
എടിയേ, ഇന്ന് എന്റെ കുറച്ച് കൂട്ടുകാര്‍ വരും. നമുക്ക് വീട്ടിലെ കോഴിയെ അങ്ങ് കൊന്നാലോ..?"
" അതിനെന്താ ചേട്ടാ, കറിവെക്കണോ അതോ എണ്ണയില്‍ വറുത്തെടുക്കണോ..?"
" വറുത്താ മതിയെടീ, കുപ്പിയൊക്കെ ഉള്ളതെല്ലേ..? അപ്പോ കടിച്ചു പറിക്കാൻ എന്തേലും വേണ്ടേ..?"
കൂട്ടിൽ നിന്നും പുറത്തേക്കോടിയ കോഴിയെ അവള്‍ ഓടിച്ചിട്ടു പിടിച്ചു. എന്നിട്ട് ഭര്‍ത്താവിന്റെ കയ്യിലുള്ള മൂർച്ചയുള്ള കത്തിയുടെ മുന്നിലേക്ക് അതിന്റെ കഴുത്ത് വെച്ചുകൊടുത്തു. നിമിഷ നേരം കൊണ്ട് അയാള്‍ കോഴിയുടെ തലയും ഉടലും രണ്ടാക്കി
" എടിയേ, ഇത് ചാവാൻ കുറച്ച് സമയം എടുക്കും. നാടനെല്ലെയോ. അവിടെ കിടന്ന് പിടയട്ടെ. നീ വാ നമുക്ക് ബാക്കി പണികൾ നോക്കാം"
ഇത്രയും പറഞ്ഞ് അയാളും ഭാര്യയും അടുക്കളയിലേക്ക് പോയി.
തന്റെ ഇണ തലയും ഉടലും രണ്ടായി ചേതിക്കപ്പെട്ട് മണ്ണില്‍ കിടന്ന് പിടയുന്നത് ദയനീയമായി, നിസ്സഹായമായി അമ്മ കോഴി പിടയുന്ന നെഞ്ചോടെ നോക്കി നിന്നു. ആ പിടയുന്ന ജീവൻ സമ്മാനിച്ച മുട്ടക്ക് അടയിരിക്കുകയായിരുന്നു അപ്പോള്‍ അമ്മക്കോഴി. തന്റെ കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ പോലും സാധിക്കാതെ, അവരെ ലാളിക്കാൻ സാധിക്കാതെ മണ്ണില്‍ ചോര പുരണ്ട് പിടയുന്ന ഇണയുടെ തല ഉടലിൽ ബന്ധിപ്പിക്കാൻ തന്റെ ചുണ്ടുകള്‍ കൊണ്ട് ശ്രമിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ ആ പിടച്ചില്‍ അവസാനിച്ചു. അതേ സമയം കോഴിക്കൂടിനകത്ത് നിന്ന് മുട്ട പൊട്ടിച്ച് പുറത്ത് വരുന്ന തന്റെ കുഞ്ഞുങ്ങളുടെ കരച്ചിലും കേട്ടു അമ്മക്കോഴി. മുട്ടയിൽ പകുതിയേ വിരിഞ്ഞിട്ടൊള്ളൂ. ബാക്കി പകുതി വിരിയാൻ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം മതി. അപ്പോഴാണ് അടുക്കളയില്‍ നിന്നും ആ ശബ്ദം
" എടിയേ, നീ കോഴിക്കൂടിൽ നിന്നും ആ മുട്ടയെടുത്ത് ഒന്ന് പുഴുങ്ങിയേ. നാടൻ മുട്ടയുടെ രുചി ഒന്ന് വേറെ തന്നെയാ"
വീട്ടമ്മ തന്റെ വിരിയാൻ സമയമായ മുട്ടയുടെ അടുത്തേക്ക് പോകുന്നത് കണ്ട അമ്മ കോഴി അവരുടെ അടുത്തേക്ക് ഓടി. പക്ഷെ തന്റെ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് അവര്‍ അമ്മക്കോഴിയെ ആട്ടിയോടിച്ചു. കൂട്ടിൽ നിന്നും മുട്ടയെടുത്ത് തിളക്കുന്ന വെള്ളത്തിലിട്ടു.
അടുക്കളയിലെ ജോലിക്കിടയിലാണ് ടിവിയില്‍ അവര്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന, കുലുക്കുന്ന ആ വാര്‍ത്ത കണ്ടത്
" ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനേയും മക്കളേയും വെട്ടിക്കൊന്നു"
ഈ വാര്‍ത്ത കണ്ടതും രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു
" എന്ത് അക്രമമാണ് ഇത്, എന്ത് ക്രൂരതയാണ് ഇത്, ഇവനെയൊക്കെ വെടിവെച്ചു കൊല്ലണം"
ആ അമ്മക്കോഴിയും ഇതൊക്കെ തന്നെയാവും പറഞ്ഞിട്ടുണ്ടാവുക.
ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല...
സിനാസ് സിനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക