മജ്‌നു കാ ടില്ല (യാത്ര)
ഓർമ മരിക്കുന്ന കാലത്തോളം മറക്കാൻ പറ്റാത്ത ചിലരുണ്ട് ജീവിതത്തിൽ. അൽപ്പം ക്ളീഷേയാക്കി പറഞ്ഞാൽ ജീവിതത്തിൻറെ നാൽക്കവലയിൽ ഇനിയെന്ത് എന്നറിയാതെ അന്തംവിട്ട് പകച്ചു പണ്ടാരമടങ്ങി നിൽക്കുമ്പോൾ കൈപിടിച്ച് മുന്നോട്ട് കൂട്ടിക്കൊണ്ടുപോയവർ. സ്വിസ്സ് സ്വദേശികളായ അന്നയും പീറ്ററും അവരിൽ പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഹൃദയത്തോട് ചേർന്നിരിക്കുന്നവർ. മൂന്നുപതിറ്റാണ്ടുകളോളം ഒരുമിച്ചു ജീവിച്ച അവർ ഈയടുത്ത കാലത്താണ് ഔദ്യോഗികമായി ഒരു കല്യാണമങ്ങ് കഴിച്ചത്. അതിൻറെ സന്തോഷം പങ്കിടാനാണ് ഒരു യാത്രാമദ്ധ്യേ ഡൽഹിയിലെത്തിയപ്പോൾ എന്നെ കാണണം എന്നവർ പറഞ്ഞത്. ബാങ്കറായ പീറ്ററിനെയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന അന്നയെയും കൊണാട്ട് പ്ളേസിലെയോ മറ്റോ ഏതെങ്കിലും പോഷ് ഹോട്ടലിലാണ് പ്രതീക്ഷിച്ചത്. എന്നാൽ അവരെന്നെ ക്ഷണിച്ചത് വടക്കൻ ഡൽഹിയിൽ യമുനാനദിയോട് ചേർന്നുകിടക്കുന്ന 'മജ്‌നു കാ ടില്ല' എന്ന ടിബറ്റൻ അഭയാർത്ഥിതീരത്തെ ഒരു കൊച്ചുഹോട്ടലിലേക്കാണ്. അന്നാണ് ഒരു ദശാബ്ദത്തോടടുക്കുന്ന ഡൽഹിവാസത്തിനിടയിൽ ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ച് ആദ്യമായി കേട്ടത്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വീട്ടുവേലക്കാരായും മറ്റും ജോലി ചെയ്യുന്ന ടിബറ്റൻ വനിതകളുടെ കുട്ടികൾക്കായി ഒരു ഫ്രീ സ്‌കൂൾ നടത്തുന്നുണ്ട് പീറ്ററും അന്നയും. ആ കണക്ഷനാണ് അവരെ മജ്‌നു കാ ടില്ലയിൽ എത്തിച്ചത്.
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം മുതൽ ടിബറ്റിനെ പടിപടിയായി തങ്ങളുടെ ആധിപത്യത്തിനു കീഴിൽ കൊണ്ടുവന്ന ചൈനയ്‌ക്കെതിരെ ആ നാട്ടിൽ നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടെ ഒരു കലാശക്കൊട്ടായിരുന്നു 1959 ൽ രാജ്യമൊട്ടാകെ നടന്ന വിപ്ലവം. എന്നാൽ ചൈന തങ്ങളുടെ മസ്സിൽ പവറുപയോഗിച്ച് അതിനെ നേരിട്ടു. അതിമാരകമായ രീതിയിൽ ടിബറ്റൻ ജനതയെയും ബുദ്ധമതത്തെയും അടിച്ചൊതുക്കി, ആരാധനാലയങ്ങൾ തകർത്തു, മതപരമായ കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. ദലൈലാമ ധരംശാലയിൽ അഭയം തേടി. ഇക്കാലത്ത് ടിബറ്റ് വിട്ടുപോന്നവരാണ് മജ്‌നു കാ ടില്ലയിലെ ആദ്യകാല അഭയാർത്ഥികൾ. അക്കാലത്ത് വന്നുകൂടിയ പലരും സ്വന്തം ദേശം ഒരിക്കൽ കൂടി കാണാനാകാതെ ഇവിടെ തന്നെ മൃതിയടഞ്ഞു. അവരുടെയൊക്കെ ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ഇപ്പോൾ ഇവിടെ ജീവിക്കുന്നു. 1950 നും 1987 നുമിടയിൽ ഇവിടെ ജനിച്ച എല്ലാവരെയും ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച് പാസ്പോർട്ട് നൽകാനുള്ള ഡൽഹി ഹൈക്കോടതിയുടെ നിർദേശം ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നത് വായിച്ചതോർക്കുന്നു.
മജ്‌നു കാ ടില്ല എന്ന പേരിനെ ആളുകൾ ഇവിടെ 'MT' എന്ന് ചുരുക്കി വിളിക്കുന്നു. ഡൽഹി മെട്രോയുടെ മഞ്ഞലൈനിൽ വിധാൻസഭ സ്റ്റേഷനിൽ ഇറങ്ങി മുപ്പതുരൂപയ്ക്ക് ഒരു റിക്ഷ പിടിച്ചാൽ ഇവിടെയെത്താം. ഇവിടുത്തെ പ്രധാന ആകർഷണം ഓതെന്റിക് ആയ ടിബറ്റൻ ഭക്ഷണം വിളമ്പുന്ന ധാരാളം ഭക്ഷണശാലകളാണ്. സസ്യാഹാരികൾക്കും മാംസാഹാരികൾക്കും ഒരേ പോലെ പറ്റിയ സ്ഥലം. ഭക്ഷണത്തിന് കഴുത്തറപ്പൻ വിലയൊന്നും ഇവിടെ ഈടാക്കുന്നില്ല. ആയിരം രൂപയുണ്ടെങ്കിൽ കുറഞ്ഞത് മൂന്നുപേർക്ക് വയറുനിറയെ ഭക്ഷണം കഴിക്കാം.ഡൽഹിയിൽ വന്ന് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്കും പറ്റിയ ഇടമാണിത്. പഹാഡ്ഗഞ്ചിലെയും കരോൾബാഗിലെയും കുടുസ്സുമുറികളെക്കാൾ നല്ലതും വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമായ മുറികൾ നൽകുന്ന ഏതാനും നല്ല ഹോട്ടലുകളുണ്ടിവിടെ. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലേക്കുള്ള ബസ്സുകൾ പുറപ്പെടുന്ന കാഷ്മീരി ഗേറ്റ് ഇൻറ്റർസ്റ്റേറ്റ് ബസ് സ്റ്റേഷൻ ഇവിടെ നിന്നും അധികം ദൂരെയല്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും വളരെയടുത്താണ്. ഹിമാചൽ പ്രദേശിലെ പല പ്രധാന ഇടങ്ങളിലേക്കും മജ്‌നു കാ ടില്ലയിൽ നിന്നു നേരിട്ട് സ്വകാര്യ ബസ് സർവീസ് ഉണ്ട്. ആവശ്യമുള്ളവർക്ക് അതും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതൊക്കെ കൂടാതെ ഒരു ചെറിയ ബുദ്ധക്ഷേത്രം, കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, വെറുതെ കാപ്പി കുടിച്ച് വർത്തമാനം പറഞ്ഞിരിക്കാൻ പറ്റിയ ഇടങ്ങൾ ഒക്കെയുണ്ട് ഇവിടെ. താൽപ്പര്യമുള്ളവർക്ക് പിന്നാമ്പുറത്ത് യമുനാനദീതടത്തിലുള്ള പച്ചക്കറി കൃഷി പോയിക്കാണാം. ഒപ്പം നദിയിൽ നിന്നുയരുന്ന ദുർഗന്ധവും ആസ്വദിക്കാം. നദിയുടെ അവസ്ഥ എത്ര ശോചനീയമാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.
നമുക്കാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാവും മജ്‌നു കാ ടില്ലയിൽ ചിലവഴിക്കുന്ന ഏതാനും നിമിഷങ്ങൾ. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി സ്വന്തം ലാവണങ്ങൾ വിട്ട് അന്യദേശങ്ങളിൽ ചേക്കേറുന്ന പലരും തങ്ങളുടെ പ്രവാസം മറ്റാരോ അടിച്ചേൽപ്പിച്ചതാണ് എന്ന രീതിയിൽ ഫേസ്ബുക്കിലും മറ്റും സെന്റിയടിച്ച് പോസ്റ്റുന്നത് കാണാം. 'പോയിവരട്ടെ' എന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന, ആരോ പറഞ്ഞതുപോലെ ദൂരെയായിരിക്കുവോളം വീട്ടിലേക്ക് തിരിച്ചുവരാനുള്ള ഒറ്റയടിപ്പാത പുല്ലുമൂടാതെ മനസ്സിൽ സൂക്ഷിക്കുന്ന നമുക്ക് അത്തരം സെന്റിമെന്റ്‌സുകളിൽ നിന്നും പിൻവാങ്ങാം. കാരണം നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസത്തെ ആ രീതിയിൽ അവതരിപ്പിക്കുന്നത് യുദ്ധവും തീവ്രവാദവും കലാപങ്ങളും മൂലം കൈയ്യിൽ കിട്ടുന്നതും നെഞ്ചോടടുക്കി ഇനിയൊരു തിരിച്ചുവരവുണ്ടോ എന്നുറപ്പില്ലാതെ കട്ടമരത്തിലും മറ്റും കയറി പിറന്ന നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ലോകമെമ്പാടുമുള്ള ചിതറിക്കപ്പെട്ട ജനങ്ങളുടെ സഹനങ്ങളോട് ചെയ്യുന്ന നീതികേടാവും എന്നു തോന്നുന്നു. മജ്‌നു കാ ടില്ലയിലെ മനുഷ്യരും ഈ കൂട്ടത്തിൽ പെടുന്നവരാണ്, സ്വന്തം നാടിൻറെ ഊഷ്മളതയിലേക്ക് എന്നെങ്കിലും തിരികെയെത്താൻ കഴിയുമോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തവർ. അവരുടേതാണ് പ്രവാസം. ഇംഗ്ലീഷുകാരൻ അതിനെ 'exile' എന്നു വിളിക്കുന്നു. നമ്മൾ സ്വയം പ്രവാസമെന്ന് കരുതുന്നതിനെ ദ്യോതിപ്പിക്കുന്ന വാക്ക് 'sojourn' എന്നാണ് എന്നു തോന്നുന്നു. അതിൻറെ മലയാളപദം എന്താണോ എന്തോ?
PS: റിസ്ട് ബാൻഡുകളോട് അൽപ്പം ഭ്രമം ഉള്ളതിനാൽ മജ്‌നു കാ ടില്ലയിലെ ഒരു ഷോപ്പിൽ നല്ലതൊരെണ്ണം തിരയുകയായിരുന്നു. 'Save Tibet', 'World Peace' എന്നൊക്കെ എഴുതിയിരിക്കുന്ന പല നിറങ്ങളിലുള്ള ധാരാളം ബാൻഡുകൾ നിരത്തിയിരിക്കുന്നു. ഞാൻ ചിലതൊക്കെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോൾ കടക്കാരൻ പറഞ്ഞു, 'Good quality sir, Made in China!'. വെറുതെ ഉള്ളിൽ ചിരിച്ചു. യുദ്ധവും സമാധാനവുമെല്ലാം ഒരാൾ തന്നെ ഇറക്കുമതി ചെയ്യുന്നു. ഞാനേതായാലും സമാധാനത്തിൻറെ ഒരു ബാൻഡ് വാങ്ങി കൈത്തണ്ടയിലിട്ട് പുറത്തേക്ക് നടന്നു.
By
Vipin Joseph
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക