ഒരു അരിശത്തിന് കിണറ്റിൽ ചാടിയാൽ ഏഴരിശത്തിന് തിരിച്ചുകയറാൻ പറ്റില്ലെന്ന് പണ്ടൊക്കെ അമ്മ പറഞ്ഞു കേട്ടിരുന്നതിൻറെ പൊരുൾ മനസ്സിലായത് പഠനമൊക്കെ കഴിഞ്ഞു ബാംഗളൂരിൽ ആദ്യത്തെ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ്. വ്യക്തിജീവിതത്തിലെ ആദർശങ്ങൾ വീട്ടിൽ വച്ചിട്ടേ ഓഫീസിൽ പോകാവൂ എന്ന് പഠിച്ചതും അവിടെ വച്ച് തന്നെ. നമ്മുടെ തത്വശാസ്ത്രങ്ങളും അവരുടെ തത്വശാസ്ത്രങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും ഇനി മുന്നോട്ട് പൊരുത്തപ്പെടാനൊട്ട് സാദ്ധ്യതയില്ലെന്നും തിരിച്ചറിഞ്ഞ ഒരു ദിവസം സിനിമയിലൊക്കെ കാണുന്നത് പോലെ രാജിക്കത്ത് ബോസിൻറെ മേശപ്പുറത്തേക്ക് എറിഞ്ഞുകൊടുത്ത് പുറത്തിറങ്ങി ഞാൻ സ്വാതന്ത്ര്യത്തിൻറെ ശ്വാസം ആഞ്ഞാഞ്ഞ് വലിച്ചു. അങ്ങനെ വലിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'നാളെ' എന്ന ചിന്ത ക്ഷണിക്കാതെ കയറിവരുന്നത്. എറിഞ്ഞു കളഞ്ഞ ജോലിയിൽ എത്തിപ്പെടാൻ പറ്റിയ പെടാപ്പാട് ഓർമ്മ വന്നു. 'ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കും' നോ ഐഡിയ. പുതിയ ഒരു ഓഫർ ലെറ്റർ കയ്യിൽ വരുന്നത് വരെ കയ്യിലുള്ള ജോലി എറിഞ്ഞ് കളയരുതെന്ന പാഠവും അന്ന് പഠിച്ചു.
രാത്രി റൂമിൽ ചെന്നിരുന്ന് വീണ്ടും നാളെയെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. പോകാൻ ഇനി ഒരു ഓഫിസ് ഇല്ല. ഇങ്ങനെയുള്ള വിഷമവൃത്തങ്ങളിൽ വിളിക്കാൻ പറ്റുന്ന ചില നമ്പറുകൾ അപ്പോഴും ഫോണിൽ ഉണ്ടായിരുന്നു. അതിലൊരെണ്ണം ഡയലുചെയ്ത് ഞാൻ എൻറെ കദനങ്ങളുടെ കെട്ടഴിച്ചു. ഒന്നും പേടിക്കാതെ അടുത്ത ദിവസം പെട്ടിയും കിടക്കയും എടുത്ത് കൊച്ചിക്ക് വിട്ടോളാൻ മറുതലയ്ക്കൽ നിന്നും നിർദ്ദേശം ലഭിച്ചു. അവിടെ ഏതോ അമ്മാവൻറെ ബിസിനസ്സ് സാമ്രാജ്യത്തിൽ എനിക്ക് തൽക്കാലം പിടിച്ചുനിൽക്കാൻ ഒരു പണി ശരിയാക്കാമത്രേ. അങ്ങനെ പിറ്റേന്ന് രാവിലെ ഒരു ചെറിയ പെട്ടിയിൽ ഒതുങ്ങുന്ന എൻറെ സ്ഥാവരജംഗമവസ്തുക്കളുമായി ഞാൻ കൊച്ചിക്ക് തീവണ്ടി കയറി. താമസവും അമ്മാവൻറെ വീട്ടിൽ തന്നെയെന്ന വിവരവും വഴിയേ ലഭിച്ചു. ആനന്ദലബ്ദിക്കിനിയെന്തുവേണം. താമസമുള്ളപ്പോൾ ഭക്ഷണം തീർച്ചയായും ഉണ്ടാവും.
എന്നാൽ ഞാൻ പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല കാര്യങ്ങൾ. തമ്മനത്തെ ആ വലിയ രണ്ടുനിലവീട്ടിൽ എഴുപത് കടന്ന എന്തൊക്കെയോ രോഗങ്ങൾ അലട്ടുന്ന ആ അമ്മാവൻ ഒറ്റയ്ക്കായിരുന്നു. എനിക്ക് മുകളിലത്തെ നിലയിൽ ഒരു മുറി കാട്ടിത്തന്നു. ജോലിയെക്കുറിച്ചൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിക്കാൻ അടുത്ത് ഒരു ചെറിയ ഹോട്ടൽ ഉണ്ടെന്ന് പറഞ്ഞു. വിശപ്പ് തോന്നിയില്ല. വെറുതെ ഫാനിലേക്ക് നോക്കി കട്ടിലിൽ അങ്ങനെ കിടന്നു. പിന്നെ മയങ്ങിപ്പോയി. കുറച്ചു കഴിഞ് താഴെ നിന്നും അൽപ്പം ഉച്ചത്തിലുള്ള സംസാരം കേട്ടാണ് എഴുന്നേറ്റത്. തന്നോട് ചോദിക്കാതെ എനിക്ക് ജോലി വാഗ്‌ദാനം ചെയ്തതിന് ആരോ അമ്മാവനെ ശകാരിക്കുന്നുണ്ടായിരുന്നു, മകനായിരിക്കും. പിന്നീട് എനിക്ക് ഉറക്കം വന്നില്ല. വെറുതെ കാണിച്ചുവച്ച മണ്ടത്തരങ്ങളേക്കുറിച്ച് ഓർത്തങ്ങനെ കിടന്നു.
പിറ്റേന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുവന്നപ്പോൾ അദ്ദേഹം വരാന്തയിൽ ഇരിപ്പുണ്ട്. സംസാരിച്ച് തുടങ്ങി. പുള്ളിക്കാരൻറെ ഭാര്യ മകളുടെ കൂടെ വർഷങ്ങളായി അമേരിക്കയിൽ ആണ്. ഒരേ ഒരു മകൻ അധികം ദൂരത്തിലല്ലാതെ താമസിക്കുന്നുണ്ട്. ഭക്ഷണമൊക്കെ അവിടെ നിന്നും ആരെങ്കിലും എത്തിക്കും. പക്ഷേ കഴിച്ചോ ഇല്ലയോ എന്നൊട്ടാരും ശ്രദ്ധിക്കാറില്ല. ബിസിനസ്സ് ഇപ്പോൾ മകനാണ് നോക്കി നടത്തുന്നത്. എൻറെ കാര്യം പറഞ്ഞിട്ടുണ്ടെന്നും പിറ്റേന്ന് രാവിലെ പോയി ജോയിൻ ചെയ്യാം എന്നും പറഞ്ഞു. ഞാൻ തല കുലുക്കി വീടിനകത്തേക്ക് കയറി. ചുറ്റുപാടും നോക്കി. മാർബിൾ ഇട്ട ഫ്ലോർ മുഴുവൻ ചെളി കട്ടപിടിച്ചിരിക്കുന്നു. അടുക്കളയുടെ തറയിൽ വെള്ളം വീണ് തെന്നി കിടക്കുന്നു. മക്കളുണ്ടാക്കുന്ന മാർബിൾ കൊട്ടാരങ്ങളിൽ മാതാപിതാക്കൾ തലതല്ലി വീണുമരിക്കുന്ന കാലമാണല്ലോ. വാഷ്ബേസിൻ മുഴുവൻ കഴുകാനുള്ള പാത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലായിടത്തും മാറാല. ബാത്റൂമുകൾ കാലങ്ങളായി കഴുകാതെ വൃത്തികെട്ട് കിടക്കുന്നു. ഞാൻ പതിയെ ഒരറ്റത്ത് നിന്നും പണി തുടങ്ങി. ഉച്ചതിരിഞ്ഞപ്പോളേക്കും എല്ലാം വൃത്തിയാക്കി. അദ്ദേഹം ഇടയ്ക്ക് വന്ന് എന്നെ നിരുത്സാഹപ്പെടുത്തി. മൂന്ന് നാല് ദിവസം കൂടുമ്പോൾ ഇതെല്ലം ചെയ്യാൻ മകന്റെ വീട്ടിൽ നിന്നും ഒരു ജോലിക്കാരി വരാറുണ്ടത്രേ.
പിറ്റേന്ന് രാവിലെ ഞാൻ ഷേവ് ചെയ്ത് കുളിച്ച് കുട്ടപ്പനായി ഷർട്ടൊക്കെ പാന്റിനുള്ളിൽ കുത്തിക്കയറ്റി എക്സിക്യൂട്ടീവ് സ്റ്റൈലിൽ അമ്മാവൻ പറഞ്ഞു തന്ന അഡ്രസ് തപ്പി ജോയിൻ ചെയ്യാൻ പുറപ്പെട്ടു. പക്ഷേ ഞാൻ മനസ്സിൽ കണ്ട തരത്തിലുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം ആയിരുന്നില്ല അത്. കട്ടിങ് പ്ലേയർ, സ്ക്രൂ ഡ്രൈവർ, സ്പാനർ തുടങ്ങിയ ഐറ്റംസിന്റെ ഒരു മൊത്തവ്യാപാര കേന്ദ്രം. അവിടെ നിന്നും സാധനങ്ങൾ ലോറിയിൽ കയറ്റി കേരളത്തിൽ പലയിടത്തേക്കായി അയക്കും. പകച്ചുപോയി എൻറെ യൗവ്വനം. പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു. ക്ഷണിക്കപ്പെടാതെ ചെന്നു കയറിയതിനാൽ അമ്മാവൻറെ മകൻ എന്നോട് പ്രത്യേക താൽപ്പര്യം ഒന്നും കാണിച്ചില്ല. പിന്നെ ശ്രീനിവാസൻ പറഞ്ഞപോലെ എൻറെ ജോലിയുടെ ഒരു സ്വഭാവം എന്ന് പറഞ്ഞാൽ ടൂൾസ് ഓർഡർ അനുസരിച്ച് നന്നായി പാക്ക് ചെയ്ത് ലോറിയിൽ എത്തിക്കൽ ആയിരുന്നു. വേറെയും മൂന്നുനാല് ചെക്കൻമാർ ഒപ്പം പണിക്കുണ്ടായിരുന്നു. ഞാൻ പതിയെ ആദ്യം കണ്ട ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്ന് പാന്റിനുള്ളിൽ കുത്തിക്കയറ്റിയിരുന്ന ഷർട്ട് വലിച്ച് പുറത്തിട്ട് എക്സിക്യൂട്ടീവ് ലൂക്കിനെ ഓടിച്ച് വിട്ടു. എന്നിട്ട് ദിവസം മുഴുവൻ നല്ല അന്തസ്സായി പട്ടിയെ പോലെ പണിയെടുത്തു. എല്ലാം സ്വന്തം വരുത്തി വച്ചതായതിനാൽ ആരെയും കുറ്റം പറയാൻ പറ്റില്ലായിരുന്നു. എന്നെ അങ്ങോട്ടേക്കയച്ച കൂട്ടുകാരനെ പോലും.
അന്ന് രാത്രി തിരിച്ച് റൂമിൽ വന്ന് വീണ്ടും ഫാനിലേക്ക് നോക്കി കിടന്നു. കണ്ണുകൾ നിറഞ്ഞ് ഇരുവശങ്ങളിലേക്കും ഒഴുകുന്നത് പതിയെ തിരിച്ചറിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം തലയ്ക്ക് ചുറ്റും വട്ടമിട്ട് പറന്നു. പെട്ടന്ന് ഒരു ഉൾവിളി ഡൽഹിക്ക് വച്ചുപിടിക്കാൻ. പക്ഷേ എങ്ങനെ? അവിടെപ്പോയി എന്ത് ചെയ്യും? ആരുടെ കൂടെ താമസിക്കും? കൂട്ടുകാർ ഉണ്ട്. പക്ഷേ തെണ്ടിത്തിരിഞ്ഞ് വരുന്നവരെ ആരും അങ്ങനെ അടുപ്പിക്കാൻ താൽപ്പര്യം കാണിക്കാറില്ലല്ലോ. വെറുതെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അതാ കിടക്കുന്നു. നേരത്തെ പറഞ്ഞത് പോലെ ഏത് വിഷമവൃത്തത്തിലും വിളിക്കാവുന്ന മറ്റൊരു നമ്പർ, ഡയൽ ചെയ്‌തു. 'നീ കേറിവാടാ' എന്ന് മറുവശത്ത് നിന്നും അരുളപ്പാടുണ്ടായി.
അങ്ങനെ ഒരു ദിവസം കൊണ്ട് കൊച്ചിയിലെ ബിസിനസ് സാമ്രാജ്യത്തോട് വിട പറഞ്ഞു. ഡൽഹിക്ക് പലായനം ചെയ്യുന്നതിന് മുൻപ് വീട്ടുകാർക്കൊരു ദർശനം കൊടുക്കാനായി സ്വന്തം നാടായ കോഴിക്കോട്ടേക്ക് വച്ച് പിടിക്കാൻ തീരുമാനിച്ചു. അമ്മാവൻറെയടുത്ത് കാര്യം പറഞ്ഞു. അദ്ദേഹം എതിർത്തൊന്നും പറഞ്ഞില്ല. 'നന്നായി വരും' എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. ഞാനിതൊക്കെ മുൻപ് സിനിമയിലെ കണ്ടിട്ടുണ്ടായിരുന്നുള്ളു. ഞാൻ കുനിഞ്ഞ് അദ്ദേഹത്തിൻറെ പാദം തൊട്ട് നമസ്കരിച്ചു. അത് സിനിമയിൽ അങ്ങനെ കണ്ടതു കൊണ്ട് ആയിരുന്നില്ല. അദ്ദേഹം ആയിരത്തിൻറെ ഒരു നോട്ട് എൻറെ കയ്യിൽ വച്ചു തന്നു. അവിടെ നിന്നിറങ്ങി നടക്കുമ്പോൾ കണ്ണ് നിറഞ്ഞ് കാഴ്ച്ച അവ്യക്തമാകുന്നത് ഞാനറിഞ്ഞു.
അദ്ദേഹത്തിന്റെ അനുഗ്രഹവും കൈനീട്ടവും കൊണ്ടാവാം ഡൽഹിയിൽ എത്തി രണ്ട് മാസം തികയുന്നതിന് മുൻപ് ഞാൻ നടന്ന് കയറിയത് ബാംഗ്ലൂരിൽ വാങ്ങിയതിന്റെ നാലിരട്ടി ശമ്പളവുമായി ആരോഗ്യമന്ത്രാലയത്തിന്റെ ഒരു ഓഫിസ്സിലേക്കായിരുന്നു. ഇന്ന് അതുൽ ഗവാൻഡെ എഴുതിയ 'Being Mortal: Medicine and what matters in the end' എന്ന പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തെ വീണ്ടും ഓർമ്മ വന്നു. രോഗങ്ങളോടും അവസാനകാലത്തെ കാലത്തെ ഏകാന്തതയോടുമൊക്കെയുള്ള മനുഷ്യൻറെ പടവെട്ടലിനെക്കുറിച്ചാണ് പുസ്തകം. അദ്ദേഹം ഇപ്പോൾ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടോ? അറിയില്ല. അന്ന് അവിടേക്ക് പറഞ്ഞു വിട്ട കൂട്ടുകാരനെ ഇനി വിളിക്കുമ്പോൾ ചോദിക്കണം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക