Showing posts with label വിപിൻജോസഫ്. Show all posts
Showing posts with label വിപിൻജോസഫ്. Show all posts

മജ്‌നു കാ ടില്ല (യാത്ര)


മജ്‌നു കാ ടില്ല (യാത്ര)
ഓർമ മരിക്കുന്ന കാലത്തോളം മറക്കാൻ പറ്റാത്ത ചിലരുണ്ട് ജീവിതത്തിൽ. അൽപ്പം ക്ളീഷേയാക്കി പറഞ്ഞാൽ ജീവിതത്തിൻറെ നാൽക്കവലയിൽ ഇനിയെന്ത് എന്നറിയാതെ അന്തംവിട്ട് പകച്ചു പണ്ടാരമടങ്ങി നിൽക്കുമ്പോൾ കൈപിടിച്ച് മുന്നോട്ട് കൂട്ടിക്കൊണ്ടുപോയവർ. സ്വിസ്സ് സ്വദേശികളായ അന്നയും പീറ്ററും അവരിൽ പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഹൃദയത്തോട് ചേർന്നിരിക്കുന്നവർ. മൂന്നുപതിറ്റാണ്ടുകളോളം ഒരുമിച്ചു ജീവിച്ച അവർ ഈയടുത്ത കാലത്താണ് ഔദ്യോഗികമായി ഒരു കല്യാണമങ്ങ് കഴിച്ചത്. അതിൻറെ സന്തോഷം പങ്കിടാനാണ് ഒരു യാത്രാമദ്ധ്യേ ഡൽഹിയിലെത്തിയപ്പോൾ എന്നെ കാണണം എന്നവർ പറഞ്ഞത്. ബാങ്കറായ പീറ്ററിനെയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന അന്നയെയും കൊണാട്ട് പ്ളേസിലെയോ മറ്റോ ഏതെങ്കിലും പോഷ് ഹോട്ടലിലാണ് പ്രതീക്ഷിച്ചത്. എന്നാൽ അവരെന്നെ ക്ഷണിച്ചത് വടക്കൻ ഡൽഹിയിൽ യമുനാനദിയോട് ചേർന്നുകിടക്കുന്ന 'മജ്‌നു കാ ടില്ല' എന്ന ടിബറ്റൻ അഭയാർത്ഥിതീരത്തെ ഒരു കൊച്ചുഹോട്ടലിലേക്കാണ്. അന്നാണ് ഒരു ദശാബ്ദത്തോടടുക്കുന്ന ഡൽഹിവാസത്തിനിടയിൽ ഇങ്ങനെയൊരു സ്ഥലത്തേക്കുറിച്ച് ആദ്യമായി കേട്ടത്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വീട്ടുവേലക്കാരായും മറ്റും ജോലി ചെയ്യുന്ന ടിബറ്റൻ വനിതകളുടെ കുട്ടികൾക്കായി ഒരു ഫ്രീ സ്‌കൂൾ നടത്തുന്നുണ്ട് പീറ്ററും അന്നയും. ആ കണക്ഷനാണ് അവരെ മജ്‌നു കാ ടില്ലയിൽ എത്തിച്ചത്.
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം മുതൽ ടിബറ്റിനെ പടിപടിയായി തങ്ങളുടെ ആധിപത്യത്തിനു കീഴിൽ കൊണ്ടുവന്ന ചൈനയ്‌ക്കെതിരെ ആ നാട്ടിൽ നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടെ ഒരു കലാശക്കൊട്ടായിരുന്നു 1959 ൽ രാജ്യമൊട്ടാകെ നടന്ന വിപ്ലവം. എന്നാൽ ചൈന തങ്ങളുടെ മസ്സിൽ പവറുപയോഗിച്ച് അതിനെ നേരിട്ടു. അതിമാരകമായ രീതിയിൽ ടിബറ്റൻ ജനതയെയും ബുദ്ധമതത്തെയും അടിച്ചൊതുക്കി, ആരാധനാലയങ്ങൾ തകർത്തു, മതപരമായ കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. ദലൈലാമ ധരംശാലയിൽ അഭയം തേടി. ഇക്കാലത്ത് ടിബറ്റ് വിട്ടുപോന്നവരാണ് മജ്‌നു കാ ടില്ലയിലെ ആദ്യകാല അഭയാർത്ഥികൾ. അക്കാലത്ത് വന്നുകൂടിയ പലരും സ്വന്തം ദേശം ഒരിക്കൽ കൂടി കാണാനാകാതെ ഇവിടെ തന്നെ മൃതിയടഞ്ഞു. അവരുടെയൊക്കെ ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ഇപ്പോൾ ഇവിടെ ജീവിക്കുന്നു. 1950 നും 1987 നുമിടയിൽ ഇവിടെ ജനിച്ച എല്ലാവരെയും ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച് പാസ്പോർട്ട് നൽകാനുള്ള ഡൽഹി ഹൈക്കോടതിയുടെ നിർദേശം ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നത് വായിച്ചതോർക്കുന്നു.
മജ്‌നു കാ ടില്ല എന്ന പേരിനെ ആളുകൾ ഇവിടെ 'MT' എന്ന് ചുരുക്കി വിളിക്കുന്നു. ഡൽഹി മെട്രോയുടെ മഞ്ഞലൈനിൽ വിധാൻസഭ സ്റ്റേഷനിൽ ഇറങ്ങി മുപ്പതുരൂപയ്ക്ക് ഒരു റിക്ഷ പിടിച്ചാൽ ഇവിടെയെത്താം. ഇവിടുത്തെ പ്രധാന ആകർഷണം ഓതെന്റിക് ആയ ടിബറ്റൻ ഭക്ഷണം വിളമ്പുന്ന ധാരാളം ഭക്ഷണശാലകളാണ്. സസ്യാഹാരികൾക്കും മാംസാഹാരികൾക്കും ഒരേ പോലെ പറ്റിയ സ്ഥലം. ഭക്ഷണത്തിന് കഴുത്തറപ്പൻ വിലയൊന്നും ഇവിടെ ഈടാക്കുന്നില്ല. ആയിരം രൂപയുണ്ടെങ്കിൽ കുറഞ്ഞത് മൂന്നുപേർക്ക് വയറുനിറയെ ഭക്ഷണം കഴിക്കാം.ഡൽഹിയിൽ വന്ന് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്കും പറ്റിയ ഇടമാണിത്. പഹാഡ്ഗഞ്ചിലെയും കരോൾബാഗിലെയും കുടുസ്സുമുറികളെക്കാൾ നല്ലതും വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമായ മുറികൾ നൽകുന്ന ഏതാനും നല്ല ഹോട്ടലുകളുണ്ടിവിടെ. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലേക്കുള്ള ബസ്സുകൾ പുറപ്പെടുന്ന കാഷ്മീരി ഗേറ്റ് ഇൻറ്റർസ്റ്റേറ്റ് ബസ് സ്റ്റേഷൻ ഇവിടെ നിന്നും അധികം ദൂരെയല്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും വളരെയടുത്താണ്. ഹിമാചൽ പ്രദേശിലെ പല പ്രധാന ഇടങ്ങളിലേക്കും മജ്‌നു കാ ടില്ലയിൽ നിന്നു നേരിട്ട് സ്വകാര്യ ബസ് സർവീസ് ഉണ്ട്. ആവശ്യമുള്ളവർക്ക് അതും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതൊക്കെ കൂടാതെ ഒരു ചെറിയ ബുദ്ധക്ഷേത്രം, കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, വെറുതെ കാപ്പി കുടിച്ച് വർത്തമാനം പറഞ്ഞിരിക്കാൻ പറ്റിയ ഇടങ്ങൾ ഒക്കെയുണ്ട് ഇവിടെ. താൽപ്പര്യമുള്ളവർക്ക് പിന്നാമ്പുറത്ത് യമുനാനദീതടത്തിലുള്ള പച്ചക്കറി കൃഷി പോയിക്കാണാം. ഒപ്പം നദിയിൽ നിന്നുയരുന്ന ദുർഗന്ധവും ആസ്വദിക്കാം. നദിയുടെ അവസ്ഥ എത്ര ശോചനീയമാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.
നമുക്കാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാവും മജ്‌നു കാ ടില്ലയിൽ ചിലവഴിക്കുന്ന ഏതാനും നിമിഷങ്ങൾ. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി സ്വന്തം ലാവണങ്ങൾ വിട്ട് അന്യദേശങ്ങളിൽ ചേക്കേറുന്ന പലരും തങ്ങളുടെ പ്രവാസം മറ്റാരോ അടിച്ചേൽപ്പിച്ചതാണ് എന്ന രീതിയിൽ ഫേസ്ബുക്കിലും മറ്റും സെന്റിയടിച്ച് പോസ്റ്റുന്നത് കാണാം. 'പോയിവരട്ടെ' എന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന, ആരോ പറഞ്ഞതുപോലെ ദൂരെയായിരിക്കുവോളം വീട്ടിലേക്ക് തിരിച്ചുവരാനുള്ള ഒറ്റയടിപ്പാത പുല്ലുമൂടാതെ മനസ്സിൽ സൂക്ഷിക്കുന്ന നമുക്ക് അത്തരം സെന്റിമെന്റ്‌സുകളിൽ നിന്നും പിൻവാങ്ങാം. കാരണം നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസത്തെ ആ രീതിയിൽ അവതരിപ്പിക്കുന്നത് യുദ്ധവും തീവ്രവാദവും കലാപങ്ങളും മൂലം കൈയ്യിൽ കിട്ടുന്നതും നെഞ്ചോടടുക്കി ഇനിയൊരു തിരിച്ചുവരവുണ്ടോ എന്നുറപ്പില്ലാതെ കട്ടമരത്തിലും മറ്റും കയറി പിറന്ന നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ലോകമെമ്പാടുമുള്ള ചിതറിക്കപ്പെട്ട ജനങ്ങളുടെ സഹനങ്ങളോട് ചെയ്യുന്ന നീതികേടാവും എന്നു തോന്നുന്നു. മജ്‌നു കാ ടില്ലയിലെ മനുഷ്യരും ഈ കൂട്ടത്തിൽ പെടുന്നവരാണ്, സ്വന്തം നാടിൻറെ ഊഷ്മളതയിലേക്ക് എന്നെങ്കിലും തിരികെയെത്താൻ കഴിയുമോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തവർ. അവരുടേതാണ് പ്രവാസം. ഇംഗ്ലീഷുകാരൻ അതിനെ 'exile' എന്നു വിളിക്കുന്നു. നമ്മൾ സ്വയം പ്രവാസമെന്ന് കരുതുന്നതിനെ ദ്യോതിപ്പിക്കുന്ന വാക്ക് 'sojourn' എന്നാണ് എന്നു തോന്നുന്നു. അതിൻറെ മലയാളപദം എന്താണോ എന്തോ?
PS: റിസ്ട് ബാൻഡുകളോട് അൽപ്പം ഭ്രമം ഉള്ളതിനാൽ മജ്‌നു കാ ടില്ലയിലെ ഒരു ഷോപ്പിൽ നല്ലതൊരെണ്ണം തിരയുകയായിരുന്നു. 'Save Tibet', 'World Peace' എന്നൊക്കെ എഴുതിയിരിക്കുന്ന പല നിറങ്ങളിലുള്ള ധാരാളം ബാൻഡുകൾ നിരത്തിയിരിക്കുന്നു. ഞാൻ ചിലതൊക്കെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോൾ കടക്കാരൻ പറഞ്ഞു, 'Good quality sir, Made in China!'. വെറുതെ ഉള്ളിൽ ചിരിച്ചു. യുദ്ധവും സമാധാനവുമെല്ലാം ഒരാൾ തന്നെ ഇറക്കുമതി ചെയ്യുന്നു. ഞാനേതായാലും സമാധാനത്തിൻറെ ഒരു ബാൻഡ് വാങ്ങി കൈത്തണ്ടയിലിട്ട് പുറത്തേക്ക് നടന്നു.

By
Vipin Joseph

ജീവിതത്തോട് അവർ തോൽക്കാതിരിക്കട്ടെ....


രാവിലെ മുംബൈയിൽ വന്നിറങ്ങിയപ്പോൾ എൻറെ സാംസങ് മൊബൈൽ നിലവിൽ അഭിമുഖീകരിക്കുന്ന എല്ലാ അപവാദങ്ങളോടും നീതി പുലർത്തിക്കൊണ്ട് പതിവു പോലെ 'ഹാങ്ങ് സങ്' ആയി മാറി. ബാറ്ററിയൊക്കെ വലിച്ചൂരി വീണ്ടും ഓണാക്കി ടാക്സി വിളിക്കാനുള്ള ക്ഷമയും സമയവും ഇല്ലാതിരുന്നതിനാൽ എയർപോർട്ടിൽ തന്നെ നോക്കാം എന്നു തീരുമാനിച്ചു. എല്ലാ കൊടിവച്ച വമ്പൻ കമ്പനികളുടെയും കൗണ്ടറുകളിൽ നിന്നും അൽപ്പം മാറി വലിയ അലങ്കാരമൊന്നുമില്ലാതെ 'പ്രീപെയ്ഡ് ടാക്സി' എന്നു മാത്രം എഴുതി വച്ചിരിക്കുന്ന കൗണ്ടർ ലക്ഷ്യമാക്കി നടന്നു. അതായിരിക്കും ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി എന്നു തോന്നി, അതുകൊണ്ടാണ്. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ ബുക്കിങ്ങിനിരിക്കുന്നയാൾ 'ലേഡി ഡ്രൈവർ ഹേ, ചാലേഗാ?' എന്നു ചോദിച്ചു. 'ക്യോ നഹി?' എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇത്തരം ചോദ്യങ്ങളൊക്കെ ഇല്ലാതാകുന്ന കാലത്തു മാത്രമേ ഓരോ വനിതാദിനത്തിലും നമ്മൾ സ്വപ്നം കാണുന്ന ലിംഗസമത്വമുള്ള കിനാശ്ശേരി യാഥാർഥ്യമാവുകയുള്ളു എന്നുറപ്പ്.
പൈസ കൊടുത്ത് രസീത് വാങ്ങി ടെർമിനലിന് പുറത്തു വന്നപ്പോൾ ഇരുപത്തഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കൂട്ടിക്കൊണ്ട് പോയി ഒരിടത്തു നിർത്തിയിട്ട് പാർക്കിങ് ഏരിയയിലേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാറുമായി തിരികെ വന്നു. എയർപോർട്ടിൻറെ തിരക്കുകളിൽ നിന്നും പുറത്തേക്കിറങ്ങി പോകേണ്ട സ്ഥലമൊക്കെ കൃത്യമായി പറഞ്ഞു കൊടുത്തു കഴിഞ്ഞ് ഞാൻ അവരുടെ ടാക്സി സംരംഭത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. ഏതാനും വർഷങ്ങൾക്കു മുൻപ് രാഷ്ട്രീയമായി അൽപ്പം പിടിപാടൊക്കെയുള്ള ഒരു സ്ത്രീ തുടങ്ങിയ സംരംഭമാണ്. ഇന്ന് മുംബൈ ഡൊമസ്റ്റിക് ടെർമിനലിൽ അറുപതോളം സ്ത്രീകൾ ഇതിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. കാറുകൾ കമ്പനിയുടേതാണ്.
പോകുന്ന വഴിയിൽ ഇടയ്ക്കിടെ ട്രാഫിക് കുരുക്കിൽ പെട്ടു വണ്ടി ഇഴയുമ്പോൾ ഇരുവശവും വന്നു നിൽക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകൾ ഒരു കാഴ്ചബംഗ്ളാവിലെ കമ്പിക്കൂട്ടിലേക്കെന്ന പോലെ വണ്ടിയോടിക്കുന്ന ആ പെൺകുട്ടിയേയും അവളുടെ ഒപ്പം യാത്ര ചെയ്യാൻ തീരുമാനിച്ച എന്നെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്കവൾ റോഡരികിൽ വണ്ടി നിർത്തി കുടിവെള്ളം വാങ്ങാനായി തൊട്ടടുത്ത കടയിലേക്കു കയറിപ്പോയി. അവിടെ നിന്നും തിരിച്ചിറങ്ങി കാറിൽ കയറി ഞങ്ങൾ മുന്നോട്ടു നീങ്ങുന്നതു വരെ ആ കടയുടെ മുന്നിലെ ബഞ്ചിലിരുന്ന നാലു ചെറുപ്പക്കാരുടെ എട്ടു കണ്ണുകൾ അവളെ വിട്ടുമാറിയില്ല.
പതിവു പോലെ ധാരാവിയിലെ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. നഗരപ്രാന്തത്തിലെവിടെയോ ആണ് വീട്. ഡ്രൈവിങ് ഒക്കെ പഠിച്ചു കഴിഞ്ഞ് കുറേക്കാലം ജൂഹുവിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. അവരുടെ അതിഥികളെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരിക, തിരികെ കൊണ്ടുവിടുക ഒക്കെയായിരുന്നു പ്രധാന ഉത്തരവാദിത്തങ്ങൾ. അവിടെ നിന്നും ഇങ്ങോട്ടു മാറിയിട്ട് ഒരു വർഷത്തോളമായി. ഇവിടെ ദിവസ ടാർഗറ്റ് ഒക്കെയുണ്ട്. ഒരു ട്രിപ്പ് പൂർത്തിയാക്കി തിരികെ എയർപോർട്ടിൽ എത്താൻ രണ്ടോ മൂന്നോ മണിക്കൂറുകളെടുക്കുന്ന മുംബൈ മഹാനഗരത്തിൽ ദിവസം പതിനെട്ടു മണിക്കൂർ ഓടിയാലും അതെത്തിപ്പിടിക്കാൻ പറ്റാറില്ല എന്നവൾ പറഞ്ഞു. പിന്നെ ധാരാളം കസ്റ്റമേഴ്‌സ് വനിതാ ഡ്രൈവർ എന്നു കേൾക്കുമ്പോൾ 'നോ' എന്നും പറയും. അതിനാൽ ട്രിപ്പുകൾ കിട്ടാനും ബുദ്ധിമുട്ടുണ്ട്. ദിവസവും ഇത്രയധിക നേരം വണ്ടിയോടിച്ചു കഴിഞ്ഞ് എപ്പോഴാണ് വീട്ടിൽ പോയി വിശ്രമിക്കുക എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി അവശേഷിപ്പിച്ചത് വലിയ വേദനയായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടിൽ പോകാറില്ലത്രേ. അവർക്കായി അനുവദിച്ചിട്ടുള്ള പാർക്കിങ് ഏരിയയിൽ കാറിനകത്തു കിടന്ന് അൽപ്പനേരം മയങ്ങും. എപ്പോഴെങ്കിലും വീടിനടുത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് ഒരു ട്രിപ്പ് കിട്ടിയാൽ മാത്രമാണ് അവിടെപ്പോയി മുഖം കാണിക്കുന്നത്. പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല. പറയുന്നതു കേൾക്കുമെന്നല്ലാതെ ആരുടേയും വിഷമങ്ങളിലേക്ക് ചുഴിഞ്ഞൊന്നും ഇപ്പോൾ ചോദിക്കാറില്ല.
ഞാൻ ജീവിതത്തിലൊരിക്കൽ മാത്രമേ ഒരു രാത്രി കാറിൽ കിടന്നുറങ്ങിയിട്ടുള്ളു. അതെത്ര ദുഷ്ക്കരമാണെന്ന് അന്നെനിക്കു മനസ്സിലായി. അപ്പോൾ മിക്ക ദിവസങ്ങളിലും അങ്ങനെ കഴിയേണ്ടി വരുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ജീവിതമെന്നാൽ വെറുതെ ഉറക്കവും ഉണർന്നിരിക്കലും മാത്രമല്ലല്ലോ? അതിനിടയിൽ കുറച്ചെങ്കിലും സ്വകാര്യ നിമിഷങ്ങൾ നമുക്കൊക്കെ ആവശ്യമല്ലേ? ഈ പെൺകുട്ടി എങ്ങനെ ഇതുപോലെ മുന്നോട്ട് പോകുന്നു? എങ്ങനെ ജീവിതത്തെ ബാലൻസ് ചെയ്യുന്നു? അറിയില്ല. സമ്പത്തും സൗകര്യങ്ങളുമൊക്കെയുള്ളവർ കാരവൻ ടൈപ്പ് വാഹനങ്ങളൊക്കെ മോഡിഫൈ ചെയ്ത് കാലങ്ങളോളം അതിൽ തന്നെ താമസിച്ച് പല രാജ്യങ്ങളിലും യാത്ര ചെയ്ത് അതേക്കുറിച്ചെഴുതിയ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ പക്ഷെ അവരുടെ ചോയ്‌സ് ആയിരുന്നു. നാളെ എല്ലാ സൗകര്യങ്ങളും ഉള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം എന്ന ഉറപ്പും അവർക്കുണ്ടായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ കാര്യം അങ്ങനെയല്ല. ഇതവളുടെ തിരഞ്ഞെടുപ്പല്ല. അവൾക്കു വേറെ മാർഗമില്ല.
എനിക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഒരു ചെറിയ കാർ സ്വന്തമാക്കി ഓലയിലോ യൂബറിലോ അറ്റാച്ച് ചെയ്ത് ഓടിക്കണമെന്നാണ് ആഗ്രഹം എന്നവൾ പറഞ്ഞു. 'എല്ലാം ശരിയാകും' എന്ന പൊള്ളവാക്ക് അവളോട് പറയാൻ തോന്നിയില്ല. ഞാൻ ഒന്നു പുഞ്ചിരിച്ചു, അവൾക്കതിനു സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കണ്ണുകളിൽ ഒന്നിനെയും കുറിച്ചുള്ള നിരാശ നിഴലിച്ചിരുന്നില്ല. അവയ്ക്കു പ്രകാശം ഉണ്ടായിരുന്നു. ഞാനവളെ അതിനാൽ ദീപ്തി എന്നു വിളിക്കുന്നു. ലോകമെമ്പാടും ദീപ്തിയെപ്പോലുള്ള പെൺകുട്ടികളുടെ അതിജീവനത്തിനുള്ള ശ്രമങ്ങളെ നമുക്ക് മനസ്സുകൊണ്ട് പിന്തുണയ്ക്കാം. ജീവിതത്തോട് അവർ തോൽക്കാതിരിക്കട്ടെ....

By 
Vipin Joseph

ബോധഗയ


ഡൽഹിയിൽ നിന്നും ഗയയിലേക്കുള്ള യാത്രയിൽ എലിസബത്ത് ഗിൽബർട്ടിൻറെ 'Eat Pray Love' എന്ന പുസ്തകം കൂട്ടിനുണ്ടായിരുന്നു. ഇന്ത്യയിലെ ഒരു ആശ്രമത്തിൽ താമസിച്ച് അവർ നടത്തിയ ആത്മീയാന്വേഷണങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. എന്റേത് ഒരു ആത്മീയയാത്ര ഒന്നും അല്ലായിരുന്നെങ്കിലും അവർ പറയുന്ന പല കാര്യങ്ങളും യാത്രയുടെ സ്വഭാവത്തിന് അനുയോജ്യമായി തോന്നി. മനുഷ്യൻറെ അവബോധത്തിൻറെ നാലാമത്തെ തലത്തിൽ ആണത്രേ ഉള്ളിലെ ദൈവിക സാന്നിധ്യം അവന് നിരന്തരമായി അനുഭവപ്പെട്ട് തുടങ്ങുന്നത്. ഈ അവസ്ഥയെ 'തുറിയ' (Turiya) എന്ന് യോഗാചാര്യന്മാർ വിളിക്കുന്നു. നമ്മുടെയൊക്കെ ജീവിതം ആദ്യത്തെ മൂന്ന് തലങ്ങളിൽ - ഉണർന്നിരിക്കുക, ഉറങ്ങുക, സ്വപ്നം കാണുക - അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി അങ്ങനെയങ്ങ് തീർന്ന് പോകാറാണ് പതിവ്. ഇടയ്‌ക്കൊക്കെ മേൽപ്പറഞ്ഞ രീതിയിലുള്ള അനിർവ്വചനീയമായ ആനന്ദാനുഭവങ്ങൾ നമുക്കും ഉണ്ടാകാറുണ്ടെങ്കിലും അത് അധികം നീണ്ടുനിൽക്കാറില്ല. ശ്രീബുദ്ധനെ പോലെയുള്ളവർ നമ്മളിൽ നിന്നും വ്യത്യസ്ഥരാകുന്നത് ഇവിടെയാണ്. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തിന് ബോധോദയമുണ്ടായ നാട്ടിലേക്ക് യാത്ര പോകുമ്പോൾ എനിക്കും അതേ പ്രായം. അതുകൊണ്ട് ഇനിയെങ്ങാനും തലയ്ക്കകത്ത് അൽപ്പം വെളിച്ചം കയറിയാലോ എന്നുള്ള അത്യാഗ്രഹം ഇല്ലാതിരുന്നില്ല.
പാറ്റ്നയിൽ നിന്നും ഗയയിലേക്ക് ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം. ഇപ്പോഴും ബീഹാറിൽ റോഡ് യാത്രയേക്കാൾ സുരക്ഷിതം ട്രെയിൻ തന്നെയാണെന്ന് അവിടുത്തുകാർ പറയുന്നു. ഡൽഹിയിൽ നിന്നും കൽക്കത്തയിൽ നിന്നും എല്ലാം ഗയയിലേക്ക് നേരിട്ട് ട്രെയിനുകൾ ഉണ്ട്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം എന്ന് വിശ്വസിക്കുന്ന, മഹാവിഷ്ണുവിൻറെ പാദം പതിഞ്ഞ 'വിഷ്ണുപദ്' അമ്പലമുണ്ട് ഗയയിൽ. മരിച്ചുപോയവർക്ക് ശേഷക്രിയ ചെയ്യാനും ആളുകൾ ധാരാളമായി അവിടെ പോകാറുണ്ട്. സമയവും സാഹചര്യവും ഉള്ളവർക്ക് അവിടെയും ഒരു സന്ദർശനമാകാം. ഗയ പട്ടണത്തിൽ നിന്നും പതിനഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താൽ ബുദ്ധമതക്കാരുടെ മെക്കയായ ബോധഗയയിൽ എത്താം. ശീതകാലത്താണ് ഇവിടെ കൂടുതൽ സന്ദർശകർ, പ്രത്യേകിച്ച് ഡിസംബർ - ജനുവരി മാസങ്ങളിൽ. എല്ലാ വർഷവും ജനുവരിയിൽ ദലൈലാമ പങ്കെടുക്കാറുള്ള കാലചക്രപൂജയ്ക്കായി പതിനായിരങ്ങൾ പല ദേശങ്ങളിൽ നിന്നും ഇവിടെ എത്താറുണ്ട്.
ബോധഗയയിലെ പ്രധാന ആകർഷണം ബി. സി ആറാം നൂറ്റാണ്ടിൽ ബുദ്ധന് ബോധോദയമുണ്ടായ സ്ഥലത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന മഹാബോധി മഹാവിഹാര മന്ദിരമാണ്. ഈ സ്ഥലം അടയാളപ്പെടുത്തുന്നത് മഹാനായ അശോക ചക്രവർത്തിയാണ്. പിന്നീട് ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടിൽ ഗുപ്തരാജാക്കന്മാരാണ് ഈയമ്പലത്തിൻറെ ആദ്യഘടന പൂർത്തീകരിക്കുന്നത്. പിന്നീട് ഒട്ടേറെ നവീകരണ പ്രവർത്തങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഇത് എത്തുന്നത്. രണ്ടായിരത്തിരണ്ടിൽ യൂനെസ്കോ ഈ മന്ദിരത്തെ ഒരു 'വേൾഡ് ഹെറിറ്റേജ് സൈറ്റ്' ആയി പ്രഖ്യാപിച്ചു. ഈ പരിസരത്തേക്ക് മൊബൈൽ ഫോണുകൾ അടുപ്പിക്കില്ല. അതിനാൽ ഫോട്ടോ എടുക്കേണ്ടവർ ക്യാമറ വേറെ കരുതണം. അതിന് പ്രത്യേകം പണം അടയ്ക്കണം. ക്ലിക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ആ വ്യക്‌തിയുടെയോ വസ്തുവിന്റെയോ ചൈതന്യം അൽപ്പാൽപ്പമായി കുറഞ്ഞു പോകുന്നു എന്ന് വിശ്വസിക്കുന്ന ഒരു ജനത എവിടെയോ ഉള്ളതായി വായിച്ചതോർക്കുന്നു. ക്യാമറ ഇല്ലാതിരുന്നതിനാൽ മഹാബോധി പരിസരത്തിൻറെ ചൈതന്യം കവരാൻ എനിക്ക് ഇട വന്നില്ല.
മഹാബോധി പരിസരം കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ആകർഷണം ബുദ്ധമതത്തിന് നല്ല വേരോട്ടമുള്ള രാജ്യങ്ങൾ സ്ഥാപിച്ചിരിക്കുന്ന അമ്പലങ്ങളും ആശ്രമങ്ങളുമാണ്. ഓരോന്നും അവരുടെ തനതായ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവ. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവിടെ. ലോകമെമ്പാടുമുള്ള ബുദ്ധമതാനുയായികളുടെ നാൽപ്പത് ശതമാനവും ഈ മേഖലയിൽ നിന്നാണ്. ബുദ്ധമതത്തിൻറെ വ്യാപനത്തിൽ അശോക ചക്രവർത്തി വഹിച്ച പങ്ക് ചെറുതല്ല. സന്ന്യാസം സ്വീകരിച്ച സ്വന്തം മക്കളായ മഹിന്ദയെയും സംഘമിത്തയേയും അടക്കം മതപ്രചാരണത്തിനായി വിവിധ ദേശങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു അദ്ദേഹം. ബുദ്ധമതത്തിലേക്കും അത് നിഷ്ക്കർഷിക്കുന്ന സമാധാനത്തിൻറെ പാതയിലേക്കുമുള്ള ചുവടുമാറ്റമാണ് മൗര്യ സാമ്രാജ്യത്തിൻറെ തകർച്ചയിലേക്ക് നയിച്ചതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഭൗതികതയിൽ അധികം അഭിരമിക്കാത്ത, സമാധാനപ്രിയരായ ആളുകളുടെ ഒരു സമൂഹമായി ബുദ്ധമതത്തെ ഞാൻ നോക്കിക്കണ്ട ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മ്യാൻമാറിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ലോകമെമ്പാടും ഭൂരിപക്ഷം ന്യൂനപക്ഷങ്ങളുടെ മേൽ കുതിരകയറുന്ന ഒരവസ്ഥയുണ്ട്. അതുപോലെ തന്നെ ഇതിനേയും കാണാം.
അമ്പലങ്ങൾ കണ്ട് അങ്ങനെ നടക്കുമ്പോഴാണ് ഈ 'ബിനാലെ' എന്ന് പറഞ്ഞാൽ കൊച്ചിയിൽ മാത്രമുള്ളതല്ല എന്ന് മനസ്സിലാകുന്നത്. സർക്കാരിൻറെ ഒരു പഴയ ഹോട്ടലിൽ 'ബോധഗയ ബിനാലെ' നടക്കുന്നു. അവിടെ കയറിയിരുന്ന് അൽപ്പം വിശ്രമിക്കാം എന്ന് കരുതി. 'The urgency of peace in the contemporary times' എന്ന വിഷയത്തിൽ ഒരു ചർച്ച തുടങ്ങുന്ന സമയമായിരുന്നു. കൊച്ചിക്ക് ശേഷം ഇന്ത്യയിൽ ബോധഗയയിലാണ് ബിനാലെ നടക്കുന്നത് എന്ന് സംഘാടകർ അഭിമാനത്തോടെ പറയുന്നത് കേട്ടു. അങ്ങനെ ആദ്യമായി ഞാനും ഒരു ബിനാലെ കണ്ടു. ശ്രീനിവാസൻ പറയുന്നത് പോലെ നമ്മൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന സൃഷ്ടികളും ധാരാളം. മലയാളികളുടേതടക്കം. ക്രിസ്തുമസ്സിന് നാട്ടിൽ പോകുമ്പോൾ കൊച്ചിയിലെ ബിനാലേയും ഒന്ന് കാണണം.
ഡൽഹിയിലേക്ക് തിരിച്ച് പോകാനുള്ള ട്രെയിൻ രാത്രി വൈകി ആയിരുന്നതിനാൽ പകലത്തെ കറക്കമെല്ലാം കഴിഞ്ഞ് ഞാൻ വീണ്ടും മഹാബോധി പരിസരത്തേക്ക് പോയി. അമ്പലത്തിൽ നിന്നും വരുന്ന മന്ത്രോച്ചാരണങ്ങൾ കേട്ട് ഏതാണ്ട് മൂന്ന് മണിക്കൂറോളം അവിടെ ഇരുന്നു. അന്നൊരു ഞായറാഴ്ച്ചയായിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള സന്യാസിമാർ, സന്ദർശകർ, തദ്ദേശീയർ തുടങ്ങി ഒരു ജനസാഗരം അവിടെ ഉണ്ടായിരുന്നു. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ വന്നിട്ടുള്ളവരെ അവരുടെ ശരീരഭാഷയിൽ നിന്നും ''Seekers' എന്ന വിഭാഗത്തിൽ പെടുത്താം. എലിസബത്ത് ഗിൽബെർട്ടിൻറെ പുസ്തകത്തിൽ പറയുന്നത് പോലെ അവരുടെ നാട്ടിൽ ജീവിതത്തിൻറെ ആദ്യത്തെ മൂന്നുനാല് ദശാബ്ദങ്ങൾ ഭൗതികതയിൽ മാത്രം മുഴുകി ജീവിക്കുന്ന പലരിലും പ്രായം മുന്നോട്ട് പോകുന്തോറും എന്തിലെങ്കിലുമൊക്കെ വിശ്വസിക്കാനുള്ള ആഗ്രഹം തീവ്രമാകുന്നത് കാണാമത്രെ. അങ്ങനെ ആരിൽ വിശ്വസിക്കണം എന്നുള്ള അന്വേഷണത്തിലാണവർ.
സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് ബോധഗയ തീർച്ചയായും നല്ലൊരു അനുഭവമായിരിക്കും. എന്നാൽ ശാന്തി, സമാധാനം ഇതൊന്നും ആഗ്രഹിച്ച് ഇത്തരം സ്ഥലങ്ങളിലേക്ക് പോകണ്ട. കിട്ടാൻ സാദ്ധ്യത കുറവാണ്. ഇതെല്ലാം അവനവനായിരിക്കുന്ന ഇടങ്ങളിൽ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ വേറെ ഒരിടത്തും കണ്ടെത്താൻ സാധിക്കില്ല.
"Nobody bestows enlightenment. No one owns it. Fully realising your own nature is what the Buddhas call enlightenment".

By Vipin Joseph.

ഒരു അരിശത്തിന്


ഒരു അരിശത്തിന് കിണറ്റിൽ ചാടിയാൽ ഏഴരിശത്തിന് തിരിച്ചുകയറാൻ പറ്റില്ലെന്ന് പണ്ടൊക്കെ അമ്മ പറഞ്ഞു കേട്ടിരുന്നതിൻറെ പൊരുൾ മനസ്സിലായത് പഠനമൊക്കെ കഴിഞ്ഞു ബാംഗളൂരിൽ ആദ്യത്തെ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ്. വ്യക്തിജീവിതത്തിലെ ആദർശങ്ങൾ വീട്ടിൽ വച്ചിട്ടേ ഓഫീസിൽ പോകാവൂ എന്ന് പഠിച്ചതും അവിടെ വച്ച് തന്നെ. നമ്മുടെ തത്വശാസ്ത്രങ്ങളും അവരുടെ തത്വശാസ്ത്രങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും ഇനി മുന്നോട്ട് പൊരുത്തപ്പെടാനൊട്ട് സാദ്ധ്യതയില്ലെന്നും തിരിച്ചറിഞ്ഞ ഒരു ദിവസം സിനിമയിലൊക്കെ കാണുന്നത് പോലെ രാജിക്കത്ത് ബോസിൻറെ മേശപ്പുറത്തേക്ക് എറിഞ്ഞുകൊടുത്ത്‌ പുറത്തിറങ്ങി ഞാൻ സ്വാതന്ത്ര്യത്തിൻറെ ശ്വാസം ആഞ്ഞാഞ്ഞ് വലിച്ചു. അങ്ങനെ വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'നാളെ' എന്ന ചിന്ത ക്ഷണിക്കാതെ കയറിവരുന്നത്. എറിഞ്ഞു കളഞ്ഞ ജോലിയിൽ എത്തിപ്പെടാൻ പറ്റിയ പെടാപ്പാട് ഓർമ്മ വന്നു. 'ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കും' നോ ഐഡിയ. പുതിയ ഒരു ഓഫർ ലെറ്റർ കയ്യിൽ വരുന്നത് വരെ കയ്യിലുള്ള ജോലി എറിഞ്ഞ് കളയരുതെന്ന പാഠവും അന്ന് പഠിച്ചു.
രാത്രി റൂമിൽ ചെന്നിരുന്ന് വീണ്ടും നാളെയെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. പോകാൻ ഇനി ഒരു ഓഫിസ് ഇല്ല. ഇങ്ങനെയുള്ള വിഷമവൃത്തങ്ങളിൽ വിളിക്കാൻ പറ്റുന്ന ചില നമ്പറുകൾ അപ്പോഴും ഫോണിൽ ഉണ്ടായിരുന്നു. അതിലൊരെണ്ണം ഡയലുചെയ്ത് ഞാൻ എൻറെ കദനങ്ങളുടെ കെട്ടഴിച്ചു. ഒന്നും പേടിക്കാതെ അടുത്ത ദിവസം പെട്ടിയും കിടക്കയും എടുത്ത് കൊച്ചിക്ക് വിട്ടോളാൻ മറുതലയ്ക്കൽ നിന്നും നിർദ്ദേശം ലഭിച്ചു. അവിടെ ഏതോ അമ്മാവൻറെ ബിസിനസ്സ് സാമ്രാജ്യത്തിൽ എനിക്ക് തൽക്കാലം പിടിച്ചുനിൽക്കാൻ ഒരു പണി ശരിയാക്കാമത്രേ. അങ്ങനെ പിറ്റേന്ന് രാവിലെ ഒരു ചെറിയ പെട്ടിയിൽ ഒതുങ്ങുന്ന എൻറെ സ്ഥാവരജംഗമവസ്തുക്കളുമായി ഞാൻ കൊച്ചിക്ക് തീവണ്ടി കയറി. താമസവും അമ്മാവൻറെ വീട്ടിൽ തന്നെയെന്ന വിവരവും വഴിയേ ലഭിച്ചു. ആനന്ദലബ്ദിക്കിനിയെന്തുവേണം. താമസമുള്ളപ്പോൾ ഭക്ഷണം തീർച്ചയായും ഉണ്ടാവും.
എന്നാൽ ഞാൻ പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല കാര്യങ്ങൾ. തമ്മനത്തെ ആ വലിയ രണ്ടുനിലവീട്ടിൽ എഴുപത് കടന്ന എന്തൊക്കെയോ രോഗങ്ങൾ അലട്ടുന്ന ആ അമ്മാവൻ ഒറ്റയ്ക്കായിരുന്നു. എനിക്ക് മുകളിലത്തെ നിലയിൽ ഒരു മുറി കാട്ടിത്തന്നു. ജോലിയെക്കുറിച്ചൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിക്കാൻ അടുത്ത് ഒരു ചെറിയ ഹോട്ടൽ ഉണ്ടെന്ന് പറഞ്ഞു. വിശപ്പ് തോന്നിയില്ല. വെറുതെ ഫാനിലേക്ക് നോക്കി കട്ടിലിൽ അങ്ങനെ കിടന്നു. പിന്നെ മയങ്ങിപ്പോയി. കുറച്ചു കഴിഞ് താഴെ നിന്നും അൽപ്പം ഉച്ചത്തിലുള്ള സംസാരം കേട്ടാണ് എഴുന്നേറ്റത്. തന്നോട് ചോദിക്കാതെ എനിക്ക് ജോലി വാഗ്‌ദാനം ചെയ്തതിന് ആരോ അമ്മാവനെ ശകാരിക്കുന്നുണ്ടായിരുന്നു, മകനായിരിക്കും. പിന്നീട് എനിക്ക് ഉറക്കം വന്നില്ല. വെറുതെ കാണിച്ചുവച്ച മണ്ടത്തരങ്ങളേക്കുറിച്ച് ഓർത്തങ്ങനെ കിടന്നു.
പിറ്റേന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുവന്നപ്പോൾ അദ്ദേഹം വരാന്തയിൽ ഇരിപ്പുണ്ട്. സംസാരിച്ച് തുടങ്ങി. പുള്ളിക്കാരൻറെ ഭാര്യ മകളുടെ കൂടെ വർഷങ്ങളായി അമേരിക്കയിൽ ആണ്. ഒരേ ഒരു മകൻ അധികം ദൂരത്തിലല്ലാതെ താമസിക്കുന്നുണ്ട്. ഭക്ഷണമൊക്കെ അവിടെ നിന്നും ആരെങ്കിലും എത്തിക്കും. പക്ഷേ കഴിച്ചോ ഇല്ലയോ എന്നൊട്ടാരും ശ്രദ്ധിക്കാറില്ല. ബിസിനസ്സ് ഇപ്പോൾ മകനാണ് നോക്കി നടത്തുന്നത്. എൻറെ കാര്യം പറഞ്ഞിട്ടുണ്ടെന്നും പിറ്റേന്ന് രാവിലെ പോയി ജോയിൻ ചെയ്യാം എന്നും പറഞ്ഞു. ഞാൻ തല കുലുക്കി വീടിനകത്തേക്ക് കയറി. ചുറ്റുപാടും നോക്കി. മാർബിൾ ഇട്ട ഫ്ലോർ മുഴുവൻ ചെളി കട്ടപിടിച്ചിരിക്കുന്നു. അടുക്കളയുടെ തറയിൽ വെള്ളം വീണ് തെന്നി കിടക്കുന്നു. മക്കളുണ്ടാക്കുന്ന മാർബിൾ കൊട്ടാരങ്ങളിൽ മാതാപിതാക്കൾ തലതല്ലി വീണുമരിക്കുന്ന കാലമാണല്ലോ. വാഷ്ബേസിൻ മുഴുവൻ കഴുകാനുള്ള പാത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലായിടത്തും മാറാല. ബാത്റൂമുകൾ കാലങ്ങളായി കഴുകാതെ വൃത്തികെട്ട് കിടക്കുന്നു. ഞാൻ പതിയെ ഒരറ്റത്ത് നിന്നും പണി തുടങ്ങി. ഉച്ചതിരിഞ്ഞപ്പോളേക്കും എല്ലാം വൃത്തിയാക്കി. അദ്ദേഹം ഇടയ്ക്ക് വന്ന് എന്നെ നിരുത്സാഹപ്പെടുത്തി. മൂന്ന് നാല് ദിവസം കൂടുമ്പോൾ ഇതെല്ലം ചെയ്യാൻ മകന്റെ വീട്ടിൽ നിന്നും ഒരു ജോലിക്കാരി വരാറുണ്ടത്രേ.
പിറ്റേന്ന് രാവിലെ ഞാൻ ഷേവ് ചെയ്ത് കുളിച്ച് കുട്ടപ്പനായി ഷർട്ടൊക്കെ പാന്റിനുള്ളിൽ കുത്തിക്കയറ്റി എക്സിക്യൂട്ടീവ് സ്റ്റൈലിൽ അമ്മാവൻ പറഞ്ഞു തന്ന അഡ്രസ് തപ്പി ജോയിൻ ചെയ്യാൻ പുറപ്പെട്ടു. പക്ഷേ ഞാൻ മനസ്സിൽ കണ്ട തരത്തിലുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം ആയിരുന്നില്ല അത്. കട്ടിങ് പ്ലേയർ, സ്ക്രൂ ഡ്രൈവർ, സ്പാനർ തുടങ്ങിയ ഐറ്റംസിന്റെ ഒരു മൊത്തവ്യാപാര കേന്ദ്രം. അവിടെ നിന്നും സാധനങ്ങൾ ലോറിയിൽ കയറ്റി കേരളത്തിൽ പലയിടത്തേക്കായി അയക്കും. പകച്ചുപോയി എൻറെ യൗവ്വനം. പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു. ക്ഷണിക്കപ്പെടാതെ ചെന്നു കയറിയതിനാൽ അമ്മാവൻറെ മകൻ എന്നോട് പ്രത്യേക താൽപ്പര്യം ഒന്നും കാണിച്ചില്ല. പിന്നെ ശ്രീനിവാസൻ പറഞ്ഞപോലെ എൻറെ ജോലിയുടെ ഒരു സ്വഭാവം എന്ന് പറഞ്ഞാൽ ടൂൾസ് ഓർഡർ അനുസരിച്ച് നന്നായി പാക്ക് ചെയ്ത് ലോറിയിൽ എത്തിക്കൽ ആയിരുന്നു. വേറെയും മൂന്നുനാല് ചെക്കൻമാർ ഒപ്പം പണിക്കുണ്ടായിരുന്നു. ഞാൻ പതിയെ ആദ്യം കണ്ട ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്ന് പാന്റിനുള്ളിൽ കുത്തിക്കയറ്റിയിരുന്ന ഷർട്ട് വലിച്ച് പുറത്തിട്ട് എക്സിക്യൂട്ടീവ് ലൂക്കിനെ ഓടിച്ച് വിട്ടു. എന്നിട്ട് ദിവസം മുഴുവൻ നല്ല അന്തസ്സായി പട്ടിയെ പോലെ പണിയെടുത്തു. എല്ലാം സ്വന്തം വരുത്തി വച്ചതായതിനാൽ ആരെയും കുറ്റം പറയാൻ പറ്റില്ലായിരുന്നു. എന്നെ അങ്ങോട്ടേക്കയച്ച കൂട്ടുകാരനെ പോലും.
അന്ന് രാത്രി തിരിച്ച് റൂമിൽ വന്ന് വീണ്ടും ഫാനിലേക്ക് നോക്കി കിടന്നു. കണ്ണുകൾ നിറഞ്ഞ് ഇരുവശങ്ങളിലേക്കും ഒഴുകുന്നത് പതിയെ തിരിച്ചറിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം തലയ്ക്ക് ചുറ്റും വട്ടമിട്ട് പറന്നു. പെട്ടന്ന് ഒരു ഉൾവിളി ഡൽഹിക്ക് വച്ചുപിടിക്കാൻ. പക്ഷേ എങ്ങനെ? അവിടെപ്പോയി എന്ത് ചെയ്യും? ആരുടെ കൂടെ താമസിക്കും? കൂട്ടുകാർ ഉണ്ട്. പക്ഷേ തെണ്ടിത്തിരിഞ്ഞ് വരുന്നവരെ ആരും അങ്ങനെ അടുപ്പിക്കാൻ താൽപ്പര്യം കാണിക്കാറില്ലല്ലോ. വെറുതെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അതാ കിടക്കുന്നു. നേരത്തെ പറഞ്ഞത് പോലെ ഏത് വിഷമവൃത്തത്തിലും വിളിക്കാവുന്ന മറ്റൊരു നമ്പർ, ഡയൽ ചെയ്‌തു. 'നീ കേറിവാടാ' എന്ന് മറുവശത്ത് നിന്നും അരുളപ്പാടുണ്ടായി.
അങ്ങനെ ഒരു ദിവസം കൊണ്ട് കൊച്ചിയിലെ ബിസിനസ് സാമ്രാജ്യത്തോട് വിട പറഞ്ഞു. ഡൽഹിക്ക് പലായനം ചെയ്യുന്നതിന് മുൻപ് വീട്ടുകാർക്കൊരു ദർശനം കൊടുക്കാനായി സ്വന്തം നാടായ കോഴിക്കോട്ടേക്ക് വച്ച് പിടിക്കാൻ തീരുമാനിച്ചു. അമ്മാവൻറെയടുത്ത് കാര്യം പറഞ്ഞു. അദ്ദേഹം എതിർത്തൊന്നും പറഞ്ഞില്ല. 'നന്നായി വരും' എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. ഞാനിതൊക്കെ മുൻപ് സിനിമയിലെ കണ്ടിട്ടുണ്ടായിരുന്നുള്ളു. ഞാൻ കുനിഞ്ഞ് അദ്ദേഹത്തിൻറെ പാദം തൊട്ട് നമസ്കരിച്ചു. അത് സിനിമയിൽ അങ്ങനെ കണ്ടതു കൊണ്ട് ആയിരുന്നില്ല. അദ്ദേഹം ആയിരത്തിൻറെ ഒരു നോട്ട് എൻറെ കയ്യിൽ വച്ചു തന്നു. അവിടെ നിന്നിറങ്ങി നടക്കുമ്പോൾ കണ്ണ് നിറഞ്ഞ് കാഴ്ച്ച അവ്യക്തമാകുന്നത് ഞാനറിഞ്ഞു.
അദ്ദേഹത്തിന്റെ അനുഗ്രഹവും കൈനീട്ടവും കൊണ്ടാവാം ഡൽഹിയിൽ എത്തി രണ്ട് മാസം തികയുന്നതിന് മുൻപ് ഞാൻ നടന്ന് കയറിയത് ബാംഗ്ലൂരിൽ വാങ്ങിയതിന്റെ നാലിരട്ടി ശമ്പളവുമായി ആരോഗ്യമന്ത്രാലയത്തിന്റെ ഒരു ഓഫിസ്സിലേക്കായിരുന്നു. ഇന്ന് അതുൽ ഗവാൻഡെ എഴുതിയ 'Being Mortal: Medicine and what matters in the end' എന്ന പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തെ വീണ്ടും ഓർമ്മ വന്നു. രോഗങ്ങളോടും അവസാനകാലത്തെ കാലത്തെ ഏകാന്തതയോടുമൊക്കെയുള്ള മനുഷ്യൻറെ പടവെട്ടലിനെക്കുറിച്ചാണ് പുസ്തകം. അദ്ദേഹം ഇപ്പോൾ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടോ? അറിയില്ല. അന്ന് അവിടേക്ക് പറഞ്ഞു വിട്ട കൂട്ടുകാരനെ ഇനി വിളിക്കുമ്പോൾ ചോദിക്കണം.

By: 
Vipin Joseph

പൂനാരങ്ങ: ഒരു ആസ്വാദനക്കുറിപ്പ്


ആസുരമായ ഈ കാലത്തും മനുഷ്യനിലുള്ള പ്രത്യാശയിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഒരു കൂട്ടം ഓർമ്മക്കുറിപ്പുകൾ‍. നന്ദി, ശ്രീ. ജോയ് മാത്യു!
ഈ കുറിപ്പുകൾ ഉടനീളം സൗഹൃദങ്ങളുടെ ആഘോഷമാണ്: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളെ കടന്നുപോകുന്ന സൗഹൃദങ്ങളുടെ. സാന്ദ്രയുടെയും സുഹൃത്തുക്കളുടെയും സ്കോട്ടെദ് ഇടങ്ങൾ, അന്തിക്കാട്ടെ പപ്പുന്നിയാശാന്റെ വാടക കൊടുക്കാൻ പാടില്ലാത്ത മുറി, പോകുന്ന വഴികളിൽ എല്ലാം ഉള്ള സ്നേഹസമൃദ്ദമായ അത്താണികൾ, അട്ടിപ്പേരുകൾ എല്ലാം എന്നെ വയനാട്ടിലെ കോളേജ്കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനന്തവാടിയിലും തിരുനെല്ലിയിലും പുൽപ്പള്ളിയിലും കൊട്ടിയൂരിലും എല്ലാം ഞങ്ങൾക്കും ഉണ്ടായിരുന്നു ചില സ്നേഹവീടുകൾ. കൊച്ചുകൂരകളിൽ വലിയ ഹൃദയങ്ങൾ ഉള്ള മനുഷ്യർ താമസിച്ചിരുന്ന, ഏത് പാതിരാത്രിയിലും കയറിച്ചെന്ന് ഉള്ള കഞ്ഞീം കുടിച്ച് അറിയാവുന്ന വിപ്ലവവും പറഞ്ഞു കിടന്നുറങ്ങാൻ സാധിച്ചിരുന്ന കരുതലിന്റെ ഇടങ്ങൾ.
ശ്രീ. ജോയ് മാത്യു എഴുതിയിരിക്കുന്ന പോലെ ഒരു പോക്കറ്റിൽ ഉള്ള പ്രത്യാശ ഞങ്ങളെ ഒത്തിരി പേരെ നയിച്ച സമയങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും കൊച്ചി കാണാൻ ഒന്നര രൂപയുമായി ഞങ്ങളുടെ കൂടെ ഇറങ്ങിപുറപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അമ്പതു പൈസ പോക്കറ്റിൽ ബാക്കിവന്ന ഒരു കൂട്ടുകാരൻ ഇത്തരം പ്രത്യാശയുടെ ഉത്തമ ഉദാഹരണമായിരുന്നു.
പുനത്തിലിന്റെ സ്മാരകശിലകളെ കുറിച്ചുള്ള കുറിപ്പും മനോഹരമാണ്. അയലത്തെ വീടുകളിൽ നിന്നും അമ്മ സംഘടിപ്പിച്ചു കൊണ്ടുവന്നിരുന്ന കോട്ടയം ആഴ്ചപ്പതിപ്പുകൾ വായിച്ച് തുടങ്ങിയ ഞാനും അമ്മയും ആദ്യമായി ഒരുമിച്ചു വായിച്ച നോവൽ ആണത്. അമ്മ പിന്നീട് വളരെക്കാലം ഒരു പൂക്കുഞ്ഞീബി ആരാധിക ആയിരുന്നു. പുനത്തിലിന്റെ ചില കുന്നായ്മകൾ ആണ് പൂനാരങ്ങയിലെ കുറിപ്പിനാധാരം എങ്കിലും അത് എഴുതിക്കഴിയുമ്പോൾ എഴുത്തുകാരനും വായിച്ച് കഴിയുമ്പോൾ വായനക്കാരനും പുനത്തിലിനോടുള്ള സ്നേഹം കൂടുകയാണ്. അദ്ദേഹം പറയുന്ന ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ‘പനമരം കഥ’ പോലുള്ള കഥകൾ ആണ് ഏത് പ്രതിസന്ധികളിലും ‘നാളെ എല്ലാം ശരിയാകും’ എന്ന വിശ്വാസത്തിൽ നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ദൈവികപരിപാലനയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ പോലും സമ്പത്ത് കൂട്ടി വച്ച് അതിന്റെ മുകളില അടയിരിക്കുന്ന ഈ കാലത്ത് തനിക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ തനിക്കുള്ളതല്ലെന്നും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന വാഹകൻ മാത്രമാണ് താനെന്നും ഒരു സൂഫി ലൈനിൽ ചിന്തിക്കുന്ന ഇബ്രായി, നോ എന്ന് പറയാൻ പഠിപ്പിച്ച എംടി, മദ്യത്തെ ആണോ സിനിമയെ ആണോ കൂടുതൽ സ്നേഹിച്ചിരുന്നത് എന്ന സംശയം അവശേഷിപ്പിച്ച് കടന്നു പോയ ജോൺ, ജീവിതത്തെ നിരന്തരം മൊയന്താക്കിയിരുന്ന ജയചന്ദ്രൻ, സിനിമയിൽ കത്തിനിൽക്കുന്ന കാലത്തും പ്രതിഫലം പോലും വാങ്ങാതെ നാടകം എന്ന ഭ്രാന്തിലേക്ക് ഏതുസമയത്തും എടുത്തുചാടിയിരുന്ന പ്രിയനടൻ മുരളി, മരുഭൂമിയിൽ വച്ച് കയ്യിൽ ഇളംമഞ്ഞ നിറമുള്ള പൂനാരങ്ങ വച്ച് കൊടുത്ത സോഹരാബ് അങ്ങനെ പലരും ഈ പൂനാരങ്ങയിലെ മധുരമുള്ള അല്ലികൾ ആകുന്നുണ്ട്.
ശ്രീ ജോയ് മാത്യു, ആമേൻ എന്ന സിനിമ കണ്ടപ്പോൾ നിങ്ങൾ ഇത്രയും കാലം എവിടായിരുന്നു എന്ന് സത്യമായും ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരു പതിറ്റാണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നാലും കിട്ടുമായിരുന്നതിന്റെ ഉപരി അനുഭവങ്ങളും കാഴ്ചപ്പാടുകളും നിങ്ങൾ കണ്ട ജീവിതങ്ങളിൽ നിന്നും കെട്ടിയാടിയ ജീവിതവേഷങ്ങളിൽ നിന്നും നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
ഈ ഓർമ്മകൾ അടയാളപ്പെടുത്തപെടെണ്ടത് തന്നെയാണ്. നിങ്ങളുടെ തലമുറയുടെ സർഗാത്മക ജീവിതത്തെ കുറിച്ച് വായിക്കുമ്പോൾ ആണ് ചിലപ്പോഴൊക്കെ ജനിക്കാൻ അല്പ്പം വൈകിപ്പോയെന്ന് ഞങ്ങൾക്ക് തോന്നുന്നത്.
അംസ്റ്റെർദം ബലൂൺ കമ്പനിയിലെ ലിയോ വന്ദർസാം പറയുന്നത്‌ പോലെ ‘മനുഷ്യനിലുള്ള പ്രത്യാശ’ എന്ന രാഷ്ട്രീയത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നതാണ് പൂനാരങ്ങയിലെ ഓരോ ഏടും.

By: 
Vipin Joseph

മോഷണം


'സഖാവി'ന്റെ പിതൃത്വത്തെ അല്ലെങ്കിൽ മാതൃത്വത്തെ ചൊല്ലി അടിപിടി നടക്കുന്ന സമയമാണല്ലോ. സ്വന്തമായി അത്യാവശ്യം രസമുള്ള ഒരു സാഹിത്യചോരണ കഥയുണ്ട്. അത് പറയാം. പത്തുപതിനഞ്ചുകൊല്ലം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1998ൽ, സഖാക്കന്മാർ തേങ്ങ പിരിച്ചുണ്ടാക്കിയ മൊകേരി ഗവ: കോളേജിൽ ഞാൻ ഒന്നാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം. ഒരു വർഷം മാത്രമേ അവിടെ പഠിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. ഇപ്പോൾ ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ലോക്സഭയിലുള്ള സർ. റിച്ചാർഡ് ഹേ വകുപ്പ് മേധാവിയായും നമ്മുടെ സ്വന്തക്കാരനായ സെബാസ്റ്റ്യൻ കാലാ ഇംഗ്ലീഷ് വിഭാഗത്തിലും ഒക്കെ ഉണ്ടായിരുന്ന കാലം. കോളേജിലുള്ള സമയത്തു് ഗ്രൗണ്ടിലും പിന്നെ ലൈബ്രറിയിലും കൂടുതൽ സമയവും ചുറ്റുമുള്ള സിനിമാടാക്കീസ്സുകളിലുമായി അങ്ങനെ ജീവിച്ചുപോവുകയായിരുന്നു പാവം ഞാൻ.
അക്കാലത്താണ് സഹപാഠിയായ കോതോടുകാരൻ രാജേഷിന് ഒരു കയ്യെഴുത്ത് മാസിക അങ്ങ് ഇറക്കികളയാം എന്ന ചിന്ത ശക്തമാകുന്നത്. മാർക്കേസിന്റെയും മറ്റും തടിച്ച പുസ്തകങ്ങൾ കക്ഷത്തിൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ടുള്ളതിനാൽ ഞാൻ ഒരു ബുദ്ധിജീവിയും കവിതയെഴുതാൻ പ്രാപ്തിയുള്ളവനുമാണെന്ന് അവൻ തെറ്റിദ്ധരിച്ചു, കയ്യെഴുത്ത് മാസികയിലേക്ക് ഒരു കവിത സംഭാവന ചെയ്യാൻ എന്നോട് താഴ്മയായി അപേക്ഷിച്ചു. അവൻ എന്നിലർപ്പിച്ച ആ പ്രതീക്ഷ തകർത്തു തരിപ്പണമാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്തു് മൂന്ന് പേര് മാത്രം പങ്കെടുത്തിരുന്ന കവിതാരചനാ മത്സരങ്ങളിൽ പങ്കെടുത്ത് തേർഡ് പ്രൈസ് വാങ്ങിയ അനുഭവങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഏതായാലും എന്നിലെ കവി ഉണർന്നു, എന്നിട്ട് നേരെ ലൈബ്രറിയിലേക്ക് വച്ചുപിടിച്ചു. അവിടെ നിന്നും പഴയ ഒരു മാതൃഭൂമി ആഴ്ച്ചപതിപ്പ് പൊടി തട്ടിയെടുത്തു. അതിന്റെ 'കോളേജ് മാഗസിൻ' സെക്ഷനിൽ നിന്നും കൊള്ളാവുന്ന ഒരു കവിത തിരഞ്ഞെടുത്തെഴുതി, അതിന് കുറച്ചുകൂടി ഉചിതമെന്ന് എനിക്ക് തോന്നിയ ഒരു തലക്കെട്ടും കൊടുത്തു. കവിത കിട്ടിയപ്പോൾ രാജേഷ് കൃതാർത്ഥനായി, അവൻ എന്നിലർപ്പിച്ച പ്രതീക്ഷ കാത്തുസൂക്ഷിക്കാനായതിന്റെ ചാരിതാർഥ്യം എനിക്കും. ഒരു നിമിഷം അവന്റെ തോളിൽ കൈവച് അവനെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ എങ്ങോട്ടോ നടന്നുപോയി.
പിന്നീടെപ്പോഴോ കോളേജിൽ ചെന്നപ്പോൾ ക്ലാസ്സ്റൂമിന്റെ മുൻപിൽ ഒഞ്ചിയംകാരിയും ഒപ്പം വിപ്ലവകാരിയുമായ ഒരു കൂട്ടുകാരി എന്നെ തടഞ്ഞു. ഞാൻ ചോദിച്ചു, 'എന്താ ഹേ?'. അവൾ പ്രതിവചിച്ചു, 'കവിത മോഷ്ടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ ഹേ?' നടൻ ഇന്നസ്സെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഇളിഞ്ഞുപോയി. ഒരു നിമിഷം എല്ലാം കൂടി ഇടിഞ്ഞുതലയിൽ വീണാരുന്നെങ്കിൽ എന്നും തോന്നിപ്പോയി. പിന്നെ രാജേഷിനെകൂടി താങ്ങാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ ഒരു നിമിഷം അവളെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ വീണ്ടും എങ്ങോട്ടോ നടന്നുപോയി. അത് നേരെ വീട്ടിലേക്കായിരുന്നു.
പിന്നീട് റ്റീസി വാങ്ങാനായി പോയപ്പോൾ 'നോ ഡ്യൂ' സെർട്ടിഫിക്കറ്റിനായി ലൈബ്രറിയിൽ പോകേണ്ടിവന്നു. അതാ മേശപ്പുറത് ആ കയ്യെഴുത്ത് മാസിക. പരിചയമുള്ള ആരും അടുത്തില്ല എന്നുറപ്പ് വരുത്തി ഞാൻ തിടുക്കത്തിൽ അതിന്റെ താളുകൾ മറിച്ചുനോക്കി. 'എന്റെ' കവിത കിടന്ന പേജിനു മുകളിൽ രാജേഷാവാം വേറൊരു പേജ് ഒട്ടിച്ചുചേർത്തിരിക്കുന്നു. അതിൽ മറ്റൊരു കവിത, അതിന്റെ ടൈറ്റിൽ 'മോഷണം' എന്നായിരുന്നു.


By: 
Vipin Joseph

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo