Slider

കാണാപ്പുറങ്ങൾ

0

കാണാപ്പുറങ്ങൾ
******************
കൈയിലിരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റിൽ തെളിഞ്ഞ ചുവന്ന വരകളിലേക്കു നോക്കിയപ്പോൾ ഒരേ സമയം അലറികരയാനും അട്ടഹസിക്കാനും തോന്നി എനിക്ക്. അതേ... നിമിഷ ശ്യാംകുമാർ എന്ന ഞാൻ അമ്മയാവാൻ പോവുന്നു. അമ്മയാകാനുള്ള എന്റെ കഴിവു കേടിനെ പരിഹസിച്ചവരോടെല്ലാം പുച്ഛം കലർന്ന ചിരിയോടെ ഇനിയെന്താണ് എന്നിൽ കാണുന്ന കുറ്റമെന്ന് ചോദിക്കണം... ശ്യാമിന്റെ മുഖത്തെ അവിശ്വസനീയതയുടെ ഞെട്ടൽ കാണണം.
വിവാഹപ്രായം കടന്നു പോയിട്ടും ജാതകദോഷത്തിന്റെ പേരിൽ ആലോചനകളെല്ലാം പാതി വഴിയിൽ മുടങ്ങി നിൽക്കുമ്പോഴാണ് ശ്യാമിന്റെ വിവാഹാലോചന വന്നത്...
പത്തിൽ എട്ട് പൊരുത്തത്തോട് കൂടിയ പാപജാതകം തന്നെയായിരുന്നു ശ്യാമിന്റേത്...
കാൽവിരൽ മുതൽ മുടിയുടെ നീളം വരെ കാണാൻ വന്നവർ ചർച്ച ചെയ്തു... ചിരിക്കുമ്പോൾ ചുണ്ടുകൾ കോണുന്നുണ്ടോ... മോണ തെളിയുന്നുണ്ടോ... ഇരുകാലുകൾക്കും തുല്യ നീളം തന്നെയാണോ അതോ ഞൊണ്ടലുണ്ടോന്ന് വരെ പരീക്ഷിച്ചറിഞ്ഞു എല്ലാവരും.
വിവാഹമടുത്ത നാളിലായിരുന്നു അച്ഛന്റെ ഹൃദയം പെട്ടെന്ന് പണി മുടക്കിയത്. വീടും പറമ്പും പണയം വെച്ച് വിവാഹാവശ്യത്തിനും സ്ത്രീധനത്തിനും കരുതി വെച്ച തുകയിൽ നിന്ന് നല്ലൊരു ഭാഗം ഹോസ്പിറ്റലിൽ ചിലവായി.
പറഞ്ഞുറപ്പിച്ച സ്ത്രീധനം കുറഞ്ഞതിന്റ പേരിൽ കല്യാണം കഴിഞ്ഞ നാളുകളിൽ കുത്തു വാക്കുകൾ ഒരുപാട് കേട്ടു. എല്ലാം സഹിക്കാമായിരുന്നു... പക്ഷേ ശ്യാമേട്ടന്റെ അവഗണന... അത് താങ്ങാവുന്നതിലും അധികമായിരുന്നു.
ഭാര്യയെന്ന പരിഗണന ഒരിക്കൽ പോലും തരാതെ... ഒരു മുറിയിൽ അന്യരെ പോലെ രണ്ടു വർഷങ്ങൾ... വിവാഹം കഴിഞ്ഞ നാളുകളിൽ എന്നോട് വെറുപ്പാണോന്ന് ചോദിച്ചതാണ്... തന്നു തീർക്കാത്ത സ്ത്രീധനത്തെ കുറിച്ച് തിരികെ ചോദ്യം ചെയ്തപ്പോൾ നാവടക്കി.
ദിനരാത്രങ്ങൾ കടന്നു പോയി... ഇതിനിടയിൽ അച്ഛനു രണ്ടാമതും അറ്റാക്ക് വന്നതും അമ്പലത്തിൽ നിന്നും മടങ്ങി വരുന്ന വഴി അമ്മക്ക് അപകടം പറ്റിയതും എന്റെ ജാതകദോഷം തന്നെയെന്ന് വിശ്വസിച്ചു. 'മച്ചി'യെന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരോട് വിവാഹിതയായിട്ടും കന്യകയായി തുടരേണ്ടി വരുന്ന എന്റെ ദുര്യോഗത്തെ പറ്റി അലറണമെന്നു തോന്നി...
ശ്യാമിന്റെ കൂടെ മുംബൈയിലെ ഈ തീപ്പെട്ടി കൂടിൽ ചേക്കേറിയിട്ട് ആറു മാസങ്ങളായി. മുംബൈയിലെ ഒരു മൾട്ടി നാഷണൽ ബിസിനസ് സ്ഥാപനത്തിൽ മാനേജർ ആണ് ശ്യാം. ഇവിടെ വന്നിട്ടും ശ്യാമിന്റെ സമീപനത്തിൽ മാറ്റങ്ങളൊന്നുമില്ലായിരുന്നു...
പലവട്ടം ഡിവോഴ്സിനെ കുറിച്ചു ചിന്തിച്ചു. രണ്ട് അറ്റാക്കുകൾ കഴിഞ്ഞ അച്ഛന്റേയും എനിക്കു വേണ്ടി പൂജയും വഴിപാടുകളും കഴിക്കുന്ന അമ്മയുടേയും മുഖമോർത്തപ്പോൾ... മച്ചിയെന്ന വിളികൾക്കുള്ളിൽ എന്നിലെ പെണ്ണ് തളക്കപ്പെട്ടു.
ബി എഡ് പഠിച്ചതിന്റേയും വിവാഹത്തിനു മുൻപ് വർക്ക് ചെയ്തിരുന്നതിന്റയും പിൻബലത്തിൽ മുംബൈയിൽ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ അടുത്തുള്ള ഒരു സ്കൂളിൽ ജോലി ശരിയാക്കിയെടുത്തു. ജോലിക്കു പോകുന്ന സമയത്തെങ്കിലും സന്തോഷവതിയായിരിക്കുമെന്ന് ഞാനാശ്വസിച്ചു.
ജോലിക്ക് പോവാൻ തുടങ്ങിയ നാളുകളിൽ സമയം പെട്ടെന്ന് കടന്നു പോകുന്നതറിഞ്ഞു. ഒരു മാസം കഴിഞ്ഞ് ഒരു ദിവസമായിരുന്നു മനസ്സിനെ തകർത്തെറിഞ്ഞ ആ സംഭവം. സെക്കന്റ് അവറിൽ ക്ലാസ് എടുക്കുന്നതിനിടയിൽ തല കറങ്ങി. കുറച്ച് നേരം റെസ്റ്റ് എടുത്തിട്ടും ശരിയാകുന്നില്ലാന്ന് കണ്ട് ലീവ് എഴുതി കൊടുത്തു വീട്ടിലേക്ക് വന്നു. സ്പെയർ താക്കോലുപയോഗിച്ച് അകത്തു കയറിയപ്പോൾ എന്തൊക്കയോ ശബ്ദങ്ങൾ.
ഭയന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി. എന്നിട്ടും ധൈര്യം സംഭരിച്ച് പതിയെ ശബ്ദം കേട്ടത് എവിടെയെന്നു നോക്കി. ബെഡ്റൂമിൽ നിന്നാണെന്നറിഞ്ഞപ്പോൾ... ശബ്ദമുണ്ടാക്കാതെ ചെന്നു നോക്കി. ഞാനില്ലാത്ത ധൈര്യത്തിൽ പാതിമാത്രം ചാരിയിട്ട ഡോറിൽ കൂടി കണ്ട കാഴ്ച... ഛേ...
ശ്യാം ഒരു ഗേ ആണെന്നും... ഇതുവരെ തന്നോട് കാണിച്ച അകല്‍ച്ച അതുകൊണ്ടാണെന്നും അറിഞ്ഞപ്പോൾ തളർന്നുപോയി.
എങ്ങനെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയെന്നറിയില്ല. കാലുകൾ എന്നെ കൂട്ടി കൊണ്ട് പോയത് മനുവിന്റെ ഓഫീസിലേക്കാണ്. എന്റെ നാട്ടുകാരനാണ് മനു. പ്ളസ് ടുവിന് പഠിക്കുന്ന കാലം തുടങ്ങി എനിക്കവനെ അറിയാം.
സ്വന്തമായി കൊറിയർ സ്ഥാപനം നടത്തുകയാണവൻ. പലവട്ടം അവിടെ പോയിട്ടുള്ളതു കൊണ്ടാവണം കാലുകൾ കീ കൊടുത്ത റോബോട്ടുകളായത്. എന്റെ മുഖഭാവം കണ്ടാവണം... ജോലിക്കാരെ പണികൾ ഏൽപ്പിച്ച് അവൻ എന്നെ അടുത്ത് തന്നെയുള്ള അവന്റെ താമസസ്ഥലത്തേക്കാണ് കൊണ്ടു പോയത്. ആ സ്റ്റുഡിയോ ഫ്ലാറ്റിൽ അവന്റെ മുമ്പിൽ തകർന്നു പോയ എന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു.
അവന്റെ ആശ്വാസവാക്കുകളിൽ ഒരുവിധം മനസ്സിനെ വീണ്ടെടുത്ത് തിരികെ ഫ്ലാറ്റിലെത്തി. ശ്യാം ഉണ്ടായിരുന്നില്ല അവിടെ. രാത്രി വൈകി എത്തി എമർജൻസി ബോർഡ് മീറ്റിംഗ് എന്നു പറഞ്ഞ് ഡൽഹിയിൽ പോകുന്നെന്നു കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി. അയാളെ കാണുമ്പോൾ ഓക്കാനം വരുന്ന കാഴ്ചകൾക്ക് തൽക്കാലം ആശ്വാസമുണ്ടാകുമല്ലോ...
അന്നു രാത്രി മനുവിനോട് കുറേ നേരം സംസാരിച്ചു. ദിവസങ്ങൾക്കുള്ളിൽ സൗഹൃദത്തിനുമപ്പുറം പ്രണയത്തിലേക്കും അവന്റെ ഒറ്റമുറി ഫ്ലാറ്റിൽ വിയർത്തു തളരുന്ന ഉടലുകളായും ആ ബന്ധം വളർന്നു...
ഈ തെളിഞ്ഞിരിക്കുന്ന ചുവന്ന വരകൾ എന്നിൽ പറ്റിയ അവന്റെ വിയർപ്പിന്റെ സാക്ഷ്യമാണ്.
എന്നെ ചതിച്ചവനോടുള്ള പ്രതികാരം... എനിക്കറിയാം കുഞ്ഞ് തന്റെയല്ലാന്ന് പറയാൻ ശ്യാമേട്ടനു കഴിയില്ല. പുരുഷത്വം ചോദ്യം ചെയ്യപ്പെടാൻ ഏത് പുരുഷനാണ് ആഗ്രഹിക്കുക... ശരിത്തെറ്റുകളെ പറ്റി ഞാൻ ആലോചിക്കുന്നില്ല... വിധിയിൽ പഴി ചാരുന്നുമില്ല. ഞാനിപ്പോൾ സ്വപ്നം കാണുന്നത് ഒരു കുഞ്ഞിന്റെ കൊഞ്ചലോടെയുള്ള "അമ്മേ" എന്ന വിളികളാണ്.
******
Ritu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo