ഇന്നലെ പെട്ടെന്നാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്
എന്റെ ഭാര്യ അവളുടെ മൊബൈൽ ഫോണിൽ എന്റെ നമ്പർ ബ്ലോക്ക് ആക്കി വെച്ചിരിക്കുന്നു !
ഏതൊരു ഭർത്താവിനെയുംപോലെ ഞാനും ഒന്ന് ഞെട്ടി .
അത്രയ്ക്ക് ശല്യമാണോ എന്റെ ഇടവിട്ടുള്ള ഫോൺ വിളികളും അന്വേഷണങ്ങളും ? ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമല്ലേ ഞാൻ വിളിക്കാറുള്ളൂ .
ഇന്നലെ വൈകീട്ട് സാധാരണ വീട്ടിൽ എത്താറുള്ള സമയവും കഴിഞ്ഞപ്പോൾ ഒന്ന് വിളിച്ചുനോക്കാം എന്ന് കരുതി. ആദ്യമൊക്കെ മറുതലക്കൽ എൻഗേജ്ഡ് ടോൺ കേട്ടപ്പോൾ മറ്റാരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുകയാവും എന്ന് കരുതി . കുറച്ചു സമയം കൂടെ കഴിഞ്ഞു വീണ്ടും വിളിച്ചു . അപ്പോഴും എൻഗേജ്ഡ്. വീണ്ടും വിളിച്ചു ... വീണ്ടും വിളിച്ചു .... വീണ്ടും വീണ്ടും വിളിച്ചു ... വിളിച്ചുകൊണ്ടേയിരുന്നു .................... ഒരു രക്ഷയുമില്ല .
കൂടെ ഞങ്ങളുടെ കുടുംബ സുഹൃത്ത് ഉണ്ടായിരുന്നു . ഞാൻ അവരുടെ ഫോണിലേക്ക് ഒന്ന് വിളിച്ചുനോക്കി . ഫോൺ റിങ് ചെയ്യുന്നു . പക്ഷെ എടുക്കുന്നില്ല . വീണ്ടും വീണ്ടും ഒരു നാലഞ്ചു തവണ വിളിച്ചു നോക്കി . അവരും ഫോൺ എടുത്തില്ല.
പിന്നെ വിളിക്കാൻ വേറെ നമ്പറുകളൊന്നും എന്റെ കയ്യിൽ ഇല്ലാതിരുന്നതിനാൽ വീണ്ടും വീണ്ടും ഭാര്യയുടെ നമ്പറിലേക്കുതന്നെ വിളിച്ചുകൊണ്ടേയിരുന്നു .
സമയം ഏതാണ്ട് ഒരു മണിക്കൂർ ആയി ഈ ഭാഗീതഥ പ്രയത്നം തുടങ്ങിയിട്ട്. എത്ര ശ്രമിച്ചിട്ടും ഭാര്യയും,കൂട്ടുകാരിയും വിളി കേൾക്കുന്നല്ല .
ഒടുക്കം ഡാൻസ് ടീച്ചറെ വിളിച്ചു . അവർ ഡാൻസ് കഴിഞ്ഞു ഇറങ്ങിയോ എന്ന് അന്വേഷിച്ചു .
അവർ പോയിട്ട് കുറെ നേരമായല്ലോ എന്നായിരുന്നു മറുപടി .
അല്ലെങ്കിലും ഈ ആൺ ജന്മം ഇങ്ങനെയാണ് . എന്നും ടെൻഷൻ അടിക്കാൻ മാത്രം . ചെറുപ്പകാലത്ത് അച്ഛനമ്മമാർക്ക് ബുദ്ധിമുട്ടായേക്കുമോ എന്ന ടെൻഷൻ . അതുകൊണ്ട് അന്നൊക്കെ മനസ്സിന് ഇണങ്ങിയ ഇഷ്ടങ്ങൾ എല്ലാം മാറ്റിവെക്കും . ഒരു ജോലിയൊക്കെ കിട്ടട്ടെ , എന്നിട്ട് എല്ലാം ഇഷ്ടത്തിനനുസരിച് ചെയ്യാം എന്ന് കരുത്തും .
ജോലി കിട്ടാൻ എടുക്കേണ്ട ടെൻഷൻ എല്ലാവര്ക്കും അറിയാമല്ലോ . ആദ്യത്തെ ശമ്പളം കിട്ടുന്നതും വീട്ടുപടിക്കൽ വിവാഹ ബ്രോക്കർ എത്തുന്നതും ഏതാണ്ട് ഉസൈൻ ബോൾട്ടും ബെൻ ജോൺസണും മത്സരിച്ചു ഓടിവരുന്നതുപോലെയാണ് . ആര് ആദ്യം എത്തും എന്ന് അവർക്കേ അറിയില്ല .
പിന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവരുടെ കാശും കൂടെ ചേർന്ന് ധൂർത്തടിച്ചു ഓർ ആർഭാട കല്യാണം . ആ ടെൻഷൻ അങ്ങ് ഒഴിവായല്ലോ , കല്യാണം എന്ന ടെൻഷൻ എന്ന് ആശ്വസിച്ചിരിക്കുമ്പോളാണ് പിന്നാലെ ടെന്ഷനു കളുടെ സംസ്ഥാന സമ്മേളനം അരങ്ങേറുക . ലേബർ റൂമിന് മുന്നിൽ , എൽ കെ ജി സ്കൂളിന് മുന്നിൽ അങ്ങനെ മുന്നിൽ വരുന്ന എല്ലായിടത്തും ടെൻഷൻ
പറഞ്ഞുവന്നത് എല്ലാ ഭർത്താക്കന്മാരേയും പോലെ ഇന്നലെ ഞാനും സംസ്ഥാന സമ്മേളനത്തിന് പോയി . ടെന്ഷനുകളുടെ സംസ്ഥാന സമ്മേളനത്തിന് .
മസ്കറ്റ് ആണ് , കാറിൽ ആണ് കുട്ടികളെയും കൊണ്ട് ഭാര്യയും സുഹൃത്തും ഡാൻസിന് പോയത് . ഇവിടെ സ്പീഡ് 120 കിലോമീറ്റർ ആണല്ലോ. എന്നൊക്കെ ആലോചിച്ചുപോയി .
അപ്പോഴേക്കും ഉള്ളിലുള്ള ആ മുരടൻ വക്കീലുണ്ടല്ലോ , അങ്ങേരു പറഞ്ഞു - കുറച്ചു നേരം കൂടെ നോക്കാം , അവർ ആ വരട്ടെ എന്നിട്ടാകാം .
ഒരു പത്തുപതിനഞ്ച് മിനിട്ടുകൂടെ ഇഴഞ്ഞുനീങ്ങി . അതാ അവർ വരുന്നുണ്ട് . കഥ ക്ളൈമാക്സിലേക്ക് നീങ്ങുന്നു .
ഏതൊരു ഭർത്താവിനെയും പോലെ ചാടിയെണേറ്റ് ഞാൻ അലറിവിളിച്ചു '' നിന്റെ ഫോൺ എന്തിനുള്ളതാ? ഒരഞ്ഞൂറ് തവണ വിളിച്ചാലെങ്കിലും ഒന്ന് തിരിച്ചു വിളിച്ചൂടെ ?????? ''
ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ഭാര്യയുടെ മറുചോദ്യം '' എന്നെ വിളിച്ചിരുന്നൊ ... കേട്ടില്ല ട്ടോ''
''നിന്റെ ഈ പതിവ് അഭിനയമൊക്കെ നിർത്തിക്കോ . പത്തുപതിനാറ് കൊല്ലമായില്ലേ കാണാൻ തുടങ്ങിയിട്ട് . നിന്റെ ഫോണാണ് എടുത്ത് നോക്ക്യേ... എത്ര തവണ ഞാൻ വിളിച്ചു എന്ന് ?'' -
വീണ്ടും വളരെ നിസ്സംഗതയോടെ മറുപടി ''വിളിച്ചത് കേട്ടില്ല . ചിലപ്പോൾ ഫോൺ സൈലന്റിൽ , ഹാ...ച്ചി ... (ഇടക്കൊന്നു തുമ്മി )സൈലന്റിൽ ആയിരിക്കും ''
അതുകേട്ട ഞാൻ ഒന്നുകൂടെ വൈലൻറ് ആയി
ഭാര്യ പതുക്കെ ബാഗില്നിന്നും ഇപ്പോഴും സൈലന്റ് ആയി ഇരിക്കാൻ വിധിക്കപ്പെട്ട ആ ഫോൺ എടുത്തു .
''ഇതിൽ കൊളൊന്നും വന്നിട്ടില്ലല്ലോ . വേറെ വല്ലോരേം ആയിരിക്കും കിടന്ന് വിളിച്ചു കൂവിയത് . എനിക്ക് കൊളൊന്നും വന്നിട്ടില്ല . അവനോന്റെ ഫോൺ ഒന്നെടുത്ത് നോക്ക് ... ആർക്കാ വിളിച്ചിരുന്നെ എന്ന് ''
ഈശ്വരാ ... ഇതിനെയാണോ ചക്കിനു വെച്ചത് കോക്കിന് കൊള്ളുക എന്നൊക്കെ പറയുന്നത് ?
ഞാൻ എന്റെ ഫോൺ എടുത്ത് നോക്കി . യുറേക്കാ .... എനിക്ക് തെറ്റിയിട്ടില്ല . ഫോൺ ചെയ്തത് എന്റെ സ്വന്തം ഭാര്യക്കുതന്നെ . ഹാവൂ ഭാഗ്യം !! എന്നാൽ കാണിച്ചുതരാം .
'' ദാ ... കണ്ണുതുറന്ന് നോക്ക് ... ഈ കാണുന്നത് തന്നെയല്ലേ നിന്റെ ഫോൺ നമ്പർ '' - ഒരു സുരാജ് വെഞ്ഞാറമൂട് സ്റ്റൈലിൽ ഞാനൊരു കാച്ചങ്ങു കാച്ചി
''ഹാ ശെരിയാണല്ലോ ... പിന്നെന്താ എനിക്ക് കാൾ വരാഞ്ഞത് ? ഒന്നുകൂടെ റിങ് ചെയ്തു നോക്കിയേ ''
എല്ലാത്തിനും തെളിവുണ്ടാക്കുന്ന , എല്ലാ കള്ളക്കേസുകളും പൊളിച്ചടക്കുന്ന ഒരു മിടുമിടുക്കൻ വക്കീലിന്റെ മുഖ പുഷ്ടിയോടെ ഞാൻ വീണ്ടും റിങ് ചെയ്തു .
വീണ്ടും അതെ എൻഗേജ്ഡ് ടോൺ
ഇതെന്തുപറ്റി .....
ഫോൺ സ്വിച്ച് ഓഫ് ചെയ്തു റീ സ്റ്റാർട്ടാക്കി വീണ്ടും ട്രൈ ചെയ്തു
വീണ്ടും അതെ എൻഗേജ്ഡ് ടോൺ !!!
''ഇപ്പൊ മനസ്സിലായില്ലേ എന്റെ കുഴപ്പമല്ലാന്ന് ...., കൊണ്ട് ഉപ്പിലിട്ടുവെക്ക് നിങ്ങടെ ഒരു കുവ്വാവേ '' എന്നും പറഞ്ഞു അവൾ വീട്ടിലെ മറ്റു കാര്യങ്ങളിലേക്ക് കടന്നു .
ഇതൊക്കെ നിരീക്ഷിച്ചുകൊണ്ടാണ് ഹുവാവെയ് കമ്പനി പോലും അവരുടെ ഫോണിനെപ്പറ്റി അറിയാത്ത രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന ഐ ടി എക്സ്പേർട് ... ഞങ്ങളുടെ പുത്രൻ പ്രശ്നത്തിൽ ഇടപെട്ടത് .
'അമ്മേടെ ഫോണിങ്ങട്ട് തന്നെ ... നോക്കട്ടെ''
അവൻ ഫോണിൽ എന്തൊക്കെയോ നോക്കി എന്നിട്ടു പറഞ്ഞു
'' അമ്മേടെ ഫോണിൽ അച്ഛന്റെ നമ്പർ ബ്ലോക്ക് ലിസ്റ്റിൽ ആക്കി വെച്ചിരിക്കുകയാ''
ഞാൻ ഫോൺ വാങ്ങി നോക്കി . സംഗതി സത്യം . എന്റെ നമ്പർ ബ്ലോക്ക് ലിസ്റ്റിൽ . ....
എന്റെ ഭാര്യ അവളുടെ മൊബൈൽ ഫോണിൽ എന്റെ നമ്പർ ബ്ലോക്ക് ആക്കി വെച്ചിരിക്കുന്നു !
ഏതൊരു ഭർത്താവിനെയുംപോലെ ഞാനും ഒന്ന് ഞെട്ടി .
അത്രയ്ക്ക് ശല്യമാണോ എന്റെ ഇടവിട്ടുള്ള ഫോൺ വിളികളും അന്വേഷണങ്ങളും ? ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമല്ലേ ഞാൻ വിളിക്കാറുള്ളൂ .
പിന്നെ കുഞ്ഞിരാമായണത്തിൽ ബിജു മേനോൻ പറഞ്ഞപോലെ ... ചായ വന്നു ... പക്കാവട വന്നു ………..മുറുക്ക് വന്നു ... ചപ്പാത്തിയും കറിയും വന്നു ........
അവസാനം എല്ലാം കഴിഞ്ഞു എല്ലാരും കൂടെ സോഫയിൽ ഇരിപ്പായി
ഒരാൾ ഫോണിൽ തന്നെ കണ്ണ് തിരുകി ഇരിക്കുന്നു
പതിവ് ശൈലിയിൽ ഞാൻ ചോദിച്ചു
'' ആ ഫോൺ ഒന്ന് താഴെ വെക്കാൻ വല്ല വഴീം ഉണ്ടാ ...........''
''അല്ലാ ഇതെങ്ങന്യാ ബ്ലോക്ക് ലിസ്റ്റിൽ നിന്നും മാറ്റുക ? ഇതെവിടെയാ ബ്ലോക്ക് ലിസ്റ്റ് .. ഈ ഫോണിൽ ? '' നിസ്സഹായയായ ഭാര്യ ചോദിച്ചു
''അതവന്റെ കയ്യിൽ കൊടുത്താൽ ശെരിയാക്കിത്തരും (എനിക്കും അതൊന്നും അറിയില്യ എന്ന് പറഞ്ഞില്ല - കൊച്ചു ഗള്ളൻ )''
ഞാൻ ഫോൺ വാങ്ങി മോന്റെ കയ്യിൽ കൊടുത്തു . ഇതൊന്നു ബ്ലോക്ക് മാറ്റിക്കൊടുത്തത്തെ എന്നും പറഞ്ഞു .
അവൻ എന്ത് ആഞ്ജിയോ പ്ലാസ്റ്റിയോ , സ്റ്റെന്റ് ഇടലോ ഒക്കെ ചെയ്തിട്ടാണാവോ .. ബ്ലോക്ക് മാറ്റി . ഫോണിനെ പഴയപോലെ പൂർണ്ണ ആരോഗ്യവാനാക്കി .
അപ്പൊ അതായിരുന്നു സംഗതി . ബ്ലോക്ക് ആയതേ പുള്ളിക്കാരി അറിഞ്ഞിട്ടില്ല . പിന്നല്ലേ ബ്ലോക്ക് മാറ്റം .
എന്തോ എങ്ങനെയോ എവിടെയോ കൈ കൊണ്ടപ്പോളെങ്ങാനും ബ്ലോക്കായിപ്പോയതാകാം . എന്തായാലും മൊത്തം സംഗതിയിൽ എനിക്കുണ്ടായ ജാള്യത ഒട്ടും പുറത്ത് കാട്ടിയില്ല . സഗൗരവം , നിഷ്കാമ കർമ്മ വാനായി അഭിനയിച്ചുകൊണ്ട് നോം നമ്മുടെ പതിവ് കാര്യങ്ങളിലേക്ക് കടന്നു .
അൽപ്പസമയം കഴിഞ്ഞപ്പോൾ നേരത്തെ പറഞ്ഞ സുഹൃത്ത് വിളിച്ചു . അയ്യോ ... ദേ ഇപ്പോഴാ ഞാൻ അഞ്ചാറ് മിസ് കാൾ കണ്ടത് . എന്റെ ഫോൺ സൈലന്റിൽ ആയിരുന്നു . സോറി ട്ടാ ... എന്തെങ്കിലും അത്യാവശ്യ കാര്യം ഉണ്ടായിരുന്നോ ... എന്നൊക്കെ ചോദിച്ചു .
ഹേയ് ..... ചുമ്മാ...... എന്റെ ഫോണിന് ഒരു കംപ്ലയിന്റ് ... കൊളൊന്നും പോണില്ല്യ .. വെറുതെ ടെസ്റ്റ് ചെയ്യാൻ വിളിച്ചതാ ............................. ഹല്ലാണ്ട് എന്ത് പറയാൻ !!!!!
By
Sudharshan CP
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക