Slider

സസ്പെൻസ്

0

കഥ
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
സസ്പെൻസ്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
വിണ്ണിൽ ഇരുണ്ട് കൂടിയ കാർമേഘങ്ങൾ ആ സായം സന്ധ്യയെ കൂടുതൽ ഇരുണ്ടതാക്കി..
തഴുകിമറയുന്ന ഇളം തെന്നലിന് വരാനിരിക്കുന്ന രാമഴയുടെ കുളിര്...
ഇടിയുടെ വിദൂരതയിൽനിന്നുമുള്ള മുരൾച്ച..
കാർമേഘങ്ങളെ പിളർത്തി ഇടയ്ക്കിടെ മുഖം കാണിച്ചു ഉൾ വലിയുന്ന മിന്നൽ..
നാരായണിയമ്മ കണക്കുകൂട്ടി 'ഇന്ന് രണ്ടും കല്പിച്ചുള്ള വരവാ.. പെയ്തിട്ടെ പോകൂ...
പെയ്യാതെ പറ്റോ, ഒരു പുൽനാമ്പ് പോലും ഇല്യ തൊടീല്.. ഒക്കെ കരിഞ്ഞിരിക്കണു...
നാട്ടിലുള്ള കിണറും കൊളോം ഒക്കെ വറ്റിവരണ്ടിരിക്ക്യ... ഈശ്വരാ
എത്രേച്ചാ.. മനുഷ്യനെ ഇങ്ങനെ പരീക്ഷിക്ക്യാ... ആ..... മനുഷ്യൻ മാരുടെ ഓരോ ചെയ്തികള് കണ്ടാ ഇവിടെ മഴേം.. വെള്ളോം ഒന്നും ണ്ടാകേല.. നാൽക്കാലികളും അനേകം മിണ്ടാപ്രാണികളും ഇല്ല്യേ... അവറ്റകള് ചത്തു പോവില്യേ... അവറ്റകളെ... ഓർത്തെങ്കിലും ഒന്ന് വർഷിക്ക്... ജഗ ദീശ്വരാ..
സ്വയം പറഞ് വെറ്റിലച്ചെല്ലം താലോലിക്കുന്നതിനിടെ, നാരായണിയമ്മ ഒന്നുകൂടി മാനത്തേക്ക് ഏന്തിനോക്കി... ശേഷം അകത്തേക്ക് മുഖം തിരിച്ചു... നീട്ടിവിളിച്ചു.. "അച്ചോ... മോളേ.. അശ്വതീ.. മഴ ചാറുന്നതിന് മുമ്പ് വിളക്കു കൊളുത്തിക്കോളൂ കുട്ട്യേ.... "
അശ്വതി നാരായണി അമ്മയുടെ പേരക്കിടാവാണ്.. 'അവൾ ആ വീടിന്റെ ഐശ്വര്യമാണത്രെ '
അവസരത്തിന് യോജിച്ചതല്ലങ്കിലും സാന്ദർപികമായി ഒന്നുകൂടി പറയട്ടെ, അശ്വതി.. ആ നാടിന്റെ കൂടി ഐശ്വര്യമാണ്...
അവളെ കണികാണാൻ കാത്തുനിൽക്കുന്ന അനേകം ഫ്രീക്കന്മാരുണ്ട് ആ നാട്ടിൽ..
ഒരുപുഞ്ചിരി പ്രസാദത്തിനായി ആ അശ്വതി ഭക്തർ.. കൈ കൂപ്പിനിൽക്കും...
അശ്വതി, ഭക്തരെ ആരെയും നിരാശരാക്കില്ല
എല്ലാവരോടും പ്രസാദിക്കും...
അതിൽ സായൂജ്യമടയുന്ന ഒട്ടനേകം ഫ്രീക്കന്മാർ ഒരു പണിക്കും പോവാതെ... ഫോണിൽ തോണ്ടിയും തെണ്ടിത്തിരിഞ്ഞും നാടിനും വീടിനും ഒരു ഗുണവുമില്ലാതെ തിന്നും.. വിസർജ്ജിച്ചും അങ്ങനെ നടക്കും..
അശ്വതി അമ്പലത്തിൽ പോകുമ്പഴും കോളേജിൽ പോകുമ്പഴും... അവളെ... അനുഗമിക്കാൻ ഇക്കൂട്ടർ ശുഷ്‌കാന്തരാകും.
അവരിൽ പലരുടെയും തന്തമാർ അവരെയും... തൊടിയിലെ.. കുലച്ചുനിൽക്കുന്ന നേന്ത്ര വാഴയിലേക്കും മാറി മാറി നോക്കി നെടുവീർപ്പിട്ടവരാണ്..
എന്നിട്ടവർ നഷ്ട വിചാരത്താൽ ഏറ്റുപറയും
"എന്റെ.. പിഴ.... വലിയ പിഴ.... എന്റെ മാത്രം പിഴ "
ചുരുക്കത്തിൽ ഇങ്ങനെ പല സവിഷേശതകൾക്കും അച്ചു, ഹേതുവാകയാലാണ് അവൾ ആ നാടിന്റെ കൂടി ഐശ്വര്യമാണെന്നു പറഞ്ഞത്.
നമുക്ക് പറഞ്ഞുവന്നിടത്തേക്ക് തന്നെ തിരിച്ചെത്താം...
സന്ധ്യാദീപം കയ്യിലേന്തി ഭയഭക്തിയോടെ വീടിനകത്തുനിന്നും ഉമ്മറക്കോലായിയിലേക്ക് നടന്നുവന്ന അച്ചുവിന്റെ ചുണ്ടുകൾ ദീപം ദീപം... എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു.
ഉമ്മറത്തുള്ള തുളസിത്തറയിൽ തിരി തെളിയിച്ചു..
എണ്ണത്തിരിവെട്ടം ആ സുന്ദരിയുടെ ശാലീനതയ്ക്ക് തങ്കവർണ്ണം പൂശി.... അവളുടെ വശ്യത ഒപ്പിയെടുക്കാനെന്നപോലെ ആ സമയം മിന്നൽപിണർ ഒരു കിണ്ണൻ ഫ്‌ളാഷ് മിന്നിച്ചു
നല്ലൊരുമഴപ്പുറപ്പാട് മനസ്സിലാക്കിയ... അശ്വതി... കൂപ്പുകൈകളോടെ, അടഞ്ഞമിഴികളോടെ....., ഭക്തി സാന്ദ്രമായ മനസ്സോടെ ദൈവത്തോട് കേഴുന്നു.
"നല്ല കാറ്റും കോളും ഇടീം മിന്നലും ഒക്കെ വരുന്നുണ്ട്.. കാറ്റൊന്ന് ആരോഗ്യത്തോടെ വീശിയാൽ... മഴയൊന്ന് ചാറിയാൽ അപ്പൊ ഇവിടുത്തെ കറന്റങ് പോകും..... നിനക്കറിയാം... ഞാനൊന്നു ഓർമിപ്പിച്ചെന്നു മാത്രം..
അതോണ്ട് ജഗദീശ്വരാ... കറന്റിനെ കാത്തു രക്ഷിക്കണേ.... ഈ മഴയുടെ റൂട്ടൊന്ന് മാറ്റിപ്പിടിക്കണേ....
ഇത് ഇവിടെ ഇറക്കി കഷ്ടത്തിലാക്കരുതേ
....എന്റെ പ്രാർത്ഥന സ്വീകരിക്കണേ..... "
അവൾ മനമുരുകി പ്രാർത്ഥിച്ചു....
ആ പ്രാർത്ഥന ദൈവം കേട്ടു...
മഴമേഘങ്ങളെ ഏതോ മേച്ചിലുകാരൻ എങ്ങോട്ടോ തെളിച്ചുകൊണ്ട് പോയി....
ആകാശം ഇരുട്ടൊഴിഞ്ഞ പൂങ്കാവനമായി മാറി.
അതുകണ്ട നാരായണിയമ്മ ദൈവത്തോട് വീണ്ടും പരിഭവം പറഞ്ഞു....
പ്രാർത്ഥന ഫലം കണ്ടതിന്റെ ആത്മ നിർവൃതിയോടെ... ആ ശാലീന സുന്ദരി
ടി വി യുടെ സ്വിച്ച് ഓൺ ചെയ്ത റിമോട്ടിൽ ചാനലുകൾ മാറ്റി....
അപ്പോഴേക്കും "കുടുംബ കലഹം " സീരിയലിന്റെ ടൈറ്റിൽ സോങ് ആരംഭിച്ചിരുന്നു.... അതു കേൾക്കെ... അടുക്കളയിൽനിന്നും അമ്മയും... വേലക്കാരി ജാനുവും (മറ്റൊരു പേരും വേലക്കാരികൾക്ക് ശരിയാവൂല )
ഉമ്മറത്തുനിന്നും മുത്തശ്ശി നാരായണിയമ്മയും.... അവിടേക്കെത്തി.
"കുട്ടപ്പൻ ഭാനുമതിയെ കൊന്നത്... എന്തിന് "
ആ സസ്പെന്സിന്റെ ചുരഴിയുന്ന 'കുടുംബ കലഹ 'ത്തിന്റെ ആയിരാം എപ്പിസോഡിലേക്ക് ഏവരും മിഴിവെട്ടമിട്ടിരുന്നു....
അപ്പോഴാണ് അയൽക്കാരി ആമിനാത്തയും മൂന്ന് പെൺമക്കളും അവിടേക്ക് ഓടിക്കിതച്ചെത്തിയത്.....
വരിസംഖ്യ കുടിശിക വരുത്തിയതിനാൽ അവരുടെ കേബിൾ.... ദുഷ്ടൻ കട്ടുചെയ്‌തത്രേ.......
എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച 'കുട്ടപ്പൻ
ഭാനുമതിയെ 'കുത്തുന്നത് നോക്കിയിരിക്കുകയാണ്
അതുകാണവേ... അവരുടെ നെഞ്ചിൽ ഇടിമുഴക്കമുണ്ടായി........
കണ്ണുകളിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ അടിഞ് കൂടി....
പിന്നീട് അവിടം കണ്ണീരിന്റെ പേമാരി പെയ്തു.
*********End *********
സമർപ്പണം :നല്ലവരായ സീരിയൽ ഭ്രാന്തികൾക്ക്..
സ്നേഹത്തോടെ
അബു nujaim
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo