നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

: ശ്യാമ വർണ്ണം :


കേൾക്കുവാൻ മനസുണ്ടെങ്കിൽ നിങ്ങൾക്കു മുന്നിൽ ഞാനൊരു കഥ പറയാം . വല്ല കാക്കയുടേയോ , പൂച്ചയുടേയോ ഒന്നും അല്ല എന്റെ ,എന്റെ സ്വന്തം കഥയാണ് നിങ്ങൾക്കു മുന്നിൽ ഞാൻ പറയാൻ പോകുന്നത് .ആദ്യം എന്നെ പരിചയപ്പെടുത്താം ...
ഞാൻ ശ്യാമ ; പേരു പോലെ ഇരുണ്ട നിറമായിരുന്നു എനിക്ക് .വലിയ പഠിപ്പൊന്നും ഇല്ലാത്ത ഒരു പാവം നാട്ടിൻ പുറത്തുകാരി . ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആയിരുന്നു .അതിൽ ഇളയവളായിരുന്നു ഞാൻ . അച്ഛനെ കണ്ട ഓർമ്മയില്ലെനിക്ക് . എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് പന്ത്രണ്ടു വർഷത്തോളം തളർവാതം വന്ന് കിടപ്പിലായിരുന്നു .
എങ്ങനെയെങ്കിലും അച്ഛനെയൊന്ന് എഴുന്നേൽപ്പിച്ച് നടത്തണമെന്ന അമ്മയുടെ ആഗ്രഹത്തിനു മുന്നിൽ ഞങ്ങളുടെ സമ്പാദ്യം മുഴുവൻ ചോർന്ന് പോയതും അതിലൂടെ അമ്മയുടെ ഏക ആങ്ങളയുടെ വീട്ടിൽ അഗതികളായി മാറിയെന്നും അമ്മയും ചേച്ചിമാരും പറഞ്ഞ് കേട്ടിട്ടുണ്ട് .
നക്ഷത്രങ്ങളുടെയും , ഗ്രഹങ്ങളുടെയും പരിചക്രമണത്തിൽ പെട്ട് ചേച്ചിമാർ രണ്ടും അവിവാഹിതകളായി വീട്ടിൽ തന്നെയായിരുന്നു . പ്രായമേറുന്ന ഏച്ചിമാരുടെ ചർമ്മത്തിലെ മാറ്റങ്ങൾ കൊണ്ടാവണം പിന്നീട് വരുന്ന വിവാഹാലോചനകൾ മുഴുവൻ എന്നെ തേടിയായിരുന്നു .
ആയിടക്കാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന മനുവേട്ടന്റെ ആലോചന വരുന്നത് .അല്പ സ്വല്പം രാഷ്ട്രീയ പ്രവർത്തനമൊക്കെ ഉള്ളതു കൊണ്ടാവണം നക്ഷത്ര ഗണങ്ങളെയൊന്നും നോക്കാതെ എന്നെ മാത്രം മതിയെന്ന വാശിയായിരുന്നു അദ്ദേഹത്തിന് മൂന്നെണ്ണത്തിൽ ഒരെണ്ണമെങ്കിലും ഒരുത്തന്റെ കീഴിലായി കൊള്ളട്ടെ എന്ന ആഗ്രഹത്തിലാവണം അമ്മയും അമ്മാവനും ആ വിവാഹം നടത്തുന്നതിൽ വളരെ ഉത്സാഹപ്പെട്ടതും .
വെളുത്ത് സുന്ദരനായിരുന്ന മനുവേട്ടന് ഒട്ടും ചേരാത്ത പെണ്ണായതു കൊണ്ടാവണം മനുവേട്ടന്റെ അമ്മയ്ക്ക് തുടക്കം മുതലേ എന്നെ ഇഷ്ടമല്ലായിരുന്നു . കരിഞ്ചി , കാക്കകറുമ്പി ഇങ്ങനെയൊക്കെയായിരുന്നു എന്നെ വിളിച്ചോണ്ടിരുന്നത് .ആദ്യമാദ്യം ഞാൻ കേൾക്കാതെ വിളിച്ചിരുന്നുവെങ്കിലും പിന്നെ പിന്നെ കേൾക്കേ തന്നെ വിളിക്കുന്നതുകൊണ്ടാവണം മനുവേട്ടനൊപ്പം നടക്കാൻ എനിക്കും വല്ലാത്ത സങ്കോചമായിരുന്നു .
അകന്ന് നടക്കുമ്പോഴെല്ലാം ചേർത്തു പിടിച്ച് കവിളിലൊരുമ്മ തന്നിട്ട് പറയും "നീയെന്റെ ഭാര്യയാണ് പത്തുനൂറ് ആൾക്കാരുടെ മുന്നിൽ വെച്ച് ഞാൻ താലി ചാർത്തിയ എന്റെ പെണ്ണ് ." അത് കേൾക്കുമ്പോ എന്റെ കണ്ണ് നിറയും ലോകത്തിലെ എറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന അഹങ്കാരം തോന്നും .
ലീവ് കഴിഞ്ഞ് മനുവേട്ടൻ പോകുമ്പോഴൊക്കെ വല്ലാത്ത ചങ്കിടിപ്പാണ് .അപ്പൊ തോന്നും കല്ല്യാണമൊന്നും കഴിക്കുകയേ വേണ്ടായിരുന്നു എന്ന്; അമ്മയുടെ കുറ്റപ്പെടുത്തലുകൾ അത്രയ്ക്കും വലുതായിരുന്നു . എല്ലാ ഭാര്യമാരേയും പോലെ ഫോൺ വിളികളിലൊക്കെ പരാതിയും പരിഭവവും നിറയുമ്പോൾ മനൂട്ടൻ പറയും 'ഇനി ഈ അമ്പത്തഞ്ചാമത്തെ വയസിൽ അമ്മയുടെ സ്വഭാവം നേരെയാക്കുന്നതിനേക്കാളും നല്ലത് നമ്മളതൊന്നും കേൾക്കുന്നില്ലാന്ന് വയ്ക്കുന്നതാണെന്ന് ' ഒത്തിരി ആലോചിക്കുമ്പോൾ എനിക്കും തോന്നും അതാണ് അതിന്റെ ശരിയെന്ന് .
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം തികഞ്ഞപ്പോഴേക്കും രണ്ടു ചേച്ചിമാരുടേയും വിവാഹം കൂടി അദ്ദേഹം നടത്തിയിരുന്നു .
ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് ചിലപ്പോ മാറ്റം വന്നാലോ എന്ന് പലരും പറഞ്ഞെങ്കിലും , വർഷം നാല് കഴിഞ്ഞിട്ടും ദൈവം ഞങ്ങൾക്ക് നേരെ കണ്ണ് തുറന്നതേയില്ല ; ഇതെല്ലാം കൊണ്ട് തന്നെ അമ്മയ്ക്ക് എന്നോടുള്ള കലിപ്പ് കൂടിയതേയുള്ളു .
അങ്ങനെ നിരന്തരമായുള്ള എന്റെ സങ്കടം പറച്ചിലുകൾക്കൊടുവിൽ മനൂട്ടൻ എന്നത്തേക്കുമായി ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തി . വരയ്ക്കാൻ ഒത്തിരി ഇഷ്ടമായതോണ്ട് പരസ്യങ്ങൾക്ക് പെയിൻ്റിങ് വർക്കുകൾ ചെയ്യാൻ തുടങ്ങി .
ഒരു പാട് ചികിത്സകൾ, ഭക്ഷണത്തേക്കാളും മരുന്നുകൾ , ആറു വർഷത്തെ പ്രാർത്ഥനകൾ , എല്ലാത്തിനുമൊടുവിൽ ദൈവം ഞങ്ങൾക്കു നേരെയും കണ്ണു തുറന്നു . പക്ഷെ അവിടെയും അമ്മയുടെ കുറ്റപ്പെടുത്തലുകൾക്ക് കുറവൊന്നും വന്നില്ല . ആദ്യത്തെ കുഞ്ഞ് അത് ആൺകുട്ടി തന്നെ ആയിരിക്കണമത്രേ എന്നാലേ പെണ്ണിന്റെ ജന്മം സഫലമാവൂത്രേ...ആണോ...എനിക്കറിയില്ല . ആണായാലും , പെണ്ണായാലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമ്പോഴല്ലേ ഒരു സ്ത്രീജന്മം പരിപൂർണ്ണതയിൽ എത്തുന്നത് . അമ്മയുടെ കാഴ്ചപ്പാടല്ലേ ....ഞങ്ങൾ ഒന്നും പറയാൻ പോയില്ല .
അമ്മയുടെ കാഴ്ചപ്പാടുകളെല്ലാം തെറ്റിച്ചു കൊണ്ട് ഞങ്ങൾക്ക് പിറന്നത് ഒരു മോളായിരുന്നു .അവളെ ഞങ്ങൾ ദേവൂട്ടിയെന്ന് വിളിച്ചു .എന്നോടുള്ള സമീപനത്തിൽ വലിയ മാറ്റൊന്നും വന്നില്ലെങ്കിലും മോളോട് അനിഷ്ടമൊന്നും കാണിച്ചില്ലട്ടോ...
ആദ്യം ഞങ്ങൾക്കൊരു കുഞ്ഞിനെ തരാൻ മടിച്ചിരുന്ന ദൈവം ; മോൾക്ക് ഒന്നര വയസായപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞു കൂടി എന്റെ ഉദരത്തിൽ സ്ഥാനം പിടിച്ചു .അമ്മയോട് ഇത് പറയാൻ ഞങ്ങൾക്ക് ഭയമായിരുന്നു . മൂന്നാല് മാസമായിട്ടാണ് ഞങ്ങളീ കാര്യം അമ്മയോടും അച്ഛനോടും പറഞ്ഞത്. അച്ഛന് പ്രശ്നമൊന്നും ഇല്ലായിരുന്നു . പക്ഷെ അമ്മ പറഞ്ഞപോലെ തന്നെ ....ഒത്തിരിയങ്ങ് പറഞ്ഞു . കാരണം മോള് ഒത്തിരി ചെറുത് അവളോടുള്ള സ്നേഹം കുറഞ്ഞ് പോകുമോ എന്ന ഭയം അതൊക്കെയാവാം അമ്മയെ അത്രയും സംസാരിക്കാൻ പ്രേരിപ്പിച്ചത്.
ഏഴാം മാസം ഗർഭിണികളെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുക എന്നൊരു ചടങ്ങുണ്ടല്ലോ....അതിന് ഒരാഴ്ച മുന്നേ ആയിരുന്നു ഞങ്ങളുടെയെല്ലാം ജീവിതത്തിൽ കരി നിഴൽ വീഴ്ത്തികൊണ്ട് കാലന്റെ കണക്കു പുസ്തകം തുറക്കപ്പെട്ടത് . മറുത്തൊരു വാക്കു പോലും പറയാത്ത മനൂട്ടനന്ന് ക്ഷമ കെട്ട് അമ്മയോട് എനിക്കു വേണ്ടി വഴക്കു കൂടിയാണ് രാവിലെ ജോലിക്കിറങ്ങിയത് . ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്കായിരുന്നു അന്നിറങ്ങിയതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു .
പെയിന്റിങ് വർക്കിനുവേണ്ടി ഉയരത്തിൽ കെട്ടിയ മുളയിൽ നിന്നും കാലു തെന്നി താഴേക്ക് ...തലയിടിച്ച് വീണതുകൊണ്ട് ഒരു നിമിഷത്തിലേക്കായി പോലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . എന്റെ അല്ല ഞങ്ങളുടെയെല്ലാം പ്രതീക്ഷകളായിരുന്നു ആ ഒരു നിമിഷത്തിൽ പൊലിഞ്ഞത് . ....മനൂട്ടനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച പൊതുശ്മശ്ശാനത്തിൽ ആദ്യത്തെ പട്ടട മനൂട്ടനുവേണ്ടി എല്ലാവരും ഒരുക്കി .
പിന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ... മോളെ പോലും ശ്രദ്ധിക്കാൻ പിന്നെ എനിക്ക് കഴിയാതെയായി.
എന്തിന് പറയുന്നു വയറ്റിലുള്ള കുഞ്ഞിനോടു പോലും വെറുപ്പ് തോന്നി തുടങ്ങിയിരുന്നു ...
.......പലവട്ടം ജീവൻ കളഞ്ഞാലോ എന്ന് പോലും തോന്നി ...പക്ഷെ മരിച്ച മനസുമായി മരവിച്ച ചിന്തകളുമായി വീണ്ടും ഒരു ജീവന് ഞാൻ ജന്മം നൽകി ,മനൂട്ടൻ ആഗ്രഹിച്ച പോലെ ഒരാൺകുഞ്ഞ് .
നാളെയവന്റെ പേരിടൽ ആണ് . മനൂട്ടൻ പോയതോടെ അമ്മയാകെ മാറി . ഒരു തരം മാനസിക വിഭ്രാന്തി ഉള്ള പോലെ ഇടക്കൊക്കെ ഞങ്ങളെ കാണാൻ വരും . ഒരിക്കൽ പോലും സ്നേഹത്തോടെ നോക്കുക പോലും ചെയ്യാത്ത അമ്മയിന്ന് എന്നെയും മക്കളേയും സ്നേഹിച്ച് കൊല്ലുകയാണ് .
ചിലപ്പോ അതൊക്കെ കാണുമ്പോ വല്ലാത്തൊരു അമർഷമാണ് തോന്നാറ് . അങ്ങനെയൊക്കെ കാണാൻ മനൂട്ടൻ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും .ഇന്ന് ആ ആൾ കാണാനില്ലാത്തപ്പൊ കാണിക്കുന്നതൊക്കെ കാണുമ്പൊ....? നിങ്ങൾക്കായാലും അങ്ങനെയല്ലെ തോന്നുക . നാളെ പേരിടൽ കഴിഞ്ഞാൽ ഞങ്ങളെ അവർ മനൂട്ടന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോവാനിരിക്കുവാണ് .
എല്ലാവരും പറയുന്നു മനൂട്ടനുള്ളപ്പോ ....എന്നെ ഇഷ്ടപ്പെടാതിരുന്ന അമ്മയ്ക്ക് മനൂട്ടനില്ലാത്തപ്പോ എന്നെ സ്നേഹിക്കാൻ കഴിയ്യോ എന്ന് ....?
എനിക്കും അറിയില്ല .എന്തു തന്നെ ആയാലും ഒന്ന് എനിക്കറിയാം ആ അമ്മയ്ക്കും അച്ഛനും ഇനി ഞങ്ങളേ ഉള്ളുവെന്ന് ....അതോണ്ട് ചിലപ്പോ അമ്മ ഞങ്ങളെയങ്ങ് ഒരു പാട് സ്നേഹിച്ചു പോയേക്കാം .....അല്ലേ...? എല്ലാം മറന്ന് എനിക്കും സ്നേഹിക്കണം ബാക്കി വെച്ചു പോയ മനൂട്ടന്റെ സ്നേഹം കൂടി എനിക്ക് പകുത്ത് നൽകണം എല്ലാത്തിനും ക്ഷമയും മനസിന് ശക്തിയും നൽകാൻ നിങ്ങളും പ്രാർത്ഥിക്കണം....
° രമ്യ രതീഷ് °

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot