കുമോ..?"
" ഞാന്‍ എന്ത് ജോലിയും ചെയ്തോളാം രാമേട്ടാ. എന്റെ ഭാര്യയുടെയും മോന്റെയും കണ്ണീര് എനിക്ക് ഇനി കാണാന്‍ വയ്യ രാമേട്ടാ"
രാമേട്ടൻ രാജീവിന് ശുഭ പ്രതീക്ഷ നല്‍കി പറഞ്ഞയച്ചു.
രാമേട്ടൻ മദ്രാസിൽ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജീവിന് വിളി വന്നു. ഒരു ഹോട്ടലില്‍ ജോലി തരപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹം രാജീവിനെ വിളിച്ചത്.
രാജീവ് തന്റെ പ്രിയതമയോടും മകനോടും യാത്ര പറഞ്ഞ് പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കാനായി നിറകണ്ണുകളോടെ മദ്രാസിലേക്ക് യാത്ര തിരിച്ചു.
അവന് ദിവസവും മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സമയം കിട്ടിയിരുന്നൊള്ളൂ, അവിടുത്തെ ജോലിത്തിരക്കിനിടയിൽ. എല്ലാം സഹിച്ച് അവന്‍ തന്റെ കുടുംബത്തിന് വേണ്ടി അവിടെ ജോലി ചെയ്തു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ബിസിനസ്സിൽ വന്ന ബാധ്യതകൾ എല്ലാം അവന്‍ തീര്‍ത്തു. വാടക വീട്ടില്‍ നിന്നും സ്വന്തമായി പണിത കൊച്ചു വീട്ടിലേക്ക് അവര്‍ താമസം മാറി. മകനെ നല്ല സ്കൂളില്‍ പഠിപ്പിച്ചു. ഭാര്യയ്ക്ക് ഉടുക്കാൻ നല്ല വസ്ത്രങ്ങള്‍ മേടിച്ചു കൊടുത്തു. എല്ലാം കൊണ്ടും രാജീവ് തന്റെ കുടുംബത്തെ സന്തോഷത്തിലാക്കി. ഇതിനിടയില്‍ ഒരു വിരുന്നുകാരനെപ്പോലെ സ്വന്തം വീട്ടില്‍ വന്നു പോയികൊണ്ടിരുന്നു അവന്‍. സ്വന്തമായി നല്ല ഒരു വസ്ത്രം പോലുമില്ലായിരുന്നു അവന്. അതിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് അവന്‍ പറയും
" എനിക്ക് നല്ല വസ്ത്രങ്ങള്‍ അണിയാനൊക്കെ ഇഷ്ടാണ്. പക്ഷെ വസ്ത്രം മേടിക്കണം എന്ന് കരുതുന്ന ഉടന്‍ ഭാര്യയുടെയും മകന്റെയും മുഖം മനസ്സില്‍ വരും, അപ്പോ ഞാന്‍ ആ കാശ് കൊണ്ട് അവര്‍ക്ക് വസ്ത്രം മേടിക്കും. അവരിങ്ങനെ ആ പുത്തൻ വസ്ത്രങ്ങള്‍ അണിഞ്ഞ് എന്റെ മുന്നില്‍ വന്ന് ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ... ആ എത്ര പുതിയ വസ്ത്രം അണിഞ്ഞാലും എനിക്ക് കിട്ടില്ല"
ഒരിക്കല്‍ രാജീവ് നാട്ടില്‍ അവധിക്ക് പോയ സമയത്തായിരുന്നു മകന്റെ സ്കൂളില്‍ യുവജനോത്സവം നടന്നിരുന്നത്. ഭാര്യ രാജീവിന്റെ അടുത്ത് വന്ന് ആകാംക്ഷയോടെ പറഞ്ഞു
" രാജീവേട്ടാ, ഇന്ന് നമുക്ക് മോന്റെ സ്കൂളില്‍ പോണം ട്ടോ, ഇന്നത്തെ കവിത മത്സരത്തില്‍ അവനും പങ്കെടുക്കുന്നുണ്ട്. അവന്‍ സ്വന്തമായി എഴുതിയ കവിതയാണ് സ്റ്റേജില്‍ കയറി ചെല്ലാൻ പോകുന്നത്"
മകനെ കുറിച്ച് കേട്ടപ്പോള്‍ രാജീവ് അഭിമാനം കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വീണ്ടും ഇരുന്നു. മകനെ കുറിച്ച് അവന് കൂടുതലായൊന്നും അറിയില്ലായിരുന്നു. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ കുറച്ച് സമയം സംസാരിക്കും എന്നല്ലാതെ....
തന്റെ മകന്റെ പേര് വിളിക്കുന്നതും കാത്ത് രാജീവ് കാണികൾക്കിടയിൽ ആകാംക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ മകന്റെ പേര് വിളിച്ചു. പത്ത് മാസം ചുമന്ന് പെറ്റ അമ്മ എന്ന ദൈവത്തെ കുറിച്ചായിരുന്നു അവന്‍ കവിത ചൊല്ലിയത്. അവന്റെ കുട്ടിക്കാലത്തെ അമ്മയുമായുള്ള സ്നേഹവും, പിണക്കവും, തമാശയുമെല്ലാം അവന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. തന്നെ പെറ്റുവളർത്തിയ അമ്മ എന്ന ദൈവത്തോടുള്ള സ്നേഹവും, നന്ദിയും, കടപ്പാടും നിറഞ്ഞുതുളുമ്പുന്നതായിരുന്നു അവന്‍ എഴുതിയ കവിതയിലെ ഓരോ വരികളും. കവിത ചൊല്ലി തീർന്നതും കാണികൾക്കിടയിൽ നിന്നും നിലയ്ക്കാതെയുള്ള കരഘോഷം ഉയര്‍ന്നു. തന്റെ മകന് കിട്ടു കയ്യടികൾ കണ്ട് രാജീവ് സന്തോഷത്തിന്റെ മിഴിനീർ പൊഴിച്ചു. ആ മിഴിനീർ തുള്ളികൾ തന്റെ മുഷിഞ്ഞ തുവാലകൊണ്ട് അയാള്‍ തുടച്ചു മാറ്റി. അപ്പോഴാണ്‌ അയാളുടെ മൊബൈല്‍ ശബ്ദിച്ചത്. രാമേട്ടനായിരുന്നു കോളിൽ
" ആ രാമേട്ടാ, ഞാന്‍ നാളെ തിരിക്കും. പിന്നെ.. എന്റെ മോന്‍ ആളു പുലിയാട്ടാ.. സ്വന്തമായി കവിതയൊക്കെ എഴുതി ഒരു പേടീം കൂടാതെ ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് എത്ര രസായിട്ടാ അവനത് ചൊല്ലിയേ എന്നറിയോ..?"
ഒന്നു നിറുത്തിയിട്ട് അവന്‍ തുടര്‍ന്നു
" അവന്റെ അമ്മയെ അവന് ജീവനാ... എന്നെ അവന് പിന്നെ കൂടുതല്‍ അറിയില്ലല്ലോ... എനിക്ക് എന്തേലും പറ്റിയാലും എന്റെ ഭാര്യയെ അവന്‍ പൊന്നുപോലെ നോക്കും. അത് എനിക്ക് ഉറപ്പാ"
ഒരു ആയുസ് മുഴുവന്‍ തന്റെ കുടുംബത്തിന് വേണ്ടി മാറ്റിവെച്ച രാജീവ് മുണ്ടിന്റെ ഒരു അറ്റം കയ്യില്‍ പിടിച്ച് അറ്റം കാണാതെ നില്‍ക്കുന്ന റോഡിലൂടെ നടന്നു നീങ്ങി.....
ഒരു വേദ പുസ്തകങ്ങിലും പേര് എഴുതിവെക്കാത്ത ദൈവമാണ് അച്ഛന്‍.
സിനാസ് സിനു

കുളിസീൻ കയ്യിലുണ്ട്


☞☞☞☞ കുളിസീൻ കയ്യിലുണ്ട് ☜☜☜☜
മോനെ സ്കൂളില്‍ പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു മായ. അപ്പോഴാണ് വീടിന്റെ‌ കോളിംഗ് ബെൽ ശബ്ദിച്ചത്. അവള്‍ പോയി കതക് തുറന്നു. അവളുടെ അയൽവാസിയായ മിഥുൻ എന്ന യുവാവ് ആയിരുന്നു അത്
" ആ മിഥുനേ, നീയായിരുന്നോ..? എന്താ പതിവില്ലാതെ ഈ വഴിയൊക്കെ..?"
മിഥുൻ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് വീട്ടിനകത്തേക്ക് കയറി. മായ ഒന്ന് അമ്പരന്നു.
" ചേച്ചി, മോനെ സ്കൂളില്‍ പറഞ്ഞു വിട്. എനിക്ക് ചേച്ചിയോട് ഒരു കാര്യം സംസാരിക്കാനുണ്ട്"
അവള്‍ക്ക് ഒന്നും മനസ്സിലായില്ല. ആ സമയം മോനെ കൊണ്ടു പോകാനുള്ള ഓട്ടോറിക്ഷ വീടിന് പുറത്ത് വന്നു നിന്നു. അവള്‍ മോനെ ഓട്ടോയിൽ കയറ്റി പറഞ്ഞയച്ചു.
തിരിച്ച് വീട്ടില്‍ കയറിയ അവള്‍ മിഥുനിനോട് കാര്യം തിരക്കി. അവന്‍ നന്നായി വിയര്‍ക്കുന്നത് അവള്‍ ശ്രദ്ധിച്ചു.
" ചേച്ചി, ഭര്‍ത്താവ് വിളിച്ചിരുന്നോ ഗള്‍ഫില്‍ നിന്ന്"
" ഉം, വിളിച്ചിരുന്നു. നീ വന്ന കാര്യം പറ മിഥുൻ"
മിഥുൻ തന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് അവള്‍ക്ക് നേരെ നീട്ടി.
" ഈ വീഡിയോ ചേച്ചിയൊന്ന് കാണണം"
മൊബൈല്‍ വാങ്ങി വീഡിയോ കണ്ട അവള്‍ ഞെട്ടിത്തരിച്ചുപോയി. പൂർണ നഗ്നയായി അവള്‍ കുളിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. അവളുടെ ഹൃദയമിടിപ്പുകൾ കൂടി, ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍ അവളെ ആശ്വസിപ്പിച്ചു
" ഹേയ്, ചേച്ചി എന്തിനാ കരയണേ..? ഞാന്‍ ഇത് ആര്‍ക്കും കാണിച്ചു കൊടുക്കാനൊന്നും പോണില്ല"
അവള്‍ അവനെ ദയനീയമായി ഒന്ന് നോക്കി
" എന്തിനാ നീ ഇത് ചെയ്തേ..?"
അവന്‍ ഒന്ന് പുഞ്ചിരിച്ചു
" ന്റെ ചേച്ചി, കുറേ കാലമായി നിങ്ങളെ ഞാന്‍ മോഹിച്ച് നടക്കാന്‍ തുടങ്ങിയിട്ട്. എന്ത് രസാ ചേച്ചി നിങ്ങളെ കാണാന്‍"
മായ നിറകണ്ണുകളോടെ അവന്റെ കണ്ണിലേക്ക് നോക്കി
" ന്റെ രമണി ചേച്ചിയുടെ മോന്‍ മിഥുൻ തന്നെയാണോ ഇത് പറയുന്നത്..? നിന്നോട് എന്നെങ്കിലും ഞാന്‍ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ..? ഒരു അനിയനെ പോലെയല്ലേ നിന്നെ ഞാന്‍ കരുതിയിട്ടൊള്ളൂ, ഈ നിമിഷം വരെ ...എന്നിട്ടും... നീ"
മിഥുൻ പുച്ഛത്തോടെ അവളെയൊന്നു നോക്കി
" എന്റെ ചേച്ചി, ചേച്ചിക്കുമില്ലേ ആഗ്രഹങ്ങളൊക്കെ, ജീവിതം ആസ്വദിക്കാനുള്ളതാണ് ചേച്ചി. അല്ലാതെ ഇങ്ങനെ അടക്കി പിടിച്ച് ഇരിക്കാനുള്ളതല്ല"
മായയുടെ മുഖം ചുവന്നു
" ഇനിയും നീ ഈ കാര്യവും പറഞ്ഞ് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ ചേട്ടനെ വിളിച്ചു പറയും "
മിഥുൻ പൊട്ടിച്ചിരിച്ചു
" അയ്യോ!! വേണ്ട ചേച്ചി, ചേച്ചി പറയേണ്ട. ചേട്ടന്‍ കണ്ടോളും യു ട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെയായിട്ട്.... ചേച്ചീടെ ഹോട്ട് വീഡിയോസ്"
മായക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവള്‍ കുറച്ച് വെള്ളം കുടിച്ചു. അവനോട് ഒരുപാട് കെഞ്ചി നോക്കിയെങ്കിലും അവന്റെ മനസ്സ് മാറിയില്ല. ഒടുവില്‍ അവന്റെ കാലില്‍ വരെ അവള്‍ വീണു, പക്ഷെ അവന് ഒരു അനക്കവും ഇല്ലായിരുന്നു.
ഒടുവില്‍ അവന്‍ പറയുന്നത് പോലെ അനുസരിക്കാം എന്ന് അവള്‍ സമ്മതിച്ചു.
" ഇന്ന് രാത്രി ഞാന്‍ വരും. നല്ല സുന്ദരി കുട്ടിയായിട്ട് അണിഞ്ഞൊരുങ്ങി നില്‍ക്കണം, കെട്ടോ"
അവള്‍ തന്റെ കണ്ണീര് തുടച്ചു മാറ്റി ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി
പറഞ്ഞത് പോലെ അന്ന് രാത്രി അവന്‍ അവളുടെ വീട്ടിലെത്തി. വീടിന്റെ പിറക് വശത്തെ വാതില്‍ അവള്‍ അവനുവേണ്ടി തുറന്നു വെച്ചിരുന്നു.
വീടിനകത്തേക്ക് കയറിയ അവന്‍ അവളുടെ മുറിയെ ലക്ഷ്യമാക്കി നടന്നു. മുറിയിലെത്തി ലൈറ്റിട്ട അവന്‍ ഞെട്ടി. ആ മുറിക്കകത്ത് അവന്റെ അച്ഛന്‍, അമ്മ, ചേട്ടന്‍, അനിയത്തി എന്നിവര്‍ അവനേയും കാത്തിരിപ്പുണ്ടായിരുന്നു. അവരെ കണ്ടതും ഓടാന്‍ ശ്രമിച്ച അവനെ ചേട്ടന്‍ പിടികൂടി, തലങ്ങും വിലങ്ങും മർദ്ദിച്ചു. അവനെ കൊണ്ട് മായയുടെ കാൽകൽ വീണ് മാപ്പ് പറയിച്ചു. മായ അവനെ ഒന്ന് നോക്കി
" എന്റെ മുഖത്ത് പോലും നോക്കാതെ നടക്കുന്ന പയ്യനാ, നിനക്ക് ഇങ്ങനെ ഒരു മുഖമുള്ള കാര്യം അറിഞ്ഞിരുന്നില്ല ഞാന്‍. നിന്റെ ഭീഷണിക്ക് ഞാന്‍ വഴങ്ങി തന്നിരുന്നെങ്കിൽ നീ അതും വെച്ച് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടിയേനേ. ഞാന്‍ കുളിക്കുന്നത് ഒളി ക്യാമറ വെച്ച് എടുത്തതല്ലേ നിന്റെ കയ്യിലൊള്ളൂ, അല്ലാതെ ഞാന്‍ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതിന്റെ ഒന്നും ഇല്ലല്ലോ. നിനക്ക് വഴങ്ങിയിരുന്നെങ്കിൽ ചിലപ്പോള്‍ ആ വീഡിയോയും കാണിച്ച് പലരും നീ വന്നപോലെ ഈ വീട്ടില്‍ കയറി വരുമായിരുന്നു, നിന്റെ അനുവാദത്തോടു കൂടി"
അവള്‍ തന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ തുടച്ചു മാറ്റി
" നിന്നെ സ്വന്തം അനിയനെ പോലെയാ ഞാന്‍ കണ്ടിരുന്നേ, ഇപ്പോള്‍ നിനക്ക് എന്റെ അവസ്ഥ മനസ്സിലാകില്ല. നാളെ ഈ അവസ്ഥ നിന്റെ ഭാര്യക്കോ, മകള്‍ക്കോ വരുമ്പോഴേ നിനക്ക് അത് മനസ്സിലാകൂ"
സിനാസ് സിനു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo