Slider

ഫ്രീക്കനും അമ്മയും

0

നല്ല തിരക്കുള്ള തിങ്കളാഴ്ചയായിരുന്നു അത്.പതിവുപോലെ പണയം വയ്ക്കാനുള്ള ആറേഴു കസ്റ്റമേഴ്സ് തങ്ങളുടെ ഊഴവും കാത്ത് മുൻപിലെ കസേരയിൽ ഇരിപ്പുണ്ട്.മുൻപിരിക്കുന്ന കസ്റ്റമറുടെ സ്വർണ്ണം വെയിംഗ് മെഷീനിലേക്ക് വയ്ക്കുമ്പോഴാണ് അവർ എൻ്റെ മുൻപിലേക്കു വന്നത്.നാല്പത് നാല്പത്തഞ്ച് വയസുള്ള ഒരു അമ്മയും പതിനാറ് പതിനേഴു വയസു തോന്നിക്കുന്ന മകനും.അമ്മയുടെ കയ്യിലെ ലതർബാഗും ദേഹത്തണിഞ്ഞേക്കുന്ന ആഭരണങ്ങളും കാണുമ്പോഴേ അറിയാം അത്യാവശ്യം നല്ല സാമ്പത്തികമുള്ള കുടുംബത്തിലെയാണെന്ന്.കൂടെയുള്ള മകനോ അരയിൽ നിന്ന് ഇപ്പോൾ ഊർന്നിറങ്ങണോ ഇച്ചിരി കഴിഞ്ഞ് വീഴണോ എന്ന് സംശയിച്ച് നിക്കണ പേൻ്റും അടിച്ചു നനച്ച് കുളിച്ചിട്ട് രണ്ടാഴ്ചയായെന്ന് തോന്നിക്കുന്ന നീട്ടിവളർത്തിയ കുറ്റിച്ചൂലു പോലുള്ള മുടിയും രാത്രിയിൽ ഉറക്കത്തിലെങ്ങാനും എലികരണ്ടതിൻ്റെ ബാക്കിയാണോ എന്ന് തോന്നിപ്പിക്കുന്ന ഊശാൻ താടിയുമായി അസ്സലൊരു ന്യൂജെൻ.പാസ്ബുക്ക് വാങ്ങി വെയിറ്റു ചെയ്യാൻ പറഞ്ഞ് ഞാനെൻ്റെ ജോലി തുടർന്നു.
മുൻപിലെ കസ്റ്റമർ എണീറ്റപ്പോൾ നമ്മടെ ഫ്രീക്കൻ ഓടിപ്പാഞ്ഞെൻ്റെ മുൻപിലെത്തി.ഞാൻ ക്രമമനുസരിച്ച് അടുത്തയാളുടെ പേരു വിളിച്ചപ്പോൾ ഞാനെന്തോ മഹാ അപരാധം ചെയ്തമാതിരി എന്നെയൊരു നോട്ടം നോക്കി അവൻ പഴയ സ്ഥലത്തു പോയിരുന്നു.അവൻ്റെ വെപ്രാളം കണ്ടാണ് ഞാനവരെ ശ്രദ്ധിച്ചത്.ഏസിയുടെ തണുപ്പിലും ആ അമ്മ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.ഇടയ്ക്കിടെ കെെലേസെടുത്ത് വിയർപ്പുതുടച്ചുകൊണ്ടവർ മകനോട് എന്തോക്കെയോ പറയുന്നത് ഞാൻ കണുന്നുണ്ടായിരുന്നു.മകനാകട്ടേ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ കളിച്ചുകൊണ്ടേയിരുന്നു.
നസീമ ബീവി എന്ന് പേരു വിളിക്കും മുൻപ് ഫ്രീക്കൻ എൻ്റെ മുൻപിലെ കസേരയിലേക്ക് പാഞ്ഞെത്തി.ചേച്ചീ ഒരു മൂന്നു ലക്ഷം രൂപാ വേണം,അത്യാവശ്യമാണ് പെട്ടെന്നു വേണം.അമ്മ എൻ്റെ മുൻപിലിരിക്കും മുൻപേ ഫ്രീക്കൻ ആവശ്യമുന്നയിച്ചു.ആദ്യം സ്വർണ്ണമെടുക്കെന്ന് ഞാൻ പറഞ്ഞപ്പോഴേക്ക് അവൻ അമ്മയുടെ കെെയിലിരുന്ന ബാഗ് തട്ടിപ്പറിച്ച് അതിനുള്ളിലിരുന്ന സ്വർണ്ണം എൻ്റെ മുൻപിലേക്കു വച്ചു.ഞാൻ ആഭരണങ്ങളോരൊന്നായി പരിശോധിക്കുമ്പോഴും അവൻ ധൃതിയിൽ കൂട്ടുകാരോടു ഫോണിൽ സംസാരിച്ചുക്കൊണ്ടേയിരുന്നു.ചേച്ചീ ഒന്നു പെട്ടെന്നു വേണം,കാശിങ്ങു തന്നാലും മതി ഉമ്മച്ചി ഒപ്പൊക്കെയിട്ടു തന്നോളുമെന്ന് പറഞ്ഞപ്പോൾ എനിക്കു ചെറുതായി ദേഷ്യം വന്നു.അതൊന്നും പറ്റില്ല പണയം വച്ചു കഴിഞ്ഞേ കാശുതരാന പറ്റൂ എന്ന എൻ്റെ മറുപടി ഫ്രീക്കന് അത്ര പിടിച്ചില്ലെന്നു തോന്നുന്നു.എന്നോടൊന്നും പറഞ്ഞില്ലെങ്കിലും അവൻ ഫോൺ വിളിച്ച് കൂട്ടുകാരനോടു പറയണതു കേട്ടു,അളിയാ ഒരു അരമണിക്കൂർ ഞാനിപ്പോൾ വരാം,കാശൊക്കെ ഓക്കെ ആയിട്ടുണ്ട്.
ഇത് മൂന്നു ലക്ഷത്തിനില്ലല്ലോ രണ്ടിനേയുള്ളൂ എന്ന മറുപടി കേട്ടപ്പോൾ ഫ്രീക്കൻ്റെ മുഖം പെട്ടെന്നു വാടി.പിന്നെ അവൻ തൻ്റെ ഉമ്മച്ചിയുടെ കെെകളിലേക്കു നോക്കി.ഉമ്മച്ചി ആ വളകൾകൂടി അങ്ങു കൊടുത്തേ എന്നു പറഞ്ഞപ്പോൾ ആ അമ്മ തൻ്റെ കെെയിൽ കിടന്ന വളകളൂരി എൻ്റെ മുൻപിലേക്കു വച്ചു.അതും തികയില്ലെന്നു കണ്ടപ്പോൾ അവൻ കുറുക്കൻ്റെ കണ്ണുകളോടെ അമ്മയുടെ കഴുത്തിലേക്കു നോക്കി.ഇതെൻ്റെ താലിമാലയാ മൂനീറേ എന്ന് ആ അമ്മ പറഞ്ഞപ്പോൾ ആ ഫ്രീക്കൻ അമ്മയോടു പറയുവാ ഉമ്മച്ചി ആ താലി ഊരി പേഴ്സിൽ വച്ചിട്ട് ആ മാലയങ്ങ് കൊടുക്കെന്ന്.മകനെ ദയനീയമായൊന്നു നോക്കി അവർ മാലയൂരി അവനു നല്കി.അവൻ തന്നെ മാലയിൽ നിന്ന് താലി വേർപെടുത്തി അമ്മയ്ക്കും മാല എനിക്കും നല്കി.
പണയം റെഡിയാക്കി പ്രിൻ്റെടുക്കുന്നതിനിടയ്ക്ക് ആ അമ്മ മകനോടു പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.മുനീറേ നീയിത് തിരിച്ചെടുത്തു തരുമല്ലോ അല്ലേ നിൻ്റെ വാപ്പച്ചിപോലും അറിയാതെയാ ഞാനിത് ചെയ്യണത്.അടുത്ത മാസം വാപ്പച്ചി നാട്ടിൽ വരുംമുൻപ് എടുത്തു തരുമല്ലോ അല്ലേ എനിക്കാകെ പേടിയാകുവാ....
ഉമ്മച്ചി ഇതൊന്നും വാപ്പച്ചിയൊടു പറയാതിരുന്നാൽ മതി,ഞാനെല്ലാം ശരിയാക്കിക്കൊള്ളാം എന്ന ആ കൗമാരക്കാരൻ്റെ ഉറപ്പുകേട്ട് എനിക്ക് ചിരിയാണ് വന്നത്.കാർഡ് ഒപ്പിടീക്കുമ്പോൾ അവരുടെ കെെകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.പണം വാങ്ങി പുറത്തേക്കോടാൻ തുടങ്ങിയ മകനോട് എന്നെയൊന്ന് വീട്ടിലാക്കിട്ട് പോടാ എന്ന് ആ അമ്മ പറഞ്ഞെങ്കിലും നിങ്ങളൊരു ഓട്ടോ പിടിച്ച് പൊയ്ക്കോ എന്നു പറഞ്ഞു പോകുന്ന മകനെ കണ്ട് ഞാൻ തരിച്ചിരുന്നു.
ആ പയ്യന് ആ പണത്തിൻ്റെ ആവശ്യമെന്താണെന്നോ എന്തിനാണെന്നോ ഒന്നും എനിക്ക് അറിയില്ല.സ്വന്തം അമ്മയുടെ കെട്ടുതാലി പോലും ഊരി പണയം വയ്പ്പിക്കേണ്ട അത്യാവശ്യമൊന്നും ആ പ്രായത്തിൽ അവനുണ്ടാകാനിടയില്ലെന്നാണ് എൻ്റെ വിശ്വാസം.യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ആ കെട്ടുതാലി ഊരി വാങ്ങിയ മകന് സ്വന്തം അമ്മയോടു പോലും യാതൊരു അലിവുമില്ലെന്ന് എനിക്കു മനസിലായി.ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അതുവരെ ഉമ്മച്ചി എന്നു വിളിച്ചിരുന്ന അവൻ പണം കെെയിൽ കിട്ടിക്കഴിഞ്ഞശേഷം അവരെ നിങ്ങളെന്ന് വിളിക്കില്ലായിരുന്നു.പക്ഷേ അത് അവൻ്റെ മാത്രം കുറ്റമല്ല.പതിനഞ്ചും പതിനാറും വയസിനിടയ്ക്ക് സ്വന്തം വാപ്പപോലുമറിയാതെ ലക്ഷങ്ങൾ ചിലവാക്കാൻ മകനെ ശീലിപ്പിച്ച അമ്മയുടെ തെറ്റാണ്.മക്കളുടെ എല്ലാ ആഗ്രഹങ്ങളും കേട്ടയുടൻ സാധിപ്പിച്ചു കൊടുക്കരുത് അല്ലെങ്കിലൊരു പക്ഷേ അവരിതുപോലെ സ്വന്തം കാര്യങ്ങൾക്കു വേണ്ടി യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ എന്തും ചെയ്തെന്നുവരും.അച്ഛനും അമ്മയുമൊക്കെ അവർക്ക് പണത്തിനുവേണ്ടിയുള്ള വെറുമൊരു ഉപകരണം മാത്രമായി മാറും.നാളെ യാതൊരു കരുണയുമില്ലാതെ അവർ നിങ്ങളെ തെരുവോരങ്ങളിലേക്ക് വലിച്ചെറിഞ്ഞെന്നു വരും.
അച്ഛനറിയാതെ മകന് ഇത്രയും കാശു നല്കിയ ആ അമ്മ തകർക്കുന്നത് അവരുടെ മേലുള്ള വിശ്വാസമാണ്.സ്വന്തം മക്കളെയും താൻ അന്യനാട്ടിൽകിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണവും ഭാര്യ സംരക്ഷിച്ചുകൊള്ളുമെന്നുള്ള ആ ഭർത്താവിൻ്റെ വിശ്വാസം കൂടിയാണ് .നാളെ വളരെ പ്രതീക്ഷയോടെ ആ അച്ഛൻ വരുമ്പോൾ കാണുന്നത് വഴിപിഴച്ചുപോയ മകനും നഷ്ടപ്പെട്ട സമ്പാദ്യങ്ങളുമാണെങ്കിൽ തകരുന്നത് ഒരു കുടുംബത്തിൻ്റെ അടിത്തറയാവും.
പ്രിയപ്പെട്ട അമ്മമാരേ നമ്മുടെ മക്കളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.പക്ഷെ അവരുടെ എല്ലാ ആവശ്യങ്ങളും സാധിപ്പിച്ചുകൊടുത്ത് അവരെ വെറും സ്വാർത്ഥരാക്കി മാറ്റാതിരിക്കൂ.അവരുടെ ആവശ്യങ്ങൾ നേടിക്കൊടുക്കുന്നതിനൊപ്പം അത് നേടാൻ അച്ഛനമ്മമാരനുഭവിച്ച ബുദ്ധിമുട്ടുകൾ കൂടി അവരെ പറഞ്ഞ് മനസിലാക്കുക.അല്ലെങ്കിൽ നാളെ അവർക്ക് പണം കിട്ടാനുള്ള വെറും എ.ടി.എം മെഷീനുകളായി മാറും നിങ്ങൾ.നന്മയും സ്നേഹവും കരുണയും ചെറിയചെറിയ ബുദ്ധിമുട്ടുകളും മനസിലാക്കി വളരുന്നവരാകട്ടേ അടുത്ത തലമുറയും.അമിതമായ സുഖസൗകര്യങ്ങൾ നല്കി അവരെ നശിപ്പിക്കാതിരിക്കൂ.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo