Slider

സ്നേഹപൂര്‍വ്വം...

0

അച്ഛനൊരു കൂലിപ്പണിക്കാരനായതു കൊണ്ടും ഞാനതു കണ്ടു വളർന്നതു കൊണ്ടും
എന്റെ മനസ്സെന്നും പറഞ്ഞിരുന്നു എനിക്കൊരു ജോലി കിട്ടിയിട്ട് വേണം അച്ഛനോട് വീട്ടിൽ തന്നെ ഇരിക്കാൻ പറയാനെന്ന്....
പഠിത്തത്തിൽ ഒട്ടും ശ്രദ്ധ ഇല്ലാത്തത് കണ്ട് അച്ഛൻ പറഞ്ഞിരുന്നു
വല്ലതും പഠിച്ചാൽ എന്നെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല എന്ന്..
അതൊന്നും എന്റെ മണ്ടയിൽ കയറിയില്ല...
ഒരേ ഒരു ചിന്ത പത്ത് കാശുണ്ടാക്കണം എന്ന് മാത്രമായിരുന്നു...
എങ്ങനെയോ പത്തു കടന്നപ്പോൾ ഞാൻ പോലും അത്ഭുത പെട്ടു...
പിന്നെയെന്തോ പഠിക്കാൻ പോകണമെന്ന് തോന്നിയില്ല എങ്ങനെയെങ്കിലും ഒരു കൈ തൊഴിൽ പഠിക്കണം എന്നായി ചിന്ത
ആ ചിന്ത പത്തു കാശുണ്ടാക്കിയിട്ട് വേണം അച്ഛനോട് വീട്ടിൽ തന്നെ ഇരിക്കാൻ പറയാൻ എന്ന മോഹം കൊണ്ടു തന്നെയായിരുന്നു..
അതിനായി കൂട്ടുകാരന്റെ ചേട്ടനോട് കാര്യം അവതരിപ്പിച്ചു....
എന്റെ ഈ കാര്യം കേട്ട് ആദ്യം അമ്പരന്നെങ്കിലും പിന്നെ എന്നെയും കൂട്ടി ടൌണിലെ ഒരു വർഷോപ്പിലേക്ക് വച്ചു പിടിച്ചു...
അങ്ങനെ എന്നും രാവിലെ അമ്മ സ്നേഹം കൂട്ടി പൊതിഞ്ഞു തരുന്ന ഊണുമായി വർഷോപ്പിലേക്ക് പോകാൻ തുടങ്ങി....
പണി എല്ലാം കഴിയുമ്പോൾ ആശാൻ ബസ്സ് പൈസയാണ് കയ്യിൽ വെച്ച് തരാറുള്ളത് അതു കിട്ടുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ്....
അങ്ങനെ വർഷം രണ്ട് കഴിഞ്ഞു ആശാൻ അമ്പത് രൂപ ദിവസം വച്ച് തരാൻ തുടങ്ങി
മനസ്സിൽ വലിയ സന്തോഷം വന്നു തുടങ്ങി...
വർഷം മൂന്ന് കഴിഞ്ഞു ആശാന് അപ്പോഴും അമ്പതിൽ തന്നെയാണ് പിടി....
വർഷം മൂന്നര കഴിഞ്ഞു ആശാൻ അമ്പതിൽ തന്നെ...
പിന്നെ ഇതു പോരാ എന്നെന്റെ മനസ്സ് പറഞ്ഞു തുടങ്ങി...
ആശാനോട് എങ്ങനെ ഇത് പറയും എന്ന് കരുതി അന്നു രാത്രി ഉറക്കം വന്നില്ല...
എന്നാലും അവസാനം ഇത്തിരി മനസങ്കടത്തോടെ പറഞ്ഞു '' 'ആശാനെ ഇത് വീട്ടിലെ ചിലവിനു തന്നെ തികയില്ല വല്ലതും കൂട്ടി തരണമെന്ന്...
ആശാന്റെ മുഖ ഭാവം മാറി പറഞ്ഞു പണി എല്ലാം പഠിച്ചപ്പോൾ നിനക്ക് അഹങ്കാരം ആയില്ലേ''' എന്ന്...
അതു കേട്ടെന്റെ കണ്ണു നിറഞ്ഞു എന്റെ സ്വപ്നങ്ങൾ ആശാന് അഹങ്കാരമായി തോന്നിയതിൽ...
ആശാനോട് ക്ഷമ ചോദിച്ച് എന്നെ ശപിക്കരുതെന്നും പറഞ്ഞു ആ പണി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി...
വീട്ടിലെ ഇരുത്തം കണ്ടമ്മ ചോദിച്ചു '' എന്താ മോനെ വയ്യെ നിനക്കെന്ന്....
ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു....
എങ്കിലും എന്റെ വിഷമം കണ്ടു പിടിച്ചമ്മ പറഞ്ഞു.. ന്നോട് പറ എന്താ എന്ന്...
ഞാൻ പറഞ്ഞു പണി എല്ലാം പടിഞ്ഞിട്ടും ആശാൻ പൈസ ഒന്നും കൂട്ടി തരുന്നില്ല അതിനാൽ ഞാൻ ഇനി അങ്ങോട്ട് പോണില്ല വേറെ പണി നോക്കണം എന്ന്....
അമ്മ ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞ് അമ്മ അടുത്ത് വന്നിരുന്നു എന്നിട്ട് എന്റെ കയ്യിലേക്ക് ഇത്തിരി സ്വർണ്ണം വെച്ച് തന്നിട്ട് പറഞ്ഞു....
മോൻ ഇത് കൊണ്ട് പോയി പണയം വെച്ചോ വിറ്റോ ഒരു വർഷോപ്പ് സ്വന്തമായി തുടങ്ങ്..എന്ന്..
അതു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ആകെ അമ്മയുടെ കയ്യിലും കഴുത്തിലുമുള്ള ഇത്തിരി പൊന്നാണ്
ഇത് പോലെ ഇത്തിരി പൊന്ന് അമ്മക്ക് വാങ്ങി കൊടുക്കണമെന്ന് എന്നോ കരുതിയിരുന്നു... എന്നാൽ അമ്മ ഉള്ളത് കൂടിയെന്നെ ഏൽപ്പിക്കുമ്പോൾ അമ്മയുടെ മുഖത്തേക്കെനിക്ക് നോക്കാനായില്ല..
ഞാൻ അങ്ങനെ സ്വന്തമായി ഒരു വർഷോപ്പ് തുടങ്ങി അമ്മയുടെ പ്രാർത്ഥന പോലെ എല്ലാം നന്നായി തന്നെ മുന്നോട്ട് പോയി....
വർഷം രണ്ട് ഓയിലും ഗ്രീസും പോലെ ഒരു പിടിയും തരാതെ കടന്നു പോയി
എന്റെ മനസ്സിലെ വലിയ ആഗ്രഹം ഇന്ന് അച്ഛനോട് പറയണം എന്ന് കരുതിയാണ് ഷോപ്പടച്ച് നേരെ വീട്ടിലേക്ക് നടന്നത്
എന്റെ മനസ്സിലപ്പോഴും ഇതെല്ലാം അച്ഛനോട് പറയുമ്പോൾ അച്ഛനുണ്ടാകുന്ന ആ സന്തോഷം ഓർത്തെന്റെ ഉള്ളു നിറഞ്ഞു തുടങ്ങിയിരുന്നു...
നേരം പാതിരയായി അച്ഛൻ അതാ ടോർച്ചുമടിച്ച് പടിയും കയറി വരുന്നു എന്നെ കണ്ടതും അച്ഛൻ ചോദിച്ചു
'''നീ ഇന്ന് നേരത്തെ എത്തിയോ എന്ന് ഞാൻ ആ എന്നുത്തരം കൊടുക്കുമ്പോഴേക്കും അടുത്ത ചോദ്യം ... അമ്മയെവിടെ എന്ന് ചോദിക്കുമ്പോഴേക്കും... അമ്മ വന്നു നിന്നു അച്ഛൻ വീട്ടു സാധനങ്ങൾ അമ്മയെ ഏൽപ്പിച്ച് കസേരയിൽ ഇരിന്നൊന്നു ശ്വാസം വിട്ടു..
ആ നേരത്താണ് ഞാൻ അച്ഛനോട് പറഞ്ഞത്...
'''അച്ഛൻ ഇനി പണിക്കൊന്നും പോകേണ്ട വീട്ടിൽ അമ്മയോടൊപ്പം ഇരിക്കണം
എന്ന്....
ഈ വാക്കുകൾ കേട്ടപ്പോൾ അച്ഛനൊന്നു മുഖം തിരിച്ചു പിടിച്ചു പിന്നെ പറഞ്ഞു '' എനിക്കിതൊക്കേ ശീലമായിപ്പോയി വെറുതെ ഇരിക്കാൻ മനസ്സ് സമ്മതിക്കൂല എന്ന്...
ആ വാക്കുകളിൽ അച്ഛന്റെ കണ്ണുകൾ നിറഞ്ഞ ഇടർച്ചകൾ ഉണ്ടായിരുന്നെന്ന് എനിക്ക് മനസ്സിലായി
മുഖം അച്ഛൻ തിരിച്ചു പിടിച്ചത് അത് ഞാൻ കാണാതെ ഇരിക്കാനാണെന്നും മനസ്സിലായി..
എന്നാലും അച്ഛന് ഞാൻ പറഞ്ഞത് സങ്കടമായോ എന്ന് തോന്നും നേരമാണ് അച്ഛൻ എന്റെ തലയിൽ തലോടി അകത്തേക്ക് പോയത്....
ആ തലോടലിൽ എനിക്ക് മനസ്സിലായി അച്ഛന് സന്തോഷമായി എന്ന്....
അച്ഛൻ അനുഗ്രഹിച്ചാണ് ആ കൈ തലയിൽ വെച്ചതെന്നറിഞ്ഞ് ഉള്ള് നിറഞ്ഞ് ആ വരാന്തയിലങ്ങനെയിരുന്നു...
മുറ്റത്ത് പരന്നു കിടക്കുന്ന നിലാവിനെ തന്നെ നോക്കി ഇരിക്കും നേരം അടുത്ത ആഗ്രഹം എന്നിലേക്ക് വന്നെത്തി നോക്കി പറഞ്ഞു..
ഇനി അടുക്കളയിൽ കിടന്നു കഷ്ടപ്പെടണ അമ്മക്കൊരു സഹായിയായി ഒരുവളെ കൊണ്ട് വരണം എന്ന്..
ജീവനേക്കാൾ സ്നേഹിച്ച അവർക്കറിയില്ലല്ലോ എന്റെ ആഗ്രഹങ്ങളിൽ ഏറ്റവും വലുത് അവരാണെന്ന്...
ജീവിതം പൂർണ്ണമാക്കേണ്ടത് അവരോടൊപ്പമെന്നറിഞ്ഞെൻ മനസ്സ് പുതിയ ആഗ്രഹങ്ങളിലേക്ക് പിച്ച വെച്ച് നടക്കാൻ തുടങ്ങി...
സ്നേഹപൂര്‍വ്വം
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo