നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആധാർ കാർഡ്


ആധാർ കാർഡ്
×××÷÷÷÷÷÷÷×××
ഇതൊരല്പം വ്യത്യസ്തമായി എഴുതിയതാണ്. പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണ് ഉള്ളത്. ആദ്യത്തെ ആളിനെ ധർമ്മജന്റെ രൂപത്തിലും രണ്ടാമത്തെ ആളിനെ പിഷാരടിയുടെ രൂപത്തിലും സങ്കല്പിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു... നന്ദി
..................................................
സമയം രാത്രി 12.30.
ശിവരാമൻ നല്ല ഉറക്കത്തിലായിരുന്നു.
ഉറക്കത്തിൽ തന്നെ ആരോ വിളിക്കുന്നതുപോലെ അയാൾക്ക് തോന്നി.
'ഹലോ...'
'ടോ... ശിവരാമാ....'
അതെ.. ആരോ വിളിക്കുന്നുണ്ട്...
ശിവരാമൻ ഒന്നു മൂളി.
'ടോ... കണ്ണു തുറന്നെ....'
'ശ്ശെ... ഇതൊരു ശല്യമായല്ലോ... ഈ പച്ച പാതിരാത്രിക്ക് ആരാ വിളിക്കുന്നത് ' എന്ന ആത്മഗതത്തോടെ ശിവരാമൻ കണ്ണു തുറന്നു.
പക്ഷേ ആരേയും കണ്ടില്ല.
ഒന്നു ചുറ്റും കണ്ണോടിച്ചപ്പോഴാണ് തന്റെ കട്ടിലിനരികിൽ ഇരിക്കുന്നയാളിനെ അയാൾ കണ്ടത്.
അയാളെ കണ്ടതും ശിവരാമൻ പെട്ടെന്ന് ഉച്ചത്തിൽ "അയ്യോ' എന്ന് നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റതും ഒരു നിമിഷംകൊണ്ടു കഴിഞ്ഞു.
ചാടിയെഴുന്നേറ്റ അയാളെ പിടിച്ചിരുത്തി അതിഥി അയാളെ സ്വയം പരിചയപ്പെടുത്തി.
'ഞാൻ കാലൻ ഫ്രം യമലോകം. നിന്റെ ചീട്ട് കീറാനുള്ള സമയമായതിനാൽ അവിടെനിന്നും നിന്നെ കൊണ്ടുപോകാനുള്ള ഉത്തരവുമായാണ് ഞാൻ വനാനത്. നീ വേഗം റെഡിയായി വാ. ആ പല്ലുകൂടി ഒന്നു തേച്ചേക്ക്.. ഇല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ അവിടെ ഉള്ളവരൊക്കെ ബൊധംകെട്ടുവീഴും..'
'അയ്യോ... എന്നെ കൊണ്ടുപോകാനൊ... ഞാനൊന്നും വരില്ല. എനിക്ക് ഇപ്പോൾ മരിക്കേണ്ട... ഞാൻ എടുത്ത ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നാളെയാണ്. അതിന്റെ റിസൾട്ട് അറിയാതെ ഞാൻ വരില്ല. മറ്റാരേയും കാണിക്കാതെ ഞാൻ അത് ഒളിച്ചു വെച്ചിരിക്കുകയാണ്. അതെങ്ങാനും അടിച്ചാൽ ആ പണം വെറുതെ പോകില്ലേ... ഞാൻ വരില്ല '.
'നിന്റെ ബമ്പർ അടിച്ചതുകൊണ്ടാണ് ഞാൻ വന്നത്. ബാക്കി നമുക്ക് പരലോകത്തു ചെന്ന് ആഘോഷിക്കാം'
ഈ പണ്ടാറക്കാലനെ ഒന്നു പറഞ്ഞു വിടാൻ എന്താ ഒരു വഴി...ശിവരാമൻ ആലോചിച്ചു. അപ്പോൾ ആണ് അയാളുടെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചത്.
'കാലൻ ചേട്ടന് എന്നെ ഇപ്പോൾതന്നെ കൊണ്ടുപോകണം അല്ലേ... ? പരലോകത്തുനിന്ന് കൊണ്ടുവരാൻ പറഞ്ഞത് എന്നെതന്നെയാണ് എന്നതിന് എന്താ തെളിവ്?'
ശിവരാമൻ ധർമ്മജന്റെ സ്റ്റൈലിൽ ചോദിച്ചു.
'ദേ... അതിനല്ലേ ഞാൻ നിന്റെ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവന്നത്... ഭൂമിയിൽ ഇപ്പോൾ എല്ലാ കാര്യങ്ങൾക്കും ആധാർ കാർഡ് വേണമെന്ന് ഞങ്ങൾക്കറിയാം..'
കാലൻ പിഷാരടിയുടെ സ്റ്റൈലിൽ മറുപടി പറഞ്ഞ് പോക്കറ്റിൽനിന്നും ആധാർ കാർഡിന്റെ കോപ്പി കാണിച്ചു.
'ദേ... നീ എ. എൻ. ശിവരാമൻ, അണക്കത്തിൽ വീട് തന്നെയല്ലേ...'
ശിവരാമൻ അത് വായിച്ചു. എന്നിട്ട് പറഞ്ഞു. ..
'അയ്യേ... ഇത് ഞാനൊന്നുമല്ല... കാലന് ആളുമാറിപ്പോയതാ... ഈ അഡ്രസ്സ് ഒന്നു വായിച്ചു നോക്കിക്കേ...
A.N. Sivaraman
Anakkattil house
Chentrappinni.
ഇതെങ്ങനെയാ ചേട്ടാ ഞാൻ ആകുന്നത്.? ഞാൻ അണക്കത്തിൽ ആണ്. ഇതിൽ എഴുതിയിരിക്കുന്നത് ആനക്കാട്ടിൽ എന്നാണ്. ചേട്ടൻ ഇതൊന്ന് ശരിക്കും വായിച്ചെ. ദേ... ഇതിൽ മലയാളത്തിൽ എഴുതിയതും ആനക്കാട്ടിൽ എന്നാണ്. ഇത് ഞാനല്ല... ചേട്ടൻ നോക്ക്....'
കാലൻ പറഞ്ഞു...
'ഞാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ് പഠിച്ചത്. അതുകൊണ്ട് എനിക്ക് മലയാളം വായിക്കാൻ അറിയത്തില്ല. മലയാളം വായിക്കാൻ അറിയാവുന്ന കാലൻ ഇന്ന് വേറെ റൂട്ട് ആണ്. തിരക്കായതിനാൻ ഞാൻ പകരം വന്നതാണ്. എന്തായാലും അത് അണക്കത്തിൽ എന്നും ഇംഗ്ലീഷിൽ വായിക്കും.'
'ചേട്ടൻ എന്ത് വർത്തമാനമാണ് ഈ പറയുന്നത്.... അത് അണക്കത്തിൽ എന്നു വായിക്കണമെങ്കിൽ Anakkathil എന്ന് എഴുതേണ്ടെ... ചേട്ടൻ ശരിക്കൊന്ന് നോക്കിക്കെ...'.
കാലന് സംശയമായി. കാലൻ അത് വീണ്ടും വായിച്ചു. ശരിയാണല്ലോ... thil തന്നെയാണല്ലോ വേണ്ടത്. ഇതിപ്പോൾ ശിവരാമൻ പറഞ്ഞതുപോലെ ആനക്കാട്ടിൽ എന്നാണല്ലോ.... ഇനി ഞാൻ ആധാർ കാർഡ് എടുത്തത് മാറിപ്പോയതാണോ...' കാലൻ ചിന്തിച്ചു.
കാലന്റെ മനസ്സിലെ സംശയങ്ങൾ മുഖത്തുനിന്ന് വായിച്ച ശിവരാമൻ വേഗം തന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചു. ആ കാർഡ് എടുക്കുവാൻ റേഷൻ കാർഡ് കാണിച്ചതിനാൽ അതിൽ അണക്കത്തിൽ എന്നുതന്നെ ആയിരുന്നു.
കാലൻ അത് നോക്കി തനിക്ക് തെറ്റ് പറ്റിയതാണെന്നു പറഞ്ഞ് ക്ഷമ ചോദിച്ചു യമലോകത്തേക്കു തിരിച്ചു പോയി.
ഇതേ സമയം ശിവരാമൻ ട്രാവൽ ഏജൻസിയിലെ തന്റെ അഡ്രസ്സ് എഴുതിയപ്പോൾ സ്പെല്ലിങ് തെറ്റിച്ച ചേച്ചിക്കു ജീവിതത്തിൽ ആദ്യമായി നന്ദി പറഞ്ഞു.
ശിവരാമൻ thil എന്നു പറഞ്ഞു കൊടുത്തു എങ്കിലും ആ ചേച്ചി കേട്ടത് ttil എന്നാണ്. പാസ്പോർട്ട് കിട്ടിയപ്പോഴാണ് ശിവരാമൻ അത് അറിയുന്നത്. പിന്നെ പാസ്പോർട്ടിൽ ഇംഗ്ലീഷ് മാത്രമായതിനാൽ അത് അണക്കത്തിൽ എന്നു വായിച്ചുപോന്നു. പക്ഷേ ആധാർ കാർഡിന് റേഷൻ കാർഡിനു പകരം പാസ്പോർട്ട് കാണിച്ചതിനാൽ അതിൽ അതേപടി വന്നു. കൂടെ മലയാളംകൂടി വന്നപ്പോഴാണ് ആനക്കാട്ടിൽ ആയത്. പിന്നീട് തിരുത്താൻ നടന്നിട്ടും ബുദ്ധിമുട്ട് ഓർത്ത് അങ്ങനെതന്നെ നില്കട്ടെ എന്ന് തീരുമാനിച്ചു.
അങ്ങനെ ശിവരാമൻ തല്കാലം രക്ഷപ്പെട്ടു.
എന്നാൽ യമലോകത്തേക്കു മടങ്ങിയ കാലൻ നടന്നതെല്ലാം യമരാജനെ അറിയിച്ചു. അദ്ദേഹം അത് നോക്കി ശരിയാണെന്നു മനസ്സിലായതിനാൽ കാലനേയുംകൂട്ടി ദൈവ സന്നിധിയിൽ എത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി.
എല്ലാം സശ്രദ്ധം കേട്ട് ദൈവം പറഞ്ഞു....
'ഈ ഭൂമിയിൽ എന്തൊക്കെ ദുരിതങ്ങൾ ഉണ്ടോ അതൊക്കെ ഒന്നിനു പുറകെ ഒന്നായി ഞാൻ മുടങ്ങാതെ ശിവരാമനു കൊടുത്തതാണ്. എങ്കിലേ എനിക്ക് ഇത്രയും വേഗം അവനെ തിരിച്ചു വിളിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനു മുമ്പ് രണ്ടു തവണ അവൻ ആത്മഹത്യക്ക് ശ്രമിച്ചതാണ്. അന്ന് സമയമാകാത്തതിനാൽ ഞാൻ തിരിച്ചെടുക്കാതിരുന്നതാണ്. പക്ഷേ ഇപ്പോൾ അവന്റെ ഈ തീരുമാനം എനിക്ക് മനസ്സിലാകുന്നില്ല.... ഇനി ദുഃഖങ്ങൾ മാത്രം അനുഭവിച്ചു അവന്റെ മനസ്സ് കല്ലുപോലെയായോ..? ആ ദു:ഖങ്ങളിൽ അവൻ ആനന്ദം കണ്ടെത്തിയോ...? എങ്കിൽ രക്ഷയില്ല.'
ദൈവം ഒന്നുകൂടി ആലോചിച്ച് പറഞ്ഞു.
'ശരി. നിങ്ങൾ ആ ആധാറിന്റെ സെക്ഷനിലേക്ക് ചെന്ന് അതിലെ തെറ്റ് തിരുത്തി thil എന്നാക്കി വരൂ. കുറെ പേരുള്ളതിനാൽ അതിന് സമയം അധികം വേണ്ടിവരും. അത്രയും നാൾ നമുക്ക് ശിവരാമന് ഒരു ചെയിഞ്ചു കൊടുക്കാം.
നാളെയല്ലെ അവന്റെ നറുക്കെടുപ്പ്... ആ സമ്മാനം പത്തുകോടി അവനുതന്നെ കൊടുക്കാം. അതിൽ അവനങ്ങനെ സന്തോഷിച്ചിരിക്കുമ്പോൾ നമുക്കവനെ പിടികൂടാം'
യമനും കാലനും ദൈവം പറഞ്ഞത് അനുസരിച്ചു.
..........................................
ഇതേ സമയം ഭൂമിയിൽ.....
അതിരാവിലെതന്നെ പത്രമെടുത്ത് ഭാഗ്യക്കുറിയുടെ റിസൾട്ട് വായിച്ച ശിവരാമൻ ഇന്നസെന്റിനേപ്പോലെ തലകറങ്ങി വീണു.
ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോൾ ഒരു കൈയിൽ ലോട്ടറിയും മറുകൈയിൽ പത്രവുമായി ശിവരാമൻ കണ്ണുമടച്ച് കിടക്കുന്നു.
സംശയം തോന്നി അവരും ആ ടിക്കറ്റ് എടുത്ത് പത്രത്തിൽ ഫലം നോക്കി. പക്ഷേ അവർക്കു ബോധം പോയില്ല.
സ്ത്രീകൾ അല്ലേ... പണം ആർഭാടം ഇതൊക്കെ അവരുടെ ഒരു വീക്ക്നെസ് അല്ലേ....
പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു.
നല്ല വീട്, കാറ്, സുഹൃത്തുക്കൾ, ബന്ധുമിത്രാതികൾ, രാഷ്ട്രീയ പാർട്ടിക്കാർ, ബാങ്ക് മാനേജർമാർ, സ്വർണ്ണക്കടക്കാർ, പലവിധ സഹായ അഭ്യർത്ഥനയുമായി വരുന്നവർ, ഉത്ഘാടനങ്ങൾ.... അങ്ങനെ അങ്ങനെ ശിവരാമൻ അവിടത്തെ താരമായി മാറി. അഥവാ ശിവരാമൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായി.
ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനായി തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് പാൻ കാർഡ് എന്നിവയെല്ലാം ശിവരാമൻ കൊടുത്തു.
എന്നാൽ ആധാർ കാർഡിലേയും പാൻ കാർഡിലേയും അഡ്രസ്സ് തിരുത്തി അണക്കത്തിൽ എന്നാക്കിയില്ലെങ്കിൽ ബുദ്ധിമുട്ടാണ് എന്ന് അവർ ശിവരാമനെ ധരിപ്പിച്ചു.
ഉദ്യോഗസ്ഥർ തന്നെ വളരെ പെട്ടെന്ന് അതെല്ലാം ശരിയാക്കി നൽകാമെന്ന് പറഞ്ഞു.
എന്നാൽ ശിവരാമൻ പറഞ്ഞു....
'ആ അഡ്രസ്സ് തിരുത്തേണ്ട. പകരം റേഷൻ കാർഡിലെയും തിരിച്ചറിയൽ കാർഡിലേയും അഡ്രസ്സ് മാറ്റി ആനക്കാട്ടിൽ എന്ന് തിരുത്തിയാൽ മതി.'
പണം വന്നതോടെ ശിവരാമന്റെ ഉള്ളിലെ കുബുദ്ധി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.
മാസങ്ങൾ ചിലത് കടന്നുപോയി.
പരലോകത്തു അപ്പോഴേക്കും ശിവരാമന്റെ ആധാർ കാർഡ് തിരുത്തി കിട്ടി.
യമധർമ്മൻ ശിവരാമനെ കൊണ്ടുവരാൻ വീണ്ടും കാലനെ ഭൂമിയിലേക്ക് അയച്ചു.
ഭൂമിയിൽ എത്തിയ കാലൻ ആശ്ചര്യചിത്തനായി.
ഒരു കൊച്ചു വീട് ഉണ്ടായിരുന്നിടത്ത് ഒരു മണിമാളിക.... മൊത്തം ഉഗ്രൻ സെറ്റപ്പ്... ലോട്ടറിയുടെ പവർ അവിടെ കാണാൻ കഴിഞ്ഞു.
ഇത്തവണ കാലൻ ഭൂമിയിൽ എത്തിയത് പകൽ സമയത്ത് ആയിരുന്നു.
വീടിന്റെ ഒരു മൂലയിൽ കീറപ്പായിൽ കിടന്നിരുന്ന ശിവരാമൻ അതാ ആട്ടുകട്ടിലിൽ ദിവാൻ കോട്ടിൽ കിടക്കുന്നു.
സെറ്റപ്പൊക്കെ മാറിയതിനാൽ കാലനും തോന്നി കുറച്ചു മാന്യമായി സംസാരിക്കാമെന്ന്...
കാലൻ ശിവരാമനെ വിളിച്ചു.
'സർ......'
ശിവരാമൻ വേഗംതന്നെ ഉണർന്നു.
ഗൗരവത്തോടെ ഒരു ചോദ്യം...
'ആരാ അത്...?'
'ഞാൻ കാലനാണ് സർ. വീണ്ടും അങ്ങയെ കൊണ്ടുപോകാൻ വന്നതാണ്.
ഇത് പ്രതീക്ഷിച്ചിരുന്ന ശിവരാമന് അത്ഭുതമൊന്നും തോന്നിയില്ല.
'ആധാർ കാർഡ് കൊണ്ടു വന്നിട്ടുണ്ടോ...'
'ഉണ്ട് സർ...'
കാലൻ ആധാർ കാർഡ് ശിവരാമനു കൊടുത്തു.
അത് വാങ്ങി നോക്കി ദേഷ്യത്തോടെ ശിവരാമൻ പറഞ്ഞു....
'തന്നോട് എത്ര തവണ പറഞ്ഞു ഈ ആധാർ കാർഡ് എന്റേതല്ലെന്ന്... മലയാളം അറിയാത്ത കഴുത....'
'അത് സാറിന്റെത് തന്നെയാണ്. അതിൽ മലയാളത്തിലും ഇംഗ്ലീഷിലും അണക്കത്തിൽ എന്നു തന്നെയാണ്. സാർ നോക്കണം...'
ശിവരാമൻ വേഗം തന്റെ തിരുത്തിയ തിരിച്ചറിയൽ കാർഡും റേഷൻ കാർഡും കൂടെ ആധാർ കാർഡും എടുത്തു കാണിച്ചു.
'എടോ... താൻ കണ്ണ് തുറന്നു നോക്ക്... ഇതിൽ എല്ലാം ഉണ്ട്. ഞാൻ ആനക്കാട്ടിൽ ശിവരാമൻ ആണ്. അണക്കത്തിൽ അല്ല. .. സംശയം ഉണ്ടെങ്കിൽ ഇതൊക്കെ ഒന്നു നോക്ക്... ഓരോന്നും പറഞ്ഞു മനുഷ്യനെ മെനക്കെടുത്താൻ ഓരോരുത്തര് എറങ്ങിക്കോളും കാലനാണ് എന്നു പറഞ്ഞ്... തനിക്ക് പോയി തൂങ്ങി ചത്തൂടെടോ....'
പാവം കാലൻ അതെല്ലാം നോക്കി വീണ്ടും തനിക്ക് ചതി പറ്റിയതറിഞ്ഞ് ഇളിഭ്യനായി നിന്നു.
ഇനി എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച് കാലൻ മേലോട്ട് നോക്കി.
ഭൂമിയിലെ ഈ നാടകമെല്ലാം കണ്ടു പുഞ്ചിരിച്ചുകൊണ്ടിരുന്ന ദൈവം കാലനെ കൈകാട്ടി വിളിച്ചു. ദൈവം കാലനോടു പറഞ്ഞു....
'സാരമില്ലെടോ.... ഭൂമിയിൽ എത്രയോ കളളന്മാരും കൊള്ളക്കാരും പിടിച്ചുപറിക്കാരും കൊലപാതകികളും ചില രാഷ്ട്രീയ നേതാക്കളും എല്ലാ തെറ്റുകളും ചെയ്തിട്ടും സുഖമായിരുന്നുവെന്നും ജീവിക്കുന്നില്ലേ..... ഇന്നത്തെക്കാലത്ത് സത്യസന്ധനായി ദരിദ്ര ജീവിതം ജീവിച്ചിട്ട് ശിവരാമനെ ആരെങ്കിലും തിരിച്ചറിഞ്ഞോ.... പണം വന്നതോടെയല്ലേ എല്ലാവരും അയാളെ തിരിച്ചറിഞ്ഞതും സ്നേഹിക്കാൻ തുടങ്ങിയതും.... ഇത്രയുംകാലം കഷ്ടപ്പെട്ടതല്ലേ..... കുറെ കാലം അയാളും സുഖമായിരുന്നുവെന്നും ജീവിക്കട്ടെടോ.... മനുഷ്യനായി..... ഭൂമിയിലെ സുഖങ്ങളൊക്കെ അയാളും അറിയട്ടെ..... താൻ തിരിച്ചു വന്നോളൂ.....'
കാലൻ തലയാട്ടി....
(ഈ കഥ ഇവിടെ അവസാനിക്കുന്നു... അഭിപ്രായം പറയണേ.... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot