നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കപടന്മാരുടെ ലോകമാണ് ഇത്


"ഹാലോ ദാമു... ആളെ കിട്ടിയോ... "
"ഇല്ല ഡാ... നോക്കുന്നുണ്ട്.."
"പെട്ടെന്ന് വേണം... ആശുപത്രിയിൽ ആരും ഇല്ല.. അവൻ ഒറ്റയ്ക്കാ... '"
"ഞാൻ നോക്കുന്നുണ്ട് ഡാ.. നിയോന്നു സമാധാനപ്പെടു..."
" ശരി ദാമു എങ്കിൽ.... ആളെ കിട്ടിയിട്ട് വിളിക്ക്..."
അളവില്ലാത്ത നെഞ്ചിടിപ്പിന്റെ വേഗതയിൽ ഞാൻ ഫോൺ പോക്കറ്റിലേക്കിട്ടു....
സങ്ങതി വേറൊന്നുമല്ല... നാരായണൻ.. നാട്ടിലെ ഏക തെങ്ങുകയറ്റകാരനാണ്... എന്റേയും ദാമുവിന്റെയും കൂട്ടുകാരനും... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും അവനില്ല കെട്ടോ... നേരം വെളുത്താൽ വൈകുന്നിടം വരെയും താമരയാ.. മനസ്സിലായില്ലേ ? വെള്ളം ആണെന്ന്...
വല്ല തെങ്ങും കയറാനുണ്ടങ്കിൽ കയറും... കിട്ടുന്ന കാശിനു നേരെ പോവും ഷാപ്പിലോട്ട്... അവിടിരുന്നു കുടിക്കും... പക്ഷെ ആർക്കും ഒരു ശല്യം ഇല്ല കേട്ടോ...
ആളൊരു സാധുവാണ്.. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് എല്ലാം പ്രിയപെട്ടവനും..
ഒരു സൈക്കിളുമായി കറക്കം.. അതാണ് മാഷിന്റെ പ്രധാന പണി...പോകുന്ന വഴിയിൽ ഏതേലും തെങ്ങിൽ മൂത്തു നിൽക്കുന്ന തേങ്ങായുണ്ടെങ്കിൽ ഉടനെ കേറി ഇടും.. കാശു കൊടുത്തില്ലേലും കുഴപ്പമില്ല.. എന്നിട്ടു ഇറങ്ങി വന്നൊരു പറച്ചിലാണ്...
"പള്ളികുടത്തിലേക്കു പിള്ളേരു പോകുന്ന വഴിയാ.. ഇനി അതിങ്ങടെ തലേലെങ്ങും വീഴണ്ട.."
അത്ര പാവം ആണ് അവൻ...
മൂപ്പര് വീട്ടിൽ ഒറ്റയ്ക്കാ താമസം... കെട്ട് കഴിഞ്ഞ് ഒന്നര വർഷം തികയുന്നതിനു മുൻപ് തന്നെ ഭാര്യ ജാനകി അയലത്തുകാരനൊപ്പം ഒളിച്ചോടി പോയി.. ആകെയുണ്ടായിരുന്ന കൊച്ചിനേയും കൊണ്ടുപോയി... ഒരുപക്ഷെ അതിനു ശേഷമായിരിക്കണം അവൻ ഇത്ര കുടിയനായത്.. അല്ലെങ്കിലും ലഹരിക്ക് അടിമപെടുന്നവരിൽ ഭൂരിഭാഗവും ചില ദുരന്തങ്ങളുടെ ഓർമപ്പെടുത്തലുമായ്യിട്ടാണല്ലോ ജീവിക്കുന്നത്...
പിന്നെയുള്ളത്‌ ഒരു അനിയൻ.. നാണു..അവൻ ചേട്ടനെക്കാൾ കഷ്ടമാണ്.. ഒന്ന് കണ്ടുകിട്ടാൻ കുറച്ചു പ്രയാസവും ആണ്...
ഇതിപ്പോ ഇന്നലെ പോകുന്ന വഴിയിൽ നാരായണന് ഒരു അപകടം പറ്റി.. ഒരു ബൈക്ക് കാരൻ കൊണ്ടിട്ടു കേറ്റി... കണ്ടു നിന്നവരെല്ലാം പറഞ്ഞത് പിള്ളേരു ബൈക്കുകൊണ്ടു ഇങ്ങോട്ട് വന്നിടിച്ചതാണെന്നു...
അല്ലെങ്കിലും അവൻ രണ്ടുകാലിൽ നടക്കാൻ പറ്റാത്ത വിധം ഒന്നും കുടിക്കില്ല... ഈ പിള്ളേര് എന്തൊരു പോക്കാണ് ഇപ്പോൾ.. ഒരുമാതിരി ബെല്ലും ബ്രേയ്ക്കും ഇല്ലാത്ത പോക്ക്... റോഡിലോട്ടു ഇറങ്ങാൻ തന്നെ പേടിയാ.. എപ്പോഴാ കൊണ്ടിട്ടു കയറ്റുന്നത് എന്നറിയില്ലല്ലോ...
നാട്ടിലെ ചെറിയ ആശുപത്രിയിൽ ആയിരുന്നു ആദ്യം അവൻ... അവിടെ പറ്റില്ല.. കാൽ ഒടിഞ്ഞു... അതുകൊണ്ട് മെഡിക്കൽ കോളേജിലോട്ടു കൊണ്ടുപോയി... ചുരുക്കി പറഞ്ഞാൽ മൂപ്പർക്ക് ഇനി പണിയെടുത്തു തിന്നാൻ പറ്റില്ല...
ആശുപത്രിയിൽ നിന്നും എന്നെയാ വിളിച്ചത്... കുറച്ചു ദിവസം അവിടെ കിടക്കേണ്ടി വരും.. ബാത്രൂമിൽ പോവാനും കുളിപ്പിക്കാൻ കൊണ്ടു പോവാനും കൂട്ടിനു ഒരു ആളെ വേണമെന്ന് അവർ പറഞ്ഞു...ആരോരും ഇല്ലാത്ത അവനു ഞങ്ങൾ ഇപ്പൊ ആരെ കൂട്ടുപിടിച്ചു കൊടുക്കാനാ... അതിന്റെ ടെന്ഷനിലാണ് ഞാനും ദാമും..
എനിക്ക് നാളെ കാലത്തു മോളെയും കൊണ്ടൊരു പരീക്ഷക്കു പോണം.. കോഴിക്കോട്.. പെൺകുട്ടി അല്ലെ.. ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ... ദാമുവിനാണേൽ കടയിൽ പോവാതിരിക്കാൻ പറ്റില്ല.. കഞ്ഞികുടി മുട്ടും.. ഭാര്യയും രണ്ടു പിള്ളേരും ഉള്ളതാ.. ഇതിപ്പോ ആരെ കൂട്ടിനു വിടാനാ....
ചാരുകസേരയിൽ മയക്കം പിടിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകളെ വിളിച്ചുണർത്തി കൊണ്ട് ദാമുവിന്റെ ഫോൺ കാൾ വന്നു..
"ആ ദാമു .. പറയടാ.."
"ഡാ അവന്റെ അനിയനെ കണ്ടുപിടിച്ചു..."
"ആഹാ. അവനോടു പറഞ്ഞോ.."
"പറഞ്ഞു...അവൻ ഇരിക്കാമെന്നു സമ്മതിച്ചു.. പക്ഷെ.. "
"എന്താടാ.. എന്ത് പക്ഷെ.."
" അവനു ദിവസവും 2000 രൂപയും വണ്ടിചിലവും വേണോന്നു... "
"കാശൊ.. എടാ അവന്റെ ചേട്ടനാണ് കാൽ ഒടിഞ്ഞു കിടക്കുന്നത് എന്ന് പറഞ്ഞില്ല... "
"അതൊക്കെ പറഞ്ഞു.. പക്ഷെ കാശു കൊടുത്താൽ ഇരിക്കാമെന്നു..."
"2000 രൂപ വെച്ചു ഇപ്പൊ നമ്മൾ എവിടെ പോയി ഉണ്ടാക്കാനാ... നീ എന്തായാലും ഫോൺ വെക്ക്.. ഞാൻ ഒന്ന് ആലോചിക്കട്ടെ.."
എന്റമ്മോ.. 2000 രൂപയോ... ഇതാണോ ഈ ബന്ധങ്ങളുടെ വില എന്നൊക്കെ പറയുന്നത്.. പണത്തിനു പിന്നാലെ നടക്കുന്ന പ്രാന്തൻ മനുഷ്യരെ പറ്റി ഒരു നിമിഷം ചിന്തിച്ചിരുന്നു പോയി ഞാൻ. എന്നാലും അവന്റെ ചേട്ടൻ അല്ലെ..
എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നപ്പോളാണ് പിന്നെയും ദാമു വിളിക്കുന്നത്..
"ദാമു.. പറയ്.. എന്തായി.. അവൻ എന്ത് പറഞ്ഞു... "
ഡാ.. അവനുമായി കുറെ വഴക്കിട്ടു.. ഒടുവിൽ അവൻ പോയി.. അവൻ പോട്ടെ... രക്തബന്ധത്തിന്റെയൊന്നും വില അറിയാത്ത അവനെ പോലൊരുത്തന്റെ സഹായമൊന്നും കാശുകൊടുത്തിട്ടാണെങ്കിലും നമുക്ക് വേണ്ട.. ഞാൻ പോയി നിന്നോളം അവനു കൂട്ടു..."
" ദാമു നീയോ.. അപ്പൊ കടയോ.. "
"അത് സാരമില്ല.. ഇപ്പൊ വേറെ വഴിയൊന്നും ഇല്ലല്ലോ.."
" നീ കാലത്തു കൊച്ചിനേയും കൊണ്ട് പൊക്കോ.. ഞാൻ അങ്ങോട്ട് പൊയ്‌ക്കോളം.."
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തപ്പോൾ എന്തൊ മൗനമായി ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. രക്തബന്ധം തോറ്റുപോയിടത്ത് ആത്മബന്ധം വിജയിച്ചിരിക്കുന്നു...
ദാമു നാരായണന്റെ വെറും സുഹൃത്തു മാത്രമാണ്... എന്നിട്ടും സ്വന്തം കുടുംബത്തെ പട്ടിണിക്കിട്ട് അവൻ ഇത് ചെയ്യാൻ മുതിരുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരു സ്നേഹവും ബഹുമാനം തോന്നുന്നു ദാമുവിനോട്...
കാശ് കാശ്.. അത് മനുഷ്യനെ മനുഷ്യൻ അല്ലാതാക്കിയിരിക്കുന്നു.. മനുഷത്വം ഇല്ലാത്തവൻ..
കാശു കൊണ്ട് പോലും സ്വന്തം കൂടെപിറപ്പിനെ അളക്കുന്ന നാണുവിനെ പോലുള്ള കപടന്മാരുടെ ലോകമാണ് ഇത്.. ആ കപടതയെ ഒരുപരിധി വരെ മറച്ചുപിടിക്കുന്നത് ദാമുവിനെ പോലുള്ള സുമ്മനസ്സുകൾ ആവാം അല്ലെ... ആയിരിക്കാം.. അങ്ങനെ തന്നെ നമ്മുക്ക് അനുമാനിക്കാം...

Midhu Vyshakam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot